Pages

ട്വന്റിട്വന്റി കണ്ടു,എത്ര സ്നേഹനിധിയായ അമ്മ!


മലയാളത്തിലെ സകലസിനിമാജീവജാലങ്ങളുമൊരുമിച്ചഭിനയിച്ച ട്വന്റിട്വന്റി കൺകുളുർക്കെ കണ്ടു.ഉദ്ദേശിച്ചത്ര വളിപ്പാക്കാനായിട്ടില്ല.മോഹൻലാൽ-മമ്മൂട്ടിമാരുടെ ഡേറ്റ് ഒന്നിച്ചുകിട്ടിയപ്പോൾ പണ്ട് ഫാസിലിനു തോന്നിയത് രണ്ടുപേരും ഒരു പെണ്ണിനു പുറകേ ഒലിപ്പിച്ചുനടക്കുന്ന ‘ഹരികൃഷ്ണൻസ്’ പിടിക്കാനായിരുന്നല്ലോ.ജോഷിക്ക് അതിനൊപ്പമെത്താനായില്ല.തീയറ്ററിൽ നിന്നിറങ്ങിപ്പോരേണ്ടി വന്നില്ല.അത്രയും തന്നെ ഭാഗ്യം!
പ്രധാനമായി അഞ്ചു കൊമ്പനാനകളുണ്ട് ജോഷിയുടെ കയ്യിൽ.മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി,ജയറാം,ദിലീപ്.ഏതു കൊമ്പന്റെ മേലെ തിടമ്പെഴുന്നള്ളിച്ചാലും മറ്റു കൊമ്പന്മാരുടെ ഭ്രാന്തന്മാർ ഇടയും.രക്ഷയില്ലെന്നു മനസ്സിലായപ്പോൾ മൂന്നു കൊമ്പന്മാരെ താഴ്ത്തി.ഏറ്റവും ഭ്രാന്തന്മാരുടെ പിന്തുണയുള്ളത് മമ്മൂട്ടി-മോഹൻലാൽ ഗജകേസരികൾക്ക് ആയതിനാൽ അവർക്കു സമാസമമായ സ്ഥാനം കൊടുക്കണം.അതിനുള്ള ജോഷിയുടെ ദയനീയമായ വിയർക്കലാണ് ട്വന്റിട്വന്റി.ഇടക്ക് ക്ഷുഭിതനായ മദയാനയെ,സുരേഷ് ഗോപിയെ ഓർക്കും.അങ്ങനെ അവസാനം മൂന്നു വില്ലന്മാരെ ഈ മൂന്നുകൊമ്പനാനകളും കുത്തിയും വെടിവെച്ചും കൊല്ലുന്നതോടെ പടം തീരുന്നു.
പൊതുനിയമവ്യവസ്ഥയെ ചവിട്ടിത്തേക്കുക,ഇതു വരെ മലയാളത്തിലധികം സൈക്സിയാവാതിരുന്ന നടിയെ സൈക്സിയാക്കുക,അമാനുഷികമായ ഫൈറ്റ് രംഗങ്ങൾ കാണിക്കുക,ഒരക്ഷരം മനസ്സിലാകാത്ത ചില ഗാന(?)ങ്ങൾ ചിത്രീകരിക്കുക തുടങ്ങി മലയാളിക്കിഷ്ടമുള്ളതെന്ന് സംവിധായകർ ധരിച്ചിട്ടുള്ളവയെല്ലാം ചെയ്തിട്ടുണ്ട്.ഡാൻസ് രംഗങ്ങളിൽ മാത്രം വന്ന് പോകാൻ പൃഥീരാജും,കുഞ്ചാക്കോബോബനും,ജയസൂര്യയുമുള്ളതു കൊണ്ട് മമ്മൂട്ടിക്ക് തന്റെ നർത്തനപാടവം കാണിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല.മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള അടി നടക്കുമ്പോൾ തീയറ്ററിനകത്തെ ഫാൻസ് പ്രതികരണം കൊണ്ട് കൊട്ടക പൊളിഞ്ഞുചാടുമെന്ന് തോന്നി.
നായകന്മാരൊക്കെ മധ്യവയസ്കരാണെങ്കിലും നടിമാരൊക്കെ പിള്ളേരാണ്.മധ്യവയസ്കരായ നടികൾ-ശോഭനയും ഉർവ്വശിയും മുതൽ നദിയാമൊയ്തു വരെ അഭിനയരംഗത്തുണ്ടെങ്കിലും ഇവരുടെ നായികമാരാവാൻ അവർക്ക് യോഗ്യതയില്ല.മമ്മൂട്ടിക്ക് നായിക ഗോപിക-സുരേഷ് ഗോപിക്ക് കാർത്തിക.അങ്ങനെയേ സൌകര്യപ്പെടൂ.മുമ്പി പറഞ്ഞ ഗണത്തിലൊരെണ്ണത്തിനെ പടത്തിന്റെ ഏഴയലത്തടുപ്പിച്ചിട്ടില്ല.അതാണ് നമ്മുടെ നിത്യഹരിതനായകരുടെ വില.അഭിമാനിക്കാം.
ഇന്ദജിത്ത് അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്റെ മരണവും തുടർന്നുള്ള അന്വേഷണവും ദിലീപിന്റെ(കാർത്തിക്) കൊലപാതകവും പ്രതികാരവും ഒക്കെയാണ് കഥ.ഇന്ദ്രജിത്തിന് ഫാൻസ് ഭ്രാന്തന്മാർ ശക്തമല്ലെന്നു വെക്കാം. ദിലീപ് ഫാൻസ് ഭ്രാന്തന്മാർ ഒരുപാടുണ്ടല്ലോ?ഈ കൊലപാതകത്തിൽ പ്രതിഷേധിച്ച് പത്തു തീയറ്ററിനിവർ തീവെക്കാഞ്ഞതെന്തേ? തമിഴ് നാടിനെ അനുകരിച്ച് കേരളത്തിൽ വളർന്ന ഈ ഫാൻസ് സംസ്കാരം ആ സ്വഭാവം കാണിക്കണ്ടേ? കഷ്ടമായിപ്പോയി.
പടത്തിന്റെ അന്ത്യത്തിൽ, മമ്മൂട്ടിക്കും മോഹൻലാലിനും ഒരുപോലെ കണക്കുതീർക്കാനുള്ള ഗണേശനേയും മഹീന്ദ്രനേയും അവർ പോലീസ് മുമ്പാകെ തന്നെ കൊല്ലുന്നു.എന്നിട്ട് ഞങ്ങൾ പുല്ലുപോലെ രക്ഷപ്പെടുമെന്ന് വീമ്പിളക്കുന്നു.അവസാന വില്ലനായ മാധവനെ(സിദ്ദിഖ്) ക്കൂടി കൊല്ലുകയാണ് വേണ്ടത് എന്ന് അവർ പറയുന്നതുകേട്ട് സുരേഷ് ഗോപി മാധവനേയും വെടിവെച്ചുകൊല്ലുന്നു.ജനാധിപത്യ ഇന്ത്യയിൽ പരക്കേണ്ട അത്തരമൊരു മഹത്തായ ഗുണപാഠം നൽകിയാണ് സിനിമ അവസാനിക്കുന്നത്,പ്രതികാരത്തിനായി ചെയ്യുന്ന കൊലപാതകത്തിൽ തെറ്റൊന്നുമില്ലെന്ന്.
എത്ര സ്നേഹനിധിയായ,നല്ല അമ്മ!ഇങ്ങനെയൊരു സന്ദേശം ഇത്ര കഷ്ടപ്പെട്ട് ജനങ്ങളിലെത്തിച്ചല്ലോ!

30 comments:

വികടശിരോമണി said...

മലയാളത്തിലെ സകലസിനിമാജീവജാലങ്ങളുമൊരുമിച്ചഭിനയിച്ച ട്വന്റിട്വന്റി കൺകുളുർക്കെ കണ്ടു.

ചാണക്യന്‍ said...

ഇന്നാ പിടിച്ചോ...
((((((ഠേ)))))
അഭിപ്രായം പിന്നെ പറയാം..
ഞാന്‍ സിലിമ കണ്ടേച്ചു വരട്ടെ...

കിഷോർ‍:Kishor said...

ഒരു സിനിമ കാണാന്‍ തീരുമാനിച്ചാല്‍ പിന്നെ ഞാന്‍ അതു കാണുന്നതു വരെ അതിന്റെ റിവ്യൂകള്‍ വായിക്കറില്ല. നിങ്ങളെ പോലെ പടം അത്ര മോശമല്ലെന്നു തന്നെ മറ്റു ചില ബ്ലോഗേര്‍സും പറയുന്നു.

ഏതായാലും നന്നായി. ‘അമ്മ’ രക്ഷപ്പെടട്ടെ!

ഹരീഷ് തൊടുപുഴ said...

ഞാനും ഈ സിനിമ ഇന്നു കാണണമെന്നു വിചാരിക്കുന്നു. ഏതായാലും ഇങ്ങനെയൊരെണ്ണം ആദ്യത്തെ സംരംഭമല്ലെ...

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,

കമ്മീഷന്‍ എത്രയാ?

മലയാള സിനിമ തിയേറ്ററില്‍ കണ്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.കണ്ട ഏറ്റവും പുതിയ സിനിമ “ചന്ദ്രനുദിക്കുന്ന ദിക്കില്‍“ ആയിരുന്നു, കല്യാണം സ്പെഷ്യല്‍. ഇത്രയും നേരം തിയ്യേറ്ററില്‍ ഇരിക്കാനുള്ള ക്ഷമയില്ല.

ഏതായാലും സി.ഡി. വരുമായിരിക്കും.

വികടശിരോമണി said...

തേങ്ങയടിയുസ്താദേ-ചാണക്യാ,നന്ദി.സിലിമ കണ്ടേച്ചും ബാ...
കിഷോർ, തീയറ്ററിൽ നിന്ന് ഇടക്കിറങ്ങിപ്പോരേണ്ടിവന്നില്ല എന്നേ പറഞ്ഞുള്ളൂ.ഒരു പ്രാവശ്യമൊക്കെ കാണാം.
ഹരീഷ്,
പണ്ടൊക്കെ എല്ലാ നായകരും ഒരുമിച്ചഭിനയിക്കുന്നത് സാധാരണമായിരുന്നില്ലേ?മധുവും നസീറും സത്യനും ഉമ്മറും ഒന്നിച്ചഭിനയിച്ച എത്ര ചിത്രങ്ങളുണ്ട്!
എങ്കിലും താരസംഘടനയുടെ പടം ഒരു ആദ്യസംരംഭം തന്നെ.വെറുതേ പോയി കാണൂ.
അനിൽ,
മോളേയും പെണ്ണുമ്പിള്ളയേയും കൂട്ടി ഒരു സിനിമക്ക് പോലും പോകാത്ത ദുഷ്...

Anonymous said...

അനില്‍@ബ്ലോഗ്....


കളഞ്ഞിട്ട് പോഡേയ്... അവന്റെയൊരു ജാഡ. സിനിമ കണ്ടിട്ടില്ല പോലും. തനിക്ക് അസാമാന്യ ബുദ്ധിയുള്ളത് കൊണ്ടായിരിക്കും, ബാക്കി സിനിമ കാണുന്നവരൊക്കെ മണ്ടന്മാരും, അല്ലേ?

കുറേ അഭിനവബുദ്ധിജീവികള്‍ വന്നോളും.

ഇവനെയൊക്കെ ബ്ലോഗീന്ന് അടിച്ചോടിച്ച് ചാണകവെള്ളം തളിക്കാന്‍ ഇവിടാരുമില്ലേ?

ജിജ സുബ്രഹ്മണ്യൻ said...

എനിക്കും കാണണം എന്നാഗ്രഹം ഉണ്ട്..വെറുതേ ഒരു ഭാ‍ര്യ കാണണം ന്നു വിചാരിച്ചിട്ട് നാളേറെയായ്..മക്കള്‍ക്ക് വെക്കേഷന്‍ ആകുമ്പോള്‍ സിനിമക്കു പോകാം.അപ്പോഴേക്കും സി ഡിയും കിട്ടുമായിരിക്കും.അപ്പോള്‍ വീട്ടില്‍ ഇരുന്നു കാണാം..

Unknown said...

ഞാനും ഒന്നു കണ്ടു കളയാമെന്നു വെച്ചു. രെവ്യു കൊള്ളം. മലയാള സിനിമ എവിടെ എത്തി നിൽക്കുന്നു എന്നറിയാൻ ഒരു മോഹം

a traveller with creative energy said...

ഇത്തരം സിനിമകളെപ്പറ്റി ഇങ്ങിനെയൊക്കെയെ എഴുതാന്‍ പറ്റൂ..........

ഭൂമിപുത്രി said...

ഇതിനുനേരെ വിപരീതമായൊരു റെവ്യൂ ബെർളിയുടെ ബ്ലോഗിൽക്കണ്ടു.ഇങ്ങിനെയൊരു ഞാണിന്മേൽക്കളി സമർത്ഥമായിക്കൊണ്ടുപോകാൻ
മാത്രം മിടുക്കനാണോ ജോഷി എന്നാൺ അതു വായിച്ചപ്പോൾ തോന്നിയത്.
മറ്റൊരു സുഹൃത്ത് പാട്ടുകേട്ടിട്ട് പറഞ്ഞ അഭിപ്രായം വളരെ ശ്രദ്ധേയമായിത്തോന്നി.
അഫ്സൽ,ഫ്രാങ്കൊ,വിനീത്,ജാസ്സീ,ജ്യോത്സ്ന, റിമിടോമി,അനിത എന്നിവരുടെ ബഹളങ്ങൾക്കൊപ്പംകൊപ്പം യേശുദാസിനെ പാടിപ്പിച്ചിരിയ്ക്കുന്നത് ഒരു വരിയോമറ്റൊ!
മാറിനിൽക്കാൻ വയ്യാതെ പാടേണ്ടിവന്നതാവും..
മീരാജാസ്മിൻ ഇതിൽനിന്നും പിന്മാറിയത് വല്ല്യ വിവാദമായിരുന്നല്ലൊ.പോസ്റ്ററില്‍പ്പോലും
പെൺസാന്നിദ്ധ്യമില്ലാത്ത ഒരു സിനിമയിലഭിനയിയ്ക്കാൻ ആക്കുട്ടി വിസ്സമതിച്ചെങ്കിൽ കണക്കായിപ്പോയി.

പറയുന്നത് ക്രൂരതയാകും..എന്നാലും പറയാതെവയ്യ,ഇങ്ങിനത്തെ സിനിമകൾ പൊളിഞ്ഞുതുടങ്ങുന്ന കാലത്തേ മലയാളസിനിമ രക്ഷപ്പെടു-എന്നുവെച്ചാൽ എഴുപതുകളിലേയും എൺപതുകളീലേയും സല്‍പ്പേര് വീണ്ടെടുക്കു

വികടശിരോമണി said...

അജ്ഞാത,കാന്താരിക്കുട്ടി,നജീബ്,ഭൂമീപുത്രി,സൌഹൃദത്തിന്റെ കളരി-നന്ദി.
അജ്ഞാത,ബ്ലോഗർമാരിൽ അടിച്ചോടിക്കേണ്ടവരെ അടിച്ചോടിക്കാനാവശ്യമാം വിധം നിയമം കൊണ്ടു വരണം എന്ന് ഒരു നേതാവു പറയുന്നതു കേട്ടു.ആ പക്ഷമാണോ?സിലിമ കാണുന്നതും കാണാതിരിക്കുന്നതും ഓരോരുത്തരുടെയും ഇഷ്ടം.
നജീബ്,സിനിമ കാണൂ.
കാന്താരിക്കുട്ടീ,
വെറുതേ ഒരു ഭാര്യ കണ്ടില്ലെങ്കിൽ അതുതന്നെയാണ് ആദ്യം കാണേണ്ട പടം(ആരുടേയും ഫാൻസ് ക്ലബ്ബിൽ അംഗമല്ലെങ്കിൽ:)}
സൌഹൃദത്തിന്റെ കളരീ,
സത്യം.ഇങ്ങനെയൊക്കെ എഴുതാനേ പറ്റൂ.
ഭൂമീപുത്രീ,
ബർളിയുടെ പോസ്റ്റ് ഞാനും കണ്ടു.അവിടെ എനിക്ക് ബർളി മറുപടി പറഞ്ഞത്,ഞാൻ മാത്രമേ ഇങ്ങനെ ഒരഭിപ്രായം പറഞ്ഞുള്ളൂ എന്നാണ്.എന്തുചെയ്യാം,എന്റെ അഭിപ്രായം ഇതായിപ്പോയി. മാറ്റാനും തോന്നുന്നില്ല.
പെണ്ണുങ്ങൾക്ക് ആ സിനിമയിൽ പുല്ലുവിലയില്ല.അമ്മ ഭരിക്കുന്നത് അച്ഛന്മാരായതു കൊണ്ട് ഇതിലപ്പുറം പ്രതീക്ഷിക്കേണ്ടതില്ല.യേശുദാസിന് പാടാൻ അതിലൊന്നും ഇല്ല.
കൊച്ചിൻ ഹനീഫ,കൽ‌പ്പന,ഹരിശ്രീ അശോകൻ എന്നിവരെ തമിഴ് സിനിമക്കാർ കാണിക്കും പോലെ ഒരു പാരലൽ കോമഡിക്കാണ് കൊണ്ടുവന്നിരിക്കുന്നത്.
പിന്നെ എന്തുകാണിച്ചാലും സ്തുതിപാടാൻ തയ്യാറുള്ളവരുള്ളപ്പോൾ ഇതിനപ്പുറവും ചെയ്യാം.

Roby said...
This comment has been removed by the author.
നരിക്കുന്നൻ said...

കാണണം.
വിലയിരുത്തൽ നന്നായി. പിന്നെ ഇവിടെ ഈ സിനിമയുടെ വല്ല ബ്ലാക് പ്രിന്റും ഉണ്ടോന്ന് നോക്കട്ടേ.......:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എന്തായാലും കാണും... വികടന്‍ പറഞ്ഞതുകേട്ടപ്പോ പറയുന്നത് ശരിയാണോന്നറിയാന്‍ കണ്ടേ പറ്റൂ... വികടനെ വിശ്വസിക്കാവോന്ന് നോക്കട്ടെ... ചുമ്മാ... എല്ലം വിശ്വസിക്കുന്നൂ വികടാ...

വികടശിരോമണി said...

റോബി,നന്ദി.
നരിക്കുന്നാ,അതുവേണോ?ബ്ലാക്ക് തപ്പിനടന്ന് ജയിലീക്കിടക്കണോ?
കു.ക.കു,
അങ്ങനെ ആരെയും കണ്ണടച്ച് വിശ്വസിക്കരുത് ചങ്ങാതീ.പോയി കണ്ടു വരൂ,എന്നിട്ട് ഞാൻ പറഞ്ഞതു ശരിയാണോന്ന് പറയൂ,ഞാനിവിടെത്തന്നെയുണ്ട്.:)

Roby said...

ഈ സിനിമയെക്കുറിച്ച് ഇതുവരെ വായിച്ചതിൽ സത്യസന്ധമെന്നു തോന്നുന്ന ഒരു അഭിപ്രായം.

കാലിനിടയിൽ തലച്ചോറും വെച്ച് ചിലർ കയറുപൊട്ടിക്കുന്നതും കണ്ടു..:)

വികടശിരോമണി said...

റോബി,
ലിങ്കിൽന് നന്ദി.കലക്കൻ വീക്ഷണം.കാലിനിടയിലെ തലച്ചോറ് തന്നെ പണയം കൊടുത്തവരുമുണ്ട്:)

Anonymous said...

Did you hear about www.india2net.com ?

It is the Next Generation Search Engine with

Google/Yahoo/Altavista/MSN/Rediff results on one page.

I know you'll like it!
Experience the Next Generation Searching with www.india2net.com

Unknown said...

ട്വന്റി ട്വന്റിയെകുറിച്ച് ഞാൻ കേട്ടത് വളരെ നല്ല ചിത്രം
എന്നാണല്ലോ

വികടശിരോമണി said...

അനൂപ്,
കേട്ടതെല്ലാം സത്യമാകണമെന്നില്ലല്ലോ.കളവാകണമെന്നുമില്ല.പടം കണ്ടു നോക്കൂ.
അജ്ഞാത,
നന്ദി.

Suraj said...

മാരീചന്റെ ഒളിയമ്പുകളിലെ റിവ്യൂ: “പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന സിനിമകള്‍ എല്ലാ ഭാഷയിലും അനേകമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ഭാഷയിലെ സകല താരങ്ങളും ഒരു സംഘടനയുടെ ലേബലില്‍ ഒരുമിച്ചിറങ്ങി പ്രേക്ഷകന്റെ യുക്തിക്ക് വിലപറയുന്ന സംഭവം ഒരുപക്ഷേ, ലോക സിനിമയില്‍ തന്നെ ആദ്യമായിരിക്കും...”

വീകെ said...

സിനിമയെക്കുറിച്ച് ഒരു ഏകദേശരൂപം വരച്ചുതന്നതിനു വളരെ സന്തോഷം. അഭിപ്രായങ്ങൾകൂടി വായിച്ചപ്പോൾ, ഇനി എപ്പോഴെങ്കിലും കണ്ടാമതി എന്ന തോന്നലാണുണ്ടായത്.
നാട്ടിലുള്ളവരോടൊപ്പം ഈ പടം കാണാൻ കഴിയാത്തതിലുള്ള ദു:ഖം അതോടെ തീർന്നു.വളരെ നന്ദി.

Anonymous said...

എല്ലാ ബുദ്ധിജീവികളും പോയി അടൂരിന്റെ പടം കാണ്.ഇങ്ങോട്ട് വരണ്ട.പിന്നെയെന്തിനാ ഈ അസൂയ?
അടൂരു വിചാരിച്ചാ ഇങ്ങനെയൊരു സിനിമ പിടിക്കാനാവുമോ?
അടിപൊളി പടാ ജോഷീടത്.നാലുവട്ടം കണ്ടു.ഇനീം കാണും.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...
This comment has been removed by the author.
രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സിനിമ കണ്ടു നോക്കട്ടെ, ബെര്‍ലിയാണോ, വികടനാണോ, മാരീചനാണോ ശരിയെന്ന് ;)

Tince Alapura said...

മണ്ടത്തരം പറയാതെ വികിടശിരോമണി 20 20 ഒരു നല്ല ചിത്രം തന്നെ ആണ് സന്ദേശം കിട്ടാന്‍ വേണ്ടി സിനിമ കാനന മേന്നില്ല വല്ല മത ഗ്ര്ന്ദങ്ങളും വായിച്ചാല്‍ മതി പിന്നെ ഒരു സിനിമ കണ്ടാല്‍ ഉടനെ അതിലെ നെഗറ്റീവ് വാസം മാത്രം നോക്കിയാല്‍ പോര , എന്തെങ്കിലും നല്ല വശം ഉണ്ടോന്നു കൂടെ നോക്കണം അത് മാത്രമല്ല ഒരു സിനിമ യുടെ ക്ലൈമാക്സ് അത് ഒരു മാനദണ്ടവും പാലിക്കാതെ ബ്ലോഗ് ആക്കുന്നത് ശരിയല്ല

വികടശിരോമണി said...

സൂരജ്,
മാരീചന്റെ പോസ്റ്റ് കണ്ടിരുന്നു.കലക്കൻ വാചകമാണത്.വരവിനു നന്ദി.
വി.കെ,
അഭിപ്രായങ്ങൾ മറിച്ചും കണ്ടല്ലേ?ഞാൻ എന്റെ കാഴ്ച്ചയനുഭവം പങ്കുവെച്ചെന്നു മാത്രം.
അജ്ഞാത,
ഇത്തരം വാചകങ്ങൾക്ക് എന്ത് മറുപടിയെഴുതാൻ!തിരിച്ചു പറഞ്ഞാലോ,അടൂരു പിടിക്കുമ്പോലെ ഒരു പടം ജോഷി വിചാരിച്ചാല്ല് നടക്കുമോ എന്ന്?
alapura,
ഒരു സിനിമയെക്കുറിച്ച് താങ്കൾക്കുമെനിക്കും വിരുദ്ധാഭിപ്രായമുണ്ടാകാം.ഞാൻ പറഞ്ഞത് മതപ്രബോധനങ്ങളുടെ കാര്യമല്ല.തീർത്തും തെറ്റായ ഒരു ഏഡിയ സംവേദനം ചെയ്യുന്നതിനെപ്പറ്റിയാണ്.
എല്ലാവർക്കും നന്ദി.

വികടശിരോമണി said...

രാമചന്ദ്രാ,
സിനിമ കണ്ടുവരൂ...:)

sy@m said...

ഞാനും യോജിക്കുന്നു. ചവിട്ടും കുത്തും കൊണ്ട്‌ അകത്ത്‌ അകത്ത്‌ കയറി ഇരുന്നു. സിലിമ തുടങ്ങിയപ്പോഴാണേയ്‌ അക്കിട പറ്റിയത്‌. കുറച്ച്‌ നേരത്തെ റിവ്യു വായിക്കേണ്ടതായിരുന്നു. ഇനിയിപ്പോ പറഞ്ഞിട്ടു കാര്യമില്ല. ഹാ.. എന്തായാലും അമ്മ രക്ഷപെടുന്നെങ്കില്‍ അങ്ങനെ തന്നെ....