Pages

മനക്കണ്ണുപോയ കുട്ടികൾ

ഇന്നലെയായിരുന്നു എന്റെ ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിസംഗമം.പെട്ടെന്ന് ഋതുക്കൾ മാറിവന്നപോലെ അമ്പരന്ന് ഞാൻ എന്റെ പഴയ കൂട്ടുകാരെയും സ്കൂളിനെയും കണ്ട ദിവസം.നാട്ടിലാദ്യമായി ഫോൺ കടന്നുവരുന്നത് ഞങ്ങളാഘോഷിച്ചത് ഈ സ്കൂളിലെ ബഞ്ചിലിരുന്നായിരുന്നു.പ്രൈമറിക്കാരന്റെ പോക്കറ്റിൽ നിന്ന് റിങ്ങ്ടോൺ കേൾക്കുന്ന ഈ കാലത്ത് ഒരു കുട്ടിക്കും അറിയാത്ത ആനന്ദം.കവിതാടാക്കീസിലും ദിവ്യാടാക്കീസിലും കളിക്കുന്ന ‘പുതുപുത്തൻ’പടങ്ങൾ(റിലീസ് ചെയ്ത് രണ്ട് കൊല്ലം മാത്രം പഴക്കമുള്ളവ!)പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ കൂട്ടുകാരുടെ നാവിൽനിന്നും കേട്ടുരസിച്ചത് ഇവിടത്തെ തുളവീണ ഡസ്കുകളിൽ താളം പിടിച്ചായിരുന്നു.ചാനൽ‌സമുദ്രത്തിൽ റിമോട്ട് കൊണ്ട് തുഴഞ്ഞുകളിക്കുന്ന കുട്ടികൾക്ക് ഭാഗ്യമില്ലാത്ത കഥകൾ. പൂരം നടക്കുമ്പോൾ ക്ലാസിൽ നിന്ന് മുങ്ങി,പൂരപ്പറമ്പിൽ പൊങ്ങിയ ഞങ്ങൾ പൊട്ടാസുതോക്കും മത്തങ്ങാബലൂണും വാങ്ങി മടങ്ങിവരുമ്പോൾ,ഞങ്ങൾക്കു കയറിനിൽക്കാനും അതേ ഡസ്ക് മാഷന്മാർ സ്നേഹത്തോടെ തന്നിരുന്നു.ഭാഗ്യം!പുതിയ കുട്ടികൾക്ക് അതുവേണ്ട,അവർക്കുകാണാനായി പൂരം ചാനലുകാർ ലൈവായി സം‌പ്രേഷണം ചെയ്യുന്നുണ്ടല്ലോ!
കൂട്ടുവർത്തമാനങ്ങളിൽ ഒരുമയുടെ സുഖമറിഞ്ഞ്,ഒരുമിച്ച് അസംബ്ലിയിൽ സ്റ്റാന്ററ്റീസായി വിയർത്തൊലിച്ച് നിൽക്കുമ്പോൾ,ഭാവിയിലെ ശാസ്ത്രജ്ഞനും,ഗായികയും,ഓട്ടോറിക്ഷാഡ്രൈവറും,ഡോക്ടറുമൊക്കെ ഞങ്ങൾക്കിടയിൽ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്ന് ആരറിഞ്ഞു?നേരിട്ടുകണ്ടാൽ തിരിച്ചറിയാനാവാത്തവിധം ജഗദ്ഭക്ഷകനായ കാലം മാറ്റിപ്പണിതവർ ചുറ്റിലും…
ഒരിക്കലിറങ്ങിയ പുഴയിൽ വീണ്ടുമിറങ്ങാനാവില്ല.ഇറങ്ങേണ്ടതുമില്ല.മാറിയ പുഴയുടെ ഉള്ളടക്കത്തെ നമ്മുടെ കുട്ടികൾ സ്വന്തമാക്കട്ടെ.പക്ഷേ ചീറിപ്പായുന്ന സ്കൂൾ ബസ്സുകൾ നിറഞ്ഞ സ്കൂളിൽ നിന്ന് വിദ്യകാശുകൊടുത്ത് വാങ്ങിക്കൊണ്ടുപോകുന്ന പുതിയ കുട്ടികൾക്ക് നഷ്ടമാകുന്നതെന്താണ്?
ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ ജോലിയിൽ നിന്ന് ലക്ഷങ്ങളെങ്ങനെ തിരിച്ചുപിടിക്കാം എന്നാലോചിക്കുന്ന പുതിയ ‘ഗുരുനാഥൻ’മാർക്ക് മുന്നിലിരിക്കുന്ന ദുർവിധിക്കിടയിൽ ചതഞ്ഞുതീരുന്ന അവരുടെ ബാല്യകൌമാരങ്ങൾക്ക് നാം നൽകുന്ന വിലയെന്താണ്?
പൂക്കളിന്നും ചിരിക്കുന്നുണ്ട്,പുതിയ പ്രഭാതങ്ങൾക്കും സൌന്ദര്യവുമുണ്ട്.പക്ഷേ അതു കാണാനുള്ള കണ്ണ് നമ്മളെല്ലാം ചേർന്ന് കുട്ടികളിൽ നിന്നെടുത്തു കളഞ്ഞുവോ?

16 comments:

വികടശിരോമണി said...

പൂക്കളിന്നും ചിരിക്കുന്നുണ്ട്,പുതിയ പ്രഭാതങ്ങൾക്കും സൌന്ദര്യവുമുണ്ട്.പക്ഷേ അതു കാണാനുള്ള കണ്ണ് നമ്മളെല്ലാം ചേർന്ന് കുട്ടികളിൽ നിന്നെടുത്തു കളഞ്ഞുവോ?

Typist | എഴുത്തുകാരി said...

അതെ, ശരിയാണ്, അന്നു് ഒരു സിനിമ തൃശ്ശൂര്‍ വന്നാല്‍ അതു് കൊടകരയിലോ, പുതുക്കാടോ എത്തണമെങ്കില്‍ കാലം ഒരുപാട് കഴിയണം. എന്നിട്ട്‌ പടം മാറിയതു് വിളിച്ചുപറഞ്ഞുകൊണ്ടു പോകുന്ന കാറില്‍ നിന്ന് ഒരു നോട്ടീസ് കിട്ടാനുള്ള ഓട്ടം. കുറേ കഥ കൊടുത്തിട്ട്‌, ‘ശേഷം സ്ക്രീനില്‍’. രസമായിരുന്നു അതൊക്കെ.

അഞ്ചും ആറും ലക്ഷമൊക്കെ കൊടുത്തിട്ടാണ് ഇന്നു് സ്കൂളില്‍ ഒരു ജോലി സമ്പാദിക്കുന്നതു്. ആ ഗുരുനാഥന്മാരോട്‌ കുട്ടികള്‍ക്കെത്ര ബഹുമാനമുണ്ടാവും, അവര്‍ക്കു് കുട്ടികളോടെത്ര അത്മാര്‍ഥതയുണ്ടാവും?

സംഗമത്തെപ്പറ്റി ഒന്നും പറഞ്ഞില്ല?

ശ്രീ said...

ശരിയാണ് മാഷേ... കാലം മാറുന്നതിനനുസരിച്ച് ജീവിത രീതികളിലും മാറ്റം വന്നു കഴിഞ്ഞു...

പൂര്‍വ്വ വിദ്യാര്‍ത്ഥീസംഗമ കഥകള്‍ കൂടി പറയൂ

കാസിം തങ്ങള്‍ said...

പൂക്കളിന്നും ചിരിക്കുന്നുണ്ട്,പുതിയ പ്രഭാതങ്ങൾക്കും സൌന്ദര്യവുമുണ്ട്.പക്ഷേ അതു കാണാനുള്ള കണ്ണ് നമ്മളെല്ലാം ചേർന്ന് കുട്ടികളില്‍ നിന്നെടുത്തു കളഞ്ഞുവോ? അതാവാനല്ലേ ശരി. വളര്‍ന്നു വരുന്ന സാഹചര്യത്തിനനുസരിച്ചാണല്ലോ കുട്ടികളുടെ സ്വഭാവങ്ങളും രൂപപ്പെട്ടുവരുന്നത്.

സുല്‍ |Sul said...

നല്ല ചിന്തകള്‍...

കുട്ടികള്‍കെല്ലാം ആ അകക്കണ്ണ് തുറപ്പിക്കേണ്ടതു നമ്മള്‍ തന്നെയല്ലെ?

-സുല്‍

അനില്‍@ബ്ലോഗ് said...

പുതു തലമുറയുടെ നഷ്ടങ്ങളാണതെല്ലാം.

നമ്മള്‍ നിസ്സഹായരല്ലെ?

എതിരന്‍ കതിരവന്‍ said...

നമ്മള്‍ നിസ്സഹായരാണെന്നു പറയുന്നത് ഒഴിഞ്ഞുമാറലാണ്. ആ കണ്ണ് എടുത്തു കളഞ്ഞത് നമ്മള്‍ തന്നെയാണ്. പൂക്കള്‍ നിറയുന്ന ഇടവ്ഴികള്‍ വെട്ടി ടാര്‍ റോഡാക്കിയതിനുശേഷം “ഓണത്തിനു പൂ പറിക്കാനൊന്നും ഇപ്പോഴത്തെ കുട്ടികള്‍ക്കു റതീരെ താല്‍പ്പര്യമില്ല” എന്നു പറഞ്ഞവര്‍ നമ്മള്‍ തന്നെ. ലോകത്തൊരിടത്തുമില്ലാത്ത, ഒരു ജോലി ചെയ്ത് കൂലി വാങ്ങുന്നതിനു ആദ്യം അങ്ങോട്ടു പണം കൊടുക്കുന്ന സമ്പ്രദായം നമ്മള്‍‍ പ്രതിഷ്ഠിച്ചതാണ്.

അടുത്ത തലമുറയുടെ എല്ലാ ചെയ്തികള്‍ക്കും ഈ തലമുറ തന്നെ ഉത്തരവാദികള്‍.

വരവൂരാൻ said...

പേരു പോലെയലല്ലോ കരുത്തുറ്റ ചിന്തകൾ, മനോഹരമായിരിക്കുന്നു

വികടശിരോമണി said...

എല്ലാവർക്കും നൻട്രി.
എഴുത്തുകാരീ,
പഴയ ഓർമ്മകൾക്കൊപ്പം നാം നടന്നുതീരുന്നില്ല.പുതിയ ഗുരുനാഥന് ബഹുമാനവും ആവശ്യമില്ല,ആത്മാർത്ഥത തീരെയും വേണ്ട.
ശ്രീ,
പൂർവ്വവിദ്യാർത്ഥീസംഗമകഥ എഴുതാം,പിന്നീട്.ഇപ്പോഴെഴുതിയാൽ അതൊരു വൈകാരികാ‍നുസ്മരണം മാത്രമാകുമോന്ന് പേടി.
കാസിം തങ്ങൾ,
കുട്ടികൾ വളർന്നുവരുന്ന സാഹചര്യം നാമാണല്ലോ സൃഷ്ടിക്കുന്നത്.അതെങ്ങനെയാവണം എന്നതാണ് പ്രശ്നം.
സുൽ,
ശരിയാണ്,നാമാണ് തുറപ്പിക്കേണ്ടത്.പക്ഷേ,പൊതുസമൂഹഘടനയിൽ വന്ന മാറ്റങ്ങൾ കുട്ടിയെ എങ്ങനെയാണ് രൂപകൽ‌പ്പനചെയ്യുന്നത്?നാം തുറന്നുകൊടുക്കുന്ന കണ്ണിലെ കാഴ്ച്ചകളിൽ അവനു സംതൃപ്തിയുണ്ടോ?
അനിലേ,
നിസ്സഹായത മലയാളിയുടെ എന്നത്തേയും രക്ഷപ്പെടൽ തന്ത്രമല്ലേ?പഴയകാര്യങ്ങളുടെ നഷ്ടം പല പുതിയകാര്യങ്ങൾക്കും ചവിട്ടുപടി നിർമ്മിച്ചതാണ് ചരിത്രം.
കതിരവൻ,
ഓണത്തിനു പൂവിടാനായി ഇടവഴി നിലനിർത്തണ്ടതായിരുന്നുവെന്നാണോ?
വരവൂരാനേ-വരവിനു നന്ദി.

ചാണക്യന്‍ said...

" മാറിയ പുഴയുടെ ഉള്ളടക്കത്തെ നമ്മുടെ കുട്ടികൾ സ്വന്തമാക്കട്ടെ....."
എന്ന് നമുക്ക് പ്രത്യാശിക്കാം മാഷെ..

മായ said...

നല്ല ചിന്തകള്‍. എല്ലാവരുടെയും ഉള്ളിലുണ്ട് പഴമയോട് ആരാധന. പക്ഷെ, ആര്‍ക്കും
ആധുനികതയിലേയ്ക്കുള്ള പായ്ച്ചില്‍ തടയാനുമാവില്ല.
ഒഴുക്കിനൊത്ത് ഇന്നത്തെ തലമുറ എങ്ങോട്ടോ ഒഴുകിപ്പോകുന്നു. ശരിയാണോ?

എതിരന്‍ കതിരവന്‍ said...

ഇടവഴികള്‍ റോഡുകളാക്കിയിട്ട് അതില്‍ പങ്കില്ലാത്ത കുട്ടികളെ കുറ്റം പറയരുത് എന്നാണ്. ‘മാറ്റം അനിവാര്യമാണു മക്കളേ” എന്നൊക്കെ സ്ഥിരം ഡയലോഗുകള്‍ നമുക്കുണ്ടല്ലൊ.

lakshmy said...

:)

വികടശിരോമണി said...

മായ-
ഒഴുക്കിനെതിരെ നീന്താനുള്ള ഒരു സാധ്യതയും നൽകാത്തവിധം അടച്ചിട്ട് കുട്ടികളെ വളർത്തുന്ന നമുക്ക് അവരൊഴുകുന്നത് എങ്ങോട്ടെന്ന് മനസ്സിലാവില്ല.
ചാണക്യൻ-
ശരിയാണ്,പ്രത്യാശിക്കാം.ഒപ്പം പ്രവർത്തിക്കുകയും വേണം.
കതിരവൻ-
“മാറ്റമനിവാര്യമാണുമക്കളേ” എന്ന ഡയലോഗിന് മാത്രമാണ് മാറ്റമില്ലാത്തത് എന്നാണോ പണ്ടേതോ ചിന്തകൻ പറഞ്ഞത്?
ലക്ഷ്മി-
നന്ദി.

ഗീതാഗീതികള്‍ said...

പൂക്കളുടേയും പ്രഭാതങ്ങളുടേയും സൌന്ദര്യാസ്വാദനം അകക്കണ്ണുകളും പുറം കണ്ണുകളും കൊണ്ട് സാധിതമാക്കാന്‍ ഇനിയും നമുക്കവരെ പരിശീലിപ്പിക്കാന്‍ പറ്റും...

അതിനു വേണ്ടി നമുക്കു ശ്രമിക്കാം.

SUNISH THOMAS said...

:)