ഓർമ്മകൾ സ്വയമേവ ഒരു ജീവിതമാണെന്നു തോന്നുന്നു.
ഓരോരുത്തരുടെയും ഹൃദയത്തിന്റെ സങ്കോചവികാസങ്ങളിൽ കാലത്തിന്റെ ഉത്തോലകങ്ങൾ തുടിയ്ക്കുന്ന ഒരു സമയമുണ്ട്.ത്രാസിന്റെ സൂചികളെപ്പോലെ ഇഹപരങ്ങൾക്കിടയിൽ ആടിയുലയുന്ന മറ്റൊരു സമയവും. അറുപതുനിമിഷങ്ങൾക്കിടയിൽ ഇണ ചേരുന്ന സമയസൂചികൾ വീണ്ടും ഊർജ്ജവാഹികളായി മൈഥുനത്തിലെത്തും പോലെ,ഓർമ്മകളും ഒരു ക്രാന്തിവൃത്തം പൂത്തിയാക്കിയാൽ നമ്മളോടിണചേരുന്നു.
വിൿടോറിയകോളേജിന്റെ വാച്ച് ടവറിനെ നോക്കിയാണ് കൽപ്പാത്തിപ്പുഴ പോലും സമയമറിഞ്ഞുണരുന്നത് എന്നു കരുതിയ കാലം.സൂര്യൻ ആകാലനിലത്തിലൂടെ ഇഴഞ്ഞുവന്ന് മഞ്ഞവിഷം കക്കുന്ന പാലക്കാടൻ നട്ടുച്ചകളേയും സുര്യോത്സവങ്ങളേയും പിന്നിട്ട്,വൈകുന്നേരം ക്ലാസുപിരിഞ്ഞ ശേഷം ഞങ്ങൾ മൂന്നുനാലുകൂട്ടുകാർക്ക് ഒരു സ്ഥിരം യാത്രയുണ്ടായിരുന്നു,കൽപ്പാത്തി അഗ്രഹാരത്തിലൂടെ.ബൈക്കിൽ പില്ലർ ജങ്ങ്ഷൻ എന്ന കൽപ്പാത്തിയുടെ പ്രവേശസ്ഥലം വരെ പോകും.അവിടെ പോറ്റീസ് ഹോട്ടലിൽ നിന്ന് ഓരോ മസാലദോശ,കേസരി,ചായ.പിന്നെ അഗ്രഹാരത്തിലൂടെ നടത്തമാണ്.
കൽപ്പാത്തിയുടെ അഗ്രഹാരം പാലക്കാടിലെ ഒരു മറുലോകമാണ്.ഒരു വശം എപ്പോഴും പൊട്ടിച്ചിരിച്ചൊഴുകുന്ന കൽപ്പാത്തിപ്പുഴ.നിരത്തിനിരുവരത്തും വരിവരിയായി വീടുകൾ.എല്ലാറ്റിനും ഒരേ രൂപം,ഭാവം.ചേല ഞൊറിഞ്ഞുടുത്ത തമിഴ്ബ്രാഹ്മണസ്ത്രീകളുടെ മലയാളവും തമിഴും കലർന്ന വാഗ്വിലാസങ്ങൾ.വൈകുന്നേരത്തിലെ ഇളവെയിലിൽ,അൽപ്പനേരം മുൻപ് ആകാശത്തിനു താഴെ അഗ്നിവല നെയ്ത വെയിൽപ്പെരുക്കങ്ങളെ പാലക്കാടിന്റെ അനുഗ്രഹമായ കാറ്റ് മായ്ച്ചു കളയുന്നത് ഇവിടെയാണ്.ഓരോ വീടിനും മുന്നിൽ ഒരു പകലിരവുമാത്രം കണ്ടു മാഞ്ഞുപോകേണ്ട കോലങ്ങൾ.പൂണൂലിനും കുടവയറിനും മീതേ കുലുങ്ങുന്ന വെടിവട്ടവുമായി കൂടിയിരിയ്ക്കുന്ന തമിഴ്ബ്രാഹ്മണർ.ഇടയിൽ,ഏതൊക്കെയോ വാതിൽപ്പാളികടന്നു പതിയ്ക്കുന്ന നോട്ടങ്ങൾ,പാദസരനാദത്തിന്റെ ചീളുകൾ…
സംഗീതം ഇവിടെ ദാസ്യവൃത്തിയിലാണ്.അഗ്രഹാരത്തിലെ വീടുകളെ നിർമ്മലമാക്കുന്ന,ഒരു സ്വാഭാവികവൃത്തി.എല്ലാ വീട്ടിലും സംഗീതം ഒരു നിത്യദാസിയെപ്പോലെ കൂടെയുണ്ട്.പെൺകുട്ടികളുടെ പ്രധാനപ്പെട്ട ഒരു വിവാഹയോഗ്യത തന്നെ,സംഗീതത്തിലും നൃത്തത്തിലുമുള്ള പ്രാവീണ്യമാണ്.ഞങ്ങൾ നടക്കുമ്പോൾ ഇരു വശത്തുനിന്നും കേൾക്കാം,കുട്ടികൾ പാടിപ്പഠിക്കുന്നത്.ലംബോധര….ദേവദേവകലയാമിതേ….മറ്റു ചിലയിടങ്ങളിൽ നിന്ന് ജി.എൻ.ബിയും മധുരമണിയും പട്ടമ്മാളും അരിയക്കുടിയും എം.എൽ.വസന്തകുമാരിയും പാടുന്ന റെക്കോഡുകൾ.പാലക്കാട് രഘുവിന്റെയും രാമനാഥപുരം കന്തസ്വാമിയുടെയും തനിയാവർത്തനങ്ങൾ.ഗോപാലകൃഷ്ണനും ത്യാഗരാജനും വയലിനിൽ തീർത്ത ഉന്മാദങ്ങൾ.ഒരിടത്തു നിന്നു ശേഷഗോപാലിനെ കേട്ട്,തൊട്ടടുത്തു നിന്ന് മഹാരാജപുരം സന്താനത്തെ കേൾക്കുമ്പോൾ ബഹുരൂപിയായ കൽപ്പാത്തിയുടെ ഗേയപാരമ്പര്യം നമ്മെ ഇളങ്കാറ്റിനൊപ്പം ആശ്ലേഷിക്കും.
സ്വാഭാവികമായും,സംഗീതത്തെപ്പറ്റിത്തന്നെയായി ഞങ്ങളുടെ അഗ്രഹാരത്തിലെ വൈകുന്നേരചർച്ചകൾ.പ്രിയപ്പെട്ട കൂട്ടുകാരൻ രാജീവും ഞാനുമായി സ്ഥിരം തല്ലുകൂടി.അവനു ടി.എൻ.ശേഷഗോപാലിന്റെ ഭ്രാന്ത്,എനിയ്ക്ക് കെ.വി.നാരായണസ്വാമിയുടെയും.സംഗീതം ബുദ്ധിയോടോ ഹൃദയത്തോടോ സംസാരിക്കേണ്ടത് എന്ന ഉത്തരമില്ലാത്ത സംവാദം.ലോകത്താർക്കും കേട്ടുപരിചയമില്ലാത്ത രാഗങ്ങളുടെ ശേഷഗോപാൽ സംഗീതത്തെപ്പറ്റി രാജീവ് വാചാലനാകുമ്പോൾ,ഞാൻ നാരായണസ്വാമിയുടെ ഇളനീരുപോലെയുള്ള സംഗീതവും കുഞ്ഞിരാമൻ നായരുമായുള്ള ബന്ധങ്ങളെപ്പറ്റി പറയും.അവസാനം ശാരീരികയുദ്ധത്തിലെത്തുമ്പോൾ ഒന്നുകിൽ ഒപ്പമുള്ള ശ്രീനിയും സുദേവും പിടിച്ചുമാറ്റും,അല്ലെങ്കിൽ ഏതെങ്കിലും ഒരു തമിഴ് സൌന്ദര്യത്തെക്കാണുമ്പോൾ ഞങ്ങൾ ആദരപൂർവ്വം നിശ്ശബ്ദത പാലിക്കും.ഞങ്ങൾക്കു രണ്ടുപേർക്കും പൂർണ്ണമായി യോജിക്കാവുന്ന ഒറ്റ സംഗീതസ്ഥലമേ ഉള്ളൂ;എം.ഡി.രാമനാഥൻ.ഒരേ സമയം ബുദ്ധിയും ഹൃദയവും മോഷ്ടിക്കുന്നവൻ.കലഹങ്ങളുടെ രാഗപ്രവാഹം.സൂക്ഷ്മമായ ശൈഥില്യവും ലയവും.ആഴങ്ങളിലേയ്ക്കു സാന്ദ്രമായും ഉയരങ്ങളിലേയ്ക്കു മേഘശ്രുതിയായും പ്രസ്താരമേൽക്കുന്ന ആ മഹാകാരത്തിനു മുന്നിൽ ഞങ്ങൾ രണ്ടു കുട്ടികളും വാഗർത്ഥങ്ങളുടെ യോജിപ്പു കൈക്കൊണ്ടു.
അത്തരമൊരു ചൂടേറിയ വാക്പ്പയറ്റിനിടയിലാണ്,ഞങ്ങൾ ആ എം.ഡി.ആർ സംഗീതം കേൾക്കുന്നത്.ഇരു കൈവഴികളായി പിരിയുന്ന കൽപ്പാത്തിയിലെ അനേകം കവലകളിലൊന്നിനു വലതുവശത്ത്,ചെറിയൊരു കോലം മാത്രം മുന്നിലണിഞ്ഞ് കുമ്മായമടർന്ന ചുവരുകളുള്ള ഒരു വീട്ടിനുള്ളിൽ നിന്ന് രീതിഗൌളയുടെ രാഗാലാപമായി അതു ഞങ്ങളെ വന്നു പുണർന്നു.രാജീവാണ് പെട്ടെന്നു കൈപിടിച്ചു നിർത്തിയത്.“ഇതു കേട്ടിട്ടില്ലല്ലോടാ”എന്നവൻ മെല്ലെ പറഞ്ഞു.“ഹേയ്,ഇതെന്റെ കയ്യിലുണ്ട്,‘ജോ ജോ രാമ’ആണെന്നേ”എന്നു ശ്രീനി.അതല്ലെന്നുറപ്പ് എന്നു രാജീവിന്റെ വാശി.തർക്കമായ സ്ഥിതിയ്ക്ക് രാഗാലാപനം കഴിയും വരെ നിന്നു കേൾക്കാം എന്നുവെച്ചു.പത്തുമിനിറ്റോളം നീണ്ട ആ രീതിഗൌളയുടെ സഞ്ചാരം തന്നെ,ഞങ്ങളെ കാത്തിരിയ്ക്കുന്നത് എന്തോ അത്ഭുതമാണ് എന്നു തോന്നിച്ചു.രാഗഭാവത്തിന്റെ സമസ്തമേഖലകളേയും പിഴിഞ്ഞെടുത്ത ആലാപനം.സാഹിത്യം തുടങ്ങിയപ്പോൾ ശ്രീനിയുടെ പ്രവചനം തെറ്റി.“നിനുവിനാ”എന്ന ശ്യാമശാസ്ത്രിയുടെ കൃതിയായിരുന്നു അത്.അനതിസാധാരണമായ രാമനാഥസംഗീതത്തിന്റെ മുഴുവൻ മാസ്മരികഭംഗിയും അലിഞ്ഞുചേർന്ന സ്വരവിസ്താരം.നിന്നിടത്തു നിന്ന് ഞങ്ങൾ മെഴുകുപ്രതിമകളായി ഉരുകി.കീർത്തനം തീർന്ന ഉടനേ രാജീവ് “ഇതിന്റെ കോപ്പി കിട്ടാനെന്താണു വഴി”എന്ന ആത്മഗതാഗതത്തിലേയ്ക്കു കയറിയതാണ്.അഗ്രഹാരത്തിന്റെ യാഥാസ്ഥിതികസ്വഭാവം അറിയാവുന്നതുകൊണ്ട്,ഞാൻ “നമുക്കു തൽക്കാലം പോയേക്കാം”എന്നു പെട്ടെന്നു കയറിപ്പറഞ്ഞു.നല്ലൊരു സംഗീതാനുഭവത്തിനു തൊട്ടുപിന്നാലെ,കുറേ തമിഴ്ചീത്തവിളികൾ കേൾക്കുന്നത് അത്ര സുഖമാവില്ല എന്നറിയുന്നതുകൊണ്ട്.
പിറ്റേന്നു മസാലദോശയുടെയും ചൂടുചായയുടേയും രസക്കൂട്ടിനകത്തിരുന്നപ്പോഴേ ഞങ്ങൾ വെറുതേ ഒരു തീരുമാനമെടുത്തു,ഇന്നും അവിടെ പോയി നോക്കണം എന്ന്.കൃത്യം ആറുമണിയ്ക്ക് അവിടെയെത്തിയതും ഇന്നലത്തെ അതേ കീർത്തനം തുടങ്ങി!ആറരയാകുമ്പോഴേയ്ക്കും അത് അവസാനിച്ചപ്പോഴും ആ വീടിന്റെ മുൻഭാഗത്തെങ്ങും ആരെയും കണ്ടില്ല.തുടർന്ന്,ഒരാഴ്ച്ചയിലധികം ഞങ്ങൾ ആറുമണിയ്ക്ക് അവിടെയെത്തി ആ ഒരേ കീർത്തനം കേട്ടു.എന്താണ് ഈ കൃത്യസമയത്ത് ഒരു പ്രത്യേകകീർത്തനം വെക്കുന്നതിലെ ഗുട്ടൻസ് എന്ന് ഞങ്ങളന്ന് കുറേ ചർച്ച ചെയ്തിട്ടുണ്ട്.രീതിഗൌളയോടാണോ രാമനാഥനോടാണോ ആ ആരാധന എന്നു വരെ.എന്തായാലും പിന്നെപ്പിന്നെ,ശ്രീനി പറഞ്ഞതുപോലെ മസാലദോശയും ചായയും കേസരിയും പോലെ,ആ കീർത്തനം ദിവസവും കേൾക്കലും ഒരു ശീലമായി.എത്ര കേട്ടാലും പുതിയ അടരുകളിൽ ചെന്നുടക്കാൻ മരുന്നു ബാക്കിയുള്ള രാമനാഥന്റെ ആലാപനം എന്നും ഞങ്ങൾക്കു പുതുമകൾ തന്നു.ഒരാഴ്ച്ചയ്ക്കു ശേഷം ആണ്,ഒരു ചേല ചുറ്റിയ ‘പട്ടമ്മാളി’നെ ആ വീടിന്റെ മുൻവശത്തു കണ്ടത്.ആ ആവേശത്തിൽ,ഞാൻ പെട്ടെന്നു കയറി “ആ പാടുന്ന കാസ്റ്റ് ഒന്നു തരാമോ,കോപ്പി എടുത്തു തിരിച്ചു തരാം”എന്നോ മറ്റോ ചോദിച്ചു.പെട്ടെന്നു മുഖം വെട്ടിത്തിരിച്ചു നോക്കി,അവർ പറഞ്ഞ “മുടിയാത്”എന്ന ഒറ്റവാക്ക് ഇപ്പോഴും ചെവിയിലുണ്ട്.സൈക്കിളിൽ നിന്നു വീണ കുട്ടിയുടെ ഭാവത്തോടെ പിന്തിരിയുമ്പോൾ രാജീവിന്റെ ചിരിയും.
അതോടെ,അതു സംഘടിപ്പിക്കൽ ഒരു വാശിയായി.കൽപ്പാത്തിയിലുള്ള ഹരിയെന്ന കൂട്ടുകാരനെ പിടിച്ചു.അവനേയും കൂട്ടി ആ വീട്ടിലേക്കു ചെന്നപ്പോൾ അവന്റെ ഒപ്പം സ്കൂളിൽ പഠിച്ച ഒരു സഹപാഠിയുടെ വീടാണത്.“ഞാൻ സംഘടിപ്പിച്ചു തരാം”എന്നവൻ പറഞ്ഞ സന്തോഷത്തിൽ,“ഞാനും ഒപ്പം വരാം.രണ്ടു മണിക്കൂർ നേരം മതി,കോപ്പി എടുത്ത് നമുക്ക് തിരിച്ചുകൊടുക്കാം,ഞാനും വരാം”എന്നു പറഞ്ഞ് ഞാനും ഒപ്പം ചെന്നു.

ആ വീട്ടിൽ ചെന്നപ്പോൾ എന്നോടു കണ്ണുരുട്ടിയ പട്ടമ്മാളും,അവരുടെ അനിയൻ മറ്റൊരു പട്ടരും ഉണ്ടായിരുന്നു.കാര്യം ഹരി പറഞ്ഞ ഉടനേ,അവർ പരസ്പരം നോക്കി.പട്ടമ്മാളുടെ കണ്ണുനിറഞ്ഞുവോ? പാതി തമിഴും മലയാളവും കലർന്ന കൽപ്പാത്തിഭാഷയിൽ,അനിയൻ പറഞ്ഞു:
“ആ കാസറ്റ് ഇവിടെ വലിയൊരു നിധിയാണ്.എന്റെ ചേട്ടന് മനസ്സിനു നല്ല സുഖമില്ല.വെള്ളം അലർജിയാണ്.കുളിപ്പിക്കുക എന്നു പറഞ്ഞാൽ മതി,വയലന്റാകും.ആ രാമനാഥന്റെ കീർത്തനം കേട്ടാൽ സമാധാനമാണ്.ഒരു പ്രശ്നവും ഉണ്ടാക്കാതെ സഹകരിക്കും.സന്ധ്യയ്ക്ക് ആറുമണിയ്ക്ക് ആണു കുളിപ്പിയ്ക്കാറ്.അതിനായാണ് എന്നും വൈകുന്നേരം അതു വെയ്ക്കുന്നത്.”
ഒന്നും പറയാനുണ്ടായിരുന്നില്ല.അകത്തെ മുറിയിൽ,കാലിൽ ചങ്ങലയുമായി കൂനിക്കൂടിയിരിക്കുന്ന ഒരു കറുത്തരൂപത്തെ അയാൾ കാണിച്ചുതന്നു.ഞങ്ങൾ തിരിഞ്ഞുനടന്നു.പിന്നെ അതു കേൾക്കാൻ പോകാനായില്ല.പോകാൻ തോന്നിയില്ല.