Pages

എന്റെ കഥകളിവിചാരങ്ങളുടെ അവസാനഭാഗം

എന്റെ കഥകളി വിചാരങ്ങളുടെ അവസാന ഭാഗം ഇവിടെയുണ്ട്...

എന്തിനു പത്രം വായിക്കണം?


എന്തിനു പത്രം വായിക്കണം?കാലത്തിന്റെ മനസ്സ് എന്താണെന്നറിയാൻ.കാലികജീവിതസംബന്ധിയായ അറിവിലൂടെ അറിവിന്റെ പുതിയ ചക്രവാളങ്ങളിലേക്കു പറന്നെത്താൻ.ഇതൊക്കെയാണ് ഈചോദ്യത്തിന്റെ ലളിതമായ ഉത്തരങ്ങൾ.എന്നാൽ,പത്രവായനക്കാരനായ നിങ്ങൾക്ക് ഒരു അവിവാഹിതയായ മകളുണ്ടെന്നും,അവൾക്കു മികച്ച ഭാവിവരനെ കണ്ടെത്താൻ ഞങ്ങളുടെ പത്രത്തിന്റെ വരിക്കാരനായാൽ മതിയെന്നും ചിലപത്രക്കാർ പറയുന്നു.ചിലർ,നിങ്ങൾക്ക് ഒരപകടമരണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും,ഞങ്ങളുടെ വരിക്കാരനായാൽ,നിങ്ങളുടെ മരണത്തിലൂടെ വമ്പിച്ച ഒരു സാമ്പത്തിക ലാഭം കൊയ്തെടുക്കാമെന്നും പറയുന്നു.
പത്രം സാമൂഹ്യവിപ്ലവത്തിനുള്ള പടവാളാക്കുവാനായി ജയിലറകളുടെ പീഡനവ്യഥകളനുഭവിച്ച പത്രപ്രവർത്തകർ നമുക്കുണ്ട്.പ്രതികരിക്കുന്ന മനുഷ്യന്റെ അച്ചടിക്കറുപ്പാണ് പത്രം എന്നു നിർവ്വചിച്ച സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള പിറന്ന മണ്ണാണിത്.സമൂഹത്തിന്റെ രാഷ്ട്രീയഭാവുകത്വവും,മനുഷ്യന്റെ സാമൂഹ്യഭാവുകത്വവും രൂപപ്പെടുത്തുന്ന ഉപാധിയായിരുന്നു മലയാളിക്കു പത്രം.
എന്നാൽ ഇന്നോ?ലോകകപ്പിനു സ്വർണ്ണമഴയൊരുക്കിയും,തമ്പോലകളിച്ചുരസിക്കാനുള്ള സ്ഥലമൊരുക്കിയും പത്രമുതലാളി മലയാളിയെ കാത്തിരിക്കുന്നു.മനുഷ്യന്റെ ആത്മനിഷ്ഠമായ അനുഭവങ്ങളായ വിവാഹത്തിലും,അപകടമരണത്തിലും കയറി ഇടപെടുന്നു. മനശ്ശാസ്ത്രപരമായ സ്വകാര്യവൽക്കരണമാണിത്.സ്വാതന്ത്ര്യസമരചരിത്രമുള്ള,മലയാളിയുടെ പ്രഭാതങ്ങളെ സ്വന്തമാക്കിയ പത്രങ്ങൾ തന്നെയാണീ ലോട്ടറിക്കച്ചവടവും നടത്തുന്നത്.മലയാളിയുടെ മനസ്സിനു രാഷ്ട്രീയഭാവുകത്വം സമ്മാനിച്ച മാദ്ധ്യമപ്രഭുക്കൾ തന്നെ നമ്മളെ അരാഷ്ടീയതയുടെ കൊയ്ത്തുപാടങ്ങളാക്കുന്നു.ആരും പ്രതികരിക്കാനില്ലേ?

കീഴ്പ്പടം കഥകളിവിചാരങ്ങളുടെ രണ്ടാംഭാഗം

എന്റെ കീഴ്പ്പടം കഥകളിവിചാരങ്ങളുടെ രണ്ടാം ഭാഗമിതാ...

എന്റെ കഥകളിവിചാരങ്ങൾ

എന്റെ കഥകളിവിചാരങ്ങളുമായി ഒരു പുതിയ ബ്ലോഗ് കൂടി തുടങ്ങി.അതിന്റെ ലിങ്ക് ഇതാ പിടിച്ചോ

കേരളം-ഹൈജാക്കിന്റെ സ്വന്തം നാട്

ഓണം കഴിഞ്ഞു.ചാനലുകാർ ഹൈജാക്ക് ചൈയ്ത ഓണത്തെക്കുറിച്ചു ഞാനെഴുതിയ പോസ്റ്റിന്റെ പ്രതികരണങ്ങൾ വായിച്ചപ്പോഴാണ് ഹൈജാക്കിന്റെ സ്വന്തം നാടായ കേരളത്തിൽ ഓണത്തിനു മാത്രമെന്തു വിശേഷമെന്നു തോന്നിയത്.സത്യത്തിൽ,“ഹൈജാക്കുകളുടെ സ്വന്തം നാട”ല്ലേ കേരളം? സാഹിത്യം,സംഗീതം,നാടകം തുടങ്ങി നാമനുഭവിച്ച ഹൈജാക്കുകൾക്കു കൈയ്യും കണക്കുമുണ്ടോ? നമ്മുടെ നാടിന്റെ തനിമയിൽ വളരാനനുവദിക്കാതെ ഹൈജാക്ക് ചെയ്യപ്പെടാത്ത ആവിഷ്കരണമാദ്ധ്യമങ്ങൾ ചുരുങ്ങും.(തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ ആദ്യമേ പറയട്ടെ,ഞാൻ പഴയ തനതുപ്രസ്ഥാനവാദമുന്നയിച്ചതല്ല,ഞാനതിന്റെ ആളുമല്ല.)

നമ്മുടെനാട്ടിൽ എഴുപതുകളിലവതരിച്ച ആധുനികത,ഒരു പാശ്ചാത്യഭാണ്ഡമായിരുന്നു എന്നത് ഇന്നൊരു രഹസ്യമല്ല.മാധവൻ അയ്യപ്പത്തിലൂടെയും എൻ.എൻ.കക്കാടിലൂടെയും എം.ഗോവിന്ദനേയും പോലുള്ളവരിലൂടെ നൈസർഗികമായി വളർന്ന നമ്മുടെ ആധുനികതയെ,അയ്യപ്പപ്പണിക്കരെപ്പോലുള്ള പാശ്ചാത്യവിജ്ഞാനികൾ ചേർന്ന് ഹൈജാക്ക് ചെയ്തു.അതിനുള്ള പ്രതിഭാശേഷി അവർക്കുണ്ടായിരുന്നതുകൊണ്ടാണ് ഹൈജാക്കിങ്ങ് സാധ്യമായതെന്നു പറയാതെ വയ്യ.നോവൽ-കഥാരംഗത്താകട്ടെ,എം.ടി.മുതൽ മേതിൽ വരെ ഒരു നീണ്ട നിരയുടെ കൂട്ട ഹൈജാക്കിങ്ങായിരുന്നു.

കേരളത്തിനു തനതായുണ്ടായിരുന്ന സംഗീതവഴികൾ പരിഷ്കരിച്ചുപരിഷ്കരിച്ച് ഇപ്പോൾ അതൊന്നും കേരളന്റേതുതന്നെ അല്ലാതായിട്ടുണ്ട്.സോപാനസംഗീതം അതിന്റെ സ്വത്വത്തിൽ നിന്നകന്ന്, കർണ്ണാടകസംഗീതത്തിന്റെ കുപ്പായമണിഞ്ഞിരിക്കുന്നു.അത് അതിനൊട്ടും ചേരുന്നുമില്ല.കഥകളിസംഗീതത്തിന്റെ സോപാനമാർഗം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയെപ്പോലുള്ള അപൂർവ്വരിൽ ഒതുങ്ങുന്നു.കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയും ഹൈദരാലിയും തുടങ്ങിവെച്ച ഹൈജാക്കിങ്ങ്,കോട്ടക്കൽ മധുവിനെപ്പോലുള്ളപുതിയ ഗായകരിലെത്തുമ്പോൾ പൂർണ്ണമാകുന്നു.കർണ്ണാടകസംഗീതത്തിൽ,ചെമ്പൈബാണി പോലും അസ്തമിക്കുകയാണോ എന്നു സംശയമുണ്ട്.പുതിയ മലയാളിഗായകരിൽ പലരും അനുവർത്തിക്കുന്നത് മധുരൈവഴിയോ,തഞ്ചാവൂർവഴിയോ ആണ്.അടുത്തിടെ, ഒരു നാടൻപാട്ടുസംഘവും മുഴുവൻ തമിഴ് നാടൻപാട്ടുപാടുന്നതുകേട്ടു.നാടൻപാട്ടുംഹൈജാക്ക് ചൈയ്തു തുടങ്ങിയോ ആവോ?

ആസനത്തിൽ സത്യത്തിൽ തഴമ്പുണ്ടായിരുന്നോ?

‘റിമോട്ട് യുദ്ധം‘ എന്ന അങ്കമായിരുന്നു മൂന്നു ദിവസമായി വീട്ടിൽ.ഓണപ്പരിപാടികൾ ചാനലുകൾ മത്സരിച്ചു വിളമ്പുമ്പോൾ എന്റെ വീട്ടിൽ ഓരോരുത്തർക്കും ഓരോ അഭിരുചികൾ. ഒരാൾക്ക് റിയാലിറ്റിക്കുട്ടികളുടെ ഷോ കാണണം.മറ്റൊരാൾക്ക് സിനിമ അപ്പൊത്തന്നെ കണ്ടേ പറ്റൂ. ഒരു മോഹൻലാൽ ഫാനിനാണെങ്കിൽ മൂപ്പരുമായുള്ള അഭിമുഖം കണ്ടില്ലെങ്കിൽ ഉറക്കം വരില്ല.ടി.വി.റിമോട്ട് ആകാശത്തിലൂടെ പറന്നുകൊണ്ടിരുന്നു.ചാനലുകാർക്ക് ഇതു വല്ലതുമറിയണോ? എല്ലാതരത്തിലും പെട്ട അടിമൾക്കായി ഓരോന്നു പടച്ചുവിട്ടാൽ മതി അവർക്ക്. ഓണം ഇവരെല്ലാംകൂടി പകുത്തെടുത്തിരിക്കുന്നു.കുറേ സവർണ്ണബിംബങ്ങൾ നിരത്തി,നമ്മളെ പ്രലോഭിപ്പിക്കുന്നു.നൂറുജാതിയായി പിരിഞ്ഞുനിന്ന മലയാളിയുടെ രുചിബോധത്തെയും പാരമ്പര്യത്തെയും ഒരു സവർണ്ണക്കുടക്കീഴിൽ അപായകരമാം വിധം ഒരുമിപ്പിക്കുന്നു.ഓരോ മലയാളിയുടെയും വയറൊട്ടി,പണിയെടുത്തുപരുപരുത്ത കൈകളും കണ്ണുകളിൽ നരച്ച സ്വപ്നങ്ങളുമുള്ള അമ്മക്കു പകരം, നിലവിളക്കിന്റെ ദീപപ്രഭയുമായി,കസവുമുണ്ടുംവേഷ്ടിയുമുടുത്ത്,പശുവിനെയ്യിന്റെ മാർദ്ദവമാർന്ന കരങ്ങൾ കൂപ്പി, മഹാബലിയെ വരവേൽക്കുന്ന കാൽ‌പ്പനികമാത്രുരൂപം കടമെടുപ്പിക്കുന്നു.മലയാളി ഹിപ്പോക്രസിക്കുപഠിക്കുകയാണോ?ആസനത്തിലെ ഇല്ലാത്ത തഴമ്പും തപ്പി സായൂജ്യനടയുന്ന ഇവരറിയുന്നില്ലേ, ഇവരുടെ അച്ഛൻ ആനപ്പുറത്ത് ഒരിക്കലും കയറിയിട്ടില്ലെന്ന്?അതോ മനപ്പൂർവ്വം സ്വന്തം തന്തയെയും തള്ളയെയും മാറ്റിയെടുക്കുന്നിടത്തെത്തിയോ നമ്മുടെ പ്രബുദ്ധത?

ഓണക്കിനാവുകളുടെ അടിയാധാരം ആരുടേത്?


ഈ പോസ്റ്റ് ഇടുമ്പോൾ ഉത്രാടരാത്രിവണ്ടിയിലാണു ഞാൻ.ഏതാനും മണിക്കൂറുകൾ മാത്രമുണ്ട്, തിരുവോണം പുലരാൻ.പഴംനുറുക്കും,പാലടയും,ഓണപ്പാട്ടും,ഊഞ്ഞാലും,ഓണക്കോടിയുടെ പുതുമണവും കലർന്ന ഓർമ്മകളുടെ ഒരു കൊളാഷ് എനിക്കും പറയാനുണ്ട്.പക്ഷേ അതൊന്നുമത്ര അഭിമാനാർഹമായ കാര്യമായി എനിക്കു തോനുന്നില്ല.ഇതൊക്കെ ആസ്വദിക്കാൻ കഴിയും വിധം സാമ്പത്തികചുറ്റുപാടുള്ള വീട്ടിൽ ജനിച്ചുവീണതിൽ എനിക്കൊരു പങ്കുമില്ല.ഓണണ്ണാൻ പോയിട്ട്,ഉച്ചക്കഞ്ഞിക്കു വകയില്ലാത്ത വീട്ടിൽ ജനിച്ചതിൽ എന്റെ പഴയ സഹപാഠി പ്രദീപിനും ഒരു പങ്കുമില്ല.പിന്നെന്തഭിമാനിക്കാൻ! ഈ ഓണത്തിനു പുറത്തിറങ്ങിയ കുറേ ഓണക്കുറിപ്പുകൾ വായിച്ചു.മിക്കവാറും ഓർമ്മക്കുറിപ്പുകൾക്കുള്ള പ്രത്യേകത, പഴമയെ വാഴ്ത്തിപ്പാടുന്നതിലെ സമാനതയാണ്.പണ്ടൊക്കെ എന്തായിരുന്നു ഓണം! ഇന്നു കാണുന്ന ഓണമൊക്കെ ഓണമാണോ-ഇതാണ് പൊതുവെയുള്ള മട്ട്.ഓണക്കവിതകളുടെ കാര്യവും വ്യത്യസ്തമല്ല.
കണ്ണീരണിഞ്ഞു കുഗ്രാമ-
ലക്ഷ്മി നോക്കിയിരിക്കവേ
കേവഞ്ചി കേറിപ്പേയോണ-
വെണ്ണിലാവണിരാവുകൾ
എന്ന പി.കുഞ്ഞിരാമൻ നായരുടെ ബസ്സ്സ്റ്റാന്റിൽ തന്നെയാണ് ഇന്നത്തെയും ഓണക്കവികൾ.എനിക്കു മനസ്സിലാവാത്തത്, ഇവരെല്ലാം വാഴ്ത്തിപ്പാടുന്ന ഈ സുവർണഭൂതകാലം ഏതാണെന്നാണ്.കേരളസമൂഹത്തിലെ വളരെ ചെറിയൊരു വിഭാഗം മാത്രം അനുഭവിച്ച സുഖലോലുപതയുടെ കാലമാണ് നമ്മുടെ ചരിത്രം.ബാക്കി കോരന്മാർക്കൊക്കെ,കുമ്പിളിൽ തന്നെയായിരുന്നു കഞ്ഞി. ഓണമുണ്ണാനായി,അവർക്കു വിൽക്കാൻ ഒരു ‘കാണ‘വും ഉണ്ടായിരുന്നതുമില്ല.പിന്നെയേതാണീ നന്മ വിളഞ്ഞ ഭൂതകാലം? ഏതില്ലത്തെ അടിയാധാരമാണ് നമ്മുടെ ഓണക്കിനാക്കളുടേത്?
പൊയ്പ്പോയ തിന്മകളെ നന്മകളായി ചിത്രീകരിച്ചു വാഴ്ത്തിപ്പാടലാണ് ഫാഷിസത്തിന്റെ നട്ടെല്ല്.അതു ചെയ്യുന്നതു നമ്മുടെ നാട്ടിലെ ‘പുരോഗാമികളും ആധുനികരുമായ’ എഴുത്തുകാർ തന്നെയായാലോ?