Pages

സരോദിലുണരുന്ന സ്വപ്നപഥങ്ങൾലസ്വപ്നങ്ങളും വീണ്ടുമൊരിക്കൽക്കൂടി കാണാൻ ഞാൻ പലവട്ടം ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അതുനടന്നിട്ടില്ല.ജനിമൃതികളെപ്പോലെ,സ്വപ്നങ്ങളും ഒരിക്കൽ മാത്രം അനുഗ്രഹിക്കുന്നു എന്ന തിരിച്ചറിവുണ്ടായിട്ടും പലപ്പോഴും ചില സ്വപ്നങ്ങളെ ദിവാസ്വപ്നം കാണുക പിന്നെപ്പിന്നെ പതിവായി.അതിലേറ്റവും വിലപ്പെട്ട ഒരു സ്വപ്നമാണ് ഉസ്താദ് അലാവുദ്ദീൻ ഖാനും അലി അക്ബർ ഖാനും കൂടി പങ്കെടുക്കുന്ന ഒരു കച്ചേരിയിലെ മേഘ് രാഗാലാപനം.അനതിസാധാരണമായ മീൻഡുകൾ വിടരുന്ന അക്ബർ ഖാന്റെ സരോദ്…ആ സ്വപ്നം ഒരുവട്ടമേ കണ്ടുള്ളൂ എങ്കിലും എത്രയോ വട്ടം എന്റെ പകൽക്കിനാവുകളിൽ അതു വന്നുപോയിട്ടുണ്ട്.അക്ബർ ഖാന്റെ വിയോഗവാർത്തയും യാഥാർത്ഥ്യമോ സ്വപ്നമോ എന്നു വ്യവച്ഛേദിക്കാൻ പാടുപെടേണ്ടിവന്നതും അതിനാലാകാം.സരോദിന്റെ സാധ്യതകളേക്കാൾ പരിമിതികളെപ്പറ്റി അലോചിച്ചു മാറിനിന്ന എന്നേപ്പോലുള്ള ബുദ്ധിഹീനരെ തന്റെ വിരലുകളിൽനിന്നുണരുന്ന കാമുകശബ്ദം കൊണ്ടു വ്യാമുഗ്ധരാക്കി,അദ്ദേഹം ഇനിയും തലമുറകളിലൂടെ യാത്രചെയ്യുമെന്നുറപ്പാണ്.
ഭാരതീയസംഗീതരംഗത്ത്,ഇതുപോലെ മറ്റൊരു കുടുംബം ഉണ്ടാകുമെന്നു തോന്നുന്നില്ല.അച്ഛൻ യുഗപ്രഭാവനായ ഉസ്താദ് അലാവുദ്ദീൻ ഖാൻ.സഹോദരി അന്നപൂർണ്ണാദേവി.ആദ്യഭാര്യ ഗായികയായ രാജ് ദുലാരി.രണ്ടാംഭാര്യ ശിഷ്യയായ മേരി.ആദ്യഭാര്യയിലുണ്ടായ പുത്രൻ-അച്ഛനൊത്ത മകൻ,സരോദ് വാദകനായ ആഷിഷ് ഖാൻ.അലി അക്ബർ ഖാന്റെ സംഗീതജീവിതവും വ്യക്തിജീവിതവും ഇഴപേർക്കുക അസാദ്ധ്യമാണ്.വ്യഷ്ടിയും സമഷ്ടിയും സമന്വയിക്കുന്ന ആ ജീവിതത്തിന്റെ പ്രക്ഷുബ്ധതകൾ,ആ സംഗീതത്തേക്കാൾ ആഘോഷിച്ചവരുണ്ട്.തലമുറകൾക്കു മുമ്പ് ബ്രാഹ്മണ്യത്തിൽ നിന്ന് ഇസ്ലാമികതയിലേക്കു മാറിയ ഉസ്താദിന്റെ കുടുംബം,എന്നും പ്രക്ഷുബ്ധതകൾക്കു പേരുകേട്ടിരുന്നു.അതിർത്തികൾ കടന്നു ചിറകടിച്ചുപറന്ന ഹിന്ദുസ്ഥാനിസംഗീതത്തിന്റെ അമരക്കാരായതിൽ പ്രധാനികൾ മിക്കവരും ആ പ്രക്ഷുബ്ധകുടുംബത്തിലുള്ളവരോ,അവരുടെ ശിഷ്യരോ ആയിരുന്നു എന്നതാണു സത്യം.
അലി അക്ബർ ഖാന്റെ സംഗീതം തികച്ചും പാരമ്പര്യശൈലീസുഭഗതകളെ അനുസരിക്കുന്നതായിരുന്നു.അദ്ദേഹം സൃഷ്ടിച്ച മാധവി,ഗൌരീമഞ്ജരി എന്നീ രാഗങ്ങളുടെ ആലാപനവഴിയിലും ആ ബലിഷ്ഠപൈതൃകത്തിന്റെ മുദ്രകൾ കാണാം.അനിതരസാധാരണമായ അനായാസതയാണ് ഉസ്താദിന്റെ സംഗീതത്തിന്റെ ജീവൻ.ഇരുപത്തഞ്ചു തന്ത്രികളുള്ള സരോദിന്റെ സങ്കീർണ്ണതകളെല്ലാം അലി അക്ബർ ഖാന്റെ കൈവിരലുകൾ അനായാസമധുരമായി മറികടക്കുന്ന വിസ്മയം.വ്യാകരണങ്ങൾ പ്രതിഭക്കു പുറകേ നടക്കുന്ന അനുപമമായ ഈ അനുഭവമാണ് നമ്മെ അലിയിച്ചുകളയുന്നത്.എം.ഡി.രാമനാഥന്റേയോ ഉണ്ണികൃഷ്ണക്കുറുപ്പിന്റേയോ അനുപമമായ ചില സംഗതികൾ പോലെ,സച്ചിന്റെ ബാറ്റ് നിർമ്മിക്കുന്ന ചില ബാക്ക് ഡ്രൈവുകൾ പോലെ,കലാ.രാമൻകുട്ടിനായരുടെ ശരീരം
ചിലപ്പോൾ പ്രാപിക്കുന്ന ലയപൂർണ്ണിമ പോലെ….സരോദിന്റെ തന്ത്രികളിൽ അലി അക്ബർ ഖാൻ തീർത്ത മാസ്മരികനാദങ്ങളും ആ നിരയിൽനിസ്സംശയം പെടുത്താവുന്നതാണ്.നട് ഭൈരവിലും ബൈരാഗിയിലും മാൽഘോഷിലുമെല്ലാം അദ്ദേഹം മീട്ടിയിരുന്ന ചെറിയ ധൂൻ കേട്ടുനോക്കുക,വ്യാകരണപാഠങ്ങൾ അദ്ദേഹത്തിനു പിറകേ സഞ്ചരിക്കുന്നതു കേൾക്കാം.അവയിൽ കൂടി,കൃത്യമായ ആദിമദ്ധ്യാന്തപ്പൊരുത്തമുണ്ട്,പൂർണ്ണതയുണ്ട്.
പാശ്ചാത്യലോകത്തേക്ക് ഹിന്ദുസ്ഥാനിസംഗീതത്തിന്റെ വ്യാപനം സാദ്ധ്യമാക്കുന്നതിൽ അലി അക്ബർ ഖാനോളം പങ്കുവഹിച്ച സംഗീതജ്ഞർ കുറയും.അക്ബർ ഖാന്റെ സംഗീതത്തെ മാറിയ പരിതസ്ഥിതികൾക്കനുസൃതമായി പരിണമിപ്പിക്കുന്നതിൽ പാശ്ചാത്യസ്വാധീനം വലിയ പങ്കുവഹിച്ചിട്ടുണ്ട്.അതിനദ്ദേഹം യാഥാസ്ഥിതികരിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന വിമർശനങ്ങൾ സ‌മൃദ്ധിയായുണ്ടെങ്കിലും.ഭാവതീവ്രമായ ആ സംഗീതത്തിനു കൃത്യമായി വഴങ്ങുന്ന ആശയമാനങ്ങൾ,പാശ്ചാത്യശാസ്ത്രീയസംഗീതവുമായുള്ള സഹവർത്തിത്വത്തിൽ നിന്നു ലഭിച്ചതുതന്നെയാണ്.‌‘ജേർണീ’,കാർണിവൽ ഓഫ് കാളി,വാട്ടർ ലേഡി തുടങ്ങിയ വർക്കുകളിൽ അക്ബർ ഖാന്റെ വ്യക്തിമുദ്രകൾ ആഴത്തിൽ പതിയപ്പെട്ടിരിക്കുന്നു.യഹൂദിമെനുഹിന്റെ ക്ഷണം സ്വീകരിച്ച് അമേരിക്കയിലെത്തിയ ഉസ്താദിന്റെ സംഗീതജീവിതം പുതിയ അർത്ഥമാനങ്ങളിലേക്കു ചരിക്കുകയായിരുന്നു.അപ്പോഴും പാരമ്പര്യത്തിന്റെ ശക്തിസ്രോതസ്സുകളിലുള്ള വിശ്വാസവും അനുസരണവും അലി അക്ബർ ഖാനെ വിട്ടൊഴിഞ്ഞതുമില്ല.
രവിശങ്കറിനോടും വിലായത്ത് ഖാനോടും എൽ.സുബ്രഹ്മണ്യത്തോടും ഒപ്പം നടത്തിയ ജുഗൽബന്ദികൾ അക്ബർ ഖാൻ സംഗീതത്തിന്റെ ഉദാത്തമായ സംവാദങ്ങളായിരുന്നു.നട് ഭൈരവിയിൽ ഉസ്താദ് എൽ.സുബ്രഹ്മണ്യവുമായി ചേർന്നു തീർത്ത വിസ്മത്തിന്റെ ചാരുത വർണ്ണനാതീതമാണ്.അല്ലാരഖ മുതൽ സാക്കീർ ഹുസൈൻ വരെ ഉസ്താദിന്റെ സരോദിനോട് ഇഴചേർന്നുനിന്നു.
പത്മഭൂഷൺ മുതൽ,എണ്ണിയാലൊടുങ്ങാത്ത അംഗീകാരങ്ങൾക്ക് സ്വദേശത്തും വിദേശത്തും പാത്രമായ ഉസ്താദിന്റെ സംഗീതത്തെ സത്യജിത്ത് റായ് വരെയുള്ള ചലച്ചിത്രകാരന്മാർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.മൈഹർ ഘരാനയുടെ സങ്കീർണ്ണമായ സൌന്ദര്യമാനങ്ങളെ അതിശയകരമായ അച്ചടക്കത്തോടെ ആവിഷ്കരിച്ച അക്ബർഖാന്റെ മനസ്സ്,എന്നും പരീക്ഷണവ്യഗ്രമായിരുന്നു.പുതിയ ഭാവതലങ്ങളെ സൃഷ്ടിപരമായി കണ്ടെത്തുവാനും അടയാളപ്പെടുത്തുവാനുമായി മൈഹർ ഘരാനയുടെ അടിസ്ഥാനതത്വങ്ങളെപ്പോലും മറികടന്ന നിമിഷങ്ങളും ഉസ്താദിന്റെ ജീവിതത്തിലുണ്ട്.കാൽ‌പ്പനികമായ ചില ഭാവനകളുടെ കുതിരപ്പുറത്ത് എത്ര വേണമെങ്കിലും അദ്ദേഹം സഞ്ചരിക്കുമായിരുന്നു.മൈഹർ ഘരാന എന്നതൊക്കെ ഒരു പറച്ചിൽ;ഖയാലിന്റെ മാധുര്യവും സൂഫിസംഗീതത്തിന്റെ ആത്മീയസ്പർശവും ദ്രുപദിന്റെ മാന്ത്രികനാദവും സമന്വയിക്കുന്ന സംഗീതമായിരുന്നു വാസ്തവത്തിൽ ഖാൻസാഹിബിന്റേത്.
ലയനവും സ്‌ഫോടനവും ഒളിപ്പിച്ചുവെച്ച അലി അക്ബർ ഖാന്റെ സരോദ് നിശ്ശബ്ദമാകുമ്പോൾ,പ്രണയത്തിന്റെ ഒരു ശബ്ദസർഗ്ഗവും അവസാനിക്കുന്നു.നാദരേണുക്കളുടെ നർത്തനം കൊണ്ട് ഇനിയും സൂക്ഷിക്കപ്പെട്ട ശബ്ദലേഖനങ്ങളിൽ നിന്ന് ഖാൻസാഹിബ് നമ്മുടെ അജ്ഞേയതകളെ,മൃദുലതകളെ ഇനിയും വന്നു തൊട്ടുണർത്തുമെന്നു തീർച്ച.ഇനിയും സമ്പന്നമായ ദിവാസ്വപ്നങ്ങളുടെ പ്രതീക്ഷകൾ മറ്റൊരു സ്വപ്നമായി പരിണമിക്കുന്നതും ഒരു അനുഭവം തന്നെ!

11 comments:

വികടശിരോമണി said...

സരോദിലെ മാന്ത്രികനായ ഉസ്താദ് അലി അക്ബർ ഖാനെക്കുറിച്ചൊരുകുറിപ്പ്...

ചാണക്യന്‍ said...

((((((ഠേ)))))))
ഇവടൊരു തേങ്ങ്യാടിച്ചിട്ട് കുറെക്കാലമായി.....

Typist | എഴുത്തുകാരി said...

ഹിന്ദുസ്ഥാനി സംഗീതത്തെപ്പറ്റിയോ, സരോദിനെ പറ്റിയോ (വല്ലപ്പോഴും ടി വിയില്‍ കണ്ടിട്ടുണ്ടെന്നല്ലാതെ) ഒരു പിടിയില്ല.

Sureshkumar Punjhayil said...

Sangeetham shastreeyamayi ariyathathukondu, mattu abhiprayangalilla... Ashamsakal...!!!

ലതി said...

kazhinja masam kadhavaseshanaya sarod manthrikan Usthad Ali Akbar Khane kurichu inganeyoru ormmakkurippu uchithamaayi.
Thanx 4 this nice post.

Rare Rose said...

സരോദിനെ പറ്റിയും ഉസ്താദ് അലി അക്ബർ ഖാനെക്കുറിച്ചും ഏറെയൊന്നും അറിയില്ലായിരുന്നു..ഇത്തരം പോസ്റ്റുകള്‍ വായിക്കുമ്പോഴാ‍ണു ഈ മാന്ത്രിക സംഗീതജ്ഞരെ കുറിച്ചും അവരുടെ ആലാപനത്തെ കുറിച്ചും എന്തു മാത്രം അജ്ഞയാണെന്നു മനസിലാവുന്നതു...

Swami said...

ithu theere nannaayi ketto siromani!

അനില്‍@ബ്ലോഗ് said...

സരോദിന്റെ നാദം കേള്‍ക്കുക തന്നെ സുഖകരമാണ്, ഹിന്ദുസ്ഥാനിയുടെ പ്രത്യേകതകൂടി ആവാം.

നല്ല പോസ്റ്റ്.

മനോജ് കുറൂര്‍ said...

നന്നായി വി. ശീ... സംഗീതത്തെക്കുറിച്ചും ഇടയ്ക്കൊക്കെ എഴുതൂ :)

താരകൻ said...

വാഹ്..വാഹ് ക്യാ ബാത് ഹെ..കോയീ ജവാബ് നഹീ..

കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട്.