വലതോ ഇടതോ എന്നു സംശയിപ്പിക്കുകയും,ഇടതിനെ നേരെയാക്കാനാണു ശ്രമം എന്നുദ്‌ഘോഷിക്കുകയും,എന്നാൽ വലതുപക്ഷരാഷ്ട്രീയം പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്ഥിരം ശ്രീനിവാസൻ കലാപരിപാടിയിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല,‘മകന്റെ അച്ഛൻ’.എങ്കിലും പതിവുപോലെ, മലയാളിമനുഷ്യരോട് ഈ സിനിമ ചിലചോദ്യങ്ങൾ ചോദിയ്ക്കുന്നുണ്ട്,അതു കാലികവുമാണ്.
സമൂഹനിഷ്ഠമായി നാം കരുതിപ്പോന്ന ഓരോന്നായി വ്യക്തിനിഷ്ഠമാണെന്നു പ്രഖ്യാപിക്കലാണല്ലോ മുതലാളിത്തത്തിന്റെ കുറേക്കാലമായുള്ള നാടകം.പ്രതിഷേധിക്കാനുള്ള അച്ചടിക്കറുപ്പാണു പത്രം എന്നു പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള ജനിച്ചനാട്ടിൽ,ഇന്നു പ്രധാനമായി രണ്ടുലക്ഷ്യങ്ങളാണ് പത്രങ്ങൾക്കുള്ളത്;ഒന്നു കല്യാണബ്രോക്കർപണി,മറ്റൊന്നു ചില ലോട്ടറിക്കളികൾ.രണ്ടും നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ.ആരാണ് സമുദ്രത്തിന്റെ കരയിൽ നിൽക്കുന്നത്,ആരാണ് ബക്കറ്റിൽ വെള്ളം കോരുന്നത് എന്നു കണ്ടുപിടിക്കാനാണ് വ്യക്തികളോടു രാഷ്ട്രീയം തന്നെ ആവശ്യപ്പെടുന്നത്.സാമൂഹികത എന്ന കാര്യം ഒരു പഴഞ്ചരക്കായിരിക്കുന്നു.അപ്പോൾ പിന്നെ,മകന്റെ അച്ഛൻ കുടുംബം എന്ന യൂനിറ്റിനെ കാണുന്നതും വ്യത്യസ്തമാകാത്തതിൽ അത്ഭുതമില്ലല്ലോ.
സ്വന്തം കുടുംബം നേരെയാക്കത്തവനാണോ നാടുനേരെയാക്കുന്നത് എന്ന വലതുപക്ഷചോദ്യം ചോദിക്കാനാണ് ഒരു സിനിമയുടെ മുഴുവൻ റീലുകളും വളഞ്ഞുമൂക്കുപിടിയ്ക്കുന്നത്.മൂന്നു തലമുറയുടെ ചിത്രീകരണമാണു മകന്റെ അച്ഛനിൽ.ഒന്ന്,ജീവിതസായാഹ്നത്തിൽ,തന്റെ മകനായ വിശ്വനാഥന്റെ(ശ്രീനിവാസൻ) വീട്ടിൽ കുളിച്ചുണ്ടു സുഖിച്ചുതാമസിയ്ക്കാൻ വരുന്ന അച്ഛനമ്മമാരാണ്.വിശ്വനാഥന്റെ ഭാഷയിൽ “മേലും കീഴും നോക്കെണ്ടാത്തവർ-ഇടിത്തീകൾ”.രണ്ടാമത്തേത്,മകനെ എഞ്ചിനീയറാക്കുക എന്ന ജന്മലക്ഷ്യവുമായി,സ്വയം കഷ്ടപ്പാടുകൾ സഹിച്ചും,അമ്പതുരൂപയുടെ റോഡരികിൽ കിട്ടുന്ന കണ്ണട ഉപയോഗിച്ചും ജീവിക്കുന്ന മാതൃകാവില്ലേജോഫീസറായ വിശ്വനാഥനും,അയാളുടെ സ്നേഹമയിയായ മാതൃകാഭാര്യയും.മൂന്നാമത്തെ തലമുറ,ഒട്ടും താല്പര്യമില്ലാഞ്ഞിട്ടും എൻട്രൻസ് കോച്ചിങ്ങിനു വിധിക്കപ്പെടുന്ന,അവസാനം റിയാലിറ്റി ഷോ എന്ന അസംബന്ധനാടകത്തിലൂടെ ഹീറോ ആകുന്ന മകൻ മനുവും,അനിയത്തിയും.പതിവുചേരുവകളെല്ലാം പഴയപോലെയുണ്ട്.
എങ്ങനെയെങ്കിലും എൻട്രൻസ് പാസാക്കി,മകനെ എഞ്ചിനീയറായി കാണണമെന്ന മോഹവുമായി വിശ്വനാഥനും,എന്നാൽ ഒട്ടും അഭിരുചിയില്ലാത്ത കാര്യത്തിൽ പരാജിതനാകുന്ന മനുവും,നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദമാണ്.അതു മാതാപിതാക്കളുടെ അത്യാഗ്രഹം കൊണ്ടു മാത്രമാണെന്നുള്ള അർദ്ധസത്യം സമർത്ഥിക്കാണ് നമ്മുടെ മനഃശാസ്ത്രജ്ഞരും,സർവ്വേകളും,കുറേ മാധ്യമങ്ങളും ചേർന്നു ശ്രമിയ്ക്കുന്നത്.മകന്റെ അച്ഛൻ പറയുന്നതും മറ്റൊന്നല്ല.ബാക്കി അർദ്ധത്തെ,മനപ്പൂർവ്വം വിട്ടുകളയുന്നു.തൊഴിൽമേഖലയിലും സാമ്പത്തിക വിതരണത്തിലും ഉള്ള അവ്യവസ്ഥയുടെ ബാക്കിപത്രമാണ് സത്യത്തിൽ ഈ ഭീതി.സുരക്ഷിതത്വമില്ലാത്ത ഈ ലോകത്ത് തങ്ങളുടെ മക്കളെ എങ്ങനെയും സുരക്ഷിതരാക്കുക എന്ന ആലോചനയെ മാത്രം കാണുകയും,അതു സൃഷ്ടിച്ച സാമൂഹ്യപരിസരത്തിനു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നിടത്താണ് ഈ സിനിമയുടെ രാഷ്ട്രീയം വ്യക്തമാകുന്നത്.
പക്ഷേ,സിനിമയുടെ മറുപുറം കുറേക്കൂടി പ്രസക്തവും,കാലികവുമാണ്.ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന ഹിമവൽ ചൈതന്യ എന്ന ആൾദൈവവും,ഭൂമിക്കച്ചവടബന്ധങ്ങളും തൊലിയുരിയുന്നത് നമ്മുടെ നീതിന്യായവ്യവസ്ഥയുടേയും പൊതുജനമനശ്ശാസ്ത്രത്തിന്റെയും അവസ്ഥകളേയാണ്.സന്തോഷ് മാധവനിൽ തുടങ്ങിയ കപടസന്യാസിവേട്ടയും,യുവജനസംഘടനകളുടെ താടികത്തിക്കലുമൊക്കെ എല്ലാവരും മറന്നുതുടങ്ങിയിരിയ്ക്കുന്നു.തൽക്കാലത്തെ കൊടുങ്കാറ്റിൽ മാളത്തിലൊളിച്ച മുനിവര്യന്മാരൊക്കെ ഇപ്പോൾ വീണ്ടും പുറത്തിറങ്ങിയിരിയ്ക്കുന്നു.അവർ നയിക്കുന്ന ‘യാഗ’ങ്ങളിൽ നമ്മുടെ പ്രബുദ്ധരാഷ്ട്രീയ-സാംസ്കാരിക-സാഹിത്യനായകർ ഉളുപ്പൊന്നും കൂടാതെ പങ്കെടുക്കുന്നു.പൊതുജനത്തിന്റെ ഓരോ യോഗം!
സായിപ്പന്മാരെയും സായിപ്പത്തികളെയും വാടകയ്ക്കെടുത്തു കരയിപ്പിച്ചും,കോഴിബിരിയാണി എന്ന “മതസൌഹാർദ്ദബിരിയാണി”വിതരണം ചെയ്തും,സന്യാസിനികളുമായി രമിച്ചുകഴിയുന്ന ഹിമവൽചൈതന്യ എന്ന സ്വാമിയുടെ മറ്റൊരു മുഖം,ബിനാമികളെ വെച്ച് സ്ഥലം വാങ്ങിക്കൂട്ടുകയും കച്ചവടം നടത്തുകയും,ഗുണ്ടായിസം കാണിക്കുകയും ചെയ്യുന്ന ഭീകരന്റെയാണ്.പക്ഷേ,പ്രശ്നമെല്ലാം ഒരു സർക്കിൾ ഇൻസ്പെക്ടറുടെ പതിവു കലാപരിപാടിയോടെ തീരുന്നു.ഇത്രമേൽ ലളിതമാണു കാര്യങ്ങളെങ്കിൽ എത്ര നന്നായിരുന്നു!
സിനിമയവസാനിപ്പിക്കാൻ കണ്ടുപിടിച്ച പഴകിത്തേഞ്ഞ അസംബന്ധത്തോടെയാണ് മകന്റെ അച്ഛൻ എന്ന ഊതിവീർപ്പിച്ച ബലൂൺ പൊട്ടിത്തെറിയ്ക്കുന്നത്.കണ്ണീർ സീരിയലിനു ശേഷം കേരളം കണ്ട ഏറ്റവും കലാവിരുദ്ധമായ റിയാലിറ്റി ഷോ എന്ന പൊള്ളത്തരത്തെ ഉദാത്തവൽക്കരിക്കുന്നതോടെ,കഥയുടെ കഥയില്ലായ്മയും പൂർണ്ണമാകുന്നു.ആൾക്കൂട്ടത്തിന്റെ വൈകാരികതയിൽ മുങ്ങിപ്പൊങ്ങുന്ന കലാവിരുദ്ധതയിൽ അവസാനിക്കുന്നതോടെ,സന്ദേശത്തിൽ തുടങ്ങിയ ശ്രീനിവാസന്റെ ഇടതുപക്ഷനാട്യമാർന്ന വലതുപക്ഷം കൂടുതൽ രാക്ഷസീയവുമാകുന്നു.