Pages

തലച്ചോറുകൾ പാടുന്ന കാലം

കൊച്ചുകുട്ടികളേയും കൊണ്ട് ഒരുത്സവത്തിനോ,കാർണിവലിനോ പോവുക എന്നതു വലിയ പാടാണ്.കുഞ്ഞ് അതിനിഷ്ടമുള്ളിടത്തേക്കാണ് പോവുക.നമ്മളാണെങ്കിൽ നമ്മുടെ വണ്ടി പാർക്ക് ചെയ്തിടത്തേക്കും.ഇതു കുട്ടിയും നമ്മളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമാണ്.കുട്ടി ലോകം കാണാനുള്ളതാണ് എന്നു വിശ്വസിക്കുന്ന ഒരു വിഡ്ഡിയാണ്.നമുക്കു ലോകം എന്നത് നമ്മുടെ വണ്ടി പാർക്ക് ചെയ്തിടത്തുനിന്ന് പുറത്തേക്കു പോകുന്ന നിശ്ചിതസ്ഥാനങ്ങളാണ്.പാന്ഥർ പെരുവഴിയമ്പലത്തെപ്പറ്റി അറിവുള്ള ജ്ഞാനികളാണ് നമ്മൾ.ഇതിലേതാണ് ജ്ഞാനമെന്ന് എനിക്കിപ്പൊഴും അറിഞ്ഞുകൂടാ.പക്ഷേ മുതിർന്നവർക്ക് തടിമിടുക്കു കൂടുതലുള്ളതുകൊണ്ട് അവർ കുട്ടികളെ അടിച്ചും,കുത്തിയും,കരയിപ്പിച്ചും മോഹനവാഗ്ദാനങ്ങളിൽ മയക്കിയും അനുസരിപ്പിച്ചുകൊണ്ടിരിക്കുന്നു.വണ്ടി പാർക്ക് ചെയ്തിടത്തേക്ക് കുട്ടിയേയും എത്തിക്കുന്നു.

കുട്ടിക്കാലത്തെ ഏറ്റവും വലിയ സംഗീതം കാറ്റും മഴയും ചേർന്നു നിർമ്മിക്കുന്ന ഒരു സിംഫണിയായിരുന്നു.മുറ്റത്തെ മാവിൽ പടരുന്ന കാറ്റിന്റെ ഭാവം കണ്ടാലറിയാം,മഴ എത്രയടുത്തെത്തി എന്ന്.ഓട്ടിൻ പുറത്തു നിന്ന് നാലിറയത്തെക്ക് കാറ്റും മഴയും കലർന്നു പെയ്തിറങ്ങാൻ വേണ്ട സമയം എന്റെ കാലുകൾക്ക് നല്ല നിശ്ചയമായിരുന്നു.ഓടിൽ വീണ ആദ്യമഴത്തുള്ളികളുടെ തിമിലവറവു തീരും മുൻപ് നാലിറയത്തിനടുത്ത് ഓടിയെത്തണം.അവിടെ വീണു ചിതറുന്ന മഴയുടെ ചിലമ്പൽ കേൾക്കാം.പക്ഷേ,അതു മുഴുവൻ കേൾക്കാൻ മുതിർന്നവർ പലപ്പോഴും സമ്മതിക്കില്ല,“കുട്ടാ,കാറ്റും മഴയും ഒന്നിച്ചിട്ടാ,ചാറ്റലുകൊള്ളാണ്ടെ അകത്തെക്ക് പോരൂ…”

മുതിർന്നവരിഷ്ടപ്പെടുന്ന സ്ഥലത്ത്,വീക്ഷണകോണിൽ,ജ്ഞാനപൂർവ്വം സംഗീതം കേൾക്കാൻ വിധിക്കപ്പെട്ടവരാണു കുട്ടികൾ.അങ്ങനെ നാം പല മർദ്ദനമുറകൾ ഉപയോഗിച്ച് കുട്ടിയെ വീട്ടിനകത്തെക്കു കയറ്റുകയും,പെട്ടെന്നു വാതിലടക്കുകയും അവനെ പെട്ടെന്ന് ആനപ്പന്തിയിൽ എത്തിക്കുകയും ചെയ്യുന്നു.ആനപ്പന്തിയിലെ അദ്ധ്യാപകരെല്ലാം കൂടി അവനെ ചട്ടം പഠിപ്പിച്ച് മൂന്നു വയസ്സാവുമ്പോൾ അവനെ അടുത്ത സർക്കസ് ക്യാമ്പിലേക്കു കൊണ്ടു പോകുന്നു.അങ്ങനെ നമ്മുടെ കുട്ടികൾ വൈകുന്നേരങ്ങളിൽ കൃത്യമായി ശാസ്ത്രീയസംഗീതവും പഠിക്കുന്നു.അങ്ങനെ നാം അവനെ വർഷങ്ങളോളം ജീവിതം എന്ന രോഗത്തിനു ചികിത്സിക്കുന്നു.

അങ്ങനെ പരുവപ്പെട്ട മൃതമനസ്സിനും സഞ്ജീവനിയായി മാറുന്നതു കൊണ്ടാണ് നാം സംഗീതത്തെ കലകളുടെ രാജാവാണെന്നു പറഞ്ഞുവന്നത്.‌“പശുർ‌വേത്തി ശിശുർവേത്തി വേത്തി ഗാനരസം ഫണീ”(മൃഗവും ശിശുവും സർപ്പവും സംഗീതരസമറിയുന്നു)എന്നാൽ അർത്ഥം,എല്ലാ ഭൂമിയുടെ അവകാശികൾക്കുമൊപ്പം ‘ശിശു’വും സംഗീതമറിയുന്നു എന്നു കൂടിയാണ്.ശൈശവാന്ത്യമെന്നാൽ ഭാവുകത്വത്തിന്റെയും അന്ത്യമാണ്,മരണം വരെയും നമുക്കു മുന്നിലങ്ങനെ ശൈശവാവകാശം വെല്ലുവിളിയാകുന്നു.

ഇപ്പോഴിതെല്ലാം പറയുന്നതെന്തുകൊണ്ടെന്നാൽ,ധൈഷണികതയുടെ അതിഭാരവുമായി ഭാരതീയസംഗീതത്തിലാകമാനം ഒരു അധിനിവേശം നടക്കുന്ന ചിത്രം മുന്നിൽ തെളിയുന്നുവോ എന്ന സംശയം തോന്നുന്നു.അതിനനുകൂലമായ ജനമനസ്സിന്റെ നിർമ്മിതിക്കായി സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.
കാവേരി ചമച്ച മധുരാന്നങ്ങൾ
--------------------------------
കാവേരീതീരത്തുനിന്നു വന്ന ശാസ്ത്രീയസംഗീതം-അഥവാ,മൈസൂർ ശൈലി എന്നു വിളിച്ച കർണ്ണാടകമാർഗത്തിന്റെ പ്രധാനസവിശേഷത തന്നെ,അതിന്റെ ഹൃദയാവർജ്ജകത്വമായിരുന്നു.ഭാവോന്മീലനത്തിന്റെ ഉപാധികളായി ഓരോ സങ്കേതത്തിനും നൽകുന്ന അളവുകളെപ്പറ്റി കലാപരമായ ഗ്രാഹ്യം.

കൃതിയുടെ ശരീരാംഗങ്ങളായേ നിങ്ങൾക്കവിടെ ഓരോ സങ്കേതങ്ങളേയും കാണാനാവൂ.രാഗവിസ്താരമാകട്ടെ,നിരവലാകട്ടെ,സ്വരപ്രസ്താരമാകട്ടെ-എല്ലാം കൃതിയുടെ ഭാ‍വത്തോട് ആഴത്തിൽ സമന്വയിക്കുന്നു.ഹിന്ദോളത്തിന്റെ രാഗവിസ്താരം കേട്ടാലറിയാം,വരാൻ പോകുന്ന കീർത്തനം “സാമജവരഗമന”യാണോ “നീരജാക്ഷി കാമാക്ഷി”യാണോ എന്ന്.കൃതിയുടെ ഭാവപരിസരത്തോടുള്ള ഈ സമ്പൂർണ്ണമായ നീതിയാണ് സംഗീതത്തിന്റെ ജീവൻ എന്ന മൈസൂർ ശൈലിയുടെ ദർശനത്തിന്റെ സാഫല്യമാണ് മൈസൂർ വരദാചാരിയിലും ആ‍ർ.കെ.ശ്രീകണ്ഠനിലും ആർ.കെ.നാരായണസ്വാമിയിലും രുദ്രപട്ടണം സഹോദരന്മാരിലുമെല്ലാം നാം അനുഭവിച്ചത്.ജി.എൻ.ബി യുടെ ശിഷ്യനായ ബാലമുരളീകൃഷ്ണ എന്ന ഏകരജതരേഖയിൽ,ആ ചരിത്രത്തിന്റെ കനകകാന്തി അസ്തമിക്കുന്നുവോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.

തമിഴ്നാട് സംഗീതം കർണ്ണാടകസംഗീതത്തിൽ നടത്തിയ അശ്വമേധം,ഏതാണ്ടു പൂർണ്ണമായ ചിത്രമാണു തെളിയുന്നത്.ഗണിതം, സംഗീതം എന്നിവയിലെ അറിവധികാരങ്ങൾ ചേർത്തു സൃഷ്ടിക്കപ്പെട്ട വരേണ്യത,മറ്റെല്ലാ ശൈലീസുഷമകളേയും വിഴുങ്ങുന്ന തക്ഷകസ്വരൂപമായി മാറിയിരിക്കുന്നു.ഒരു ഗണിതപരിചരണമാണു സംഗീതവും എന്ന തമിഴ്‌ബ്രാഹ്‌മണന്റെ മിടുക്കിനു മുന്നിലാണ് എന്റെ തലമുറ കണ്ണുതള്ളിയിരുന്നത്.ടി.എൻ.ശേഷഗോപാലിന്റെ ഐന്ദ്രജാലികാനുഭവങ്ങൾ കൊണ്ട് കണ്ണുമൂടപ്പെട്ട തലമുറ.തമിഴകത്തിൽ നിന്നു ശൈമ്മാങ്കുടി വരെ പരിണമിച്ച ഗേയാനുഭവങ്ങളുടെ ഈ പൊളിച്ചെഴുത്ത്,തുടർന്നുള്ള ഒട്ടുമിക്ക ഗായകരേയും ശേഷഗോപാലിന്റെ അനുഗായകരോ,പ്രതിഗായകരോ ആക്കി മാറ്റിയിട്ടുണ്ട്.രണ്ടായാലും ഫലം ഒന്നു തന്നെ-നാസികാഭൂഷണിയും നിരോഷ്ഠയും പോലെ ആപൂർവ്വ രാഗങ്ങളും ഇടിമിന്നൽത്തിളക്കമുള്ള സംഗതികളും പാടുന്ന നിങ്ങളുടെ തൊണ്ടയ്ക്ക് കൂടുതൽ വില വിപണി ഉറപ്പുവരുത്തുന്നു-അതിലപ്പുറം ഒരു ഭാവപരിചരണവും കർണ്ണാടകസംഗീതവിപണി നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നില്ല.അന്യവൽകൃതമായ രാഗാലാപനങ്ങൾ,“അലർശരപരിതാപം”പോലൊരു നിലവിളിപ്പദത്തിനിടയ്ക്കു മോഹിനിയാട്ട നർത്തകി ചിരിച്ചുപുരികമിളക്കി ചെയ്യുന്ന പോലെ,കൃതിയിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട നിരവൽ,സ്വരം-അത്രയേ ആവശ്യമുള്ളു.ഈ അധികാരവ്യവസ്ഥയുടെ ഏറ്റവും ഉപരിതലത്തിലുള്ള ആസ്വാദകസമൂഹമാണ് ടി.എം.കൃഷ്ണയെ സമകാലീനകർണ്ണാടകസംഗീതലോകത്തിന്റെ അമരത്തു പ്രതിഷ്ഠിക്കുന്നത്.
ജ്ഞാനനാട്യത്തിന്റെ പുതിയ ഭാഷ്യങ്ങൾ
-------------------------------------------

Barthes പറഞ്ഞതു പോലെ,നാം സോപ്പുപൊടികളുടെ പരസ്യത്തിൽ വീണ ഒരു സാംസ്കാരികപ്രശ്നമാണ്.മഹാശൂന്യതയെ,സോപ്പുകുമിളകളെ പ്രശംസിച്ചു വിൽക്കാനുള്ള ഒരു മാർഗമാണ് സോപ്പുപൊടികളുടെ പരസ്യം.സോപ്പുപത ഒരു മൌലികബോധ-സാംസ്കാരികപ്രശ്നമാണ് .നാം സർഫിന്റെ പതയെപ്പറ്റി പറയുന്നു.‘പതയുക’എന്നുള്ളത്,അതായത് ശൂന്യമായ ഒരു വലിപ്പം കാണിച്ചിട്ട് ഈ വലിപ്പം ഒരത്ഭുതമാണ് എന്നു നമ്മെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് വാസ്തവത്തിൽ നുരയുന്ന പരസ്യത്തിൽ അടങ്ങിയിരിക്കുന്നത്.പതഞ്ഞുപൊങ്ങുന്ന ധൈഷണികശൂന്യതകൾ കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടി വിതറുന്നവരാണ് നമ്മുടെ യുവസംഗീതസംവിധായകപ്രതിഭകൾ.

അറിവുകളുടെ അതിവൽക്കരണം കൊണ്ടു ചലച്ചിത്രഗാനശാഖ ആക്രമിക്കപ്പെടാൻ തുടങ്ങിയിട്ടു കാലം കുറച്ചായി.റിയാലിറ്റി ഷോ പോലുള്ള സാംസ്കാരിക അശ്ലീലങ്ങൾ അതിന് ആക്കം കൂട്ടുകയും ചെയ്തു.മുൻപു പറഞ്ഞ,ബാലമുരളീകൃഷ്ണയുടെ ശിഷ്യനായ ശരത് അതിനു ചുക്കാൻ പിടിച്ചത് വർത്തമാനകാലസംഗീതം കണ്ട വിരോധാഭാസങ്ങളിലൊന്നാണ്.ബാലമുരളികൃഷ്ണയുടെ പരിഹാസ്യമായ അനുകൃതിയായി ക്ലാസിക്കൽ സംഗീതവേദികളിൽ കണ്ട ശരത്തിന്റെ മുഖം,ഒരു റിയാലിറ്റി ഷോയോടു കൂടി സംഗീതവിജ്ഞാനത്തിന്റെ ചിഹ്നമായി.ചെയ്ത പാട്ടുകളാകമാനം ജ്ഞാനപ്രദർശനം കൊണ്ടു സങ്കീർണ്ണമാക്കിയ ശരത്തിനു ലഭിക്കാ‍വുന്ന ഏറ്റവും മികച്ച പട്ടും വളയും.ഫ്ലാറ്റിനു വേണ്ടി തെണ്ടുന്ന ഗായകരുടെ നിര സൃഷ്ടിക്കപ്പെട്ടപ്പോൾ,മിക്ക സംഗീതജ്ഞർക്കും ലാവണങ്ങളായി.ഇപ്പോൾ അവിടെയിരുന്ന് അഹങ്കാരഗീർവ്വാണങ്ങൾ അടിക്കലാണ് കലാജീവിതം എന്നവർ ധരിച്ചുവെച്ചിരിക്കുന്നു.അടുത്തിടെ,അമൃത ചാനലിലെ സംഗീതറിയാലിറ്റിയിൽ,“ജഡ്ജസ് സോങ്ങ്” എന്ന പേരിൽ ഒരു റൌണ്ട് തന്നെ കണ്ടു.മറ്റെവിടെയും ആരും പാടില്ല എന്നുറപ്പുള്ള സ്വന്തം ഗാനങ്ങൾ കേട്ടു നിർവൃതിയടയാനുള്ള ഇത്തരം സംരംഭങ്ങൾ നല്ലതാണ്.
വിവേകാന്ദന്റെ പഴയൊരു അമേരിക്കൻ കഥ ഓർമ്മവരുന്നു:തന്റെ നാലാം തരം ഹോട്ടൽ മുറിയിൽ നിന്ന് വിവേകാനന്ദൻ പുറത്തേക്കിറങ്ങി പ്രസംഗിക്കാൻ പോകുമ്പോൾ ആ പഴയ അമേരിക്കൻ നിരത്തുവക്കിൽ ഒരു കച്ചവടക്കാരൻ ക്ലാസിക്കൽ ചിത്രങ്ങളുടെ റീപ്രിന്റ് വിൽക്കാൻ വെച്ചിട്ടുണ്ട്.വിവേകാന്ദൻ എന്നും അതിങ്ങനെ നോക്കിക്കൊണ്ട് നിൽക്കും.കുറേ നിന്നു കണ്ടപ്പോൾ ഈ മൊട്ടത്തലയൻ കാപ്പിരിയാണ്,കാവിവസ്ത്രമാണ്,പാവമാണ് എന്നു തോന്നിയിട്ടാകണം കച്ചവടക്കാരൻ ഒരു ചിത്രമെടുത്ത് കയ്യിൽ കൊടുത്തു.വിവേകാന്ദൻ അതു നിഷേധിച്ചു കൊണ്ടു പറഞ്ഞത് “അപ്പോൾ ഞാനതിന്റെ ഉടമയാകും,ആസ്വാദകനല്ലാതെയാകും”എന്നാണ്.ലോകത്തുള്ള എല്ലാ വസ്തുക്കളേയും-ദൈവങ്ങൾ,ഓംകാരം എന്നിങ്ങനെയുള്ള എല്ലാ സംബന്ധ-അസംബന്ധ വസ്തുക്കളേയും വ്യാപാരത്തിനുള്ള ഉപകരണമാക്കിത്തീർക്കുന്ന,മനുഷ്യന്റെ അനുഭവലോകത്തു നിന്ന് അവനെ പിന്തിരിപ്പിക്കുന്ന ധൈഷണിക കാപട്യങ്ങളിലേക്ക് നമ്മുടെ സംഗീതവും കൂപ്പുകുത്തുന്നു.

നീ പൊ‌യ്‌ക്കോളൂ...


ഒരു ജിറാഫിനെയും എന്നെയും ഒന്നിച്ചുകണ്ടാൽ ‘തലമാറട്ടെ’എന്നു പറഞ്ഞുനോക്കും,എങ്ങാനും ഒത്താലോ എന്നു നീ പത്തൊമ്പതാംതീയ്യതിയിലെ അവസാനകമന്റിൽ എന്നോടുപറഞ്ഞു.
ജിറാഫിനോടല്ലെടാ അതു പറയേണ്ടിയിരുന്നത്…

സാരമില്ലെടോ,താൻ പൊ‌യ്‌ക്കോളൂ.

ഇവിടെ നമുക്കു കാണാനായില്ല എന്നതു സാരമില്ല.

നമുക്കു കാണാം,ചങ്ങാതീ.

സംഗീതം ഒരു സമയകലയല്ല



ഓർമ്മകൾ സ്വയമേവ ഒരു ജീവിതമാണെന്നു തോന്നുന്നു.

ഓരോരുത്തരുടെയും ഹൃദയത്തിന്റെ സങ്കോചവികാസങ്ങളിൽ കാലത്തിന്റെ ഉത്തോലകങ്ങൾ തുടിയ്ക്കുന്ന ഒരു സമയമുണ്ട്.ത്രാസിന്റെ സൂചികളെപ്പോലെ ഇഹപരങ്ങൾക്കിടയിൽ ആടിയുലയുന്ന മറ്റൊരു സമയവും. അറുപതുനിമിഷങ്ങൾക്കിടയിൽ ഇണ ചേരുന്ന സമയസൂചികൾ വീണ്ടും ഊർജ്ജവാഹികളായി മൈഥുനത്തിലെത്തും പോലെ,ഓർമ്മകളും ഒരു ക്രാന്തിവൃത്തം പൂത്തിയാക്കിയാൽ നമ്മളോടിണചേരുന്നു.

വിൿടോറിയകോളേജിന്റെ വാച്ച് ടവറിനെ നോക്കിയാണ് കൽ‌പ്പാത്തിപ്പുഴ പോലും സമയമറിഞ്ഞുണരുന്നത് എന്നു കരുതിയ കാലം.സൂര്യൻ ആകാലനിലത്തിലൂടെ ഇഴഞ്ഞുവന്ന് മഞ്ഞവിഷം കക്കുന്ന പാലക്കാടൻ നട്ടുച്ചകളേയും സുര്യോത്സവങ്ങളേയും പിന്നിട്ട്,വൈകുന്നേരം ക്ലാസുപിരിഞ്ഞ ശേഷം ഞങ്ങൾ മൂന്നുനാലുകൂട്ടുകാർക്ക് ഒരു സ്ഥിരം യാത്രയുണ്ടായിരുന്നു,കൽ‌പ്പാത്തി അഗ്രഹാരത്തിലൂടെ.ബൈക്കിൽ പില്ലർ ജങ്ങ്ഷൻ എന്ന കൽ‌പ്പാത്തിയുടെ പ്രവേശസ്ഥലം വരെ പോകും.അവിടെ പോറ്റീസ് ഹോട്ടലിൽ നിന്ന് ഓരോ മസാലദോശ,കേസരി,ചായ.പിന്നെ അഗ്രഹാരത്തിലൂടെ നടത്തമാണ്.

കൽ‌പ്പാത്തിയുടെ അഗ്രഹാരം പാലക്കാടിലെ ഒരു മറുലോകമാണ്.ഒരു വശം എപ്പോഴും പൊട്ടിച്ചിരിച്ചൊഴുകുന്ന കൽ‌പ്പാത്തിപ്പുഴ.നിരത്തിനിരുവരത്തും വരിവരിയായി വീടുകൾ.എല്ലാറ്റിനും ഒരേ രൂപം,ഭാവം.ചേല ഞൊറിഞ്ഞുടുത്ത തമിഴ്‌ബ്രാഹ്മണസ്ത്രീകളുടെ മലയാളവും തമിഴും കല‌ർന്ന വാഗ്‌വിലാസങ്ങൾ.വൈകുന്നേരത്തിലെ ഇളവെയിലിൽ,അൽ‌പ്പനേരം മുൻപ് ആകാശത്തിനു താഴെ അഗ്നിവല നെയ്ത വെയിൽ‌പ്പെരുക്കങ്ങളെ പാലക്കാടിന്റെ അനുഗ്രഹമായ കാറ്റ് മായ്ച്ചു കളയുന്നത് ഇവിടെയാണ്.ഓരോ വീടിനും മുന്നിൽ ഒരു പകലിരവുമാത്രം കണ്ടു മാഞ്ഞുപോകേണ്ട കോലങ്ങൾ.പൂണൂലിനും കുടവയറിനും മീതേ കുലുങ്ങുന്ന വെടിവട്ടവുമായി കൂടിയിരിയ്ക്കുന്ന തമിഴ്‌ബ്രാഹ്മണർ.ഇടയിൽ,ഏതൊക്കെയോ വാതിൽ‌പ്പാളികടന്നു പതിയ്ക്കുന്ന നോട്ടങ്ങൾ,പാദസരനാ‍ദത്തിന്റെ ചീളുകൾ…

സംഗീതം ഇവിടെ ദാസ്യവൃത്തിയിലാണ്.അഗ്രഹാരത്തിലെ വീടുകളെ നിർമ്മലമാക്കുന്ന,ഒരു സ്വാഭാവികവൃത്തി.എല്ലാ വീട്ടിലും സംഗീതം ഒരു നിത്യദാസിയെപ്പോലെ കൂടെയു‌ണ്ട്.പെൺ‌കുട്ടികളുടെ പ്രധാനപ്പെട്ട ഒരു വിവാഹയോഗ്യത തന്നെ,സംഗീതത്തിലും നൃത്തത്തിലുമുള്ള പ്രാവീണ്യമാണ്.ഞങ്ങൾ നടക്കുമ്പോൾ ഇരു വശത്തുനിന്നും കേൾക്കാം,കുട്ടികൾ പാടിപ്പഠിക്കുന്നത്.ലംബോധര….ദേവദേവകലയാമിതേ….മറ്റു ചിലയിടങ്ങളിൽ നിന്ന് ജി.എൻ.ബിയും മധുരമണിയും പട്ടമ്മാളും അരിയക്കുടിയും എം.എൽ.വസന്തകുമാരിയും പാടുന്ന റെക്കോഡുകൾ.പാലക്കാട് രഘുവിന്റെയും രാമനാഥപുരം കന്തസ്വാമിയുടെയും തനിയാവർത്തനങ്ങൾ.ഗോപാലകൃഷ്ണനും ത്യാഗരാജനും വയലിനിൽ തീർത്ത ഉന്മാദങ്ങൾ.ഒരിടത്തു നിന്നു ശേഷഗോപാലിനെ കേട്ട്,തൊട്ടടുത്തു നിന്ന് മഹാരാജപുരം സന്താനത്തെ കേൾക്കുമ്പോൾ ബഹുരൂപിയായ കൽ‌പ്പാത്തിയുടെ ഗേയപാരമ്പര്യം നമ്മെ ഇളങ്കാറ്റിനൊപ്പം ആശ്ലേഷിക്കും.

സ്വാഭാവികമായും,സംഗീതത്തെപ്പറ്റിത്തന്നെയായി ഞങ്ങളുടെ അഗ്രഹാരത്തിലെ വൈകുന്നേരചർച്ചകൾ.പ്രിയപ്പെട്ട കൂട്ടുകാരൻ രാജീവും ഞാനുമായി സ്ഥിരം തല്ലുകൂടി.അവനു ടി.എൻ.ശേഷഗോപാലിന്റെ ഭ്രാന്ത്,എനിയ്ക്ക് കെ.വി.നാരായണസ്വാമിയുടെയും.സംഗീതം ബുദ്ധിയോടോ ഹൃദയത്തോടോ സംസാരിക്കേണ്ടത് എന്ന ഉത്തരമില്ലാത്ത സംവാദം.ലോകത്താർക്കും കേട്ടുപരിചയമില്ലാത്ത രാഗങ്ങളുടെ ശേഷഗോപാൽ സംഗീതത്തെപ്പറ്റി രാജീവ് വാചാലനാകുമ്പോൾ,ഞാൻ നാരായണസ്വാമിയുടെ ഇളനീരുപോലെയുള്ള സംഗീതവും കുഞ്ഞിരാമൻ നായരുമായുള്ള ബന്ധങ്ങളെപ്പറ്റി പറയും.അവസാനം ശാരീരികയുദ്ധത്തിലെത്തുമ്പോൾ ഒന്നുകിൽ ഒപ്പമുള്ള ശ്രീനിയും സുദേവും പിടിച്ചുമാറ്റും,അല്ലെങ്കിൽ ഏതെങ്കിലും ഒരു തമിഴ് സൌന്ദര്യത്തെക്കാണുമ്പോൾ ഞങ്ങൾ ആദരപൂർവ്വം നിശ്ശബ്ദത പാലിക്കും.ഞങ്ങൾക്കു രണ്ടുപേർക്കും പൂർണ്ണമായി യോജിക്കാവുന്ന ഒറ്റ സംഗീതസ്ഥലമേ ഉള്ളൂ;എം.ഡി.രാമനാഥൻ.ഒരേ സമയം ബുദ്ധിയും ഹൃദയവും മോഷ്ടിക്കുന്നവൻ.കലഹങ്ങളുടെ രാഗപ്രവാഹം.സൂക്ഷ്‌മമായ ശൈഥില്യവും ലയവും.ആഴങ്ങളിലേയ്ക്കു സാന്ദ്രമായും ഉയരങ്ങളിലേയ്ക്കു മേഘശ്രുതിയായും പ്രസ്താരമേൽക്കുന്ന ആ മഹാകാരത്തിനു മുന്നിൽ ഞങ്ങൾ രണ്ടു കുട്ടികളും വാഗർത്ഥങ്ങളുടെ യോജിപ്പു കൈക്കൊണ്ടു.

അത്തരമൊരു ചൂടേറിയ വാക്പ്പയറ്റിനിടയിലാണ്,ഞങ്ങൾ ആ എം.ഡി.ആർ സംഗീതം കേൾക്കുന്നത്.ഇരു കൈവഴികളായി പിരിയുന്ന കൽ‌പ്പാത്തിയിലെ അനേകം കവലകളിലൊന്നിനു വലതുവശത്ത്,ചെറിയൊരു കോലം മാത്രം മുന്നിലണിഞ്ഞ് കുമ്മായമടർന്ന ചുവരുകളുള്ള ഒരു വീട്ടിനുള്ളിൽ നിന്ന് രീതിഗൌളയുടെ രാഗാലാപമായി അതു ഞങ്ങളെ വന്നു പുണർന്നു.രാജീവാണ് പെട്ടെന്നു കൈപിടിച്ചു നിർത്തിയത്.‌“ഇതു കേട്ടിട്ടില്ലല്ലോടാ”എന്നവൻ മെല്ലെ പറഞ്ഞു.“ഹേയ്,ഇതെന്റെ കയ്യിലുണ്ട്,‘ജോ ജോ രാമ’ആണെന്നേ”എന്നു ശ്രീനി.അതല്ലെന്നുറപ്പ് എന്നു രാജീവിന്റെ വാശി.തർക്കമായ സ്ഥിതിയ്ക്ക് രാഗാലാപനം കഴിയും വരെ നിന്നു കേൾക്കാം എന്നുവെച്ചു.പത്തുമിനിറ്റോളം നീണ്ട ആ രീതിഗൌളയുടെ സഞ്ചാരം തന്നെ,ഞങ്ങളെ കാത്തിരിയ്ക്കുന്നത് എന്തോ അത്ഭുതമാണ് എന്നു തോന്നിച്ചു.രാഗഭാവത്തിന്റെ സമസ്തമേഖലകളേയും പിഴിഞ്ഞെടുത്ത ആലാപനം.സാഹിത്യം തുടങ്ങിയപ്പോൾ ശ്രീനിയുടെ പ്രവചനം തെറ്റി.‌“നിനുവിനാ”എന്ന ശ്യാമശാസ്ത്രിയുടെ കൃതിയായിരുന്നു അത്.അനതിസാധാരണമായ രാമനാഥസംഗീതത്തിന്റെ മുഴുവൻ മാസ്മരികഭംഗിയും അലിഞ്ഞുചേർന്ന സ്വരവിസ്താരം.നിന്നിടത്തു നിന്ന് ഞങ്ങൾ മെഴുകുപ്രതിമകളായി ഉരുകി.കീർത്തനം തീർന്ന ഉടനേ രാജീവ് “ഇതിന്റെ കോപ്പി കിട്ടാനെന്താണു വഴി”എന്ന ആത്മഗതാഗതത്തിലേയ്ക്കു കയറിയതാണ്.അഗ്രഹാരത്തിന്റെ യാഥാസ്ഥിതികസ്വഭാവം അറിയാവുന്നതുകൊണ്ട്,ഞാൻ “നമുക്കു തൽക്കാലം പോയേക്കാം”എന്നു പെട്ടെന്നു കയറിപ്പറഞ്ഞു.നല്ലൊരു സംഗീതാനുഭവത്തിനു തൊട്ടുപിന്നാലെ,കുറേ തമിഴ്‌ചീത്തവിളികൾ കേൾക്കുന്നത് അത്ര സുഖമാവില്ല എന്നറിയുന്നതുകൊണ്ട്.

പിറ്റേന്നു മസാലദോശയുടെയും ചൂടുചായയുടേയും രസക്കൂട്ടിനകത്തിരുന്നപ്പോഴേ ഞങ്ങൾ വെറുതേ ഒരു തീരുമാനമെടുത്തു,ഇന്നും അവിടെ പോയി നോക്കണം എന്ന്.കൃത്യം ആറുമണിയ്ക്ക് അവിടെയെത്തിയതും ഇന്നലത്തെ അതേ കീർത്തനം തുടങ്ങി!ആറരയാകുമ്പോഴേയ്ക്കും അത് അവസാനിച്ചപ്പോഴും ആ വീടിന്റെ മുൻ‌ഭാഗത്തെങ്ങും ആരെയും കണ്ടില്ല.തുടർന്ന്,ഒരാഴ്ച്ചയിലധികം ഞങ്ങൾ ആറുമണിയ്ക്ക് അവിടെയെത്തി ആ ഒരേ കീർത്തനം കേട്ടു.എന്താണ് ഈ കൃത്യസമയത്ത് ഒരു പ്രത്യേകകീർത്തനം വെക്കുന്നതിലെ ഗുട്ടൻസ് എന്ന് ഞങ്ങളന്ന് കുറേ ചർച്ച ചെയ്തിട്ടുണ്ട്.രീതിഗൌളയോടാണോ രാമനാഥനോടാണോ ആ ആരാധന എന്നു വരെ.എന്തായാലും പിന്നെപ്പിന്നെ,ശ്രീനി പറഞ്ഞതുപോലെ മസാലദോശയും ചായയും കേസരിയും പോലെ,ആ കീർത്തനം ദിവസവും കേൾക്കലും ഒരു ശീലമായി.എത്ര കേട്ടാലും പുതിയ അടരുകളിൽ ചെന്നുടക്കാൻ മരുന്നു ബാക്കിയുള്ള രാമനാഥന്റെ ആലാപനം എന്നും ഞങ്ങൾക്കു പുതുമകൾ തന്നു.ഒരാഴ്ച്ചയ്ക്കു ശേഷം ആണ്,ഒരു ചേല ചുറ്റിയ ‘പട്ടമ്മാളി’നെ ആ വീടിന്റെ മുൻ‌വശത്തു കണ്ടത്.ആ ആവേശത്തിൽ,ഞാൻ പെട്ടെന്നു കയറി “ആ പാടുന്ന കാസ്റ്റ് ഒന്നു തരാമോ,കോപ്പി എടുത്തു തിരിച്ചു തരാം”എന്നോ മറ്റോ ചോദിച്ചു.പെട്ടെന്നു മുഖം വെട്ടിത്തിരിച്ചു നോക്കി,അവർ പറഞ്ഞ “മുടിയാത്”എന്ന ഒറ്റവാക്ക് ഇപ്പോഴും ചെവിയിലുണ്ട്.സൈക്കിളിൽ നിന്നു വീണ കുട്ടിയുടെ ഭാ‍വത്തോടെ പിന്തിരിയുമ്പോൾ രാജീവിന്റെ ചിരിയും.

അതോടെ,അതു സംഘടിപ്പിക്കൽ ഒരു വാശിയായി.കൽ‌പ്പാത്തിയിലുള്ള ഹരിയെന്ന കൂട്ടുകാരനെ പിടിച്ചു.അവനേയും കൂട്ടി ആ വീട്ടിലേക്കു ചെന്നപ്പോൾ അവന്റെ ഒപ്പം സ്കൂളിൽ പഠിച്ച ഒരു സഹപാഠിയുടെ വീടാണത്.“ഞാൻ സംഘടിപ്പിച്ചു തരാം”എന്നവൻ പറഞ്ഞ സന്തോഷത്തിൽ,“ഞാനും ഒപ്പം വരാം.രണ്ടു മണിക്കൂർ നേരം മതി,കോപ്പി എടുത്ത് നമുക്ക് തിരിച്ചുകൊടുക്കാം,ഞാനും വരാം”എന്നു പറഞ്ഞ് ഞാനും ഒപ്പം ചെന്നു.

ആ വീട്ടിൽ ചെന്നപ്പോൾ എന്നോടു കണ്ണുരുട്ടിയ പട്ടമ്മാളും,അവരുടെ അനിയൻ മറ്റൊരു പട്ടരും ഉണ്ടായിരുന്നു.കാര്യം ഹരി പറഞ്ഞ ഉടനേ,അവർ പരസ്പരം നോക്കി.പട്ടമ്മാളുടെ കണ്ണുനിറഞ്ഞുവോ? പാതി തമിഴും മലയാളവും കലർന്ന കൽ‌പ്പാത്തിഭാഷയിൽ,അനിയൻ പറഞ്ഞു:

“ആ കാസറ്റ് ഇവിടെ വലിയൊരു നിധിയാണ്.എന്റെ ചേട്ടന് മനസ്സിനു നല്ല സുഖമില്ല.വെള്ളം അലർജിയാണ്.കുളിപ്പിക്കുക എന്നു പറഞ്ഞാൽ മതി,വയലന്റാകും.ആ രാമനാഥന്റെ കീർത്തനം കേട്ടാൽ സമാധാനമാണ്.ഒരു പ്രശ്നവും ഉണ്ടാക്കാ‍തെ സഹകരിക്കും.സന്ധ്യയ്ക്ക് ആറുമണിയ്ക്ക് ആണു കുളിപ്പിയ്ക്കാറ്.അതിനായാണ് എന്നും വൈകുന്നേരം അതു വെയ്ക്കുന്നത്.”

ഒന്നും പറയാനുണ്ടായിരുന്നില്ല.അകത്തെ മുറിയിൽ,കാലിൽ ചങ്ങലയുമായി കൂനിക്കൂടിയിരിക്കുന്ന ഒരു കറുത്തരൂപത്തെ അയാൾ കാണിച്ചുതന്നു.ഞങ്ങൾ തിരിഞ്ഞുനടന്നു.പിന്നെ അതു കേൾക്കാൻ പോകാനായില്ല.പോകാൻ തോന്നിയില്ല.

കണ്ടൻകോരനും ബഷീറും ആയിരം അഭിരുചികളും


ഴയ മലയാളം മുൻ‌ഷിമാർ ബഷീറിന്റെ അനിയൻ അബ്ദുൾഖാദറിനേക്കാളും വ്യാകരണപടുക്കളായിരുന്നു.അലങ്കാരസ‌മൃദ്ധമായ ഭാഷാശിൽ‌പ്പം സ്വായത്തം.അതിലൊരു മഹാൻ സ്കൂളിന്റെ ഹെഡ്‌മാസ്റ്റർ പദവിയിൽ വിരാജിക്കുന്ന കാലം.ഏഴാം ക്ലാസുകാരനായ ചാത്തു ആവശ്യമായ പുസ്തകമോ,പേനയോ ഇല്ലാതെയാണു സ്ഥിരമായി ക്ലാസിലെത്തുന്നത് എന്ന പരാതി മുൻഷി മാഷുടെ ചെവിയിലെത്തി.അച്ഛനെ വിളിച്ചു മുഖം കാണിക്കാൻ ഹെഡ്‌മാസ്റ്റർ ഉത്തരവായി.പിറ്റേന്ന് ചാത്തൂസ് ഫാദർ,ദ ഗ്രെറ്റ് കണ്ടൻ‌കോരൻ ഹാജർ.തെങ്ങുകയറ്റമാണു കുലത്തൊഴിൽ.വിദ്യാഭ്യാസമെന്ന ദുശ്ശീലം ഒരിക്കലുമുണ്ടായിട്ടില്ല.മുൻഷി മാഷിനോടുള്ള ബഹുമാനം കൊണ്ടു നിലത്തു മുട്ടുന്ന കുനിവോടെ,“എന്താവോ മാഷ് വിളിപ്പിച്ചത്”എന്നു കണ്ടൻ‌കോരൻ ചോദിച്ചു.മാഷ് തികഞ്ഞ വ്യാകരണശുദ്ധിയോടെ,വിഷയം അച്ഛനെ അറിയിച്ചു.ഏതാണ്ട് ഈ വിധം:

“ഹേ പിതാവേ,താങ്കളുടെ സന്താനലതിക ഈ വിദ്യാലയവാടിയിൽ ക്രമപ്രവൃദ്ധമായി ആരോഹണം ചെയ്യണമെങ്കിൽ അതിനനിവാര്യമായ പാഠ്യസാമിഗ്രികൾ കരചരാണാദ്യവയവങ്ങളിൽ ഉണ്ടായിരിക്കണമെന്ന പരമാർത്ഥം ഈ പ്രധാനാധ്യാപകമുഖം നിങ്ങളെ ഗ്രഹിപ്പിച്ചുകൊള്ളട്ടെ.”

കണ്ടൻ‌കോരന് ആകെ ഒരു പൊക.‌“ആരോഹണം”എന്നൊക്കെ കേട്ടപ്പോൾ മാഷ് തെങ്ങിൽ കയറുന്ന കാര്യം ആണു പറയുന്നത് എന്നുറപ്പായി.സംശയലേശമന്യേ മറുപടി കൊടുത്തു:

“അവനേങ്ങനെ ഞാങ്കൊണ്ടൂവ്വ്വാറൊന്നും ഇല്ല,മാഷേ.പിന്നെ വീട്ടില് കെട്ട്യോള് എടയ്ക്ക് പറയുമ്പൊ തെങ്ങ്മ്മ്‌ക്കേറി രണ്ടു തേങ്ങയിട്ട്ട്ടുണ്ടാവും.അദ്‌പ്പൊ ത്ര വല്യ പ്രശ്നാക്കണോ?”

“എനിയ്ക്കു പിടികിട്ടീല,മാഷേ”എന്നു പറയണമെങ്കിൽ,“പിടികിട്ടീല”എന്നു മനസ്സിലാവണമല്ലോ.ചരിത്രത്തിന്റെ നേർലോകത്തു നിൽക്കുന്ന കണ്ടൻ‌കോരനും വക്രീകരിച്ച പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന മുൻഷിമാഷിനും തമ്മിലുള്ള ദൂരം നമ്മൾ പിന്നെയും ഒരുപാടുതവണ അനുഭവിച്ചു.‌“മാതാവേ,ശുദ്ധജലം തന്നാലും”എന്നു പറഞ്ഞ അബ്‌ദുൾഖാദറിനിട്ട് ബഷീറിന്റെ ഉമ്മ ചിരട്ടക്കയ്യിലുകൊണ്ട് അടിച്ച അടി പോലെ പാഴായിപ്പോയ അടി വേറെയില്ല.ബഷീറിന്റെ ഉമ്മയുടെ തലമുറയ്ക്കു ശേഷം വന്ന കുട്ടികളുടെ കയ്യിൽ അതിലും വലിയ വ്യാകരണപുസ്തകങ്ങളുണ്ടായിരുന്നു.

കണ്ടൻ‌കോരന്റെയും മുൻഷിമാഷിന്റേയും വ്യക്തിജീവിതവും സംസ്കാരവും വെവ്വേറെ ഭാഷ്യങ്ങളാണ്.ജീവിതത്തിലൂടെ,സംസ്കാരത്തിലൂടെ വികസിക്കുന്ന ആഖ്യാനങ്ങളെ ഉൾക്കൊള്ളുവാനും മനനം ചെയ്യുവാനും പങ്കുവെക്കാനും സമൂഹം നിർമ്മിച്ച ചിഹ്നമണ്ഡലങ്ങളാണ് ഭാഷകൾ.വ്യത്യാസങ്ങൾ മുദ്രണം ചെയ്യപ്പെടുമ്പോഴാണ് ഭാഷാവ്യവസ്ഥകൾ നിലവിൽ വരുന്നത് എന്നു സൊസ്യൂർ.വസ്തുപ്രപഞ്ചവുമായുള്ള ഇടപെടലുകളിലും ഈ വ്യത്യാസങ്ങളുടെ മുദ്രണം ഒരു അനുവാര്യതയാണ്.മുൻഷി മാഷുടെ കസവുകരയുള്ള മുണ്ടിലും കയ്യിലെ ചൂരലിലും കണ്ടൻ‌കോരന്റെ മുഷിഞ്ഞ മുണ്ടിലും വാഴനാരുപിരിച്ച തളപ്പിലും വ്യത്യാസം തിരിച്ചറിഞ്ഞാണ് നാം ജീവിച്ചത്.ഇത് മൂർത്തപ്രപഞ്ചത്തിൽ നാം വികസിപ്പിച്ചെടുത്ത ഒരു ചിഹ്നവ്യവസ്ഥയത്രേ.ആ ചിഹ്നവ്യവസ്ഥയുടെ പരിണാമഘട്ടങ്ങളിലോരോന്നിലും അതിനേക്കുറിച്ചു ചിന്തിക്കുവാൻ,സംവാദത്തിലേർപ്പെടാൻ,കൂടുതൽ നിയന്ത്രിക്കുവാൻ-നാം ആവിഷ്കരിച്ച അമൂർത്തമായ ചിഹ്നവ്യവസ്ഥയാണ് ഭാഷ.ഭാഷയുടെ പരിണാമഘട്ടത്തിൽ,പോകെപ്പോകെ ഈ അമൂർത്തതലം മുർത്തതലത്തിൽ നിന്നും സ്വതന്ത്രമായി വളരുന്നു.പാട്ടിന്റെ നിറവും നിലാവിന്റെ മണവും ‘ജലഗിഥാറിന്റെ ലൈലാകഗാനവും”ഭാഷയിലൂടെത്തന്നെയാണ് നാം ഉൾക്കൊള്ളുന്നത്.അങ്ങനെ ഭാഷ അതിന്റേതായ യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുന്നു;ആ പ്രക്രിയയിലൂടെ സാഹിത്യം സംഭവിക്കുന്നു.ജീവിതത്തിന് അർത്ഥവും ലക്ഷ്യവും ഉണ്ടെന്നു വരുത്തിത്തീർക്കാൻ വീടുവെച്ചും വേലികെട്ടിയും വിവാഹം കഴിച്ചും കുട്ടികളുണ്ടാക്കിയും അവസ്ഥയെ ആഖ്യാനവത്കരിക്കുന്ന മനുഷ്യൻ സാഹിത്യത്തിലും അതേ നമ്പറാണോ പയറ്റുന്നത്?

എന്തായാലും കണ്ടൻ‌കോരന്റെ ബോധമണ്ഡലത്തേക്കാൾ ഏറെ ദൂരെയല്ലല്ലോ “അഗ്നിമീളേ പുരോഹിതം”എന്ന് ഓതിക്കൻ ചൊല്ലിത്തന്നത് കേട്ട് കൂട്ടുകാരോടൊപ്പം ചേരുമ്പോൾ “അടുപ്പുമീതേ പുളിങ്കറി”എന്നു പാരഡി നിർമ്മിക്കുന്ന വി.ടി.ഭട്ടതിരിപ്പാട് എന്ന കുട്ടിയുടെ ബോധവും.(രണ്ടും ഞങ്ങൾക്കൊരുപോലെയായിരുന്നു എന്നു വി.ടി)ഇവിടെ നിന്നാണ് ബഷീർ തനിയ്ക്ക് പലപണികൾ അറിയാം;മുടിമുറിയ്ക്കാൻ,അരി വെക്കാൻ,ചായ അടിക്കാൻ,ലോട്ടറിവിൽക്കാൻ-അതുപോലെ വാക്കുകൾ കൂട്ടിവെച്ച് കഥയുണ്ടാക്കാനും എന്നു പറഞ്ഞത്.ഭാഷയുടെ ലാവണ്യനിയമങ്ങളെ അനുസരിക്കാത്ത ഒരു പടപ്പ്.ലാവണ്യങ്ങളും അഭിരുചികളും അഭിരുചികളുടെ വ്യവസ്ഥകളും വാസ്തവത്തിൽ നമ്മുടെ ജീവിതത്തിൽ നിന്ന് ഉൽഭവിക്കുന്നതാണെന്ന വളരെ സരളമായ ബോധ്യം ഉണ്ടാക്കിയെടുത്തു എന്നതാണ് നമ്മുടെ ഭാഷയിലും ചിന്തയിലും ബഷീർ ചെയ്ത,
ചിലർക്കു തീരെ മനസ്സിലാവാത്ത കാര്യം.സാഹിത്യത്തെ സാമാന്യമായി കാണുകയും സാഹിത്യം അസാമാന്യമാണെന്നു തെളിയിക്കുകയും ചെയ്യുന്ന ഒരു ദുഷ്കരകൃത്യം.

ചെറുപ്പകാലത്ത് ഇന്ത്യ മുഴുവൻ അലഞ്ഞു നടക്കുന്നതിനിടയിൽ,മദിരാശിപ്പട്ടണത്തിൽ മഷി മായ്ക്കുന്ന ഒരു ദ്രാവകം ഉണ്ടാക്കി വിറ്റതായി ബഷീർ പറഞ്ഞിട്ടുണ്ട്.എഴുത്തുപണിയേയും ബഷീർ അതിന്റെ ബാക്കിയായാണു കണ്ടത് എന്നു തോന്നുന്നു.സമ്പ്രദായവാഗ്പ്രപഞ്ചത്തെ അദ്ദേഹം നിരന്തരം മായ്ച്ചുകൊണ്ടിരുന്നു.കണ്ടൻ‌കോരനു മനസ്സിലാവുന്നതാണു പ്രേമം എന്നറിയാവുന്നതുകൊണ്ടാണ് പ്രേമത്തെക്കുറിച്ചുമാത്രം വാതോരാതെ എഴുതിയത്.താമരയില കൊണ്ടു മറഞ്ഞാൽ വിരഹാകുലയാവുന്ന ചക്രവാകപ്പിടയുടെ വ്യഥകളെ മഷിമായ്പ്പുദ്രാവകം കൊണ്ടു മായ്ച്ച്,ആരും കാണാതെ പുട്ടിന്റെ ഉള്ളിൽ തിരുകിവെച്ച പുഴുങ്ങിയമുട്ട കാമുകൻ തിന്നുമോ എന്ന വ്യഥ കാർന്നു തിന്നുന്ന കാമുകിയെ എഴുതിച്ചേർക്കാനായത്,ഇത്തരം ബാധകളൊന്നും ബഷീറിനെ അലട്ടാത്തതു കൊണ്ടാണ്. ഒരു ഭർത്താവിന്റെ ഹൃദയത്തിലേക്കുള്ള മാർഗം അയാളുടെ വായിൽ‌ക്കൂടിയാണ് എന്ന ഇംഗ്ലീഷ് ചൊല്ലൊന്നും ബഷീറിനറിയേണ്ട കാര്യമില്ല.അതുകൊണ്ട് സ്നേഹിക്കാൻ ആയിരം ശൈലി ഉണ്ടായിത്തീരുന്നു.അഭിരുചികളുടെ ആയിരം ഭാഷ്യങ്ങൾ.ഇതാണ് ലോകാഭിരാമമായ സ്ഥിതി എന്ന തിരിച്ചറിവ് നഷ്ടമാകുമ്പോൾ നാം ആ പഴയ മുൻഷിയിലേക്കു തിരിച്ചുനടക്കുന്നു.



സമീർ ഒരു മേഘമാണ്

ഹൃദയത്തിലേയ്ക്കു കനൽ‌ത്തരികൾ വീഴുന്ന എന്തെങ്കിലും വായിച്ചാൽ,നെഞ്ചിനുള്ളിൽ വന്ന് ഞാനറിയാതെ ഒരു ആളിക്കത്തൽ വന്ന് എന്റെ തൊണ്ടയിൽ കയറിപ്പിടിയ്ക്കുക എന്നത് എനിക്കു ചെറുപ്പത്തിലേ ഉള്ള രോഗമാണ്.ബാല്യകാലസഖിയിൽ മജീദിനു ഒരു കുരു വരുന്ന രംഗമുണ്ടല്ലോ,അവിടെ ചുംബിച്ചാണ് സുഹ്‌റയുമായുള്ള ആദ്യ പ്രണയരംഗം.അതുവായിച്ച അന്നത്തെ ഉടലനുഭവം ഞാൻ ഒരിക്കലും മറക്കില്ല.എനിയ്ക്കു സത്യമായും ശ്വാസം കിട്ടാതായിപ്പോയി.സമാനമായ ഒരു പുകഞ്ഞുകയറ്റമാണ് അനിതാകൊക്കോട്ടിന്റെ ഈ കവിത വായിച്ചപ്പോഴും ഉണ്ടായത്.‌‌“തീപിടിച്ച ഗ്രന്ഥപ്പുരകൾ ഓടിരക്ഷപ്പെടാൻ പോലും നിങ്ങളെ അനുവദിയ്ക്കില്ല”എന്നു എ.അയ്യപ്പൻ പറയുന്നത് സത്യമാണെന്നു ഞാനും ഒപ്പിടുന്നു.നൂറുശതമാ‍നം ആവാഹികളായ ഇത്തരം വാക്കുകൾക്കു മുന്നിൽ നിരായുധനാകുന്നതാണു ജീവിതം.ഉള്ളിലെ ഹവിർ‌ഭുക്കിൽ നിന്ന് ചൂടും വെളിച്ചവും പുരളാത്ത കരിക്കട്ടകൾ മാത്രം പെറുക്കിയെടുക്കാനുള്ളവരുടെ ജീവിതം.ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്തവയെ വരെ വലിച്ചുപുറത്തിട്ടുകളയുന്ന ചതുരംഗം.
ചതുരംഗം എന്ന വാക്ക് തനിയേ വന്നിരുന്നുവോ?സമീറിന്റെ ജീവൻ അതായിരുന്നു.ആത്മാവ് സംഗീതവും.ഒരു ചെസ്‌ബോർഡും വയലിനും ഉണ്ടെങ്കിൽ,ഞാൻ ചന്ദ്രനിലായാലും ബോറടിയ്ക്കില്ല എന്ന് അവന്റെ അഹങ്കാരം.സമീർ അഹങ്കാരിയാണ് എന്നത് ഒരു ന്യൂനോക്തിയാണ്.ഞങ്ങൾ അന്നെല്ലാം എന്നും ഒരു തവണയെങ്കിലും പറഞ്ഞിരുന്ന,“സമീറിനു വട്ടാണ്”എന്നതാവും കൂടുതൽ നല്ല നിരീക്ഷണം.സാമാന്യബുദ്ധിയുള്ള ഒരുവൻ,പെരുമഴയത്ത് ചെസ്‌ബോർഡുമായി കോളേജ്ഗ്രൌണ്ടിലിരുന്നു ചെസ് കളിയ്ക്കുമോ?‌‘ഏറ്റവും നന്നായി ചെസ് കളിയ്ക്കാനാവുക,മഴ കൊണ്ടിരിയ്ക്കുമ്പോഴാണ്”എന്ന മഹത്തായ കണ്ടു പിടുത്തം സമീറിന്റെയാണ്.അതിനായി,റക്സിൻ‌ഷീറ്റിൽ അവനുണ്ടാക്കിയ ചെസ്‌ബോർഡുമായി അവൻ പലവട്ടം അന്നു ഞങ്ങൾ റൂം‌മേ‌‌‌‌‌‌റ്റ്സിനോടു കെഞ്ചിയിട്ടുണ്ട്,“ഒന്നു വന്നു നോക്കിനെടാ,ഈ രസം അറിയാൻ”എന്ന്.ഒരു ദിവസം,അവനോടൊപ്പം മഴ കൊണ്ട് ചെസ്സ് കളിച്ചപ്പോഴാണ് എനിയ്ക്കു മറ്റൊന്നു മനസ്സിലായത്,ഈ സമയത്താണ് അവന്റെ ബുദ്ധിയുടെ കോപ്പറകൾ അവൻ തുറന്നുവെയ്ക്കുക.കാപാബ്ലാൻ‌കയുടെ കാലാളുകൾ വെച്ചുള്ള ഒരു പ്രതിരോധദുർഗത്തിന്റെ രഹസ്യം അവൻ തുറന്നുതന്നത് ഒരു പെരുമഴയത്താണ്.അന്നെനിയ്ക്കു ബോധ്യമായി,ഇത്തിരി മഴ കൊള്ളുന്നത് നല്ലതാണെന്ന്.
സമീർ മുൻ‌ജന്മത്തിൽ ഒരു ജലജീവിയായിരുന്നോ എന്ന സംശയം ഞങ്ങൾ പലവട്ടം തമ്മിൽ ചോദിച്ചു.രാവിലെ,കൊടും തണുപ്പത്തും കോളേജ് ഹോസ്റ്റലിനടുത്തുള്ള കുളത്തിൽ പോയി കുളിയ്ക്കുന്ന സമീർ.വെയിലും മഴയും ഒന്നിച്ചുകണ്ടാൽ കയ്യടിച്ചാർത്ത്,വയലിൻ തിരയുന്ന സമീർ.ഗീതാമാഡത്തിനോട് “ഈ ക്ലാസിന്റെ മുകളിലെ ഓടൊക്കെ ഒന്നെടുത്തുമാറ്റിക്കോട്ടെ ടീച്ചർ,ഞങ്ങൾ കുട്ടികൾ ആകാശം കണ്ടു പഠിയ്ക്കട്ടെ”എന്നു പറയുന്ന സമീർ.‌“അവസാനത്തെ യുദ്ധം ജലത്തിനുവേണ്ടിയാവും”എന്നുവായിച്ച്,“ഞാനിപ്പോഴും ജലത്തിനോട് യുദ്ധം ചെയ്യുകയല്ലേ”എന്നു ചിരിയ്ക്കുന്ന സമീർ-അങ്ങനെ എത്ര ചിത്രങ്ങൾ.മേഘങ്ങളും മഴയും തണുപ്പും ഇല്ലാതെ കവിതയെഴുതിയാൽ നിന്റെ കൈ വെട്ടിക്കളയും എന്ന് ഒരു ദിവസം രാത്രി രണ്ടു മണിയ്ക്ക് ഉറക്കത്തിൽ നിന്ന് വിളിച്ചെണീപ്പിച്ച് അവൻ എന്നെ ഭീഷണിപ്പെടുത്തി.‌“മയിൽ”എന്ന അവന്റെ ഇരട്ടപ്പേര് അവൻ വല്ലാതെ ആസ്വദിച്ചിരുന്നെന്നു തോന്നുന്നു.
വയലിനിൽ അവൻ തീർത്ത വിസ്മയലോകങ്ങളിലും എന്നും ജലസ്പർശമുണ്ടായിരുന്നു.“മേഘമൽ‌ഹാർ എന്ന രാഗം അതുകേൾക്കാത്ത കാൽ‌പ്പനികവാദികൾ പൊക്കിനടക്കുന്ന ഒരു എടുപ്പുകുതിരയാണ്”എന്നു പറഞ്ഞതിന് ഞങ്ങൾക്കൊപ്പമുള്ള ഒരു സഹമുറിയനെ അവൻ പൊതിരെ തല്ലി.വയലിനിൽ അവൻ നിരന്തരം വായിച്ചിരുന്ന ഭ്രാന്തൻ പ്ലാനുകൾക്ക് മേഘങ്ങളുടെ ശ്രുതിയായിരുന്നു.ഇടയ്ക്ക് അവ ഉച്ചസ്ഥായിയിലേക്ക് പടരും.പിന്നെ,താഴേയ്ക്കു നിപതിക്കും.“ഒരു മേഘത്തെ പിഴിഞ്ഞെടുത്തതാണ് സമീറിന്റെ സംഗീതം” എന്നു പ്രസംഗിച്ചതിനാണ് അവനെന്നെ കെട്ടിപ്പിടിച്ചുമ്മവെച്ചത്.പ്രശംസകൾ കേട്ടു മുഖം തുടുക്കുന്ന മറ്റൊരു മേഘം.ഒരിയ്ക്കൽ കോളേജിനെ പ്രതിനിധീകരിച്ച് കലോത്സവത്തിൽ പങ്കെടുക്കാൻ ഞാൻ പറഞ്ഞപ്പോൾ അവൻ എന്നെ വിളിച്ച തെറി പോലെ ഒന്ന്,അവന്റെ നാവിൽ നിന്ന് മറ്റൊരിക്കലും കേട്ടിട്ടില്ല.
അവന്റെ വീടിനെ അവൻ തന്നെ ‘ചെകുത്താൻ കയറിയ വീട്’എന്നാണു വിശേഷിപ്പിച്ചത്.നിരന്തരം വഴക്കിടുന്ന അച്ഛനമ്മമാരുടെ കാര്യമൊന്നും അവനൊരിക്കലും പറഞ്ഞുവിഷമിച്ചുകാണില്ല,ആരോടും.ഞങ്ങളുടെ പലരുടേയും അച്ഛനേയും അമ്മയേയും അവൻ അച്ഛനമ്മമാരായി അന്നു സ്വീകരിച്ചു.ഒരു കാർമുകിലിന്റെ നിറം മുഴുവൻ ഉടൽ പൂണ്ട ഒരു പെ‌ൺകുട്ടിയും അവനുമായി പ്രണയം പോലെ എന്തോ ഒന്ന് ഉണ്ടായിരുന്നു;അതും എന്തോ മഹാരഹസ്യം പോലെ അവൻ സൂക്ഷിച്ചുവെച്ചു.
കോളേജ് വിട്ട ശേഷം അറിയുന്നത്,അവന്റെ അച്ഛനുമമ്മയും തമ്മിൽ പിരിഞ്ഞെന്നും,പിന്നെ അവൻ ബോംബെയിൽ എവിടെയോ ഒരു ബാൻഡിൽ ചേർന്നു എന്നും ആണ്. “ഒരു ശ്രുതിയിൽ വയലിൻ വായിക്കാൻ അവൻ ഇപ്പോഴെങ്കിലും ശീലിക്കട്ടെ”എന്നു ചിരിച്ചുകൊണ്ട് ഒരു ദുഹൃത്ത് പറഞ്ഞു.ഒരഡ്രസിലും കിട്ടാത്ത,ഒരു ഫോൺ‌തുമ്പത്തും അറ്റന്റ് ആവാത്ത,അവനെ പലവട്ടം ശപിച്ചിട്ടുണ്ട്,അന്ന്.
പിന്നെ ഞാൻ അവനെ കാണുന്നത് തികച്ചും യാദൃശ്ചികമായാണ്.ഒരു അവധിക്കാലത്ത് മുംബൈയിൽ എത്തിയപ്പോൾ,പഴയ ചങ്ങാതി ഹാരിസിനേയും കൂട്ടി,മസ്ജിദിലെ ബസാറുകളിൽ അലഞ്ഞുനടക്കുമ്പോൾ ഹാരിസ് പറയുന്നു:“നിനക്ക് നമ്മുടെ പഴയ സമീറിനെ കാണണോ?”
കൊടുംതിരക്കിന്റെ ഇടയിലൂടെ,അവൻ എന്നെ ഒരു ചെരിപ്പുകടയിലേക്കു നയിച്ചു.അവിടെ,ഏതോ മറാത്തിപ്പെണ്ണുകളുടെ കാലളവുകൾക്കു പറ്റിയ ചെരിപ്പും നോക്കി വിൽക്കുന്ന സമീറിനെ കണ്ടു.അന്യഗ്രഹത്തിൽ വന്നുവീണ പോലെ അമ്പരന്ന എന്നോട്,പഴയ അതേ തോൾക്കൈയ്യോടെ,“ഞാൻ രാത്രി നിന്റെ റൂമിലേക്കു വരാമെഡേയ്”എന്ന് അവൻ പറഞ്ഞു.
അന്നുരാത്രി അവൻ റൂമിൽ വന്ന് കുറേ കരഞ്ഞു.‌റൂമിൽ നിന്നു പാതിരായ്ക്ക് ഇറങ്ങുമ്പോൾ അവൻ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു:
“എടാ,എന്റെ അമ്മ ഒരു ചെകുത്താനല്ല,മാലാഖയായിരുന്നു.അവരെ എനിക്കൊന്നു വിളിച്ച് പൊട്ടിക്കരയണം”
അത് അവൻ എന്നോടു പറഞ്ഞ നിമിഷം മാലാഖമാർ പോലും അസൂയപ്പെട്ടിരിക്കണം.
അവൻ അമ്മയെ വിളിച്ചുവോ?
വർഷങ്ങൾക്കു ശേഷം,രണ്ടായിരത്തി ഏഴിലെ ഒരു പ്രഭാതത്തിൽ എനിക്കു ഹാരിസിന്റെ ഒരു കോൾ:
“ഡാ,ഒരു ദുഃഖവാർത്തയുണ്ട്.നമ്മുടെ സമീർ പോയി.ഇന്നലെ വൈകീട്ട് കടൽത്തീരത്തു നിന്ന് അവന്റെ ബോഡി കിട്ടി.വിഷം കഴിച്ചിട്ടുണ്ട്.പോസ്റ്റുമോർട്ടം കഴിഞ്ഞ് ഇന്നുച്ചക്ക് അവിടെ എത്തും”
ഞാൻ അവന്റെ ശരീരത്തിലേക്ക് ഒന്നേ നോക്കിയുള്ളൂ.ആ ഭീഷണമായ മുഖം രണ്ടാമതു നോക്കാനായില്ല.
അനിതാകൊക്കോട്ടിന് ഞാനൊരിക്കലും മാപ്പുകൊടുക്കുകയില്ല:)

ഓർമ്മകളുടെ ലിറ്റ്മസ്

ന്റെ ദുഷ്ടനായ ഹോപ്പിന്,
നീ തീർന്നുകാണില്ലെന്നു വിചാരിക്കുന്നു.ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും എന്നാണല്ലോ.

ഇന്നു ഭയങ്കരമഴയായിരുന്നു.അതുകൊണ്ട് ജോലി കുന്തമായി.തെറി പറയും പോലെ മഴ.ഇവിടെ മഴയ്ക്ക് ഒരു ഭംഗിയുമില്ല.നമ്മുടെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിന്റെ ഇടനാഴിയിൽ നിൽക്കുമ്പോ പെയ്ത പോലൊരു മഴ പിന്നെ പെയ്തിട്ടില്ലല്ലല്ലോ.ഒരു സ്വപ്നം പോലെ തോന്നുണു,അതെല്ലാം.ആ മഴയുടെ ശബ്‌ദോം,നിന്റെ കവിതയും,മനുവിന്റെ പാട്ടും…

ശ്ശൊ!നാശം പിടിക്കാൻ പിന്നീം നൊസ്സാൾജിയ!വിട്ടു.

എനിക്കയച്ചുതരാംന്നു പറഞ്ഞതൊക്കെ എവിടെ?

വേഗം അയച്ചാൽ നിനക്കു കൊള്ളാം,അല്ലെങ്കിൽ നിന്നെ മൊറ്റമോർഫോസസ് ചെയ്യാൻ കാഫ്ക്കക്ക് ക്വട്ടേഷൻ കൊടുക്കും.

അടുത്തെങ്ങാനും വിപ്ലവം നടക്കുമോ ചെക്കാ?
കാര്യം ഉറപ്പായാൽ അറിയിക്കണേ,ഈ ജോലി വിട്ടു പോരാനാ.

കിഡ്നിപൂർവ്വം,
നിന്റെ മിന്നു.”

ഇന്നു രാവിലെ പഴയ പെട്ടികളുടെ പൊടിക്കൂമ്പാരത്തിൽ നിന്നു ഒരു പഴയ സെമിനാർ പേപ്പർ കണ്ടു കിട്ടാനുള്ള തിരച്ചിലുകൾക്കിടയിൽ,ഈ റോസ് നിറത്തിലുള്ള കടലാസിലെ അക്ഷരങ്ങൾ കണ്ടതൊരു യാദൃശ്ചികതയായിരുന്നുവോ?
അറിയില്ല.ഒപ്പം തിരയാൻ കൂടിയ അമ്മയുടെ ചോദ്യചിഹ്നമുഖത്തുനിന്നും ഞാൻ രക്ഷപ്പെട്ടതെങ്ങനെയെന്നും.‌“സങ്കടം വന്നാൽ നിന്റെ കണ്ണുകൾ വെള്ളത്തിൽ മുക്കിയെടുത്ത സ്പഞ്ച് കഷ്ണങ്ങളാകുന്നു”എന്നു പറഞ്ഞു പൊട്ടിച്ചിരിച്ചതും അവളായിരുന്നല്ലോ.
ധ്വനിയറ്റ് കരിനീലിച്ചുപോയ വാക്കുകളുടെ കബന്ധങ്ങൾ മാത്രം ശേഷിക്കുന്ന എന്റെ ചുടലപ്പറമ്പിൽ നിന്ന് ഞാനെങ്ങനെ മിന്നുവിനെപ്പറ്റി എഴുതും എന്നെനിക്കറിയില്ല.പാപത്തിന്റെ ആവർത്തനങ്ങളിൽ ഹസ്തരേഖകൾ പോലും നഷ്ടമായത് നീയറിയുന്നില്ലല്ലോ.കാലത്തിന്റെ അയനരേഖകൾ വക്കുകളും കോണുകളും തേഞ്ഞുമിനുപ്പിച്ച എന്റെ ഓർമ്മകളുടെ വെള്ളാരങ്കല്ലുകളിലെഴുതുന്ന ഒരോർമ്മക്കുറിപ്പിനു മാത്രം നീ അകന്നു പോയിട്ടില്ല.ഏറ്റവും വലിയ ബന്ധം സൌഹൃദമാണ് എന്നു നാഴികയ്ക്കു നാൽ‌പ്പതു വട്ടം ഓർമ്മിപ്പിച്ച നീ,ഇന്നുമതു കാത്തുവെക്കുന്നുണ്ടാവും.എനിക്കറിയാം,ഞങ്ങളെ,നിന്റെ ഓരോ ആത്മസുഹൃത്തിനേയും നീ ഓർക്കുന്നുവെന്ന്.എന്നാൽ,മിന്നൂ,നിന്നെ നീ ഓർക്കുന്നുവോ?

Shaerlock Homesന്റെ A Study in scarletലെ ജഫേഴ്സൻ ഹോപ്പ് എന്ന പേര്,എന്റെ മേൽ പതിക്കാൻ നീ കണ്ട കാരണം ഞാനൊരു മറവിയുമില്ലാത്ത പ്രതികാരിയാണ് എന്നതായിരുന്നല്ലോ.ആ പ്രതികാരം ഇന്നും തുടരുന്നു എന്നു വെച്ചോളൂ.
ആംഗലവ്യാകരണത്തിന്റെ ഏതെല്ലാമോ മുഷിപ്പൻ ക്ലാസുകളുടെ മണമുണ്ട്,മിന്നുവിനെക്കുറിച്ചുള്ള ആദ്യത്തെ ഓർമ്മയ്ക്ക്.കണ്ണുകൾ മുന്നിലേക്കു നിരർത്ഥകമാം വിധം പതിച്ചുവെച്ച്,മനസ്സുകൊണ്ട് ഭാവനയുടെ നീലവനങ്ങളിൽ മേഞ്ഞുനടന്ന ആ ക്ലാസുകളിലൊരിക്കൽ ആണ് മിന്നുവിന്റെ മുഖം ആദ്യം ശ്രദ്ധയിൽ വന്നത്.ഇളം കറുപ്പുള്ള മിന്നുവിന്റെ മുഖത്തേക്കു നോക്കിയ ഉടനേ അവൾ ഒരു ചേതോഹരമായ ചിരി മടക്കിത്തന്നു.ഹാവൂ! ഒരാൾക്കെങ്കിലും ഈ നരച്ചലോകത്ത് ചിരിക്കാനറിയാം എന്നാശ്വസിക്കുമ്പോഴാണ്,ഒരു നോട്ട്ബുക്ക് പേപ്പർ മിന്നു എന്റെ നേർക്കു നീട്ടിയത്.തുറന്നു നോക്കിയപ്പോൾ ഒരു കാർട്ടൂൺ.ക്ലാസെടുത്തുകൊണ്ടിരിക്കുന്ന അദ്ധ്യാപകന്റെ കയ്യിൽ ഒരു തടിച്ച പുസ്തകം,അതിൽ നിന്നു തൂങ്ങിക്കിടന്നു പിടയുന്ന കുട്ടികൾ.അഭിനന്ദനസൂചകമായി തലചെരിച്ചു ചിരിച്ചപ്പോൾ,മിന്നു സ്വതഃസിദ്ധമായ രണ്ടു കണ്ണുകളും ഇറുക്കിക്കൊണ്ടുള്ള കുസൃതിച്ചിരി മടക്കിത്തന്നു(പിന്നെ,അത് എത്രവട്ടം കണ്ടു!)

ഒരു സമപ്രായക്കാരിയുടെ വായനയുടെ ആഴം കണ്ട് ആദ്യമായി ഞാൻ വിസ്മയിച്ചത് മിന്നുവിന്റെ മുന്നിലാണ്.ഞാൻ പലപ്പോഴും ബോറടിച്ചു മുഴുമിക്കാനാവാതെ മാറ്റിവെച്ച റ്റോമസ് മന്നിന്റെ ബുഡൻബ്രൂക്സ് പോലുള്ള തടിയൻ പുസ്തകങ്ങളെ അനായാസം വായിച്ചുതള്ളുന്ന സിദ്ധിവൈഭവത്തിനു മുന്നിൽ തരിച്ചുനിൽക്കയല്ലാതെ മാർഗമുണ്ടായിരുന്നില്ല.ഞാൻ ഏതോ ഒരു മുകളറ്റം മാത്രം പുറത്തുകാണുന്നത് എന്ന അർത്ഥത്തിൽ ‘ഐസ് ബർഗ്’എന്നു വിളിക്കുമ്പോഴും,അതേ കണ്ണിറുക്കിയുള്ള ചിരി,മിന്നു മടക്കിത്തന്നു.മനോഹരമായ അവളുടെ ശ്യാമസൌന്ദര്യത്തിനു ചുറ്റും പറന്നുനടന്ന ഒരാൾക്കും അവൾ പിടികൊടുത്തില്ല.ഞങ്ങളുടെയെല്ലാം പ്രണയങ്ങളുടെ കാവൽക്കാരിയായി അവൾ സ്വയം അവരോധിക്കുകയായിരുന്നു.
മുദ്രാവാക്യങ്ങളുടെ ചുഴിമലരികളിൽ സ്വയം എറിഞ്ഞുകൊടുത്ത സമരകാലത്ത്,പിന്നെ മിന്നു ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.ഏത് ആൺ സഖാക്കളേക്കാളും ആവേശത്തോടെ.വിയർത്തുകുളിച്ച്,ഏതൊക്കെയോ സ്‌ടൈയ്ക്കുകൾക്ക് മിന്നു ക്ലാസുകളിൽ നിന്നു പ്രസംഗിച്ചുചിതറുന്ന ചിത്രം ഇന്നും ഓർമ്മയിലുണ്ട്.‌“മിന്നുവേട്ടാ”എന്നു ജൂനിയേഴ്സ് വിളിക്കുമ്പോൾ കിലുകിലാ ചിരിക്കുന്ന അവളുടെ മുഖവും.

ഒരു മാഗസിൻ പ്രകാശനത്തിനു നടന്ന രാഷ്ട്രീയസംഘട്ടനത്തിൽ,മിന്നുവിന്റെ കൈ ഒടിഞ്ഞ് ആശുപത്രിയിൽ കിടക്കുമ്പോൾ അവൾ പറഞ്ഞത്,“ഇങ്ങനെ ചത്തു പോയാൽ സുബ്രഹ്മണ്യദാസിനെപ്പോലെ ‘നമ്മളൊരു തോറ്റജനതയാണ്’എന്നെഴുതിവെക്കാനാവില്ലല്ലോടാ”എന്നാണ്.ചോരപൊടിയുമ്പോഴും കൈവിടാത്ത ഹാസ്യബോധം മിന്നുവിനു സ്വന്തമായിരുന്നു.
എന്നും ചിരിച്ചുകണ്ട അവളുടെ കണ്ണുകളിൽ കണ്ണീർമേഘങ്ങൾ വിങ്ങി നിൽക്കുന്നത് ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ.കാമ്പസിൽ നിന്നു പിരിയുന്ന നിമിഷങ്ങളിൽ.‌“ഒരു ടൈം‌മിഷീൻ ഉണ്ടായിരുന്നെങ്കിൽ”എന്നു മാത്രം പറഞ്ഞ് അവസാനിപ്പിച്ച അവളുടെ വിടവാങ്ങൽ പ്രസംഗനിമിഷങ്ങളിൽ ആ കണ്ണുകളിൽ ഒരിക്കലും പെയ്തൊഴിയാത്ത മേഘക്കൂട്ടങ്ങൾ പടർന്നു.

പഠനശേഷം,ഡൽഹിയിൽ പത്രപ്രവർത്തകയായി പോയപ്പോഴും അവളുടെ എഴുത്തുകൾ എനിക്കു മൂന്നുനാലു തവണ വന്നു.പിന്നെ വന്നത് അവളുടെ വിവാഹക്കത്തായിരുന്നു.ഡൽഹിയിൽ വെച്ചുതന്നെ,ഏതോ മദ്ധ്യപ്രദേശുകാരൻ ബിസിനസ്സുകാരനുമായി വിവാഹം.പങ്കെടുക്കാനാവത്തതിൽ ഖേദവും,വിവാഹാശംസകളും അറിയിച്ച എന്റെ ഒരു കത്ത് കൂടി അവൾക്കു കിട്ടിയിരിക്കാം.പിന്നെ,അയച്ച കത്തുകൾ കൂടി മടങ്ങിവന്നു.

പിന്നെ,കഴിഞ്ഞ വർഷം ആണ് ബാക്കി വിവരങ്ങൾ അറിയുന്നത്,ഒരു സുഹൃത്തിൽ നിന്നും.ആറുമാസത്തിനു ശേഷം അവൾ വിവാഹമോചനം നേടിയത്രേ.അപ്പോഴേക്കും അവളുടെ ഉദരത്തിൽ ജീവന്റെ ഉരുവങ്ങൾ നടന്നുകഴിഞ്ഞിരുന്നു.ജനിച്ചപ്പോൾ അത് ഒരു ബുദ്ധിമാന്ദ്യമുള്ള കുട്ടി.ആ കുഞ്ഞിനേയും നോക്കി,ഡൽഹിയിൽ അവൾ കഴിഞ്ഞുകൂടുന്നു.ആ കുട്ടിയേയും മടിയിൽ വെച്ച് ഇരിക്കുന്ന അവളുടെ ഒരു ഫോട്ടോ,അല്ല,അവളുടെ പ്രേതത്തിന്റെ ഒരു ഫോട്ടോ എനിക്ക് എന്റെ സുഹൃത്ത് അയച്ചുതന്നു.എനിക്കു കണ്ടുതീരെ പരിചയമില്ലാത്ത ഒരു ചിരി അവളുടെ മുഖത്തുണ്ട്.ലാൿടോകലാമിൻ പോലെ ഒരന്യപദാർത്ഥം.

ഇന്നു രാവിലെ പഴയ കടലാസുകൂട്ടങ്ങളിൽ നിന്നുകിട്ടിയ അവളുടെ ആ ഡൽഹിക്കത്തു കാണുമ്പോഴൊക്കെ എന്റെ മുഖവും ഓർമ്മകളും നിറപ്പകർച്ച സംഭവിക്കുന്ന ഒരു ലിറ്റ്മസ് പേപ്പറാവുന്നു….

മതനിരപേക്ഷമായ പുതിയൊരു ബ്ലോഗ് കൂട്ടായ്മ

പ്രിയസത്യങ്ങൾ പറയരുത് എന്നൊരു പ്രമാണമുണ്ട്.

പക്ഷേ,സത്യങ്ങൾ സത്യങ്ങളല്ലാതാവുന്നില്ലല്ലോ.അപ്രിയമായവ നടക്കുമ്പോൾ,അപ്രിയസത്യങ്ങൾ പറയേണ്ടിവരുന്നു.

“മനുഷ്യൻ!ഹാ!എത്ര മഹത്തായ പദം!”എന്ന നക്ഷത്രത്തിളക്കമുള്ള വാചകം നമ്മളെല്ലാം പലവട്ടം കേട്ടതാണ്.

എന്നാൽ,മനുഷ്യനെ പലതട്ടുകളിലായി വർഗീകരിച്ചു നിർത്താനാഗ്രഹിക്കുന്നരുടെ ശ്രമങ്ങൾ കാലം ചെല്ലുന്തോറും ശക്തിയാർജ്ജിക്കുന്നതേയുള്ളൂ.പുതിയ മാദ്ധ്യമങ്ങളെ അവർ എളുപ്പം സ്വാംശീകരിക്കുന്നു,ഉപയോഗപ്പെടുന്നു.

ഓരോ മനുഷ്യന്റേയും സ്വകാര്യതയിൽ പെട്ടതാണ് അവന്റെ/അവളുടെ മതവിശ്വാസവും.എന്നാൽ,പൊതുസമൂഹത്തിന്റെ സകലസ്ഥലങ്ങളിലേക്കും മതചിന്തകളെ അനാവശ്യമായി കെട്ടിവലിച്ചുകൊണ്ടുവരുന്നത് ഒരു സവിശേഷമായ ലക്ഷ്യത്തോടെയാണെന്നതുറപ്പാണ്.

ഭൂതകാലത്തെയും,സ്വാതന്ത്ര്യസമരചരിത്രത്തെയും വരെ,ഇപ്പോൾ ഉപയോഗിക്കുന്നത് പ്രധാനമായും സാമ്രാജ്വത്വത്തെ ചെറുക്കാനല്ല.സാമ്രാജ്വത്വം ഇപ്പോൾ ആരുടേക്കാളും വർഗീയവാദിയുടെ മിത്രമാണ്.സ്വദേശിവാദം പറഞ്ഞുകൊണ്ടുതന്നെ വിദേശിയുടെ ഒപ്പം കിടക്കാൻ ഇന്ത്യൻ ഫാഷിസ്റ്റിന് ഇന്നു നന്നായി അറിയാം.

കഴിഞ്ഞ കുറച്ചുകാലമായുള്ള എന്റെ പരിമിതമായ ബ്ലോഗ് അനുഭവങ്ങൾ എന്നെ നയിക്കുന്ന ഒരു ഭീതി,ഞാനിന്നലെ പ്രിയസുഹൃത്ത് അനിലുമായി പങ്കുവെച്ചു.മുൻപെങ്ങുമില്ലാത്തവിധം,മതമൌലികവാദികളുടെയും,തീവ്രവാദികളുടെയും വിഹാരസ്ഥലമായി ബൂലോകം മാറുന്നു എന്നതാണ് ആ ഭീതി.ഞങ്ങളെല്ലാം ബൂലോകത്തെത്തിയിരുന്നപ്പോൾ സജീവമായി ബ്ലോഗിലുണ്ടായിരുന്ന നിരവധി ജനാധിപത്യവാദികൾ,ക്രമേണ ഉൾവലിഞ്ഞിരിക്കുന്നു.ഭീഷണമാം വിധം,മതവാദത്തിന്റെ പ്രചാരണപ്രവർത്തനം ശക്തിയാർജ്ജിക്കുകയും ചെയ്യുന്നു.അവിടെ പ്രതികരിക്കുന്നവരെ സംഘമായി ആക്രമിക്കാൻ തയ്യാറായി വിവിധകൂടുകളിൽ നിന്ന് വർഗീയവാദികൾ പുറത്തുവരുന്നു.കുറച്ചുകഴിഞ്ഞാൽ,“ഇവരോടു സംസാരിച്ചു കളയാൻ സമയമില്ല”എന്ന മനസ്സുമായി പ്രതികരിക്കുന്നവർ പിൻ‌വാങ്ങുന്നു.നാം അവഗണിക്കുന്ന ഓരോ നിസ്സാരതകളും തക്ഷകസ്വരൂപമാർജ്ജിച്ച് ആഞ്ഞുകൊത്തുന്നു.

എതിരാളികളിൽ ഭയം ജനിപ്പിച്ചുകീഴടക്കുക എന്നതൊരു ഫാസിസ്റ്റ് തന്ത്രമാണല്ലോ.പേടിയുള്ളപ്പോൾ നമ്മൾ പതുക്കെ നടക്കും.മൂർച്ചയില്ലാത്ത ഭാഷയിൽ സംസാരിക്കും.ഒരു ചിലന്തിവലയിൽ അകപ്പെട്ട പ്രതീതി സൃഷ്ടിക്കുന്ന പഴയ തന്ത്രം.അതിനെ ചെറുക്കാൻ ഒറ്റയൊറ്റയായുള്ള ശ്രമങ്ങളല്ല,സാമാനമനസ്കരുടെ സംഘം ചേർന്നുള്ള പ്രവർത്തനമാണു വേണ്ടത് എന്നു തോന്നുന്നു.എപ്പോഴത്തെയും പോലെ,ഒരുപാട് വൈകിയ ശേഷം തോന്നുന്ന പ്രതിരോധബുദ്ധി കൊണ്ട് ഗുണമില്ല.

സംഘം ചേർന്നുള്ള ഒരു പ്രതിരോധപ്രവർത്തനത്തിനു സമയമായി എന്ന ബോധ്യത്തോടെ,ഒരു പുതിയ സംരംഭത്തിനു തുടക്കമിടുകയാണ്.പുതിയൊരു കൂട്ടായ്മയും ബ്ലോഗും എന്ന ആശയം ഇന്നു രാവിലെ അനിൽ തന്റെ ബ്ലോഗിൽ പോസ്റ്റിയിരുന്നു.

ആശയപരമായ ഒരു പരിപ്രേക്ഷ്യത്തിന്റെ രൂപീകരണം എന്നതാണ് പ്രാഥമികമായി അതുകൊണ്ടുദ്ദേശിച്ചത്.നിരവധി ഗ്രൂപ്പ് ബ്ലോഗുകൾ കണ്ടു പരിചിതരായ ബൂലോകവാസികളുടെ പ്രതികരണമറിയേണ്ടതും ആവശ്യമായിരുന്നു.ലഭിച്ച പ്രതികരണങ്ങൾ ആശാവഹമായിരുന്നു.ചില പ്രധാന ചോദ്യങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തു എന്നതു സന്തോഷപ്രദമാണ്.

ആദ്യമായി പറയട്ടെ,ഈ ശ്രമം കൊണ്ട് ഇവിടെ ഒരു വലിയ വിപ്ലവം നടത്താനാവും എന്നൊന്നും കരുതുന്നില്ല.തന്നാലായ പ്രതിരോധം,അതുമാത്രം.നാട്ടുഭാഷയിൽ,ആയാലൊരു തെങ്ങ്,പോയാലൊരു തേങ്ങ.ഈ തെങ്ങിൻ തൈകൾ ഇവിടെ നടുന്നതു കൊണ്ട് നഷ്ടമൊന്നും വരാനില്ലല്ലോ.

മതനിരപേക്ഷത-മതസൌഹാർദ്ദം എന്നീ വാക്കുകളുടെ അർത്ഥവിവക്ഷകളെക്കുറിച്ചുണ്ടായ സംശയങ്ങൾക്കുള്ള മറുപടികൾ അനിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.മതം എന്ന വാക്കിന് അഭിപ്രായം എന്ന വിശാലാർത്ഥമല്ല ഇവിടെ ഉദ്ദേശിച്ചത്.അഭിപ്രായങ്ങൾ തമ്മിൽ സൌഹാർദ്ദമുണ്ടാകേണ്ടത് ആവശ്യം തന്നെ.എന്നാൽ,നിലവിലുള്ള,നൂറ്റാണ്ടുകളിലൂടെ പ്രത്യേക ആത്മീയ-വിശ്വാസതലത്തിലെത്തി നിൽക്കുന്ന വിവിധ മതങ്ങളെ സംബന്ധിച്ച്,നമ്മൾ തുടങ്ങുന്ന ബ്ലോഗിന്റെ ദർശനം മതനിരപേക്ഷത ആയിരിക്കണം എന്നു തോന്നുന്നു.നിങ്ങൾ ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നുവോ ഇല്ലയോ,അഥവാ ദൈവത്തിൽ തന്നെ വിശ്വസിക്കുന്നുവോ ഇല്ലയോ എന്നത് നിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണ്.മതമല്ല,മനുഷ്യനാണ് ലോകത്താകമാനം വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്.അതാണു പ്രാഥമികമായും പ്രധാനമായും ചർച്ച ചെയ്യേണ്ടതും,പരിഹൃതമാകേണ്ടതും.അതുകൊണ്ടു തന്നെ,മനുഷ്യന്റെ പ്രശ്നങ്ങളെക്കാൾ മതത്തിന്റെ മൌലികതയിൽ പ്രശ്നങ്ങളെ വീക്ഷിക്കുന്നതിനെതിരെ പ്രതികരിക്കേണ്ടതും പ്രതിരോധമുയർത്തേണ്ടതും അത്യാവശ്യമാണ്.ഈ പൊതു ആശയപ്രതലം ഈ ബ്ലോഗിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.അതുകൊണ്ടുതന്നെയാണ് ‘മതനിരപേക്ഷത’എന്ന വാക്ക് ഉപയോഗിച്ചതും.

ഒരു മതതീവ്രവാദികളും തമ്മിലുള്ളതിലും തീവ്രമായ സംഘട്ടനം വാസ്തവത്തിൽ നടക്കുന്നത് അവരെല്ലാം അടങ്ങുന്ന സംഘവും,മതനിരപേക്ഷരായ മനുഷ്യരും തമ്മിലാണ്.മതേതരവാദികളുടെ ഏതു ഇടപെടലിന്റെ സമയത്തും അവർ ഒന്നുചേരും,പുരോഗമനവാദികൾക്കെതിരെ അവർ നിർമ്മിക്കുന്ന “സൌഹാർദ്ദത്തിന്റെ പൊതു പ്ലാറ്റ്‌ഫോ”മിൽ നിന്ന് കൂട്ടായി ആക്രമിക്കും.ചരിത്രം,ശാസ്ത്രം,സാഹിത്യം,കല-എന്നുവേണ്ട സമസ്തമേഖലകളേയും അവർക്കിഷ്ടമുള്ള രീതിയിൽ വളച്ചൊടിക്കും.അത്തരം “കൂട്ടുകച്ചവട”ത്തിനു ആഗ്രഹമില്ല.അതുകൊണ്ടു തന്നെയാണ്,“മതസൌഹാർദ്ദം അല്ല,മതനിരപേക്ഷത ആണു ലക്ഷ്യം”എന്നു വ്യക്തമാക്കാനാഗ്രഹിക്കുന്നത്.

ഒരു കാര്യം വ്യക്തമാക്കുന്നു,നിങ്ങൾ ഈശ്വരവിശ്വാസിയാണോ അല്ലയോ എന്നത് ഈ ബ്ലോഗിലെ പങ്കാളിത്തത്തിൽ ഒരു യോഗ്യതയോ അയോഗ്യതയോ അല്ല.മനുഷ്യന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും,മതത്തിന്റെ കുപ്പായത്തിലൊളിച്ചിരുന്ന്,ഫാഷിസം പ്രസംഗിക്കുന്നവർക്കെതിരെ ഒന്നിച്ചുകൈകോർക്കാനും നിങ്ങൾ തയാറാണോ എന്നതാണ് പ്രധാനം.

മാനവികതയുടെ പക്ഷത്തു നിൽക്കുന്ന എല്ലാവർക്കും ഇവിടെ ഒന്നിച്ചു നിൽക്കാം.

“ദി ഗ്രേറ്റ് ഡിക്ടറ്റർ”എന്ന ചിത്രത്തിൽ,ഹിറ്റ്‌ലറെ പ്രതീകാത്മകമായി കളിയാക്കിക്കൊണ്ട് ചാർളിചാപ്ലിൻ അവതരിപ്പിക്കുന്ന ചാർളി എന്ന ക്ഷുരകൻ നടത്തുന്ന പ്രസംഗത്തിലെ,ഈ സന്ദർഭത്തിലേറ്റവും പ്രസക്തമായ
വരികൾ അവസാനമായി ചേർക്കുന്നു:
“ക്ഷമിക്കുക,എനിക്കു ചക്രവർത്തിയൊന്നും ആകേണ്ട.എന്റെ പരിപാടി അതല്ല.എനിക്ക് എല്ലാവരേയും സഹായിച്ചാൽ കൊള്ളാമെന്നുണ്ട്.കറുത്തവനോ,വെളുത്തവനോ,യഹൂദനോ,അല്ലാത്തവനോ,ആരായാലും.നമുക്കെല്ലാം അന്യോന്യം സഹായിക്കണം എന്നുണ്ട്.മനുഷ്യരങ്ങനെയാണ്.ലോകം മുഴുവൻ വിഷലിപ്തമായ കുറേ മതിലുകൾ ഉയർത്തപ്പെട്ടിരിക്കുന്നു.കഷ്ടപ്പാടിലേക്കും ചോരചിന്തലിലേക്കും നമ്മളെ വഴിതെറ്റിച്ചിരിക്കുന്നു.

പടപൊരുതുന്നവരേ,നിങ്ങളുടെ ജീവിതത്തെ അറുത്തുമുറിച്ചു നിർത്തുന്ന ഈ മൃഗങ്ങൾക്കു മുന്നിൽ ഒരിക്കലും നിങ്ങൾ കീഴടങ്ങരുത്-മുട്ടുമടക്കരുത്.കാരണം നിങ്ങൾ മൃഗങ്ങളോ,യന്ത്രങ്ങളോ അല്ല,മനുഷ്യരാണ്,വെറും പച്ചമനുഷ്യർ.സ്വാതന്ത്ര്യത്തിന്റെ മഹാകാശത്തിനായി പൊരുതുക,സ്വാതന്ത്യം,സ്വാതന്ത്യം,സ്വാതന്ത്യം.

ഇതേ ആശയങ്ങൾ,അധികാരദുർമോഹികളും ജനവിരുദ്ധരുമായ വർഗീയവാദികളും ആവർത്തിക്കാറുണ്ട്.അവരെല്ലാം ഒരേ തോണിയിലാണ്,ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണവർ.അവരെങ്ങനെയാണ് ആ വാഗ്ദാനങ്ങൾ നിറവേറ്റുക?അവരതു ചെയ്യുകയില്ല.മനുഷ്യനോടും പ്രകൃതിയോടുമുള്ള സ്നേഹപ്രഖ്യാപനം സ്ഥിരീകരിക്കാൻ,ജനാധിപത്യത്തിന്റെ പേരിൽ നാം ഒന്നിച്ചു നിന്ന് പൊരുതുക.

ഹന്നാ,ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ.മേഘങ്ങൾ ഉയരങ്ങളിലേക്കു മായുന്നു.സൂര്യനുദിച്ചുപൊങ്ങുന്നു!ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു വരികയാണ്.
വെറുപ്പിനും മൃഗീയതക്കും എതിരെ മനുഷ്യൻ ഉയർന്നു നിൽക്കുന്ന സ്നേഹത്തിന്റെ ലോകത്തിലേക്ക്.
ചിറകുകൾ നൽകപ്പെട്ട മനുഷ്യന്റെ ആത്മാവ് മഴവില്ലിന്റെ നേർക്കു പറന്നുയരുന്നു.പ്രതീക്ഷയുടെ വെളിച്ചത്തിലേക്കു ചിറകടിക്കുന്നു.തലയുയർത്തി നോക്കൂ,തലയുയർത്തൂ!”

അനുരാഗം പാപമോ?(സ്വവർഗമായാലും അല്ലെങ്കിലും)


മിഥുൻ എന്ന മിടുക്കൻ,ഒന്നാം വർഷ വിദ്യാർത്ഥിയായി വന്നപ്പോൾ മുതൽ ഞങ്ങളുടെ നോട്ടപ്പുള്ളിയായിരുന്നു.കേരളത്തിലെ ചരിത്രപ്രസിദ്ധമായ കോളേജിലെ എന്റെ ബിരുദപഠനകാലം.കാമ്പസ് രാഷ്ട്രീയം തിളച്ചുമറിയുന്ന ധമനികൾ.പുതുതായി വരുന്ന ബാച്ചിലുള്ള മിടുക്കന്മാരെ ആദ്യമേ സംഘടനയിലേക്കു കൊണ്ടുവരിക എന്ന ദൌത്യം സ്വാഭാവികമായും എന്നെ മിഥുന്റെ അടുത്തെത്തിച്ചു.നന്നായി പാടും,ചെറുതായി കവിതയെഴുതും,കാണാനും ഒരു പ്രത്യേക ആകർഷണീയതയുണ്ട്(ഇലൿഷനു നിർത്തിയാൽ പെമ്പിള്ളേരുടെ വോട്ട് ഉറപ്പ്!)ക്രമേണ ഒരുവനെ സംഘടനയിലെത്തിക്കാനുള്ള സർഗവൈഭവം ഞങ്ങൾക്കു വേണ്ടത്രയുള്ളതിനാൽ,മിഥുൻ ചാക്കിലാവാൻ അധികം വൈകിയില്ല.ഒന്നാംവർഷബിരുദം പൂർത്തിയായപ്പോഴേക്കും,ഒരു കുട്ടിനേതാവായിക്കഴിഞ്ഞിരുന്നു മിഥുൻ.അടുത്ത ഇലൿഷനിൽ ആർട്സ് ക്ലബ്ബ് സെക്രട്ടറി സീറ്റ് ഉറപ്പായി എന്നു ധരിച്ചിരിക്കുമ്പോഴാണ്,ഞങ്ങളുടെ രാഷ്ട്രീയസ്വപ്നങ്ങളേയും മിഥുന്റെ ജീവിതസ്വപ്നങ്ങളേയും തന്നെ മാറ്റി മറിച്ച സംഭവമുണ്ടായത്.
കോളേജ് ഹോസ്റ്റലിൽ പുതിയ വാർഡനായി,സദാചാരത്തിന്റെ മൂർത്തീമദ്ഭാവമായ മൂർത്തിസാർ ചാർജെടുത്തിരുന്നു.ഉഗ്രമൂർത്തിയായ മൂർത്തിസാർ ഒരു രാത്രിയിൽ ഹോസ്റ്റൽ വരാന്തയിലൂടെ നടക്കുമ്പോൾ,ഒരു മുറിയിൽ നിന്ന് ചില അപശബ്ദങ്ങൾ കേട്ടു.ജനൽ വഴി നോക്കിയപ്പോൾ പിറന്ന പടി കിടക്കുന്ന മിഥുനേയും റൂം‌മേറ്റായ നവനീതിനേയും കണ്ടുവത്രേ.അദ്ദേഹത്തിന്റെ സകലസദാചാരഞരമ്പുകളിലേയും വിശുദ്ധരക്തം തിളച്ചു.അന്ന് അവിടെ കൂടിയ മുഴുവൻ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കും മുന്നിൽ ചോദ്യം ചെയ്തതു പോരാഞ്ഞ്,പിറ്റേന്നു രാവിലെത്തന്നെ രണ്ടു കുറ്റവാളികളേയും അദ്ദേഹം പ്രിൻസിപ്പാൾക്കു മുന്നിൽ ഹാജരാക്കി.പ്രിൻസിപ്പാൾ മാഡം,മൂർത്തിസാറുമായി സദാചാരനിഷ്ഠയുടെ കാര്യത്തിൽ ഒരു മത്സരാർത്ഥിയായിരുന്നതുകൊണ്ട്,ടീച്ചർ രണ്ടുപേരുടേയും രക്ഷിതാക്കളെ കണാതെ ഒന്നും സംസാരിക്കില്ല എന്നു തീർത്തു പറഞ്ഞു.അന്ന് അവിടെ കൂടിയ സഹപാഠികളുടേയും അദ്ധ്യാപകരുടേയും പരിഹാസഭാവത്തിനും പുച്ഛചിരികൾക്കും ഇടയിൽ,ഉരുകിയൊലിച്ചു നിന്ന മിഥുന്റെ മുഖം എനിക്കിന്നും നല്ല ഓർമ്മയുണ്ട്.അന്നു വൈകുന്നേരം ഞങ്ങളുടെ മുന്നിൽ മിഥുൻ കരഞ്ഞുകൊണ്ടു പറഞ്ഞ വാക്കുകളും-“ഞങ്ങൾക്കിനി തമ്മിൽ കാണാനായില്ലെങ്കിലും കുഴപ്പമില്ല.അവനെ ഒന്നും ചെയ്യാതിരുന്നാൽ മതിയായിരുന്നു”.പിറ്റേന്ന്,മിഥുന്റെ അച്ഛൻ വന്ന്,ഞങ്ങളുടെയെല്ലാം എതിർപ്പുകളെ കണക്കാക്കാതെ,അവനെ ടി.സി.വാങ്ങി കൊണ്ടുപോയി.(ഇത്തരം പ്രശ്നങ്ങളിൽ സഖാവ് കൂറേക്കൂടി സൂക്ഷിച്ചിടപെടണം എന്ന മേൽക്കമ്മിറ്റി നിർദ്ദേശം എനിക്കു കിട്ടി എന്നതു വാൽക്കഷ്ണം)
എന്തായാലും,കാമ്പസിൽ നിന്നു പിരിഞ്ഞ്,ഉപരിപഠനാർത്ഥമുള്ള വിദേശപര്യടനവും കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഒരു ദിവസം എന്റെ പഴയൊരു സഹപാഠിയെ കണ്ടു മുട്ടിയപ്പോൾ ഞാൻ മിഥുന്റെ കാര്യമന്വേഷിച്ചു.മിഥുനെ അവന്റെ അച്ഛൻ ഫ്രാൻസിലേക്ക്,അവന്റെ അമ്മാവന്റെ അടുക്കലേക്ക് അയച്ചുവത്രേ.ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ മഹാപാപിയാണ് ഞെട്ടിച്ചത്.നവനീത് രണ്ടു വർഷത്തിനു ശേഷം ആത്മഹത്യ ചെയ്തു.ആ‍ ദുരന്തത്തിൽ മിഥുനുമായുള്ള പ്രശ്നങ്ങൾക്ക് എന്തെങ്കിലും പങ്കുണ്ടായിരുന്നുവോ എന്നൊന്നും വ്യക്തമല്ല.
പിന്നീട് നിരവധി സ്വവർഗാനുരാഗികളെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും,ഈ സംഭവം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നതാണ്.ഇതൊരു കഥയല്ല,യാഥാർത്ഥ്യമാണ്.പേരുകൾ മാറ്റിയിട്ടുണ്ട്.
അന്നു വൈകുന്നേരത്തെ മിഥുന്റെ കരച്ചിലിൽ ഞാൻ ഒരു പുതിയ അറിവ് നേടുകയായിരുന്നു.തമ്മിൽ ഇനി കണ്ടില്ലെങ്കിലും, സുഖമായിരുന്നാൽ മതിയെന്നു വേദനിക്കുന്ന പ്രണയിയുടെ മനസ്സ് സ്വവർഗപ്രണയികളിലും ഉണ്ട് എന്ന്.ശരീരതൃഷ്ണകൾ മാത്രമല്ല,ആഴത്തിൽ പ്രണയം വേരൂന്നിയ മനസ്സും അവരിൽ പ്രവർത്തിക്കുന്നുണ്ട് എന്ന്.തമ്മിൽ പങ്കുവെക്കപ്പെടുന്നത് ശരീരം മാത്രമല്ല,സ്നേഹത്തിന്റെ ചോരനിറം പുരണ്ട ഹൃദയം കൂടിയാണ് എന്ന്.ഞാനടക്കമുള്ള ഭൂരിപക്ഷം എങ്ങനെയാണോ പ്രണയത്തിന്റെ മുനകൂർത്ത മൂർച്ചകൾ കൊണ്ടു വേദനിച്ചിരുന്നത്,അതിനു സമാനമാണ് സ്വവർഗപ്രണയിയുടേയും മനസ്സ് എന്ന്.അന്നത്തെ എന്റെ അനുഭവലോകത്തിന്റെ പരിമിതവൃത്തത്തിൽ, ചില സന്ദേഹങ്ങളുമായി ഇരിക്കാനേ എനിക്കു കഴിയുമായിരുന്നുള്ളൂ.
മനുഷ്യർ പരസ്പരം സ്നേഹിക്കുന്നത്,അത് ഏതു നിലയിലായാലും പാപമാണ് എന്നോ,മനോരോഗമാണ് എന്നോ ധരിക്കുവാൻ ഞാൻ തയ്യാറല്ല.മനുഷ്യർ തമ്മിൽ യുദ്ധം ചെയ്യുന്നതാണു പാപം.ചരിത്രത്തിൽ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധങ്ങൾ നയിച്ച,സത്യം പറഞ്ഞവരെ ചുട്ടുകൊന്ന മതമേധാവികൾ പ്രണയത്തെ പാപമായി കണക്കാക്കുന്നതിൽ അത്ഭുതമില്ല.അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾക്കും മായ്ക്കാനാവാത്ത രക്തഗന്ധമുള്ള കൈകളുമായി അവർ നടത്തുന്ന സദാചാരപ്രസംഗം എന്നെ പുളകം കൊള്ളിക്കുകയുമില്ല.ഡൽഹി ഹൈക്കോടതിയുടെ വിധി ഉയർത്തുന്ന ചോദ്യങ്ങൾ ചരിത്രത്തെയും സാമൂഹ്യശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും മനശ്ശാസ്ത്രത്തെയും കൂടുതൽ സംവാദാത്മകമാക്കുന്നു.
അനുരാഗത്തിന്റെ അപരസ്ഥലങ്ങൾ
-------------------------------------







മനുഷ്യന്റെ ലൈംഗികചോദനകൾ,വിസ്മയാവഹമാം വിധം വൈചിത്രങ്ങളുൾക്കൊള്ളുന്നതാണ്.ഭൂരിപക്ഷം മനുഷ്യരും എതിർവർഗത്തിലുള്ളവരുമായുള്ള ലൈംഗികതയിൽ തൽ‌പ്പരരാകുമ്പോൾ(Heterosexuality)ഒരു ന്യൂനപക്ഷം സ്വവർഗത്തിൽ തന്നെയുള്ളവരുമായി ലൈംഗികാഭിവാഞ്ജയുള്ളവരാകുന്നു.(Homosexuality)അതിലും ചെറിയ ഒരു ന്യൂനപക്ഷത്തിന് ലൈംഗികചോദനകളേ ഇല്ല.(Asexual)മറ്റുചിലർ രണ്ടുവർഗത്തിൽ പെട്ടവരോടും ലൈംഗികചോദനകളുള്ളവരാണ്(Bisexuality)ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ മറ്റു ചില വിഭാഗങ്ങളുണ്ട്,ആണും പെണ്ണുമല്ലാത്ത നപുംസകങ്ങൾ(Eunuch)പോലുള്ളവ.ഇവരെല്ലാം അടങ്ങുന്ന മനുഷ്യസംഘാതമാണ് നാമറിയുന്നിടത്തോളമുള്ള ചരിത്രഘട്ടങ്ങളിൽ ഭൂമിയെ മനുഷ്യന്റെ ആവാസ-വിഹാരരംഗമാക്കി മാറ്റിയത്.നപുംസകങ്ങൾ പോലെയുള്ള അപരലൈംഗികവിഭാഗങ്ങളുടെ സവിശേഷശരീര-മാനസിക നില താരത‌മ്യേന പ്രത്യക്ഷമായിക്കാണുമ്പോൾ,സ്വവർഗാനുരാഗികളുടെ ശരീര-മാനസികനില പ്രത്യക്ഷമായിക്കൊള്ളണമെന്നില്ല.അതിനാൽ,ഭൂരിപക്ഷത്തിലലിഞ്ഞ് നിലനിൽക്കുന്ന ന്യൂനപക്ഷമായി അവർ എല്ലാക്കാലവും ഉണ്ടായിരുന്നു.എന്നാൽ,ഭൂരിപക്ഷത്തിന്റെ പൊതുസ്വരൂപത്തിൽ നിന്നകന്ന് അവർ പ്രത്യക്ഷമായാൽ,അവരെ പാപികളായും മനോരോഗികളായും മുദ്രകുത്തുന്ന പ്രവണത എല്ലാക്കാലവും നിലനിൽക്കുകയും ചെയ്തു.ചില പ്രാക്തനസമൂഹങ്ങളിൽ,സ്വവർഗാനുരാഗികൾക്കും നപുംസകങ്ങൾക്കും സ്ഥാനങ്ങൾ നൽകി ആദരിച്ചിരുന്നുവെങ്കിലും.ഭൂരിപക്ഷത്തിന്റെ ലൈംഗികചോദനകളെ നിയന്ത്രിക്കുന്നത് എന്നും പുരുഷന്റെ കാമനകളായിരുന്നു താനും.
സ്വവർഗലൈംഗികതയെ വളർച്ചനഷ്ടപ്പെട്ട ലൈംഗികതയുടെ ബാക്കിപത്രമായാണ് സിഗ്മണ്ട് ഫ്രോയ്ഡ് കണ്ടത്.എല്ലാ മനുഷ്യരിലും സ്വവർഗാനുരാഗത്തിന്റെ വിത്ത് ഉണ്ട് എന്ന ഫ്രോയ്ഡിന്റെ വാചകം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.ആധുനികമനശ്ശാസ്ത്രജ്ഞന്മാർ,ഫ്രോയ്ഡിന്റെ സ്വവർഗലൈംഗികവീക്ഷണത്തെ തള്ളിക്കളഞ്ഞു.സുനിയതമായ മനോരോഗങ്ങളെ നിർവ്വചിക്കാൻ ആധുനികവൈദ്യശാസ്ത്രം ഉപയോഗപ്പെടുത്തുന്ന ഡയഗ്നോസ്റ്റിക് സ്റ്റാറ്റിറ്റിക്കൽ മാനുവലിൽ 1980 വരെ മനോരോഗമെന്ന നിലയിൽ ഉൾപ്പെട്ടിരുന്ന സ്വവർഗലൈംഗികതയെ,കൂടുതൽ സൂക്ഷ്മമായ പഠനങ്ങളുടെ വെളിച്ചത്തിൽ അതൊരു സ്വാഭാവികലൈംഗികചോദനയാണെന്നു കണ്ട് മനോരോഗപദവിയിൽ നിന്ന് എടുത്തുനീക്കി.പുതിയ അറിവുകളുടെ വെളിച്ചത്തിൽ നിരവധി രാജ്യങ്ങൾ സ്വവർഗാനുരാഗത്തിനുണ്ടായിരുന്ന നിയമനിരോധനം എടുത്തുകളഞ്ഞു.
പ്രണയത്തെ പാപമായി കണക്കാക്കുന്ന സാമൂഹ്യാന്തരീക്ഷത്തിന്റെ സൃഷ്ടിയായ സ്വവർഗാനുരാഗികളോടുള്ള ക്രൂരസമീപനം വാസ്തവത്തിൽ സമൂഹമനസ്സിൽ ആഴത്തിൽ വേരോടിയിരിക്കുന്ന പുരുഷാധിപത്യചിന്തകളോടും സ്ത്രീവിരുദ്ധതയോടും ബന്ധപ്പെട്ടിരിക്കുന്നു.പൌരുഷത്തിന്റെയും സ്ത്രീത്വത്തിന്റെയും സാക്ഷാത്കാരങ്ങളായി നാം നിർവ്വചിച്ചിരിക്കുന്ന പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും വ്യവസ്ഥാപിതഘടനക്കു വരുന്ന ആഘാതങ്ങൾ ആത്യന്തികമായി പുരുഷാധിപത്യത്തിനും ഏൽക്കും എന്ന തിരിച്ചറിവുകൂടിയാണ് ഈ സദാചാരത്തിന്റെ മിഥ്യാവബോധത്തെ സൃഷ്ടിക്കുന്നത്.
സർഗ്ഗാത്മകബന്ധങ്ങളുടെ നിരോധിതഭൂമി
---------------------------------------------

“ഈദിക്കിൽ ഒരു സൌന്ദര്യമുള്ള സ്ത്രീക്ക് വല്ല വിദ്യാഭ്യാസവും ഉണ്ടായാൽ അവളുമായി സംസാരിച്ചു വിനോദിപ്പാൻ പോകുന്ന എല്ലാ പുരുഷന്മാരും അവളുടെ രഹസ്യക്കാരാണെന്നു ക്ഷണേന ഊഹിച്ചുകളയുന്നു.ഇതിൽ എത്ര സത്യമുണ്ട്?ഒരു സ്ത്രീക്കു പതിവ്രതാധർമ്മത്തെ അശേഷം കളയാതെ അന്യപുരുഷന്മാരുമായി പലവിധത്തിനും വിനോദിപ്പാനും രസിപ്പാനും സംഗതികളും സ്വതന്ത്രതകളും ഉണ്ടാവാം…എന്റെ വിചാരത്തിൽ സ്ത്രീകൾക്കു സ്വാതന്ത്യം കൊടുക്കാതെ മൃഗങ്ങളെപ്പോലെ വളത്തിക്കൊണ്ടുവരുന്നതാണ് വ്യഭിചാരത്തിനു അധികവും ഹേതു എന്നാകുന്നു…ഈ സ്വതന്ത്രത ഉണ്ടാകുന്നതു നല്ലതാണ്.എന്നാൽ അതു വേണ്ട ദിക്കിലേ ഉപയോഗിക്കാവൂ.ചിലപ്പോൾ ചിലർ വേണ്ടാത്ത ദിക്കിലും ഉപയോഗിക്കുന്നുണ്ടായിരിക്കാം.അതുകൊണ്ട് അവമാനവും സിദ്ധിക്കുന്നുണ്ടായിരിക്കാം.എന്നാൽ അത് സ്വതന്ത്രതയുടെ ദോഷമല്ലാ.അതിനെ തെറ്റായി ഉപയോഗിക്കുന്നതിന്റെ ദോഷമാണ്.”ഒ.ചന്തുമേനോൻ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലെഴുതിയ ഇന്ദുലേഖ എന്ന നോവലിലെ ഈ അഭിപ്രായത്തിനു ശേഷം ഒരു നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു.കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയചരിത്രം വലിയ പരിണാമങ്ങൾ കണ്ട ശതാബ്ദം.സ്ത്രീവിമോചനപ്രസ്ഥാനങ്ങളുടെ ദീർഘകാലത്തെ പ്രയത്നം കൊണ്ടും ചന്തുമേനോൻ ഒരു നൂറ്റാണ്ടു മുൻപു വിവക്ഷിച്ച സ്വാതന്ത്യതലത്തിലേക്കു പോലും കേരളത്തിന്റെ പൊതു സ്ത്രീസമൂഹത്തിനു നടന്നെത്താനായിട്ടില്ല.വിവാഹത്തട്ടിപ്പും സ്ത്രീധനപീഡനവും പുതിയ തലങ്ങളിലേക്കു വികസിക്കുകയല്ലാതെ,ഒട്ടും കുറഞ്ഞിട്ടില്ല.പുരുഷന്റെ ഇഷ്ടാനുസരണം ജീവിക്കുന്ന,അവന്റെ സുഖതൃഷ്ണകൾക്കായുള്ള ഒരുപകരണമാണ് സ്ത്രീ എന്ന ഭൂരിപക്ഷ കാഴ്ച്ചപ്പാടിൽ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല.കേരളസമൂഹത്തിലെ ഭൂരിപക്ഷമായ സ്ത്രീകൾക്കു തന്നെ വേണ്ട വിധത്തിൽ നീതി ലഭിക്കുന്നില്ല.പിന്നെങ്ങനെ ന്യൂനപക്ഷമായ സ്വവർഗാനുരാഗികൾക്കുണ്ടാകും?ചന്തുമേനോൻ എഴുതിയതിൽ നിന്നുദ്ധരിച്ച അവസാനത്തെ നാലു വാചകങ്ങളോളം തലസ്പർശിയായ,സ്വാതന്ത്ര്യസംബന്ധിയായ മറ്റു വാചകങ്ങൾ മലയാളത്തിലധികമുണ്ടെന്നു തോന്നുന്നില്ല.ചിലർ വേണ്ടാത്ത ദിക്കിൽ ഉപയോഗിക്കുന്നതുകൊണ്ട് അവമാനം സിദ്ധിക്കുന്നുവെങ്കിൽ,അതു സ്വാതന്ത്യ്രത്തിന്റെ ദോഷമല്ല,മറിച്ച് തെറ്റായി ഉപയോഗിക്കുന്നതിന്റെ കുഴപ്പമാണ് എന്നത് ഏതു ജനാധിപത്യവിശ്വാസിയും മനസ്സിലാക്കേണ്ട തത്വമാണ്.സ്വവർഗാനുരാഗികളുടെ തൃഷ്ണകളെ കളിയാക്കിയും,ക്രൂരമാം വിധം അപഹസിച്ചും,സിനിമയടക്കം സകലകലാരൂപങ്ങളുടേയും ആയുധങ്ങൾ ഉപയോഗിച്ചു വൈകൃതമായി ചിത്രീകരിച്ചും രസിക്കുന്ന സമൂഹം സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനാദർശത്തെത്തന്നെയാണു ചവിട്ടിത്തേക്കുന്നത്.
സ്ത്രീവിരുദ്ധത-സ്വവർഗാനുരാഗം
------------------------------------




കഴിഞ്ഞ നൂറ്റാണ്ടിലെ മനോവിശ്ലേഷണവ്യവഹാരം,പ്രത്യേകമായി ഫ്രോയ്ഡിയൻ/ലക്കാനിയൻ മനോവിശ്ലേഷണസിദ്ധാന്തങ്ങൾ,ലൈംഗികതയെ സ്ഥാപനവൽക്കരിക്കുകയും സ്ത്രീലൈംഗികതയെ പുരുഷലൈംഗികതയുമായി ചേർത്ത് വിശദീകരിക്കുകയും ചെയ്തു.സ്ത്രീലൈംഗികതയെക്കുറിച്ചുള്ള മനോവിശ്ലേഷണസിദ്ധാന്തങ്ങൾ മിക്കവാറും ഫെമിനിസ്റ്റ് ദർശനങ്ങളെ പ്രതിലോമമായി ബാധിക്കുന്നവയായിരുന്നു.മനോവിശ്ലേഷണക്ലിനിക്കു തന്നെ സ്ത്രീലൈംഗികതയെ അടിച്ചമർത്തേണ്ട ഒന്നായി വിശേഷിപ്പിക്കുന്നതാണ്.മനോവിശ്ലേഷകൻ പിതൃകേന്ദ്രിതമായ സാംസ്കാരികവ്യവസ്ഥയുടെ പ്രതിനിധിയാണെന്ന് മേരിദാലി Therapist എന്ന വാക്കിനെ സാർത്ഥകമായി The-rapist എന്നു പിരിച്ചെഴുതി സൂചിപ്പിച്ചിരുന്നു.ആധുനിക മനോവിശ്ലേഷണത്തിന്റെ പുരുഷധ്രുവീയത എല്ലാ ജ്ഞാനമണ്ഡലങ്ങളിലും അപകടകരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.ലൈംഗികതയെ ചൂഴ്ന്നു നിൽക്കുന്ന മനോരഹസ്യങ്ങൾ അനാവരണം ചെയ്യാൻ ഫ്രോയ്ഡ് കണ്ട വഴി പുരുഷലൈംഗികതയുടെ വെളിച്ചത്തിൽ സ്ത്രീലൈംഗികതയെ വിശദീകരിക്കുക എന്നതായിരുന്നു.പൊതുധാരയിൽ നിന്നകന്നു സഞ്ചരിച്ച,ജാക്വിലിൻ റോസിനേപ്പോലുള്ള അപൂർവ്വം ഫെമിനിസ്റ്റ് മനോവിശ്ലേഷകരേയുള്ളൂ.ലെസ്ബിയനിസം,ലെസ്ബിയൻ അനുഭവം എന്നിവയെ പിതൃനിർണീതമായ നിയമത്തിനെതിരായ മനോരോഗപരമായ ബദലായി കണ്ട ജൂലിയ ക്രിസ്‌തേവ,ലെസ്ബിയനിസത്തെ സ്വത്വനഷ്ടം,സംഘർഷം,ചിത്തവിഭ്രമം എന്നിവയുമായാണ് ചേർത്തുവെക്കുന്നത്.ലെസ്ബിയൻ ഭാഷണം,മനോരോഗസഹജമായ പദങ്ങളുടെ സംഘാതമാണ്.അതുകൊണ്ട് ലെസ്ബിയൻ ലൈംഗികതയെന്നത് വിശകലനാതീതമാണ് എന്ന് ക്രിസ്‌തേവ അഭിപ്രായപ്പെടുന്നു.സ്ത്രീലൈംഗികതയെക്കുറിച്ച് ഫ്രോയ്ഡ് നടത്തിയ നിരീക്ഷണങ്ങളിൽ നിന്ന് ഏറെയൊന്നും ദൂരം ക്രിസ്‌തേവയുടെ സിദ്ധാന്തവൽക്കരണശ്രമങ്ങൾക്കില്ല.ആദർശാത്മകമെന്ന പശ്ചാത്തലം സൃഷ്ടിച്ച്,ചില സാമൂഹിക-ജൈവപ്രവർത്തനങ്ങളെ മാത്രം അംഗീകരിക്കുകയും മറ്റുള്ളവയെ മുഴുവൻ അരിച്ചുമാറ്റുകയും ചെയ്യുന്ന ഒരു സാംസ്കാരികോപകരണമായി ലൈംഗികസാദാചാരസങ്കൽ‌പ്പനങ്ങളെ ഉപയോഗിക്കുന്നതിന് സിദ്ധാന്തമാനം നൽകുന്നതിന്റെ അപകടം പലരും തിരിച്ചറിഞ്ഞു എന്നും തോന്നുന്നില്ല.
സ്ത്രീവിരുദ്ധനായി ജീവിക്കുന്നതാണ് പൌരുഷം എന്നും,സ്ത്രീകളെ പീഡിപ്പിക്കുന്നത് അഭിമാനകരമായ ജീവിതവൃത്തിയാണെന്നും ധരിച്ചിരിക്കുന്ന പുരുഷവർഗത്തിൽ സ്വവർഗാനുരാഗത്തെ അനുരാഗമെന്നു തിരിച്ചറിയാൻ തന്നെ പ്രയാസമാണ്.പുരുഷന്റെ അധീശത്വത്തെ ഭയന്ന്,തന്റെ ആത്മാവിഷ്കാരങ്ങളെ ഉള്ളിലടക്കി ജീവിക്കുന്ന സ്ത്രീകളും തന്റെ അധികാരലോകത്തിന്റെ നഷ്ടവും അപഹാസ്യതയും ഭയന്ന്,സ്വന്തം സ്വത്വം മറച്ചുപിടിക്കുന്ന പുരുഷരും അടങ്ങുന്ന സമൂഹത്തിലാണ് അദൃശ്യരായി നിരവധി സ്വവർഗാനുരാഗികളും ജീവിക്കുന്നത്.പൊതുസമൂഹത്തിന്റെ അഭിപ്രായഗതികൾക്കനുസൃതമായി ഉപരിതലത്തിൽ പ്രതികരിക്കുകയും,അന്തർമണ്ഡ‌ലത്തിൽ സ്വവർഗാനുരാഗിയായിരിക്കുകയും ചെയ്യേണ്ട അവസ്ഥ അവരിൽ സമൂഹം അടിച്ചേൽ‌പ്പിക്കുന്നത്,പരമ്പരാഗതമായ നിരവധി ആയുധങ്ങളിലൂടെയാണ്.അവയിൽ ഏറ്റവും പ്രധാനമായ ആയുധമാണ് മതം.




സദാചാരത്തിന്റെ കപടകാവൽ‌സൈന്യം
-------------------------------------------
എല്ലാ മതങ്ങളുടേയും ആധാരതത്വം,പരസ്പരസ്നേഹത്തിലും സമാധാനത്തിലുമധിഷ്ഠിതമാണെന്നത് ഒരു ലളിതസത്യമാണ്.ലോകം കണ്ട ഏറ്റവും രക്തരൂക്ഷിതമായ മിക്ക യുദ്ധങ്ങളിലും മതങ്ങളോളം പങ്ക് മറ്റൊന്നിനുമില്ല എന്നത് ഒരു നഗ്നസത്യവും.മതമുൾപ്പെടെ നിലനിൽക്കുന്ന ഒരു സ്ഥാപനവും ചരിത്രബാഹ്യമല്ലല്ലോ.ഉൽ‌പ്പാദനങ്ങളുടേയും ഉൽ‌പ്പാദനമിച്ചങ്ങളുടേയും ഉടമ പുരുഷനായിത്തീരുന്ന ഒരു ചരിത്രസന്ധിയിലാണ് എല്ലാ മതവും ഉടലെടുത്തിട്ടുള്ളത്.അതായത്,ഏതു മതഘടനയും ആൺകോയ്മാവ്യവസ്ഥയിൽ നിന്നുരുവം കൊണ്ടതാണ്.അടിസ്ഥാനപരമായി സ്ത്രീവിരുദ്ധത മതഘടനയിൽ ഉൾച്ചേർന്നിരിക്കുന്നു.ഏതു മതഘടനയുടേയും അധികാരകേന്ദ്രത്തിലുള്ളത് പുരുഷനാണെന്നു കാണാം.പുരുഷനുമായുള്ള ബന്ധത്തെ ആസ്പദിച്ചുമാത്രമാണ് സ്ത്രീയുടെ നില.അവളുടെ ശാരീരികാവസ്ഥകളേപ്പോലും വരുതിയിലാക്കുന്നതിൽ മതങ്ങൾ വഹിച്ച പങ്ക് നിർണ്ണായകമാണ്.
കുടുംബവ്യവസ്ഥക്കകത്ത് സ്ത്രീയുടെ അടിമത്തം ഉറപ്പിച്ചതിലെ ഏറ്റവും വലിയ പങ്ക് മതങ്ങളുടെ താല്പര്യങ്ങളായിരുന്നു.കുടുംബത്തിനുള്ളിലെ പുരുഷന്റെ,അച്ഛനോ മകനോ സഹോദരനോ അമ്മാവനോ ആരുമാകട്ടെ,നിരവധി സുഖങ്ങൾക്കുള്ള ത്യാഗമനുഷ്ഠിക്കാൻ ഒരുവളെ ചുമതലപ്പെടുത്തിയത് പ്രധാനമായും മതങ്ങളാണ്.നിഷ്കാമമായനുഷ്ഠിക്കേണ്ട നിർബ്ബന്ധിതവൃത്തികളാണ് അവൾക്കു ഗൃഹപ്രവർത്തനങ്ങൾ.
മുതലാളിത്തത്തിന്റെ ലാഭതന്ത്രങ്ങളിലൊന്നു കൂടിയാണ് മതപരമായ കുടുംബം നിലനിർത്തുക എന്നത്.മതം അനുശാസിക്കുന്ന പാരമ്പര്യകർത്തവ്യങ്ങളിലൂന്നിക്കൊണ്ടാണ് സ്ത്രീപുരുഷന്മാരിലൂടെ മുതലാളിത്തം സ്വന്തം ഉൽ‌പ്പന്നങ്ങൾ വിറ്റു കാശുണ്ടാക്കുക.ഗൃഹോപകരണങ്ങളും സൌന്ദര്യസംവർദ്ധനവസ്തുക്കളുമടക്കം ഉപഭോഗസാദ്ധ്യതകളുടെ വൻ‌വിപണിയാണ് സ്ത്രീശരീരത്തെ ‘പരസ്യ’മായി ഉപയോഗിക്കുന്നത്.മിക്കവാറും ഉപഭോക്താവും ഉപഭോഗവസ്തുവും ഇവൾ തന്നെയാണ്.ഉടമസ്ഥത കുറവായതുകൊണ്ടാണ് അവൾ ഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കുന്നത്.ഇക്കാര്യത്തിൽ മുതലാളിത്തത്തിന്റെ വിശ്വസ്തസഹായി മതമാണ്.
മതവും മുതലാളിത്തവുമായുള്ള ഈ അവിശുദ്ധചങ്ങാത്തത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഏതു നീക്കത്തെയും ചെറുക്കാൻ അവർ ദത്തശ്രദ്ധരാണ്.നിലവിലുള്ള ഘടനകളിൽ എവിടെയെങ്കിലും വീഴുന്ന നേർത്ത പൊഴികൾ മതി,അതു വളർന്ന് ശാസ്ത്രബോധത്തിന്റെ പിൻബലത്തോടെ ജനസാമാന്യത്തെ ഉണർത്തുന്നതാണു ചരിത്രം എന്നവർക്കറിയാം.സ്വവർഗാനുരാഗികളുടെ അവകാശം അത്തരത്തിൽ ഗൌരവാവഹമായ ഒരു രാഷ്ട്രീയപ്രശ്നം കൂടിയാകുന്നു.സ്വവർഗാനുരാഗത്തെക്കുറിച്ചുള്ള കോടതിവിധി വന്നപ്പോൾ സദാചാരത്തിന്റെ കാവൽ‌സൈന്യമായി കാവിയും ളോഹയും താടിയും വെച്ചു ചാനലുകളിൽ ഇറങ്ങിയ പരിശുദ്ധരുടെ പിന്നിലുള്ള ആശയലോകത്തിന് അപായകരാമയ രാഷ്ട്രീയധ്വനികളുണ്ട്.


സമൂഹമേൽക്കാത്ത കുറ്റകൃത്യങ്ങൾ
------------------------------------
സ്വവർഗാനുരാഗികളുടെ കാര്യത്തിൽ സമൂഹം ഏറ്റെടുക്കാത്ത ചില കുറ്റകൃത്യങ്ങൾ കൂടിയുണ്ട്.സ്വാഭാവികമായും അവ സ്ത്രീയുടെ തലയിൽ ചെന്നുവീഴുന്നു.ഈ അവസ്ഥയുടെ വിശദീകരണത്തിന് ഒരു അനുഭവം കൂടി പങ്കുവെക്കട്ടെ:
ഒരു ധനികകുടുംബത്തിലെ അംഗമായ എന്റെയൊരു സുഹൃത്തിന്റെ വിവാഹം,നാട്ടുകാരെല്ലാം കൊണ്ടാടിയ ഒരു വിവാഹമഹോത്സവമായിരുന്നു.അന്ന് ബി രിയാണിതിന്നു ആശംസകളും നൽകി വീട്ടിൽ പോയവർ ആറേഴുമാസം കഴിഞ്ഞപ്പോൾ കേൾക്കുന്നത്,വധു ഭർതൃഗൃഹത്തിലെ ഡ്രൈവർക്കൊപ്പം ഒളിച്ചോടി എന്ന വാർത്തയാണ്.അവനേപ്പോലെ മിടുക്കനും സുന്ദരനും പണക്കാരനും ആയ ഒരുവനെ വിട്ട് ഡ്രൈവർക്കൊപ്പം അവളെന്തിനൊളിച്ചോടി എന്ന വിഷയം നാട്ടുകാർ ഒരുപാടു ചർച്ച ചെയ്തു കാണണം.വാസ്തവത്തിൽ വിഷയം അവൻ ഒരു പൂർണ്ണ സ്വവർഗാനുരാഗി ആയിരുന്നു എന്നതായിരുന്നു.എല്ലാവരും അവളെ കുറ്റപ്പെടുത്തി,ചിലപ്പോൾ നാളെ ആ ഡ്രൈവറും അവളെ ഉപേക്ഷിച്ചേക്കാം.ഒരിക്കൽ ഏതെങ്കിലും കടത്തിണ്ണയിലോ റൈയിൽ‌വേ സ്റ്റേഷനിലോ ഞാനവളെ കണ്ടേക്കാം.ആരാണ് വാസ്തവത്തിൽ ഇതിനുത്തരവാദി?അവനെ പൂർണ്ണമായി കുറ്റപ്പെടുത്താനാവില്ല.അവന്റെ ചോദനകളെ സമചിത്തതയോടെ കാണാൻ തയ്യാറല്ലാത്ത ഫ്യൂഡൽകുടുംബത്തെക്കുറിച്ചും,വാസ്തവം പുറത്തറിഞ്ഞാൽ നഷ്ടമാകുന്ന പുരുഷാധികാരപശ്ചാത്തലത്തെക്കുറിച്ചും,സമൂഹത്തിൽ നിന്നു നേരിടേണ്ടിവരുന്ന ക്രൂരമായ പരിഹാസത്തെക്കുറിച്ചുമുള്ള ഭയത്താൽ അവൻ നിലവിലുള്ള വ്യവസ്ഥക്കു വഴങ്ങിക്കൊടുക്കുകയായിരുന്നു.വാസ്തവത്തിൽ,സമൂഹമാണ് ഈ ദുരന്തത്തിനെല്ലാം ഉത്തരവാദി.എന്നാൽ,കുറ്റം മുഴുവൻ സ്ത്രീയുടെ തലയിൽ നിക്ഷേപിച്ചു പരിചയമുള്ള സമൂഹം നിഷ്പ്രയാസം കൈകഴുകുന്നു.
ഈ കോടതിവിധി,കൂടുതൽ സംവാദങ്ങൾക്കു വിധേയമാകേണ്ടതാണ്.ഞാനൊരു സ്വവർഗാനുരാഗി അല്ല.പക്ഷേ നാളെ അതിനു തോന്നിയാൽ ഞാനതു തീർച്ചയായും ചെയ്യും.ചുരുക്കത്തിൽ,ആശാന്റെ ഈ രണ്ടുവരികളേ എനിക്കു പറയാനുള്ളൂ.
“സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം
സ്നേഹത്താൽ വൃദ്ധി തേടുന്നു”

സരോദിലുണരുന്ന സ്വപ്നപഥങ്ങൾ



ലസ്വപ്നങ്ങളും വീണ്ടുമൊരിക്കൽക്കൂടി കാണാൻ ഞാൻ പലവട്ടം ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അതുനടന്നിട്ടില്ല.ജനിമൃതികളെപ്പോലെ,സ്വപ്നങ്ങളും ഒരിക്കൽ മാത്രം അനുഗ്രഹിക്കുന്നു എന്ന തിരിച്ചറിവുണ്ടായിട്ടും പലപ്പോഴും ചില സ്വപ്നങ്ങളെ ദിവാസ്വപ്നം കാണുക പിന്നെപ്പിന്നെ പതിവായി.അതിലേറ്റവും വിലപ്പെട്ട ഒരു സ്വപ്നമാണ് ഉസ്താദ് അലാവുദ്ദീൻ ഖാനും അലി അക്ബർ ഖാനും കൂടി പങ്കെടുക്കുന്ന ഒരു കച്ചേരിയിലെ മേഘ് രാഗാലാപനം.അനതിസാധാരണമായ മീൻഡുകൾ വിടരുന്ന അക്ബർ ഖാന്റെ സരോദ്…ആ സ്വപ്നം ഒരുവട്ടമേ കണ്ടുള്ളൂ എങ്കിലും എത്രയോ വട്ടം എന്റെ പകൽക്കിനാവുകളിൽ അതു വന്നുപോയിട്ടുണ്ട്.അക്ബർ ഖാന്റെ വിയോഗവാർത്തയും യാഥാർത്ഥ്യമോ സ്വപ്നമോ എന്നു വ്യവച്ഛേദിക്കാൻ പാടുപെടേണ്ടിവന്നതും അതിനാലാകാം.സരോദിന്റെ സാധ്യതകളേക്കാൾ പരിമിതികളെപ്പറ്റി അലോചിച്ചു മാറിനിന്ന എന്നേപ്പോലുള്ള ബുദ്ധിഹീനരെ തന്റെ വിരലുകളിൽനിന്നുണരുന്ന കാമുകശബ്ദം കൊണ്ടു വ്യാമുഗ്ധരാക്കി,അദ്ദേഹം ഇനിയും തലമുറകളിലൂടെ യാത്രചെയ്യുമെന്നുറപ്പാണ്.
ഭാരതീയസംഗീതരംഗത്ത്,ഇതുപോലെ മറ്റൊരു കുടുംബം ഉണ്ടാകുമെന്നു തോന്നുന്നില്ല.അച്ഛൻ യുഗപ്രഭാവനായ ഉസ്താദ് അലാവുദ്ദീൻ ഖാൻ.സഹോദരി അന്നപൂർണ്ണാദേവി.ആദ്യഭാര്യ ഗായികയായ രാജ് ദുലാരി.രണ്ടാംഭാര്യ ശിഷ്യയായ മേരി.ആദ്യഭാര്യയിലുണ്ടായ പുത്രൻ-അച്ഛനൊത്ത മകൻ,സരോദ് വാദകനായ ആഷിഷ് ഖാൻ.അലി അക്ബർ ഖാന്റെ സംഗീതജീവിതവും വ്യക്തിജീവിതവും ഇഴപേർക്കുക അസാദ്ധ്യമാണ്.വ്യഷ്ടിയും സമഷ്ടിയും സമന്വയിക്കുന്ന ആ ജീവിതത്തിന്റെ പ്രക്ഷുബ്ധതകൾ,ആ സംഗീതത്തേക്കാൾ ആഘോഷിച്ചവരുണ്ട്.തലമുറകൾക്കു മുമ്പ് ബ്രാഹ്മണ്യത്തിൽ നിന്ന് ഇസ്ലാമികതയിലേക്കു മാറിയ ഉസ്താദിന്റെ കുടുംബം,എന്നും പ്രക്ഷുബ്ധതകൾക്കു പേരുകേട്ടിരുന്നു.അതിർത്തികൾ കടന്നു ചിറകടിച്ചുപറന്ന ഹിന്ദുസ്ഥാനിസംഗീതത്തിന്റെ അമരക്കാരായതിൽ പ്രധാനികൾ മിക്കവരും ആ പ്രക്ഷുബ്ധകുടുംബത്തിലുള്ളവരോ,അവരുടെ ശിഷ്യരോ ആയിരുന്നു എന്നതാണു സത്യം.
അലി അക്ബർ ഖാന്റെ സംഗീതം തികച്ചും പാരമ്പര്യശൈലീസുഭഗതകളെ അനുസരിക്കുന്നതായിരുന്നു.അദ്ദേഹം സൃഷ്ടിച്ച മാധവി,ഗൌരീമഞ്ജരി എന്നീ രാഗങ്ങളുടെ ആലാപനവഴിയിലും ആ ബലിഷ്ഠപൈതൃകത്തിന്റെ മുദ്രകൾ കാണാം.അനിതരസാധാരണമായ അനായാസതയാണ് ഉസ്താദിന്റെ സംഗീതത്തിന്റെ ജീവൻ.ഇരുപത്തഞ്ചു തന്ത്രികളുള്ള സരോദിന്റെ സങ്കീർണ്ണതകളെല്ലാം അലി അക്ബർ ഖാന്റെ കൈവിരലുകൾ അനായാസമധുരമായി മറികടക്കുന്ന വിസ്മയം.വ്യാകരണങ്ങൾ പ്രതിഭക്കു പുറകേ നടക്കുന്ന അനുപമമായ ഈ അനുഭവമാണ് നമ്മെ അലിയിച്ചുകളയുന്നത്.എം.ഡി.രാമനാഥന്റേയോ ഉണ്ണികൃഷ്ണക്കുറുപ്പിന്റേയോ അനുപമമായ ചില സംഗതികൾ പോലെ,സച്ചിന്റെ ബാറ്റ് നിർമ്മിക്കുന്ന ചില ബാക്ക് ഡ്രൈവുകൾ പോലെ,കലാ.രാമൻകുട്ടിനായരുടെ ശരീരം
ചിലപ്പോൾ പ്രാപിക്കുന്ന ലയപൂർണ്ണിമ പോലെ….സരോദിന്റെ തന്ത്രികളിൽ അലി അക്ബർ ഖാൻ തീർത്ത മാസ്മരികനാദങ്ങളും ആ നിരയിൽനിസ്സംശയം പെടുത്താവുന്നതാണ്.നട് ഭൈരവിലും ബൈരാഗിയിലും മാൽഘോഷിലുമെല്ലാം അദ്ദേഹം മീട്ടിയിരുന്ന ചെറിയ ധൂൻ കേട്ടുനോക്കുക,വ്യാകരണപാഠങ്ങൾ അദ്ദേഹത്തിനു പിറകേ സഞ്ചരിക്കുന്നതു കേൾക്കാം.അവയിൽ കൂടി,കൃത്യമായ ആദിമദ്ധ്യാന്തപ്പൊരുത്തമുണ്ട്,പൂർണ്ണതയുണ്ട്.
പാശ്ചാത്യലോകത്തേക്ക് ഹിന്ദുസ്ഥാനിസംഗീതത്തിന്റെ വ്യാപനം സാദ്ധ്യമാക്കുന്നതിൽ അലി അക്ബർ ഖാനോളം പങ്കുവഹിച്ച സംഗീതജ്ഞർ കുറയും.അക്ബർ ഖാന്റെ സംഗീതത്തെ മാറിയ പരിതസ്ഥിതികൾക്കനുസൃതമായി പരിണമിപ്പിക്കുന്നതിൽ പാശ്ചാത്യസ്വാധീനം വലിയ പങ്കുവഹിച്ചിട്ടുണ്ട്.അതിനദ്ദേഹം യാഥാസ്ഥിതികരിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന വിമർശനങ്ങൾ സ‌മൃദ്ധിയായുണ്ടെങ്കിലും.ഭാവതീവ്രമായ ആ സംഗീതത്തിനു കൃത്യമായി വഴങ്ങുന്ന ആശയമാനങ്ങൾ,പാശ്ചാത്യശാസ്ത്രീയസംഗീതവുമായുള്ള സഹവർത്തിത്വത്തിൽ നിന്നു ലഭിച്ചതുതന്നെയാണ്.‌‘ജേർണീ’,കാർണിവൽ ഓഫ് കാളി,വാട്ടർ ലേഡി തുടങ്ങിയ വർക്കുകളിൽ അക്ബർ ഖാന്റെ വ്യക്തിമുദ്രകൾ ആഴത്തിൽ പതിയപ്പെട്ടിരിക്കുന്നു.യഹൂദിമെനുഹിന്റെ ക്ഷണം സ്വീകരിച്ച് അമേരിക്കയിലെത്തിയ ഉസ്താദിന്റെ സംഗീതജീവിതം പുതിയ അർത്ഥമാനങ്ങളിലേക്കു ചരിക്കുകയായിരുന്നു.അപ്പോഴും പാരമ്പര്യത്തിന്റെ ശക്തിസ്രോതസ്സുകളിലുള്ള വിശ്വാസവും അനുസരണവും അലി അക്ബർ ഖാനെ വിട്ടൊഴിഞ്ഞതുമില്ല.
രവിശങ്കറിനോടും വിലായത്ത് ഖാനോടും എൽ.സുബ്രഹ്മണ്യത്തോടും ഒപ്പം നടത്തിയ ജുഗൽബന്ദികൾ അക്ബർ ഖാൻ സംഗീതത്തിന്റെ ഉദാത്തമായ സംവാദങ്ങളായിരുന്നു.നട് ഭൈരവിയിൽ ഉസ്താദ് എൽ.സുബ്രഹ്മണ്യവുമായി ചേർന്നു തീർത്ത വിസ്മത്തിന്റെ ചാരുത വർണ്ണനാതീതമാണ്.അല്ലാരഖ മുതൽ സാക്കീർ ഹുസൈൻ വരെ ഉസ്താദിന്റെ സരോദിനോട് ഇഴചേർന്നുനിന്നു.
പത്മഭൂഷൺ മുതൽ,എണ്ണിയാലൊടുങ്ങാത്ത അംഗീകാരങ്ങൾക്ക് സ്വദേശത്തും വിദേശത്തും പാത്രമായ ഉസ്താദിന്റെ സംഗീതത്തെ സത്യജിത്ത് റായ് വരെയുള്ള ചലച്ചിത്രകാരന്മാർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.മൈഹർ ഘരാനയുടെ സങ്കീർണ്ണമായ സൌന്ദര്യമാനങ്ങളെ അതിശയകരമായ അച്ചടക്കത്തോടെ ആവിഷ്കരിച്ച അക്ബർഖാന്റെ മനസ്സ്,എന്നും പരീക്ഷണവ്യഗ്രമായിരുന്നു.പുതിയ ഭാവതലങ്ങളെ സൃഷ്ടിപരമായി കണ്ടെത്തുവാനും അടയാളപ്പെടുത്തുവാനുമായി മൈഹർ ഘരാനയുടെ അടിസ്ഥാനതത്വങ്ങളെപ്പോലും മറികടന്ന നിമിഷങ്ങളും ഉസ്താദിന്റെ ജീവിതത്തിലുണ്ട്.കാൽ‌പ്പനികമായ ചില ഭാവനകളുടെ കുതിരപ്പുറത്ത് എത്ര വേണമെങ്കിലും അദ്ദേഹം സഞ്ചരിക്കുമായിരുന്നു.മൈഹർ ഘരാന എന്നതൊക്കെ ഒരു പറച്ചിൽ;ഖയാലിന്റെ മാധുര്യവും സൂഫിസംഗീതത്തിന്റെ ആത്മീയസ്പർശവും ദ്രുപദിന്റെ മാന്ത്രികനാദവും സമന്വയിക്കുന്ന സംഗീതമായിരുന്നു വാസ്തവത്തിൽ ഖാൻസാഹിബിന്റേത്.
ലയനവും സ്‌ഫോടനവും ഒളിപ്പിച്ചുവെച്ച അലി അക്ബർ ഖാന്റെ സരോദ് നിശ്ശബ്ദമാകുമ്പോൾ,പ്രണയത്തിന്റെ ഒരു ശബ്ദസർഗ്ഗവും അവസാനിക്കുന്നു.നാദരേണുക്കളുടെ നർത്തനം കൊണ്ട് ഇനിയും സൂക്ഷിക്കപ്പെട്ട ശബ്ദലേഖനങ്ങളിൽ നിന്ന് ഖാൻസാഹിബ് നമ്മുടെ അജ്ഞേയതകളെ,മൃദുലതകളെ ഇനിയും വന്നു തൊട്ടുണർത്തുമെന്നു തീർച്ച.ഇനിയും സമ്പന്നമായ ദിവാസ്വപ്നങ്ങളുടെ പ്രതീക്ഷകൾ മറ്റൊരു സ്വപ്നമായി പരിണമിക്കുന്നതും ഒരു അനുഭവം തന്നെ!

വെറുപ്പിന്റെ ഉഷ്ണമാപിനികൾ


സ്നേഹസാമാജ്യത്തിന്റെ ചക്രവർത്തിനിയും മണ്ണോടു ചേർന്നു.
എല്ലാ നടപ്പാതകളിലും കാച്ചിപ്പഴുപ്പിച്ച ഇരുമ്പുപാളിയുടെ വക്കിലെന്നപോലെ താപം പഴുക്കുന്നു.
പലരിൽ നിന്നു മോഷ്ടിച്ചതോ,കവികൾ ശീലിച്ച വക്രോക്തിവാങ്മയമോ ആയിരുന്നില്ല ആ വാക്കുകൾ.നാഡീസ്പന്ദം പോലെ,ശ്വാസോച്ഛ്വാസം പോലെ അത്രമേൽ അത്മാർത്ഥവും നൈസർഗികവുമായിരുന്നു അത്.ശ്വാസകോശങ്ങളുടെയും നാഡികളുടെയും സങ്കോചവികാസങ്ങൾ എങ്ങനെ മെലോഡ്രാമ ആകും?കാപട്യമാകും?
സ്വരക്ഷക്കായെന്ന ഭാവത്തിൽ,മാധവിക്കുട്ടി ഒരു തോക്കു പിടിച്ചിരിക്കുന്ന ക്രൂരഹാസ്യം നാം കണ്ടതാണ്.ആ സ്വരം വിറക്കുന്നുണ്ടായിരുന്നു.ചുണ്ടുകളും.ആ ചുണ്ടുകളിലൂടെ ഹൃദയം കാണാം.അവിടെ,മുറുകിപ്പൊട്ടാൻ പോകും മുമ്പുള്ള നിമിഷത്തിലെ വീണക്കമ്പിയുടെ മുറുക്കം.സമുദ്രഗർഭങ്ങളിൽ കലങ്ങിയ പ്രണയത്തിന്റെ ഉപ്പുരുചി.
ആകശത്തിന്റെ നീലക്കുട മടങ്ങിപ്പോകട്ടെ,സൂര്യൻ അതിനുള്ളിൽ മഴത്തുള്ളിയായി വാർന്നു പോകട്ടെ,
ഏഴുനിറങ്ങളുമുരുകിക്കത്തുന്ന സൂര്യപഥത്തിന്റെ ധനുസ്സിൽ വേനലിന്റെ എല്ലാ ഓർമ്മയും ഉറങ്ങിപ്പോകട്ടെ,
നീർമാതളങ്ങളുടെ തൊട്ടിലിൽ,അവസാനത്തെ ഗ്രീഷ്മത്തിന്റെ താരാട്ടുകേട്ട് ഉറങ്ങൂ രാജകുമാരീ,ഉറങ്ങൂ.
ഇനിയും വർഷം തുടങ്ങിയിട്ടില്ല.
ശംഖിൻ‌തോടിലുറങ്ങുന്ന വർഷത്തിന്റെ കിനാവുകളും ഞങ്ങളെ വിളിക്കുന്നില്ല.
വെറുപ്പിന്റെ അർബുദം മാത്രം…
കറുത്ത മഷി പോലെ കലങ്ങിയ രാത്രികളെ ചവർപ്പിക്കുന്ന വെറുപ്പിന്റെ വിസ്താരം മാത്രം.
നീ ആർക്കോ സ്മൃതിസമ്മാനമായി നൽകി മടങ്ങിയ ആ തോക്കിന്റെ പ്രസ്താരം മാത്രം.
ഞങ്ങൾ ഇനിയും ഗ്രീഷ്മത്തിലാണ്.
ഓർമ്മകളുടെ ഇലകളിൽ,അസിധാരയിൽ,വെണ്ണയായി ഉരുകിനിൽക്കുന്ന വെറുപ്പിന്റെ രശ്മികൾ.
ഇനി നിന്നെക്കുറിച്ചെഴുതാൻ ഞാനാളല്ല.ഞാൻ വെറുപ്പിനേപ്പറ്റി എഴുതേണ്ടവനാണ്.ഞാൻ വൈദ്യുതഗിത്താറിന്റെ കമ്പികളിൽ ചിന്നിച്ചിതറുന്ന ഏഴുസ്വരങ്ങളുടെ ഗ്രീഷ്മമാണ്.
കത്തുന്ന തീയിൽ നിന്നുള്ള സല്ലാപങ്ങൾ
--------------------------------------------

ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയെ മുഗൾഭരണത്തിന്റെ സായംകാലത്തോടുപമിച്ച നോർത്തിന്ത്യൻ കവി ആരാണ്?അദ്ദേഹത്തിനു സ്തുതി.സംശയമില്ല,കത്തുന്ന തീയിൽ നിന്നുള്ള സല്ലാപങ്ങളിൽ നിപുണരായവരാണ് അന്നത്തേപ്പൊലെ ഇന്നും നമ്മെ ഭരിക്കാൻ നാം തിരഞ്ഞെടുക്കുന്നത്.വാജിദ് അലീഷായും മുഹമ്മദ് ഷാരംഗീലയും എങ്ങനെ പാട്ടിലും കൂത്തിലും മുഴുകിയോ അതുപോലെ.നമ്മുടെ സർക്കാരിന്റെ സാംസ്കാരികപ്രവർത്തനങ്ങൾ പത്തൊമ്പതാംനൂറ്റാണ്ടിലെ നവാബുകളുടെ കൂത്തരങ്ങുകളേയും ലജ്ജിപ്പിക്കുന്ന കോമാളിത്തങ്ങളായിത്തീർന്നിട്ടുണ്ട്,തീർച്ച.പക്ഷേ ആ സാദൃശ്യം അവിടെ തീരുന്നു.കൊട്ടാരത്തിലെ മെഹ്ഫിലുകൾക്ക് പകരം വെളിയിൽ,വിദേശങ്ങളിൽ വരെയാണ് ഇന്നത്തെ നൃത്തങ്ങൾ ആടുന്നത് എന്നതു മാത്രമല്ല വ്യത്യാസം.സുൽത്താന്മാർ ആടുകയും പാടുകയും ചെയ്തുകൊണ്ടിരുന്നത് അവർക്കതിൽ ആത്മാർത്ഥമായ അടുപ്പവും സഹഭാവവും ഉണ്ടായിരുന്നതുകൊണ്ടോ,അതല്ലെങ്കിൽ ദീർഘയുദ്ധങ്ങൾക്കുശേഷം അവരുടെ മനസ്സ് പരുക്കൻ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഉൾവലിയാൻ ആഗ്രഹിച്ചതുകൊണ്ടോ ആണ്.അധികാരം തന്നെ പലപ്പോഴും അവർക്കൊരു ഭാരമായി മാറിപ്പോയിരുന്നു.എന്നാൽ,നമ്മുടെ പുതിയ ഭരണാധികാരികളുടെ അവസ്ഥ അതല്ല.അധികാരം ഇന്നും അവരുടെ മനസ്സിൽ ഇരുമ്പായി ഉരുകിയിറങ്ങുകയാണ്.ഒരിക്കലും കെടാത്ത അധികാമമോഹത്തിന്റെ അംഗാരനദികൾ മനസ്സിലൊഴുകുമ്പോഴും അവർ സല്ലാപങ്ങളിലേർപ്പെടുന്നു എങ്കിൽ നാം മനസ്സിലാക്കേണ്ടത് കുറേക്കൂടി പേടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളാണ്.സർവ്വാധിപത്യം അന്വേഷിക്കുന്നത് അവയിലെല്ലാം ആയുധങ്ങളേയാണ്.കൂടുതൽ മൂർച്ചയേറിയ ആയുധങ്ങളെ.വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ.
സർവ്വാധിപത്യത്തിന്റെ ഇമേജ്
--------------------------------





വിജയകരമായ സർവ്വാധിപത്യങ്ങൾ എന്നും സർവ്വാധിപതിയുടെ ശക്തിയും ദാർഡ്യവും ജനതയുടെ ആത്മാഭിമാനവും തമ്മിലുള്ള ബാലൻസിന്റെ കളിയായിരുന്നു.ആധിപത്യം സ്വീകരിക്കാനുള്ള കഴിവ് ജനതക്ക് എത്രയുണ്ടോ,അത്രയും കുറവു ബലപ്രയോഗം മതി.ജനതയുടെ ആത്മാഭിമാനം കൂടുന്തോറും ബലവും കൂട്ടേണ്ടിവരും.അതിനുള്ള മറ്റൊരുപായമാണ് മറ്റുവേഷങ്ങൾ അണിയൽ.പ്രത്യയശാസ്ത്രങ്ങൾ ഉരുവിടൽ.
ജനത ഭയപ്പെടുന്നു എന്നു ബോധ്യപ്പെട്ടാൽ,സർവ്വാധിപതികൾ പിന്നെ ഇമേജിനേപ്പറ്റി വല്ലാതെ ആശങ്കപ്പെടില്ല.രാക്ഷസവേഷം തങ്ങൾക്ക് അലങ്കാരമായി കരുതിയ എത്രയോ മദ്ധ്യകാലസർവ്വാധിപതികൾ ഉണ്ട്.നരമാംസം ഭക്ഷിക്കുകയും,അനുസരിക്കാത്ത ഭാര്യമാരുടെ തലവെട്ടി ഫ്രീസറിൽ സൂക്ഷിക്കുകയും ചെയ്തവർ,ഇക്കാലത്തുമുണ്ടായി.നീതിമാനും സത്യസന്ധനുമായി ചിത്രീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവരത്രമേൽ ബോധവാന്മാരായിരുന്നില്ല.ഈ ബോധം കണിശമായി ഉണ്ടായിരുന്ന സർവ്വാധിപതിയാണ് നാമിന്ന് ആരാധിച്ചുതുടങ്ങിയ ഒരു മുഖം-ഹിറ്റ്‌ലർ.കുട്ടികൾക്ക് പുഷ്പസമ്മാനങ്ങൾ നൽകുന്ന,കുഞ്ഞുങ്ങളെ ഓമനിക്കുന്ന,കാരുണ്യവാരിധിയായ ഹിറ്റ്‌ലറുടെ ചിത്രങ്ങൾ നാസി ഗവർമെന്റ് മനഃപ്പൂർവ്വം പ്രചരിപ്പിച്ചിരുന്നു.ജനങ്ങൾ കൊടുംവേനലിനേയും കുറേക്കാലം കഴിഞ്ഞാൽ ആരാധിച്ചുതുടങ്ങും.അതുകൊണ്ടാണല്ലോ1933ൽ പാർലമെന്റിലേക്ക് ജനങ്ങൾ ഹിറ്റ്‌ലറെ ജയിപ്പിച്ചത്.സൂപ്പർമാൻ തീയറിയിൽ നീഷേ കണ്ടതിന്റെ സാമൂഹ്യപ്രകാശനം.സാധാരണക്കാർക്കു ചെയ്യാൻ കഴിയാത്തതുചെയ്യുന്നവനാണ് സൂപ്പർമാൻ.ഓടുന്ന തീവണ്ടിയെ പിടിച്ചുനിർത്തുക,ഭക്ഷണം കഴിക്കുകയാണെങ്കിൽ ആയിരം പേരുടെ ഭക്ഷണം കഴിക്കുക,കൊല്ലുകയാണെങ്കിൽ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നുതള്ളുക,പാടുകയാണെങ്കിൽ പാട്ടിൽ ശ്രദ്ധിച്ചുപാടുകയല്ല,“പെർഫോം”ചെയ്തുകൊണ്ട്,നൃത്തം ചെയ്തുകൊണ്ട് പാടുക.ഇങ്ങനെ എല്ലാം സൂപ്പർലേറ്റീവായി ചെയ്യുക.സൂപ്പർമാനെ സൃഷ്ടിക്കുന്നത് ചില പരിതസ്ഥിതികളാണ്.സ്വാഭാവികമായും സൂപ്പർലേറ്റീവായ രക്ഷകന് Mental Imbalance-മാനസികക്രമരാഹിത്യം,ഉണ്ടാകും.
ഹിറ്റ്‌ലറിൽ അതുണ്ടായിരുന്നു.ജർമ്മനിയെ ഏറ്റവും വലിയ രാജ്യമാക്കുക,ലോകത്തിന്റെ ആധിപത്യത്തിലേക്ക് ജർമ്മനിയെ ഉയർത്തുക,ലോകം മുഴുവൻ കീഴടക്കുക തുടങ്ങിയ അതിമോഹങ്ങളും,അവയുടെ സാഫല്യത്തിനായി ജൂതവർഗ്ഗത്തോടുള്ള ഒടുങ്ങാത്ത വെറുപ്പും ഹിറ്റ്‌ലർക്കുണ്ടായത് ഈ ഉന്മാദത്തിന്റെ ഫലമായിട്ടായിരുന്നു.സ്വാഭാവികമായും ഇമേജ് വളരുകയാണു ചെയ്തത്.പല ചെറുപ്പക്കാരും ഹിറ്റ്‌ലറെപ്പോലെ മീശവെട്ടി നടക്കാൻ തുടങ്ങി.പട്ടാളത്തിൽ ചേരാൻ മോഹിക്കാനും തുടങ്ങി.ആരാണു മനസ്സിലെ ഹീറോ എന്ന ചോദ്യത്തിന്,തലമുറകൾക്കിപ്പുറത്തിരുന്നും മലയാളസിനിമാനടിക്ക് “ഹിറ്റ്‌ലർ”എന്നു മറുപടി പറയാനും കഴിഞ്ഞു.
കൊടും ചൂടുതിന്നുന്നവർ
-------------------------




ഇന്ത്യയിൽ പൊതുജനം ഭരണകൂടവുമായി ഏറ്റുമുട്ടുന്നത് വല്ലപ്പോഴുമൊരു തിരഞ്ഞെടുപ്പു വരുമ്പോഴാണ് എന്ന് നാം മനസ്സിലാക്കിവെച്ചിട്ടുണ്ട്.‌‘ബഹുജനവിപ്ലവം’എന്ന വാക്കൊക്കെ മറന്നുപോയിരിക്കുന്നു,ദയവായി ഓർമ്മിപ്പിക്കരുത്.സർക്കാറുമായി ഏറ്റുമുട്ടുന്ന ജനതതിയിലെ വിഭാഗങ്ങൾ അവരുടെ അഭിപ്രായം രൂപപ്പെടുത്തുന്ന ഘടകങ്ങൾ മാറിയിട്ടുണ്ടാകാം,വിഭാഗങ്ങളിൽ വലിയ മാറ്റമൊന്നുമില്ല.
കൊടുംവേനലിന്റെ ചൂടുമാത്രം ഭക്ഷിച്ചു മരിക്കുന്ന,അലസരെന്നോ,ആത്മാഭിമാനരഹിതരെന്നോ നമുക്ക് നിഷ്പ്രയാസം വിളിച്ചു കടന്നുപോകാവുന്നവരാണ് വലിയ വിഭാഗം.സംഖ്യകൊണ്ടും സ്വഭാവം കൊണ്ടും ശക്തമായ അവരിൽ പലപ്പോഴും ഇപ്പോഴും ഇന്ത്യയിൽ ജനാ‍ധിപത്യം എന്ന ആശയം തന്നെ അന്യമാണ്.അല്ലെങ്കിൽ അവർ ജനാധിപത്യത്തേയും മനസ്സിലാക്കുന്നത് പഴയ രാജാധിപത്യത്തിന്റെ വേറൊരു വഴിയിലുള്ള തുടർച്ചമാത്രമായാണ്. “രാജാവെന്നാൽ ആരമ്മേ? രാജാവീശ്വരനെന്മകനേ”എന്നായിരുന്നു പണ്ടു നമ്മുടെ പ്രൈമറി സ്കൂളിൽ പഠിപ്പിച്ചിരുന്ന ഒരു പാഠം.ഇത്തരം പാഠങ്ങൾ പാഠപുസ്തകത്തിൽ ഇന്നു കാണുമായിരിക്കില്ല.പക്ഷേ ഇന്നത്തെ ഭരണവംശത്തോട് ഇതേ ഭാവന ജനിപ്പിക്കാൻ പര്യാപ്തമായ പാഠങ്ങൾ കണ്ടേക്കും.രാജാവ് എത്ര മുതൽ അപഹരിച്ചാലും,ചമ്മട്ടികൊണ്ട് അടിച്ചാലും അവർ ഇങ്ങനെത്തന്നെയായിരിക്കും.അവരുടെ മുന്നിൽ,ഭരണാധികാരി എത്രമേൽ രക്തദാഹിയായി പ്രത്യക്ഷപ്പെടുന്നുവോ,അത്രമേൽ അയാൾ ആരാധിക്കപ്പെടുകയേയുള്ളൂ.ഗുജറാത്തിൽ നടന്നത് എത്ര നന്നായി എന്നു പറയുന്നവരും അഭ്യസ്തവിദ്യരായി ഉണ്ടായത് അങ്ങനെയാണ്.
വെറുപ്പിന്റെ മാർക്കണ്ഠേയമുഖം
--------------------------------






വെറുപ്പിന്റെ സിദ്ധാന്തമായ ഫാഷിസം ,ഒരു മാർക്കണ്ഠേയശിശുവാണെന്നു തോന്നുന്നു.1935 മുസോളിനി എത്യോപ്യയെ ആക്രമിച്ചപ്പോഴും,ജിഹാദുകളിൽ മരണം ഇന്നും ചിറകടിക്കുമ്പോഴും അത് ഒട്ടും മാറിയിട്ടില്ല.അതു പിറന്നിടത്തുതന്നെ പൂർണ്ണവളർച്ചയെത്തിയ രാക്ഷസശിശുവാണ്.കാലവും ദേശവും മാറാം,കർമ്മപദ്ധതികൾ മാറുന്നില്ല.ഹിറ്റ്‌ലറിലും മുസോളിനിയിലും ഗോൾവാൾക്കറിലും അതു മൂർച്ചയേറി തിളങ്ങിയതേ ഉള്ളൂ.ശത്രവിനോടുള്ള വിദ്വേഷം മാത്രം നിറച്ച വിഷസഞ്ചികൾ അതു മനസ്സുനിറയെ നിറച്ചുവെക്കുന്നു.മാർക്സിസം ഭൌതികവാദമാണെന്നും,ഫാഷിസം ജനങ്ങളെ മോചിപ്പിക്കാനുള്ള ഒരു ആദ്ധ്യാത്മികപദ്ധതിയുമാണ് എന്നുമായിരുന്നു മുസോളിനിയുടേയും വാദം.അദ്ധ്യാത്മികതയുടെ അഭാവം കൊണ്ടാണ് ലോകം മുന്നേറാത്തത് എന്നു പറഞ്ഞുകൊണ്ടാണ് മുസോളിനി ഫാഷിസത്തെ ഒരു മോചനമാർഗമായി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്.അതിന്റെ പ്രായോഗികരൂപമായിരുന്നു 1930കളിൽ എത്യോപ്യയിൽ കണ്ടത്.1935ൽ ന്യൂറൻബർഗ് വിചാരണയിൽ കണ്ടത്.കോൺസൻ‌ട്രേഷൻ ക്യാമ്പുകളിൽ കുമിഞ്ഞുകൂടിയ മൃതദേഹങ്ങളിൽ കണ്ടത്.
1948 ജനുവരി മുപ്പതിന് ഇതേ ആദ്ധ്യാത്മികപ്രവർത്തനം നമ്മുടെ നാട്ടിലും നടന്നു.പ്രാർത്ഥനായോഗത്തിൽ വെച്ച് ഗോഡ്‌സേയുടെ തോക്കു നടത്തിയ ആദ്ധ്യാത്മികപ്രവർത്തനം.ലോകസ്സമസ്താസുഖിനോഭവന്തു.
സ്നേഹചേതനയുടെ ചുഴിമലരികൾ
------------------------------------






1940കളിൽ പുറത്തുവന്ന ‘ദ ഗ്രേറ്റ് ഡിക്റ്റേറ്റർ’എന്ന ചിത്രത്തിൽ ചാപ്ലിൻ ഏകാധിപതികളെ ഹാസ്യം കൊണ്ടു വലിച്ചുകീറുന്ന ഒരു പ്രസംഗമുണ്ട്,മേഘങ്ങൾ ഉയരങ്ങളിലേക്കു മായുന്ന,ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു സൂര്യനുദിച്ചുപൊങ്ങുന്ന,ചിറകുകൾ നൽകപ്പെട്ട മനുഷ്യന്റെ ആത്മാവ് മഴവില്ലിന്റെ നേർക്കു പറന്നുയരുന്ന നാളെയിലേക്കു തലയുയർത്താൻ ആഹ്വാനം ചെയ്യുന്ന പ്രസംഗം.
വെറുപ്പിന്റെ വിഷക്കാട്ടിൽ നിന്ന് ഉണർന്നെണീക്കുന്ന മനുഷ്യചേതനയുടെ സംഗീതം.
എങ്കിലും എന്തിനായിരുന്നു ആമിയോപ്പു ആ തോക്ക് നെഞ്ചോടടക്കിപ്പിടിച്ചത്?
രാഗദ്വേഷമെന്നു പറയണോ?
മതി.
നിർത്തുന്നു.

അമ്മക്കു മരണമില്ല.


നെയ്പ്പായസമടച്ചുവെച്ച്
അമ്മ പോയിരിക്കുന്നു.
തലമുറകളുടെ പ്രവാഹങ്ങൾ
കുടിച്ചാലും തീരാത്ത പായസപ്പാത്രം.
മുനകൂർത്ത സ്വപ്നങ്ങൾ കൊണ്ടു കീറിയ
ഹൃദയങ്ങളെ കാത്ത്
ആ പായസം തീരാതെയിരിക്കും.
ചോരയിറ്റുവീഴുന്ന മൌനങ്ങളിൽ നിന്ന്
എന്നും കുട്ടികൾക്ക് അമ്മ നെയ്പ്പായസം വിളമ്പും.
അമ്മക്കു മരണമില്ല.

മൃഗങ്ങളേ,മാപ്പ്!


ന്നോ കേട്ട ഒരു മുല്ലാക്കഥയുണ്ട്-മുല്ല നാട്ടിലെ മൌലവിയെ “കഴുത”എന്നു വിളിച്ചത് കേസായി.കോടതി ശിക്ഷിച്ചു.പിഴയൊടുക്കിയശേഷം മുല്ല ചോദിച്ചത്രേ:“എനിക്ക് എന്റെ കഴുതയെ ‘മൌലവി’എന്നു വിളിക്കാമല്ലോ”എന്ന്.
എന്തായാലും,കഴുതയ്ക്ക് അപമാനകരമാണ് കാര്യങ്ങളുടെ കിടപ്പ് എന്നതിൽ സംശയമില്ല.കഴുത പാവം,ഇതൊന്നും അറിയുന്നുമില്ല.സോണിയാഗാന്ധിയുടെ വൈദേശികപ്രശ്നം ചർച്ചയായ കാലത്ത്,ഒരു ഉത്തരേന്ത്യൻ ഹിന്ദുവർഗീയവാദി നേതാവ് “ഇറ്റാലിയൻ പട്ടി”എന്നു സോണിയയെ വിളിച്ചത് ചർച്ചയായിരുന്നു.ആ പ്രശ്നത്തിൽ സോണിയയുടെ പക്ഷം പിടിക്കാൻ പലരുമുണ്ടായി.പക്ഷേ,പട്ടിയുടെ കൂടെ ആരുമില്ലായിരുന്നു.സോണിയയെപ്പോലെ പട്ടിയും അപമാനിക്കപ്പെട്ടു എന്നാരും ശ്രദ്ധിച്ചതേയില്ല.ഞാനിവിടെ സോണിയ പട്ടിയേക്കാൾ മോശമായ നിലയിലാണ് എന്നർത്ഥമാക്കി എന്നല്ല പറഞ്ഞത്.പട്ടിക്കു യാതൊരു പങ്കുമില്ലാത്ത,മനുഷ്യരുടെ ഒരു ജീർണ്ണരാഷ്ട്രീയസംവാ‍ദത്തിലേക്ക് പാവം പട്ടി വലിച്ചിഴക്കപ്പെട്ടു എന്നതാണ്.
ഇത് എന്നും സംഭവിക്കുന്നതാണ്.1940കളിൽ മുസ്ലീം വർഗീയവാദികൾ ആസാദിനെ “ഗാന്ധിയുടെ പട്ടി”എന്നു വിളിച്ചപ്പോഴും ഇതുതന്നെ സംഭവിച്ചു,ആസാദും,പിന്നെ ഇക്കാര്യത്തിൽ പൂർണ്ണനിരപരാധിയായ പട്ടിയും അപമാനിക്കപ്പെട്ടു.എന്റെ കഥകളിയെക്കുറിച്ചുള്ള ബ്ലോഗിൽ നടക്കുന്ന സംവാദങ്ങളിൽ അസഹിഷ്ണുതയേറിയ ചില മാന്യർ,അനോനി മെയിൽ അഡ്രസിൽ നിന്നും എന്നോട് “നിർത്തിപ്പോടാ പട്ടീ”എന്നു മെയിൽ അയക്കുമ്പോഴും,ഇക്കാര്യത്തിൽ,പ്രത്യേകിച്ചും കഥകളിയിൽ,യാതൊരു പ്രശ്നവുമുണ്ടാക്കാൻ വരാത്ത പട്ടിവർഗ്ഗം അപമാനിക്കപ്പെടുകയാണ്.ഇതിനൊക്കെ പട്ടികൾ എന്തു പിഴച്ചു എന്നു മനസ്സിലാവുന്നില്ല.അവർക്ക് വോട്ടില്ലാത്തതുകൊണ്ട് അവരുടെ പക്ഷം പറയാൻ ആരുമില്ലാതായിപ്പോയി.
മനുഷ്യനെ പുച്ഛിക്കാൻ ജീവജാലങ്ങളെ ഉപയോഗിക്കാം എന്ന മനുഷ്യന്റെ അഹങ്കാരം എന്നുമുള്ളതാണ്.സ്ത്രീകളെ,നീഗ്രോകളെ,പൌരസ്ത്യരെ,അധഃകൃതരെ-ആരെയും ഇടിച്ചുതാഴ്ത്താൻ ജീവജാലങ്ങളുടെ പേരു ചേർത്തു പറഞ്ഞാൽ മതിയെന്നാണുവെപ്പ്.അവൾ കൊടിച്ചിപ്പട്ടിയാണ്,ഇന്ത്യക്കാർ തെരുവുനായ്ക്കളാണ് എന്നിങ്ങനെ.
Animal Welfare Fortnigtht നോടനുബന്ധിച്ച് ഇറക്കാറുള്ള സർക്കുലറുകളിൽ മൃഗക്ഷേമത്തിനായി പാസ്സാക്കിയിട്ടുള്ള നിയമങ്ങളനുസരിച്ച് പോലീസിന് ഇടപെടാവുന്ന സന്ദർഭങ്ങൾ സർക്കാർ ചൂണ്ടിക്കാട്ടാറുണ്ട്.മതത്തിന്റെ പേരിലുള്ള മൃഗബലികൾ,മൃഗങ്ങളോടുള്ള നിർദ്ദയമായ പെരുമാറ്റം തുടങ്ങിയവ.ബപ്പിടൽ എന്ന ക്രൂരത മാതൃഭൂമിയിൽ വന്നിട്ട് അധികമായിട്ടില്ല.കാളീക്ഷേത്രങ്ങളിലെ കൂട്ടബലികൾ ബംഗാളിൽ പതിവുകാഴ്ച്ചയാണ്.മനുഷ്യരോടുതന്നെ മനുഷ്യത്വം കാണിക്കാത്ത നമ്മളാണോ മൃഗങ്ങളുടെ കാര്യത്തിലിടപെടാൻ പോകുന്നത് എന്നു തിരിച്ചുചോദിക്കാം.പ്രശ്നം കുറച്ചു വ്യത്യസ്തമാണ്.മനുഷ്യരോട് മനുഷ്യത്വം കാ‍ണിക്കണമെന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാവില്ല.കാണിക്കുന്നില്ലാത്തതിനു കാരണം വേറെ ചിലതാണ്.എന്നാൽ മൃഗങ്ങളോടു മനുഷ്യത്വം കാണിക്കുന്നതിനു നിയമങ്ങളുണ്ടെങ്കിലും,നമ്മളതൊരു ആവശ്യമായി അംഗീകരിച്ചിട്ടില്ല.മൃഗങ്ങളുടേയും സസ്യങ്ങളുടേയും നിലനിൽ‌പ്പ് നാം ഭൂമിയിൽ ആവശ്യമാണെന്നംഗീകരിക്കുന്നത് അവയ്ക്ക് ഭൂമിയിൽ ജീവിക്കാനുള്ള അവകാശത്തെ മാനിച്ചുകൊണ്ടല്ല,അവ നമുക്ക് എത്രത്തോളം ഉപയുക്തമാണ് എന്നു നോക്കിയാണ്.ഇന്ന് ഇത്രയും പ്രചാരമാർജ്ജിച്ചിരിക്കുന്ന ഇക്കോളജി പ്രസ്ഥാനങ്ങളുടേയും പഠനങ്ങളുടേയും വൃക്ഷപ്രേമത്തിന്റേയുമൊക്കെ പിന്നിലുള്ളതും അവയുടെയൊക്കെ വംശനാശം നമുക്കു വരുത്തിവെച്ചേക്കാവുന്ന അപായത്തെക്കുറിച്ചുള്ള പേടിയാണ്.അല്ലാതെ ഭൂമിയിലെ പലതരം ജീവജാലങ്ങളിൽ ഒന്നുമാത്രമാണ് താൻ എന്ന സമഭാവമൊന്നുമല്ല.ഭൂമിയുടെ അവകാശികളാരാണെന്നത് ബഷീറിന്റെ മാത്രം സംശയമാണ്.മറ്റുള്ളവയെല്ലാം നമുക്കുവേണ്ടി മാത്രം നിലനിൽക്കുന്നു.
അപ്പോൾപിന്നെ,നമുക്കവരെ ഉപമിച്ചു മനുഷ്യരെ പുച്ഛിക്കാം,തകരാറൊന്നുമില്ല.പക്ഷേ,കടുത്ത വിവേചനവും ഈ പ്രയോഗങ്ങളിലുണ്ടല്ലോ.സിംഹം,പുലി,ആന,കുതിര തുടങ്ങിയ താരത‌മ്യേന ബലവാന്മാരായ മൃഗങ്ങളെ മനുഷ്യരെ പ്രശംസിക്കാനുപയോഗിക്കാറാണല്ലോ പണ്ടു മുതലേ പതിവ്.കവികുഞ്ജരൻ,പുരുഷകേസരി,പണ്ഡിതവ്യാഘ്രം,ഒറ്റയാൻ,പടക്കുതിര എന്നൊക്കെയാണല്ലോ പഴയ പ്രശംസകൾ!മലയാളസാഹിത്യത്തിൽ ഇക്കാര്യം ഒരുകാലത്ത് ഗംഭീരവിഷയം തന്നെയായിരുന്നു.അന്നത്തെ എല്ലാ മലയാളസാഹിത്യകാരന്മാരെയും ചേർത്ത്,ആരാണു സിംഹം,കഴുത,കഴുതപ്പുലി,പട്ടി എന്നൊക്കെ നിശ്ചയിച്ച് ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ ‘കവിമൃഗാവലി’യും കോയപ്പിള്ളി പരമേശ്വരക്കുറുപ്പ് ‘കവിപക്ഷിമാല’യും രചിക്കുന്നിടം വരെയെത്തിയ ക്രൂരഫലിതങ്ങൾ.ഇപ്പോൾ,ബ്ലോഗുലകത്തെ അംഗീകൃതപദപ്രയോഗമായിട്ടുണ്ടല്ലോ ‘ബ്ലോഗ്‌പുലി’യൊക്കെ.ഏതെങ്കിലും ബ്ലോഗ് മഹാകവികൾക്ക് ‘ബ്ലോഗ്‌മൃഗാവലി’എഴുതാൻ തോന്നാത്തത് ഈ വിവരസാങ്കേതികലോകത്തെ മൃഗങ്ങളുടെ ഭാഗ്യമാണ്.
ഈ ‘മൃഗീയത’എന്ന പ്രയോഗം തന്നെ ഒരു അസത്യമാണ്.“മൃഗീയമായ ബലാത്സംഗമാണ് സൂര്യനെല്ലിയിൽ നടന്നത്”എന്നൊക്കെ പത്രപ്രവർത്തകരിലെ വിഡ്ഡികൾക്കേ പറയാൻ തോന്നൂ.ഏതു മൃഗമാണ് തന്റെ വർഗ്ഗത്തിലെ ഒരുകൂട്ടം ഭീകരന്മാരെ കൂട്ടി,ഒരു പാവപ്പെട്ട പെൺ‌മൃഗത്തെ മാറിമാറി പീഡിപ്പിച്ചിട്ടുള്ളത്?മനുഷ്യൻ എന്ന വൃത്തികെട്ട ജീവിവർഗത്തിനല്ലാതെ,മറ്റൊരു മൃഗത്തിനും അതിനൊന്നും കയ്യുറയ്ക്കില്ല.“ഹിറ്റ്‌ലറുടെ മൃഗീയത”എന്നുപറയുന്നത് മൃഗങ്ങളൊരിക്കലും ചെയ്യാത്ത അപരാധം അവരുടെ തലയിൽ കെട്ടിവെക്കലാണെന്നതിൽ ഒരു സംശയവുമില്ല.“മനുഷ്യൻ!ഹാ!എത്ര മഹത്തായ പദം!” എന്നൊന്നും ഇപ്പോളാരും പറയാറില്ല.
ഈ ഭൂമി മനുഷ്യരുടെ മാത്രമാണ് എന്നും,അവന്റെ ആനന്ദത്തിനുള്ളതാണ് ലോകത്തിലെ സകലജീവജാലങ്ങളുമെന്ന ചിന്തയിൽ നിന്നാണ് ഈ ജന്തുനിന്ദനം പുറപ്പെടുന്നത്.അവന്റെ ആഘോഷങ്ങളിൽ മുതകത്തു തിടമ്പേറ്റാനും,അവന്റെ തീന്മേശകളിലേക്കു പാകത്തിനുള്ള ചൂടിൽ വളരാനും,അവന്റെ മതവിശ്വാസപ്രമാണങ്ങൾക്കനുസരിച്ചു മരിക്കാനും തയ്യാറായ ജീവജാലങ്ങളെ അവനിഷ്ടമുള്ള രീതിയിൽ വിശേഷിപ്പിക്കാം എന്ന ധാർഷ്ട്യം.ഈ ബോധമുള്ള ഏതോ നിമിഷത്തിലാവണം സജ്ഞയൻ ഒരു ലേഖനത്തിന്റെ ശീർഷകത്തിൽ ‘മൃഗീയത’എന്നെഴുതിയ ഉടനേ പേന പിൻ‌വലിച്ച്,ബ്രാക്കറ്റിൽ “മൃഗങ്ങളേ,മാപ്പ്!”എന്നെഴുതിവെച്ചത്!

പണ്ടൊക്കെ എന്തേര്ന്നു!

“പണ്ടൊക്കെ എന്തേര്ന്നു!”- മുത്തശ്ശി പറഞ്ഞ് പലവട്ടം കേട്ട ആത്മഗതമാണിത്.അതുപറയുമ്പോൾ പ്രാക്തനമായ ഏതെല്ലാമോ സുവർണ്ണസ്മൃതികളുടെ പ്രകാശം ആ കണ്ണുകളിൽ ഓളംവെട്ടും.അവരതുപറയുമ്പോൾ ഒരു നിർദോഷമായ രസമായിരുന്നു.പക്ഷേ,ഇപ്പോൾ മിക്ക പുരോഗമനബുദ്ധിജീവികളും അതുതന്നെ പലശൈലിയിൽ പറയുമ്പോൾ ഒട്ടും രസം തോന്നുന്നില്ലെന്നു മാത്രമല്ല,വല്ലാത്തൊരു അരുചി,കയ്പ്പ്-മനസ്സിൽ നിറയുന്നുമുണ്ട്.ധീരന്മാരുടെ,ആദർശശുദ്ധരുടെ,ത്യാഗികളുടെ,ഗുരുത്വവും സ്നേഹവുമുള്ളവരുടെയെല്ലാം തലമുറ വേരറ്റുപോയി എന്ന നിലവിളി സഹിക്കാതായിരിക്കുന്നു.കാടും,പച്ചയും,തോടും,പൂക്കളും.കിളിയും,ആതിരയും, ,കണിക്കൊന്നയും,പുള്ളുവന്റെയും പാണന്റേയും പാട്ടും തുടങ്ങി,ഓണക്കാലം ആകമാ‍നം കൊഴിഞ്ഞുപോയെന്ന് സാസ്കാരികനായകന്മാർ പുറം നിറയെ കണ്ണിരൊലിപ്പിക്കുകയാണ്.ചവറയിൽ ഇപ്പോൾ നന്മകളൊന്നും ബാക്കിയില്ലെന്ന് ഒ.എൻ.വി.കടമ്പനാ‍ട്ട് തീരെയില്ലെന്ന് കെ.ജി.ശങ്കരപ്പിള്ള.എം.ടിയും,സുഗതകുമാരിയും,അക്കിത്തവും തുടങ്ങി,പേനയെടുത്തവരും പ്രസംഗിച്ചവരുമെല്ലാം ഒരുപോലെ പതം‌പറഞ്ഞുകരയുന്നത് നഷ്ടപ്പെട്ടുപോയ നല്ലകാലത്തെക്കുറിച്ചാണ്.ഒരു കാലത്ത് തൃക്കാക്കരമുതൽ കൊച്ചിത്തുറമുഖം വരെയുള്ള പാത പഴഞ്ചൊല്ലുപോലെ നാട്ടുവെളിച്ചം നിറഞ്ഞതായിരുന്നെന്നും,ഇപ്പോൾ അങ്ങനെയല്ല എന്നും ആണയിട്ടുറപ്പിക്കാനായി പലതരത്തിൽ ഇവരെല്ലാം ശ്രമിക്കുന്നുണ്ട്.ചുരുക്കത്തിൽ,മുത്തശ്ശിയുടെ “പണ്ടൊക്കെ എന്തേര്ന്നു!”എന്ന ആത്മഗതത്തിന്റെ വിപുലവ്യാഖ്യാനങ്ങളാണ് നാം സഹിച്ചുകൊണ്ടിരിക്കുന്നത്.
നന്മയോ ചെറുപ്പമോ?
-------------------------

യഥാർത്ഥത്തിൽ,പുതിയ തലമുറ ഇങ്ങനെ വഴിപിഴച്ചവരാണോ?ആയിരക്കണക്കിനുസംവത്സരങ്ങൾ മുന്നിലും പിന്നിലും നീളുന്ന മഹാപ്രയാണത്തിനിടയിലെ ശാപമുഹൂർത്തമാണോ നമ്മുടെ വർത്തമാനം?ഇനി,മനുഷ്യവംശം ഇന്നോളം സഞ്ചരിച്ചത് നന്മയിൽ നിന്നു തിന്മയിലേക്കായിരുന്നുവോ?
ഇത്രയേറെ നന്മകൾ സഞ്ചയിച്ചുവെച്ച ഭൂതകാലം ചരിത്രത്തിൽ ഏതായിരുന്നു എന്നന്വേഷിക്കുമ്പോഴാണ് ഈ കള്ളക്കരച്ചിലുകൾ വെളിച്ചത്താവുക.നാൽ‌പ്പതുകളിലും അമ്പതുകളിലും നിന്നിട്ടും നിലവിളിക്കുന്ന ഈ വിലാപികളുടെ കുട്ടിക്കാലത്ത് അവരുടെ മുത്തശ്ശനും മുത്തശ്ശിയും ഇതുപോലെ വിലപിച്ചതാണ്.പൊയ്‌പ്പോയ നല്ലകാലത്തേക്കുറിച്ചുള്ള അന്നത്തെ അവരുടെ മുറവിളികളെ “പിന്തിരിപ്പൻ മൂരാച്ചികൾ”എന്നും “ബൂർഷ്വാസിയുടെ കപടഗൃഹാതുരത്വ”മെന്നും തള്ളിക്കളഞ്ഞ വിപ്ലവകാരികൾക്കൊക്കെ,ഇപ്പോൾ അമ്പതുകഴിഞ്ഞു.ഇപ്പോൾ പറയുന്നതാകട്ടെ,പണ്ട് “മൂരാച്ചികൾ”പറഞ്ഞ അതേകാര്യം!എന്നിട്ടും അന്നത്തെ ആ വിപ്ലവകാരികൾ എന്നും ‘വിപ്ലവകാരികളായി’തുടരുന്നു!അമ്പതുവർഷം കഴിഞ്ഞാൽ ഇന്നത്തെ കുട്ടികളും നെടുവീർപ്പിട്ടുകരയും,പോയകാലത്തിന്റെ നന്മകളെക്കുറിച്ച്.ഒരു തലമുറ നഷ്ടങ്ങളോർത്ത് കണ്ണുനീരൊഴുക്കുന്ന അതേകാലത്ത്,മറ്റൊരു തലമുറ അവരുടെ നല്ലകാലം ആഘോഷിക്കുകയാണെന്നർത്ഥം.അതവർ തിരിച്ചറിയുന്നത് ഒരുപക്ഷേ,വർഷങ്ങൾക്കുശേഷമാവാം.അപ്പോൾ സത്യത്തിൽ നഷ്ടമാവുന്നത് നന്മകളാണോ നമ്മുടെ ചെറുപ്പമാണോ? കുട്ടിക്കാലത്തെക്കുറിച്ചുള്ള വൃദ്ധവിലാപങ്ങളാണ് “പുതിയ തലമുറ വഴിപിഴച്ചൂ”എന്ന നിലവിളിയിലെത്തിക്കുന്നത്.ആശയരൂപീകരണത്തിൽ വൃദ്ധന്മാർ അമിതസ്വാധീനം ചെലുത്തുന്ന സമൂഹമാണ് കേരളീയന്റേത് എന്നതുകൊണ്ട് ഈ വൃദ്ധവിലാപങ്ങൾ കാലത്തിന്റേതും സമൂഹത്തിന്റേതുമായി മൊഴിമാറ്റം ചെയ്യപ്പെടുന്നു.ചുരുക്കത്തിൽ,പൂക്കളല്ല;പൂക്കാലം കാണാനുള്ള കണ്ണാണ് നമുക്കു നഷ്ടമാവുന്നത്.പുതിയ പൂക്കളെ കാണാനുള്ള കുട്ടിത്തം നമ്മുടെ കണ്ണുകൾക്കില്ല എന്നതാണു പ്രശ്നം.അല്ലാതെ പൂക്കൾ വിരിയാത്തതല്ല.കണ്ണുകളിൽ നക്ഷത്രജാലങ്ങളുമായി,പുതിയൊരു തലമുറ ഈ പൂക്കളെ കാണുന്നുണ്ട്.അവർക്കു പക്ഷേ വിശേഷാൽ‌പ്രതികളിൽ ലേഖനവും കവിതയുമെഴുതാൻ കഴിയില്ല.അതിനവർ പ്രാപ്തിനേടുമ്പോഴേക്കും അവരുടെ കണ്ണും നരച്ചിരിക്കും!
“നേർവര പോലെ വിശ്വാസം നിറഞ്ഞതും”,“പഴഞ്ചൊല്ലുപോലെ നാട്ടുവെളിച്ചം നിറഞ്ഞതു”മായ വഴികൾ ഒരിടത്തും,ഒരുകാലത്തും ഉണ്ടായിരുന്നില്ല എന്നതാണു നേര്.മരിച്ചുപോയ മനുഷ്യന്റേയും,കഴിഞ്ഞുപോയ കാലത്തിന്റേയും തിന്മകൾ നാം കുഴിച്ചുമൂടുകയാണ് പതിവ്.ശരിയാണ്,നാലുകെട്ടും,പടിപ്പുരയും,കണ്ണെത്താത്ത പാടങ്ങലും,കാഴ്ച്ചക്കുലകളും,ഉപ്പുമാങ്ങാഭരണിയുംകളത്തിൽ കുമിഞ്ഞുകൂട്ടിയ നെൽക്കൂമ്പാരങ്ങളും നഷ്ടമായിട്ടുണ്ട്.ആർക്കാണ് നഷ്ടമായത് എന്നു വ്യക്തമാ‍ക്കാതെയാണ് നാം നഷ്ടങ്ങളെപ്പറ്റി സംസാരിക്കുന്നത്.പാണനും പുള്ളുവനും തറവാടുകൾ തോറും കൊട്ടിപ്പാടി നടന്നത് തമ്പ്രാക്കളുടെ കുഞ്ഞുങ്ങളുടെ ആയുരാരോഗ്യത്തിലുള്ള ഉത്കണ്ഠ കൊണ്ടോ,പാട്ടിനോടുള്ള അഭിവാജ്ഞ കൊണ്ടോ ആയിരുന്നില്ല.പട്ടിണി കൊണ്ടായിരുന്നു.ഇന്ന് അങ്ങനെ പാടി നടക്കാൻ ഏറെപ്പേരെ ഒന്നും കിട്ടില്ല.കാരണം ഏതുകൂലിപ്പണിക്കാരനും വൈകുന്നേരം അന്തസ്സായി നൂറുരൂപ വീട്ടിൽ കൊണ്ടുപോകാനുള്ള സാഹചര്യമുണ്ട്.അല്ലെങ്കിൽ‌പിന്നെ,ആത്മീയവ്യാപാരത്തിന്റെ “ഡിമാന്റ്”വർദ്ധിക്കുന്നതിനോടൊപ്പം കൂടിയ പ്രതിഫലം അവർക്കു ലഭിക്കണം.പാണപ്പാട്ടും പുള്ളുവമ്പാട്ടും സംരക്ഷിക്കലാണുപ്രശ്നമെങ്കിൽ,അതിനു വഴി വേറെ നോക്കണ്ടി വരും.
സുവർണ്ണകാലമെന്ന അടവ്
---------------------------------

ഏതുവിഷയത്തിലും കുട്ടികളെ പേടിപ്പിക്കാൻ പറ്റിയ അടവാണ്,“ഞാനിതിന്റെ സുവർണ്ണകാലം കണ്ടവനാണ്”എന്നത്.”അതൊരു കാലം!” എന്നു നെടുവീർപ്പിട്ടാൽ,പാവം കുഞ്ഞുങ്ങൾ അതെന്തോ ഗംഭീര കാലമായിരുന്നു എന്നു ധരിച്ചുകൊള്ളും എന്നാണു വിശ്വാസം.ഒരു കുട്ടി താല്പര്യത്തോടെ തായമ്പക കേൾക്കുകയാണെങ്കിൽ നമ്മൾ മുതിർന്നവർ ചെയ്യേണ്ടത്,“ഇതൊക്കെ തായമ്പകയാണോ?തൃത്താല കേശവന്റെയായിരുന്നു തായമ്പക!”എന്നു പറയുകയാണ്.അതോടെ,ആ കുട്ടി വാദ്യകലയുടെ സുവർണ്ണദശയാകെ അസ്തമിച്ചെന്നും,ഈ ജ്ഞാനവൃദ്ധരുടെ ഭാഗ്യം നമുക്കു സിദ്ധിച്ചില്ലെന്നും വിചാരിക്കുമെന്നാണു ധാരണ.അതോടൊപ്പം തന്റെ വിജ്ഞാനം കേമമാണ് എന്ന് അവനു ബോധ്യമായി എന്നും.സാഹിത്യം,സംഗീതം,ശാസ്ത്രം,രംഗകലകൾ എന്നുവേണ്ട;ഏതു മേഖലയിലും മുതിർന്നവരുടെ എക്കാലത്തെയും അടവാണിത്.തന്റെ കണ്ണിനു ബാധിച്ച വാർദ്ധക്യം ആണു പ്രശ്നം എന്നവർക്കു മനസ്സിലാവില്ല,അഥവാ മനസ്സിലായാലും സമ്മതിക്കുകയുമില്ല.സർവ്വചരാചരങ്ങളിലും ജീവിതം ദർശിക്കുന്ന ബാലമനസ്സ് നിലനിൽക്കുന്നിടത്തോളമേ കവിത മനസ്സിലുണ്ടാകൂ എന്ന എം.ഗോവിന്ദന്റെ നിരീക്ഷണം കവികൾക്കു തന്നെ മനസ്സിലായിട്ടില്ല.
വിസ്മൃതികളുടെ ചരിത്രപാഠം
-----------------------------------
കാളനും,ഓലനും,അവിയലും,അടപ്രഥമനും,ഓണക്കോടിയും,തിരുവാതിരക്കളിയും കൊണ്ട് സ്വർണ്ണക്കര നെയ്ത നല്ലകാലം കേരളീയ ജനസാമാന്യത്തിന്റെ ഭൂതകാലമേയല്ല.ഇതൊക്കെ മോശമാണെന്നോ.കേരളീയതയുടെ ശീലങ്ങളേ ആയിരുന്നില്ലന്നോ അല്ല അർത്ഥമാക്കുന്നത്.ഇതിനോടൊപ്പം തന്നെ നമ്മുടെ ശ്രദ്ധയിൽ‌പ്പെടേണ്ടിയിരുന്ന നൂറുകണക്കിന് വ്യത്യസ്താഭിരുചികളും ശീലങ്ങളും നമ്മുടെ ഓർമ്മയിൽ നിന്നും മായ്ച്ചുകളഞ്ഞാണ് ഇങ്ങനെ ചിലതുമാത്രം കേരളീയതയുടെ ചിഹ്നങ്ങളായി അവരോധിക്കപ്പെടുന്നത്.ഇതു യാദൃശ്ചികമായി സംഭവിക്കുന്നതല്ല.വിയർപ്പൊഴുക്കി പണിയെടുത്തവരുടെ നൂറുതരം പുഴുക്കും മീൻ‌കൂട്ടാനും,അവരുടെ കാവും നേർച്ചയും,താളങ്ങളും നാടൻ പാട്ടുകളും,പട്ടിണിയും തീണ്ടാപ്പാടകലങ്ങളും,ചാളകളും നരകയാതനകളും,പോരാട്ടങ്ങളും വിജയങ്ങളും എല്ലാം ഉൾപ്പെടുന്നതാണ് കേരളത്തനിമ.ആരുടെ ശീലങ്ങളായാലും ആഢ്യശീലങ്ങളും നഷ്ടമായതുതന്നെയല്ലേ എന്ന ചോദ്യം കൊണ്ട് നമുക്ക് യാഥാർത്ഥ്യത്തെ മൂടിവെക്കാനാവില്ല.എല്ലാ സൌഭാഗ്യങ്ങളും നഷ്ടപ്പെട്ടവരാണ് പുതുതലമുറ എന്നു പറയുമ്പോൾ എല്ലാ സൌഭാഗ്യങ്ങളും അനുഭവിച്ചവരായിരുന്നു പഴയ തലമുറ എന്ന പച്ചക്കള്ളം നാം പ്രചരിപ്പിക്കുകയാണ്. മുൻപറഞ്ഞ യാതനകളുടെ കറുത്തകാലം പിന്നിട്ടുവന്നവരും “തങ്ങളുടെ ഓണക്കാലം നഷ്ടമായി”എന്ന് ഇന്നു വിലപിക്കുന്നത് എന്തുകൊണ്ടാണ്?സവർണ്ണരിൽ ന്യൂനപക്ഷമായിരുന്ന സമ്പന്നർ അനുഭവിച്ച “സുവർണ്ണകാല”ത്തിന്റെ സ്മൃതിസുഗന്ധങ്ങളൊക്കെയും തങ്ങളുടേയും നഷ്ടമായി കേരളീയ ജനസാമാന്യം കണക്കിൽ കൊള്ളിച്ചതെങ്ങനെ?അധികാരം ഭാഷയിലും ഭക്ഷണത്തിലും വസ്ത്രധാരണത്തിലും എന്നുവേണ്ട,ജീവിതത്തിന്റെ സമസ്തമേഖലകളിലും നടത്തുന്ന പ്രയോഗമാണ് ഇത്തരമൊരു തോന്നലിലേക്ക് എത്തിക്കുന്നത്.സ്വന്തം വീട്ടിൽ,അല്ലെങ്കിൽ കുടുംബത്തിൽ കാരണവന്മാരിലെത്രപേർ ഈ സുഖങ്ങളനുഭവിച്ചിരുന്നു എന്ന് ഓരോ കേരളീയനും തന്നൊടുതന്നെ ചോദിച്ചാൽ ഭൂരിപക്ഷത്തിനും കിട്ടുന്ന ഉത്തരം ചില വൃദ്ധനയനങ്ങളെങ്കിലും തുറപ്പിക്കേണ്ടതാണ്.
മുൻ‌ഗാമികൾ കഞ്ഞികുടിക്കാൻ ഗതിയില്ലാതെ ചക്രശ്വാസം വലിച്ചവരാണെന്നയാഥാർത്ഥ്യം പറയുന്നതിലും എത്രയോ സുന്ദരമാണല്ലോ സർവ്വസമ്പന്നതകളുടേയും മുറ്റത്ത് ചാരുകസേരയിട്ടിരിക്കുന്ന മുതുമുത്തച്ഛനെ സ്വപ്നം കാണൽ!പാടത്തെ ചെളിയും വിയർപ്പം നാറുന്ന,വയറൊട്ടി എല്ലും തോലുമായ,നരച്ച ആകാശത്തിനു കീഴെ ഉണങ്ങിനിൽക്കുന്ന അമ്മയുടെ സ്ഥാനത്ത്,ഏഴരവെളുപ്പിനെഴുന്നേറ്റ് കുളിച്ചുകുറിയിട്ട്,ചിരിച്ചുതൊഴുതുനിൽക്കുന്ന ഒരു കാൽ‌പ്പനിക മാതൃരൂപം ഓരോ മലയാളിയും കടമെടുത്തിരിക്കുൻന്ു.എന്നിട്ട്,ഇതാണെന്റെ അമ്മ എന്നു നിരന്തരം കളവുപറയുന്നു.ഉപ്പാപ്പ കേറിയ ആനയുടെ തഴമ്പിനായി ആസനം തപ്പുന്ന ആ ശീലത്തിന്റെ ബാക്കിപത്രമാണ് “പുതിയ തലമുറ വഴിപിഴച്ചൂ”എന്ന നിലവിളിയും.അത്തരം “വിപ്ലവകാരികളെ”ചുമക്കേണ്ടിവരുന്നതാണ്,വാസ്തവത്തിലുള്ള ദുർദ്ദശ.“പണ്ടൊക്കെ എന്തേര്ന്നു!”

വി.സി.ശ്രീജനെന്ന ലഗോൺ കോഴിയ്ക്ക് മനസ്സിലാവാത്ത വലിപ്പം




വി.സി.ശ്രീജനെന്ന മഹാജ്ഞാനിയുടെ ഒരു കണ്ടെത്തൽ,പുതിയ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വായിച്ചു.(2009മാർച്ച്8-14,ലക്കം53). വൈക്കം മുഹമ്മദ് ബഷീർ അത്ര കേമനായ സാഹിത്യകാരനല്ല എന്നാണ് പുതിയ കണ്ടെത്തൽ!പുതിയ കണ്ടെത്തൽ എന്നു പറഞ്ഞതിനു കാരണമുണ്ട്,കാരണം ഇതിനുമുൻപും ഈ മഹാൻ ഇത്തരം കണ്ടെത്തലുകളുമായി നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്.എം.എൻ.വിജയന് വിവരമില്ല എന്നായിരുന്നു മറ്റൊരു കണ്ടുപിടുത്തം.ഇനി അടുത്തതായി അദ്ദേഹം കുമാരനാശാനു കവിതയെഴുതാനറിയില്ല എന്നും കണ്ടെത്തും എന്നാണെന്റെ പ്രതീക്ഷ.
പിന്നെന്തിനാ കൂവേ ഇതിനു മറുപടിയെഴുതുന്നത് എന്നാണു നിങ്ങളിലുയരുന്ന ചോദ്യമെന്ന് എനിയ്ക്കറിയാം.അതിനു വ്യക്തമായ ഉത്തരമുണ്ട്.മാനവികമായ വീക്ഷണത്തിൽ നിന്ന് മാനവികവിരുദ്ധമായ സ്ഥലങ്ങളിലേയ്ക്ക് നമ്മുടെ സാഹിത്യത്തെ പിടിച്ചുകൊണ്ടുപോവുന്ന ഈ സമയസന്ധിയിൽ,ഇത്തരം വികലവായനകൾക്ക് വ്യക്തമായ പരിപ്രേക്ഷ്യവും,ഉദ്ദേശവും ഉണ്ടെന്ന് ഞാൻ ഭയപ്പെടുന്നു.
ബഷീർ-മാനവികതയുടെ ചേതന
------------------------------------
“മനുഷ്യൻ!ഹാ!എത്ര മഹത്തായ പദം!” എന്ന ഗോർക്കിയുടെ പ്രസ്താവത്തിന്റെ ഹൃദയത്തിൽ,ഇരുപതാം നൂറ്റാണ്ടിന്റെ രക്തമൊഴുകുന്നുണ്ട്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ രൂപപ്പെട്ടുവന്ന നവീനമായ മാനവികബോധമായിരുന്നു തുടർന്നുള്ള കാലത്തിന്റെ ചാലകശക്തി.
“കൃതികൾ മനുഷ്യകഥാനുഗായികൾ” എന്ന് ആശാനെഴുതുന്നത് അന്നുവരെയുള്ള കാലത്തിന്റെ പിൻ‌വിളികളെ അതിജീവിച്ചാണ്.പ്രത്യക്ഷത്തിൽ സൌ‌മ്യമെന്നു തോന്നുന്ന ഈ പ്രസ്താവം ഭൂതകാലത്തെ നിശിതമായി നിഷേധിച്ചാണു രൂപപ്പെട്ടത്.നാരായണഗുരുവിൽ അതു പ്രത്യക്ഷരൂപമാർജ്ജിക്കുകയായിരുന്നു.“മതമേതായാലും മനുഷ്യൻ നന്നായാൽ മതി”,“ഒരു ജാതി,ഒരു മതം.ഒരു ദൈവം മനുഷ്യന്”എന്നീ മുദ്രകളൊക്കെ,കാലം ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ബഷീർ മാനവികതയുടെ ചേതസ്സായിരുന്നു.ബഷീർ സാഹിത്യം അതിന്റെ ഉപനിഷത്തും.ജീവിതത്തിന്റെ ഇരുണ്ട സദാചാരനീതികളെ നേരിടാനാണ് ബഷീറിന്റെ കാലം “ചീത്തക്കഥകളെ”ഴുതിയത്.മനുഷ്യരുടെ സ്നേഹത്തിന്റെ കയ്പ്പുകളെ തൊണ്ടയിലുടക്കിയാണ് ബഷീർ വന്നത്.ആദ്യകൃതിയായ ബാല്യകാലസഖി തന്നെ അതിന്റെ ജീവരൂപമാണ്.സ്നേഹം ഇത്രമേൽ ധ്വംസനാത്മകമായി അതിനുമുൻപൊരിയ്ക്കലും മലയാളി നേരിട്ടിട്ടില്ല.അവസാനത്തെ വരികളിൽ നിന്ന്,എന്തായിരുന്നു സുഹ്‌റ മജീദിനോട് പറയാനിരുന്നത് എന്ന ഉത്കണ്ഠയിൽ നിന്ന്,ഒരിയ്ക്കലും വിമോചനമില്ലാതെ ലോകം കുരുങ്ങിക്കിടന്നു.
അതിനിങ്ങേയറ്റത്തു പിടിച്ചാൽ,പാത്തുമ്മയുടെ ആടിലെത്തുമ്പോൾ,വീട് ഒരു ജീവസ്വരൂപമായി ബഷീറിനെ ആഞ്ഞുകൊത്തി.നമ്മുടെയെല്ലാം വീട്ടിൽ നിരന്തരം നടക്കുന്ന സ്വാഭാവികസംഭവങ്ങളെല്ലാം ബഷീറിന്റെ മൂശയിൽ ആർജ്ജവമുള്ള രംഗങ്ങളായി.അത്രമേൽ ലോകം ചുറ്റി വന്നിരിയ്ക്കുന്നതുകൊണ്ടാണ് ബഷീറിനെ വീട് അത്രമേൽ ആക്രമിച്ചതും.വീട്ടിൽനിന്നുവീട്ടിലേയ്ക്കു മാത്രം സഞ്ചരിച്ച നാം അതു കണ്ടമ്പരന്നു.അതിനോടു സമാനമായി വിശ്വസാഹിത്യത്തിൽ തന്നെ രചനകളുണ്ടാകുമോ എന്നു സംശയം.
ചെറിയ നാട്ടിൽ താമസിയ്ക്കുന്ന,ചെറിയ മനുഷ്യർ അധിവസിയ്ക്കുന്ന ഒരു ഭൂഖണ്ഡത്തിലെ എഴുത്തുകാരനായിരുന്നു ബഷീർ.അതുകൊണ്ടുതന്നെ സ്വന്തം തലച്ചോറിന്റെ അമിതവും ആധികാരികവുമായ വളർച്ച കൊണ്ട് സ്വയം ചെറിയ മനുഷ്യരിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ടതായി ബഷീറിനു തോന്നിയില്ല.അതുകൊണ്ടാണ് കൊച്ചുമനുഷ്യരെപ്പറ്റി അദ്ദേഹം കഥകളും പ്രബന്ധങ്ങളുമെഴുതിയത്.
സ്വാതന്ത്ര്യം തീഷ്ണമായ ഒരാവശ്യമാണ് എന്ന് ബഷീർ നിരന്തരം പ്രഖ്യാപിച്ചു.മഹത്വത്തിന്റെ എടുപ്പുകുതിരയായി ജീവിയ്ക്കാൻ ബഷീർ ആഗ്രഹിച്ചില്ല.മഹത്വത്തിന്റെ ആനപ്പുറം പാരതന്ത്ര്യത്തിന്റേതാണ് എന്നും,പൂഴിമണ്ണിലൂടെയുള്ള ഭൂമിയിലെ നടത്തം സ്വാതന്ത്ര്യത്തിന്റെ എളിമയുടേതാണ് എന്നും ആ മനുഷ്യൻ തിരിച്ചറിഞ്ഞു.“ഉപ്പൂപ്പമാരുടെ ആനപ്പുറ”ത്തിലല്ല,ജീവിതത്തിന്റെ നേര് കിടന്നു പിടയ്ക്കുന്നത് എന്ന് കണ്ടറിഞ്ഞ ബഷീർ,അവയെ പുറംകാലുകൊണ്ടു ചവിട്ടിയെറിഞ്ഞു.
എന്നാൽ,എഴുപതുകൾ മുതൽ നാം കെട്ടിയേറ്റിക്കൊണ്ടുവന്ന ആധുനികതയുടെ ആനപ്പുറങ്ങൾ,നമ്മെ ആ പ്രകാശത്തിൽ നിന്ന് വഴിതിരിച്ചുവിട്ടു.മാനവികതയ്ക്കെതിരെ ആത്മീയതയേയും,രാഷ്ട്രീയനാഗരികതയ്ക്കെതിരെ പ്രാകൃതമതവംശീയതയേയും സ്ഥാപിയ്ക്കാൻ ആധുനികതാവാദം പണിപ്പെട്ടു.മൂല്യനിരാസത്തിന്റെയും,മയക്കുമരുന്നിന്റെയും,ലൈംഗിക‌ അരാജകത്വത്തിന്റെയും വിഷബീജങ്ങൾ അന്തരീക്ഷത്തിൽ കലർത്തപ്പെട്ടു.എഴുത്തുകാരന്റെ സ്വകാര്യതയെപ്പറ്റി ഉന്മാദകരമായ ഒരു കാഴ്ച്ചപ്പാട് പങ്കുവെക്കപ്പെട്ടു.
പക്ഷേ,ബഷീർ ആ കാലത്തെയെല്ലാം അതിജീവിച്ചും മുറിവേൽ‌പ്പിയ്ക്കുന്ന നാവുമായി നമുക്കു മുന്നിൽ നിൽക്കുന്നു.ആഖ്യയും ആഖ്യാദവും എവിടെ എന്നു ചോദിയ്ക്കുന്ന ബഷീറിന്റെ വൈയാകരണ കഥാപാത്രം,ഘടനാവാദത്തിന്റെയും അപനിർമ്മാണത്തിന്റെയും മിടുക്കന്മാരെ വരെ തുമ്പിക്കല്ലെടുപ്പിക്കുന്നു.രാജാവു നഗ്നനെന്നു വിളിച്ചുപറയുന്ന സത്യദർശനത്തിന്റെ ചിഹ്നങ്ങളിലൂടെ,അപമാനവീകരണത്തിന്റെ ഇരുൾക്കാടുകളിലും ബഷീർ നീലവെളിച്ചമാകുന്നു.
മനുഷ്യനെ മറക്കുന്ന കഴുതക്കരച്ചിലുകൾ
------------------------------------------

ബഷീറിന്റെ വലിപ്പം മനസ്സിലാവാത്ത ശ്രീജനെപ്പോലുള്ളവരുടെ കഴുതക്കരച്ചിലുകൾ,മനുഷ്യരെ മറന്നുപോകുന്നു.സ്വയം സങ്കൽ‌പ്പിച്ചുണ്ടാക്കിയ മൂഡസ്വർഗ്ഗങ്ങളിൽ പാർപ്പുറപ്പിച്ചിരിയ്ക്കുന്ന അവരറിയുന്നില്ല,അവർ കരയുന്നതെല്ലാം കഴുതക്കരച്ചിലാണെന്ന്.മൊട്ടുസൂചികളെക്കണ്ടു തലകുത്തിനിൽക്കുകയും,വിമർശനാത്മകമെന്ന നാട്യത്തിലുള്ള സിദ്ധാന്തങ്ങൾ മുട്ടയിടുകയും ചെയ്തതുകൊണ്ടൊന്നും മനുഷ്യനെ മനസ്സിലാവില്ല.ബഷീറിന്റെ കേമത്തം അറിയാനുള്ള കേമത്തം ശ്രീജനില്ലെങ്കിലും,ഇന്നാട്ടിലെ സാധാരണക്കാരായ മനുഷ്യർക്കുണ്ട്.
“ഒ.വി.വിജയന്റെ അഭിപ്രായത്തിൽ,മലയാളത്തിലെ ഏറ്റവും നല്ല നോവൽ “ഖസാക്കിന്റെ ഇതിഹാസം ആയിരിയ്ക്കണമല്ലോ.എന്നാൽ അദ്ദേഹം പറയുന്നു മലയാളത്തിലെ ഏറ്റവും നല്ല നോവൽ ‘പാത്തുമ്മയുടെ ആട്’ആണ് എന്ന്.ഇതൊരിയ്ക്കലും വിജയന്റെ സത്യസന്ധമായ അഭിപ്രായമാവില്ല.”
ഇങ്ങനെ ഒരു പടുവിഡ്ഡിവാചകമെഴുതാൻ,ശ്രീജനല്ലാതെ വേറാർക്കും കയ്യുറയ്ക്കും എന്നെനിയ്ക്കു തോന്നുന്നില്ല.(ടി.പത്മനാഭനൊഴികെ)
ബഷീർ മഹാനായ മനുഷ്യനാണെന്ന് ശ്രീജൻ സമ്മതിയ്ക്കുന്നുണ്ട്.അത് ബഷീർ മഹാനായ എഴുത്തുകാരനല്ല എന്നു പറയാൻ വേണ്ടിയാണ്.മഹാന്മാരായ മനുഷ്യരെല്ലാം മഹാന്മാരായ എഴുത്തുകാരാവണമെന്നില്ല എന്ന ശ്രീജന്റെ കണ്ടുപിടുത്തം സ്കൂൾകുട്ടികളോടു പറയേണ്ടതാണ്.വേണമെങ്കിൽ ശ്രീജന്റെ ക്ലാസിലിരിയ്ക്കാൻ വിധിയ്ക്കപ്പെട്ട ഭാഗ്യദോഷികളോടും പറയാം.കൂടെ വേണമെങ്കിൽ “പാമ്പുകടിച്ചാൽ ഒരു സുഖമില്ല”എന്നോ. “പഞ്ചസാരയ്ക്ക് മധുരമാണ്”എന്നോ കൂട്ടാം.
റൊണാൾഡ് ആഷറിന്റെ ബഷീർ വായനകളെയാണ് പിന്നെ ശ്രീജന്റെ നിരൂപണജ്ഞാനം ആക്രമിയ്ക്കുന്നത്.അടിസ്ഥാനം കണ്ടെത്താനാവാത്ത മഹത്വമാണ് ബഷീറിന്റേത് എന്ന വായനയെ,അങ്ങനെയൊരു മഹത്വമില്ല എന്നിടത്തേയ്ക്ക് ശ്രീജന്റെ ബുദ്ധി കൂട്ടിക്കെട്ടുന്നു.നിരൂപണത്തിന്റെ തുലാസും തൂക്കക്കട്ടികളും കൊണ്ടു ശ്രീജൻ നടത്തുന്ന പലചരക്കുകടയിൽ ബഷീറിനെ തൂക്കാൻ പറ്റാത്തതാണു സങ്കടം.സമിതികളിൽ നിന്നു പുറം തള്ളപ്പെടാതിരിയ്ക്കാനുള്ള സാഹിത്യേതരകലകളിലെ അഭ്യാസദാർഢ്യവുമായി,അക്കാദമിക്ക് കൊട്ടാരങ്ങളിൽ വാണരുളുന്ന സാഹിത്യകാരന്മാരെ അളക്കുന്നതുപോലെ,കുറേ തൂക്കക്കട്ടികളും കൊണ്ട് ബഷീറിനെ അളക്കാം എന്നാണ് ശ്രീജന്റെ വിചാരം.അതിനു ബഷീർ പിടിതരുന്നില്ലാത്തസ്ഥിതിയ്ക്ക് അയാൾ സാഹിത്യകാരനല്ല,അത്രേയുള്ളൂ!
ബാല്യകാലസഖിയിലെ സുഹ്‌റ-മജീദ് എന്നീ കുട്ടികളുടെ ശത്രുതക്ക് എന്താണുകാരണം എന്നു ബഷീർ വിശദീകരിച്ചില്ല എന്നതാണ് വേറൊരാവലാതി.ജീവിതമെന്നാൽ ഒറ്റകാലമേയുള്ളൂ എന്നു തോന്നുന്നു,ഇത്തരം ബുദ്ധിജീവികൾക്ക്.അന്യോന്യം കടിച്ചീമ്പി രക്തം കുടിയ്ക്കാനും,കുടൽമാലയൂരി നൃത്തം ചെയ്യാനുമാണ് ആഗ്രഹമെങ്കിലും മുഖത്ത് ധൈഷണികമായ ഗൌരവവുമായി ജീവിയ്ക്കുന്ന കാലം.അതുകൊണ്ട് കുട്ടികളുടെ ആ കാരണം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.
ഇനിയാണ് ഏറ്റവും ചേതോഹരമായ കണ്ടുപിടുത്തം നടത്തിയിരിയ്ക്കുന്നത്!“ആഖ്യയും ആഖ്യാദവും എവിടെ?”എന്ന പ്രസിദ്ധമായ അബ്ദുൾഖാദർ കഥയും,“മാതാവേ കുറച്ചു ശുദ്ധജലം തന്നാലും”എന്ന കഥയും (പാത്തുമ്മയുടെ ആട്)എടുത്തെഴുതിയിട്ട്,ശ്രീജൻ പറയുന്നു:
“ഇതുപോലുള്ള പല സംഭവങ്ങളുടെയും ലാവണ്യം കഥാകൃത്തിനേക്കാൾ കഥാപാത്രങ്ങൾക്ക് അവകാശപ്പെട്ടതാണ്.സാക്ഷിയായി എല്ലാം രേഖപ്പെടുത്തുകയേ ബഷീർ ചെയ്തിട്ടുള്ളൂ”
എങ്ങനെയുണ്ട്?ബഷീറിന്റെ വീട്ടിൽ മാത്രമല്ല,എന്റെയും ശ്രീജന്റെയും എല്ലാം വീട്ടിൽ ഇത്തരം സാധാരണസംഭവങ്ങൾ നടക്കുന്നുണ്ടല്ലോ,എന്നിട്ടെന്താണാവോ അതൊന്നും ഇങ്ങനെ ചിരകാലപ്രതിഷ്ഠ നേടാത്തത്?ശ്രീജനും ആവാമായിരുന്നല്ലോ,ഒരഞ്ചാറു നോവൽ ഇത്തരം സാധാരണസംഭവങ്ങളെ വെച്ചെഴുതുക!എന്തേ ചെയ്യാഞ്ഞത്?
ഇത്രയും അപമാനവീകരിക്കപ്പെട്ട കറുത്തലോകത്ത്,സാഹിത്യമെന്നാൽ തന്റെ നെടുമ്പുരമാളികയിലെ കോഴിക്കൂട്ടിൽ ഞാത്തിയിട്ട ഇലക്ട്രിക് അക്കാദമികവെളിച്ചത്തിന്റെ ചൂടിൽ വിരിയുന്ന ലഗോൺ‌മുട്ടയാണെന്നു വിചാരിക്കുന്ന ഈ എട്ടുകാലിമമ്മൂഞ്ഞുകളുടെ ഇടയിൽ ജീവിക്കാൻ ബഷീറുണ്ടായില്ലല്ലോ എന്നാണാശ്വാസം!