Pages

മകന്റെ അച്ഛൻ-വ്യക്തിനിഷ്ഠതയുടെ സ്തുതിഗീതം


വലതോ ഇടതോ എന്നു സംശയിപ്പിക്കുകയും,ഇടതിനെ നേരെയാക്കാനാണു ശ്രമം എന്നുദ്‌ഘോഷിക്കുകയും,എന്നാൽ വലതുപക്ഷരാഷ്ട്രീയം പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്ഥിരം ശ്രീനിവാസൻ കലാപരിപാടിയിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല,‘മകന്റെ അച്ഛൻ’.എങ്കിലും പതിവുപോലെ, മലയാളിമനുഷ്യരോട് ഈ സിനിമ ചിലചോദ്യങ്ങൾ ചോദിയ്ക്കുന്നുണ്ട്,അതു കാലികവുമാണ്.
സമൂഹനിഷ്ഠമായി നാം കരുതിപ്പോന്ന ഓരോന്നായി വ്യക്തിനിഷ്ഠമാണെന്നു പ്രഖ്യാപിക്കലാണല്ലോ മുതലാളിത്തത്തിന്റെ കുറേക്കാലമായുള്ള നാടകം.പ്രതിഷേധിക്കാനുള്ള അച്ചടിക്കറുപ്പാണു പത്രം എന്നു പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള ജനിച്ചനാട്ടിൽ,ഇന്നു പ്രധാനമായി രണ്ടുലക്ഷ്യങ്ങളാണ് പത്രങ്ങൾക്കുള്ളത്;ഒന്നു കല്യാണബ്രോക്കർപണി,മറ്റൊന്നു ചില ലോട്ടറിക്കളികൾ.രണ്ടും നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ.ആരാണ് സമുദ്രത്തിന്റെ കരയിൽ നിൽക്കുന്നത്,ആരാണ് ബക്കറ്റിൽ വെള്ളം കോരുന്നത് എന്നു കണ്ടുപിടിക്കാനാണ് വ്യക്തികളോടു രാഷ്ട്രീയം തന്നെ ആവശ്യപ്പെടുന്നത്.സാമൂഹികത എന്ന കാര്യം ഒരു പഴഞ്ചരക്കായിരിക്കുന്നു.അപ്പോൾ പിന്നെ,മകന്റെ അച്ഛൻ കുടുംബം എന്ന യൂനിറ്റിനെ കാണുന്നതും വ്യത്യസ്തമാകാത്തതിൽ അത്ഭുതമില്ലല്ലോ.
സ്വന്തം കുടുംബം നേരെയാക്കത്തവനാണോ നാടുനേരെയാക്കുന്നത് എന്ന വലതുപക്ഷചോദ്യം ചോദിക്കാനാണ് ഒരു സിനിമയുടെ മുഴുവൻ റീലുകളും വളഞ്ഞുമൂക്കുപിടിയ്ക്കുന്നത്.മൂന്നു തലമുറയുടെ ചിത്രീകരണമാണു മകന്റെ അച്ഛനിൽ.ഒന്ന്,ജീവിതസായാഹ്നത്തിൽ,തന്റെ മകനായ വിശ്വനാഥന്റെ(ശ്രീനിവാസൻ) വീട്ടിൽ കുളിച്ചുണ്ടു സുഖിച്ചുതാമസിയ്ക്കാൻ വരുന്ന അച്ഛനമ്മമാരാണ്.വിശ്വനാഥന്റെ ഭാഷയിൽ “മേലും കീഴും നോക്കെണ്ടാത്തവർ-ഇടിത്തീകൾ”.രണ്ടാമത്തേത്,മകനെ എഞ്ചിനീയറാക്കുക എന്ന ജന്മലക്ഷ്യവുമായി,സ്വയം കഷ്ടപ്പാടുകൾ സഹിച്ചും,അമ്പതുരൂപയുടെ റോഡരികിൽ കിട്ടുന്ന കണ്ണട ഉപയോഗിച്ചും ജീവിക്കുന്ന മാതൃകാവില്ലേജോഫീസറായ വിശ്വനാഥനും,അയാളുടെ സ്നേഹമയിയായ മാതൃകാഭാര്യയും.മൂന്നാമത്തെ തലമുറ,ഒട്ടും താല്പര്യമില്ലാഞ്ഞിട്ടും എൻ‌ട്രൻസ് കോച്ചിങ്ങിനു വിധിക്കപ്പെടുന്ന,അവസാനം റിയാലിറ്റി ഷോ എന്ന അസംബന്ധനാടകത്തിലൂടെ ഹീറോ ആകുന്ന മകൻ മനുവും,അനിയത്തിയും.പതിവുചേരുവകളെല്ലാം പഴയപോലെയുണ്ട്.
എങ്ങനെയെങ്കിലും എൻ‌ട്രൻസ് പാസാക്കി,മകനെ എഞ്ചിനീയറായി കാണണമെന്ന മോഹവുമായി വിശ്വനാഥനും,എന്നാൽ ഒട്ടും അഭിരുചിയില്ലാത്ത കാര്യത്തിൽ പരാജിതനാകുന്ന മനുവും,നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദമാണ്.അതു മാതാപിതാക്കളുടെ അത്യാഗ്രഹം കൊണ്ടു മാത്രമാണെന്നുള്ള അർദ്ധസത്യം സ‌മർത്ഥിക്കാണ് നമ്മുടെ മനഃശാസ്ത്രജ്ഞരും,സർവ്വേകളും,കുറേ മാധ്യമങ്ങളും ചേർന്നു ശ്രമിയ്ക്കുന്നത്.മകന്റെ അച്ഛൻ പറയുന്നതും മറ്റൊന്നല്ല.ബാക്കി അർദ്ധത്തെ,മനപ്പൂർവ്വം വിട്ടുകളയുന്നു.തൊഴിൽമേഖലയിലും സാമ്പത്തിക വിതരണത്തിലും ഉള്ള അവ്യവസ്ഥയുടെ ബാക്കിപത്രമാണ് സത്യത്തിൽ ഈ ഭീതി.സുരക്ഷിതത്വമില്ലാത്ത ഈ ലോകത്ത് തങ്ങളുടെ മക്കളെ എങ്ങനെയും സുരക്ഷിതരാക്കുക എന്ന ആലോചനയെ മാത്രം കാണുകയും,അതു സൃഷ്ടിച്ച സാമൂഹ്യപരിസരത്തിനു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നിടത്താണ് ഈ സിനിമയുടെ രാഷ്ട്രീയം വ്യക്തമാകുന്നത്.
പക്ഷേ,സിനിമയുടെ മറുപുറം കുറേക്കൂടി പ്രസക്തവും,കാലികവുമാണ്.ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന ഹിമവൽ ചൈതന്യ എന്ന ആൾദൈവവും,ഭൂമിക്കച്ചവടബന്ധങ്ങളും തൊലിയുരിയുന്നത് നമ്മുടെ നീതിന്യായവ്യവസ്ഥയുടേയും പൊതുജനമനശ്ശാസ്ത്രത്തിന്റെയും അവസ്ഥകളേയാണ്.സന്തോഷ് മാധവനിൽ തുടങ്ങിയ കപടസന്യാസിവേട്ടയും,യുവജനസംഘടനകളുടെ താടികത്തിക്കലുമൊക്കെ എല്ലാവരും മറന്നുതുടങ്ങിയിരിയ്ക്കുന്നു.തൽക്കാലത്തെ കൊടുങ്കാറ്റിൽ മാളത്തിലൊളിച്ച മുനിവര്യന്മാരൊക്കെ ഇപ്പോൾ വീണ്ടും പുറത്തിറങ്ങിയിരിയ്ക്കുന്നു.അവർ നയിക്കുന്ന ‘യാഗ’ങ്ങളിൽ നമ്മുടെ പ്രബുദ്ധരാഷ്ട്രീയ-സാംസ്കാരിക-സാഹിത്യനായകർ ഉളുപ്പൊന്നും കൂടാതെ പങ്കെടുക്കുന്നു.പൊതുജനത്തിന്റെ ഓരോ യോഗം!
സായിപ്പന്മാരെയും സായിപ്പത്തികളെയും വാടകയ്ക്കെടുത്തു കരയിപ്പിച്ചും,കോഴിബിരിയാണി എന്ന “മതസൌഹാർദ്ദബിരിയാണി”വിതരണം ചെയ്തും,സന്യാസിനികളുമായി രമിച്ചുകഴിയുന്ന ഹിമവൽചൈതന്യ എന്ന സ്വാമിയുടെ മറ്റൊരു മുഖം,ബിനാമികളെ വെച്ച് സ്ഥലം വാങ്ങിക്കൂട്ടുകയും കച്ചവടം നടത്തുകയും,ഗുണ്ടായിസം കാണിക്കുകയും ചെയ്യുന്ന ഭീകരന്റെയാണ്.പക്ഷേ,പ്രശ്നമെല്ലാം ഒരു സർക്കിൾ ഇൻസ്പെക്ടറുടെ പതിവു കലാപരിപാടിയോടെ തീരുന്നു.ഇത്രമേൽ ലളിതമാണു കാര്യങ്ങളെങ്കിൽ എത്ര നന്നായിരുന്നു!
സിനിമയവസാനിപ്പിക്കാൻ കണ്ടുപിടിച്ച പഴകിത്തേഞ്ഞ അസംബന്ധത്തോടെയാണ് മകന്റെ അച്ഛൻ എന്ന ഊതിവീർപ്പിച്ച ബലൂൺ പൊട്ടിത്തെറിയ്ക്കുന്നത്.കണ്ണീർ സീരിയലിനു ശേഷം കേരളം കണ്ട ഏറ്റവും കലാവിരുദ്ധമായ റിയാലിറ്റി ഷോ എന്ന പൊള്ളത്തരത്തെ ഉദാത്തവൽക്കരിക്കുന്നതോടെ,കഥയുടെ കഥയില്ലായ്മയും പൂർണ്ണമാകുന്നു.ആൾക്കൂട്ടത്തിന്റെ വൈകാരികതയിൽ മുങ്ങിപ്പൊങ്ങുന്ന കലാവിരുദ്ധതയിൽ അവസാനിക്കുന്നതോടെ,സന്ദേശത്തിൽ തുടങ്ങിയ ശ്രീനിവാസന്റെ ഇടതുപക്ഷനാട്യമാർന്ന വലതുപക്ഷം കൂടുതൽ രാക്ഷസീയവുമാകുന്നു.

23 comments:

വികടശിരോമണി said...

മകന്റെ അച്ഛൻ...

Anonymous said...

ആദ്യമായി തേങ്ങ ഞാനുടക്കുന്നു...
നല്ല പോസ്റ്റ്‌....
:)

എതിരന്‍ കതിരവന്‍ said...

കലയിലും സാഹിത്യത്തിലുമൊക്കെ,ഒരാൾ, ഒരു കുടുംബം ഒക്കെ എടുത്തല്ലെ സാമാന്യവൽക്കരണം നടത്താറ്?

Radheyan said...

വരവേല്‍പ്പ് - സന്ദേശം - അറബിക്കഥ- മകന്റെ അച്ഛന്‍

ഇനിയും കഥ തുടരുകയാണോ

പകല്‍കിനാവന്‍ | daYdreaMer said...

സിനിമയവസാനിപ്പിക്കാൻ കണ്ടുപിടിച്ച പഴകിത്തേഞ്ഞ അസംബന്ധത്തോടെയാണ് മകന്റെ അച്ഛൻ എന്ന ഊതിവീർപ്പിച്ച ബലൂൺ പൊട്ടിത്തെറിയ്ക്കുന്നത്.കണ്ണീർ സീരിയലിനു ശേഷം കേരളം കണ്ട ഏറ്റവും കലാവിരുദ്ധമായ റിയാലിറ്റി ഷോ എന്ന പൊള്ളത്തരത്തെ ഉദാത്തവൽക്കരിക്കുന്നതോടെ,കഥയുടെ കഥയില്ലായ്മയും പൂർണ്ണമാകുന്നു.

വളരെ വെക്തമായ കാഴ്ചപ്പാടോട് കൂടിയുള്ള വളരെ നല്ല പോസ്റ്റ് ... ആശംസകള്‍..

ജിജ സുബ്രഹ്മണ്യൻ said...

എന്തു തന്നെ ആണെങ്കിലും മകന്റെ അച്ഛനെ എനിക്കു കാണണം!ഈ പോസ്റ്റ് കണ്ടപ്പോൾ കാണണം എന്ന തോന്നൽ കൂടി!

തേജസ്വിനി said...

ആ റിയാലിറ്റിഷോയെപ്പറ്റി പറഞ്ഞത് നന്നായി...പക്ഷേ, ശ്രീനിവാസനിലെ പ്രതിഭയെ കാണാതെപോയോ ഏട്ടാ?...

മകന്റെ അച്ഛന്‍ കണ്ടിട്ടില്ല, എങ്കിലും ശ്രീനിവാസനെക്കുറിച്ചാവുമ്പോള്‍.....
അദ്ദേഹം മലയാളസിനിമയിലെ ജീനിയസ്സല്ലേ?...എത്രയെത്ര സിനിമകള്‍!!!!

ഇനിയും എന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷേ...കിട്ടുന്നില്ല...കിട്ടുമ്പോള്‍ വരാം....

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
വസ്തുനിഷ്ഠമായ ഒരു വിലയിരുത്തല്‍ നടത്തിയിരിക്കുന്നു, സിനിമയിലൂടെ ശ്രീനിവാസനെ. ശ്രീനിവാസന്‍ സിനിമകള്‍ പല്‍പ്പോഴും ആക്രമിക്കുക തന്റെ തന്നെ ഉള്ളില്‍ കിടക്കുന്ന അപകര്‍ഷഥാ ബോധത്തെയാണ്. ഒരു പക്ഷെ ഇതാവും ഇടതുപക്ഷ രാഷ്ട്രീയം അദ്ദേഹത്തിന്റെ ഇരയാകുന്നതിനു കാരണം എന്നു തോന്നുന്നു.

ഒരു പ്രസ്ഥാനത്തിന്റെ വിജയത്തെ പ്രത്യേകിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വിജയത്തെ കേവലം വ്യക്തികളുടെ പ്രഭാവമാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് തീര്‍ച്ചയായും വലതുപക്ഷ തന്ത്രം തന്നെയാണ്. ക്യൂബയിലെ ഫിഡലിന്റെ കാലം മുതല്‍ ഒരു വ്യക്തിപ്രഭാവമായതിനെ കാണാനാണ് അഥവാ കാട്ടാനാണ് മാദ്ധ്യമങ്ങളടക്കം ശ്രമിച്ചിട്ടുള്ളൂ. വെനിസുലയില്‍ ഷാവേസ് അധികാരത്തില്‍ വന്ന സമയത്ത് ഫിഡലാണോ ഷാവേസാണോ കൂടുതല്‍ കരുത്തന്‍ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ വരെ നടന്നത് ഈ ലക്ഷ്യത്തില്‍ തന്നെ. ആ തിരിച്ചറിവു പ്രചരിപ്പിക്കുന്നതില്‍ അഭിനന്ദനം അറിയിക്കട്ടെ.

ശരാശരി മലയാളി പ്രേക്ഷകനെ തീയേറ്ററിലേക്ക് വലിക്കാനാവശ്യമായ എല്ലാം ചേരുവകളും അറിയുന്നവന്‍ വിജയിക്കും. ഇതും തീയേറ്ററുകളില്‍ ഹൌസ് ഫുള്‍ ആയി ഓടും, ഓടട്ടെ.

പക്ഷെ ഇഴകീറിയുള്ള വിശകലനത്തിന് മലയാളി സമയം കളയില്ല എന്നതിനാല്‍ ചിലവഴിക്കപ്പെട്ട മൂന്നുമണിക്കൂറില്‍ ഈ സംഭവങ്ങളൊക്കെ ഒതുങ്ങി നില്‍ക്കും എന്നുതന്നെയാണ് എന്റെ അഭിപ്രായം

Typist | എഴുത്തുകാരി said...

കാണാന്‍ പറ്റിയില്ല ഇതുവരെ.കാണണം എന്തായാലും.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

മകന്റെ അച്ഛന്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. കാണണമെന്ന് ആഗ്രഹിച്ച ചിത്രങ്ങളിലൊന്നാണ്.
കലാപരമായും പ്രമേയപരമായും സാധാരണ ജനപ്രിയ സിനിമകളില്‍ നിന്നും വളരെ ഉയരത്തില്‍ നില്‍ക്കുമ്പോഴും ശ്രീനിവാസന്റെ സിനിമകള്‍ അവയേക്കാളൊക്കെ ജനപ്രിയങ്ങളുമാകുന്നു. ഇതു തന്നെയാണ് ശ്രീനിവാസന്റെ വിജയവും.

Calvin H said...

നല്ല റിവ്യൂ....
നല്ല വായന...

വികടശിരോമണി said...

എല്ലാവർക്കും നന്ദി.
വേറിട്ട ശബ്ദം,
തേങ്കായ്ക്കു നന്ദി.
കതിരവാ,
ശരിതന്നെ,വ്യക്തിയെ കലയിലും സാഹിത്യത്തിലുമൊക്കെ സമൂഹത്തിന്റെ സാമാന്യവൽക്കരണത്തിനായി ഉപയോഗിക്കാം.പക്ഷേ വ്യക്തിയെ ചിത്രീകരിക്കുന്നത് സമൂഹത്തിന്റെ പ്രതിനിധിയെന്ന നിലയിലുള്ള വികാസത്തിലോ,സമൂഹത്തിന്റെ ചിത്രീകരണം വ്യക്തിയിലേക്കുള്ള സങ്കോചത്തിലോ എന്നതാണു പ്രശനം;രാഷ്ട്രീയം.പഴയകാര്യം തന്നെ.മുണ്ടശ്ശേരിമാഷുമുതൽ ചർച്ച ചെയ്തത്.
രാധേയൻ,
അങ്ങനെ വേണം കരുതാൻ:)
പകലേ,
എന്റെ നിലപാട് വ്യക്തമായല്ലോ,അതുമതി:)
കാന്താരിക്കുട്ടി,
ചുമ്മാ കാണെന്നേ:)....
തേജസ്വിനീ,
ഞാൻ ശ്രീനിവാസൻ ജീനിയസ്സല്ലെന്നു പറഞ്ഞില്ലല്ലോ അനിയത്തീ.ചിന്താവിഷ്ടയായ ശ്യാമള എന്റെ ഫേവറിറ്റ്സിൽ കാണാം:)
പക്ഷേ,കലയുടെ രാഷ്ട്രീയം പ്രശ്നം വേറെയാണ്.ഏതു പ്രതിഭാശാലിയേയും വിമർശിക്കാം.
അനിൽ,
വ്യക്തിയെ സമൂഹത്തിനു മുകളിൽ പ്രതിഷ്ഠിക്കുന്നതിനു പിന്നിലെ കാര്യം തന്നെയാണു പറഞ്ഞത്.മനസ്സിലാക്കിയതിനു നന്ദി.
പക്ഷേ,ഒരു കലയും ആ കലാവതരണത്തിന്റെ സമയശേഷം ഇല്ലാതാവുന്നു എന്നഭിപ്രായമില്ല.ആ മൂന്നുമണിക്കൂറിനു പുറത്തേയ്ക്കും അതിന്റെ ധ്വനനശേഷിയുണ്ട്.അവിടെ ഞാൻ വിയോജിക്കുന്നു.
എഴുത്തുകാരീ,മോഹൻ,ശ്രീഹരീ-നന്ദി.

N.J Joju said...

“പ്രതിഷേധിക്കാനുള്ള അച്ചടിക്കറുപ്പാണു പത്രം എന്നു പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള ജനിച്ചനാട്ടിൽ,ഇന്നു പ്രധാനമായി രണ്ടുലക്ഷ്യങ്ങളാണ് പത്രങ്ങൾക്കുള്ളത്;ഒന്നു കല്യാണബ്രോക്കർപണി,മറ്റൊന്നു ചില ലോട്ടറിക്കളികൾ.” പ്രതിഷേധിയ്ക്കാനായി ദേശാഭിമാനിയുണ്ടല്ലോ, പിന്നെന്തിനു വേറേ പത്രം. പാവം ബൂര്‍ഷാ പത്രങ്ങള്‍ അവരെങ്ങിനെയെങ്കിലും ജീവിച്ചോട്ടെ.

ബക്കറ്റില്‍ വെള്ളം കോരിയതു മാധ്യമങ്ങളോ?

നന്നാവേണ്ടതു കുടുംബങ്ങള്‍ തന്നെയാണ്, കുടുബം നന്നാവാ‍തെ സമൂഹം നന്നാകുമെന്നെ ചിന്ത ശരിയാണോ?

“കണ്ണീർ സീരിയലിനു ശേഷം കേരളം കണ്ട ഏറ്റവും കലാവിരുദ്ധമായ റിയാലിറ്റി ഷോ ”
ഒന്നും പറയാനില്ല. ആസ്വദിയ്ക്കാന്‍ വികടശിരോമണിയ്ക്ക് വിധിയില്ല. ഞാന്‍ റിയാലിറ്റി ഷോയുടെ ആരാധകനല്ല, കലയെ വല്ലാതങ്ങ് ഉദ്ധരിയ്ക്കുന്നു എന്ന ചിന്തയുമില്ല. പക്ഷേ പല മത്സരാര്‍ത്ഥികളുടെയും പ്രകടനം അത്ഭുതപ്പെടുത്തിയിട്ടൂണ്ട്. പ്രത്യേകിച്ച് അമൃതയുടെ സംഗീത റിയാ‍ലിറ്റി ഷോകള്‍. മത്സരാര്‍ത്ഥികളുടെ വളര്‍ച്ച നേരിട്ടുകണ്ടിട്ടുള്ളതുമാണ്. കലാവിരുദ്ധം എന്നു പറഞ്ഞതിനോടു 100% വിയോജിക്കുന്നു.


“സന്ദേശത്തിൽ തുടങ്ങിയ ശ്രീനിവാസന്റെ ഇടതുപക്ഷനാട്യമാർന്ന വലതുപക്ഷം കൂടുതൽ രാക്ഷസീയവുമാകുന്നു.”

സന്ദേശത്തില്‍ പരിഹാസവിഷയമാകുന്നത് ഇടതുപക്ഷമല്ല, വലതുപക്ഷവുമല്ല. കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസ്സുമാണ്. അവയില്‍ പരാമര്‍ശിയ്ക്കപ്പെട്ട കാര്യങ്ങള്‍ സത്യസന്ധമാണ്. ഇന്നും അവയ്ക്കു സമാനമായ സാഹചര്യങ്ങള്‍ കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല.

വരവേല്‍പ്പില്‍ സംരഭകന്‍ അനുഭവിയ്ക്കേണ്ടി വന്ന ദുരിതങ്ങളാണ് വരച്ചുകാട്ടുന്നത്. കഴിഞ്ഞ ദിവസം ഏഷ്യനെറ്റില്‍ ഇതിനു സമാനമായ ഒരു ജീവിതകഥ(റിയല്‍ ലൈഫ് സ്റ്റോറി) അവതരിപ്പിയ്ക്കുകയുണ്ടായി.

അറബികഥയില്‍ ഒരു കമ്യൂണിസ്റ്റുകാരനെയാണ് അവതരിപ്പിച്ചത്. അതുപോലും കമ്യൂണിസ്റ്റു വിരുദ്ധമെന്നു പറയണമെങ്കില്‍ രാധേയാ...ഹോ സമ്മതിച്ചിരിയ്ക്കുന്നു.

സങ്കുചിതമായ കക്ഷിരാഷ്ട്രീയതാത്പര്യങ്ങളോടെ സിനിമകണ്ടതിന്റെ കുഴപ്പം.

അനില്‍@ബ്ലോഗ് // anil said...

സിനിമകള്‍ക്ക് വ്യക്തമായ രാഷ്ടീയം ഉണ്ട് എന്നത് ഒരു വസ്തുതയാണ്. വരവേല്‍പ്പുമുതല്‍ ഇങ്ങീ സിനിമ വരെ അതു കാണുകയും ചെയ്യുമായിരിക്കും. പക്ഷെ അത് കേരള സമൂഹത്തെ എത്ര മാത്രം ബാധിക്കും സ്വാധീനിക്കും എന്ന കാര്യത്തില്‍ അഭിപ്രായ വ്യസ്ത്യാസമുണ്ട്. കെ.പി.എ.സി യുടെ പോലത്തെ പോലെ സാമൂഹിക ഇടപെടല്‍ സാദ്ധ്യമായിരുന്ന ഒരു കാലഘട്ടം കഴിഞ്ഞു. ഇനിയത് വരാനും പോകുന്നില്ല.

വരവേല്‍പ്പ് എന്ന സിനിമക്ക് യാഥാര്‍ത്ഥ്യവുമായി വളരെ അകന്ന ബന്ധം മാത്രമേ ഉള്ളൂ എന്ന് ആര്‍ക്കാണറിയാത്തത്. പക്ഷെ ഇന്ന് ഏഷ്യാനെറ്റ് (?) അതിനു സമാനമായി ഇതാ ഒരാള്‍,എന്നു പറഞ്ഞു വന്നിരിക്കുന്നു. ഇതിന്റെ ഒക്കെ ലക്ഷ്യം എന്താ‍ണാവോ?
:)

വികടശിരോമണി said...

ജോജൂ,
1)ബൂർഷ്വാ പത്രങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ എന്നു വിചാരിക്കാൻ ബുദ്ധിമുട്ടുണ്ട്.ഒരു വിപരീതലക്ഷണ കൊണ്ട് പത്രധർമ്മം തമ്പോല കളിയ്ക്കലാവുന്നതിന്റെ അപായം മറയ്ക്കപ്പെടുകയുമില്ല.
2)ബക്കറ്റിൽ വെള്ളം കോരിയത് ആരോ ആകട്ടെ.ഞാൻ പാറഞ്ഞത് വ്യക്തിപ്രഭാവത്തിലേയ്ക്ക് സംവാദങ്ങളെ ചുരുക്കുന്ന അപകടത്തെക്കുറിച്ചാണ്.
3)സമൂഹത്തിന്റെ നന്നാവലിലൂടെയേ കുടുംബങ്ങളും നന്നാവൂ.സാമൂഹ്യ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഉള്ള ഒന്നാന്തരം അരാഷ്ട്രീയവാദമാണ് ഈ ‘കുടുംബം നന്നാക്കൽ’.
4)എന്തുചെയ്യാനാ ജോജൂ;എനിയ്ക്ക് റിയാലിറ്റി ഷോ ആസ്വദിയ്ക്കാനുള്ള വിധിയില്ല.കലാബോധം,സംഗീതബോധം-ഒക്കെ കഷ്ടി.പക്ഷേ,ഒന്നറിയാം;ഈ കണ്ണീരും കച്ചവടവുമല്ല കല എന്ന്.
5)“സന്ദേശത്തില്‍ പരിഹാസവിഷയമാകുന്നത് ഇടതുപക്ഷമല്ല, വലതുപക്ഷവുമല്ല. കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസ്സുമാണ്.”
ഓഹോ,ഇവരൊന്നും ഇടതുപക്ഷമോ,വലതുപക്ഷമോ അല്ലല്ലേ?
ആ സിനിമയുടെ അടിസ്ഥാനസന്ദേശം അരാഷ്ട്രീയതയാണ്. “മാഷ് നിന്നെ ക്ലാസിൽ നിന്നു പുറത്താക്കിയെങ്കിൽ അതിനു കാരണവും കാണും”എന്നു കൊടി പൊട്ടിച്ചെറിയുന്ന അരാഷ്ട്രീയത.
6)അറബിക്കഥയിലെ നായകൻ ഒരു ക‌മ്യൂണിസ്റ്റായതോടെ അതൊരു ക‌മ്യൂണിസ്റ്റ് പടമായി;അല്ലേ?അതിനു തിരിച്ചു സമ്മതിച്ചിരിയ്ക്കുന്നു:)
7)ഞാൻ ജീവിതത്തിൽ കണ്ടതിലും വെച്ച് ഏറ്റവും വിശാ‍ലവും,മാനവികവുമായ ആശയത്തിന്റെ രാഷ്ട്രീയം വെച്ചാണ് എന്റെ നിരീക്ഷണങ്ങൾ.അതു സങ്കുചിതമെന്നു പറഞ്ഞാൽ അതിനേക്കാൾ വിശാലമായ കണ്ടെത്തിത്തരൂ എന്നേ പറയാനുള്ളൂ.ഞാനും നന്നാവാൻ,വിശാലമനസ്കനാവാൻ തയ്യാറാണ്:)

വികടശിരോമണി said...

അനിലേ,
ഇങ്ങനെ നിരാശനായാലോ:)
കലയിലൂടെ രാഷ്ട്രീയം പറയുന്നതിനേക്കാൾ തീക്ഷ്ണവും മർമ്മവേധിയുമാണ് അരാഷ്ട്രീയത പറയുന്നത്.അതു ചലനങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്.

ചാണക്യന്‍ said...

മാഷെ,
ഒരു സിനിമയില്‍ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ പോരേ.....:):)
നല്ല വിശകലനം...ആശംസകള്‍...

ഓടോ: കളിയരങ്ങില്‍ നിന്നും സിനിമാകൊട്ടകയിലേക്കോ:):)

അയല്‍ക്കാരന്‍ said...

ശ്രീനിവാസന്‍ ബക്കറ്റിലെ വെള്ളമാണ്. പ്രേക്ഷകരാണ് സമുദ്രം.

എക്സാഗെറേറ്റഡ് റിയാലിറ്റീസ് ആണ് വരവേല്പും സന്ദേശവുമൊക്കെ. കക്ഷിരാഷ്ട്രീയത്തിന്‍‌റെ കോട്ടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനെ അരാഷ്ട്രീയത എന്ന് വിളിക്കുന്നതിനോട് യോജിക്കാനാവുന്നില്ല. കയ്യടിച്ചവരില്‍ കൂടുതലും അരാഷ്ട്രീയര്‍ ആയതുകൊണ്ട് ഒരു സിനിമ അരാഷ്ട്രീയമാവുന്നില്ല തന്നെ

ശ്രീനിവാസന്‍ തനി പിന്തിരിപ്പനാവുന്നത്
മറവത്തൂര്‍ കനവുപോലുള്ള പടങ്ങളില്‍ നായകനെക്കൊണ്ട് പറയിപ്പിക്കുന്ന സ്ത്രീവിരുദ്ധഘോഷണങ്ങളാലും, ശ്യാമള പോലുള്ള പടങ്ങളില്‍ സ്ത്രീയെ ചട്ടക്കൂട്ടിലൊതുക്കാന്‍ ശ്രമിക്കുമ്പോഴും ഒക്കെയാണെന്നു ഞാന്‍ കരുതുന്നു

മൂര്‍ത്തി said...

പ്രസക്തം.

ഈ ചിത്രത്തെക്കുറിച്ച് ശ്രീ. ജി.പി.രാമചന്ദ്രനും എഴുതിയിരുന്നു. ലിങ്ക്

ശ്രീ said...

നല്ല പോസ്റ്റ്, മാഷേ.

മകന്റെ അച്ഛന്‍ എടുത്തു പറയാന്‍ ഒന്നുമില്ലെങ്കിലും അത്ര മോശമാക്കിയുമില്ല എന്ന് പറയാം.

Unknown said...

കാര്യം എന്തായാലും മകന്റെ അഛൻ വിജയമാണല്ലൊ

N.J Joju said...

പത്രധര്‍മ്മം, ബക്കറ്റിലെ വെള്ളം, റിയാലിറ്റോ ഷോ ഇതൊക്കെ തല്‍ക്കാലം ഒഴിവാക്കാം. സന്ദേശത്തിന്റെ രാഷ്ട്രീത്തെക്കുറിച്ചു മാത്രം പറയുന്നു, അരാഷ്ട്രീയതയെക്കുറിച്ചും.

എന്റെ കാഴ്ചപ്പാടില്‍ സമൂഹത്തോടുള്ള കടമകള്‍ മറന്ന് ജീവിയ്ക്കുകയാണ് അരാഷ്ട്രീയത. അധികാരങ്ങള്‍ക്കായി ഇരട്ടത്താപ്പുകള്‍ കാണിയ്ക്കുന്ന രാഷ്ടീയപ്പാര്‍ട്ടികള്‍ അരാഷ്ടീയതയുടെ ഉദാഹരണമല്ലേ.

ഇടതുപക്ഷം എന്നാല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയോ വലതുപക്ഷം എന്നാല്‍ കോണ്‍ഗ്രസ്സോ അല്ല.
കോണ്‍ഗ്രസ്സിനെ വലതുപക്ഷപാര്‍ട്ടിയായി മുദ്രകുത്തുന്നതില്‍ തന്നെ വൈരുദ്ധ്യമുണ്ട്. മുന്നണികളിലൊന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയായതുകൊണ്ട് അതിനിപ്പുറത്തുള്ളതിനു വലതുപക്ഷം എന്നു പറഞ്ഞു പോകുന്നു എന്നു മാത്രം. മുന്നണിയുടെ പേര് ഐക്യജനാധിപത്യമുന്നണി എന്നാണ് അല്ലാതെ വലതുപക്ഷ ജനാധിപത്യമുന്നണി എന്നല്ല. ഇന്നത്തെ കമ്യൂണിസ്റ്റു പാര്‍ട്ടി ഇടതുപക്ഷമാണെങ്കില്‍ ഇന്നലത്തെ കോണ്‍ഗ്രസ്സെങ്കിലും ഇടതുപക്ഷമായിരുന്നെന്നു സമ്മതിയ്ക്കണം ഒരു പരിധിവരെയെങ്കിലും. കോണ്‍ഗ്രസ്സിന്റെയും കമ്യൂണിസ്റ്റുപാര്‍ട്ടിയുടെയും നയങ്ങളില്‍ വലിയ വ്യത്യാസമില്ല എന്നു ഗൌരിയമ്മ പറഞ്ഞത് ഒരു അവസരവാദമായി ഞാന്‍ കണക്കാക്കുന്നില്ല.

ഇന്നത്തെ രാഷ്ട്രീയത്തിലെ കപടതകളെ പരിഹസിയ്ക്കുകയാണ് സന്ദേശം ചെയ്തത്.
“ഞങ്ങളുടെ കൂടെ ചേര്‍ന്നതില്‍ പിന്നെ അവരില്‍ ഞാനൊരു വര്‍ഗ്ഗീയതയും കാണുന്നില്ല” എന്നു മമ്മുക്കോയ പ്രസംഗിയ്ക്കുമ്പോള്‍ അതിനു സമാനമായി എത്രയോ ഉദാഹരനങ്ങള്‍ കാണിയ്ക്കുവാന്‍ ഇന്നും കഴിയും. മറുപക്ഷത്തെ വര്‍ഗ്ഗീയപ്പാര്‍ട്ടി തങ്ങളുടെ പക്ഷത്താവുമ്പോള്‍ വര്‍ഗ്ഗീയകക്ഷിയല്ലാതെ ആവുന്നത് ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ലല്ലോ.

കുരുത്തക്കേടു കാണിച്ചതിനു അധ്യാപന്‍ ഇറക്കിവിടുന്നതാണ് രാഷ്ടീയം. സമൂഹം ഏല്പിച്ച ഉത്തരവാദിത്തമാണ് അത്. അതിനെതിരെ കൊടുയും പിടിച്ച് ചോദിയ്ക്കാന്‍ ചെല്ലുന്നതാണ് അരാഷ്ട്രീയത. പോലീസ്റ്റ് സ്റ്റേഷനില്‍ നിന്നു പ്രതികളെ ഇറക്കിക്കൊണ്ടു വരുന്നതാണ് രാഷ്ട്രീയം എന്നാണെങ്കില്‍ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലേ...

കമ്യൂണിസ്റ്റു മാനിഫസ്റ്റോ വര്‍ഗ്ഗ ശത്രുത നിലല്‍ക്കണ്‍നമെന്നു പറയുന്നുണ്ട്. “ഞാന്‍ വിചാരുച്ചു ഏതോ കുത്തക മുതലാളിയാണ് എന്ന്” എന്ന പരാമര്‍ശത്തില്‍ ഈ വര്‍ഗ്ഗ ശതൃതതെ ചോദ്യം ചെയ്യുകയാണ് ശ്രീനിവാസന്‍.

അധികാരത്തില്‍ ഇരിയ്ക്കുമ്പോള്‍ പോലീസുകാരെ തങ്ങളുടെ ഇഷ്ടാനുസരണം ദുരുവുപയോഗിയ്ക്കുന്നത് ഇപ്പോഴും സാധാരണമാണ്. യഥാര്‍ത്ഥത്തില്‍ ഇത് അരാഷ്ട്രീയതയാണ്. ഈ ദുരവസ്ഥയാണ് മാള അവതരിപ്പിച്ച കഥാപ്പാത്രം ചിത്രീകരിയ്ക്കുന്നത്.

ഉദാഹരണങ്ങള്‍ നിരവധി. എല്ലാം എഴുതിയിട്ടു കാര്യമില്ലല്ലോ.രാഷ്ട്രീയത്തിലെ അരാഷ്ട്രീയതയാണ് സന്ദേശം, വരവേല്‍പ്പ്, അറബിക്കഥ തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം പ്രമേയം. സമൂഹത്തിലെ അരാഷ്ട്രീയതയെക്കാള്‍ താന്‍ ഭയക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളിലെ അരാഷ്ട്രീയതയാണ് എന്ന് നോവലിസ്റ്റ് സേതു ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

വികടശിരോമണി said...

ജോജൂ,
വളരെ നല്ലത്.കുറേക്കാര്യങ്ങൾ ഇഷ്ടാനുരണം ഒഴിവാക്കിയല്ലോ:)
ശരി,താങ്കൾക്കു പറയാനുള്ളതു തന്നെ സംസാരിയ്ക്കാം.
സന്ദേശം എല്ലാ കക്ഷിരാഷ്ട്രീയങ്ങളെയും പരിഹസിയ്ക്കുന്നു.ആ പരിഹാസത്തിനൊടുവിലെ ഷോട്ട് നോക്കുക,അനിയൻ വിദ്യാർത്ഥിരാഷ്ട്രീയത്തിലേയ്ക്കിറങ്ങുന്നതിനെ കൊടി പൊട്ടിച്ചെറിഞ്ഞ് മുടക്കുന്നതിലാണ് സിനിമ അവസാനിയ്ക്കുന്നത്.
തീർച്ചയായും നമ്മുടെ രാഷ്ട്രീയസംസ്കാരത്തിൽ ജീർണ്ണതയുണ്ട്.പക്ഷേ അതിനുള്ള മറുപടി രാഷ്ട്രീയനിരാസമല്ലല്ലോ.
ജീർണ്ണമായ രാഷ്ട്രീയസംസ്കാരത്തിൽ നിന്ന് മോചിതരാവുകയല്ലസന്ദേശത്തിലെ മക്കൾ ചെയ്യുന്നത്;അരാഷ്ട്രീയതയുടെ വക്താക്കളാവുകയാണ്.
“കമ്യൂണിസ്റ്റു മാനിഫസ്റ്റോ വര്ഗ്ഗ ശത്രുത നിലല്ക്കണ്നമെന്നു പറയുന്നുണ്ട്.”
അങ്ങനേയും മാനിഫെസ്റ്റോ പറയുന്നുണ്ടല്ലേ:)
ഇടതു-വലതു സംജ്ഞകൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് സാമാന്യബുദ്ധിയുള്ള ഇന്ത്യക്കാർക്കെല്ലാമറിയാം.
അരാഷ്ട്രീയത എന്നാൽ എന്ത്,രാഷ്ട്രീയം എന്നാൽ എന്ത് എന്നൊക്കെയുള്ള അടിസ്ഥാനകാര്യങ്ങളിൽ തന്നെ നാം വിരുദ്ധദ്രുവങ്ങളിലാണ്.
മൂർത്തി,
ജി.പിയുടെ ലേഖനം കാണിച്ചുതന്നതിൽ നന്ദി.
ഏകദേശം ഞാൻ പറഞ്ഞതുതന്നെയാണ് അദ്ദേഹവും പങ്കുവെക്കുന്നത്.ജോജു ആ ലേഖനവും വായിക്കണമെന്ന് അപേക്ഷിക്കുന്നു.
എല്ലാവർക്കും നന്ദി.