Pages

ആസനത്തിൽ സത്യത്തിൽ തഴമ്പുണ്ടായിരുന്നോ?

‘റിമോട്ട് യുദ്ധം‘ എന്ന അങ്കമായിരുന്നു മൂന്നു ദിവസമായി വീട്ടിൽ.ഓണപ്പരിപാടികൾ ചാനലുകൾ മത്സരിച്ചു വിളമ്പുമ്പോൾ എന്റെ വീട്ടിൽ ഓരോരുത്തർക്കും ഓരോ അഭിരുചികൾ. ഒരാൾക്ക് റിയാലിറ്റിക്കുട്ടികളുടെ ഷോ കാണണം.മറ്റൊരാൾക്ക് സിനിമ അപ്പൊത്തന്നെ കണ്ടേ പറ്റൂ. ഒരു മോഹൻലാൽ ഫാനിനാണെങ്കിൽ മൂപ്പരുമായുള്ള അഭിമുഖം കണ്ടില്ലെങ്കിൽ ഉറക്കം വരില്ല.ടി.വി.റിമോട്ട് ആകാശത്തിലൂടെ പറന്നുകൊണ്ടിരുന്നു.ചാനലുകാർക്ക് ഇതു വല്ലതുമറിയണോ? എല്ലാതരത്തിലും പെട്ട അടിമൾക്കായി ഓരോന്നു പടച്ചുവിട്ടാൽ മതി അവർക്ക്. ഓണം ഇവരെല്ലാംകൂടി പകുത്തെടുത്തിരിക്കുന്നു.കുറേ സവർണ്ണബിംബങ്ങൾ നിരത്തി,നമ്മളെ പ്രലോഭിപ്പിക്കുന്നു.നൂറുജാതിയായി പിരിഞ്ഞുനിന്ന മലയാളിയുടെ രുചിബോധത്തെയും പാരമ്പര്യത്തെയും ഒരു സവർണ്ണക്കുടക്കീഴിൽ അപായകരമാം വിധം ഒരുമിപ്പിക്കുന്നു.ഓരോ മലയാളിയുടെയും വയറൊട്ടി,പണിയെടുത്തുപരുപരുത്ത കൈകളും കണ്ണുകളിൽ നരച്ച സ്വപ്നങ്ങളുമുള്ള അമ്മക്കു പകരം, നിലവിളക്കിന്റെ ദീപപ്രഭയുമായി,കസവുമുണ്ടുംവേഷ്ടിയുമുടുത്ത്,പശുവിനെയ്യിന്റെ മാർദ്ദവമാർന്ന കരങ്ങൾ കൂപ്പി, മഹാബലിയെ വരവേൽക്കുന്ന കാൽ‌പ്പനികമാത്രുരൂപം കടമെടുപ്പിക്കുന്നു.മലയാളി ഹിപ്പോക്രസിക്കുപഠിക്കുകയാണോ?ആസനത്തിലെ ഇല്ലാത്ത തഴമ്പും തപ്പി സായൂജ്യനടയുന്ന ഇവരറിയുന്നില്ലേ, ഇവരുടെ അച്ഛൻ ആനപ്പുറത്ത് ഒരിക്കലും കയറിയിട്ടില്ലെന്ന്?അതോ മനപ്പൂർവ്വം സ്വന്തം തന്തയെയും തള്ളയെയും മാറ്റിയെടുക്കുന്നിടത്തെത്തിയോ നമ്മുടെ പ്രബുദ്ധത?

8 comments:

നരിക്കുന്നൻ said...

നല്ലൊരു ഓണച്ചിന്ത. നമ്മുടെ ആഘോഷങ്ങൾ ചാനലുകൾ കയ്യടക്കിയിരിക്കുന്നു. ഒന്ന് തീർച്ച ആസനത്തിൽ തഴമ്പ് ഉണ്ടായിരുന്നു. കാരണം ആനപ്പുറത്തിരുന്നല്ല. ചാനലിന് മുമ്പിൽ കുത്തിയിരുന്ന്.

ഓണാശംസകൾ

ഭൂമിപുത്രി said...

ഇങ്ങിനെയൊരു റിമോട്ട്കളിയിലാൺ ഇന്ന് ദൂരദർശനിൽ അടൂരിന്റെ ‘നാലു പെണ്ണുങ്ങൾ’കണ്ടെടുത്ത് സന്തോഷിച്ചത്.
പ്രവാസിമലയാളിയുടെ വീട്ടിൽ പലപ്പോഴും, ടിവിസ്ക്രീനിൽ നിന്നാൺ
മഹാബലിയിറങ്ങിവരുന്നത്.

പാര്‍ത്ഥന്‍ said...

വികടന്‍,
ഭംഗിയായി വിമര്‍ശിച്ചിരിക്കുന്നു. ഓണത്തിനെ ഇപ്പോള്‍ ചാനലുകാരും നമ്മുടെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്വന്തം സര്‍ക്കാരും ചേര്‍ന്നു ഹൈജാക്ക്‌ ചെയ്തിരിക്കുന്നു. 110 കോടി (?)രൂപയുടെ സര്‍ക്കാര്‍ വക വിദേശമദ്യം കുടിപ്പിക്കാന്‍ ഈ സര്‍ക്കാരിനെക്കൊണ്ടു കഴിഞ്ഞില്ലേ. ഇതിനേക്കാള്‍ വലിയ എന്തു പുരോഗമനമണ്‌ ഈ മാവേലി നാട്ടില്‍ ഇനിയും വേണ്ടത്‌.

വികടശിരോമണി said...

നരിക്കുന്നാ, ഭൂമീപുത്രീ,പാര്‍ത്ഥാ, നന്ദി.
ഭൂമീപുത്രീ,
നാലുപെണ്ണുങ്ങളെ കണ്ടെടുത്തത് സന്തോഷകരം തന്നെ.പ്രവാസിമലയാളിയുടെ മുന്നിലിറങ്ങുന്ന മഹാബലിക്കും എനിക്കുപരാതിയില്ല.പക്ഷെ, നാലുകോടിയോളം ആണൂങ്ങളൂം പെണ്ണുങ്ങളും ജീവിക്കുന്ന നിങ്ങളുടെ ഈ നൊസ്റ്റാള്‍ജിക് കേരളം ഓണത്തിനു മഹാബലിയെ കാത്തിരിക്കുകയല്ല,മദ്ധ്യവര്‍ഗ്ഗ,ഉപരിവര്‍ഗ്ഗജാടകളില്‍ അഭിരമിക്കുകയാണ്‌.അതു വ്യക്തമാക്കാനായിരുന്നു ശ്രമം.വേറിട്ട വായനക്കു നന്ദി.

Mahi said...

ഒന്നും കാണാതെ ഓഫീസില്‍ ഡാറ്റകളുടെ പിന്നലെ പായുകയായിരുന്നു ഈ പ്രവാസി.ജീവിതത്തിന്റെ ഈ ചാനലൊന്ന്‌ മാറ്റന്‍ ഒരു റിമോട്ട്‌ കിട്ടിയിരുന്നെങ്കില്‍

എതിരന്‍ കതിരവന്‍ said...

വികടാ,ഇങ്ങനെ ചോദിചു ചോദിച്ചു പോകാം.

വിഷു ഹൈജാക്ക് ചെയ്യപ്പെട്റ്റതിനെക്കുറിച്ച് ഞാന്‍ എഴുതിയത് വായിക്കുന്നോ?

http://ethiran.blogspot.com/2007/04/blog-post_25.html

ചന്ദ്രകാന്തം said...

തികച്ചും ശരിയാണ്. പണ്ട്‌ എന്തൊക്കെയോ ഉണ്ടായിരുന്നു എന്ന്‌ വിശ്വസിപ്പിയ്ക്കുന്നത്‌ തന്നെ ചാനലുകാരാണ്. കാട്ടിക്കൂട്ടലിനെപ്പറ്റി കുറെയെങ്കിലും നമുക്ക്‌ മനസ്സിലാവും... അടുത്ത തലമുറയുടെ കാര്യം....
:(

വികടശിരോമണി said...

മഹീ,
ജീവിതച്ചാനലു മാറ്റാനാവാത്ത നിസ്സഹായതയിൽ പങ്കുചേരുന്നു.ഡാറ്റാപ്രവാഹത്തിനിടയിൽ തന്ന വായനക്കു നന്ദി.
എതിരവൻ കതിരവാ,
വിഷുലേഖനം വളരെ വൈകി വായിച്ചു.കലക്കിയിട്ടുണ്ട്.കേരളത്തിലെ ഹൈജാക്കിങ്ങുകളെപ്പറ്റി എന്റെ പുതിയ പോസ്റ്റ് വായിക്കുമല്ലോ.
ചന്ദ്രകാന്തമേ,
പുതിയ തലമുറയിലെ കുട്ടികൾ കാട്ടിക്കൂട്ടലുകൾ നമ്മളെക്കാളും നന്നായി തിരിച്ചറിയും എന്നാണ് എന്റെ വിശ്വാസം.കുട്ടികളിൽ എനിക്കു പ്രതീക്ഷ നശിച്ചിട്ടില്ല.