Pages

സംഗീതം ഒരു സമയകലയല്ല



ഓർമ്മകൾ സ്വയമേവ ഒരു ജീവിതമാണെന്നു തോന്നുന്നു.

ഓരോരുത്തരുടെയും ഹൃദയത്തിന്റെ സങ്കോചവികാസങ്ങളിൽ കാലത്തിന്റെ ഉത്തോലകങ്ങൾ തുടിയ്ക്കുന്ന ഒരു സമയമുണ്ട്.ത്രാസിന്റെ സൂചികളെപ്പോലെ ഇഹപരങ്ങൾക്കിടയിൽ ആടിയുലയുന്ന മറ്റൊരു സമയവും. അറുപതുനിമിഷങ്ങൾക്കിടയിൽ ഇണ ചേരുന്ന സമയസൂചികൾ വീണ്ടും ഊർജ്ജവാഹികളായി മൈഥുനത്തിലെത്തും പോലെ,ഓർമ്മകളും ഒരു ക്രാന്തിവൃത്തം പൂത്തിയാക്കിയാൽ നമ്മളോടിണചേരുന്നു.

വിൿടോറിയകോളേജിന്റെ വാച്ച് ടവറിനെ നോക്കിയാണ് കൽ‌പ്പാത്തിപ്പുഴ പോലും സമയമറിഞ്ഞുണരുന്നത് എന്നു കരുതിയ കാലം.സൂര്യൻ ആകാലനിലത്തിലൂടെ ഇഴഞ്ഞുവന്ന് മഞ്ഞവിഷം കക്കുന്ന പാലക്കാടൻ നട്ടുച്ചകളേയും സുര്യോത്സവങ്ങളേയും പിന്നിട്ട്,വൈകുന്നേരം ക്ലാസുപിരിഞ്ഞ ശേഷം ഞങ്ങൾ മൂന്നുനാലുകൂട്ടുകാർക്ക് ഒരു സ്ഥിരം യാത്രയുണ്ടായിരുന്നു,കൽ‌പ്പാത്തി അഗ്രഹാരത്തിലൂടെ.ബൈക്കിൽ പില്ലർ ജങ്ങ്ഷൻ എന്ന കൽ‌പ്പാത്തിയുടെ പ്രവേശസ്ഥലം വരെ പോകും.അവിടെ പോറ്റീസ് ഹോട്ടലിൽ നിന്ന് ഓരോ മസാലദോശ,കേസരി,ചായ.പിന്നെ അഗ്രഹാരത്തിലൂടെ നടത്തമാണ്.

കൽ‌പ്പാത്തിയുടെ അഗ്രഹാരം പാലക്കാടിലെ ഒരു മറുലോകമാണ്.ഒരു വശം എപ്പോഴും പൊട്ടിച്ചിരിച്ചൊഴുകുന്ന കൽ‌പ്പാത്തിപ്പുഴ.നിരത്തിനിരുവരത്തും വരിവരിയായി വീടുകൾ.എല്ലാറ്റിനും ഒരേ രൂപം,ഭാവം.ചേല ഞൊറിഞ്ഞുടുത്ത തമിഴ്‌ബ്രാഹ്മണസ്ത്രീകളുടെ മലയാളവും തമിഴും കല‌ർന്ന വാഗ്‌വിലാസങ്ങൾ.വൈകുന്നേരത്തിലെ ഇളവെയിലിൽ,അൽ‌പ്പനേരം മുൻപ് ആകാശത്തിനു താഴെ അഗ്നിവല നെയ്ത വെയിൽ‌പ്പെരുക്കങ്ങളെ പാലക്കാടിന്റെ അനുഗ്രഹമായ കാറ്റ് മായ്ച്ചു കളയുന്നത് ഇവിടെയാണ്.ഓരോ വീടിനും മുന്നിൽ ഒരു പകലിരവുമാത്രം കണ്ടു മാഞ്ഞുപോകേണ്ട കോലങ്ങൾ.പൂണൂലിനും കുടവയറിനും മീതേ കുലുങ്ങുന്ന വെടിവട്ടവുമായി കൂടിയിരിയ്ക്കുന്ന തമിഴ്‌ബ്രാഹ്മണർ.ഇടയിൽ,ഏതൊക്കെയോ വാതിൽ‌പ്പാളികടന്നു പതിയ്ക്കുന്ന നോട്ടങ്ങൾ,പാദസരനാ‍ദത്തിന്റെ ചീളുകൾ…

സംഗീതം ഇവിടെ ദാസ്യവൃത്തിയിലാണ്.അഗ്രഹാരത്തിലെ വീടുകളെ നിർമ്മലമാക്കുന്ന,ഒരു സ്വാഭാവികവൃത്തി.എല്ലാ വീട്ടിലും സംഗീതം ഒരു നിത്യദാസിയെപ്പോലെ കൂടെയു‌ണ്ട്.പെൺ‌കുട്ടികളുടെ പ്രധാനപ്പെട്ട ഒരു വിവാഹയോഗ്യത തന്നെ,സംഗീതത്തിലും നൃത്തത്തിലുമുള്ള പ്രാവീണ്യമാണ്.ഞങ്ങൾ നടക്കുമ്പോൾ ഇരു വശത്തുനിന്നും കേൾക്കാം,കുട്ടികൾ പാടിപ്പഠിക്കുന്നത്.ലംബോധര….ദേവദേവകലയാമിതേ….മറ്റു ചിലയിടങ്ങളിൽ നിന്ന് ജി.എൻ.ബിയും മധുരമണിയും പട്ടമ്മാളും അരിയക്കുടിയും എം.എൽ.വസന്തകുമാരിയും പാടുന്ന റെക്കോഡുകൾ.പാലക്കാട് രഘുവിന്റെയും രാമനാഥപുരം കന്തസ്വാമിയുടെയും തനിയാവർത്തനങ്ങൾ.ഗോപാലകൃഷ്ണനും ത്യാഗരാജനും വയലിനിൽ തീർത്ത ഉന്മാദങ്ങൾ.ഒരിടത്തു നിന്നു ശേഷഗോപാലിനെ കേട്ട്,തൊട്ടടുത്തു നിന്ന് മഹാരാജപുരം സന്താനത്തെ കേൾക്കുമ്പോൾ ബഹുരൂപിയായ കൽ‌പ്പാത്തിയുടെ ഗേയപാരമ്പര്യം നമ്മെ ഇളങ്കാറ്റിനൊപ്പം ആശ്ലേഷിക്കും.

സ്വാഭാവികമായും,സംഗീതത്തെപ്പറ്റിത്തന്നെയായി ഞങ്ങളുടെ അഗ്രഹാരത്തിലെ വൈകുന്നേരചർച്ചകൾ.പ്രിയപ്പെട്ട കൂട്ടുകാരൻ രാജീവും ഞാനുമായി സ്ഥിരം തല്ലുകൂടി.അവനു ടി.എൻ.ശേഷഗോപാലിന്റെ ഭ്രാന്ത്,എനിയ്ക്ക് കെ.വി.നാരായണസ്വാമിയുടെയും.സംഗീതം ബുദ്ധിയോടോ ഹൃദയത്തോടോ സംസാരിക്കേണ്ടത് എന്ന ഉത്തരമില്ലാത്ത സംവാദം.ലോകത്താർക്കും കേട്ടുപരിചയമില്ലാത്ത രാഗങ്ങളുടെ ശേഷഗോപാൽ സംഗീതത്തെപ്പറ്റി രാജീവ് വാചാലനാകുമ്പോൾ,ഞാൻ നാരായണസ്വാമിയുടെ ഇളനീരുപോലെയുള്ള സംഗീതവും കുഞ്ഞിരാമൻ നായരുമായുള്ള ബന്ധങ്ങളെപ്പറ്റി പറയും.അവസാനം ശാരീരികയുദ്ധത്തിലെത്തുമ്പോൾ ഒന്നുകിൽ ഒപ്പമുള്ള ശ്രീനിയും സുദേവും പിടിച്ചുമാറ്റും,അല്ലെങ്കിൽ ഏതെങ്കിലും ഒരു തമിഴ് സൌന്ദര്യത്തെക്കാണുമ്പോൾ ഞങ്ങൾ ആദരപൂർവ്വം നിശ്ശബ്ദത പാലിക്കും.ഞങ്ങൾക്കു രണ്ടുപേർക്കും പൂർണ്ണമായി യോജിക്കാവുന്ന ഒറ്റ സംഗീതസ്ഥലമേ ഉള്ളൂ;എം.ഡി.രാമനാഥൻ.ഒരേ സമയം ബുദ്ധിയും ഹൃദയവും മോഷ്ടിക്കുന്നവൻ.കലഹങ്ങളുടെ രാഗപ്രവാഹം.സൂക്ഷ്‌മമായ ശൈഥില്യവും ലയവും.ആഴങ്ങളിലേയ്ക്കു സാന്ദ്രമായും ഉയരങ്ങളിലേയ്ക്കു മേഘശ്രുതിയായും പ്രസ്താരമേൽക്കുന്ന ആ മഹാകാരത്തിനു മുന്നിൽ ഞങ്ങൾ രണ്ടു കുട്ടികളും വാഗർത്ഥങ്ങളുടെ യോജിപ്പു കൈക്കൊണ്ടു.

അത്തരമൊരു ചൂടേറിയ വാക്പ്പയറ്റിനിടയിലാണ്,ഞങ്ങൾ ആ എം.ഡി.ആർ സംഗീതം കേൾക്കുന്നത്.ഇരു കൈവഴികളായി പിരിയുന്ന കൽ‌പ്പാത്തിയിലെ അനേകം കവലകളിലൊന്നിനു വലതുവശത്ത്,ചെറിയൊരു കോലം മാത്രം മുന്നിലണിഞ്ഞ് കുമ്മായമടർന്ന ചുവരുകളുള്ള ഒരു വീട്ടിനുള്ളിൽ നിന്ന് രീതിഗൌളയുടെ രാഗാലാപമായി അതു ഞങ്ങളെ വന്നു പുണർന്നു.രാജീവാണ് പെട്ടെന്നു കൈപിടിച്ചു നിർത്തിയത്.‌“ഇതു കേട്ടിട്ടില്ലല്ലോടാ”എന്നവൻ മെല്ലെ പറഞ്ഞു.“ഹേയ്,ഇതെന്റെ കയ്യിലുണ്ട്,‘ജോ ജോ രാമ’ആണെന്നേ”എന്നു ശ്രീനി.അതല്ലെന്നുറപ്പ് എന്നു രാജീവിന്റെ വാശി.തർക്കമായ സ്ഥിതിയ്ക്ക് രാഗാലാപനം കഴിയും വരെ നിന്നു കേൾക്കാം എന്നുവെച്ചു.പത്തുമിനിറ്റോളം നീണ്ട ആ രീതിഗൌളയുടെ സഞ്ചാരം തന്നെ,ഞങ്ങളെ കാത്തിരിയ്ക്കുന്നത് എന്തോ അത്ഭുതമാണ് എന്നു തോന്നിച്ചു.രാഗഭാവത്തിന്റെ സമസ്തമേഖലകളേയും പിഴിഞ്ഞെടുത്ത ആലാപനം.സാഹിത്യം തുടങ്ങിയപ്പോൾ ശ്രീനിയുടെ പ്രവചനം തെറ്റി.‌“നിനുവിനാ”എന്ന ശ്യാമശാസ്ത്രിയുടെ കൃതിയായിരുന്നു അത്.അനതിസാധാരണമായ രാമനാഥസംഗീതത്തിന്റെ മുഴുവൻ മാസ്മരികഭംഗിയും അലിഞ്ഞുചേർന്ന സ്വരവിസ്താരം.നിന്നിടത്തു നിന്ന് ഞങ്ങൾ മെഴുകുപ്രതിമകളായി ഉരുകി.കീർത്തനം തീർന്ന ഉടനേ രാജീവ് “ഇതിന്റെ കോപ്പി കിട്ടാനെന്താണു വഴി”എന്ന ആത്മഗതാഗതത്തിലേയ്ക്കു കയറിയതാണ്.അഗ്രഹാരത്തിന്റെ യാഥാസ്ഥിതികസ്വഭാവം അറിയാവുന്നതുകൊണ്ട്,ഞാൻ “നമുക്കു തൽക്കാലം പോയേക്കാം”എന്നു പെട്ടെന്നു കയറിപ്പറഞ്ഞു.നല്ലൊരു സംഗീതാനുഭവത്തിനു തൊട്ടുപിന്നാലെ,കുറേ തമിഴ്‌ചീത്തവിളികൾ കേൾക്കുന്നത് അത്ര സുഖമാവില്ല എന്നറിയുന്നതുകൊണ്ട്.

പിറ്റേന്നു മസാലദോശയുടെയും ചൂടുചായയുടേയും രസക്കൂട്ടിനകത്തിരുന്നപ്പോഴേ ഞങ്ങൾ വെറുതേ ഒരു തീരുമാനമെടുത്തു,ഇന്നും അവിടെ പോയി നോക്കണം എന്ന്.കൃത്യം ആറുമണിയ്ക്ക് അവിടെയെത്തിയതും ഇന്നലത്തെ അതേ കീർത്തനം തുടങ്ങി!ആറരയാകുമ്പോഴേയ്ക്കും അത് അവസാനിച്ചപ്പോഴും ആ വീടിന്റെ മുൻ‌ഭാഗത്തെങ്ങും ആരെയും കണ്ടില്ല.തുടർന്ന്,ഒരാഴ്ച്ചയിലധികം ഞങ്ങൾ ആറുമണിയ്ക്ക് അവിടെയെത്തി ആ ഒരേ കീർത്തനം കേട്ടു.എന്താണ് ഈ കൃത്യസമയത്ത് ഒരു പ്രത്യേകകീർത്തനം വെക്കുന്നതിലെ ഗുട്ടൻസ് എന്ന് ഞങ്ങളന്ന് കുറേ ചർച്ച ചെയ്തിട്ടുണ്ട്.രീതിഗൌളയോടാണോ രാമനാഥനോടാണോ ആ ആരാധന എന്നു വരെ.എന്തായാലും പിന്നെപ്പിന്നെ,ശ്രീനി പറഞ്ഞതുപോലെ മസാലദോശയും ചായയും കേസരിയും പോലെ,ആ കീർത്തനം ദിവസവും കേൾക്കലും ഒരു ശീലമായി.എത്ര കേട്ടാലും പുതിയ അടരുകളിൽ ചെന്നുടക്കാൻ മരുന്നു ബാക്കിയുള്ള രാമനാഥന്റെ ആലാപനം എന്നും ഞങ്ങൾക്കു പുതുമകൾ തന്നു.ഒരാഴ്ച്ചയ്ക്കു ശേഷം ആണ്,ഒരു ചേല ചുറ്റിയ ‘പട്ടമ്മാളി’നെ ആ വീടിന്റെ മുൻ‌വശത്തു കണ്ടത്.ആ ആവേശത്തിൽ,ഞാൻ പെട്ടെന്നു കയറി “ആ പാടുന്ന കാസ്റ്റ് ഒന്നു തരാമോ,കോപ്പി എടുത്തു തിരിച്ചു തരാം”എന്നോ മറ്റോ ചോദിച്ചു.പെട്ടെന്നു മുഖം വെട്ടിത്തിരിച്ചു നോക്കി,അവർ പറഞ്ഞ “മുടിയാത്”എന്ന ഒറ്റവാക്ക് ഇപ്പോഴും ചെവിയിലുണ്ട്.സൈക്കിളിൽ നിന്നു വീണ കുട്ടിയുടെ ഭാ‍വത്തോടെ പിന്തിരിയുമ്പോൾ രാജീവിന്റെ ചിരിയും.

അതോടെ,അതു സംഘടിപ്പിക്കൽ ഒരു വാശിയായി.കൽ‌പ്പാത്തിയിലുള്ള ഹരിയെന്ന കൂട്ടുകാരനെ പിടിച്ചു.അവനേയും കൂട്ടി ആ വീട്ടിലേക്കു ചെന്നപ്പോൾ അവന്റെ ഒപ്പം സ്കൂളിൽ പഠിച്ച ഒരു സഹപാഠിയുടെ വീടാണത്.“ഞാൻ സംഘടിപ്പിച്ചു തരാം”എന്നവൻ പറഞ്ഞ സന്തോഷത്തിൽ,“ഞാനും ഒപ്പം വരാം.രണ്ടു മണിക്കൂർ നേരം മതി,കോപ്പി എടുത്ത് നമുക്ക് തിരിച്ചുകൊടുക്കാം,ഞാനും വരാം”എന്നു പറഞ്ഞ് ഞാനും ഒപ്പം ചെന്നു.

ആ വീട്ടിൽ ചെന്നപ്പോൾ എന്നോടു കണ്ണുരുട്ടിയ പട്ടമ്മാളും,അവരുടെ അനിയൻ മറ്റൊരു പട്ടരും ഉണ്ടായിരുന്നു.കാര്യം ഹരി പറഞ്ഞ ഉടനേ,അവർ പരസ്പരം നോക്കി.പട്ടമ്മാളുടെ കണ്ണുനിറഞ്ഞുവോ? പാതി തമിഴും മലയാളവും കലർന്ന കൽ‌പ്പാത്തിഭാഷയിൽ,അനിയൻ പറഞ്ഞു:

“ആ കാസറ്റ് ഇവിടെ വലിയൊരു നിധിയാണ്.എന്റെ ചേട്ടന് മനസ്സിനു നല്ല സുഖമില്ല.വെള്ളം അലർജിയാണ്.കുളിപ്പിക്കുക എന്നു പറഞ്ഞാൽ മതി,വയലന്റാകും.ആ രാമനാഥന്റെ കീർത്തനം കേട്ടാൽ സമാധാനമാണ്.ഒരു പ്രശ്നവും ഉണ്ടാക്കാ‍തെ സഹകരിക്കും.സന്ധ്യയ്ക്ക് ആറുമണിയ്ക്ക് ആണു കുളിപ്പിയ്ക്കാറ്.അതിനായാണ് എന്നും വൈകുന്നേരം അതു വെയ്ക്കുന്നത്.”

ഒന്നും പറയാനുണ്ടായിരുന്നില്ല.അകത്തെ മുറിയിൽ,കാലിൽ ചങ്ങലയുമായി കൂനിക്കൂടിയിരിക്കുന്ന ഒരു കറുത്തരൂപത്തെ അയാൾ കാണിച്ചുതന്നു.ഞങ്ങൾ തിരിഞ്ഞുനടന്നു.പിന്നെ അതു കേൾക്കാൻ പോകാനായില്ല.പോകാൻ തോന്നിയില്ല.

കണ്ടൻകോരനും ബഷീറും ആയിരം അഭിരുചികളും


ഴയ മലയാളം മുൻ‌ഷിമാർ ബഷീറിന്റെ അനിയൻ അബ്ദുൾഖാദറിനേക്കാളും വ്യാകരണപടുക്കളായിരുന്നു.അലങ്കാരസ‌മൃദ്ധമായ ഭാഷാശിൽ‌പ്പം സ്വായത്തം.അതിലൊരു മഹാൻ സ്കൂളിന്റെ ഹെഡ്‌മാസ്റ്റർ പദവിയിൽ വിരാജിക്കുന്ന കാലം.ഏഴാം ക്ലാസുകാരനായ ചാത്തു ആവശ്യമായ പുസ്തകമോ,പേനയോ ഇല്ലാതെയാണു സ്ഥിരമായി ക്ലാസിലെത്തുന്നത് എന്ന പരാതി മുൻഷി മാഷുടെ ചെവിയിലെത്തി.അച്ഛനെ വിളിച്ചു മുഖം കാണിക്കാൻ ഹെഡ്‌മാസ്റ്റർ ഉത്തരവായി.പിറ്റേന്ന് ചാത്തൂസ് ഫാദർ,ദ ഗ്രെറ്റ് കണ്ടൻ‌കോരൻ ഹാജർ.തെങ്ങുകയറ്റമാണു കുലത്തൊഴിൽ.വിദ്യാഭ്യാസമെന്ന ദുശ്ശീലം ഒരിക്കലുമുണ്ടായിട്ടില്ല.മുൻഷി മാഷിനോടുള്ള ബഹുമാനം കൊണ്ടു നിലത്തു മുട്ടുന്ന കുനിവോടെ,“എന്താവോ മാഷ് വിളിപ്പിച്ചത്”എന്നു കണ്ടൻ‌കോരൻ ചോദിച്ചു.മാഷ് തികഞ്ഞ വ്യാകരണശുദ്ധിയോടെ,വിഷയം അച്ഛനെ അറിയിച്ചു.ഏതാണ്ട് ഈ വിധം:

“ഹേ പിതാവേ,താങ്കളുടെ സന്താനലതിക ഈ വിദ്യാലയവാടിയിൽ ക്രമപ്രവൃദ്ധമായി ആരോഹണം ചെയ്യണമെങ്കിൽ അതിനനിവാര്യമായ പാഠ്യസാമിഗ്രികൾ കരചരാണാദ്യവയവങ്ങളിൽ ഉണ്ടായിരിക്കണമെന്ന പരമാർത്ഥം ഈ പ്രധാനാധ്യാപകമുഖം നിങ്ങളെ ഗ്രഹിപ്പിച്ചുകൊള്ളട്ടെ.”

കണ്ടൻ‌കോരന് ആകെ ഒരു പൊക.‌“ആരോഹണം”എന്നൊക്കെ കേട്ടപ്പോൾ മാഷ് തെങ്ങിൽ കയറുന്ന കാര്യം ആണു പറയുന്നത് എന്നുറപ്പായി.സംശയലേശമന്യേ മറുപടി കൊടുത്തു:

“അവനേങ്ങനെ ഞാങ്കൊണ്ടൂവ്വ്വാറൊന്നും ഇല്ല,മാഷേ.പിന്നെ വീട്ടില് കെട്ട്യോള് എടയ്ക്ക് പറയുമ്പൊ തെങ്ങ്മ്മ്‌ക്കേറി രണ്ടു തേങ്ങയിട്ട്ട്ടുണ്ടാവും.അദ്‌പ്പൊ ത്ര വല്യ പ്രശ്നാക്കണോ?”

“എനിയ്ക്കു പിടികിട്ടീല,മാഷേ”എന്നു പറയണമെങ്കിൽ,“പിടികിട്ടീല”എന്നു മനസ്സിലാവണമല്ലോ.ചരിത്രത്തിന്റെ നേർലോകത്തു നിൽക്കുന്ന കണ്ടൻ‌കോരനും വക്രീകരിച്ച പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന മുൻഷിമാഷിനും തമ്മിലുള്ള ദൂരം നമ്മൾ പിന്നെയും ഒരുപാടുതവണ അനുഭവിച്ചു.‌“മാതാവേ,ശുദ്ധജലം തന്നാലും”എന്നു പറഞ്ഞ അബ്‌ദുൾഖാദറിനിട്ട് ബഷീറിന്റെ ഉമ്മ ചിരട്ടക്കയ്യിലുകൊണ്ട് അടിച്ച അടി പോലെ പാഴായിപ്പോയ അടി വേറെയില്ല.ബഷീറിന്റെ ഉമ്മയുടെ തലമുറയ്ക്കു ശേഷം വന്ന കുട്ടികളുടെ കയ്യിൽ അതിലും വലിയ വ്യാകരണപുസ്തകങ്ങളുണ്ടായിരുന്നു.

കണ്ടൻ‌കോരന്റെയും മുൻഷിമാഷിന്റേയും വ്യക്തിജീവിതവും സംസ്കാരവും വെവ്വേറെ ഭാഷ്യങ്ങളാണ്.ജീവിതത്തിലൂടെ,സംസ്കാരത്തിലൂടെ വികസിക്കുന്ന ആഖ്യാനങ്ങളെ ഉൾക്കൊള്ളുവാനും മനനം ചെയ്യുവാനും പങ്കുവെക്കാനും സമൂഹം നിർമ്മിച്ച ചിഹ്നമണ്ഡലങ്ങളാണ് ഭാഷകൾ.വ്യത്യാസങ്ങൾ മുദ്രണം ചെയ്യപ്പെടുമ്പോഴാണ് ഭാഷാവ്യവസ്ഥകൾ നിലവിൽ വരുന്നത് എന്നു സൊസ്യൂർ.വസ്തുപ്രപഞ്ചവുമായുള്ള ഇടപെടലുകളിലും ഈ വ്യത്യാസങ്ങളുടെ മുദ്രണം ഒരു അനുവാര്യതയാണ്.മുൻഷി മാഷുടെ കസവുകരയുള്ള മുണ്ടിലും കയ്യിലെ ചൂരലിലും കണ്ടൻ‌കോരന്റെ മുഷിഞ്ഞ മുണ്ടിലും വാഴനാരുപിരിച്ച തളപ്പിലും വ്യത്യാസം തിരിച്ചറിഞ്ഞാണ് നാം ജീവിച്ചത്.ഇത് മൂർത്തപ്രപഞ്ചത്തിൽ നാം വികസിപ്പിച്ചെടുത്ത ഒരു ചിഹ്നവ്യവസ്ഥയത്രേ.ആ ചിഹ്നവ്യവസ്ഥയുടെ പരിണാമഘട്ടങ്ങളിലോരോന്നിലും അതിനേക്കുറിച്ചു ചിന്തിക്കുവാൻ,സംവാദത്തിലേർപ്പെടാൻ,കൂടുതൽ നിയന്ത്രിക്കുവാൻ-നാം ആവിഷ്കരിച്ച അമൂർത്തമായ ചിഹ്നവ്യവസ്ഥയാണ് ഭാഷ.ഭാഷയുടെ പരിണാമഘട്ടത്തിൽ,പോകെപ്പോകെ ഈ അമൂർത്തതലം മുർത്തതലത്തിൽ നിന്നും സ്വതന്ത്രമായി വളരുന്നു.പാട്ടിന്റെ നിറവും നിലാവിന്റെ മണവും ‘ജലഗിഥാറിന്റെ ലൈലാകഗാനവും”ഭാഷയിലൂടെത്തന്നെയാണ് നാം ഉൾക്കൊള്ളുന്നത്.അങ്ങനെ ഭാഷ അതിന്റേതായ യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുന്നു;ആ പ്രക്രിയയിലൂടെ സാഹിത്യം സംഭവിക്കുന്നു.ജീവിതത്തിന് അർത്ഥവും ലക്ഷ്യവും ഉണ്ടെന്നു വരുത്തിത്തീർക്കാൻ വീടുവെച്ചും വേലികെട്ടിയും വിവാഹം കഴിച്ചും കുട്ടികളുണ്ടാക്കിയും അവസ്ഥയെ ആഖ്യാനവത്കരിക്കുന്ന മനുഷ്യൻ സാഹിത്യത്തിലും അതേ നമ്പറാണോ പയറ്റുന്നത്?

എന്തായാലും കണ്ടൻ‌കോരന്റെ ബോധമണ്ഡലത്തേക്കാൾ ഏറെ ദൂരെയല്ലല്ലോ “അഗ്നിമീളേ പുരോഹിതം”എന്ന് ഓതിക്കൻ ചൊല്ലിത്തന്നത് കേട്ട് കൂട്ടുകാരോടൊപ്പം ചേരുമ്പോൾ “അടുപ്പുമീതേ പുളിങ്കറി”എന്നു പാരഡി നിർമ്മിക്കുന്ന വി.ടി.ഭട്ടതിരിപ്പാട് എന്ന കുട്ടിയുടെ ബോധവും.(രണ്ടും ഞങ്ങൾക്കൊരുപോലെയായിരുന്നു എന്നു വി.ടി)ഇവിടെ നിന്നാണ് ബഷീർ തനിയ്ക്ക് പലപണികൾ അറിയാം;മുടിമുറിയ്ക്കാൻ,അരി വെക്കാൻ,ചായ അടിക്കാൻ,ലോട്ടറിവിൽക്കാൻ-അതുപോലെ വാക്കുകൾ കൂട്ടിവെച്ച് കഥയുണ്ടാക്കാനും എന്നു പറഞ്ഞത്.ഭാഷയുടെ ലാവണ്യനിയമങ്ങളെ അനുസരിക്കാത്ത ഒരു പടപ്പ്.ലാവണ്യങ്ങളും അഭിരുചികളും അഭിരുചികളുടെ വ്യവസ്ഥകളും വാസ്തവത്തിൽ നമ്മുടെ ജീവിതത്തിൽ നിന്ന് ഉൽഭവിക്കുന്നതാണെന്ന വളരെ സരളമായ ബോധ്യം ഉണ്ടാക്കിയെടുത്തു എന്നതാണ് നമ്മുടെ ഭാഷയിലും ചിന്തയിലും ബഷീർ ചെയ്ത,
ചിലർക്കു തീരെ മനസ്സിലാവാത്ത കാര്യം.സാഹിത്യത്തെ സാമാന്യമായി കാണുകയും സാഹിത്യം അസാമാന്യമാണെന്നു തെളിയിക്കുകയും ചെയ്യുന്ന ഒരു ദുഷ്കരകൃത്യം.

ചെറുപ്പകാലത്ത് ഇന്ത്യ മുഴുവൻ അലഞ്ഞു നടക്കുന്നതിനിടയിൽ,മദിരാശിപ്പട്ടണത്തിൽ മഷി മായ്ക്കുന്ന ഒരു ദ്രാവകം ഉണ്ടാക്കി വിറ്റതായി ബഷീർ പറഞ്ഞിട്ടുണ്ട്.എഴുത്തുപണിയേയും ബഷീർ അതിന്റെ ബാക്കിയായാണു കണ്ടത് എന്നു തോന്നുന്നു.സമ്പ്രദായവാഗ്പ്രപഞ്ചത്തെ അദ്ദേഹം നിരന്തരം മായ്ച്ചുകൊണ്ടിരുന്നു.കണ്ടൻ‌കോരനു മനസ്സിലാവുന്നതാണു പ്രേമം എന്നറിയാവുന്നതുകൊണ്ടാണ് പ്രേമത്തെക്കുറിച്ചുമാത്രം വാതോരാതെ എഴുതിയത്.താമരയില കൊണ്ടു മറഞ്ഞാൽ വിരഹാകുലയാവുന്ന ചക്രവാകപ്പിടയുടെ വ്യഥകളെ മഷിമായ്പ്പുദ്രാവകം കൊണ്ടു മായ്ച്ച്,ആരും കാണാതെ പുട്ടിന്റെ ഉള്ളിൽ തിരുകിവെച്ച പുഴുങ്ങിയമുട്ട കാമുകൻ തിന്നുമോ എന്ന വ്യഥ കാർന്നു തിന്നുന്ന കാമുകിയെ എഴുതിച്ചേർക്കാനായത്,ഇത്തരം ബാധകളൊന്നും ബഷീറിനെ അലട്ടാത്തതു കൊണ്ടാണ്. ഒരു ഭർത്താവിന്റെ ഹൃദയത്തിലേക്കുള്ള മാർഗം അയാളുടെ വായിൽ‌ക്കൂടിയാണ് എന്ന ഇംഗ്ലീഷ് ചൊല്ലൊന്നും ബഷീറിനറിയേണ്ട കാര്യമില്ല.അതുകൊണ്ട് സ്നേഹിക്കാൻ ആയിരം ശൈലി ഉണ്ടായിത്തീരുന്നു.അഭിരുചികളുടെ ആയിരം ഭാഷ്യങ്ങൾ.ഇതാണ് ലോകാഭിരാമമായ സ്ഥിതി എന്ന തിരിച്ചറിവ് നഷ്ടമാകുമ്പോൾ നാം ആ പഴയ മുൻഷിയിലേക്കു തിരിച്ചുനടക്കുന്നു.



സമീർ ഒരു മേഘമാണ്

ഹൃദയത്തിലേയ്ക്കു കനൽ‌ത്തരികൾ വീഴുന്ന എന്തെങ്കിലും വായിച്ചാൽ,നെഞ്ചിനുള്ളിൽ വന്ന് ഞാനറിയാതെ ഒരു ആളിക്കത്തൽ വന്ന് എന്റെ തൊണ്ടയിൽ കയറിപ്പിടിയ്ക്കുക എന്നത് എനിക്കു ചെറുപ്പത്തിലേ ഉള്ള രോഗമാണ്.ബാല്യകാലസഖിയിൽ മജീദിനു ഒരു കുരു വരുന്ന രംഗമുണ്ടല്ലോ,അവിടെ ചുംബിച്ചാണ് സുഹ്‌റയുമായുള്ള ആദ്യ പ്രണയരംഗം.അതുവായിച്ച അന്നത്തെ ഉടലനുഭവം ഞാൻ ഒരിക്കലും മറക്കില്ല.എനിയ്ക്കു സത്യമായും ശ്വാസം കിട്ടാതായിപ്പോയി.സമാനമായ ഒരു പുകഞ്ഞുകയറ്റമാണ് അനിതാകൊക്കോട്ടിന്റെ ഈ കവിത വായിച്ചപ്പോഴും ഉണ്ടായത്.‌‌“തീപിടിച്ച ഗ്രന്ഥപ്പുരകൾ ഓടിരക്ഷപ്പെടാൻ പോലും നിങ്ങളെ അനുവദിയ്ക്കില്ല”എന്നു എ.അയ്യപ്പൻ പറയുന്നത് സത്യമാണെന്നു ഞാനും ഒപ്പിടുന്നു.നൂറുശതമാ‍നം ആവാഹികളായ ഇത്തരം വാക്കുകൾക്കു മുന്നിൽ നിരായുധനാകുന്നതാണു ജീവിതം.ഉള്ളിലെ ഹവിർ‌ഭുക്കിൽ നിന്ന് ചൂടും വെളിച്ചവും പുരളാത്ത കരിക്കട്ടകൾ മാത്രം പെറുക്കിയെടുക്കാനുള്ളവരുടെ ജീവിതം.ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്തവയെ വരെ വലിച്ചുപുറത്തിട്ടുകളയുന്ന ചതുരംഗം.
ചതുരംഗം എന്ന വാക്ക് തനിയേ വന്നിരുന്നുവോ?സമീറിന്റെ ജീവൻ അതായിരുന്നു.ആത്മാവ് സംഗീതവും.ഒരു ചെസ്‌ബോർഡും വയലിനും ഉണ്ടെങ്കിൽ,ഞാൻ ചന്ദ്രനിലായാലും ബോറടിയ്ക്കില്ല എന്ന് അവന്റെ അഹങ്കാരം.സമീർ അഹങ്കാരിയാണ് എന്നത് ഒരു ന്യൂനോക്തിയാണ്.ഞങ്ങൾ അന്നെല്ലാം എന്നും ഒരു തവണയെങ്കിലും പറഞ്ഞിരുന്ന,“സമീറിനു വട്ടാണ്”എന്നതാവും കൂടുതൽ നല്ല നിരീക്ഷണം.സാമാന്യബുദ്ധിയുള്ള ഒരുവൻ,പെരുമഴയത്ത് ചെസ്‌ബോർഡുമായി കോളേജ്ഗ്രൌണ്ടിലിരുന്നു ചെസ് കളിയ്ക്കുമോ?‌‘ഏറ്റവും നന്നായി ചെസ് കളിയ്ക്കാനാവുക,മഴ കൊണ്ടിരിയ്ക്കുമ്പോഴാണ്”എന്ന മഹത്തായ കണ്ടു പിടുത്തം സമീറിന്റെയാണ്.അതിനായി,റക്സിൻ‌ഷീറ്റിൽ അവനുണ്ടാക്കിയ ചെസ്‌ബോർഡുമായി അവൻ പലവട്ടം അന്നു ഞങ്ങൾ റൂം‌മേ‌‌‌‌‌‌റ്റ്സിനോടു കെഞ്ചിയിട്ടുണ്ട്,“ഒന്നു വന്നു നോക്കിനെടാ,ഈ രസം അറിയാൻ”എന്ന്.ഒരു ദിവസം,അവനോടൊപ്പം മഴ കൊണ്ട് ചെസ്സ് കളിച്ചപ്പോഴാണ് എനിയ്ക്കു മറ്റൊന്നു മനസ്സിലായത്,ഈ സമയത്താണ് അവന്റെ ബുദ്ധിയുടെ കോപ്പറകൾ അവൻ തുറന്നുവെയ്ക്കുക.കാപാബ്ലാൻ‌കയുടെ കാലാളുകൾ വെച്ചുള്ള ഒരു പ്രതിരോധദുർഗത്തിന്റെ രഹസ്യം അവൻ തുറന്നുതന്നത് ഒരു പെരുമഴയത്താണ്.അന്നെനിയ്ക്കു ബോധ്യമായി,ഇത്തിരി മഴ കൊള്ളുന്നത് നല്ലതാണെന്ന്.
സമീർ മുൻ‌ജന്മത്തിൽ ഒരു ജലജീവിയായിരുന്നോ എന്ന സംശയം ഞങ്ങൾ പലവട്ടം തമ്മിൽ ചോദിച്ചു.രാവിലെ,കൊടും തണുപ്പത്തും കോളേജ് ഹോസ്റ്റലിനടുത്തുള്ള കുളത്തിൽ പോയി കുളിയ്ക്കുന്ന സമീർ.വെയിലും മഴയും ഒന്നിച്ചുകണ്ടാൽ കയ്യടിച്ചാർത്ത്,വയലിൻ തിരയുന്ന സമീർ.ഗീതാമാഡത്തിനോട് “ഈ ക്ലാസിന്റെ മുകളിലെ ഓടൊക്കെ ഒന്നെടുത്തുമാറ്റിക്കോട്ടെ ടീച്ചർ,ഞങ്ങൾ കുട്ടികൾ ആകാശം കണ്ടു പഠിയ്ക്കട്ടെ”എന്നു പറയുന്ന സമീർ.‌“അവസാനത്തെ യുദ്ധം ജലത്തിനുവേണ്ടിയാവും”എന്നുവായിച്ച്,“ഞാനിപ്പോഴും ജലത്തിനോട് യുദ്ധം ചെയ്യുകയല്ലേ”എന്നു ചിരിയ്ക്കുന്ന സമീർ-അങ്ങനെ എത്ര ചിത്രങ്ങൾ.മേഘങ്ങളും മഴയും തണുപ്പും ഇല്ലാതെ കവിതയെഴുതിയാൽ നിന്റെ കൈ വെട്ടിക്കളയും എന്ന് ഒരു ദിവസം രാത്രി രണ്ടു മണിയ്ക്ക് ഉറക്കത്തിൽ നിന്ന് വിളിച്ചെണീപ്പിച്ച് അവൻ എന്നെ ഭീഷണിപ്പെടുത്തി.‌“മയിൽ”എന്ന അവന്റെ ഇരട്ടപ്പേര് അവൻ വല്ലാതെ ആസ്വദിച്ചിരുന്നെന്നു തോന്നുന്നു.
വയലിനിൽ അവൻ തീർത്ത വിസ്മയലോകങ്ങളിലും എന്നും ജലസ്പർശമുണ്ടായിരുന്നു.“മേഘമൽ‌ഹാർ എന്ന രാഗം അതുകേൾക്കാത്ത കാൽ‌പ്പനികവാദികൾ പൊക്കിനടക്കുന്ന ഒരു എടുപ്പുകുതിരയാണ്”എന്നു പറഞ്ഞതിന് ഞങ്ങൾക്കൊപ്പമുള്ള ഒരു സഹമുറിയനെ അവൻ പൊതിരെ തല്ലി.വയലിനിൽ അവൻ നിരന്തരം വായിച്ചിരുന്ന ഭ്രാന്തൻ പ്ലാനുകൾക്ക് മേഘങ്ങളുടെ ശ്രുതിയായിരുന്നു.ഇടയ്ക്ക് അവ ഉച്ചസ്ഥായിയിലേക്ക് പടരും.പിന്നെ,താഴേയ്ക്കു നിപതിക്കും.“ഒരു മേഘത്തെ പിഴിഞ്ഞെടുത്തതാണ് സമീറിന്റെ സംഗീതം” എന്നു പ്രസംഗിച്ചതിനാണ് അവനെന്നെ കെട്ടിപ്പിടിച്ചുമ്മവെച്ചത്.പ്രശംസകൾ കേട്ടു മുഖം തുടുക്കുന്ന മറ്റൊരു മേഘം.ഒരിയ്ക്കൽ കോളേജിനെ പ്രതിനിധീകരിച്ച് കലോത്സവത്തിൽ പങ്കെടുക്കാൻ ഞാൻ പറഞ്ഞപ്പോൾ അവൻ എന്നെ വിളിച്ച തെറി പോലെ ഒന്ന്,അവന്റെ നാവിൽ നിന്ന് മറ്റൊരിക്കലും കേട്ടിട്ടില്ല.
അവന്റെ വീടിനെ അവൻ തന്നെ ‘ചെകുത്താൻ കയറിയ വീട്’എന്നാണു വിശേഷിപ്പിച്ചത്.നിരന്തരം വഴക്കിടുന്ന അച്ഛനമ്മമാരുടെ കാര്യമൊന്നും അവനൊരിക്കലും പറഞ്ഞുവിഷമിച്ചുകാണില്ല,ആരോടും.ഞങ്ങളുടെ പലരുടേയും അച്ഛനേയും അമ്മയേയും അവൻ അച്ഛനമ്മമാരായി അന്നു സ്വീകരിച്ചു.ഒരു കാർമുകിലിന്റെ നിറം മുഴുവൻ ഉടൽ പൂണ്ട ഒരു പെ‌ൺകുട്ടിയും അവനുമായി പ്രണയം പോലെ എന്തോ ഒന്ന് ഉണ്ടായിരുന്നു;അതും എന്തോ മഹാരഹസ്യം പോലെ അവൻ സൂക്ഷിച്ചുവെച്ചു.
കോളേജ് വിട്ട ശേഷം അറിയുന്നത്,അവന്റെ അച്ഛനുമമ്മയും തമ്മിൽ പിരിഞ്ഞെന്നും,പിന്നെ അവൻ ബോംബെയിൽ എവിടെയോ ഒരു ബാൻഡിൽ ചേർന്നു എന്നും ആണ്. “ഒരു ശ്രുതിയിൽ വയലിൻ വായിക്കാൻ അവൻ ഇപ്പോഴെങ്കിലും ശീലിക്കട്ടെ”എന്നു ചിരിച്ചുകൊണ്ട് ഒരു ദുഹൃത്ത് പറഞ്ഞു.ഒരഡ്രസിലും കിട്ടാത്ത,ഒരു ഫോൺ‌തുമ്പത്തും അറ്റന്റ് ആവാത്ത,അവനെ പലവട്ടം ശപിച്ചിട്ടുണ്ട്,അന്ന്.
പിന്നെ ഞാൻ അവനെ കാണുന്നത് തികച്ചും യാദൃശ്ചികമായാണ്.ഒരു അവധിക്കാലത്ത് മുംബൈയിൽ എത്തിയപ്പോൾ,പഴയ ചങ്ങാതി ഹാരിസിനേയും കൂട്ടി,മസ്ജിദിലെ ബസാറുകളിൽ അലഞ്ഞുനടക്കുമ്പോൾ ഹാരിസ് പറയുന്നു:“നിനക്ക് നമ്മുടെ പഴയ സമീറിനെ കാണണോ?”
കൊടുംതിരക്കിന്റെ ഇടയിലൂടെ,അവൻ എന്നെ ഒരു ചെരിപ്പുകടയിലേക്കു നയിച്ചു.അവിടെ,ഏതോ മറാത്തിപ്പെണ്ണുകളുടെ കാലളവുകൾക്കു പറ്റിയ ചെരിപ്പും നോക്കി വിൽക്കുന്ന സമീറിനെ കണ്ടു.അന്യഗ്രഹത്തിൽ വന്നുവീണ പോലെ അമ്പരന്ന എന്നോട്,പഴയ അതേ തോൾക്കൈയ്യോടെ,“ഞാൻ രാത്രി നിന്റെ റൂമിലേക്കു വരാമെഡേയ്”എന്ന് അവൻ പറഞ്ഞു.
അന്നുരാത്രി അവൻ റൂമിൽ വന്ന് കുറേ കരഞ്ഞു.‌റൂമിൽ നിന്നു പാതിരായ്ക്ക് ഇറങ്ങുമ്പോൾ അവൻ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു:
“എടാ,എന്റെ അമ്മ ഒരു ചെകുത്താനല്ല,മാലാഖയായിരുന്നു.അവരെ എനിക്കൊന്നു വിളിച്ച് പൊട്ടിക്കരയണം”
അത് അവൻ എന്നോടു പറഞ്ഞ നിമിഷം മാലാഖമാർ പോലും അസൂയപ്പെട്ടിരിക്കണം.
അവൻ അമ്മയെ വിളിച്ചുവോ?
വർഷങ്ങൾക്കു ശേഷം,രണ്ടായിരത്തി ഏഴിലെ ഒരു പ്രഭാതത്തിൽ എനിക്കു ഹാരിസിന്റെ ഒരു കോൾ:
“ഡാ,ഒരു ദുഃഖവാർത്തയുണ്ട്.നമ്മുടെ സമീർ പോയി.ഇന്നലെ വൈകീട്ട് കടൽത്തീരത്തു നിന്ന് അവന്റെ ബോഡി കിട്ടി.വിഷം കഴിച്ചിട്ടുണ്ട്.പോസ്റ്റുമോർട്ടം കഴിഞ്ഞ് ഇന്നുച്ചക്ക് അവിടെ എത്തും”
ഞാൻ അവന്റെ ശരീരത്തിലേക്ക് ഒന്നേ നോക്കിയുള്ളൂ.ആ ഭീഷണമായ മുഖം രണ്ടാമതു നോക്കാനായില്ല.
അനിതാകൊക്കോട്ടിന് ഞാനൊരിക്കലും മാപ്പുകൊടുക്കുകയില്ല:)