Pages

വെറുപ്പിന്റെ ഉഷ്ണമാപിനികൾ


സ്നേഹസാമാജ്യത്തിന്റെ ചക്രവർത്തിനിയും മണ്ണോടു ചേർന്നു.
എല്ലാ നടപ്പാതകളിലും കാച്ചിപ്പഴുപ്പിച്ച ഇരുമ്പുപാളിയുടെ വക്കിലെന്നപോലെ താപം പഴുക്കുന്നു.
പലരിൽ നിന്നു മോഷ്ടിച്ചതോ,കവികൾ ശീലിച്ച വക്രോക്തിവാങ്മയമോ ആയിരുന്നില്ല ആ വാക്കുകൾ.നാഡീസ്പന്ദം പോലെ,ശ്വാസോച്ഛ്വാസം പോലെ അത്രമേൽ അത്മാർത്ഥവും നൈസർഗികവുമായിരുന്നു അത്.ശ്വാസകോശങ്ങളുടെയും നാഡികളുടെയും സങ്കോചവികാസങ്ങൾ എങ്ങനെ മെലോഡ്രാമ ആകും?കാപട്യമാകും?
സ്വരക്ഷക്കായെന്ന ഭാവത്തിൽ,മാധവിക്കുട്ടി ഒരു തോക്കു പിടിച്ചിരിക്കുന്ന ക്രൂരഹാസ്യം നാം കണ്ടതാണ്.ആ സ്വരം വിറക്കുന്നുണ്ടായിരുന്നു.ചുണ്ടുകളും.ആ ചുണ്ടുകളിലൂടെ ഹൃദയം കാണാം.അവിടെ,മുറുകിപ്പൊട്ടാൻ പോകും മുമ്പുള്ള നിമിഷത്തിലെ വീണക്കമ്പിയുടെ മുറുക്കം.സമുദ്രഗർഭങ്ങളിൽ കലങ്ങിയ പ്രണയത്തിന്റെ ഉപ്പുരുചി.
ആകശത്തിന്റെ നീലക്കുട മടങ്ങിപ്പോകട്ടെ,സൂര്യൻ അതിനുള്ളിൽ മഴത്തുള്ളിയായി വാർന്നു പോകട്ടെ,
ഏഴുനിറങ്ങളുമുരുകിക്കത്തുന്ന സൂര്യപഥത്തിന്റെ ധനുസ്സിൽ വേനലിന്റെ എല്ലാ ഓർമ്മയും ഉറങ്ങിപ്പോകട്ടെ,
നീർമാതളങ്ങളുടെ തൊട്ടിലിൽ,അവസാനത്തെ ഗ്രീഷ്മത്തിന്റെ താരാട്ടുകേട്ട് ഉറങ്ങൂ രാജകുമാരീ,ഉറങ്ങൂ.
ഇനിയും വർഷം തുടങ്ങിയിട്ടില്ല.
ശംഖിൻ‌തോടിലുറങ്ങുന്ന വർഷത്തിന്റെ കിനാവുകളും ഞങ്ങളെ വിളിക്കുന്നില്ല.
വെറുപ്പിന്റെ അർബുദം മാത്രം…
കറുത്ത മഷി പോലെ കലങ്ങിയ രാത്രികളെ ചവർപ്പിക്കുന്ന വെറുപ്പിന്റെ വിസ്താരം മാത്രം.
നീ ആർക്കോ സ്മൃതിസമ്മാനമായി നൽകി മടങ്ങിയ ആ തോക്കിന്റെ പ്രസ്താരം മാത്രം.
ഞങ്ങൾ ഇനിയും ഗ്രീഷ്മത്തിലാണ്.
ഓർമ്മകളുടെ ഇലകളിൽ,അസിധാരയിൽ,വെണ്ണയായി ഉരുകിനിൽക്കുന്ന വെറുപ്പിന്റെ രശ്മികൾ.
ഇനി നിന്നെക്കുറിച്ചെഴുതാൻ ഞാനാളല്ല.ഞാൻ വെറുപ്പിനേപ്പറ്റി എഴുതേണ്ടവനാണ്.ഞാൻ വൈദ്യുതഗിത്താറിന്റെ കമ്പികളിൽ ചിന്നിച്ചിതറുന്ന ഏഴുസ്വരങ്ങളുടെ ഗ്രീഷ്മമാണ്.
കത്തുന്ന തീയിൽ നിന്നുള്ള സല്ലാപങ്ങൾ
--------------------------------------------

ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയെ മുഗൾഭരണത്തിന്റെ സായംകാലത്തോടുപമിച്ച നോർത്തിന്ത്യൻ കവി ആരാണ്?അദ്ദേഹത്തിനു സ്തുതി.സംശയമില്ല,കത്തുന്ന തീയിൽ നിന്നുള്ള സല്ലാപങ്ങളിൽ നിപുണരായവരാണ് അന്നത്തേപ്പൊലെ ഇന്നും നമ്മെ ഭരിക്കാൻ നാം തിരഞ്ഞെടുക്കുന്നത്.വാജിദ് അലീഷായും മുഹമ്മദ് ഷാരംഗീലയും എങ്ങനെ പാട്ടിലും കൂത്തിലും മുഴുകിയോ അതുപോലെ.നമ്മുടെ സർക്കാരിന്റെ സാംസ്കാരികപ്രവർത്തനങ്ങൾ പത്തൊമ്പതാംനൂറ്റാണ്ടിലെ നവാബുകളുടെ കൂത്തരങ്ങുകളേയും ലജ്ജിപ്പിക്കുന്ന കോമാളിത്തങ്ങളായിത്തീർന്നിട്ടുണ്ട്,തീർച്ച.പക്ഷേ ആ സാദൃശ്യം അവിടെ തീരുന്നു.കൊട്ടാരത്തിലെ മെഹ്ഫിലുകൾക്ക് പകരം വെളിയിൽ,വിദേശങ്ങളിൽ വരെയാണ് ഇന്നത്തെ നൃത്തങ്ങൾ ആടുന്നത് എന്നതു മാത്രമല്ല വ്യത്യാസം.സുൽത്താന്മാർ ആടുകയും പാടുകയും ചെയ്തുകൊണ്ടിരുന്നത് അവർക്കതിൽ ആത്മാർത്ഥമായ അടുപ്പവും സഹഭാവവും ഉണ്ടായിരുന്നതുകൊണ്ടോ,അതല്ലെങ്കിൽ ദീർഘയുദ്ധങ്ങൾക്കുശേഷം അവരുടെ മനസ്സ് പരുക്കൻ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഉൾവലിയാൻ ആഗ്രഹിച്ചതുകൊണ്ടോ ആണ്.അധികാരം തന്നെ പലപ്പോഴും അവർക്കൊരു ഭാരമായി മാറിപ്പോയിരുന്നു.എന്നാൽ,നമ്മുടെ പുതിയ ഭരണാധികാരികളുടെ അവസ്ഥ അതല്ല.അധികാരം ഇന്നും അവരുടെ മനസ്സിൽ ഇരുമ്പായി ഉരുകിയിറങ്ങുകയാണ്.ഒരിക്കലും കെടാത്ത അധികാമമോഹത്തിന്റെ അംഗാരനദികൾ മനസ്സിലൊഴുകുമ്പോഴും അവർ സല്ലാപങ്ങളിലേർപ്പെടുന്നു എങ്കിൽ നാം മനസ്സിലാക്കേണ്ടത് കുറേക്കൂടി പേടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളാണ്.സർവ്വാധിപത്യം അന്വേഷിക്കുന്നത് അവയിലെല്ലാം ആയുധങ്ങളേയാണ്.കൂടുതൽ മൂർച്ചയേറിയ ആയുധങ്ങളെ.വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ.
സർവ്വാധിപത്യത്തിന്റെ ഇമേജ്
--------------------------------





വിജയകരമായ സർവ്വാധിപത്യങ്ങൾ എന്നും സർവ്വാധിപതിയുടെ ശക്തിയും ദാർഡ്യവും ജനതയുടെ ആത്മാഭിമാനവും തമ്മിലുള്ള ബാലൻസിന്റെ കളിയായിരുന്നു.ആധിപത്യം സ്വീകരിക്കാനുള്ള കഴിവ് ജനതക്ക് എത്രയുണ്ടോ,അത്രയും കുറവു ബലപ്രയോഗം മതി.ജനതയുടെ ആത്മാഭിമാനം കൂടുന്തോറും ബലവും കൂട്ടേണ്ടിവരും.അതിനുള്ള മറ്റൊരുപായമാണ് മറ്റുവേഷങ്ങൾ അണിയൽ.പ്രത്യയശാസ്ത്രങ്ങൾ ഉരുവിടൽ.
ജനത ഭയപ്പെടുന്നു എന്നു ബോധ്യപ്പെട്ടാൽ,സർവ്വാധിപതികൾ പിന്നെ ഇമേജിനേപ്പറ്റി വല്ലാതെ ആശങ്കപ്പെടില്ല.രാക്ഷസവേഷം തങ്ങൾക്ക് അലങ്കാരമായി കരുതിയ എത്രയോ മദ്ധ്യകാലസർവ്വാധിപതികൾ ഉണ്ട്.നരമാംസം ഭക്ഷിക്കുകയും,അനുസരിക്കാത്ത ഭാര്യമാരുടെ തലവെട്ടി ഫ്രീസറിൽ സൂക്ഷിക്കുകയും ചെയ്തവർ,ഇക്കാലത്തുമുണ്ടായി.നീതിമാനും സത്യസന്ധനുമായി ചിത്രീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവരത്രമേൽ ബോധവാന്മാരായിരുന്നില്ല.ഈ ബോധം കണിശമായി ഉണ്ടായിരുന്ന സർവ്വാധിപതിയാണ് നാമിന്ന് ആരാധിച്ചുതുടങ്ങിയ ഒരു മുഖം-ഹിറ്റ്‌ലർ.കുട്ടികൾക്ക് പുഷ്പസമ്മാനങ്ങൾ നൽകുന്ന,കുഞ്ഞുങ്ങളെ ഓമനിക്കുന്ന,കാരുണ്യവാരിധിയായ ഹിറ്റ്‌ലറുടെ ചിത്രങ്ങൾ നാസി ഗവർമെന്റ് മനഃപ്പൂർവ്വം പ്രചരിപ്പിച്ചിരുന്നു.ജനങ്ങൾ കൊടുംവേനലിനേയും കുറേക്കാലം കഴിഞ്ഞാൽ ആരാധിച്ചുതുടങ്ങും.അതുകൊണ്ടാണല്ലോ1933ൽ പാർലമെന്റിലേക്ക് ജനങ്ങൾ ഹിറ്റ്‌ലറെ ജയിപ്പിച്ചത്.സൂപ്പർമാൻ തീയറിയിൽ നീഷേ കണ്ടതിന്റെ സാമൂഹ്യപ്രകാശനം.സാധാരണക്കാർക്കു ചെയ്യാൻ കഴിയാത്തതുചെയ്യുന്നവനാണ് സൂപ്പർമാൻ.ഓടുന്ന തീവണ്ടിയെ പിടിച്ചുനിർത്തുക,ഭക്ഷണം കഴിക്കുകയാണെങ്കിൽ ആയിരം പേരുടെ ഭക്ഷണം കഴിക്കുക,കൊല്ലുകയാണെങ്കിൽ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നുതള്ളുക,പാടുകയാണെങ്കിൽ പാട്ടിൽ ശ്രദ്ധിച്ചുപാടുകയല്ല,“പെർഫോം”ചെയ്തുകൊണ്ട്,നൃത്തം ചെയ്തുകൊണ്ട് പാടുക.ഇങ്ങനെ എല്ലാം സൂപ്പർലേറ്റീവായി ചെയ്യുക.സൂപ്പർമാനെ സൃഷ്ടിക്കുന്നത് ചില പരിതസ്ഥിതികളാണ്.സ്വാഭാവികമായും സൂപ്പർലേറ്റീവായ രക്ഷകന് Mental Imbalance-മാനസികക്രമരാഹിത്യം,ഉണ്ടാകും.
ഹിറ്റ്‌ലറിൽ അതുണ്ടായിരുന്നു.ജർമ്മനിയെ ഏറ്റവും വലിയ രാജ്യമാക്കുക,ലോകത്തിന്റെ ആധിപത്യത്തിലേക്ക് ജർമ്മനിയെ ഉയർത്തുക,ലോകം മുഴുവൻ കീഴടക്കുക തുടങ്ങിയ അതിമോഹങ്ങളും,അവയുടെ സാഫല്യത്തിനായി ജൂതവർഗ്ഗത്തോടുള്ള ഒടുങ്ങാത്ത വെറുപ്പും ഹിറ്റ്‌ലർക്കുണ്ടായത് ഈ ഉന്മാദത്തിന്റെ ഫലമായിട്ടായിരുന്നു.സ്വാഭാവികമായും ഇമേജ് വളരുകയാണു ചെയ്തത്.പല ചെറുപ്പക്കാരും ഹിറ്റ്‌ലറെപ്പോലെ മീശവെട്ടി നടക്കാൻ തുടങ്ങി.പട്ടാളത്തിൽ ചേരാൻ മോഹിക്കാനും തുടങ്ങി.ആരാണു മനസ്സിലെ ഹീറോ എന്ന ചോദ്യത്തിന്,തലമുറകൾക്കിപ്പുറത്തിരുന്നും മലയാളസിനിമാനടിക്ക് “ഹിറ്റ്‌ലർ”എന്നു മറുപടി പറയാനും കഴിഞ്ഞു.
കൊടും ചൂടുതിന്നുന്നവർ
-------------------------




ഇന്ത്യയിൽ പൊതുജനം ഭരണകൂടവുമായി ഏറ്റുമുട്ടുന്നത് വല്ലപ്പോഴുമൊരു തിരഞ്ഞെടുപ്പു വരുമ്പോഴാണ് എന്ന് നാം മനസ്സിലാക്കിവെച്ചിട്ടുണ്ട്.‌‘ബഹുജനവിപ്ലവം’എന്ന വാക്കൊക്കെ മറന്നുപോയിരിക്കുന്നു,ദയവായി ഓർമ്മിപ്പിക്കരുത്.സർക്കാറുമായി ഏറ്റുമുട്ടുന്ന ജനതതിയിലെ വിഭാഗങ്ങൾ അവരുടെ അഭിപ്രായം രൂപപ്പെടുത്തുന്ന ഘടകങ്ങൾ മാറിയിട്ടുണ്ടാകാം,വിഭാഗങ്ങളിൽ വലിയ മാറ്റമൊന്നുമില്ല.
കൊടുംവേനലിന്റെ ചൂടുമാത്രം ഭക്ഷിച്ചു മരിക്കുന്ന,അലസരെന്നോ,ആത്മാഭിമാനരഹിതരെന്നോ നമുക്ക് നിഷ്പ്രയാസം വിളിച്ചു കടന്നുപോകാവുന്നവരാണ് വലിയ വിഭാഗം.സംഖ്യകൊണ്ടും സ്വഭാവം കൊണ്ടും ശക്തമായ അവരിൽ പലപ്പോഴും ഇപ്പോഴും ഇന്ത്യയിൽ ജനാ‍ധിപത്യം എന്ന ആശയം തന്നെ അന്യമാണ്.അല്ലെങ്കിൽ അവർ ജനാധിപത്യത്തേയും മനസ്സിലാക്കുന്നത് പഴയ രാജാധിപത്യത്തിന്റെ വേറൊരു വഴിയിലുള്ള തുടർച്ചമാത്രമായാണ്. “രാജാവെന്നാൽ ആരമ്മേ? രാജാവീശ്വരനെന്മകനേ”എന്നായിരുന്നു പണ്ടു നമ്മുടെ പ്രൈമറി സ്കൂളിൽ പഠിപ്പിച്ചിരുന്ന ഒരു പാഠം.ഇത്തരം പാഠങ്ങൾ പാഠപുസ്തകത്തിൽ ഇന്നു കാണുമായിരിക്കില്ല.പക്ഷേ ഇന്നത്തെ ഭരണവംശത്തോട് ഇതേ ഭാവന ജനിപ്പിക്കാൻ പര്യാപ്തമായ പാഠങ്ങൾ കണ്ടേക്കും.രാജാവ് എത്ര മുതൽ അപഹരിച്ചാലും,ചമ്മട്ടികൊണ്ട് അടിച്ചാലും അവർ ഇങ്ങനെത്തന്നെയായിരിക്കും.അവരുടെ മുന്നിൽ,ഭരണാധികാരി എത്രമേൽ രക്തദാഹിയായി പ്രത്യക്ഷപ്പെടുന്നുവോ,അത്രമേൽ അയാൾ ആരാധിക്കപ്പെടുകയേയുള്ളൂ.ഗുജറാത്തിൽ നടന്നത് എത്ര നന്നായി എന്നു പറയുന്നവരും അഭ്യസ്തവിദ്യരായി ഉണ്ടായത് അങ്ങനെയാണ്.
വെറുപ്പിന്റെ മാർക്കണ്ഠേയമുഖം
--------------------------------






വെറുപ്പിന്റെ സിദ്ധാന്തമായ ഫാഷിസം ,ഒരു മാർക്കണ്ഠേയശിശുവാണെന്നു തോന്നുന്നു.1935 മുസോളിനി എത്യോപ്യയെ ആക്രമിച്ചപ്പോഴും,ജിഹാദുകളിൽ മരണം ഇന്നും ചിറകടിക്കുമ്പോഴും അത് ഒട്ടും മാറിയിട്ടില്ല.അതു പിറന്നിടത്തുതന്നെ പൂർണ്ണവളർച്ചയെത്തിയ രാക്ഷസശിശുവാണ്.കാലവും ദേശവും മാറാം,കർമ്മപദ്ധതികൾ മാറുന്നില്ല.ഹിറ്റ്‌ലറിലും മുസോളിനിയിലും ഗോൾവാൾക്കറിലും അതു മൂർച്ചയേറി തിളങ്ങിയതേ ഉള്ളൂ.ശത്രവിനോടുള്ള വിദ്വേഷം മാത്രം നിറച്ച വിഷസഞ്ചികൾ അതു മനസ്സുനിറയെ നിറച്ചുവെക്കുന്നു.മാർക്സിസം ഭൌതികവാദമാണെന്നും,ഫാഷിസം ജനങ്ങളെ മോചിപ്പിക്കാനുള്ള ഒരു ആദ്ധ്യാത്മികപദ്ധതിയുമാണ് എന്നുമായിരുന്നു മുസോളിനിയുടേയും വാദം.അദ്ധ്യാത്മികതയുടെ അഭാവം കൊണ്ടാണ് ലോകം മുന്നേറാത്തത് എന്നു പറഞ്ഞുകൊണ്ടാണ് മുസോളിനി ഫാഷിസത്തെ ഒരു മോചനമാർഗമായി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്.അതിന്റെ പ്രായോഗികരൂപമായിരുന്നു 1930കളിൽ എത്യോപ്യയിൽ കണ്ടത്.1935ൽ ന്യൂറൻബർഗ് വിചാരണയിൽ കണ്ടത്.കോൺസൻ‌ട്രേഷൻ ക്യാമ്പുകളിൽ കുമിഞ്ഞുകൂടിയ മൃതദേഹങ്ങളിൽ കണ്ടത്.
1948 ജനുവരി മുപ്പതിന് ഇതേ ആദ്ധ്യാത്മികപ്രവർത്തനം നമ്മുടെ നാട്ടിലും നടന്നു.പ്രാർത്ഥനായോഗത്തിൽ വെച്ച് ഗോഡ്‌സേയുടെ തോക്കു നടത്തിയ ആദ്ധ്യാത്മികപ്രവർത്തനം.ലോകസ്സമസ്താസുഖിനോഭവന്തു.
സ്നേഹചേതനയുടെ ചുഴിമലരികൾ
------------------------------------






1940കളിൽ പുറത്തുവന്ന ‘ദ ഗ്രേറ്റ് ഡിക്റ്റേറ്റർ’എന്ന ചിത്രത്തിൽ ചാപ്ലിൻ ഏകാധിപതികളെ ഹാസ്യം കൊണ്ടു വലിച്ചുകീറുന്ന ഒരു പ്രസംഗമുണ്ട്,മേഘങ്ങൾ ഉയരങ്ങളിലേക്കു മായുന്ന,ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു സൂര്യനുദിച്ചുപൊങ്ങുന്ന,ചിറകുകൾ നൽകപ്പെട്ട മനുഷ്യന്റെ ആത്മാവ് മഴവില്ലിന്റെ നേർക്കു പറന്നുയരുന്ന നാളെയിലേക്കു തലയുയർത്താൻ ആഹ്വാനം ചെയ്യുന്ന പ്രസംഗം.
വെറുപ്പിന്റെ വിഷക്കാട്ടിൽ നിന്ന് ഉണർന്നെണീക്കുന്ന മനുഷ്യചേതനയുടെ സംഗീതം.
എങ്കിലും എന്തിനായിരുന്നു ആമിയോപ്പു ആ തോക്ക് നെഞ്ചോടടക്കിപ്പിടിച്ചത്?
രാഗദ്വേഷമെന്നു പറയണോ?
മതി.
നിർത്തുന്നു.

12 comments:

വികടശിരോമണി said...

വെറുപ്പിന്റെ ഉഷ്ണമാപിനികൾ

പാമരന്‍ said...

രാഗദ്വേഷം..!

അനില്‍@ബ്ലോഗ് // anil said...

രാവിലെ തന്നെ ആയതിനാല്‍ വിശദമായിത്തന്നെ വായിച്ചു.
മനസ്സിലൂടെ പാഞ്ഞു നടന്ന ചിന്തകളെ കോറിയിട്ടെന്ന് പറയാം, നന്നായിട്ടുമുണ്ട്.
പക്ഷെ ആ തോക്കുമായി ബന്ധിപ്പിക്കാന്‍ എന്തെങ്കിലും ശ്രമം നടത്തിയോ എന്ന സംശയത്തിന് ഉത്തരം കണ്ടെത്താനായില്ല. എന്റെ പരിമിതിയായിരിക്കാം.

അധികാരം ലഹരിയാണെന്ന് നാമിന്നു മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്നു. അവിടെ പ്രത്യയശാസ്തങ്ങള്‍ അപ്രസക്തമാകുന്നു. ഏതൊരു വളര്‍ച്ചക്കുമൊപ്പം ആന്തരികമായൊരു പ്രതിപ്രവര്‍ത്തനം സ്വയമേവ വളര്‍ന്ന് വരും എന്നാണ് ഞാന്‍ കരുതുന്നത്, തികച്ചും ഇണ്ട്ട്രിന്‍സിക്കായ ഒന്ന്. അതിന്റെ മൂര്‍ദ്ധന്യത്തില്‍ എല്ലാം സ്വയം പൊട്ടിച്ചിതറും, വീണ്ടും ഉരുണ്ടുകൂടി വളരാനാരംഭിക്കും, ഒരു പക്ഷെ പുതിയ രൂപ ഭാവങ്ങളില്‍. ചരിത്രം നല്‍കുന്ന പാഠമതാണ്.

അരുണ്‍ കരിമുട്ടം said...

വായിച്ച് തീരാന്‍ കുറേ സമയമെടുത്തു, അതി മനോഹരം
ലോകത്തില്‍ എന്നും.എപ്പോഴും സംഭവിക്കാവുന്നത്..
ആശംസകള്‍

എതിരന്‍ കതിരവന്‍ said...

സ്വന്തം കവിഹൃദയത്തെ സംരക്ഷിക്കാനായിരിക്കണം ആമിയോപ്പു ആ തോക്ക് ഹൃദയത്തോട് അറ്റക്കിപ്പിടിച്ചത്. തോക്ക് വിധ്വംസനത്തിന്റെ ലക്ഷ്ണം തന്നെ. പക്ഷെ സ്വയരക്ഷയുടേയും ഒപ്പം ആത്മത്യാഗത്തിന്റെ ഉപാധിയും.

ഈ തോക്കിന്റെ ചേട്ടനെ ഒരു നേതാവിന്റെ ബാഗിൽ ഇരിക്കുന്നതായി വിമാനത്തവളത്തിൽ വച്ച് നാം കണ്ടു.

സ്വയരക്ഷ ആത്യന്തികമായി മരണം മാത്രമായിരിക്കും എന്ന് മാധവിക്കുട്ടി നേരത്തെ കണ്ടിരുന്നു. സ്വന്തം മരണത്തിന് ഒരു വാടകക്കൊലയാളിയെ ഏർപ്പെടുത്തുന്ന സ്ത്രീയെപ്പറ്റി അവർ പണ്ട് ഉജ്ജ്വലമായ കഥ എഴുതിയിട്ടുണ്ട്.

ഗുപ്തമായ ആത്മനിന്ദ തന്നെയായിരിക്കണം വെറുപ്പിന്റെ ഉറവിടം.ഉഷ്ണമാപിനിയിലെ രസം തിളച്ചുയർന്നു തൂവുമ്പോൾ പൊള്ളലേൽക്കുന്നത് നിഷ്കളങ്കർക്ക്.

വെറുപ്പിൽ അധിഷ്ഠിതമാണ് കൾടുകൾ. രാഷ്ട്രീയം കൾട് ആയിമാറിയതിലെ അപകടമാണ് ഇപ്പോൾ കാണപ്പെടുന്നത്.

മനോജ് കുറൂര്‍ said...

പ്രിയ വി.ശീ., കമലാദാസിന്റെ തോക്കിനെ ഹിറ്റ്ലര്‍ക്കെതിരേ ചൂണ്ടുന്നതിലെ ഫിക്‍ഷന്‍ ഇഷ്ടപ്പെട്ടു.
കമലാ ദാ‍സിന്റെ കവിതകളും മാധവിക്കുട്ടിയുടെ കഥകളും‌പോലെതന്നെ ഒരു ഫാന്റസിയാവാം ആ തോക്കുചൂണ്ടലും. അതിന് തീര്‍ച്ചയായും സാമൂഹികമായ ധ്വനനങ്ങള്‍ക്കുള്ള ശേഷിയുമുണ്ടാവാം. എങ്കിലും... എപ്പോഴും യുക്തിയോടു കലഹിക്കുന്ന ആ സാഹിത്യജീവീതത്തെയും വ്യക്തിജീവിതത്തെയുംതന്നെ ഞാന്‍ പ്രണയിക്കുന്നു. ഇന്ത്യ അണുബോംബ് ന്നിര്‍മിച്ചപ്പോള്‍ മധുരപലഹാരം വിതരണം ചെയ്യുകയും തൊട്ടുപിന്നാലേതന്നെ മതം മാറുകയുംചെയ്ത ആ ഒരു പിടികൊടുക്കായ്കതന്നെ അവരുടെ സര്‍ഗജീവിതത്തിലാകെയുണ്ട്. മറ്റെഴുത്തുകാരില്‍ പലരെയും ഇഷ്ടപ്പെടുമ്പോള്‍ത്തന്നെ മാധവിക്കുട്ടിയെ പ്രേമിക്കുന്നതിനു പിന്നിലെ മാനസികാവസ്ഥ അതാണെന്നു തോന്നുന്നു. താങ്കള്‍ ആ തോക്ക് വെറുപ്പിന്റെ അധീകാരകേന്ദ്രങ്ങള്‍ക്കെതിരേ ചൂണ്ടുന്നതും അത്തരത്തിലൊരു ഫിക്‍ഷന്‍ ആയതുകൊണ്ടാവാം, ഇഷ്ടമായി :)

Unknown said...

തീക്ഷണമായ രചന വികടന്റെ എന്തേലും ഒരു കോമഡിയാകും എന്നു വിചാരിച്ചാ കയറിയത്. ശരിക്കും ഞെട്ടിച്ചു കളഞ്ഞു

അനില്‍@ബ്ലോഗ് // anil said...

അനൂപെ,
വികടനും വികടശിരോമണിയും രണ്ടാ.
:)

ഒരു കാഥിക said...

ഭാരതത്തിന്റെ പ്രശ്നങ്ങള്‍ ബഹുജനവിപ്ലവങ്ങള്‍ കൊണ്ട് നേരിടാന്‍ സാധിക്കുമോ ?

പതിവുപോലെ എഴുത്തും ശൈലിയും ആസ്വദിച്ചു

അപ്പു ആദ്യാക്ഷരി said...

വികടശിരോമണിയുടെ മനോവികാരങ്ങൾ ഭംഗിയായി എഴുതിവച്ചിരിക്കുന്നു. പക്ഷേ അവസാനമെത്തിയപ്പോൾ പറയാൻ തുടങ്ങിയതിന്റെ സംഗ്രഹത്തിലെത്തിയോ?

Sureshkumar Punjhayil said...

vaakkukalil artham urukumpol aksharangal kazchakkarakunnnu... Nalla rachana... Manoharam.. Ashamsakal...!!!

Anonymous said...

matham mariya manka.
Allah

(Jesus mukunda Ravuthar)