Pages

എം.എൻ.വിജയൻ മാഷുമായി കുറേ വർത്തമാനങ്ങൾ

എനിക്ക് കൊടുങ്ങല്ലൂരിലെ ‘കരുണ’യിൽ,വിജയൻ‌മാഷെ കാണാൻ പോകുന്നത് പലപ്പോഴുമൊരു തീർത്ഥാടനം തന്നെയായിരുന്നു.നിലക്കാത്ത സംവാദങ്ങൾ.പുതിയ അറിവിന്റെ വൻ‌കരകൾ.അത്തരമൊരു സന്ദർശനവേളയിൽ,ഭാഗ്യത്തിന് കയ്യിലുണ്ടായിരുന്ന ശബ്ദലേഖനസൌകര്യം ഉപയോഗപ്പെടുത്തി റിക്കാഡ് ചെയ്ത കാസറ്റുകൾ ഈയിടെ വീണ്ടും ഇരുന്നുകേട്ടു.ചില ബൂലോകരാജാക്കളുടെ ആവശ്യം കൂടി ഉയർന്നതോടെ,ആ സംവാദത്തിലെ ചിലഭാഗങ്ങൾ പോസ്റ്റാക്കുന്നു.ഇതൊരു ഇന്റർവ്യൂവല്ല.മാഷിന്റെ വീട്ടിലിരുന്ന് നടത്തിയ ഒരു സ്നേഹസംവാദത്തിലെ ഭാഗങ്ങൾ മാത്രമാണ്.അതുകൊണ്ടുതന്നെ,സംസാരശൈലിയുടെ തനത്‌രൂപത്തെ പരിരക്ഷിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്.കൃത്യമായ വിഷയഘടനയോ,പരിക്രമമോ,ആദിമധ്യാന്തപ്പൊരുത്തമോ വീട്ടുവർത്തമാനത്തിനില്ലല്ലോ.അതുകൊണ്ട് പലയിടത്തേക്കും നിമിഷം കൊണ്ട് തെന്നിപ്പറക്കുന്ന മാ‍ഷിന്റെ ധിഷണയുടെ പ്രകാശമാണ് ഈ വർത്തമാനത്തിൽ നിറയുന്നത്.ശക്തൻ തമ്പുരാൻ മുതൽ ഫ്രോയ്ഡ് വരെയും,രാമായണം മുതൽ കാലികരാഷ്ട്രീയം വരെയും നീണ്ട ചർച്ചയുടെ ഒരു ഭാഗം മാത്രമാണിത്.ഉച്ചക്ക് സമൃദ്ധമായ ഊണും,വൈകീട്ടുചായയും കുടിച്ച് പിരിഞ്ഞുപോരുമ്പോൾ മാഷ് വീട്ടുവാതിൽക്കൽ തന്നെയുണ്ടായിരുന്നു…
------------------------------------
:}ഈ രാമായണത്തിന്റെ വിവിധപാഠങ്ങളിലെ മാറ്റങ്ങൾ രസാണ്,അല്ലേ മാഷേ?ആകെ വൈരുദ്ധ്യങ്ങൾ…
മാഷ്:അത് അറിയാതെ വരുത്തിയതല്ലല്ലോ.ഉദാഹരണത്തിന് അദ്ധ്യാത്മരാമായണം.വൈഷ്ണവമതം പ്രചരിപ്പിക്കാനായി ഉണ്ടാക്കിയതാണത്.രാമായണത്തിന്റെ വേർഷനുകളിൽ ഏറ്റവും മോശമായ പുസ്തകാണ് തർജ്ജമ ചെയ്തത്.അത് എഴുത്തച്ഛന് വിവരമില്ലാഞ്ഞിട്ടല്ല.ദാറ്റ് സിറ്റ്വേഷൻ ഡിമാന്റ് ഇറ്റ്.ഈ പുനരാഖ്യാനസാദ്ധ്യതകൾ എന്നൊക്കെ ഇന്നു പറയുന്നുണ്ടല്ലോ.തന്നെ ആരു രക്ഷിച്ചു എന്നു ചോദിക്കുമ്പോൾ തന്നെ ഈശ്വരൻ രക്ഷിച്ചു,അല്ല,പടച്ചോനാണ് രക്ഷിച്ചത് എന്നൊക്കെപ്പറയുന്നത് പൊളിറ്റിക്കലാണ്.വൈഷ്ണവ റിവൈവലാണ് ഇന്ത്യയുടെ മുഴുവൻ സാഹിത്യത്തെയും മാറ്റി നിർമ്മിച്ചത്.അതെല്ലാം മനപ്പൂർവ്വമാണ്.അതുകൊണ്ട് വാൽമീകിരാമായണം വായിച്ച ആരും നമ്മുടെ നാട്ടിലില്ലാതായി.
:}മാരാരു പറഞ്ഞിട്ടുണ്ടല്ലോ,വാൽമീകിരാമായണം വായിക്കാതാക്കിയത് എഴുത്തച്ഛനാണ്,അതു വലിയ ക്രൈമാണ് എന്നൊക്കെ…
മാഷ്:അതെ.അതാണ് ഞാൻ പറഞ്ഞത്,അതു കോൺഷ്യസായ മാറ്റമാണെന്ന്.അല്ലാതെ എഴുതിയത് വേറൊരാൾക്ക് വായിച്ചുകൊടുക്കുമ്പോ കുറേ മാറുന്നു,അങ്ങനെയൊന്നുമല്ല.മന:പ്പൂർവ്വം മാറ്റിയതാ.കമ്പരും അങ്ങനെ മാറ്റിയതാണ്.വാൽമീകിരാമായണം ഉണ്ടാകുന്ന കാലത്തെ പർപ്പസല്ല അന്നുണ്ടായിരുന്നത്.
:}പോർച്ചുഗൽ അധിനിവേശായിട്ട് ചേർത്തു വായിക്കല്…
മാഷ്:ഉം.അങ്ങനേം വായിച്ചുകേട്ടിട്ടുണ്ട്.ആദ്യം ഇത്തരം വായനയൊക്കെ നടത്തിയത് അച്ചുതമേനോനാ.എഴുത്തച്ഛനായിരുന്നു അദ്ദേഹത്തിന്റെ തിസീസ്.എല്ലാരും സംസാരിക്കുന്ന വിഷയാണലോ അതൊക്കെ.പതിനഞ്ചാം നൂറ്റാണ്ടിലായിരുന്നു ആ ചരിത്രം അന്നൊന്നും എഴുത്തച്ഛൻ വരുന്നേയില്ല.ഒരു തെലുങ്കനായ കവിയുടെ സംഭവമാണല്ലോ അദ്ദേഹം അടുത്തത്.അതുകൊണ്ടുവന്നത് ലോക്കൽ പ്രശ്നത്തിനാണ്.ആ വായനേലൊന്നും അർത്ഥമുണ്ടെന്നു തോന്നുന്നില്ല.
:}ഭക്തിയാണല്ലോ അദ്ധ്യാത്മത്തിന്റെ സ്ട്രസ്.
മാഷ്:അതാണു പറഞ്ഞത്.അദ്ധ്യാത്മരാമായണം തീവണ്ടിയിൽ പോകുമ്പോൾ വായിക്കാനുള്ളതല്ല.അതു ഭക്തർക്കു വായിക്കാനുള്ളതാ.അതിൽ ആത്മീയ എലമെന്റാണുള്ളത്.രാമായണം ഭക്തിപൂർവ്വം വായിക്കണം,മാത്രമല്ല മഹാഭാരതം വീട്ടിലിരുന്ന് വായിക്കരുത് എന്നുമുണ്ട്.കുടുംബകലഹം ഉണ്ടാവും എന്നു പറയും.സഹോദരന്മാരുടെ അടിയുടെ കഥയാണലോ.തീരെ വായിച്ചൂട.ഇയാൾക്കൊക്കെ വായിക്കാം,സഹോദരങ്ങളില്ലല്ലോ.(ചിരി)
അപ്പൊ പറഞ്ഞതെന്താച്ചാൽ,അധികാരവുമായി ബന്ധപ്പെട്ടാണ് രാമായണം വന്നത് എന്നതുകൊണ്ട് കർക്കടകമാസം വായിക്കുന്നു.ഞാൻ മുമ്പ് കർക്കടകം ഒന്നാം തീയതി നാളെയാണെന്നറിഞ്ഞിരുന്നത് കെമിസ്ട്രീലെ അറ്റൻഡർ വന്ന് രാമായണം ചോദിക്കുമ്പൊഴാ.അയാള് വന്നാലറിയാം നാളെ കർക്കടകം ഒന്നാം തീയതിയാന്ന്.(ചിരി)
:}കുട്ടികൾക്ക് ഇമ്പോസിഷൻ കൊടുക്കുന്ന പോലത്തെ ആവർത്തനം,അല്ലേ?
മാഷ്:അതുതന്നെ.അപ്പൊ അതങ്ങനെ ആവർത്തിച്ചുവായിക്കലായി.ലൈക്ക് ഖുറാൻ.ഖുറാൻ ആദ്യത്തെ അറബിക്കല്ലല്ലോ.അറബിക്കില് രണ്ടുപിരീഡുണ്ട്,പ്രീ-ഖുറാൻ അറബിക്,പോസ്റ്റ് ഖുറാൻ അറബിക്.ഇംഗ്ലീഷിലാവുമ്പൊ പിന്നെ കിങ്ങ്‌ജൈയിംസ് ബൈബിൾ&പ്രീ കിങ്ങ്‌ജൈയിംസ് ബൈബിൾ.അത് പിന്നെ കൊണ്ടു നടക്വാ,വായിക്യാ…വായിക്യാ…വായിക്യാ.അപ്പൊ നിങ്ങൾ പറയണതൊക്കെ ബിബ്ലിക്കലാവും.നിങ്ങടെ ക്വട്ടേഷനുകളും ലാംഗ്വേജുമൊക്കെ ബിബ്ലിക്കലാകും.
:}അതൊക്കെ ഉറപ്പിക്കാൻ പറ്റുമോ?
മാഷ്:അങ്ങനെയല്ല.ഇപ്പൊ പൊറ്റെക്കാടിന്റെ നോവല് വായിച്ചാൽ നിങ്ങള് പൊറ്റെക്കാടിന്റെ ഭാഷയല്ല പറയുക.പക്ഷേ ബൈബിളിന്റെ കാര്യം അങ്ങനെയല്ല.ബൈബിൾ ആവർത്തിച്ചുവായിക്കുന്നു,പറയുന്നു,ഉദ്ധരിക്കുന്നു,പഴഞ്ചൊല്ലു പറയുന്നു.അതുവേറെതരം കെണിയാണ്.അങ്ങനെയാണ് ഈ എഴുത്തച്ഛന്റെ മലയാളം വന്നത്.അല്ലാതെ ജനങ്ങൾ ആ ഭാഷയാണോ ഈ ഭാഷയാണോ നല്ലത് എന്നു നോക്കി തിരഞ്ഞെടുത്തിട്ടൊന്നുമില്ല.മതം കൊണ്ടുണ്ടാക്കുന്ന യൂണിഫൈയിങ്ങ്.എന്തിനാ സംസ്കൃതത്തിൽ നിന്ന് നീചഭാഷയിലേക്ക് തർജ്ജമചെയ്യുന്നത്?അതു പൊളിറ്റിക്കലാണ്.ജനകീയമാക്കണം.എന്തിനായി?ജനങ്ങളെ മതത്തിൽചേർക്കണം.അല്ലെങ്കിൽ സംസ്കൃതം തന്നെ മതി.അതൊരുതരം സാങ്കേതികവിദ്യയാണ്.ഒരേ കഥ തന്നെ പലവട്ടം ആവർത്തിക്കുന്നത് കാണാം.അതു മറക്കാതിരിക്കാൻ.ആദ്യം പറഞ്ഞ ഇമ്പോസിഷൻ.
:}കാണാപ്പാഠക്കെണി മന:ശാസ്ത്രപരമല്ലേ?
മാഷ്:അതെയതെ.യുങ്ങൊക്കെ അതു പറയുന്നുണ്ടല്ലോ.വേറൊന്നുണ്ട്.അച്ചടിക്കാൻ ഒരു യോഗ്യതയുമില്ലാത്ത പലകവിതയും നമ്മൾ പാഠപുസ്തകമായിട്ട് വായിച്ചുപഠിച്ചിട്ട് പിന്നെ മറക്കാൻ പറ്റാതെ വിഷമിക്കുന്നുണ്ട്.പഠിച്ചില്ലെങ്കിൽ മാർക്കു കിട്ടില്ല,അതുകൊണ്ട് കാണാപ്പാഠം പഠിക്കും.പിന്നെ മറക്കാനും കഴിയില്ല.വയസ്സുകാലത്ത് മറ്റൊന്നും തോന്നാതെ വരുമ്പോൾ പേരക്കുട്ടികളെയൊക്കെ വിളിച്ചിരുത്തി ഈ മണ്ടത്തരമൊക്കെ ചൊല്ലിക്കേൾപ്പിക്കും.ഓർമിക്കുന്നത് കവിതയുടെ ഗുണവിശേഷം കോണ്ടൊന്നുമല്ല.ടെക്റ്റായിപ്പോയതുകൊണ്ടാണ്.ഇതൊക്കെ കണക്കിലെടുക്കണം.
:}ഇക്കാര്യം അതിലും ഭീകരം കലയിലാണെന്നുതോന്നുന്നു.പഠിച്ചതൊക്കെ കാണാപ്പാഠം,പിന്നെ അതിൽനിന്ന് കടുകിട മാറില്ലാന്ന് ദുർവാശി…
മാഷ്:അതു ചരിത്രം മറിഞ്ഞുവായിക്കലിന്റെ കൂടി പ്രശ്നമാണ്.ശുദ്ധമായിട്ടൊന്നുമില്ല.അല്ലെങ്കിൽ ശുദ്ധമല്ലാതെയൊന്നുമില്ല.ശുദ്ധമായതൊക്കെ എത്രയോ മാഞ്ഞുപോയിട്ടാണ് നമ്മളിവിടെ ഇരിക്കുന്നത്.ബോബെയിലെ പക്ഷികൾ കൂടുണ്ടാക്കുന്നത് ചകിരിനാരുകൊണ്ടല്ല,പ്ലാസ്റ്റിക് നാരും കമ്പിയും വെച്ചാണ്. ഞങ്ങൾ പാരമ്പര്യമായി ചകിരിനാരിന്റെ ആൾക്കാരാണ് എന്നു പറഞ്ഞാൽ കൂടുണ്ടാക്കൽ നടക്കില്ല,അത്രതന്നെ.
:}ഫിഗർ,അബ്സ്ട്രാക്റ്റ് ആർട്ടിനെതിരാ‍യ ഒരു പ്രസ്ഥാനമായിരുന്നൂലോ..
മാഷ്:അതേ,ഞാനത് ഒരു ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്.ഇത് കലയിലുണ്ടാകുന്ന ഒരു ആന്ദോളനത്തിന്റെ റിസൽട്ടാണ്.അബ്സ്ട്രാക്റ്റ് ആർട്ട് ഉണ്ടാകുന്നത് കഴിഞ്ഞ നൂറ്റാണ്ടിലോ,പോൾക്ലീയുടെ കാലത്തോ ഒന്നുമല്ല.പ്രിമിറ്റീവ് ആർട്ടാണ് അബ്സ്ട്രാക്റ്റായത്.ഒരു വലിയ കാലഘട്ടം മുഴുവൻ താന്ത്രിക് ആർട്ട് അബ്സ്ട്രാക്റ്റ് ആ‍ർട്ടുതന്നെയാണല്ലോ.അബ്സ്ട്രാക്റ്റ് ആർട്ടിന്റെ തത്വം തന്നെയാണ് ശ്രീചക്രം വരക്കുന്നതിലുള്ളത്.
;}കലയുടെ കാര്യത്തിൽ ശീലങ്ങളും വേറെയൊരുതരം കെണിയാണ്.കല ഓർഗാനിക് ആണ് എന്ന ബോധമില്ലായ്മ…
മാഷ്:വളരെക്കാലം കണ്ണിമാങ്ങാ അച്ചാർ കൂട്ടി ഊണുകഴിച്ച ഒരാൾ അമേരിക്കയിൽ പോയാൽ കണ്ണിമാങ്ങ അച്ചാറില്ലാതെ എന്ത് ഊണ് എന്നു വിചാരിക്കും.വാസ്തവത്തിൽ ലോകത്തിലെ ചെറിയൊരു ശതമാനം ആളുകളേ കണ്ണിമാങ്ങാ അച്ചാറുകൂട്ടി ഊണുകഴിക്കുന്നുള്ളൂ.നമ്മൾ അനശ്വരമായി കരുതുന്ന ഓയിൽ പൈയ്ന്റിങ്ങ് കണ്ടുപിടിച്ചത് അടുത്തകാലത്താണ്.അതിനു മുമ്പ് ഓയിലില്ലാതെ എങ്ങനെ ചിത്രം വരച്ചിരുന്നു എന്നിനി അത്ഭുതപ്പെടാം.
:}രാമായണത്തിൽ നിന്നു പോണ്ട,മാഷേ.രാമായണം സത്യത്തിൽ സീതായനാണ് എന്ന നിലയിലും ചിന്ത പോയിട്ടുണ്ടല്ലോ…
മാഷ്:അത് വിവേകാനന്ദനേ പറയാൻ തോന്നൂ.സീതയെ ഉപേക്ഷിച്ച് ധർമ്മം രക്ഷിക്കുന്ന രാജാവിന്റെ കഥയാണല്ലോ അത്.സീതയല്ല,രാമനല്ല,അയോദ്ധ്യയല്ല,രക്ഷിക്കപ്പെടേണ്ടത് ധർമ്മമാണ്,അതാണ്.ഇസ്ലാമില് അങ്ങനെയാണല്ലോ.സ്വന്തം മകനെ ബലികൊടുക്കുകയാണ്.അതിനെയാണ് നമ്മൾ ബലിപെരുനാൾ എന്നുപറയുക.ജനങ്ങൾക്കിഷ്ടപ്പെടാത്ത ഒരു ഭാര്യയെ സ്വീകരിക്കാൻ രാജാവിനധികാരമില്ല.സീതയെ രാമനുപേക്ഷിച്ചിട്ടില്ല.രാമനെന്നു പറയുന്ന ഒരാളില്ല.അയോദ്ധ്യയുടെ രാജാവേയുള്ളൂ.അതു കൊണ്ട്,ഈ വ്യവസ്ഥ,ധർമ്മം എന്നുപറയുന്നത് അബ്സല്യൂട്ടാണ്.അതിന്റെ നിയമങ്ങൾ മാറാൻ വ്യക്തിക്കധികാരമില്ലെന്നും,വ്യക്തി ഒരു നിമിത്തമാണെന്നും.ജഡ്ജി വിധി പറയുമ്പോൾ മിമ്പിൽ മകനാണോ,ഭാര്യയാണോ എന്നു ചിന്തിക്കരുതല്ലോ.ഇതാണതിന്റെ നല്ലഭാഗം പറഞ്ഞാൽ.ഒരുപാട് ചീത്തയുണ്ട്.
:}കവികൾ കരച്ചിലിന്റെ പുറകേ പോണോരാണ് എന്നാണല്ലോ.രാമായണത്തിലെ ഏറ്റവും സഹതാപമർഹിക്കുന്ന കഥാപാത്രല്ലേ രാമൻ?ആ വഴിക്കും ചിന്തിച്ചൂടേ?
മാഷ്:അതൊരു നല്ലവഴിയാണ്.രാമൻ ഇതൊക്കെ സഹിച്ചിട്ട്…രാമൻ ഇന്ത്യയിലെ ഏറ്റവും വലിയ ദു:ഖകഥാപാത്രമാണ്.പഞ്ചവടിയിലിരുന്ന കുറച്ചുനാളൊഴിച്ചാൽ,രാമൻ വലുതായിട്ട് ഒരിക്കലും സന്തോഷമനുഭവിച്ചിട്ടില്ലല്ലോ.രാജകുമാരനായിട്ട് ജനിച്ച്,രാജാവായിത്തന്നെ മരിച്ചിട്ടും.അതൊക്കെ ധർമ്മം രക്ഷിക്കാനാണ്.അതാണ് രാമായണത്തിന്റെ നല്ലവശം വെച്ചുള്ള വായന.അതൊക്കെ ധർമ്മമാണോ,അധർമ്മമല്ലേ എന്നതാണ് പിന്നെയുള്ള ചോദ്യം.അതാണ് രഘുവംശം.രഘുവംശം എന്നല്ലേ പേര്.രാമവംശം എന്നല്ലല്ലോ.രഘുവംശം ആണ് പ്രധാനം.രഘുപോലുമല്ല.സംസ്കാരത്തിന്റെ തുടർച്ച.
:}അതുപിന്നെ ഫാമിലിയുടെ അകത്തേക്ക് വ്യാഖ്യാനിക്കാലോ.
മാഷ്:അത് ചെയ്യാം.സഹോദരൻ സഹോദരനോടെങ്ങനെ പെരുമാറണം,ജ്യേഷ്ഠപത്നിയോട്,അമ്മയോട്,അച്ഛനോട്…ഒരു മാതൃകാകുടംബസങ്കൽ‌പ്പം.കുടംബസ്നേഹം പറയൽ.മഹാഭാരതം അങ്ങനെയല്ല.അതു കുടംബവൈരത്തിന്റെ കഥയാണല്ലോ.അപ്പോഴും ദശരഥന് ആർക്കെങ്കിലും കൊടുക്കാനുള്ളതാണോ അയോദ്ധ്യ എന്ന ചോദ്യം വരും.അതാരും ചോദിച്ചില്ല.
:}എന്നുവെച്ചാൽ?
മാഷ്:ദശരഥന് ഇഷ്ടമുള്ള ആൾക്ക് കൊടുക്കാനുള്ളതല്ലല്ലോ,മൂത്തമകനു കൊടുക്കാനുള്ളതല്ലേ അയോദ്ധ്യ.അപ്പൊ സത്യാണ് വലുത്.വാക്കു പാലിക്കണം.അതിനെ അനുസരിക്കുന്ന മകൻ.മകനെ അനുസരിക്കുന്ന അനുജന്മാര്…ഇടക്കു ലക്ഷ്മണന് കുറച്ചുദേഷ്യം വരണതൊഴിച്ചാൽ ബാക്കിയൊക്കെ ക്ലീൻ.മനുഷ്യാംശമില്ല.ധർമ്മമാണത്.ധർമ്മം ചക്രാണ്.
:}അതാണ് ഇന്ന് രാഷ്ടീയാവണത്…
മാഷ്:അതേ.ഗാന്ധിജിക്കും തിലകിനും വേറെ രാമന്മാർ.ഗോഖലേ മോഡറേറ്റർ.അദ്ദേഹം സെക്കുലറായിരുന്നു.രാമനാരാണ്,രാവണനാരാണ്…അതൊക്കെ വേറെ വേർഷൻ.രാമായണത്തെ തൊട്ടാൽ പൊളിറ്റിക്സാ.അതിപ്പൊ ഇവിടേം അങ്ങനെയാ.പള്ളത്തുരാമനൊക്കെ രാവണപാർട്ടിവരെയുണ്ടാക്കിയല്ലോ.രാവണപക്ഷം എന്നൊരു ചിത്രം തന്നെയുണ്ട്.
:}ആദർശസങ്കൽ‌പ്പമാണ് പ്രശ്നമായത്.
മാഷ്:അതൊരു പ്രശ്നം.അതിന്റെ പാരമ്യമാണ് ആശാന്റെ സീതയിൽ കണ്ടത്. “അഭിമാനിനിയാം സ്വകാന്തയിൽ” എന്നാണല്ലോ.രാമനു മാത്രല്ല അഭിമാനം,എനിക്കൂണ്ട് അഭിമാനം.അതാണ് ഫെമിനിസ്റ്റ് ഡോക്യുമെന്റേഷന്റെ മാക്സിമം.ഞാൻ കണ്ടതിൽ വെച്ച്.
:}കല്ലൂർ രാഘവപ്പിഷാരടിയുടെ രാവണോൽഭവം ആട്ടക്കഥ വെച്ചിട്ടും വായന നടന്നു.പ്രതിനായകസംസ്കാരവുമായി ബന്ധപ്പെടുത്തി…
മാഷ്:അങ്ങനേയുമുണ്ട്.ശക്തൻ തമ്പുരാൻ-അതൊരു അയേണിക് മാനാണ്.ഒപ്പം സെക്കുലറും.തേക്കിൻ‌കാട് വെട്ടിവെളുപ്പിക്കല് തന്നെ.വെളിച്ചപ്പാട് ശിവന്റെ ജടയാണ് ഇത് എന്നു പറഞ്ഞപ്പോൾ ശിവന് ജടയൊന്നും വേണ്ട എന്നു പറഞ്ഞു.ആ തടിയൊക്കെ മുറിച്ച് പള്ളി പണിയാൻ കൊടുത്തയക്കുകയും ചെയ്തു.എന്നിട്ട് ക്രിസ്ത്യാനികളെ ഇവിടെ കൊണ്ടുവന്ന് ഇരുത്തിയിട്ട് കച്ചവടക്കാരാക്കി.അങ്ങനെയാ തൃശ്ശൂർ കൊമേഴ്സ്യൽ ടൌണാകുന്നത്.ഇപ്പൊഴും പൂരത്തിന്റെ പല പണിയും ചെയ്യുന്നത് ക്രിസ്ത്യാനികളാ.ഏറ്റവുമധികം പൂരത്തിൽ സന്തോഷിക്കുന്നതും അവരാ.
:}പൂർണ്ണമായ അരാജകത്വം ഉള്ള കാലത്താണല്ലോ തമ്പുരാൻ വരുന്നത്.രാക്ഷസസാമ്രാജ്യതകർച്ചക്കുശേഷം രാവണനെപ്പോലെ.എങ്കിലും ആ വായനക്ക് ഒരതിശയോക്തിയാണ് ഉള്ളത്.
മാഷ്:കുറേയൊക്കെ ഐതിഹ്യങ്ങളാണല്ലോ.ഐതിഹ്യമാല വിശ്വസിച്ച് ചരിത്രപഠനം നടത്താൻ പറ്റില്ല.
:}പ്രശ്നങ്ങൾ തീവ്രമായി ഏറ്റുമുട്ടുന്ന പ്രതീതിയുണ്ടാകുന്നത് മഹാഭാരതത്തിൽ തന്നെയല്ലേ?കർണ്ണൻ മാത്രമെടുത്താൽ തന്നെ എങ്ങനെയൊക്കെ വായിക്കാം.
മാഷ്:കർണ്ണൻ ഒരു പ്രോബ്ലാണ്.അതെല്ലാ കാലവും വരും.ആളെ പിന്നിൽ നിന്നടിച്ചിടാനുള്ള കുതന്ത്രാണ് പൈതൃകം ചോദിക്കൽ.അതാണല്ലോ ആയുധപരീക്ഷാ സമയത്ത് കർണ്ണനോട് ചോദിക്കുന്നത്,അച്ഛനാരാ എന്ന്.നീ എവിടെയാ പഠിച്ചത് എന്നല്ല.അപ്പൊഴുണ്ടായ സൌഹൃദത്തിനാണ് ജീവനേക്കാൾ വില.ദുര്യോധനനും അതറിയാമയിരുന്നു.വിശ്വസിക്കാവുന്ന ഒരേയൊരു ചങ്ങാതി,കർണ..കരുണാകരനല്ല(ചിരി)എന്ന്.പി.കെ.ബാലകൃഷ്ണന്റെ നോവലാണ് ശ്രദ്ധേയം.മൂപ്പർ ഈ ജാതീയതയിലൊക്കെ വല്ലാതെ കുപിതനായിരുന്നു.
നിങ്ങടെ അച്ഛനും അമ്മക്കും ധാരാളം സ്വത്ത്ണ്ട്‌ച്ചാൽ പിന്നെ നിങ്ങൾക്കൊരു റിബലാകാം.ഇൻ‌കംടാക്സ് ക്ലിയറല്ലാത്തോണ്ട് ഗൾഫിൽ പോവാൻ പറ്റാത്തോരുണ്ടല്ലോ.ഒന്നൂല്യാത്തോന് പിന്നെന്ത് ടാക്സ്…(ചിരി)
:}സവർണ്ണനു മാത്രമേ കലയുള്ളൂ എന്ന നുണ വൈകുന്നേരത്തെ ചിന്തകളിൽ വിൽക്കരുത് എന്നു മാഷ് മുമ്പൊരു ലേഖനത്തിലെഴുതിയതോർക്കുന്നു.
മാഷ്:ശരിയാ,ഇപ്പൊ വൈകുന്നേരായി.ഇന്ത്യയിൽ ഒരൽഭുതം മാത്രമേയുള്ളൂ.അതുണ്ടാക്കിയത് ഒരു മുസൽ‌മാനോ,കുറേ മുസൽ‌മാന്മാരോ ആകാം.എന്നിട്ട് താജ്‌മഹൽ നമ്മുടെ അത്ഭുതാണ് എന്നു പറയുകയും,മുസ്ലീമിന് കലയില്ല,സംസ്കാരമില്ല എന്നു പറയുകയും ചെയ്യുന്നത് തമ്മിൽ ഒരു ചെറിയ പൊരുത്തക്കേടുണ്ട്.അമ്പലപ്പുഴ പാൽ‌പ്പായസമുണ്ട്.അതു കുടിച്ചത് കുഞ്ചൻ‌നമ്പ്യാരാണ്.പക്ഷേ അതുണ്ടാക്കിയത് കുഞ്ചൻ‌നമ്പ്യാരുമല്ല,അമ്പലപ്പുഴ തേവരുമല്ല മറ്റാരൊക്കെയോ ആണ്.അവരാണ് ഒരഭിരുചിയുണ്ടാക്കുന്നത്.ഈ അഭിരുചിയുടെ രൂപനിർമ്മിതിയെ ആണല്ലോ താനൊക്കെ ഈ സ്‌ട്രെക്ചർ എന്നു പറയുന്നത്.നമുക്കു നമ്മുടേതായ സൌന്ദര്യവീക്ഷണങ്ങളുണ്ട്.അതു ലോകത്തിലെ ഏതു സൌന്ദര്യസങ്കൽ‌പ്പത്തിലും താഴെയല്ല എന്നും നാം കണ്ടെത്തുകയും പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
---------------------------------
ചർച്ചകൾ അവസാനിക്കുന്നില്ല.അവ അനന്തമായി തുടരു ന്നു.ആനന്ദ് എഴുതിയ പോലെ,പർവ്വങ്ങളേ തീരുന്നുള്ളൂ,പ്രശ്നങ്ങൾ തീരുന്നില്ല്ല.

തെക്കുവടക്കുവഴക്ക്-കഥകളിയുടെ നാശത്തിന്

കഥകളിയിലെ തെക്കുവടക്കുവഴക്കുകളെപ്പറ്റി തൌര്യത്രികത്തിൽ പുതിയ പോസ്റ്റ്-ഈവഴി വരൂ...

പുഴയൊഴുകും വഴി

തൌര്യത്രികത്തിലെ പുതിയ പോസ്റ്റ് അഗ്രി പിടിക്കുന്നില്ല-പുഴയൊഴുകും വഴി-ഈവഴി വരൂ...

വിശ്വനാഥൻ ആനന്ദിന്റെ ലോകവിജയം

വിശ്വനാഥൻ ആനന്ദിന്റെ ലോകവിജയത്തെക്കുറിച്ച് ഒരു പുതിയ പോസ്റ്റ്...ഇതുവഴി വരൂ

വിശ്വവിജയി ആനന്ദ്-ചതുരംഗനാ‍ടിന്റെ അഭിമാനം

സ്‌പെയ്നിലെ മാഡ്രിഡിനടുത്തുള്ള കൊളാഡോ മെദിയാനോവിലെ ഒരു വീട്ടിൽ താമസിക്കുന്നത് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ഐതിഹാസികകായികതാരങ്ങളിലൊരാളാണ്.നിഷ്കളങ്കസൌന്ദര്യം വഴിയുന്ന മുഖവും തീഷ്ണമായ മനീഷയുമായി ആ ‘കൊളോസിസ്’ ചതുരംഗത്തിന്റെ സ്വന്തം നാടിനെ ആധുനികചെസ്സിന്റെ അത്യുന്നതങ്ങളിലെത്തിക്കുന്നു-വിശ്വവിജയിയാവുന്നത് ആ വിനീതനായ മനുഷ്യൻ മാത്രമല്ല,ഭാരതഭൂമിയാണ്.നമ്മുടെ സ്വന്തം വിശ്വനാഥൻ ആനന്ദ്.
നമുക്കു സ്‌പോർട്സിൽ അഭിമാനിക്കാൻ എന്താണുള്ളത്?കപിലിന്റെ ചെകുത്താന്മാർ കൊണ്ടുവന്ന ഒരു ക്രിക്കറ്റ് ലോകകപ്പ്,ഒരേയൊരു സച്ചിൻ,ധോണിയുടെ യുവസംഘം നേടിത്തന്ന ഒരു ട്വന്റി-ട്വന്റി കിരീടം,ചില ഹോക്കി കിരീടങ്ങൾ-തീരുന്നു അധ്യായം.പക്ഷേ,ഇവക്കെല്ലാം മുകളിൽ നിൽക്കും,ആനന്ദിന്റെ വിശ്വവിജയങ്ങൾ.കാരണം അവ ചതുരംഗത്തിലെ വരേണ്യതക്കെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിന്റെ വിജയങ്ങളാണ്.സോവിയറ്റ് മേധാവിത്തത്തിനെതിരെ ഒറ്റക്കു പടനയിച്ച നായകനാണ് വിശ്വനാഥൻ ആനന്ദ്.


പഴയ കഥകൾ വീണ്ടും ചർച്ച ചെയ്യുന്നില്ല.ലോകചെസ്സിലെ ചക്രവർത്തികളായിരുന്ന ഗാരി കാസ്പറോവിനേയും അനറ്റോളി കാർപ്പോവിനേയും 1992ലെ റെഗ്ഗിയോ എമിലിയ ചെസ് ചാമ്പ്യൻഷിപ്പിൽ തന്നെ തോൽ‌പ്പിച്ച ആനന്ദിന് പിന്നീട് നേരിടേണ്ടിവന്ന യുദ്ധങ്ങൾ എതിരാളികളോട് മാത്രമായിരുന്നില്ല,ഫിഡെയുടെ വരേണ്യതാല്പര്യങ്ങളോടു കൂടിയായിരുന്നു.1998ൽ തുടർച്ചയായി മുപ്പതു മത്സരങ്ങൾ കളിച്ച് ക്ഷീണിതനായി കാർപ്പോവിനെ നേരിടാനെത്തിയ ആനന്ദിനെ ടൈബ്രേക്കറിൽ തോൽ‌പ്പിച്ച് നേടിയ വരേണ്യവിജയത്തിന്റെ കയ്പ്പ് ഒരു ദേശസ്നേഹിയായ ഇന്ത്യക്കാരന്റെയും മനസ്സിൽ നിന്നു മായില്ല.രണ്ടു വർഷങ്ങൾക്കു ശേഷം അലക്സി ഷിറോവിനെ തോൽ‌പ്പിച്ച് ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ ചെസ് ലോകചാമ്പ്യനായി ആനന്ദ് മാറിയപ്പോൾ മുതൽ ആനന്ദ് ശരിക്കും വിശ്വരൂപിയായി.2000ത്തിൽ ഷെയ്ൻ‌യാങ്ങിലും 2002ൽ ഹൈദരാബാദിലും നടന്ന ഫിഡെ ലോകകപ്പിലും ആനന്ദ് വിജയിയായി.2800 എന്ന വിസ്മയകരമായ എലോ റേറ്റിങ്ങ് 2001ൽ ആനന്ദ് സ്വന്തമാക്കി.പഴയ കഥകളിലൊന്നും ആനന്ദ് ഇപ്പോൾ നേടിയ വിജയത്തോളം ആഹ്ലാദം നൽകിയിട്ടില്ല,കാരണം ഇത് രാജകീയമായ പോരാട്ടം തന്നെയായിരുന്നു-വ്‌ളാദിമിർ ക്രാംനിക് എന്ന കരുത്തുറ്റ ബൌദ്ധികയോദ്ധാവുമായുള്ള പോരാട്ടം,വിജയം.

ഫിഡെയുടെ വിചിത്രമായ നിയമാവലിയാണ് ഇത്തരമൊരു പോരാട്ടത്തിന് വഴിയൊരുക്കിയത്.ലോക ചെസ് ഫെഡറേഷനും(ഫിഡെ) മുൻ ലോകചാമ്പ്യൻ ഗാരി കാസ്പറോവ് സ്ഥാപിച്ച പ്രൊഫഷണൽ ചെസ് അസോസിയേഷനും(പി.സി.എ) തമ്മിലുള്ള സന്ധിവ്യവസ്ഥകളനുസരിച്ച് രൂപപ്പെട്ട മത്സരം.ഈ ഒത്തുതീർപ്പു പ്രകാരം പി.സി.എ ലോകചാമ്പ്യനായ ക്രാംനികിന് ഫിഡെ ലോകചാമ്പ്യനായ ആനന്ദിനെ വെല്ലുവിളിക്കാൻ അവസരം ലഭിക്കുകയായിരുന്നു.ഇങ്ങനെ ‘റിട്ടേൺ മാച്ചി’ന് വിളിക്കാനുള്ള അവകാശം മറ്റൊരു ഗൈയിമിലും കാണാനാവില്ല.ഇത് ഫിഡേ ആനന്ദിൽ അടിച്ചേൽ‌പ്പിച്ച ഭാരം തന്നെയായിരുന്നു.പക്ഷേ,അതുപകാരമാവുകയാണുണ്ടായത്.കാസ്പറോവിനെ ആനന്ദ് ഒരു മത്സരപരമ്പരയിലും തോൽ‌പ്പിച്ചിട്ടില്ല.എന്നാൽ ക്രാംനിക് തോൽ‌പ്പിച്ചിട്ടുണ്ടുതാനും.അങ്ങനെയിരിക്കെ ആനന്ദ് ആണോ ക്രാംനികാണോ ലോകചാമ്പ്യൻ എന്ന സംശയം പലരിലുമുണ്ടായിരുന്നു.ആനന്ദ് മുമ്പ് ക്രാംനിക്കിനെ തോൽ‌പ്പിച്ചത് റാപ്പിഡ് ചെസ്സിലാണല്ലോ.അതിനാൽത്തന്നെ,തന്റെ സ്ഥാനം തെളിയിക്കേണ്ട ആവശ്യം ആനന്ദിനുമുണ്ടായിരുന്നു.
ആദ്യം മുതലേ ശക്തമായ മുൻ‌തൂക്കവുമായാണ് ആനന്ദ് മുന്നേറിയത്.ആറു ഗൈയിമുകൾ പിന്നിട്ടപ്പോൾ തന്നെ ഏകദേശം ബോദ്ധ്യമായിരുന്നു,ഇനി ആനന്ദിനെ തളക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന്.സമീപകാലത്ത് സ്‌പെയ്നിലെ ടൂർണ്ണമെന്റിൽ കളിച്ച ക്ഷീണിതനായ ആനന്ദിനെയല്ല നാം ക്രാംനിക്കിനു മുമ്പിൽ കണ്ടത്.പ്രായം നാൽ‌പ്പതിനോടടുക്കുമ്പോഴും മിന്നൽ വേഗത്തിൽ കരുക്കൾ നീക്കി എതിരാളിയെ സമ്മർദ്ദത്തിലാഴ്ത്തുന്ന ആനന്ദിലെ പഴയ കുട്ടി പലപ്പോഴും ഉയിർത്തെഴുന്നേൽക്കുന്നതും കണ്ടു.ക്രാംനിക്ക് അഴിച്ചുവിട്ട തീക്ഷ്ണമായ ആക്രമണങ്ങളെ പ്രതിരോധത്തിന്റെ ശക്തിദുർഗങ്ങൾ സൃഷ്ടിച്ചാണ് ആനന്ദ് ചെറുത്തുനിന്നത്.സമനിലകൾ പോലും ആനന്ദിന് കൃത്യമായ ആയുധങ്ങളായി.ഒമ്പതാം ഗെയിം ക്രാംനിക്കിൽ നിന്ന് വഴുതി,സമനിലയിലെത്തുന്നത് സമ്മോഹനമായ കാ‍ഴ്ച്ചയായിരുന്നു.ഒരു പോൺ മുൻ‌തൂക്കത്തിലെത്തിയ ക്രാംനിക്കിന്റെ മുന്നിൽ സവിശേഷമായ ഒരു ‘റൂക്ക് എന്റിങ്ങു’മായി കളി സമനിലയിലവസാനിച്ചത് ആനന്ദിന്റെ വിസ്മയകരമായ പ്രതിരോധം കൊണ്ടുതന്നെ.
1989ലെ മിഖായേൽ തലിനോടുള്ള ആനന്ദിന്റെ വിജയമോർമ്മിപ്പിച്ചു,ആറാം ഗെയിമിലെ കേളീശൈലി.ക്രാംനിക്ക് നടത്തിയ പൊള്ളുന്ന ആക്രമണങ്ങൾ,നിസ്സംഗമായി ഏറ്റുവാങ്ങുന്ന ആനന്ദിന്റെ നില കണ്ട് അമ്പരക്കാത്തവരുണ്ടാവില്ല.25മത്തെ നീക്കത്തോടെ,ക്രാംനിക്കിന്റെ നൈറ്റുകളും റൂക്കും ആനന്ദിന്റെ പ്രതിരോധക്കോട്ടകൾക്കകത്തേക്ക് ഇടിച്ചുകയറിയതാണ്. “കുടുങ്ങി”എന്നു തലയിൽ കൈവെച്ച് നാമിരിക്കുമ്പോൾ അതാ,ആനന്ദിന്റെ പ്രത്യാക്രമണം ആരംഭിക്കുന്നു!നിഷ്പ്രയാസം ആനന്ദ് ക്രാംനിക്കിന്റെ റൂക്കിനേയും നൈറ്റിനേയും തിരിച്ചോടിച്ചു.താനിതുവരെ പടുത്തുയർത്തിയ ആക്രമണഗോപുരമാകെ ജലരേഖയായെന്ന തിരിച്ചറിവിനു മുമ്പിൽ പതറിപ്പോയ ക്രാംനിക്കിന് പിന്നെ ആനന്ദിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു വഴിയും ശേഷിച്ചിരുന്നില്ല.
ആനന്ദിന്റെ എന്നത്തേയും പ്രിയപ്പെട്ട,ശക്തമായ കളിത്തുടക്കം രാജാവിനു മുമ്പിലെ കാലാളിനെ നീക്കിയായിരുന്നു.e-4തുടക്കങ്ങളാണ് ആനന്ദ് പ്രധാനഗെയിമുകളിലെല്ലാം നടത്തിക്കാണാറ്.എന്നാൽ ഇത്തവണ ആനന്ദ് കളം മാറ്റിച്ചവിട്ടി-റാണിക്കു മുമ്പിലെ കാലാലിനെ നീക്കിയായിരുന്നു ആനന്ദിന്റെ കളിത്തുടക്കങ്ങളെല്ലാം.ഇതു തന്നെ ക്രാംനിക്ക് പാളയത്തിലെ കേളീപദ്ധതികളെ തെറ്റിച്ചുകളഞ്ഞു.നിംസോ ഇന്ത്യൻ,സ്ലാവ് ഡിഫൻസ് തുടങ്ങിയ ക്രാംനിക്കിന് പരിചയമില്ലാത്ത നീക്കങ്ങളുടെ പരീക്ഷണം,അദ്ദേഹത്തെ താളം തെറ്റിക്കുകയും ചെയ്തു.മത്സരത്തിൽ തന്റെ സഹായികളുടെ കൂട്ടത്തിൽ റഷ്യയുടെ മുൻ ലോകചാമ്പ്യൻ രുസ്തം കാസിംദെഷ്‌നോവിനെ ഉൾപ്പെടുത്തിയ ആനന്ദിന്റെ തീരുമാനം ഏറെ പ്രയോജനപ്പെട്ടിരിക്കണം.പോണുകളെ സമർത്ഥമായി പ്രതിരോധത്തിനുപയോഗിക്കുന്ന ടെക്നിക്കുകളുടെ ഉത്സവമായിരുന്നു ആനന്ദിന്റെ കളികൾ.ഒരുതരം കാപാബ്ലാൻ‌ക ഇഫക്ട്!
എതിരാളിയില്ലാത്ത ഉയരത്തിലേക്ക് ആനന്ദ് ചെന്നെത്തിക്കഴിഞ്ഞു.സത്യത്തിൽ ഇതൊരൽഭുതമാണ്.മറ്റാരും ഇന്ത്യയിൽ നിന്ന് അടുത്തെങ്ങുമില്ല.ജി.എൻ.ഗോപാലും കൊനേരു ഹം‌പിയും ഹരികൃഷ്ണയും സൂര്യശേഖർ ഗാംഗുലിയുമടങ്ങുന്ന ഒരു പ്രതീക്ഷ നൽകുന്ന നിര പിന്നിലുണ്ട്.ചതുരംഗത്തിലെ പുതിയ സൂര്യോദയങ്ങൾ ഇനിയും ഇന്ത്യയിലുണ്ടാകുന്നത് നമുക്ക് കാത്തിരിക്കാം.അപ്പോഴും ആനന്ദ് ഒരു നിതാന്തവിസ്മയമാകും.