
വി.സി.ശ്രീജനെന്ന മഹാജ്ഞാനിയുടെ ഒരു കണ്ടെത്തൽ,പുതിയ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വായിച്ചു.(2009മാർച്ച്8-14,ലക്കം53). വൈക്കം മുഹമ്മദ് ബഷീർ അത്ര കേമനായ സാഹിത്യകാരനല്ല എന്നാണ് പുതിയ കണ്ടെത്തൽ!പുതിയ കണ്ടെത്തൽ എന്നു പറഞ്ഞതിനു കാരണമുണ്ട്,കാരണം ഇതിനുമുൻപും ഈ മഹാൻ ഇത്തരം കണ്ടെത്തലുകളുമായി നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്.എം.എൻ.വിജയന് വിവരമില്ല എന്നായിരുന്നു മറ്റൊരു കണ്ടുപിടുത്തം.ഇനി അടുത്തതായി അദ്ദേഹം കുമാരനാശാനു കവിതയെഴുതാനറിയില്ല എന്നും കണ്ടെത്തും എന്നാണെന്റെ പ്രതീക്ഷ.
പിന്നെന്തിനാ കൂവേ ഇതിനു മറുപടിയെഴുതുന്നത് എന്നാണു നിങ്ങളിലുയരുന്ന ചോദ്യമെന്ന് എനിയ്ക്കറിയാം.അതിനു വ്യക്തമായ ഉത്തരമുണ്ട്.മാനവികമായ വീക്ഷണത്തിൽ നിന്ന് മാനവികവിരുദ്ധമായ സ്ഥലങ്ങളിലേയ്ക്ക് നമ്മുടെ സാഹിത്യത്തെ പിടിച്ചുകൊണ്ടുപോവുന്ന ഈ സമയസന്ധിയിൽ,ഇത്തരം വികലവായനകൾക്ക് വ്യക്തമായ പരിപ്രേക്ഷ്യവും,ഉദ്ദേശവും ഉണ്ടെന്ന് ഞാൻ ഭയപ്പെടുന്നു.
ബഷീർ-മാനവികതയുടെ ചേതന
------------------------------------
“മനുഷ്യൻ!ഹാ!എത്ര മഹത്തായ പദം!” എന്ന ഗോർക്കിയുടെ പ്രസ്താവത്തിന്റെ ഹൃദയത്തിൽ,ഇരുപതാം നൂറ്റാണ്ടിന്റെ രക്തമൊഴുകുന്നുണ്ട്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ രൂപപ്പെട്ടുവന്ന നവീനമായ മാനവികബോധമായിരുന്നു തുടർന്നുള്ള കാലത്തിന്റെ ചാലകശക്തി.
“കൃതികൾ മനുഷ്യകഥാനുഗായികൾ” എന്ന് ആശാനെഴുതുന്നത് അന്നുവരെയുള്ള കാലത്തിന്റെ പിൻവിളികളെ അതിജീവിച്ചാണ്.പ്രത്യക്ഷത്തിൽ സൌമ്യമെന്നു തോന്നുന്ന ഈ പ്രസ്താവം ഭൂതകാലത്തെ നിശിതമായി നിഷേധിച്ചാണു രൂപപ്പെട്ടത്.നാരായണഗുരുവിൽ അതു പ്രത്യക്ഷരൂപമാർജ്ജിക്കുകയായിരുന്നു.“മതമേതായാലും മനുഷ്യൻ നന്നായാൽ മതി”,“ഒരു ജാതി,ഒരു മതം.ഒരു ദൈവം മനുഷ്യന്”എന്നീ മുദ്രകളൊക്കെ,കാലം ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ബഷീർ മാനവികതയുടെ ചേതസ്സായിരുന്നു.ബഷീർ സാഹിത്യം അതിന്റെ ഉപനിഷത്തും.ജീവിതത്തിന്റെ ഇരുണ്ട സദാചാരനീതികളെ നേരിടാനാണ് ബഷീറിന്റെ കാലം “ചീത്തക്കഥകളെ”ഴുതിയത്.മനുഷ്യരുടെ സ്നേഹത്തിന്റെ കയ്പ്പുകളെ തൊണ്ടയിലുടക്കിയാണ് ബഷീർ വന്നത്.ആദ്യകൃതിയായ ബാല്യകാലസഖി തന്നെ അതിന്റെ ജീവരൂപമാണ്.സ്നേഹം ഇത്രമേൽ ധ്വംസനാത്മകമായി അതിനുമുൻപൊരിയ്ക്കലും മലയാളി നേരിട്ടിട്ടില്ല.അവസാനത്തെ വരികളിൽ നിന്ന്,എന്തായിരുന്നു സുഹ്റ മജീദിനോട് പറയാനിരുന്നത് എന്ന ഉത്കണ്ഠയിൽ നിന്ന്,ഒരിയ്ക്കലും വിമോചനമില്ലാതെ ലോകം കുരുങ്ങിക്കിടന്നു.
അതിനിങ്ങേയറ്റത്തു പിടിച്ചാൽ,പാത്തുമ്മയുടെ ആടിലെത്തുമ്പോൾ,വീട് ഒരു ജീവസ്വരൂപമായി ബഷീറിനെ ആഞ്ഞുകൊത്തി.നമ്മുടെയെല്ലാം വീട്ടിൽ നിരന്തരം നടക്കുന്ന സ്വാഭാവികസംഭവങ്ങളെല്ലാം ബഷീറിന്റെ മൂശയിൽ ആർജ്ജവമുള്ള രംഗങ്ങളായി.അത്രമേൽ ലോകം ചുറ്റി വന്നിരിയ്ക്കുന്നതുകൊണ്ടാണ് ബഷീറിനെ വീട് അത്രമേൽ ആക്രമിച്ചതും.വീട്ടിൽനിന്നുവീട്ടിലേയ്ക്കു മാത്രം സഞ്ചരിച്ച നാം അതു കണ്ടമ്പരന്നു.അതിനോടു സമാനമായി വിശ്വസാഹിത്യത്തിൽ തന്നെ രചനകളുണ്ടാകുമോ എന്നു സംശയം.
ചെറിയ നാട്ടിൽ താമസിയ്ക്കുന്ന,ചെറിയ മനുഷ്യർ അധിവസിയ്ക്കുന്ന ഒരു ഭൂഖണ്ഡത്തിലെ എഴുത്തുകാരനായിരുന്നു ബഷീർ.അതുകൊണ്ടുതന്നെ സ്വന്തം തലച്ചോറിന്റെ അമിതവും ആധികാരികവുമായ വളർച്ച കൊണ്ട് സ്വയം ചെറിയ മനുഷ്യരിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ടതായി ബഷീറിനു തോന്നിയില്ല.അതുകൊണ്ടാണ് കൊച്ചുമനുഷ്യരെപ്പറ്റി അദ്ദേഹം കഥകളും പ്രബന്ധങ്ങളുമെഴുതിയത്.
സ്വാതന്ത്ര്യം തീഷ്ണമായ ഒരാവശ്യമാണ് എന്ന് ബഷീർ നിരന്തരം പ്രഖ്യാപിച്ചു.മഹത്വത്തിന്റെ എടുപ്പുകുതിരയായി ജീവിയ്ക്കാൻ ബഷീർ ആഗ്രഹിച്ചില്ല.മഹത്വത്തിന്റെ ആനപ്പുറം പാരതന്ത്ര്യത്തിന്റേതാണ് എന്നും,പൂഴിമണ്ണിലൂടെയുള്ള ഭൂമിയിലെ നടത്തം സ്വാതന്ത്ര്യത്തിന്റെ എളിമയുടേതാണ് എന്നും ആ മനുഷ്യൻ തിരിച്ചറിഞ്ഞു.“ഉപ്പൂപ്പമാരുടെ ആനപ്പുറ”ത്തിലല്ല,ജീവിതത്തിന്റെ നേര് കിടന്നു പിടയ്ക്കുന്നത് എന്ന് കണ്ടറിഞ്ഞ ബഷീർ,അവയെ പുറംകാലുകൊണ്ടു ചവിട്ടിയെറിഞ്ഞു.
എന്നാൽ,എഴുപതുകൾ മുതൽ നാം കെട്ടിയേറ്റിക്കൊണ്ടുവന്ന ആധുനികതയുടെ ആനപ്പുറങ്ങൾ,നമ്മെ ആ പ്രകാശത്തിൽ നിന്ന് വഴിതിരിച്ചുവിട്ടു.മാനവികതയ്ക്കെതിരെ ആത്മീയതയേയും,രാഷ്ട്രീയനാഗരികതയ്ക്കെതിരെ പ്രാകൃതമതവംശീയതയേയും സ്ഥാപിയ്ക്കാൻ ആധുനികതാവാദം പണിപ്പെട്ടു.മൂല്യനിരാസത്തിന്റെയും,മയക്കുമരുന്നിന്റെയും,ലൈംഗിക അരാജകത്വത്തിന്റെയും വിഷബീജങ്ങൾ അന്തരീക്ഷത്തിൽ കലർത്തപ്പെട്ടു.എഴുത്തുകാരന്റെ സ്വകാര്യതയെപ്പറ്റി ഉന്മാദകരമായ ഒരു കാഴ്ച്ചപ്പാട് പങ്കുവെക്കപ്പെട്ടു.
പക്ഷേ,ബഷീർ ആ കാലത്തെയെല്ലാം അതിജീവിച്ചും മുറിവേൽപ്പിയ്ക്കുന്ന നാവുമായി നമുക്കു മുന്നിൽ നിൽക്കുന്നു.ആഖ്യയും ആഖ്യാദവും എവിടെ എന്നു ചോദിയ്ക്കുന്ന ബഷീറിന്റെ വൈയാകരണ കഥാപാത്രം,ഘടനാവാദത്തിന്റെയും അപനിർമ്മാണത്തിന്റെയും മിടുക്കന്മാരെ വരെ തുമ്പിക്കല്ലെടുപ്പിക്കുന്നു.രാജാവു നഗ്നനെന്നു വിളിച്ചുപറയുന്ന സത്യദർശനത്തിന്റെ ചിഹ്നങ്ങളിലൂടെ,അപമാനവീകരണത്തിന്റെ ഇരുൾക്കാടുകളിലും ബഷീർ നീലവെളിച്ചമാകുന്നു.
മനുഷ്യനെ മറക്കുന്ന കഴുതക്കരച്ചിലുകൾ
------------------------------------------
ബഷീറിന്റെ വലിപ്പം മനസ്സിലാവാത്ത ശ്രീജനെപ്പോലുള്ളവരുടെ കഴുതക്കരച്ചിലുകൾ,മനുഷ്യരെ മറന്നുപോകുന്നു.സ്വയം സങ്കൽപ്പിച്ചുണ്ടാക്കിയ മൂഡസ്വർഗ്ഗങ്ങളിൽ പാർപ്പുറപ്പിച്ചിരിയ്ക്കുന്ന അവരറിയുന്നില്ല,അവർ കരയുന്നതെല്ലാം കഴുതക്കരച്ചിലാണെന്ന്.മൊട്ടുസൂചികളെക്കണ്ടു തലകുത്തിനിൽക്കുകയും,വിമർശനാത്മകമെന്ന നാട്യത്തിലുള്ള സിദ്ധാന്തങ്ങൾ മുട്ടയിടുകയും ചെയ്തതുകൊണ്ടൊന്നും മനുഷ്യനെ മനസ്സിലാവില്ല.ബഷീറിന്റെ കേമത്തം അറിയാനുള്ള കേമത്തം ശ്രീജനില്ലെങ്കിലും,ഇന്നാട്ടിലെ സാധാരണക്കാരായ മനുഷ്യർക്കുണ്ട്.
“ഒ.വി.വിജയന്റെ അഭിപ്രായത്തിൽ,മലയാളത്തിലെ ഏറ്റവും നല്ല നോവൽ “ഖസാക്കിന്റെ ഇതിഹാസം ആയിരിയ്ക്കണമല്ലോ.എന്നാൽ അദ്ദേഹം പറയുന്നു മലയാളത്തിലെ ഏറ്റവും നല്ല നോവൽ ‘പാത്തുമ്മയുടെ ആട്’ആണ് എന്ന്.ഇതൊരിയ്ക്കലും വിജയന്റെ സത്യസന്ധമായ അഭിപ്രായമാവില്ല.”
ഇങ്ങനെ ഒരു പടുവിഡ്ഡിവാചകമെഴുതാൻ,ശ്രീജനല്ലാതെ വേറാർക്കും കയ്യുറയ്ക്കും എന്നെനിയ്ക്കു തോന്നുന്നില്ല.(ടി.പത്മനാഭനൊഴികെ)
ബഷീർ മഹാനായ മനുഷ്യനാണെന്ന് ശ്രീജൻ സമ്മതിയ്ക്കുന്നുണ്ട്.അത് ബഷീർ മഹാനായ എഴുത്തുകാരനല്ല എന്നു പറയാൻ വേണ്ടിയാണ്.മഹാന്മാരായ മനുഷ്യരെല്ലാം മഹാന്മാരായ എഴുത്തുകാരാവണമെന്നില്ല എന്ന ശ്രീജന്റെ കണ്ടുപിടുത്തം സ്കൂൾകുട്ടികളോടു പറയേണ്ടതാണ്.വേണമെങ്കിൽ ശ്രീജന്റെ ക്ലാസിലിരിയ്ക്കാൻ വിധിയ്ക്കപ്പെട്ട ഭാഗ്യദോഷികളോടും പറയാം.കൂടെ വേണമെങ്കിൽ “പാമ്പുകടിച്ചാൽ ഒരു സുഖമില്ല”എന്നോ. “പഞ്ചസാരയ്ക്ക് മധുരമാണ്”എന്നോ കൂട്ടാം.
റൊണാൾഡ് ആഷറിന്റെ ബഷീർ വായനകളെയാണ് പിന്നെ ശ്രീജന്റെ നിരൂപണജ്ഞാനം ആക്രമിയ്ക്കുന്നത്.അടിസ്ഥാനം കണ്ടെത്താനാവാത്ത മഹത്വമാണ് ബഷീറിന്റേത് എന്ന വായനയെ,അങ്ങനെയൊരു മഹത്വമില്ല എന്നിടത്തേയ്ക്ക് ശ്രീജന്റെ ബുദ്ധി കൂട്ടിക്കെട്ടുന്നു.നിരൂപണത്തിന്റെ തുലാസും തൂക്കക്കട്ടികളും കൊണ്ടു ശ്രീജൻ നടത്തുന്ന പലചരക്കുകടയിൽ ബഷീറിനെ തൂക്കാൻ പറ്റാത്തതാണു സങ്കടം.സമിതികളിൽ നിന്നു പുറം തള്ളപ്പെടാതിരിയ്ക്കാനുള്ള സാഹിത്യേതരകലകളിലെ അഭ്യാസദാർഢ്യവുമായി,അക്കാദമിക്ക് കൊട്ടാരങ്ങളിൽ വാണരുളുന്ന സാഹിത്യകാരന്മാരെ അളക്കുന്നതുപോലെ,കുറേ തൂക്കക്കട്ടികളും കൊണ്ട് ബഷീറിനെ അളക്കാം എന്നാണ് ശ്രീജന്റെ വിചാരം.അതിനു ബഷീർ പിടിതരുന്നില്ലാത്തസ്ഥിതിയ്ക്ക് അയാൾ സാഹിത്യകാരനല്ല,അത്രേയുള്ളൂ!
ബാല്യകാലസഖിയിലെ സുഹ്റ-മജീദ് എന്നീ കുട്ടികളുടെ ശത്രുതക്ക് എന്താണുകാരണം എന്നു ബഷീർ വിശദീകരിച്ചില്ല എന്നതാണ് വേറൊരാവലാതി.ജീവിതമെന്നാൽ ഒറ്റകാലമേയുള്ളൂ എന്നു തോന്നുന്നു,ഇത്തരം ബുദ്ധിജീവികൾക്ക്.അന്യോന്യം കടിച്ചീമ്പി രക്തം കുടിയ്ക്കാനും,കുടൽമാലയൂരി നൃത്തം ചെയ്യാനുമാണ് ആഗ്രഹമെങ്കിലും മുഖത്ത് ധൈഷണികമായ ഗൌരവവുമായി ജീവിയ്ക്കുന്ന കാലം.അതുകൊണ്ട് കുട്ടികളുടെ ആ കാരണം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.
ഇനിയാണ് ഏറ്റവും ചേതോഹരമായ കണ്ടുപിടുത്തം നടത്തിയിരിയ്ക്കുന്നത്!“ആഖ്യയും ആഖ്യാദവും എവിടെ?”എന്ന പ്രസിദ്ധമായ അബ്ദുൾഖാദർ കഥയും,“മാതാവേ കുറച്ചു ശുദ്ധജലം തന്നാലും”എന്ന കഥയും (പാത്തുമ്മയുടെ ആട്)എടുത്തെഴുതിയിട്ട്,ശ്രീജൻ പറയുന്നു:
“ഇതുപോലുള്ള പല സംഭവങ്ങളുടെയും ലാവണ്യം കഥാകൃത്തിനേക്കാൾ കഥാപാത്രങ്ങൾക്ക് അവകാശപ്പെട്ടതാണ്.സാക്ഷിയായി എല്ലാം രേഖപ്പെടുത്തുകയേ ബഷീർ ചെയ്തിട്ടുള്ളൂ”
എങ്ങനെയുണ്ട്?ബഷീറിന്റെ വീട്ടിൽ മാത്രമല്ല,എന്റെയും ശ്രീജന്റെയും എല്ലാം വീട്ടിൽ ഇത്തരം സാധാരണസംഭവങ്ങൾ നടക്കുന്നുണ്ടല്ലോ,എന്നിട്ടെന്താണാവോ അതൊന്നും ഇങ്ങനെ ചിരകാലപ്രതിഷ്ഠ നേടാത്തത്?ശ്രീജനും ആവാമായിരുന്നല്ലോ,ഒരഞ്ചാറു നോവൽ ഇത്തരം സാധാരണസംഭവങ്ങളെ വെച്ചെഴുതുക!എന്തേ ചെയ്യാഞ്ഞത്?
ഇത്രയും അപമാനവീകരിക്കപ്പെട്ട കറുത്തലോകത്ത്,സാഹിത്യമെന്നാൽ തന്റെ നെടുമ്പുരമാളികയിലെ കോഴിക്കൂട്ടിൽ ഞാത്തിയിട്ട ഇലക്ട്രിക് അക്കാദമികവെളിച്ചത്തിന്റെ ചൂടിൽ വിരിയുന്ന ലഗോൺമുട്ടയാണെന്നു വിചാരിക്കുന്ന ഈ എട്ടുകാലിമമ്മൂഞ്ഞുകളുടെ ഇടയിൽ ജീവിക്കാൻ ബഷീറുണ്ടായില്ലല്ലോ എന്നാണാശ്വാസം!