Pages

ഓണക്കിനാവുകളുടെ അടിയാധാരം ആരുടേത്?


ഈ പോസ്റ്റ് ഇടുമ്പോൾ ഉത്രാടരാത്രിവണ്ടിയിലാണു ഞാൻ.ഏതാനും മണിക്കൂറുകൾ മാത്രമുണ്ട്, തിരുവോണം പുലരാൻ.പഴംനുറുക്കും,പാലടയും,ഓണപ്പാട്ടും,ഊഞ്ഞാലും,ഓണക്കോടിയുടെ പുതുമണവും കലർന്ന ഓർമ്മകളുടെ ഒരു കൊളാഷ് എനിക്കും പറയാനുണ്ട്.പക്ഷേ അതൊന്നുമത്ര അഭിമാനാർഹമായ കാര്യമായി എനിക്കു തോനുന്നില്ല.ഇതൊക്കെ ആസ്വദിക്കാൻ കഴിയും വിധം സാമ്പത്തികചുറ്റുപാടുള്ള വീട്ടിൽ ജനിച്ചുവീണതിൽ എനിക്കൊരു പങ്കുമില്ല.ഓണണ്ണാൻ പോയിട്ട്,ഉച്ചക്കഞ്ഞിക്കു വകയില്ലാത്ത വീട്ടിൽ ജനിച്ചതിൽ എന്റെ പഴയ സഹപാഠി പ്രദീപിനും ഒരു പങ്കുമില്ല.പിന്നെന്തഭിമാനിക്കാൻ! ഈ ഓണത്തിനു പുറത്തിറങ്ങിയ കുറേ ഓണക്കുറിപ്പുകൾ വായിച്ചു.മിക്കവാറും ഓർമ്മക്കുറിപ്പുകൾക്കുള്ള പ്രത്യേകത, പഴമയെ വാഴ്ത്തിപ്പാടുന്നതിലെ സമാനതയാണ്.പണ്ടൊക്കെ എന്തായിരുന്നു ഓണം! ഇന്നു കാണുന്ന ഓണമൊക്കെ ഓണമാണോ-ഇതാണ് പൊതുവെയുള്ള മട്ട്.ഓണക്കവിതകളുടെ കാര്യവും വ്യത്യസ്തമല്ല.
കണ്ണീരണിഞ്ഞു കുഗ്രാമ-
ലക്ഷ്മി നോക്കിയിരിക്കവേ
കേവഞ്ചി കേറിപ്പേയോണ-
വെണ്ണിലാവണിരാവുകൾ
എന്ന പി.കുഞ്ഞിരാമൻ നായരുടെ ബസ്സ്സ്റ്റാന്റിൽ തന്നെയാണ് ഇന്നത്തെയും ഓണക്കവികൾ.എനിക്കു മനസ്സിലാവാത്തത്, ഇവരെല്ലാം വാഴ്ത്തിപ്പാടുന്ന ഈ സുവർണഭൂതകാലം ഏതാണെന്നാണ്.കേരളസമൂഹത്തിലെ വളരെ ചെറിയൊരു വിഭാഗം മാത്രം അനുഭവിച്ച സുഖലോലുപതയുടെ കാലമാണ് നമ്മുടെ ചരിത്രം.ബാക്കി കോരന്മാർക്കൊക്കെ,കുമ്പിളിൽ തന്നെയായിരുന്നു കഞ്ഞി. ഓണമുണ്ണാനായി,അവർക്കു വിൽക്കാൻ ഒരു ‘കാണ‘വും ഉണ്ടായിരുന്നതുമില്ല.പിന്നെയേതാണീ നന്മ വിളഞ്ഞ ഭൂതകാലം? ഏതില്ലത്തെ അടിയാധാരമാണ് നമ്മുടെ ഓണക്കിനാക്കളുടേത്?
പൊയ്പ്പോയ തിന്മകളെ നന്മകളായി ചിത്രീകരിച്ചു വാഴ്ത്തിപ്പാടലാണ് ഫാഷിസത്തിന്റെ നട്ടെല്ല്.അതു ചെയ്യുന്നതു നമ്മുടെ നാട്ടിലെ ‘പുരോഗാമികളും ആധുനികരുമായ’ എഴുത്തുകാർ തന്നെയായാലോ?

10 comments:

vimathan said...

You said it !

വികടശിരോമണി said...

വിമതേട്ടാ,
വരവിനും വായനക്കും നന്ദി.ഞാനൊരു ബ്ലോഗ് ശിശുവാ.ആദ്യത്തെ കരച്ചിലാ ചേട്ടനിന്നലെ കേട്ടത്.ഇനീം വരികയും പറ്റൂച്ചാ കുറ്റം പറയുകയും ചെയ്യണേ...

the man to walk with said...

മലയാളി എടുത്തണിയുന്ന ഈ വിചിത്ര വസ്ത്രം ആരുടേതാണോ ?നന്നായി ..

ente gandarvan said...

ella onakkalavum samridhiyude swapnangaludethayirunnu..achaarangalum
jeevitha reethiyum vythysthamayaalum,
oru koythulsavathinte ella polimayumulla oraghosham..

ज्योतिर्मयी ജ്യോതിര്‍മയി said...

എന്നോടു് ഉത്തരം പറയാന്‍ പറഞ്ഞിരുന്നല്ലോ,
ഞാന്‍ പറഞ്ഞിട്ടുണ്ട്, ദാ ഇവിടെ

“ഒരു പുഞ്ചിരി ഞാന്‍ മറ്റു-
ള്ളവര്‍ക്കായ്‌ ചെലവാക്കവേ
ഉദിയ്ക്കയാണെന്നാത്മാവി-
ലായിരം സൌരമണ്ഡലം!”

ഒന്നു ചിരിച്ചുനോക്കിയാലേ അറിയൂ, ഈ ഹൃദയലാഘവം. ഉത്സവങ്ങള്‍ ചിരിയ്ക്കാനും സന്തോഷിക്കാനും സന്തോഷം ചുറ്റിലും പടര്‍ത്താനും ഉള്ള ഒരു അവസരമാണ്.:)ഇതും വേണെങ്കില്‍ ചേര്‍ത്തുവായിയ്കാം.

അനില്‍@ബ്ലോഗ് said...

വികടശിരോമണി,

നന്നായിരിക്കുന്നു. ഇത്തരം കസര്‍ത്തുകള്‍ ഒരു വഴിപാടാണ്. അനുശോചനയോഗങ്ങള്‍ കണ്ടിട്ടില്ലെ, ഏറ്റവും ദുര്‍ഗ്ഗുണനായ ആളായാലും യോഗം കഴിയുന്നതോടെ മഹാനായി വാഴത്തപ്പെടും.അതേപോലൊരു പ്രഹസനം ഓണത്തെ വാഴ്തലും. സമയം കഴിഞ്ഞതിനാല്‍ ദീര്‍ഘിപ്പിക്കുന്നില്ല.

Typist | എഴുത്തുകാരി said...

ഞാന്‍ ഇത്തിരി വൈകിപ്പോയി.
പഴയ കാര്യങ്ങളെ പറ്റി പറയുമ്പോള്‍ - ഓണമായാലും എന്തായാലും - അന്നു് എല്ലാം നല്ലതായിരുന്നു, ഇന്നെല്ലാം മോശമായിപ്പോയി എന്നു കരുതണ്ടാ, സുഖമുള്ള ചില ഓര്‍മ്മകളെ അയവിറക്കുന്നു എന്നു കരുതിയാല്‍ പോരേ?

ബിന്ദു കെ പി said...

“ഇതൊക്കെ ആസ്വദിക്കാന്‍ കഴിയും വിധം സാമ്പത്തികചുറ്റുപാടുള്ള വീട്ടില്‍ ജനിച്ചുവീണതില്‍ എനിക്കൊരു പങ്കുമില്ല” ഇതു തന്നെയാ‍ണ് എനിയ്ക്കും പറയാനുള്ളത്.

അടിയാന്മാരുടെ അധ്വാനഫലം കൊണ്ട് സുഖലോലുപതയില്‍ ജീവിച്ചിരുന്ന ഒരു സമ്പന്ന ജന്മികുടുംബമായിരുന്നില്ല എന്റേത്. അമ്പലത്തിലെ കഴകവൃത്തിയില്‍ നിന്ന് കിട്ടുന്ന നേദ്യച്ചോറും തുച്ഛമായ വരുമാനവും കൊണ്ട് നിലനില്‍പ്പിന് പാടുപെട്ടിട്ടുള്ള ഭൂതകാലമേ എന്റെ മുന്‍‌തലമുറകള്‍ക്കുള്ളൂ. നേദ്യച്ചോറ് എല്ലാവര്‍ക്കും പങ്കുവച്ചതിനുശേഷം ബാക്കി ഉള്ളത് മാത്രം കഴിക്കുന്ന,അത് കഴിക്കാനിരിക്കുമ്പോള്‍ വിശന്ന വയറുമായി ആരെങ്കിലും വന്നാല്‍ നേരെ അവര്‍ക്കെടുത്തു കൊടുക്കുന്ന എന്റെ അമ്മമ്മയെ പറ്റി എനിക്ക് അഭിമാനത്തോടെ മാത്രമേ ചിന്തിക്കാന്‍ കഴിയൂ സുഹൃത്തേ.

ഒരേ അച്ചിലിട്ടുവാര്‍ത്ത ദിവസങ്ങള്‍ക്കിടയില്‍ ഒരാശ്വാസവുമായി എത്തുന്ന ഓണം പോലെയുള്ള അവസരങ്ങളുടെ ആഹ്ലാദം അതുകൊണ്ടുതന്നെയാണ് ഓര്‍മ്മയില്‍ ഇന്നും മധുരമുണര്‍ത്തുന്നത്. പച്ചക്കറിയൊക്കെ അത്യാവശ്യം പറമ്പില്‍ തന്നെയുണ്ടാക്കിയിരുന്നതുകൊണ്ട് ഓണം ഇന്നത്തെപോലെ അത്ര ചിലവേറിയ ആഘോഷവുമായിരുന്നില്ല. അതൊരു കൂട്ടായ്മയുടെ ആഹ്ലാദമായിരുന്നു. ചെറിയ കുട്ടികള്‍ പോലും അവരവര്‍ക്ക് ആവുന്നത്ര അധ്വാനിച്ചിരുന്നു.

ഇത്തരം ഓര്‍മ്മളെ ഒരു വഴിപാടായി നടത്തുന്ന വാചക കസര്‍ത്തുകളായി കാണുന്നത് ഖേദകരമെന്നേ പറയാനുള്ളു. പക്ഷേ എന്തുചെയ്യാം, ഓര്‍മ്മയിലെ ഓണം എന്ന വിഷയത്തെക്കുറിച്ച് എനിയ്ക്കിതൊക്കെയേ പറയാനുള്ളൂ.അത് നന്മയാവാം, തിന്മയാവാം. അത് വായിക്കുന്നവരുടെ കാഴ്ചപ്പാടാണ്.


ഒന്നു മാത്രം പറയാം, അന്നുള്ളതൊക്കെ നന്മ, ഇന്നുള്ളതൊക്കെ തിന്മ എന്ന്‍ വരുത്താനുള്ള ശ്രമം ഇത്തരം കുറിപ്പുകളുടെ പിന്നിലില്ല. എന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എനിയ്ക്ക് അസ്വാദ്യകരമാവുന്നതുപോലെ മറ്റുള്ളവര്‍ക്ക് ആയിക്കൊള്ളണമെന്നില്ല എന്നത് തീര്‍ച്ചയായും സമ്മതിക്കുന്നു.

വികടശിരോമണി said...

എല്ലാവർക്കും വൈകിയാണെങ്കിലും വന്നതിനു നന്ദി.ആവശ്യമായ മിക്ക മറുപടികളും അവരവരുടെ പോസ്റ്റുകളിൽ തന്നെ നൽകാൻ ശ്രമിച്ചിട്ടുണ്ട്.
എഴുത്തുകാരീ,
അങ്ങനെ കരുതുന്ന സമൂഹമല്ല നമ്മുടേതെന്നാണ് ഞാൻ പറഞ്ഞത്.ഒരുപാടു ഹിപ്പോക്രസികൾ നിറഞ്ഞതാണ് മലയാളിമനസ്സ്.“പണ്ടൊക്കെ എന്തായിരുന്നു!“ എന്ന മിഥ്യാബോധം കാലിക പരിസരങ്ങളിലെ സൌന്ദര്യത്തെക്കൂടി നമ്മിൽ നിന്നു മറക്കാൻ ശ്രമിക്കുന്നു.അവിടെയാണു പ്രശ്നം.ഒരിക്കൽക്കൂടി,എല്ലാവർക്കും നന്ദി.

ചിത്രകാരന്‍chithrakaran said...

കൊളളാം ഇഷ്ടാ ചിന്തകള്‍ !!!