Pages

വിവരാവകാശനിയമത്തെ ദുർബലമാക്കണോ?

അറിവ് ശക്തിയാണ്.ജനാധിപത്യത്തിന്റെ പൂർണ്ണാർത്ഥത്തിലുള്ള പ്രയോഗം സാധ്യമാകാൻ എല്ലാ പൌരന്മാർക്കും അറിവിനുള്ള അവകാശം കൂടിയേ കഴിയൂ.നിയമം അറിയില്ല എന്നത് ശിക്ഷയിൽ നിന്ന് ഒഴിവാവാനുള്ള കാരണമാകുന്നില്ല എന്ന തത്വം നിയമവാഴ്ച്ചയുടെ ആധാരശിലയായി നിൽക്കുമ്പോഴും,ഭൂരിപക്ഷം ജനങ്ങളും നിയമങ്ങളെപ്പറ്റി നിരക്ഷരരാണ്.അവർക്കുകൂടിമുന്നിലാണ്,എല്ലാവികസനപദ്ധതികളും വാഗ്ദാനങ്ങളും വന്നുപോകുന്നതും.ഏതു ഭരണകൂടത്തീന്റെ നയപരിപാടികളൂം പദ്ധതികളും വസ്തുനിഷ്ഠമായി വിലയിരുത്തണമെങ്കിലും അറിവ് അത്യന്താപേക്ഷിതമാണ്.
താത്വികമായി ഇങ്ങനെയൊക്കെയാണെങ്കിലും യാഥാർത്ഥ്യം എന്താണ്?നമ്മുടെ രാഷ്ടീയനേതൃത്വങ്ങൾ,മന്ത്രിമാർ,ഉദ്യോഗസ്ഥവൃന്ദം-എല്ലാം വിവരങ്ങൾ പൊതുജനങ്ങളിൽ നിന്നു മറച്ചുപിടിക്കാൻ ശ്രമിക്കുന്നു.ഇന്ത്യ ഭരണഘടനയുടെ മൂന്നാംഭാഗത്തിൽ പ്രതിപാദിച്ചിട്ടുള്ള മൌലികാവകാശങ്ങളിൽ,ഇരുപത്തൊന്നാം അനുച്ഛേദത്തിൽ പറയുന്ന വ്യക്തിസ്വാതന്ത്ര്യം എന്ന അവകാശത്തെ ക്രിയാത്മകമായി ജനങ്ങളിലെത്തിച്ച നിയമമാണ് വിവരാവകാശനിയമം-2005.
ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലവിൽ വന്നിട്ടുള്ള അധികാരികൾ,സ്ഥപനങ്ങൾ.സ്വയംഭരണസ്ഥാപനങ്ങൾ,ഏതെങ്കിലും നിയമനിർമ്മാണം മുഖേനയോ,സർക്കാർ ഉത്തരവ് മുഖേനയോ സ്ഥാപിതമായ വിവിധസ്ഥാപനങ്ങൾ,സർക്കാരുടസ്ഥമസ്ഥതയിലോ നിയന്ത്രണത്തിലോ സാമ്പത്തികസാഹായത്താലോ പ്രവർത്തിക്കുന്ന വിവിധസ്ഥാപനങ്ങൾ,ഓഫീസുകൾ,പ്രത്യക്ഷമായോ പരോക്ഷമായോ സർക്കാരിൽനിന്ന് സാമ്പത്തികസഹായം ലഭിക്കുന്ന സർക്കാരിതര സന്നദ്ധസംഘടനകൾ എന്നിവക്കെല്ലാം ബാധകമാകുന്ന വിവരാവകാശനിയമം ലോകത്തിലെത്തന്നെ അതിശക്തമായ നിയമങ്ങളിലൊന്നാണ്.മറ്റുനിയമങ്ങളുമായി സംഘർഷമുണ്ടാകുമ്പോൾ,‘അധികപ്രഭാവമുള്ള’ നിയമാണ് വിവരാവകാശനിയമം.
സുതാര്യമായ ഭരണവ്യവസ്ഥയോട് അഴിമതിയും സ്വജനപക്ഷപാതവും ശീലമാകിയ ബ്യൂറോക്രസിയുടെ അമർഷം സ്വാഭാവികമാണല്ലോ.ഈ ചരിത്രപ്രാധാന്യമർഹിക്കുന്ന നിയമനിർമ്മാണത്തിന് ആറുമാസം പ്രായമായപ്പോൾത്തന്നെ അതിന്റെ കരുത്തുചോർത്താനുള്ള ബ്യൂറോക്രസിയുടെ ശ്രമങ്ങൾക്ക് ആദ്യഫലം കണ്ടു.ഫയൽക്കുറിപ്പുകൾ വിവരാവകാശനിയമപ്രകാരം നൽകേണ്ടതില്ല എന്ന ഭേദഗതിക്ക് കേന്ദ്രസർക്കാർ തീരുമാനിച്ചെങ്കിലും പൌരാവകാശപ്രവർത്തകരുടെ പ്രതിഷേധം കാരണം സർക്കാരിനത് നിർത്തിവെക്കേണ്ടിവന്നു.
ഇപ്പോൾ,വിവരാവകാശനിയമത്തിന് മൂന്നു വയസ്സുപൂർത്തിയാകുമ്പോൾ,നിയമത്തിന്റെ അന്ത:സ്സത്തയെത്തന്നെ ചോദ്യം ചെയ്യുംവിധം നിയമത്തെ ദുർബലമാക്കാനുള്ള ശുപാർശയാണ് വി.കിഷോർ.എസ്.ദേവ് അദ്ധ്യക്ഷനായുള്ള 15അംഗസമിതി പാർലമെന്റിനു സമർപ്പിച്ചിരിക്കുന്നത്!വിവരാവകാശനിയമപ്രകാരം ഉള്ള അപേക്ഷകളിൽ 30ദിവസത്തിനകം തീർപ്പുണ്ടാകണം,എന്തിനുവേണ്ടിയാണ് വിവരം തേടുന്നതെന്ന് അപേക്ഷയിൽ വ്യക്തമാക്കേണ്ടതില്ല,അപ്പീൽ‌വ്യവസ്ഥ-തുടങ്ങിയ വിവരാവകാശനിയമത്തിന്റെ സുപ്രധാനവശങ്ങളെല്ലാം പൊളിച്ചെഴുതാനുള്ള വ്യവസ്ഥയാണ് സഭാവകാശങ്ങൾ സംരക്ഷിക്കാനെന്നപേരിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
ബ്യൂറോക്രസിയുടെ ദുർഭരണത്തിനെതിരെയുള്ള പൊതുജനത്തിന്റെ ശക്തമായ ആയുധമെന്നതുമുതൽ,അന്വേഷണാത്മകപത്രപ്രവർത്തനത്തിന്റെ വസ്തുനിഷ്ഠമായ വളർച്ചക്കുപയുക്തമായ മാർഗ്ഗമെന്നതുവരെ നീളുന്ന വിവരാവകാശനിയമത്തിന്റെ സാധ്യതകളെ ദുർബലപ്പെടുത്താനുള്ള ഈ ശ്രമം,ആരെയെല്ലാമാണ് സഹായിക്കുന്നതെന്ന് പകൽപോലെ വ്യക്തമാണല്ലോ.രാഷ്ടീയക്കാരും ബ്യൂറോക്രസിയും ക്രിമിനലുകളും ചേരുന്ന അവിശുദ്ധബന്ധം തഴച്ചുവളരുന്നത്,രഹസ്യങ്ങളുടെ പശ്ചാത്തലത്തിലാണ്.സത്യങ്ങൾ പരസ്യമാകുന്നതിനെ പേടിക്കുന്ന ഈ നിയമഭേദഗതിശ്രമം,എല്ലാ ജനാധിപത്യവിശ്വാസികളും എതിർക്കേണ്ടതാണ്.

20 comments:

വികടശിരോമണി said...

.സത്യങ്ങൾ പരസ്യമാകുന്നതിനെ പേടിക്കുന്ന ഈ നിയമഭേദഗതിശ്രമം,എല്ലാ ജനാധിപത്യവിശ്വാസികളും എതിർക്കേണ്ടതാണ്.

കാന്താരിക്കുട്ടി said...

വിവരാവകാശ നിയമം നല്ലതു തന്നെ..സര്‍ക്കാരോഫീലെയും അതു പോലെ ഉള്ള ഓഫീസുകളിലെ കാര്യങ്ങള്‍ ഒക്കെ പൊതു ജനങ്ങളും അറിഞ്ഞിരുന്നാല്‍ അഴിമതി ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും.പക്ഷേ അതു ചിലപ്പോള്‍ എങ്കിലും ഒരു ശല്യം ആകാറുണ്ട്..ഒരു 10- 15 വര്‍ഷത്തിനു മുന്‍പുള്ള ചില കാര്യങ്ങള്‍ ഒക്കെ വിവരാവകാശ നിയമം അനുസരിച്ചു ചിലര്‍ ചോദിക്കും..10 ദിവസത്തിനുള്ളില്‍ മറുപടി കൊടുക്കേണ്ടതിനാല്‍ പഴയ ഫയലുകള്‍ ഒക്കെ പൊടി തട്ടി എടുത്ത് വിവരം ശേഖരിക്കാന്‍ ഒന്നോ രണ്ടോ സ്റ്റാഫ് മാത്രം ഉള്ള ചില ഓഫീസുകളില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.. ( അനുഭവം സാക്ഷി !)

ചാണക്യന്‍ said...

നല്ല പോസ്റ്റ് അഭിനന്ദങ്ങള്‍....
വിവരാവകാശ നിയമത്തിലൂടെ പലരും ‘വെവരമറിയാന്‍ ‘തുടങ്ങിയപ്പോള്‍ ഉണ്ടായ ഏനക്കേടാണ് ഈ നിയമത്തെ പൊളിച്ചടുക്കാന്‍ ചിലര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതിന് പിന്നില്‍...

എന്നാലും വികടശിരോമണി,
ഇപ്പോ പത്ത് രൂപയുടെ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് പതിച്ച പേപ്പറുകാണുമ്പോള്‍ ഒരു തരം വിറയലാ...
ഒരാള്‍ക്ക് നല്‍കിയ വിവരത്തിലെ ചെറിയൊരു പാളിച്ചക്ക് എന്റെ ഒരു മേലുദ്യോഗസ്ഥന്‍ നല്‍കേണ്ടി വന്ന പിഴ 22000രൂപയാണ്...സ്വന്തം പോക്കറ്റില്‍ നിന്നും....
ചിലര്‍ ചോദിക്കുന്ന വിവരങ്ങള്‍ കേട്ടാല്‍ ഞെട്ടും...
മനപൂര്‍വ്വം വട്ടം ചുറ്റിക്കുക എന്ന ഉദ്ദേശമാണ് അതിനു പിന്നില്‍....
ഒരു ചോദ്യ നോക്കൂ....ഈ ആഫീസിലെ ആകെ ജീവനക്കാരുടെ ജാതിതിരിച്ചുള്ള ലിസ്റ്റ് തരാന്‍ നടപടിയുണ്ടാവണം....
ആറായിരത്തിലധികം ജീവനക്കാരുള്ള ആഫീസില്‍ എത്ര ബ്രാഹ്മണനുണ്ട്, നായരുണ്ട്, ഈഴവരുണ്ട്, മുസ്ലിമുണ്ട്, ക്രിസ്ത്യാനിയുണ്ട്.....അങ്ങനെ പോകുന്നു ചോദ്യം....ഈ ലിസ്റ്റ് എന്ന് ഏത് കാലത്ത് നല്‍കാന്‍ കഴിയും...
ഇതിനു എത്രപേര്‍ മറ്റ് പണികള്‍ മാറ്റിവച്ച് പ്രയത്നിക്കണം....
അതുകൊണ്ട് കാന്താരിയുടെ കമന്റിനടിയില്‍ ഒരൊപ്പ്...

Joker said...

കാന്താരികുട്ടി

ജനാധിപത്യ ഇന്ത്യയിലെ വിപ്ലവകരമായ ഒരു നിയമായിരുന്നു വിവരാവകാശ നിയമം. അത് ദുരുപയോഗപ്പെടുത്തുന്ന ഒന്നോ രണ്ടോ പേര്‍ ഉണ്ടെന്ന് വെച്ച് ഈ നിയമത്തെ വിമര്‍ശിച്ചതിനുള്ള കാരണം എന്തൊക്കെയായാലും വളരെ മോശമായി എന്ന് പറയാതെ വയ്യ. ചുവപ്പ് നാടയും സ്വ്wജനപക്ഷപാതവും, അഴിമതിയും വ്യാപകമായ നമ്മുടെ നാട്ടില്‍ വിവരാവകാശബിയമത്തിന് ഏറെ പരാധാന്യമുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് സംവിധാനം കൊണ്ടുവരുന്നതിനെതിരെ വാലും പൊക്കി പ്രതിശേധിച്ചവരാണ് നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. സമയത്തിന് ഓഫീസുകളില്‍ എത്താന്‍ പറ്റില്ല എന്ന് തന്നെയണല്ലോ ഈ പ്രതിശേധത്തിന്റെ അര്‍ഥം.എന്നിട്ടവസാനം “സര്‍ക്കാര്‍ കാര്യം മുറപോലെ” എന്ന് ഒരു മുട്ടു ന്യായം കൂടി പറഞ്ഞാല്‍ എല്ലാമായി.

ഈ പോസ്റ്റിന് വികടന് അഭിവാദ്യങ്ങള്‍

nizhal|നിഴല്‍ said...

വികട,

"വിവരാവകാശനിയമം ലോകത്തിലെത്തന്നെ അതിശക്തമായ നിയമങ്ങളിലൊന്നാണ്."
പൂറ്ണ്ണമായും യോചിക്കുന്നു. ജനാധിപത്യവ്യവസ്ഥിതിക്ക് ശക്തിപകറ്ന്ന ഒരു നിയമം തന്നെയാണ് അത്.

കാന്താരിക്കുട്ടിയുടെയും, ചാണക്യന്റെയും മറുപടി കണ്ടില്ലായിരുന്നു എങ്കില് പൊസ്റ്റിന്റെ ആശയതോടും ഒരു 98% യോചിച്ചേനെ. പക്ഷെ, ഉദ്യൊഗസ്ഥരുടെ അഭിപ്രായങ്ങളെയും അനുഭവങ്ങളെയും പൂറ്ണ്ണമായും കണ്ടില്ലെന്നു നടിക്കാന് പറ്റില്ലല്ലൊ? അതുകൊണ്ടു നിയമതിന്റെ ദുരുപയോഗം തടയേണ്ട്തു തന്നെ. ഏന്നു വച്ച് നിയമത്തെ ദുറ്ബലമാക്കുന്നതിനോട് യോജിക്കുന്നില്ല. പകരം ദുരുപയോഗം തടയാന് ഫീസ് കൂട്ടുക, ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകള് ഒഴിവാക്കാനുള്ള നടപടികള് സ്വീകരിക്കുക തുടങ്ങിയ നടപടികളായിരിക്കും ഉചിതം.

"ബ്യൂറോക്രസിയും ക്രിമിനലുകളും ചേരുന്ന അവിശുദ്ധബന്ധം തഴച്ചുവളരുന്നത്"...

ഇത് ഏതായാലും കുറച്ച് കൂടിപ്പോയി... ‌:)
ഭൂരിഭാഗം ഉദ്യോഗസ്ഥരും ക്രിമിനലുകളുമായി കൈകോറ്ക്കാന് മാത്രം തരം താഴും എന്ന് തോന്നുന്നില്ല.

നല്ല പൊസ്റ്റ്. ആശംസകള്.

ഭൂമിപുത്രി said...

കാന്താരിക്കുട്ടിയും ചാണക്യനും ഇതിന്റെ മറുവശത്തേയ്ക്കൊന്ന് വെളിച്ചം വീശിയത് നന്നായി.ഈ വക പ്രശ്നങ്ങളൊക്കെ പരിഹരിച്ചുകൊണ്ട് ഈ നിയമം ഒന്നുകൂടി ശക്തമാക്കുകയാൺ വേണ്ടത്

അനില്‍@ബ്ലോഗ് said...

വികടശിരോമണി,
വിവരാ‍വകാശ നിയമം അതിന്റെ അന്തസത്ത ചോരാതെ നിലനിര്‍ത്തുക തന്നെ വേണം. എന്നാം നിലവിലുള്ള നിയമം കാന്താരിക്കുട്ടിയും മറ്റും ചൂണ്ടിക്കാട്ടിയപോലെയുള്ള, അല്ലെങ്കില്‍ അതിലും പ്രയാസങ്ങളുണ്ടാക്കുന്ന സ്ഥിതി വിശേഷം സംജാതമാക്കുന്നു. അതിലൊന്നാണ് ആര്‍ക്കും എന്തും ചോദിക്കാം എന്ന സ്വാതന്ത്ര്യം. പൊതു താല്‍പ്പര്യഹര്‍ജിപോലും ബന്ധപ്പെട്ട ആളുകളല്ല സമര്‍പ്പിക്കുന്നതെങ്കില്‍ അതു പരിഗണിക്കപ്പെടാറില്ല, ചിലസമയങ്ങളില്‍.

ഇന്നു കേരളത്തില്‍ ഈ നിയമം ഉപയോഗിക്കുന്നത് വിവിധ ജീവനക്കാര്‍ അവരവരുടെ സര്‍വ്വീസ് പ്രശ്നങ്ങല്‍ക്കു മറുപടി ലഭിക്കാനും, ജനകീയാസൂത്രണം, ചില നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയ പരിപാടികളില്‍ പാരപണിയാനുമാണ്. പൊതു ജനങ്ങള്‍ക്കു ആവശ്യമായ അടിസ്ഥാന വിഷയങ്ങളില്‍ ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍, തുലോം കുറവാണ്.അതില്‍ തന്നെ സര്‍ക്കാര്‍ ഫണ്ടിങ് ഇല്ലാത്ത സ്ഥാപനങ്ങള്‍ പെടുന്നുമില്ല. കേരളത്തിലെ കാര്യം ഉദാഹരണമായി പറഞ്ഞുഎന്നേയുള്ളൂ. അല്പം കൂടി “ജനാധിപത്യപരമായി” പൊളിച്ചെഴുത്ത് ആവശ്യമാണെന്നാണ് എന്റെ അഭിപ്രായം.

വികടശിരോമണി said...

കാന്താരിക്കുട്ടീ,ചാണക്യൻ,ജോക്കർ,നിഴൽ,അനിൽ,ഭൂമീപുത്രീ-നന്ദി.
ഏതു നിയമവും ദുരുപയോഗം ചെയ്യാ‍നാവും. “നാലുകുതിരകളെ പൂട്ടിയ ഒരു കുതിരവണ്ടിക്ക് സുഖമായി കടന്നുപോവാനുള്ള വിടവ് നമ്മുടെ എല്ലാ സിവിൽ-ക്രിമിനൽ നിയമങ്ങൾക്കുമുണ്ട്” എന്ന് പണ്ട് കൃഷ്ണവാര്യർ പറഞ്ഞതോർക്കുന്നു.കാന്താരിക്കുട്ടിയും ചാണക്യനും പറഞ്ഞപ്രശ്നം പ്രസക്തമാണ്.പക്ഷേ,ഇപ്പോഴത്തെ നിയമഭേദഗതി അത്തരം പ്രശ്നങ്ങളെയല്ല നിർദ്ധാരണം ചെയ്യാൻ ശ്രമിക്കുന്നത്.അപേക്ഷകളിൽ വേണ്ട നടപടികളെടുക്കാൻ ചുമതല വഹിക്കുന്ന പി.ഐ.ഒ.മാരാവാൻ മിക്ക സർക്കാരോഫീസുകളിലും ആളെ കിട്ടാനില്ലെന്നതാണ് സ്ഥിതി.ബ്യൂറോക്രസി ഈ നിയമത്തോടെടുത്ത സമീപനം ശരിയല്ലെന്നു തന്നെയാണ് എന്റെ അഭിപ്രായം.ബ്യൂറോക്രസിയും ക്രിമിനലുകളും ചേരുന്ന അവിശുദ്ധബന്ധം എന്നതു സത്യം തന്നെയാണ്.നിഴലിനതു കൂടിപ്പോയെന്നുതോന്നിയാലും.അഴിമതിക്കാരും സ്വജനപക്ഷപാതികളും ആയ സർക്കാരുദ്യോഗസ്ഥരുടെ ന്യൂനപക്ഷം നശിപ്പിക്കുന്നത്,മര്യാദക്കും സത്യസന്ധമായും ജോലി ചെയ്യുന്ന ഭൂരിപക്ഷം സർക്കാരുദ്യോഗസ്ഥരുടെ സൽ‌പേരുകൂടിയാണ്.
ഫീസ് കൂട്ടുക എന്ന നിഴലിന്റെ അഭിപ്രായത്തോട് ഞാൻ ശക്തമായി വിയോജിക്കുന്നു.അറിയാനുള്ള മനുഷ്യന്റെ മൌലികാവകാശത്തിന് ഫീസ് കൂട്ടുന്ന പരിഷ്കാരം ജനാധിപത്യവിരുദ്ധമാണ്.
അനിൽ പറഞ്ഞപോലെ,വസ്തുതാപരമായ പരാതികൾ വരുന്നില്ല എന്ന പ്രശ്നം നിലവിലുണ്ട്.നിയമസാക്ഷരതയിലൂടെയേ അതു പരിഹരിക്കാനാവൂ.പാരപണിയലുകൾക്കായി വിവരാവകാശനിയമത്തെ ഉപയോഗിക്കുന്നത് തടയേണ്ടതുമാണ്.പക്ഷേ,നാമീ ബ്ലോഗിൽ നടത്തുന്നത്രപോലും സംവാദാത്മകമല്ല ആ ശുപാർശയെന്നതാണ് ഖേദകരം.അത് വ്യക്തമായും രാ‍ഷ്ട്രീയപ്രേരിതമാണ്.
നന്ദി.

കാപ്പിലാന്‍ said...

നല്ല പോസ്റ്റ് അഭിനന്ദങ്ങള്‍

ടോട്ടോചാന്‍ (edukeralam) said...

വിവരവകാശ നിയമം കൂടുതല്‍ ശക്തമാക്കുകയാണ് വേണ്ടത്.
ചിലര്‍ അനാവശ്യമായ വിവരങ്ങള്‍ തേടി ബുദ്ധിമുട്ടിക്കുന്നു എന്ന് കാന്താരിക്കുട്ടിയും മറ്റും എഴുതിക്കണ്ടു. എന്തു കൊണ്ടാണ് അത്തരത്തിലുള്ള ഒരു നടപടി ജനങ്ങളില്‍ നിന്നും ഉണ്ടായതെന്ന് ഓര്‍ത്തു നോക്കൂ. ഇത്രയും കാലം ഇതിനേക്കാളേറെ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉണ്ടാക്കിയിട്ടില്ലേ. വ്യക്തമായ വിവരങ്ങള്‍ നല്‍കാതെ വര്‍ഷങ്ങളോളം പലരേയും ഓടിച്ചു രസിച്ചവരുമുണ്ട്. അതിന്‍റെ ഒരു തിരിച്ചടിയായി മാത്രം ഇപ്പോള്‍ ഇതിനെ കണ്ടാല്‍ മതി. കുറെ കഴിയുമ്പോള്‍ താനേ ഈ പ്രശ്നം മാറിക്കോളും.

പിന്നെ ഓഫീസ് നടപടികളെ അത് ബാധിക്കുന്ന കാര്യം. വിവരങ്ങളുടെ ആധിക്യം പലപ്പോഴും ഉദ്യോഗസ്ഥരെ വട്ടം ചുറ്റിച്ചേക്കാം. പക്ഷേ അതിനുള്ള പരിഹാരം വിവരവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തലല്ല. മറിച്ച് ശരിയായ പരിഹാരം കാണലാണ്. വിവരവകാശ ഉദ്യോഗസ്ഥരുടെ എണ്ണം ഓഫീസിലെ അംഗങ്ങളുടെ എണ്ണത്തിനാനുപാതികമായി കൂട്ടുക, ഫയലുകള്‍, അടിസ്ഥാന വിവരങ്ങള്‍ എന്നിവ മുന്‍കൂറായി പരസ്യപ്പെടുത്തുക, വിവരസാങ്കേതികവിദ്യയെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുക തുടങ്ങിയ രീതികള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം.
ആറായിരമല്ല ഒരു ലക്ഷം പേരുടെ വേണമെങ്കിലും ജാതി തിരിച്ചോ, ശമ്പളം തിരിച്ചോ തുടങ്ങി എത് തരത്തിലുള്ള സ്ഥിതിവിവരവും നല്‍കാന്‍ ഈ വിവരങ്ങള്‍ കംമ്പ്യൂട്ടറൈസ് ചെയ്താല്‍ സാധ്യമാകും. അതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തന്നെ ചെയ്യേണ്ടതുമുണ്ട്. ഇത്തരം നടപടികളിലൂടെ വിവരാവകാശനിയമത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

വിവരവകാശനിയമത്തിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തെ അതിശക്തമായി എതിര്‍ക്കുന്നു.

അങ്കിള്‍ said...

വിവരാവകാശനിയമത്തിന്റെ പേരില്‍ എന്തും ചോദിക്കാമെന്ന പൊതുജനത്തിന്റെ അവകാശം തെറ്റാണ്. അങ്ങനെ ആ നിയമത്തില്‍ പറയുന്നില്ല. ഏതാഫീലും ഉള്ള ഏതു രേഖകളുടെയും പകര്‍പ്പാണ് ആവശ്യപ്പെടാ‍ന്‍ അവകാശമുള്ളത്. ഇതിനെ പറ്റി ഇതാ ഇവിടെ സുദീര്‍ഘമായി പറഞ്ഞിട്ടുണ്ട്.

കാന്താരികുട്ടിക്കും ചാണക്യനും അവിടെ മറുപടി ഉണ്ട്.

MANIKANDAN [ മണികണ്ഠന്‍‌ ] said...

വിവരാവകാശ നിയമത്തെ സംബന്ധിച്ച് എനിക്കുള്ള രണ്ടു അനുഭവങ്ങൾ ഞാൻ പറയാം. ഓന്നമത്തേതു ബി എസ് എൻ എല്ലു മായി ബന്ധപ്പെട്ടതാണ്. ഒരു ബ്രോഡ്‌ബാന്റ് ഇന്റെർനെറ്റ് കണക്ഷനു അപേക്ഷനൽകി എട്ടുമാസത്തോളം കാത്തിരുന്നു. പലതവണ ബന്ധപ്പെട്ട അധികാരികളെക്കണ്ട് ഇതിന്റെ വിവരങ്ങൾ അന്വേഷിച്ചു. എന്നാൽ ഒരിക്കലും വ്യക്തമായ ഒരു മറുപടി ലഭിച്ചില്ല. ഒടുവിൽ വിവരാവകാശനിയമം അനുസരിച്ചു അപേക്ഷിക്കാം എന്നു കരുതി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആരാണെന്നറിയാൻ ബി എസ് എൻ എലിന്റെ സൈറ്റിൽ നോക്കി ആഫീസ് വിലാസവും കണ്ടുപിടിച്ചു എറണാകുളം കളത്തിപറൻപിൽ റോഡിലുള്ള ബി എസ് എൻ എൽ ഭവനിൽ എത്തി. അപ്പോൾ അറിയാൻ കഴിഞ്ഞത് സൈറ്റിൽ പേരുനൽകിയിരിക്കുന്ന ഉദ്യോഗസ്ഥൻ വിരമിച്ചിട്ടു മസങ്ങൾ ആയെന്നും പുതിയ ആൾ സ്ഥലത്തില്ലെന്നും ആണ് (വിവരാവകാശ നിയമം അദ്ധ്യായം 2 4ബി (2) പ്രകാരം ഈ വിവരങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കേണ്ട ചുമതല ബന്ധപ്പെട്ട വകുപ്പിനുണ്ട്) പിന്നീട് വരുവാൻ ആണ് എനിക്കുകിട്ടിയ മറുപടി. പിന്നീട് ആ വഴി പോയില്ല മൂന്നു മസത്തിനുള്ളിൽ നെറ്റ് കണക്ഷൻ കിട്ടി.

രണ്ടാമത്തേത് രാത്രികാലങ്ങളിൽ ഞങ്ങളുടെ റൂട്ടിൽ സ്വകാര്യ ബസ്സുകൾ ട്രിപ്പ് കാൻസൽ ചെയ്യുന്നതു പതിവാണ്. അങ്ങനെ പെരുവഴിയിൽ ആയ ഒരു ദിവസം ഇപ്രകാരം രാത്രി 8:30നു ശേഷം സർവ്വീസ് നടത്തേണ്ട ബസ്സുകളുടെ ചില വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്ന ഒരു അപേക്ഷ പറവൂർ ജോയിന്റ് ആർ ടി ഓഫീസിൽ നൽകാൻ തീരുമാനിച്ചു. ആവശ്യപ്പെട്ട വിവരങ്ങൾ
1. എറണാകുളത്ത് ഹൈക്കോടതി ജംങ്‌ഷനിൽ നിന്നും വൈപ്പിൻ - പള്ളിപ്പുറം റൂട്ടിൽ രാത്രി 8:30നു ശേഷം സർവ്വീസ് നടത്തേണ്ട ബസ്സുകളുടെ പേര്, രജിസ്‌ട്രേഷൻ നമ്പർ, ഉടമസ്ഥന്റെ പേര്, സർവീസ് അവസാനിപ്പിക്കേണ്ട സ്ഥലം.
2. ബസ്സുകൾ മുടങ്ങാതെ സർവ്വീസ് നടത്തുന്നു എന്നുറപ്പിക്കാൻ ആർ ടി എ, പോലീസ് എന്നിവർ സ്വീകരിച്ചിട്ടുള്ള നടപടികൾ.
3. സർവ്വീസ് മുടക്കുന്ന ബസ്സുടമകൾക്കെതിരേ പരാതിപ്പെടുന്നതിനുള്ള നടപടികൾ.
4. ഇത്തരം പരാതികൾ പ്രകാരം ഉടമക്കു ലഭിക്കാവുന്ന ശിക്ഷയുടെ വിശദാംശങ്ങൾ.

എന്നാൽ ഈ അപേക്ഷ സ്വീകരിക്കാൻ കഴിയില്ല എന്നും ഈ കാര്യങ്ങൾ തീരുമാനിക്കുന്നത് അർ ടി ഒ ആണെന്നും അദ്ദേഹത്തെ സമീപിക്കാനും ആണ് പറവൂർ ജോയിന്റ് ആർ ടി ഓഫീസിൽ നിന്നും എനിക്കു കിട്ടിയ മറുപടി. (വിവരാവകാശനിയമം അനുസരിച്ച് (II 6(3)) “ഒരു വിവരത്തിനു വേണ്ടി പബ്ലിക് അഥോറിറ്റിയോടു അപേക്ഷനൽകുമ്പോൾ; മറ്റൊരു പബ്ലിക് അഥോറിറ്റി കൈവശം വെച്ചിട്ടുള്ള വിവരമോ അല്ലെങ്കിൽ മറ്റൊരു പബ്ലിക് അഥോറിറ്റിയുമായി വളരെ അടുത്തുബന്ധപ്പെട്ടിരിക്കുന്ന വിഷയമോ ആകുമ്പോൾ അത്തരം അപേക്ഷനൽകുന്നതു ഏതു പബ്ലിക് അഥോറിറ്റിക്കാണോ ആ ഥോറിറ്റി അപേക്ഷയോ അതിന്റെ ആവശ്യമായിട്ടുള്ള ഭാഗമോ മറ്റേ പബ്ലിക് അഥോറിറ്റിക്കു കൈമറേണ്ടതും അങ്ങനെ കൈമാറിയതിനെക്കുറിച്ച് അപേക്ഷകനെ അറിയിക്കേണ്ടതും ആണ്” എന്നു വിവക്ഷിക്കുന്നു. എന്നാൽ ഇതു ഒരേ അഥോറിറ്റിയുടെ തന്നെ കീഴിലുള്ള വിവരമായിട്ടും അപേക്ഷ സ്വീകരിച്ചില്ല. കക്കാനാട്ടുള്ള ആർ ടി ഓഫീസിൽ അപേക്ഷ നൽകുന്നതിനു മുൻപ വിവരാവകാശനിയമത്തെക്കുറിച്ച് അല്പം വിവരം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞാൻ.

പിന്നെ ഒരു അപേക്ഷകനു മറുപടിനൽകുന്നത് വിവരം വളരെ ബൃഹത്താനെന്ന കാരണത്താൽ നിഷേധിക്കാൻ പാടില്ല എന്നു Kananra Bank Vs Central Information Commission (2007(3) KHC 185) എന്ന കേസിന്റെ വിധിപ്രസ്താവിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായം അല്പം ദീർഘിച്ചതിനു വികടശിരോമണിയോടു ക്ഷമ ചോദിക്കുന്നു.

lakshmy said...

വിവരാവകാശനിയമം പ്രാബല്യത്തിൽ വരുന്നു എന്നത് ‘ജനാധിപത്യ ഇൻഡ്യ’ എന്ന പേര് തികച്ചും അന്വർത്ഥമാക്കുന്ന ഒന്നായാണു തോന്നിയത്. അതിന്റെ മറുവശങ്ങളെ കുറിച്ചു കൂടി മനസ്സിലാക്കാൻ ഇതിലെ കമന്റുകൾ സഹായിച്ചു. ഒരു നിയമം പ്രാബല്യത്തിൽ വന്നു കഴിഞ്ഞാൽ അതിന്റെ അഡ്മിനിസ്ട്രേഷൻ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പിന്നീടാണ് ഉദയം ചെയ്യുന്നത്. അതു കൂടി കണക്കിലെടുത്ത് ആ നിയമത്തിന്റെ അന്തസ്സത്ത ചോരാതെ തന്നെ,നിയമം കാലാകാലം അമന്റ് ചെയ്യേണ്ടതും അത്യാവശ്യം.

നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾ

വികടശിരോമണി said...

കാപ്പിലാൻ,ടോട്ടോചാൻ,അങ്കിൾ,മണികണ്ഠൻ,ലക്ഷ്മി-നന്ദി.
സർക്കാർ ഉദ്യോഗസ്ഥർ അഴിമതിക്കാരും അഹങ്കാരികളും അലസരുമാണെന്ന് സമൂഹത്തിലെ വലിയൊരു പങ്ക് ധരിക്കുന്ന സ്ഥിതി സംജാതമായതിന്റെ അപരാധം,സർക്കാരുദ്യോഗ്ഥർക്കു തന്നെയാണ്.വിവരാവകാശനിയമത്തിന്റെ വരവിനു ശേഷം വന്നിരിക്കുന്ന മാറ്റം അതിനാൽത്തന്നെയാണ് തെളിഞ്ഞുകാണുന്നതും.
മണികണ്ഠന്റെ പരാതി സ്വീകരിക്കാതിരിക്കാൻ പാടില്ലല്ലോ.അപ്പീൽ നൽകുകയാണ് വേണ്ടത്.
കാലാനുസൃതമായ മാറ്റം ഏതുനിയമത്തിനും വേണം,പക്ഷേ ഈ മാറ്റം തിരിഞ്ഞുനടത്തമാണല്ലോ.

ചാണക്യന്‍ said...

അങ്കിളെ,
താങ്കളുടെ ലിങ്ക് വായിച്ചു നന്ദി..
അതില്‍ പറഞ്ഞിരിക്കുന്ന 120 ദിവസത്തിന്റെ ഇടപാട് മിക്ക ആഫീസിലേയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ ചെയ്തിട്ടില്ല...
എന്റെ കമന്റില്‍ ഞാന്‍ ചൂണ്ടിക്കാണിച്ച ചോദ്യത്തിന്റെ ഉടമയുടെ ലക്ഷ്യമെന്താണെന്നുള്ള കാര്യം നില്‍ക്കട്ടെ...ആ വിവരങ്ങള്‍ ഈ ആഫീസില്‍ ഇല്ലാ എന്ന് പറയാന്‍ ഒരു പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ക്കും കഴിയില്ല, കാരണം ജീവനക്കാരുടെ സര്‍വ്വീസ് ബുക്കുകള്‍ ആഫീസില്‍ സൂക്ഷിച്ചിരിക്കുകയല്ലേ....
അതില്‍ നിന്ന് വ്യക്തമായി ജാതി തിരിച്ചുള്ള ലിസ്റ്റ് ഉണ്ടാക്കി കൊടുക്കാന്‍ കഴിയും..ചോദ്യകര്‍ത്താവിന്റെ ആവശ്യവും അതു തന്നെയാണ്...
പക്ഷെ അതിനു വരുന്ന മാനുഷീകപ്രയത്നത്തിന്റെ പേരില്‍ ആ വിവരം നിഷേധിക്കാന്‍ ഒരു ആഫീസര്‍ക്ക് ആവുമോ?
നിലവില്‍ അങ്ങനെയൊരു പ്രമാണമില്ലെങ്കില്‍ തന്നെയും വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ അയാള്‍ ബാദ്ധ്യസ്ഥനല്ലെ?
അതിനു വരുന്ന ചെലവ് എത്രയായാലും അത് വഹിക്കാന്‍ ചോദ്യകര്‍ത്താവ് തയ്യാറാണെങ്കില്‍ അത് നല്‍കിയേ മതിയാവൂ എന്നാണ് എനിക്കു തോന്നുന്നത്..

അങ്കിള്‍ said...

പ്രീയ ചാണക്യന്‍,
ഈ നിയമത്തെപറ്റി എന്റെ ബ്ലോഗില്‍ പലപോസ്റ്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടു കാണുമല്ലോ. ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഒരാഫീസില്‍ പലഫയലുകളിലായി കിടക്കുന്ന വിവരങ്ങളെ കോഡീകരിച്ചു നല്‍കുവാര്‍ ബാധ്യസ്ഥരാക്കുന്ന നിയമങ്ങളില്ല. എന്നാല്‍ എന്തെങ്കിലും ആവശ്യത്തിനുവേണ്ടി അവര്‍ സ്വയം ആ വിവരങ്ങളെ ക്രോഡീകരിച്ചിട്ടുണ്ടെങ്കില്‍ (ഉദാ: സര്‍ക്കാരിന്റെ ആവശ്യത്തിനു വേണ്ടി) അതിന്റെ രേഖ അവിടെ കാണും. ആ രേഖയുടെ പകര്‍പ്പ് ആവശ്യപ്പെടാം. അതാണ് ഞാന്‍ പറഞ്ഞത്, ഒരാഫീസില്‍ സൂക്ഷിച്ചിട്ടുള്ള ഏത് രേഖയുടേയും പകര്‍പ്പ് ആവശ്യപ്പെടാന്‍ ഈ നിയമം ഒരു പൌരനു അവകാശം നല്‍കുന്നു.

എന്നാല്‍ ഏതാഫീസിലേയും ഏതു ഫയലും നേരിട്ട് പരിശോധിക്കുന്നതിനുള്ള അനുവാദം ആവശ്യപ്പെടാം. അങ്ങനെ പരിശോധിക്കുമ്പോള്‍ നമുക്ക് ആവശ്യമെന്നു തോന്നുന്ന രേഖകളുടെയെല്ലാം പകര്‍പ്പുകള്‍ ആവശ്യപ്പെടാം.

ഏതെങ്കിലും ആഫീസ് അവരിലുള്ള വിവരം ക്രോഡീകരിച്ചു തരുന്നെങ്കില്‍ അതവരുതെ കുറ്റബോധം കൊണ്ടോ, അവരുടെ മറ്റു പല പിഴവുകളും മറച്ചു വയ്ക്കുന്നതിനുമോ ആയിരിക്കും.

ഇതു സംബന്ധിച്ചിറങ്ങിയ CIC യുടെ ഉത്തരവുകളെല്ലാം ഞാനും ഫോളോ ചെയ്യുന്നുണ്ട്. അതിലൊന്നും വിവരങ്ങള്‍ പ്രോസസ്സ് ചെയ്ത് കൊടുക്കണമെന്ന് പറഞ്ഞിട്ടുള്ളതായി കണ്ടിട്ടില്ല. മറിച്ചുള്ള ഉത്തരവുകള്‍ കണ്ടെങ്കില്‍ എന്നെയും കൂടി അറിയിക്കാന്‍ മറക്കരുത്. നമുക്കത് വളരെയധികം പ്രയോജനപ്പെടും. പക്ഷേ സാധ്യതയില്ല, കാരണം അങ്ങനെ അനുവദിച്ചാല്‍, ഒരു Pandora's Box തുറക്കുന്നതിനു തുല്യമായിരിക്കും. സര്‍ക്കാരാഫീസുകള്‍ക്ക് വിവരങ്ങള്‍ പ്രോസസ്സ് ചെയ്യാന്‍ മാത്രമേ സമയം കാണൂ.
സസ്നേഹം.

അങ്കിള്‍ said...

പ്രീയ ചാണക്യന്‍,
ഈ നിയമത്തെപറ്റി എന്റെ ബ്ലോഗില്‍ പലപോസ്റ്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടു കാണുമല്ലോ. ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഒരാഫീസില്‍ പലഫയലുകളിലായി കിടക്കുന്ന വിവരങ്ങളെ കോഡീകരിച്ചു നല്‍കുവാര്‍ ബാധ്യസ്ഥരാക്കുന്ന നിയമങ്ങളില്ല. എന്നാല്‍ എന്തെങ്കിലും ആവശ്യത്തിനുവേണ്ടി അവര്‍ സ്വയം ആ വിവരങ്ങളെ ക്രോഡീകരിച്ചിട്ടുണ്ടെങ്കില്‍ (ഉദാ: സര്‍ക്കാരിന്റെ ആവശ്യത്തിനു വേണ്ടി) അതിന്റെ രേഖ അവിടെ കാണും. ആ രേഖയുടെ പകര്‍പ്പ് ആവശ്യപ്പെടാം. അതാണ് ഞാന്‍ പറഞ്ഞത്, ഒരാഫീസില്‍ സൂക്ഷിച്ചിട്ടുള്ള ഏത് രേഖയുടേയും പകര്‍പ്പ് ആവശ്യപ്പെടാന്‍ ഈ നിയമം ഒരു പൌരനു അവകാശം നല്‍കുന്നു.

എന്നാല്‍ ഏതാഫീസിലേയും ഏതു ഫയലും നേരിട്ട് പരിശോധിക്കുന്നതിനുള്ള അനുവാദം ആവശ്യപ്പെടാം. അങ്ങനെ പരിശോധിക്കുമ്പോള്‍ നമുക്ക് ആവശ്യമെന്നു തോന്നുന്ന രേഖകളുടെയെല്ലാം പകര്‍പ്പുകള്‍ ആവശ്യപ്പെടാം.

ഏതെങ്കിലും ആഫീസ് അവരിലുള്ള വിവരം ക്രോഡീകരിച്ചു തരുന്നെങ്കില്‍ അതവരുതെ കുറ്റബോധം കൊണ്ടോ, അവരുടെ മറ്റു പല പിഴവുകളും മറച്ചു വയ്ക്കുന്നതിനുമോ ആയിരിക്കും.

ഇതു സംബന്ധിച്ചിറങ്ങിയ CIC യുടെ ഉത്തരവുകളെല്ലാം ഞാനും ഫോളോ ചെയ്യുന്നുണ്ട്. അതിലൊന്നും വിവരങ്ങള്‍ പ്രോസസ്സ് ചെയ്ത് കൊടുക്കണമെന്ന് പറഞ്ഞിട്ടുള്ളതായി കണ്ടിട്ടില്ല. മറിച്ചുള്ള ഉത്തരവുകള്‍ കണ്ടെങ്കില്‍ എന്നെയും കൂടി അറിയിക്കാന്‍ മറക്കരുത്. നമുക്കത് വളരെയധികം പ്രയോജനപ്പെടും. പക്ഷേ സാധ്യതയില്ല, കാരണം അങ്ങനെ അനുവദിച്ചാല്‍, ഒരു Pandora's Box തുറക്കുന്നതിനു തുല്യമായിരിക്കും. സര്‍ക്കാരാഫീസുകള്‍ക്ക് വിവരങ്ങള്‍ പ്രോസസ്സ് ചെയ്യാന്‍ മാത്രമേ സമയം കാണൂ.
സസ്നേഹം.

ചാണക്യന്‍ said...

അങ്കിളെ,
വിവരാവകാശ നിയമത്തില്‍ എന്താണ് വിവരം അതായത് ഇന്‍ഫര്‍മേഷന്‍ എന്നതിന്റെ നിര്‍വചനത്തില്‍, രേഖകളും പ്രമാണങ്ങളും മാത്രമല്ല അഭിപ്രായങ്ങള്‍, ഉപദേശങ്ങള്‍ എന്നിവകൂടാതെ തത്സമയം നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം ഒരു പൊതു അധികാരകേന്ദ്രത്തിന് ലഭ്യമാക്കാവുന്ന തരത്തിലുള്ളതുമായ വിവരങ്ങളും ഉള്‍പ്പെടും എന്ന് പറയുന്നുണ്ട്.
നിലവില്‍ ക്രോഡീകരിച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് ഒരാളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കാന്‍ ഈ നിയമം അവസരം നല്‍കുന്നില്ല.
“ഇന്‍ഡ്യയെപ്പോലുള്ള ഒരു ജനാധിപത്യരാജ്യത്തില്‍ ഗവണ്മെന്റിന്റെ എല്ലാ ഘടകങ്ങളും ചുരുക്കം ചില രഹസ്യ സംഗതികളൊഴികെ അതിന്റെ എല്ലാ പ്രവര്‍ത്തികള്‍ക്കും ജനങ്ങളോട് ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു. പബ്ലിക് സര്‍വന്റ് ആ നിലയില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ട്”(State of UP v. Raj Narayanan 1975(4) SCC 428)
മുന്‍പുണ്ടായ വിധിയാണെങ്കിലും ഇതിന് വിവരാവകാശ നിയമത്തില്‍ സ്വാധീനമുണ്ടെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ചോദ്യകര്‍ത്താവിന്റെ ചോദ്യവുമായി ബന്ധപ്പെട്ട രേഖ ഓഫീസില്‍ ഇല്ല എന്ന കാരണത്താല്‍ അയാള്‍ ചോദിച്ച വിവരത്തെ നിഷേധിക്കാന്‍ കഴിയില്ല. അത്തരമൊരു രേഖ ക്രോഡീകരിക്കാത്തത് ചോദ്യകര്‍ത്താവിന്റെ കുറ്റമല്ല, അത് ചെയ്യേണ്ടത് സര്‍ക്കാരാണ്...
ജനത്തിന്റെ അറിയാനുള്ള അവകാശത്തിനെ സംരക്ഷിക്കാനാണ് നിയമമുണ്ടാക്കിയത്. അത്തരുണത്തില്‍ ഇവിടെ ഈ വിവരം ലഭ്യമല്ല എന്ന ഉത്തരം നല്‍കി മടക്കാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍‌മാര്‍ മടിക്കും.

അങ്കിള്‍ said...

ചോദിക്കുന്ന വിവരം മുഴുവന്‍ ലഭ്യമാക്കണമെന്നാഗ്രഹിക്കുന്നവനാണ് ഞാന്‍. കാരണം, എന്റെ സര്‍ക്കാര്‍ കാര്യത്തില്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നതു മുഴുവന്‍ വിവരാവകാശനിമയം മൂലം ലഭിക്കുന്ന കാര്യങ്ങളാണു. അതുകൊണ്ട് എത്രയും കൂടുതല്‍ വിവരം കിട്ടുന്നതിനോടും യോജിപ്പാണെനിക്ക്.

പത്തു മുപ്പതു കൊല്ലാം സര്‍ക്കാര്‍ ആഫീസിലെ എല്ലാ ലെവലിലും ജോലിയെടുത്തവനല്ലേ ഞാനും. ഉദ്ദ്യ്യോഗസ്ഥര്‍ക്കെതിരെയുള്ള വിമര്‍ശനമാണെന്റെ പോസ്റ്റുകള്‍ മുഴുവനും. നിയമപ്രകാരമുള്ള ജോലിചെയ്യാനേ മടിയുള്ള അവരോട് നിയമം അനുശാസിക്കാത്ത ജോലി ചെയ്യാന്‍ പറഞ്ഞാല്‍ ഒട്ടും ചെയ്യില്ലെന്ന് നേരിട്ടനുഭവിച്ചിട്ടുള്ളവനാണ് ഞാന്‍.

ഏതൊരാഫീസിലുമുള്ള DATA മുഴുവന്‍ തരാന്‍ ബാധ്യസ്ഥരാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ അതിന്റെ പ്രോസ്സസ്സ് ചെയ്യുമ്പോള്‍ അതൊരു പുതിയ Information ആകും. അത്തരത്തിലുള്ള ഒരു information ഉണ്ടാക്കി തരാന്‍ ബാധ്യത യുണ്ടോ എന്നായിരുന്നു എന്റെ സംശയം മുഴുവന്‍ . ഇങ്ങനെയുള്ള അവസരങ്ങളില്‍, എനിക്കാവശ്യമുള്ള DATA ഉണ്ടാകാന്‍ സാധ്യതയുള്ള രേഖകളുടെ പരര്‍പ്പുകളാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അതിനെ പ്രോസസ്സ് ചെയ്ത് എനിക്കാവശ്യമുള്ള രീതിയിലാക്കുന്നത് ഞാന്‍ തന്നെയാണ്.

എന്നാല്‍, പലയിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന വിവരം അതേപടി വേറൊരു പുതിയ പേജില്‍ ഒന്നിച്ചാക്കി തരാറുണ്ട്. അവിടെ ഒരു പുതിയ Information ഉണ്ടാകുന്നില്ല. അതുകൊണ്ടായിരിക്കണം അങ്ങനെ തരാന്‍ തയ്യാറായിരിക്കുന്നത്.

ഏങ്ങനെയായാലും, കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ തരാന്‍ തയ്യാറാകുന്നത് തന്നെ യാണ്‍ എല്ലാപേര്‍ക്കും നല്ലത്.

നിങ്ങടെകൂടെ ഞാനും ഉണ്ട്.

വികടശിരോമണി said...

ചാണക്യൻ,അങ്കിൽ-
ചർച്ചകൾക്കു നന്ദി.
വിവരാവകാശനിയമത്തിൽ വിവരമെന്ന വാക്കിനു കൊടുത്തിരിക്കുന്ന നിർവ്വചനത്തിന്റെ വൈപുല്യം,ചാണക്യൻ പറഞ്ഞതരം അപേക്ഷകളേയും അംഗീകരിക്കുന്നില്ലേ?
വിവരാവകാശനിയമം2ൽ 8-വിവരം നൽകുന്നതിൽ നിന്ന് ഒഴിവാക്കൽ വിവരിക്കുമ്പോൾ,പാർലിമെന്റിനോ,അല്ലെങ്കിൽ ഒരു സംസ്ഥാനനിയമസഭക്കോ നിഷേധിക്കാത്ത വിവരം ഒരു പൌരന് നിഷേധിക്കാൻ പാടില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്.
ചാണക്യൻ പറഞ്ഞ തരം ചോദ്യത്തിൽ നിന്ന് അങ്ങനെ ഒഴിവാനാകുമെന്ന് തോന്നുന്നില്ല.