Pages

മതനിരപേക്ഷമായ പുതിയൊരു ബ്ലോഗ് കൂട്ടായ്മ

പ്രിയസത്യങ്ങൾ പറയരുത് എന്നൊരു പ്രമാണമുണ്ട്.

പക്ഷേ,സത്യങ്ങൾ സത്യങ്ങളല്ലാതാവുന്നില്ലല്ലോ.അപ്രിയമായവ നടക്കുമ്പോൾ,അപ്രിയസത്യങ്ങൾ പറയേണ്ടിവരുന്നു.

“മനുഷ്യൻ!ഹാ!എത്ര മഹത്തായ പദം!”എന്ന നക്ഷത്രത്തിളക്കമുള്ള വാചകം നമ്മളെല്ലാം പലവട്ടം കേട്ടതാണ്.

എന്നാൽ,മനുഷ്യനെ പലതട്ടുകളിലായി വർഗീകരിച്ചു നിർത്താനാഗ്രഹിക്കുന്നരുടെ ശ്രമങ്ങൾ കാലം ചെല്ലുന്തോറും ശക്തിയാർജ്ജിക്കുന്നതേയുള്ളൂ.പുതിയ മാദ്ധ്യമങ്ങളെ അവർ എളുപ്പം സ്വാംശീകരിക്കുന്നു,ഉപയോഗപ്പെടുന്നു.

ഓരോ മനുഷ്യന്റേയും സ്വകാര്യതയിൽ പെട്ടതാണ് അവന്റെ/അവളുടെ മതവിശ്വാസവും.എന്നാൽ,പൊതുസമൂഹത്തിന്റെ സകലസ്ഥലങ്ങളിലേക്കും മതചിന്തകളെ അനാവശ്യമായി കെട്ടിവലിച്ചുകൊണ്ടുവരുന്നത് ഒരു സവിശേഷമായ ലക്ഷ്യത്തോടെയാണെന്നതുറപ്പാണ്.

ഭൂതകാലത്തെയും,സ്വാതന്ത്ര്യസമരചരിത്രത്തെയും വരെ,ഇപ്പോൾ ഉപയോഗിക്കുന്നത് പ്രധാനമായും സാമ്രാജ്വത്വത്തെ ചെറുക്കാനല്ല.സാമ്രാജ്വത്വം ഇപ്പോൾ ആരുടേക്കാളും വർഗീയവാദിയുടെ മിത്രമാണ്.സ്വദേശിവാദം പറഞ്ഞുകൊണ്ടുതന്നെ വിദേശിയുടെ ഒപ്പം കിടക്കാൻ ഇന്ത്യൻ ഫാഷിസ്റ്റിന് ഇന്നു നന്നായി അറിയാം.

കഴിഞ്ഞ കുറച്ചുകാലമായുള്ള എന്റെ പരിമിതമായ ബ്ലോഗ് അനുഭവങ്ങൾ എന്നെ നയിക്കുന്ന ഒരു ഭീതി,ഞാനിന്നലെ പ്രിയസുഹൃത്ത് അനിലുമായി പങ്കുവെച്ചു.മുൻപെങ്ങുമില്ലാത്തവിധം,മതമൌലികവാദികളുടെയും,തീവ്രവാദികളുടെയും വിഹാരസ്ഥലമായി ബൂലോകം മാറുന്നു എന്നതാണ് ആ ഭീതി.ഞങ്ങളെല്ലാം ബൂലോകത്തെത്തിയിരുന്നപ്പോൾ സജീവമായി ബ്ലോഗിലുണ്ടായിരുന്ന നിരവധി ജനാധിപത്യവാദികൾ,ക്രമേണ ഉൾവലിഞ്ഞിരിക്കുന്നു.ഭീഷണമാം വിധം,മതവാദത്തിന്റെ പ്രചാരണപ്രവർത്തനം ശക്തിയാർജ്ജിക്കുകയും ചെയ്യുന്നു.അവിടെ പ്രതികരിക്കുന്നവരെ സംഘമായി ആക്രമിക്കാൻ തയ്യാറായി വിവിധകൂടുകളിൽ നിന്ന് വർഗീയവാദികൾ പുറത്തുവരുന്നു.കുറച്ചുകഴിഞ്ഞാൽ,“ഇവരോടു സംസാരിച്ചു കളയാൻ സമയമില്ല”എന്ന മനസ്സുമായി പ്രതികരിക്കുന്നവർ പിൻ‌വാങ്ങുന്നു.നാം അവഗണിക്കുന്ന ഓരോ നിസ്സാരതകളും തക്ഷകസ്വരൂപമാർജ്ജിച്ച് ആഞ്ഞുകൊത്തുന്നു.

എതിരാളികളിൽ ഭയം ജനിപ്പിച്ചുകീഴടക്കുക എന്നതൊരു ഫാസിസ്റ്റ് തന്ത്രമാണല്ലോ.പേടിയുള്ളപ്പോൾ നമ്മൾ പതുക്കെ നടക്കും.മൂർച്ചയില്ലാത്ത ഭാഷയിൽ സംസാരിക്കും.ഒരു ചിലന്തിവലയിൽ അകപ്പെട്ട പ്രതീതി സൃഷ്ടിക്കുന്ന പഴയ തന്ത്രം.അതിനെ ചെറുക്കാൻ ഒറ്റയൊറ്റയായുള്ള ശ്രമങ്ങളല്ല,സാമാനമനസ്കരുടെ സംഘം ചേർന്നുള്ള പ്രവർത്തനമാണു വേണ്ടത് എന്നു തോന്നുന്നു.എപ്പോഴത്തെയും പോലെ,ഒരുപാട് വൈകിയ ശേഷം തോന്നുന്ന പ്രതിരോധബുദ്ധി കൊണ്ട് ഗുണമില്ല.

സംഘം ചേർന്നുള്ള ഒരു പ്രതിരോധപ്രവർത്തനത്തിനു സമയമായി എന്ന ബോധ്യത്തോടെ,ഒരു പുതിയ സംരംഭത്തിനു തുടക്കമിടുകയാണ്.പുതിയൊരു കൂട്ടായ്മയും ബ്ലോഗും എന്ന ആശയം ഇന്നു രാവിലെ അനിൽ തന്റെ ബ്ലോഗിൽ പോസ്റ്റിയിരുന്നു.

ആശയപരമായ ഒരു പരിപ്രേക്ഷ്യത്തിന്റെ രൂപീകരണം എന്നതാണ് പ്രാഥമികമായി അതുകൊണ്ടുദ്ദേശിച്ചത്.നിരവധി ഗ്രൂപ്പ് ബ്ലോഗുകൾ കണ്ടു പരിചിതരായ ബൂലോകവാസികളുടെ പ്രതികരണമറിയേണ്ടതും ആവശ്യമായിരുന്നു.ലഭിച്ച പ്രതികരണങ്ങൾ ആശാവഹമായിരുന്നു.ചില പ്രധാന ചോദ്യങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തു എന്നതു സന്തോഷപ്രദമാണ്.

ആദ്യമായി പറയട്ടെ,ഈ ശ്രമം കൊണ്ട് ഇവിടെ ഒരു വലിയ വിപ്ലവം നടത്താനാവും എന്നൊന്നും കരുതുന്നില്ല.തന്നാലായ പ്രതിരോധം,അതുമാത്രം.നാട്ടുഭാഷയിൽ,ആയാലൊരു തെങ്ങ്,പോയാലൊരു തേങ്ങ.ഈ തെങ്ങിൻ തൈകൾ ഇവിടെ നടുന്നതു കൊണ്ട് നഷ്ടമൊന്നും വരാനില്ലല്ലോ.

മതനിരപേക്ഷത-മതസൌഹാർദ്ദം എന്നീ വാക്കുകളുടെ അർത്ഥവിവക്ഷകളെക്കുറിച്ചുണ്ടായ സംശയങ്ങൾക്കുള്ള മറുപടികൾ അനിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.മതം എന്ന വാക്കിന് അഭിപ്രായം എന്ന വിശാലാർത്ഥമല്ല ഇവിടെ ഉദ്ദേശിച്ചത്.അഭിപ്രായങ്ങൾ തമ്മിൽ സൌഹാർദ്ദമുണ്ടാകേണ്ടത് ആവശ്യം തന്നെ.എന്നാൽ,നിലവിലുള്ള,നൂറ്റാണ്ടുകളിലൂടെ പ്രത്യേക ആത്മീയ-വിശ്വാസതലത്തിലെത്തി നിൽക്കുന്ന വിവിധ മതങ്ങളെ സംബന്ധിച്ച്,നമ്മൾ തുടങ്ങുന്ന ബ്ലോഗിന്റെ ദർശനം മതനിരപേക്ഷത ആയിരിക്കണം എന്നു തോന്നുന്നു.നിങ്ങൾ ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നുവോ ഇല്ലയോ,അഥവാ ദൈവത്തിൽ തന്നെ വിശ്വസിക്കുന്നുവോ ഇല്ലയോ എന്നത് നിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണ്.മതമല്ല,മനുഷ്യനാണ് ലോകത്താകമാനം വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്.അതാണു പ്രാഥമികമായും പ്രധാനമായും ചർച്ച ചെയ്യേണ്ടതും,പരിഹൃതമാകേണ്ടതും.അതുകൊണ്ടു തന്നെ,മനുഷ്യന്റെ പ്രശ്നങ്ങളെക്കാൾ മതത്തിന്റെ മൌലികതയിൽ പ്രശ്നങ്ങളെ വീക്ഷിക്കുന്നതിനെതിരെ പ്രതികരിക്കേണ്ടതും പ്രതിരോധമുയർത്തേണ്ടതും അത്യാവശ്യമാണ്.ഈ പൊതു ആശയപ്രതലം ഈ ബ്ലോഗിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.അതുകൊണ്ടുതന്നെയാണ് ‘മതനിരപേക്ഷത’എന്ന വാക്ക് ഉപയോഗിച്ചതും.

ഒരു മതതീവ്രവാദികളും തമ്മിലുള്ളതിലും തീവ്രമായ സംഘട്ടനം വാസ്തവത്തിൽ നടക്കുന്നത് അവരെല്ലാം അടങ്ങുന്ന സംഘവും,മതനിരപേക്ഷരായ മനുഷ്യരും തമ്മിലാണ്.മതേതരവാദികളുടെ ഏതു ഇടപെടലിന്റെ സമയത്തും അവർ ഒന്നുചേരും,പുരോഗമനവാദികൾക്കെതിരെ അവർ നിർമ്മിക്കുന്ന “സൌഹാർദ്ദത്തിന്റെ പൊതു പ്ലാറ്റ്‌ഫോ”മിൽ നിന്ന് കൂട്ടായി ആക്രമിക്കും.ചരിത്രം,ശാസ്ത്രം,സാഹിത്യം,കല-എന്നുവേണ്ട സമസ്തമേഖലകളേയും അവർക്കിഷ്ടമുള്ള രീതിയിൽ വളച്ചൊടിക്കും.അത്തരം “കൂട്ടുകച്ചവട”ത്തിനു ആഗ്രഹമില്ല.അതുകൊണ്ടു തന്നെയാണ്,“മതസൌഹാർദ്ദം അല്ല,മതനിരപേക്ഷത ആണു ലക്ഷ്യം”എന്നു വ്യക്തമാക്കാനാഗ്രഹിക്കുന്നത്.

ഒരു കാര്യം വ്യക്തമാക്കുന്നു,നിങ്ങൾ ഈശ്വരവിശ്വാസിയാണോ അല്ലയോ എന്നത് ഈ ബ്ലോഗിലെ പങ്കാളിത്തത്തിൽ ഒരു യോഗ്യതയോ അയോഗ്യതയോ അല്ല.മനുഷ്യന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും,മതത്തിന്റെ കുപ്പായത്തിലൊളിച്ചിരുന്ന്,ഫാഷിസം പ്രസംഗിക്കുന്നവർക്കെതിരെ ഒന്നിച്ചുകൈകോർക്കാനും നിങ്ങൾ തയാറാണോ എന്നതാണ് പ്രധാനം.

മാനവികതയുടെ പക്ഷത്തു നിൽക്കുന്ന എല്ലാവർക്കും ഇവിടെ ഒന്നിച്ചു നിൽക്കാം.

“ദി ഗ്രേറ്റ് ഡിക്ടറ്റർ”എന്ന ചിത്രത്തിൽ,ഹിറ്റ്‌ലറെ പ്രതീകാത്മകമായി കളിയാക്കിക്കൊണ്ട് ചാർളിചാപ്ലിൻ അവതരിപ്പിക്കുന്ന ചാർളി എന്ന ക്ഷുരകൻ നടത്തുന്ന പ്രസംഗത്തിലെ,ഈ സന്ദർഭത്തിലേറ്റവും പ്രസക്തമായ
വരികൾ അവസാനമായി ചേർക്കുന്നു:
“ക്ഷമിക്കുക,എനിക്കു ചക്രവർത്തിയൊന്നും ആകേണ്ട.എന്റെ പരിപാടി അതല്ല.എനിക്ക് എല്ലാവരേയും സഹായിച്ചാൽ കൊള്ളാമെന്നുണ്ട്.കറുത്തവനോ,വെളുത്തവനോ,യഹൂദനോ,അല്ലാത്തവനോ,ആരായാലും.നമുക്കെല്ലാം അന്യോന്യം സഹായിക്കണം എന്നുണ്ട്.മനുഷ്യരങ്ങനെയാണ്.ലോകം മുഴുവൻ വിഷലിപ്തമായ കുറേ മതിലുകൾ ഉയർത്തപ്പെട്ടിരിക്കുന്നു.കഷ്ടപ്പാടിലേക്കും ചോരചിന്തലിലേക്കും നമ്മളെ വഴിതെറ്റിച്ചിരിക്കുന്നു.

പടപൊരുതുന്നവരേ,നിങ്ങളുടെ ജീവിതത്തെ അറുത്തുമുറിച്ചു നിർത്തുന്ന ഈ മൃഗങ്ങൾക്കു മുന്നിൽ ഒരിക്കലും നിങ്ങൾ കീഴടങ്ങരുത്-മുട്ടുമടക്കരുത്.കാരണം നിങ്ങൾ മൃഗങ്ങളോ,യന്ത്രങ്ങളോ അല്ല,മനുഷ്യരാണ്,വെറും പച്ചമനുഷ്യർ.സ്വാതന്ത്ര്യത്തിന്റെ മഹാകാശത്തിനായി പൊരുതുക,സ്വാതന്ത്യം,സ്വാതന്ത്യം,സ്വാതന്ത്യം.

ഇതേ ആശയങ്ങൾ,അധികാരദുർമോഹികളും ജനവിരുദ്ധരുമായ വർഗീയവാദികളും ആവർത്തിക്കാറുണ്ട്.അവരെല്ലാം ഒരേ തോണിയിലാണ്,ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണവർ.അവരെങ്ങനെയാണ് ആ വാഗ്ദാനങ്ങൾ നിറവേറ്റുക?അവരതു ചെയ്യുകയില്ല.മനുഷ്യനോടും പ്രകൃതിയോടുമുള്ള സ്നേഹപ്രഖ്യാപനം സ്ഥിരീകരിക്കാൻ,ജനാധിപത്യത്തിന്റെ പേരിൽ നാം ഒന്നിച്ചു നിന്ന് പൊരുതുക.

ഹന്നാ,ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ.മേഘങ്ങൾ ഉയരങ്ങളിലേക്കു മായുന്നു.സൂര്യനുദിച്ചുപൊങ്ങുന്നു!ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു വരികയാണ്.
വെറുപ്പിനും മൃഗീയതക്കും എതിരെ മനുഷ്യൻ ഉയർന്നു നിൽക്കുന്ന സ്നേഹത്തിന്റെ ലോകത്തിലേക്ക്.
ചിറകുകൾ നൽകപ്പെട്ട മനുഷ്യന്റെ ആത്മാവ് മഴവില്ലിന്റെ നേർക്കു പറന്നുയരുന്നു.പ്രതീക്ഷയുടെ വെളിച്ചത്തിലേക്കു ചിറകടിക്കുന്നു.തലയുയർത്തി നോക്കൂ,തലയുയർത്തൂ!”

40 comments:

അനില്‍@ബ്ലോഗ് // anil said...

ലിങ്ക് അവിടെ ഇടാം.

Calvin H said...

കുറച്ചുകഴിഞ്ഞാൽ,“ഇവരോടു സംസാരിച്ചു കളയാൻ സമയമില്ല”എന്ന മനസ്സുമായി പ്രതികരിക്കുന്നവർ പിൻ‌വാങ്ങുന്നു.

സത്യമാണെന്ന് അംഗീകരിക്കുന്നു വികടശിരോമണി. കാ‍ളമൂത്രം പോലെ അർഥമില്ലാത്ത കമന്റുകൾ , അതും ഒരേ പോയിന്റിനു ചുറ്റും വീണ്ടും വീണ്ടും കറങ്ങിക്കൊണ്ട് ഉള്ള കമന്റുകൾ, അവയ്ക്ക് എത്ര തവണ മറുപടി പറയും. നമ്മൾക്ക് വേറെയും പണികൾ ഉണ്ടല്ലോ.

ചാണക്യന്‍ said...

" മതത്തിന്റെ കുപ്പായത്തിലൊളിച്ചിരുന്ന്,ഫാഷിസം പ്രസംഗിക്കുന്നവർക്കെതിരെ ഒന്നിച്ചുകൈകോർക്കാനും നിങ്ങൾ തയാറാണോ എന്നതാണ് പ്രധാനം..." -

അതെ അത്രേ ഉള്ളൂ......

വികടശിരോമണി said...

അതെ,കാൽ‌വിൻ..നമുക്കെല്ലാം വെറെയും പണികൾ ഉണ്ട്.അതുകൊണ്ടു തന്നെ നമ്മൾ ഒരു സംഘം ആകുമ്പോൾ,പണികൾ ഡിവൈഡ് ചെയ്യപ്പെടുന്നു.സംഘശക്തിയുടെ മൂർച്ച,,കൈവരികയും ചെയ്യുന്നു.
അതു തന്നെയാണ് ഉദ്ദേശവും.

രഞ്ജിത് വിശ്വം I ranji said...

തയ്യാറാണ്.. അതാണീ നാടിന് വേണ്ടതും

കറുത്തേടം said...

ബ്ലോഗ്‌ മത പ്രചാരണത്തിനോ മതനിന്ദക്കോ ഉള്ള വേദിയല്ല മറിച്ച് നമ്മുടെ സര്‍ഗ്ഗ വാസനകള്‍ വായനാക്കാരിലേക്ക് എത്തിക്കുവാനുള്ള ഒരു വേദിയാണ്. എന്നാല്‍ നാം സമൂഹത്തിന്റെ ഭാഗമായതിനാല്‍ മതവും സംസ്കാരവും തിരസ്കരിക്കാനും ആവില്ല.

ഞാനും വികടശിരോമണിയുടെയും അനിലിന്റെയും അഭിപ്രായത്തോട് യോജിക്കുന്നു. നമുക്ക് ഒന്നായി നീങ്ങാം. മതനിരപേക്ഷമായ പുതിയൊരു ബ്ലോഗ്‌ കൂട്ടായ്മ...

Manoj മനോജ് said...

പലപ്പോഴും പേടിയോടെയാണ് പല ആശയങ്ങളും ബ്ലോഗില്‍ പോസ്റ്റുന്നതും കമന്റുന്നതും.

ഈ സംരംഭം വിജയിക്കട്ടെ എന്ന് ആത്മാര്‍ത്ഥയോടെ ആഗ്രഹിക്കുന്നു. ഇപ്പോള്‍ കാണുന്നവയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുവെങ്കില്‍ അതില്‍ പങ്കാളിയാകുന്നതില്‍ സന്തോഷവും....

തൃശൂര്‍കാരന്‍ ..... said...

നന്നായിട്ടുണ്ട്..മതനിരപേക്ഷമായ പുതിയൊരു ബ്ലോഗ്‌ കൂട്ടായ്മ...കറുത്തേടം..ചിയെര്‍സ്

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതേ ആശയത്തോടു കൂടിയ ഏതു സംരഭത്തിലും ഞാൻ ഉണ്ടാവുമെന്നും അവസാനം വരെ പോരാടുമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ...!

നന്ദി ആശംസകൾ!

ഹാരിസ് said...

ആശംസകള്‍

കണ്ണനുണ്ണി said...

ഒറ്റയ്ക്ക് ഒരു തിന്മയെ എതിര്‍ക്കുന്നതിലും ആയിരം മടങ്ങ് ഫലവത്താണ്‌ കൂട്ടായ പരിശ്രമം.... അതും ഇത്രേ ഏറെ ആഴം ഉള്ള ഒരു കാര്യം ആവുമ്പോള്‍ കൂട്ടായ്മ അനിവാര്യം തന്നെ ആണ്.....
താങ്കളും മുന്‍പോസ്റ്റില്‍ അനില്‍ മാഷും പ്രകടിപ്പിച്ച ആശന്കയിലും പങ്കുചേരുന്നു.....
ഇനിയും ബാല്യ ദശ കൈവിട്ടിടില്ലാത്ത്ത ബൂലോകം മലീമാസമാവാതെ ഇരിക്കേണ്ടത്.....നമ്മളെക്കാള്‍ ..ഉപരിയായി... ഭാവിയില്‍ ഇവിടെ കടന്നു വന്നു ക്രിയാത്മകമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട ഒരു വലിയ സമൂഹത്തിന്റെ കൂടെ ആവശ്യമാണ്‌.....

പക്ഷെ സുഹൃത്തേ...ഓര്‍ക്കുക... സ്ഫോടനാത്മകം ആയ ഒരു വിഷയം ആണ് ഇത്.... മത നിരപെക്ഷത തികച്ചും നല്ല ഒരു കാര്യം ആണെങ്കിലും... ആ വാക്കിലെ തന്നെ "മതം" എന്ന രണ്ടക്ഷരങ്ങള്‍... അണു ബോംബ്‌ ഉണ്ടാക്കുന്ന പ്ലുടോനിയതെക്കള്‍ അപകടകാരിയാണ് ചില സന്ദര്‍ഭങ്ങളില്‍...

അത് കൊണ്ട് തന്നെ ലക്‌ഷ്യം തെറ്റി പോവാതെ ഇരിക്കുവാന്‍...പാതി വഴിയില്‍ എങ്ങും എത്താതെ അവസാനിക്കാതെ ഇരിക്കുവാന്‍...ആശയപരമായി നല്ല വ്യക്തതയും... ലക്ഷ്യബോധവും... സന്ഘടനാപാടവവും ഒക്കെ ആവശ്യമാവും ഇങ്ങനെ ഒരു കൂട്ടായ്മയ്ക്ക്‌...വിജയത്തില്‍ എത്തണമെങ്കില്‍...
ഒരുപാടു ആലോചിച്ചും....കരുതലോടെയും ഓരോ ചുവടും വെച്ച് മുന്നേറുക.....

എന്‍റെ എല്ലാ പിന്തുണയും ഉണ്ടാവും....ശ്രദ്ധയോടെ ഞങ്ങളൊക്കെ വീക്ഷിക്കുനുണ്ട്... നിങ്ങളുടെ ശരിയായ കാല്‍വയ്പ്പിനായി...ആശംസകള്‍...ഈശ്വരന്‍ a അനുഗ്രഹിക്കട്ടെ

Faizal Kondotty said...

സത്യത്തില്‍ ഇത്തരം കൂട്ടായ്മകള്‍ വളരെ നല്ലതാണ് ... ആശംസകള്‍ !
എന്റെ എല്ലാ വിധ സഹകരണവും വാഗ്ദാനം ചെയ്യുന്നു

ചാർ‌വാകൻ‌ said...

മതസൌഹാര്‍ദം ,മതനിരപേക്ഷത ഈരണ്ടുവാക്കുകള്‍ എണ്‍പതുകളുടെ സം ഭാവനയാണ്.നിലക്കലില്‍ കുരിശ്ശുകണ്ടെടുത്ത നാളുകളില്‍ തെക്കന്‍ കേരളം പുകഞ്ഞു.ചാല -കത്തി.പുരോഹിതരും (?) മത നേതാക്കളൂം വേദികള്‍ പങ്കിട്ടാണ്,ആ വാക്കുച്ചരിച്ചത്."മത സൌഹാര്‍ദം "
കമ്മ്യൂണിസ്റ്റുകളും ,യുക്തിവാദികളും മറ്റുവേദികളില്‍ മതനിരപേക്ഷതയെ പറ്റി പറഞ്ഞു.പക്ഷെ ഇക്കാലത്ത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകയാണ്.മതവൈര്യം പ്രത്യശാസ്ത്രമാവുകയും ,വം ശീയോന്മൂലനം മുഖ്യ അജണ്ടയാവുകയുമാണ്.വികടശിരോമണിയുടെ ഉദ്ദേശ ശുദ്ധിയില്‍ തരിമ്പും സം ശയമില്ലാതെ കൈതരുന്നു.അറിയിക്കണം .

Haree said...

മനുഷ്യന്‍ കണ്ടു പിടിച്ചിട്ടുള്ള മറ്റു പലതിലുമെന്നതുപോലെ ബ്ലോഗ് എന്ന മാധ്യമത്തെ നല്ല രീതിയിലും കെട്ട രീതിയിലും ഉപയോഗിക്കാം. ബ്ലോഗ് എന്നതിന്റെ ഉപയോഗരീതി വ്യത്യസ്തമാണെങ്കിലും ആത്യന്തികമായി അവയും ഒരു വെബ്‌സൈറ്റ് തന്നെ. തീവ്രവാദം പ്രവര്‍ത്തനശൈലിയാക്കിയ താലിബാനുമുണ്ട് വെബ്‌സൈറ്റ്, സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന യു.എന്നുമുണ്ട് വെബ്‌സൈറ്റ്. ഓരോരുത്തരും വായിക്കുകയും പിന്തുടരുകയും ചെയ്യേണ്ടതെണ്ടാണെന്ന് സ്വയം തീരുമാനിക്കേണ്ടതുണ്ട്. ബ്ലോഗുകളില്‍ കണ്ടുവരുന്ന മതസ്പര്‍ദ്ധകള്‍ ഈ തീരുമാനമെടുക്കുന്നതില്‍ വരുന്ന പിഴവാണെന്നു പറയാം. താലിബാന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് അവരുടെ ആശയങ്ങളോട് ആഭിമുഖ്യം തോന്നുന്നതു പോലെ...

ഏതു വെബ്സൈറ്റ് വായിക്കണം, അത് ഏതു രീതിയില്‍ ഉള്‍ക്കൊള്ളണം, അതിനെങ്ങിനെ കമന്റ് ചെയ്യണം എന്നതൊക്കെ ഓരോരുത്തര്‍ സ്വയം തീരുമാനിക്കേണ്ട കാര്യങ്ങളാണ്. അസംഖ്യം പോസ്റ്റുകളില്‍, പ്രത്യേക അജണ്ട നടപ്പാക്കുക എന്ന ഉദ്ദേശത്തോടെ വരുന്ന കമന്റുകളെ ഒറ്റയ്ക്കോ കൂട്ടായോ ചെറുക്കുക (മറുപടി കമന്റുകളിട്ട് വിശദീകരിച്ച്) എന്നത് അസാധ്യമാണ്. പിന്നെ ഇങ്ങിനെയൊരു ബ്ലോഗ് കൂട്ടായ്മയ്ക്ക് എന്താണ് ചെയ്യുവാന്‍ കഴിയുക?

എനിക്കു തോന്നുന്നത് ബ്ലോഗ് ഉടമകളാണ് ഇത്തരം അജണ്ടകള്‍ക്കെതിരെ ജാഗരൂകരാവേണ്ടത്. താന്‍ നടത്തുന്ന ഒരു ബ്ലോഗ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വേദിയായി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന് ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും ബ്ലോഗുണ്ടാവാം, പക്ഷെ അതിനെ പ്രതിരോധിക്കുവാന്‍ വകുപ്പീല്ല. അവര്‍ മറ്റു ബ്ലോഗുകളില്‍ നടത്തുന്ന ഇടപെടലുകളാണ് ഇവിടെ വിഷയം. അവിടെയൊക്കെ തിരിച്ച് പറഞ്ഞുകൊണ്ടിരിക്കുക എന്നതിലും പ്രായോഗികം ബ്ലോഗ് ഉടമകളെ ഇതിനെക്കുറിച്ച് ബോധവാന്മാരാക്കുന്നതാണ്.

എന്തൊക്കെ ചെയ്യാം?
ഈ കൂട്ടായ്മ എന്തൊക്കെയാണ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നതെന്ന് പോസ്റ്റില്‍ നിന്നും മനസിലാക്കുവാന്‍ കഴിഞ്ഞില്ല. ചില നിര്‍ദ്ദേശങ്ങളെങ്കിലും പോസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നു.
> ഈ കൂട്ടായ്മയില്‍ അംഗങ്ങളാവുന്ന ബ്ലോഗുടമകള്‍, മതസ്പര്‍ദ്ധവളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയില്ല, അത്തരം കമന്റുകള്‍ സ്വന്തം ബ്ലോഗുകളില്‍ സമാഹരിക്കുകയില്ല എന്നു നിശ്ചയിക്കാം. (ഇതൊക്കെ എങ്ങിനെ വകതിരിച്ചെടുക്കും എന്നൊരു വലിയ പ്രശ്നം ഇതിലുണ്ട്.) (ഇവിടെ തന്നെ അഭിപ്രായസ്വാതന്ത്ര്യത്തിന് അനുമതി വേണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങിനെ പറയുന്നതിലും അര്‍ത്ഥമില്ല. സ്വാതന്ത്ര്യം വകതിരിവോടെ ഉപയോഗിച്ചു വേണ്ടേ എന്തും എഴുതുവാന്‍?)
> ഇത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബ്ലോഗുകളെ / പ്രൊഫൈലുകളെ കൂട്ടായ്മയുടെ ബ്ലോഗില്‍ പോസ്റ്റുകളായി അവതരിപ്പിച്ച്, ഇവയ്ക്കെതിരെ ജാഗരൂകരായിരിക്കുവാന്‍ അറിയിക്കാം. (ഈ പോസ്റ്റില്‍ ഉദാഹരണമായിപ്പോലും ഒരു ബ്ലോഗോ ഒരു പ്രൊഫൈലോ പറഞ്ഞിട്ടില്ല. പേര് / യു.ആര്‍.എല്‍. അഡ്രസ് ഇതൊന്നും പറയാതെയുള്ള നിഴല്‍‌യുദ്ധങ്ങള്‍ നടത്തുന്നതിലും അര്‍ത്ഥമില്ല. പിന്നെ, ഇതൊക്കെ പറയുമ്പോള്‍ അതവര്‍ക്കൊരു പരസ്യം ആവുകയുമരുത്!)

എങ്ങിനെ നോക്കിയാലും ഇതിലൊരു ‘പോലീസിംഗ്’ വരുന്നുണ്ട്. അതെത്രമാത്രം നല്ലതാണെന്നും അറിയില്ല, പ്രത്യേകിച്ചും ബ്ലോഗ് പോലെയൊരു മാധ്യമത്തില്‍. പ്രായോഗികതയെക്കുറിച്ചും, പ്രവര്‍ത്തന രീതിയെക്കുറിച്ചും, ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചുമെല്ലാം വളരെയേറെ ചിന്തവേണ്ട ഒന്നാണിത്.

• മതനിരപേക്ഷമായ പുതിയൊരു ബ്ലോഗ് കൂട്ടായ്മ - ഇപ്പോഴുള്ള ബ്ലോഗ് കൂട്ടായ്മകളെല്ലാം മതനിരപേക്ഷമല്ലാത്തതാണോ! ബ്ലോഗര്‍ എന്ന നിലയില്‍ ഒരു കൂട്ടായ്മയില്‍ അംഗമാവുന്നത് എന്തിനാണെന്ന് ഇനിയും മനസിലാക്കുവാനായിട്ടില്ല. പലര്‍ ചേര്‍ന്ന് ഒരു വിഷയത്തെ അധികരിച്ച് ഒരു ബ്ലോഗ് നടത്തുന്നു; തികച്ചും വിഷയാധിഷ്ഠിതമായ ഒരു സംഘം ചേരല്‍, പലരുടേയും വിജ്ഞാനം ഒരിടത്തു സമാഹരിക്കുക എന്ന ഉദ്ദേശത്തില്‍; ഇതു മനസിലാക്കാം. അതല്ലാതെയുള്ള ബ്ലോഗര്‍മാരുടെ ചെറുസമൂഹങ്ങള്‍ ഉണ്ടാക്കുന്നതെന്തിനാണ്? ഒരര്‍ത്ഥത്തില്‍ അവയും വേര്‍തിരിവുകള്‍ ഉണ്ടാക്കുകയല്ലേ?

തികച്ചും വ്യക്തിപരമായി പറഞ്ഞാല്‍; ഞാന്‍ പിന്തുടരുന്ന ബ്ലോഗുകള്‍, അതല്ലാതെ വായിക്കുന്ന പോസ്റ്റുകള്‍‍, ഷെയേഡ് ലിസ്റ്റുകള്‍ വഴിയെത്തുന്ന പോസ്റ്റുകള്‍; ഇങ്ങിനെയുള്ളതിലൊന്നും ഇത്തരം പോസ്റ്റുകളോ, കമന്റുകളോ ശ്രദ്ധയില്‍ പെട്ടിട്ടില്ല. (അപൂര്‍വ്വമായി ചില ചര്‍ച്ചകള്‍ കണ്ടിട്ടുണ്ട്.) ഈ പറഞ്ഞ അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോഗുകള്‍/പ്രൊഫൈലുകള്‍ എന്നിവയെക്കുറിച്ചുള്ള എന്റെ അറിവുകളും പരിമിതമാണ്. ഇതിനെക്കുറിച്ച് ഇനിയൊരു പോസ്റ്റിടുമ്പോള്‍ അവയുടെ ചില ഉദാഹരണങ്ങള്‍ കൂടി പ്രതിപാദിക്കുമെന്നു കരുതുന്നു.
--

അനില്‍@ബ്ലോഗ് // anil said...

ഹരീ,
ഈ കമന്റില്‍ വികടന്‍ ഇടപെടും എന്ന് പ്രതീക്ഷിക്കുന്നു.

ഇന്റര്‍നെറ്റ് പോലെയുള്ള സ്വതന്ത്ര്യത്തിന്റെ ലോകത്ത് ആരെങ്കിലും ആരെയെങ്കിലും മാര്‍ക്ക് ചെയ്ത് പ്രവര്‍ത്തിക്കുക എന്നത് അസാദ്ധ്യവും അനുചിതവുമാണ്. ആശയങ്ങളോടാണ് യുദ്ധപ്രഖ്യാപനം,അത് എഴുത്തിലൂടെ മാത്രമേ സാധിക്കൂ എന്നും കരുതുന്നു.

സംഘം ചേരുക എന്ന പ്രയോഗത്തിന്റെ ഒരു അര്‍ത്ഥതലം മാത്രമാണ് ഹരി പരാമര്‍ശിച്ചിരിക്കുന്നത്. സത്യത്തില്‍ ഒരു ഗ്രൂപ്പിങ് വരുന്നില്ല, പ്രായോഗിക തലത്തില്‍.പ്രസ്തുത സംഘം ഇപ്പോള്‍ തന്നെ രൂപപ്പെട്ടുവരുന്നു, കമന്റുകളിലൂടെയും മെയിലുകളിലൂടെയും. ഇവരുടെ പേരുകള്‍ മുഴുവന്‍ എഴുതിപ്രദര്‍ശിപ്പിച്ച് ഇതാ മതനിരപേക്ഷ സംഘം എന്ന് പ്രഖ്യാപിക്കലോ, അവരെഴുതുന്ന പോസ്റ്റുകള്‍ ഇടാന്‍ സ്ഥലമൊരുക്കലോ അല്ല പുതിയ ബ്ലോഗ് എന്നാണ് പ്രാധമിക തീരുമാനം. ഒരു പ്രത്യേക വിഷയത്തില്‍ കൂട്ടായ തീരുമാനപ്രകാരം നമ്മുടെ കാഴ്ചപ്പാട് ആവതരിപ്പിക്കുക എന്നേ കാണേണ്ടെതുള്ളൂ.വിഷയാവതരണവും ചര്‍ച്ചയും സമ്പുഷ്ടമാക്കാന്‍ ഒരോരുത്തരുടേയും സംഭാവനകള്‍ ഉപയോഗപ്പെടുത്തുന്നു.

അപ്പൂട്ടൻ said...

അനിലേട്ടാ, വികടാ..
ഇത്തരം ഒരു ആശയം പ്രാവര്‍ത്തികമാക്കാന്‍ എന്റെ പിന്തുണയും ഇവിടെ അറിയിക്കുന്നു.
പുതിയ ബ്ലോഗില്‍ ഏതുതരം വിഷയങ്ങള്‍ ആകും ചര്‍ച്ചയില്‍ വരിക? പ്രതികരണങ്ങളാകുമോ? ആണെങ്കില്‍ പ്രതികരിക്കാന്‍ ഉള്ള സ്റ്റാര്‍ട്ടിംഗ് പോയിന്റ് എവിടെയായിരിക്കും, എന്തായിരിക്കും? തുടങ്ങി ചില സംശയങ്ങള്‍ കൂടി ഇപ്പോഴും ഉണ്ട് എന്ന് പറയാതെ വയ്യ. എല്ലാത്തിനും ഒരു വ്യക്തത ഉണ്ടായിവും എന്ന് പ്രതീക്ഷിക്കുന്നു.

വികടശിരോമണി said...

എല്ലാവരുടേയും അഭിപ്രായങ്ങൾ ശ്രദ്ധയോടെ കാണുന്നു,നന്ദി.
ഹരീ ഉന്നയിച്ച ചോദ്യങ്ങൾക്കു നന്ദി.അവ പൊതുവായ ചില നിലപാടുകളുടെ പ്രകാശനത്തിലേക്കു വഴിതുറക്കുന്നു.
1)എന്തു കാണണം,വായിക്കണം-വേണ്ട എന്നു തീരുമാനിക്കാൻ നെറ്റിൽ സ്വാതന്ത്യം തീർച്ചയായും ഉണ്ട്.ജനാധിപത്യ ഇന്ത്യയിൽ പൊതുവേയും ആ സ്വാതന്ത്യം ഉണ്ട്.എന്നാൽ,ആ സ്വാതന്ത്ര്യത്തെ ആയുധമായി ഉപയോഗിക്കുന്നത് എങ്ങനെ എന്നതാണു ചോദ്യം.താലിബാനും,യു.എന്നും ഉള്ള വെബ്‌സെറ്റുകൾ അവയുടെ നിലപാടുകൾ സുവ്യക്തമായി പ്രഖ്യാപിക്കുന്നു.എന്നാൽ,വർഗീയഫാഷിസത്തിന്റെ അധിനിവേശം,അവയേക്കാൾ തന്ത്രപരം കൂടി ആണെന്ന് വ്യക്തം.നമ്മുടെ നാട്ടിലെ വർഗീയവാദത്തിന്റെ ഇടപെടലുകൾ തന്നെ നോക്കൂ,ആതുരസേവനം,ലോകസ്നേഹം,ആൾദൈവം,മതസൌഹാർദ്ദം-ഇങ്ങനെ പല മനോഹരമായ ലേബലുകളിലും അവ പ്രത്യക്ഷപ്പെടുന്നു.ഹരീ ഉന്നയിച്ച താലിബാൻ വെബ്‌സെറ്റിൽ ചെന്നു മയങ്ങുന്നവർ മാത്രമല്ല ഈ മായകളിൽ വീണു പോവുക.
സ്വാഭാവികമായും,ബാലാരിഷ്ടതകൾ പിന്നിടുന്ന ബ്ലോഗ് ലോകത്തും ഫാഷിസത്തിന്റെ തന്ത്രങ്ങൾ പിടിമുറുക്കുന്നുണ്ട്.അവക്കെതിരെ സുവ്യക്തമായ നിലപാടുള്ളവരുടെ ഒത്തുചേരൽ തന്നെയാണ് മതനിരപേക്ഷതക്കായുള്ള കൂട്ടായ്മയിലൂടെ ലക്ഷ്യമാക്കുന്നത്.
2)മറുപടി കമന്റുകളിട്ട് അല്ല പ്രതിരോധം സൃഷ്ടിക്കേണ്ടത് എന്നു വ്യക്തമാണല്ലോ.ആശയപരമായ പ്രതിരോധം ഒരുക്കുകയാണ് ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത്.അവയ്ക്ക് നിലവിലുള്ള ഏതു ജനാധിപത്യസംവിധാനത്തെയും ഉപയോഗിക്കാം.
3)കൂട്ടായ്മ ചെയ്യുന്നത് എന്തെല്ലാം എന്ന ചോദ്യത്തിന്റെ പൂർണ്ണനിലയിലുള്ള ഉത്തരം രൂപീകരിക്കപ്പെടുന്നതേയുള്ളൂ.അഥവാ,ഇത്തരം സംവാദങ്ങൾ തന്നെയാണ് അതിനുള്ള ഏറ്റവും ഉചിതമായ സ്ഥലം.
4)ഈ കൂട്ടായ്മയിൽ പങ്കെടുക്കുന്ന ബ്ലോഗർമാരെ ഒന്നിപ്പിക്കുന്ന പൊതുമണ്ഡലം,വർഗീയതക്കെതിരായി ആശയപ്രതിരോധം ആവശ്യമാണെന്നും,മതനിരപേക്ഷമായ ജനാധിപത്യത്തിന്റെ നിലനിൽ‌പ്പിനായി പ്രവർത്തിക്കാൻ തയ്യാറാണെന്നും ഉള്ള നിലപാടുകൾ ആയിരിക്കും.സ്വന്തം ബ്ലോഗുകളിൽ സമാഹരിക്കുന്ന കമന്റുകൾ അവവരുടെ ഉത്തരവാദിത്തത്തിൽ പെടുന്നതാണ്,ഒരു വർഗീയവാദി ഒരു മകന്റ് ഇട്ടു എന്നതുകൊണ്ട് ഒരു ബ്ലോഗറും,ബ്ലോഗും അനഭിമതമാകുന്നില്ല.

വികടശിരോമണി said...

5)ആശയസംവാദം എന്ന നിലയിൽ,പൊതുസംസ്കാരത്തിനു നിരക്കുന്ന,സഭ്യമായ കമന്റുകൾ ആരിട്ടാലും അവയോട് ആശയപരമായിത്തന്നെ പ്രതികരിക്കണം എന്നാണ് എന്റെ പക്ഷം.അല്ലാത്തവ,തീർച്ചയായും നിരസിക്കപ്പെടുകയും വേണം.
6)അഭിപ്രായസ്വാതന്ത്യത്തിന്റെ കാര്യത്തിൽ,ഞാൻ സിസറോയുടെ പക്ഷക്കാരനാണ്,“നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ തരിമ്പും യോജിക്കുന്നില്ല,പക്ഷേ ആ അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരിക്കാനും തയ്യാറാണ്”എന്ന-സിസറോയുടെ പക്ഷം.വിയോജനങ്ങളെ നിരാകരിക്കുന്നത് ഫാഷിസത്തിന്റെ ലക്ഷണം തന്നെയാണ്,നാമും അതു ചെയ്യുന്നു എങ്കിൽ നമ്മളും അവരും സമാനരാകുന്നു എന്നു മാത്രമാണ് അർത്ഥം.എന്നാൽ,സഭ്യമല്ലാത്ത നിലയിലോ,ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ടോ,സ്വാതന്ത്യം,ജനാധിപത്യം എന്നിവയെ പ്രത്യക്ഷമായി ആക്രമിച്ചുകൊണ്ടോ വരുന്ന അഭിപ്രയങ്ങൾക്ക് വേദിയൊരുക്കുന്നത് ശരിയല്ല താനും.
7)ബ്ലോഗിൽ സ്ഥിരമായി സഞ്ചരിക്കുന്ന ഏതു ജനാധിപത്യവിശ്വാസിക്കും,ഉദാഹരണങ്ങളുടെ ആവശ്യമില്ലാതെത്തന്നെ വർഗീയതക്കു കൂട്ടുനിൽക്കുന്ന നെറ്റ് ഇടങ്ങളെ മനസ്സിലാക്കാനാവും എന്നു കരുതുന്നു.നിഴൻ‌യുദ്ധം ഉദ്ദേശിക്കുന്നതേയില്ല.എന്നാൽ,ആരെയും “വർഗീയവാദി”“മൌലികവാദി”എന്നൊന്നും സെക്ടുകൾ ആക്കി തിരിച്ച് ആദ്യമേ വെക്കുന്നതിൽ ഒരു ന്യായവും ഇല്ല.ആവശ്യമാകുന്ന സമയത്ത്,ആവശ്യമായവരെ കൃത്യമായി,പ്രത്യക്ഷമായി പറഞ്ഞുകൊണ്ടു തന്നെ നാമുണ്ടാക്കുന്ന ബ്ലോഗിൽ പ്രതിരോധിക്കണം.എന്നാൽ അവർക്കും ജനാധിപത്യപരമായ പ്രതികരണത്തിനും ആശയസംവാദത്തിനും അവസരമുണ്ടായിരിക്കുകയും വേണം.
8)പോലീസിങ്ങ് ഉദ്ദേശിക്കുന്നതേയില്ല.ആശയപരമായ പ്രതീരോധമാണുദ്ദേശിക്കുന്നതെന്നു മുൻപേ വ്യക്തമാക്കിയല്ലോ.
9)“ മതനിരപേക്ഷമായ പുതിയൊരു ബ്ലോഗ് കൂട്ടായ്മ - ഇപ്പോഴുള്ള ബ്ലോഗ് കൂട്ടായ്മകളെല്ലാം മതനിരപേക്ഷമല്ലാത്തതാണോ!”
ഇത് അതിവായനയാണ്.അത്തരമൊന്ന് ഉദ്ദേശിച്ചിട്ടില്ലേയില്ല എന്നു സാമാന്യബുദ്ധിവെച്ചു ചിന്തിച്ചാൽ മനസ്സിലാവും.ഹരീക്കും അതു മനസ്സിലാവുന്നില്ല എന്നു ഞാൻ കരുതുന്നില്ല.ഇപ്പോഴും പല കൂട്ടായ്മകളും മതനിരപേക്ഷമായിരിക്കാം,അല്ലായിരിക്കാം.നമ്മൾ ഒരു പുതിയ ശ്രമം നടത്തുന്നു.അതാണുദ്ദേശിച്ചത്.ഭാഷാവക്രീകരണം ഒരു പഴയ അടവാണ്.
10)ഏതു മനുഷ്യസമൂഹത്തിലും സംഘം ചേരാനുള്ള പ്രവണത സഹജമായുണ്ട്.ബോധപൂർവ്വമായും അല്ലാതെയും ഉള്ള സംഘം ചേർന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ സംഘം ചേർന്നുള്ള മറുപടികൾ തന്നെ ആവശ്യമായിവരുന്നു.മനുഷ്യൻ “അവനവനിസങ്ങ”ളിലേക്കു മടങ്ങുന്നതാണ് കൂടുതൽ അപകടകരം എന്നു ഞാൻ വിശ്വസിക്കുന്നു.
11)ഹരീയുടെ മുന്നിൽ ഉദാഹരണങ്ങൾ വരാത്തത് എന്തു കൊണ്ടാണ് എന്ന് അറിയില്ല.എന്തായാലും,ഇവിടെയും അനിലിന്റേയും പോസ്റ്റുകളിൽ വരുന്ന ഭൂരിപക്ഷം ബ്ലോഗർമാരുടേയും പ്രതികരണം ശ്രദ്ധിക്കൂ.പലരും ഇവയിൽ അസ്വസ്ഥരായവരാണെന്നു വ്യക്തമാകും.അത്തരത്തിൽ ഒരു വ്യക്തത ഞങ്ങളെ സംബന്ധിച്ചും ആവശ്യമായിരുന്നു.അതാണ് ഈ പോസ്റ്റുകൾ ഇട്ടതും.
12)അവസാനമായി,ഏറ്റവും പ്രധാനം-ഈ പറഞ്ഞവയെല്ലാം എന്റെ കാഴ്ച്ചപ്പാടുകളെ ആണു കുറിക്കുന്നത്.ഈ കൂട്ടായ്മയെക്കുറിച്ചുള്ള ആത്യന്തിക വിധികൾ അല്ല ഇവയൊന്നും.പൊതുവായി വരുന്ന ദർശനത്തിൽ നിന്നു വേണം ഇത്തരമൊരു കൂട്ടായ്മയുടെ നിർമ്മിതി എന്നാണ് എന്റെ അഭിപ്രായം.
നന്ദി.

Haree said...

:-)
മതനിരപേക്ഷമായ പുതിയൊരു ബ്ലോഗ് കൂട്ടായ്മ എന്നു പറയുമ്പോള്‍ ഇപ്പോഴുള്ളവയെല്ലാം മതനിരപേക്ഷമല്ല എന്നര്‍ത്ഥം വരുന്നില്ലെങ്കിലും, വര്‍ഗീയതയെന്ന അജണ്ട നടപ്പാക്കുന്ന (മതനിരപേക്ഷമല്ലാത്ത...) കൂട്ടായ്മകള്‍ ഉണ്ട് എന്നു തന്നെ വരുന്നു. അങ്ങിനെയൊന്നിനെക്കുറിച്ച് എനിക്കറിയില്ല. (ബ്ലോഗ് വായന വളരെ സെലക്ടീവാണ്, അതുകൊണ്ടാവാം.) അങ്ങിനെയുള്ള കൂട്ടായ്മകളുണ്ടെങ്കില്‍ അവയെ പേരു പറഞ്ഞു തന്നെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. (ഭാഷയെ വളച്ചൊടിച്ച് ഇവിടെ ഞാന്‍ എന്താണ് സാധിക്കുന്നത്! അതൊരു അടവായി കണ്ടത് ഖേദകരമായി.)

അങ്ങിനെയുള്ള ഇടപെടലുകള്‍ ബ്ലോഗില്‍ ഉണ്ടെങ്കില്‍ ചെറുക്കേണ്ടതാണ്. അതൊരു കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ചെയ്യുന്നതാണ് കൂടുതല്‍ നല്ലതും. പറഞ്ഞതിലെ ആശയങ്ങള്‍ വ്യക്തമാണ്. പക്ഷെ ഇങ്ങിനെയൊരു കൂട്ടായ്മയുടെ പ്രവര്‍ത്തനരീതി എങ്ങിനെയാവും എന്നതേയുള്ളൂ സംശയം.

ഒന്നു കൂടി വ്യക്തമാക്കിയാല്‍:
“മനുഷ്യന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും,മതത്തിന്റെ കുപ്പായത്തിലൊളിച്ചിരുന്ന്,ഫാഷിസം പ്രസംഗിക്കുന്നവര്‍ക്കെതിരെ ഒന്നിച്ചുകൈകോര്‍ക്കാനും നിങ്ങള്‍ തയാറാണോ എന്നതാണ് പ്രധാനം.” - തയ്യാറാണ്. ഇനി?

ഫാഷിസ്റ്റ് ചിന്തകളുള്ളവര്‍ എങ്ങിനെയാണ് ബ്ലോഗുകളിലൂടെ തങ്ങളുടെ അജണ്ട നടപ്പാക്കുന്നത്? (അത്തരത്തിലുള്ള പോസ്റ്റുകളിടും, കമന്റുകളിടും; പിന്നെ?) അവയെ ആശയപരമായി പ്രതിരോധിക്കുക എന്നത് പ്രവര്‍ത്തിയില്‍ എങ്ങിനെയാണ് വരിക? (മറുപടി കമന്റുകളിടാതെ എങ്ങിനെ പ്രതിരോധിക്കും?)

വിയോജിപ്പുകളെ നിരാകരിക്കുന്ന സമീപനം എനിക്കുമില്ല. അങ്ങിനെ നിരാകരിക്കണം എന്നു ഞാന്‍ മുന്‍‌കമന്റില്‍ പറഞ്ഞിട്ടുമില്ല. പക്ഷെ എന്തുമെഴുതുവാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാവരുത് കമന്റ് ബോക്സ്. അതു പറഞ്ഞുവെന്നു മാത്രം.

• കൂട്ടായ്മ എന്നത് ഒരു ഗ്രൂപ്പ് ബ്ലോഗാണ് (ഉദാ: ബൂലോക കാരുണ്യം) എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
--

വികടശിരോമണി said...

ഹരീ,
1)വർഗീയവാദികളുടെ കൂട്ടായ്മ,പലപ്പോഴും പ്രത്യക്ഷമ്മെതിനേക്കാൾ പരോക്ഷമാണ്,പൊതുസമൂഹത്തിലും,നെറ്റിലും.ഞങ്ങൾ വേറിട്ട ഇടങ്ങളാണെന്നും,സ്വതന്ത്രചിന്തകാരാണെന്നും തെറ്റിദ്ധരിപ്പിക്കുക,മതേതരവാദികളുടെ ഇടപെടലുകൾക്കെതിരെ കൈകോർക്കുക-ഇതാണ് അവരുടെ കൂട്ടായ്മയുടെ പൊതുരീതി.
2)ഫാഷിസത്തിന്റെ എവിടെയും,ഏതു രീതിയും ഉപയോഗിക്കും എന്നറിയാമല്ലോ.പോസ്റ്റുകൾ,കമന്റുകൾ,വിഷയങ്ങളുടെ ബോധപൂർവ്വമായ വ്യതിചലനങ്ങൾ,വ്യാജപ്രൊഫൈലുകൾ..ഇങ്ങനെ നിരവധി സാദ്ധ്യതകൾ അവർക്കു മുന്നിൽ ഉണ്ട്.
3)നമുക്കു ചെയ്യാവുന്നത്,സെക്കുലർ ആയ സമീപനത്തിലൂന്നി,മാന്യമായ ബ്ലോഗിലെ ഏതു മാർഗവും ഉപയോഗിച്ചു കൊണ്ട്,ഇവക്കെതിരായ ആശയപ്രതിരോധം ഉയർത്തുക എന്നതാണ്.ആരും എല്ലാം അറിയുന്നവരല്ല.ഓരോരുത്തർക്കും കഴിയുന്ന മേഖലകളിലെ ആശയപ്രതിരോധം,മറ്റെല്ലാവർക്കും കഴിയുകയുമില്ല.
4)മതനിപപേക്ഷതക്കായി പുതിയൊരു ബ്ലോഗ് കൂട്ടായ്മ എന്ന പ്രയോഗത്തിനെ വർഗീയവാദികൾ കൂട്ടായ്മയിലാണ് എന്ന അർത്ഥം കൂടി ധ്വനിപ്പിക്കുന്ന വാചകമായി വായിച്ചേ പറ്റൂ എന്നു നിബ്ബന്ധമെങ്കിൽ,വിരോധമൊന്നും ഇല്ല.ആ കൂട്ടായ്മ,ആദ്യം പറഞ്ഞ പോലെ,കൂടുതലും പരോക്ഷം എന്നു കൂടി ചേർത്തു വായിക്കുക.ഇനി,അത്തരം അതിപാഠങ്ങളെല്ലാം ഇല്ലാതെത്തന്നെ,ആ തലക്കെട്ടിനു ലഭിക്കുന്ന ഒരു പ്രാഥമികാർത്ഥതലമുണ്ട്,അതാണു ഞാൻ ഉദ്ദേശിച്ചത് എന്നു മനസ്സിലാക്കുക.
5)തീർച്ചയായും,നമ്മളിപ്പോൾ ഒരു ഗ്രൂപ്പ് ബ്ലോഗ് തന്നെയാണ് കൂട്ടായ്മ കൊണ്ട് ലക്ക്ഷ്യമിടുന്നത്.ഭാവിയിൽ മറ്റെന്തെല്ലാം ചെയ്യാനാവും എന്ന് അപ്പോൾ നോക്കാം.
നന്ദി.

chithrakaran:ചിത്രകാരന്‍ said...

നമ്മളെല്ലാവരും മനുഷ്യന്മാരാണെന്നും,ഒരൊറ്റ സമൂഹമാണെന്നും പറയുംബോള്‍ നമ്മുടെ വിഭാഗീയതയുടെ അതിരുകള്‍ തല്‍ക്കാലത്തേക്ക് ഇല്ലാതാകുന്നുണ്ട്.
ഉപരിപ്ലവമായ മാന്യതാപ്രകടനത്തിന്റെ ഭാഗമായെങ്കിലും
നാമെല്ലാം മനുഷ്യരാണെന്ന് കുറച്ചുനേരത്തേക്കെങ്കിലും
വിശ്വസിക്കാനാകുംബോള്‍ വലിയൊരു സാമൂഹ്യ നന്മയാണ് സംഭവിക്കുന്നത്. വികട ശിരോമണിയുടേയും,
അനിലിന്റേയും, ബന്ധപ്പെട്ട മറ്റു സുഹൃത്തുക്കളുടേയും ഈ ക്രിയാത്മകചിന്ത മറ്റൊരു വിഭാഗീയതയായിത്തീരും എന്ന് ചിത്രകാരന് തോന്നുന്നില്ല. മനസ്സില്‍ വിഭാഗീയതയും ജാതീയതയും ഒളിപ്പിച്ചുവക്കുന്നവര്‍ക്ക് ഒരു പക്ഷേ അത്തരം സംശയങ്ങളുണ്ടാകുക സ്വാഭാവികമാണ്.

ഇത്തരം വിഭാഗീയ-വര്‍ഗ്ഗീയ-സംശയ ചിന്തക്കാരെ കൂടി ഉള്‍ക്കൊള്ളാനാകുന്ന വിധത്തില്‍, അവരെ കൂടി തങ്ങളുടെ അവിഭാജ്യഭാഗമായി മനസ്സിലക്കി സ്നേഹിക്കാനും, വ്യക്തി ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ആശയവിനിമയം നടത്താനും, ആത്മാര്‍ത്ഥ സൌഹൃദം നിലനിര്‍ത്താനും കഴിയുന്ന വിധം ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് കഴിയട്ടെ എന്നാണ് ചിത്രകാരന്റെ ആഗ്രഹം.
ഇങ്ങനെയൊരു സൌഹൃദം നിലനിര്‍ത്താന്‍ നാം നിലവില്‍ അന്യ ജാതി-മത-രാഷ്ട്രീയ-വര്‍ഗ്ഗീയ അംഗങ്ങളെ മുഖ്യസ്തുതി നടത്തുന്ന കപടമായ പ്രീണന തന്ത്രങ്ങളാണ് അവലംഭിച്ചുവരുന്നത്. ഈ പ്രീണന രീതി നമ്മുടെ സമൂഹത്തെ മനുഷ്യത്വവും,സ്നേഹവും,നന്മയും നശിപ്പിച്ച് കാപട്യത്തിന്റെ വര്‍ഗ്ഗീയ വീതംവയ്പ് സംഘങ്ങളുടെ
വ്യഭിചാരശാലയാക്കിയിരിക്കുന്നു.

ഇന്നത്തെ വ്യവസ്ഥിതിയില്‍ മാന്യത എന്നത് കപടമായ പെരുമാറ്റ വൈദഗ്ദ്യത്തിന്റെ
സര്‍ക്കസ്സു മാത്രമാണെന്ന് നമുക്കറിയാം.
(അതുകൊണ്ടാണല്ലോ ബ്ലോഗില്‍ കപട മാന്യനാകേണ്ടെന്ന് ചിത്രകാരന്‍ തീരുമാനിച്ചത് :)

ഈ കപട സദാചാരത്തെ സത്യസന്ധതകൊണ്ട് പകരംവക്കാന്‍,സത്യത്തെ ബഹുമാനിക്കുന്ന പരസ്പ്പര ബഹുമാനത്തിന്റെ, വ്യത്യസ്ത ചിന്താഗതിക്കാരുടെ, വിശ്വാസക്കാരുടെ, എല്ലാവരും മനുഷ്യരാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലാത്ത ഒരു കൂട്ടായ്മക്ക് സാധിക്കും. പരസ്പ്പരം സംശയിക്കാതിരിക്കാന്‍, ശത്രുത തോന്നാതിരിക്കാന്‍...
ഈ പൊതുവേദിയിലെ വ്യക്തിപരമായി പരാമര്‍ശിക്കാതെയുള്ള ആശയവിനിമയ സാധ്യത ഉപയോഗപ്പെടുത്താനാകും.

ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുബോഴും,അതെഴുതിയ ബ്ലോഗര്‍മാരെ മനുഷ്യസഹോദരനാണെന്ന ഉറച്ച ബോധത്തോടെ
ബഹുമാനിക്കാനും, സത്യസന്ധമായും സ്നേഹത്തൊടെയും അവരോട് വ്യക്തിപരമായി അടുപ്പം സൂക്ഷിക്കാനും കഴിയുന്ന പക്വമായ ഒരു സാംസ്ക്കാരികതയിലേക്ക് ഉയരാന്‍ ബ്ലോഗ്ഗര്‍മാരെ പ്രാപ്തമാക്കുന്നതില്‍ അനിലും,വികട ശിരോമണിയും വിഭാവനം ചെയ്യുന്ന ഈ സെക്കുലര്‍ കാഴ്ചപ്പാടിന് ആവശ്യത്തിന് ആഴവും പരപ്പുമുണ്ടാകട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.

ഇത്രയും എഴുതിയതുകൊണ്ട് ഈ കൂട്ടായ്മയുടെ രഹസ്യഅജണ്ട ചിത്രകാരന്റേതാണെന്ന് ചില സംശയ രോഗികളെങ്കിലും സംശയിച്ചുപോകും !!!

അതു ചിത്രകാരന്റെ കുറ്റമല്ലെന്ന് നന്മയുടേയും,സത്യത്തിന്റേയും,സ്നേഹത്തിന്റേയും ആരാധകനായ ചിത്രകാരന്‍ 100% ഉറപ്പുതരുന്നു :)

Anonymous said...

കൂട്ടായിമയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ വ്യക്തത കുറവുണ്ട് എന്ന് പറയട്ടെ..
മതനിരപെക്ഷത എന്നതില്‍ നിന്നും "സമൂഹത്തിലെ 'പൊതുകാര്യങ്ങളില്‍' മതം,ജാതി തുടെങ്ങിയവ ചെലുത്തുന്ന സ്വാധീനം ഒഴിവാക്കുക" എന്നാണു പൊതുവേ മനസ്സിലാക്കുന്നത്. അതിനാല്‍ മതവും ജാതിയും മനുഷ്യരില്‍ /സമൂഹത്തില്‍ ഉണ്ടാക്കുന്ന ദോഷവശങ്ങളെ ആയിരിക്കണം നാം എതിര്‍ക്കേണ്ടത്. അതിനര്‍ഥം ആള്മീയ വിശ്വാസങ്ങളെ അല്ല എന്നുമാണ്..
സമൂഹം എന്ന പൊതു നന്മയെ ആധാരമാക്കിയാല്‍ ഈ കൂട്ടായിമ ബൂലോകത്തിനു നല്ലൊരു മാതൃക ആകും, തീര്‍ച്ച..
ഒരു ഗ്രൂപ്പ് ബ്ലോഗ് തന്നെയാണ് കൂട്ടായ്മ കൊണ്ട് ലക്ക്ഷ്യമിടുന്നത് എന്നറിഞ്ഞതിനാല്‍ ആ കൂട്ടായിമയില്‍ പങ്കു ചേരാനുള്ള സന്നദ്ധത അറിയിക്കട്ടെ..

Haree said...

“മതനിപപേക്ഷതക്കായി പുതിയൊരു ബ്ലോഗ് കൂട്ടായ്മ എന്ന പ്രയോഗത്തിനെ വര്‍ഗീയവാദികള്‍ കൂട്ടായ്മയിലാണ്... ” - ‘വര്‍ഗീയവാദികള്‍ കൂട്ടായ്മയിലാണ്...’ എന്താണിതിന്റെയര്‍ത്ഥം! ഇങ്ങിനെ ഞാന്‍ വായിച്ചിട്ടില്ല. അത്തരത്തിലൊരു വര്‍ഗീയവാദികളുടെ കൂട്ടായ്മ (ഗ്രൂപ്പ് ബ്ലോഗ്) ഇവിടെയുണ്ടോ(ബൂലോകത്ത്) എന്നു ചോദിച്ചതേയുള്ളൂ. അതു മനസില്‍ കണ്ടാണോ പോസ്റ്റിന് പേരിങ്ങിനെയായത് എന്നായിരുന്നു സംശയം. എനിക്കു തോന്നിയത്, ഇതടുത്തുണ്ടായ ഏതെങ്കിലുമൊരു സംഭവവികാസത്തിന്റെ (കൂട്ടായ്മയുമായി ബന്ധപ്പെട്ടതാവാം) പരിണിതമാണോ എന്നാണ്. അങ്ങിനെയാണെങ്കില്‍ അതിനെക്കുറിച്ച് ഞാന്‍ അജ്ഞനാണ്. അങ്ങിനെയുണ്ടോ എന്ന ക്ലാരിഫിക്കേഷനാണ് ഞാന്‍ ചോദിച്ചത്. അങ്ങിനെയൊന്നുമില്ല, പലയിടത്തായി കണ്ട ഫാഷിസ്റ്റ് ചിന്തകളോട് ആശയപരമായി പ്രതികരിക്കുന്ന ഒരു സമൂഹമെന്ന ചിന്ത സ്വാഭാവികമായി വന്നതാണ് എന്ന് ഇപ്പോള്‍ മനസിലാക്കുന്നു. അങ്ങിനെയല്ലേ?

അനിലിന്റെ കമന്റുകൂടി വായിച്ചപ്പോള്‍; വര്‍ഗീയപരമായ / ഫാഷിസ്റ്റ് സംബന്ധിയായ ഒരു ഇഷ്യൂ എവിടെയെങ്കിലും ശ്രദ്ധയില്‍ പെടുകയാണെങ്കില്‍; ഗ്രൂപ്പ് ബ്ലോഗിലെ അംഗങ്ങള്‍ തമ്മില്‍ ഒരു ആശയസംവാദം നടത്തി, ഒരു സെക്കുലര്‍ അഭിപ്രായം രൂപീകരിച്ച് ഒരു പോസ്റ്റായി ഇടുന്നു. ഇങ്ങിനെയാണോ?

അപ്പോള്‍ ഗ്രൂപ്പ് ബ്ലോഗിന്റെ പേരെന്താണ്? :-)
--

അനില്‍@ബ്ലോഗ് // anil said...

ഹരി,
കാര്യങ്ങള്‍ ഏതാണ്ട് അടുത്തു വരുന്നു.
നന്ദി.
:)

പാവപ്പെട്ടവൻ said...

ഇത്തരം ഒരു ആശയം പ്രാവര്‍ത്തികമാക്കാന്‍ എന്റെ പിന്തുണയും ഇവിടെ അറിയിക്കുന്നു.

Prasanna Raghavan said...

ശിരോമണി

‘മത നിരപേക്ഷത’ എന്നു പറഞ്ഞാല്‍ അതു കൊണ്ട് എന്താണ്‍് ഉദ്ദേശിക്കുന്നത് എന്നു കൂടി എഴുതുമല്ലോ.

കാരണം മതേതരത്വം, മത നിരപേക്ഷത ഇവയൊക്കെ പല തര്‍ത്തിലാണ്‍് പലപ്പോഴും പലരും പറയുന്നത്. ഇന്ത്യയുടെ കോണ്‍സ്റ്റുഷന്‍ തന്നെ ഈ കോണ്ടെറ്റെക്സ്റ്റില്‍ ഒരു പഠനത്തിനു വിധേയമാക്കാനുണ്ട്.

പക്ഷെ അതിനു മുന്‍പായി,ഇങ്ങനെയൊരു കൂട്ടായ്മ രൂപികരണത്തിന്റെ റ്റെക്നിക്കല്‍ വശത്തെക്കുറിച്ചാണല്ലോ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

ആ ചര്‍ച്ചകള്‍ പുരോഗമിക്കട്ടെ.

എന്നാല്‍ അതിനിടയില്‍ വീണ്ടും ചില സംശയങ്ങള്‍. ചോദ്യത്തില്‍ പതിരില്ലെങ്കില്‍ ക്ഷമിക്കുക.

1. മതനിരപേക്ഷത Vs.മത സൌഹൃദം എന്നതാണല്ലോ വിഷയം. അതിനൊരു പരിഹാരമായി മതനിരപേക്ഷത പ്രോത്സാഹിപ്പിക്കുന്നു. അത് ഈ ബ്ലോഗു ലോകത്തു മാത്രമാണോ? അതോ ബ്ലോഗു ലോകത്തു തുടങ്ങി പുറത്തേക്കു വ്യാപിപ്പിക്കുന്നതിനുദ്ദേശിച്ചാണോ? “മുൻപെങ്ങുമില്ലാത്തവിധം,മതമൌലികവാദികളുടെയും,തീവ്രവാദികളുടെയും വിഹാരസ്ഥലമായി ബൂലോകം മാറുന്നു എന്നതാണ് ആ ഭീതി“.ഇങ്ങനെ എഴുതിയതു കൊണ്ടു ചോദിക്കുന്നതാണ്‍്.

2. “സംഘം ചേർന്നുള്ള ഒരു പ്രതിരോധപ്രവർത്തനത്തിനു സമയമായി എന്ന ബോധ്യത്തോടെ,ഒരു പുതിയ സംരംഭത്തിനു തുടക്കമിടുകയാണ്.പുതിയൊരു കൂട്ടായ്മയും ബ്ലോഗും എന്ന ആശയം ഇന്നു രാവിലെ അനിൽ തന്റെ ബ്ലോഗിൽ പോസ്റ്റിയിരുന്നു“.
എന്നു പറഞ്ഞാല്‍ ഞാന്‍ മന്‍സിലാക്കുന്നതനുസരിച്ച്, ഈ കൂട്ടായ്മയുടെ ലക്ഷ്യം പരിമിതമാണോ‍. എന്നു പറഞ്ഞാല്‍ പ്രതിരോധിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന്റെ ആവശ്യമില്ലാതെ വരുന്നു.

നിങ്ങളും ഞാനും ഒരു പക്ഷെ ചിന്തിക്കുന്നതൊന്നു തന്നെയായിരിക്കും. പക്ഷെ പോസിറ്റീവും ക്രിയാത്മ്കവുമായി ചിന്തിക്കുന്നതല്ലേ നല്ലത്.

നിങ്ങള്‍ പറയുന്നത് ഒരു പക്ഷെ നിങ്ങളേക്കാള്‍ ആവേശത്തോടെ ഞാന്‍ ചിന്തിക്കുന്നില്ല എന്നു കരുതരുത്. ബ്ലോഗിലെ പത്തോ ഇരുപതോ ആളുകളുടെ മാത്രം ആവശ്യമല്ല ഇങ്ങനെയൊരു കൂട്ടായ്മ. ഈ ആവശ്യം വളരെ വ്യാപകമാണ്‍്.

തല്‍ക്കാലം നിര്‍ത്തുന്നു.

മവേലികേരളം

സജി said...

വി.ശിയ്ക്ക് എന്റെ ആദ്യത്തെ കമെന്റ്,

എന്നെപ്പോലത്തെ, ദൈവ വിശ്വാസിയായ പിന്തിരിപ്പന്‍,പഴഞ്ചന്‍ അച്ചായന്മാരെ ബ്ലോഗ്ഗില്‍ ജീവിക്കാന്‍ സമ്മതിക്കേലന്നണോ?
ഇച്ചിരെ ആശംസകളും.. ഒത്തിരി ആശങ്കകളും!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആശംസകള്‍..

മീര അനിരുദ്ധൻ said...

എന്റെ എല്ലാ വിധ പിന്തുണയും ഉണ്ട്.ഒപ്പം ആശംസകളും

സജി said...

ഇതൊക്കെയാണെങ്കിലും, ഒന്നു രണ്ടു ചോദ്യങ്ങള്‍ ചോദിക്കട്ടെ? എനിക്കു ഇതു വരെയും ഞാന്‍ എവിടെയാണ് നില്ക്കുന്നതു എന്നു മനസിലായിട്ടില്ല, അതുകൊണ്ടാണ്!!!

ഈ ക്ലാസിഫിക്കേഷനും അതിന്റെ അതിര്‍ വരമ്പും ഇതുവരെ പിടികിട്ടിയിട്ടില്ല. മുകളീന്നു തുടങ്ങാം

1.അരാണു മതതീവ്രവാദി.? ബോംബുവയ്ക്കുന്നവനാണോ? (ഭാഗ്യം, ഞാന്‍ അതല്ല!)

2.അരാ മതമൌലിക വാദി?

ഏതെങ്കിലും വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ സകലതിനേയും നോക്കി ക്കാണുന്നവനോ? (കഷ്ടം- ഞാന്‍ അതാണ്)

3.അരാണ് യാഥാസ്ഥികന്‍?

ശാസ്ത്രത്തിന്റെ പുരോഗതിയെ അക്കോമൊഡേറ്റ് ചെയ്ത് വിശ്വാസത്തെ റീപൊസിസ്റ്റിഷന്‍ ചെയ്യാത്തവനാണോ? (ഇവിടെയും ഞാന്‍ രക്ഷപ്പെടാന്‍ സാധ്യതയില്ല)

ഇതില്‍ നിങ്ങള്‍ ആര്‍ക്കൊക്കെ എതിരായിട്ടാണ് യുദ്ധം?

ഷിജു said...

ആശംസകള്‍. ഇടക്ക് ഞാനും കൂടാം

വികടശിരോമണി said...

സഹകരണമറിയിക്കുകയും,കൂടുതൽ ചർച്ചകൾക്കു വഴിമരുന്നിടുകയും ചെയ്ത എല്ലാവരോടും നന്ദി.
അച്ചായോ,:)
എന്റെ ബ്ലോഗിലെ ആദ്യ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.ചോദിച്ച ചോദ്യങ്ങൾക്കുള്ള പ്രാഥമികമായ ഉത്തരം പോസ്റ്റിൽ തന്നെ ഉണ്ട്.കൂടുതൽ സമഗ്രവും വിശദവുമായ ചർച്ചകൾ തുടർന്നു നടത്താം.
ഒരു കാര്യം മാത്രം വീണ്ടും വ്യക്തമാക്കുന്നു.ഓരോരുത്തരുടേയും വ്യക്തിപരമായ ദൈവവിശ്വാസമോ,വിശ്വാസരാഹിത്യമോ ഇവിടെ വിഷയമല്ല.അവയുടെ സാമൂഹിക ഇടപെടലുകൾ ആണ് വിഷയം.
നന്ദി.

ചാർ‌വാകൻ‌ said...

മാവേലി കേരളം ഉന്നയിച്ച പ്രശ്നത്തിന്‌ വ്യക്തമായ ഉത്തരം നല്കാന്‍ കെല്പുള്ളവരാണ്,അനിലും ,വികടനും .പക്ഷെ സങ്കീര്‍ണ്ണമാകുമെന്ന് പേടി.അതായത് ഉയര്‍ന്ന രാഷ്ട്രീയബോധം പ്രകടിപ്പിക്കേണ്ടുന്ന വിഷയത്തില്‍ മതവിശ്വാസികളെ സുഖിപ്പിച്ചുകൊണ്ടായിരിക്കണമെന്നത്,ബാബുരാജ് സൂചിപ്പിച്ചതു പോലെ നിരര്‍ഥകമാകാനേ തരമുള്ളു.മതവിശ്വാസം ഒരിക്കലുമൊരു വ്യക്തിപ്രശ്നമല്ല.മറിച്ചതൊരു രാഷ്ട്രീയവിഷയമാണ്(കക്ഷി രാഷ്ട്രീയമല്ല).ഇതറിയണമെങ്കില്‍ രാഷ്ട്രീയ-ചരിത്രത്തില്‍ മതം അടയാളപ്പേടുന്നത് എങ്ങനെയെന്ന് തിരിച്ചറിയണം .തികച്ചും പാശ്ചാത്യമായ സങ്കല്പമാണ്‌ സെക്കുലറിസം അഥവാ മതേതരത്വം .ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതു പരാജയപ്പെടുന്നത് ,ജാതിഅധികാരവും ,ജ്ഞാനാഅധികാര വിഷയവുമായി ബന്ധപെട്ടാണ്‌.അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ മതത്തെ നിര്‍വചിക്കാനാവില്ല.ദേശീയ പ്രസ്ഥാനവും ,കമ്മ്യുണിസ്റ്റു പ്രസ്ഥാനവും നിര്‍വചിച്ച മതേതര കാഴ്ച്ചപ്പാട് അതുകൊണ്ടാണ്,പരാജയപ്പെട്ടത്.കൂടുതല്‍ വിശദമാക്കുന്ന പോസ്റ്റുമായി വരുന്നതാണ്‌.

Rajeeve Chelanat said...

വി.ശി,
നിരുപാധികമായ പിന്തുണ അറിയിക്കുന്നു.
അഭിവാദ്യങ്ങളോടെ

K C G said...

ലക്ഷ്യം കാണട്ടേ ഈ യാത്ര.
എല്ലാവിധമായ ആശംസകളും നേര്‍ന്നുകൊള്ളുന്നു.

വികടശിരോമണി said...

ചർവാകൻ,
ഇവിടെ പേടിയുടെ പ്രശ്നം ഉദിക്കുന്നേയില്ല.നാം ഒരു സംഘടിതശ്രമവുമായി മുന്നിട്ടിറങ്ങുമ്പോൾ,ആവശ്യമായ വിശദീകരണങ്ങളേ പാടൂ എന്നാണ് അനുഭവപാഠം.തുടർന്നും വിശദീകരണങ്ങൾക്ക് അവസരം ഉണ്ടല്ലോ.:)
ഒരുതരത്തിലും,മതതീവ്രവാദവുമായി ഒത്തുതീർപ്പോ,സമരസപ്പെടലോ നമ്മുടെ ബ്ലോഗിൽ ഉദ്ദേശിക്കുന്നില്ല.വസ്തുതാപരമായിത്തന്നെ,മതം ഒരു രാഷ്ട്രീയവിഷയമാണ് എന്നയാത്തതുമല്ല.
ഓരോ വാക്കിനും രാഷ്ട്രീയമായി ധ്വനിമാനങ്ങൾ ഉണ്ട്.അതിൽ നിന്ന്,ഒന്നും ഒഴിവല്ല.(കക്ഷിരാഷ്ട്രിയമല്ല…ഇതിങ്ങനെ പറഞ്ഞുകൊണ്ടിരിക്കേണ്ടി വരുന്നത് ഒന്നാമത്തെ ഗതികേട്!:)
നാം പ്രവർത്തനത്തിലേക്കിറങ്ങുകയാണ്.

jayanEvoor said...

എനിക്ക് ആശങ്കയൊന്നുമില്ല.

എല്ലാ പിന്തുണയും!

നിസ്സഹായന്‍ said...

(അനിലിന്റെ പോസ്റ്റിലിട്ട കമെന്റ് ഇവിടെയും ഇടുന്നു.) മതനിരപേക്ഷതയെ (Secularism) ഭരണഘടനയില്‍ നാമമാത്രമായി ഒതുക്കിനിര്‍ത്തി, രാഷ്ട്രീയത്തിലും അധികാരത്തിലും രാഷ്ട്രഭരണത്തിലും വിദ്യാഭ്യാസത്തിലും ജീവിതത്തിന്റെ
സമസ്തമേഖലയിലും മതങ്ങളുടെ കരാളഹസ്തങ്ങള്‍ വിളയാട്ടം നടത്തുന്ന മറ്റൊരു രാജ്യം
ലോകത്തുണ്ടാകുമോ? ഇത് അസഹനീയവും അതിരുകവിഞ്ഞതും ആയിത്തീര്‍ന്നില്ലേ ?!
മതനിരപേക്ഷതയെന്നാല്‍ എല്ലാ‍ കാര്യങ്ങളിലും എല്ലാമതങ്ങള്‍ക്കും തുല്യസ്ഥാനം എന്ന വ്യാഖ്യാനമാണ് മതവക്താക്കളും മുതലെടുപ്പ് രാഷ്ട്രീയക്കാരും നല്‍കിപ്പോരുന്നത്. എന്നാല്‍ മതം ഒരു സ്വകാര്യ വിഷമായി ഒതുങ്ങിനില്‍ക്കണമെന്നും അത് രാഷ്ട്രഭരണത്തിലും വിദ്യാഭ്യാസത്തിലും യാതൊരു കൈകടത്തലുകളും നടത്തിക്കൂടെന്നതുമല്ലേ യാഥാര്‍ത്ഥ്യം.
വിദ്യാഭ്യാസത്തില്‍ മതമൂല്യങ്ങളല്ല, മതേതരമൂല്യങ്ങളാണ് പഠിപ്പിക്കേണ്ടത്. മതമൂല്യങ്ങള്‍
പഠിപ്പിക്കേണ്ടത് മതങ്ങളാണ്. അത് പൊതു വിഷയമല്ല. എന്നാല്‍ ‘മതമില്ലാത്ത ജീവന്‍’ എന്ന മതേതരപാഠത്തെ എത്ര അനായാസമായാണ് മതവും പ്രീണനരാഷ്ട്രീയവും ചേര്‍ന്ന്
തറപറ്റിച്ചത്. യഥാര്‍ത്ഥമതേതരത്ത്വത്തെ അംഗീകരിച്ച് ജീവിക്കുമ്പോള്‍ മാത്രമായിരിക്കണം സ്വന്തം മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം കൊടുക്കേണ്ടത്. രാഷ്ട്രം
നിര്‍മതപരവും നിരീശ്വരവും ആയിരിക്കണമെന്നല്ലേ മതേതരത്വം കൊണ്ട് വിവക്ഷിക്കുന്നത്. ഇന്ന് രാഷ്ട്രം
മതങ്ങളുടെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കൂട്ടു നില്‍ക്കയാണ്. അധികാരവും
സമ്പത്തും ജാതിമതരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യപ്പെടുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ വീണ്ടും കൂടുതല്‍ ദുരിതത്തിലേയ്ക്ക് എടുത്തെറിയപ്പെടുന്നു. 1976 -ലെ 42-ആമത് ഭരണഘടനാഭേദഗതി
ഭരണയില്‍ കയറ്റിവെയ്ക്കപ്പെട്ടിരിക്കുന്നു. ( ഭേദഗതി 51A (h) അനുസരിച്ച് പൌരന്റെ മൌലികകര്‍ത്തവ്യങ്ങളില്‍, “ജനങ്ങളില്‍ ശാ‍സ്ത്രാവബോധവും മാനവികത്വവും,
അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള ത്വരയും സൃഷ്ടിക്കേണ്ടത് ഓരോ പൌരന്റെയും കര്‍ത്തവ്യമാണ്
) പക്ഷേ ഇന്ന് ചെയ്യുന്നത് മതാ‍ധിഷ്ഠിതശാസ്ത്രങ്ങളെ ആധുനികസയന്‍സിന്
തുല്യമോ അധികമോ ആയ പരിഗണന നല്‍കി കൊട്ടിഘോഷിക്കുകയണ്.
യഥാര്‍ത്തില്‍ മതങ്ങള്‍ അതിലെ അനുയായികളെപ്പോലും ദ്രോഹിക്കുന്നു. ഇന്ന്
വിദ്യാഭ്യാസക്കവടം നടത്തി സമ്പത്തുണ്ടാക്കുന്ന പ്രബലമതം ( ഏറ്റവും സമ്പത്തുള്ള, ഏറ്റവും
അധികാരസ്ഥാനങ്ങള്‍ കൈയ്യാളുന്ന, ഏറ്റവും കൂടുതല്‍ ഉദ്യോഗങ്ങള്‍ കൈയാളുന്ന ഏറ്റവും
കൂടുതല്‍ ഭൂസ്വത്തുള്ള ഏറ്റവും മറ്റേതുമത/ജാതിയേക്കാളും ഏത് കാര്യത്തിനും ബഹുകാതം
മുന്‍പിലായ മതം ന്യൂനപക്ഷാവകാശം കൈപ്പറ്റാന്‍ മാത്രം അവശതയനുഭവിക്കുന്നവരാണ്
) അതിലെ നിര്‍ദ്ധനരായ അതിലെ അനുയായികള്‍ക്ക് പോലും സഹായഹസ്ഥം നീട്ടാറില്ല.
സ്വന്തം സമുദായത്തിന്റെ സമ്പത്തും പൊതുസമൂഹത്തെ കൊള്ളയടിച്ചു കിട്ടിയസമ്പത്തും
കൊണ്ട് മതങ്ങളിലെ പൌരോഹിത്യം സുഖലോലുപരായി മതിക്കുകയാണ്. ചുരുക്കിപറഞ്ഞാല്‍ സാര്‍വത്രികവും ശാസ്ത്രീയവുമായ പുരോഗതിയുടെ ശത്രുക്കളായ,അസമത്വത്തിത്തിന്റേയും അനീതിയുടെയും അന്ധവിശ്വാസാനാചാരങ്ങളുടേയും
കാവലാളുകളായ മതങ്ങളെ പൊതു വ്യവഹാരമണ്ഡലത്തില്‍ നിന്നും ആട്ടിയോടിക്കുവാനുള്ള
പ്രചരണത്തിന് തയ്യാറകേണ്ടത് മേല്‍പ്പറഞ്ഞ ഭരണഘടനാനുഛേദത്തെ വിലമതിക്കുന്ന
ഏതൊരു പൌരന്റേയും കടമയാണ്, ഒരു ബ്ലോഗറുടെയും. ആ അര്‍ഥത്തില്‍ താങ്കളുടെ
കൂട്ടായ്മയില്‍ പങ്ക് ചേരാന്‍ സന്തോഷമുണ്ട് . ആ അര്‍ഥത്തില്‍ സ്വീകരിക്കുമെങ്കില്‍ !

ഒരു നുറുങ്ങ് said...

കൊള്ളാം,ആശയം വളരെ നന്ന്!നടപ്പില്‍ വരുത്താനൊരേ
യൊരു വഴി:അഭിപ്രായങ്ങളില്‍ മാന്യത പുലര്‍ത്താന്‍
ഓരോരുത്തരും പരമാവുധി ശ്രമിക്കുമെന്നും,വിട്ടുവീശ്ച
യും സ്വല്പം പ്രതിപക്ഷബഹുമാനവും മുറുകെപിടിക്കണമെന്നേ പറയുന്നുള്ളു.കുറച്ചു ബുദ്ധിമുട്ടാണെങ്കിലും,എന്‍റെ അഭിപ്രായങ്ങളെ ബലി
കഴിക്കേണ്ടി വന്നാല്‍ പോലും മറ്റവനോട് മാന്യതയുടേയും സ്നേഹത്തിന്‍റേയും രീതി ഒരിക്കലും
കൈവിടുകയില്ലെന്നു ധ്രിടനിശ്ചയം ചെയ്യാന്‍ തയ്യാറാണോ ?എങ്കില്‍,മതേതരത്വം പുലരും!യഥാര്‍ഥമതങ്ങളും!!
ഓര്‍ക്കുക:ഫാഷിസവും,തീവ്രവാദവും വര്‍ഗീയതയും
വിഘടനങ്ങളുമൊക്കെയുണ്ടായി വരുന്നതു മനുഷ്യര്‍
കടുംപിടുത്തം പിടിക്കുന്നത്കൊണ്ടാണല്ലോ!
ഏത് അക്രമിയേയും ഒന്ന് ‘ക്രമ’പ്പെടുത്താന്‍ സ്വല്പം
സ്നേഹവും,വിട്ടുവീഴ്ചയും നല്‍കൂ;അവന്‍ നേരെ
ചൊവ്വെ ആയി വരും!തീര്‍ച്ച!!പലപ്പോഴും രോഗനിര്‍ണ്ണയവും,ചികിത്സയും സ്ഥാനത്തല്ല ഇത്തരം
കണ്‍വിക്റ്റുകള്‍ക്കു കിട്ടുന്നത്.
ഒന്നുകൂടി ഓര്‍ക്കുക:ഒരിറ്റ് സ്നേഹം കിട്ടുന്നു
എന്നായാല്‍ ഏതു ശത്രുവും,അവന്‍റെ ശത്രുതവെടിഞ്ഞ്
ആത്മമിത്രമായി മാറുന്നതിന്‍റെ എത്രയെങ്കിലും
മാത്രുകകള്‍ ഈ സമൂഹത്തില്‍ ചൂണ്ടിക്കാണിക്കാം!
അതിനായി ശ്രമിക്കാം കൂട്ടരേ,‘ബ്ലോഗിലെ’ങ്കിലും!!
സര്‍വപിന്തുണയും,ആശംസകളും നേരുന്നു.

ഇ.എ.സജിം തട്ടത്തുമല said...

ഇപ്പഴാ ഇത് കണ്ടത്. മതനിരപേക്ഷതയുടെ കൂട്ടായ്മ എവിടെയുണ്ടോ അവിടെ ഈയുള്ളവന്റെയും പിന്തുണയുണ്ട്.