Pages

വി.സി.ശ്രീജനെന്ന ലഗോൺ കോഴിയ്ക്ക് മനസ്സിലാവാത്ത വലിപ്പം




വി.സി.ശ്രീജനെന്ന മഹാജ്ഞാനിയുടെ ഒരു കണ്ടെത്തൽ,പുതിയ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വായിച്ചു.(2009മാർച്ച്8-14,ലക്കം53). വൈക്കം മുഹമ്മദ് ബഷീർ അത്ര കേമനായ സാഹിത്യകാരനല്ല എന്നാണ് പുതിയ കണ്ടെത്തൽ!പുതിയ കണ്ടെത്തൽ എന്നു പറഞ്ഞതിനു കാരണമുണ്ട്,കാരണം ഇതിനുമുൻപും ഈ മഹാൻ ഇത്തരം കണ്ടെത്തലുകളുമായി നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്.എം.എൻ.വിജയന് വിവരമില്ല എന്നായിരുന്നു മറ്റൊരു കണ്ടുപിടുത്തം.ഇനി അടുത്തതായി അദ്ദേഹം കുമാരനാശാനു കവിതയെഴുതാനറിയില്ല എന്നും കണ്ടെത്തും എന്നാണെന്റെ പ്രതീക്ഷ.
പിന്നെന്തിനാ കൂവേ ഇതിനു മറുപടിയെഴുതുന്നത് എന്നാണു നിങ്ങളിലുയരുന്ന ചോദ്യമെന്ന് എനിയ്ക്കറിയാം.അതിനു വ്യക്തമായ ഉത്തരമുണ്ട്.മാനവികമായ വീക്ഷണത്തിൽ നിന്ന് മാനവികവിരുദ്ധമായ സ്ഥലങ്ങളിലേയ്ക്ക് നമ്മുടെ സാഹിത്യത്തെ പിടിച്ചുകൊണ്ടുപോവുന്ന ഈ സമയസന്ധിയിൽ,ഇത്തരം വികലവായനകൾക്ക് വ്യക്തമായ പരിപ്രേക്ഷ്യവും,ഉദ്ദേശവും ഉണ്ടെന്ന് ഞാൻ ഭയപ്പെടുന്നു.
ബഷീർ-മാനവികതയുടെ ചേതന
------------------------------------
“മനുഷ്യൻ!ഹാ!എത്ര മഹത്തായ പദം!” എന്ന ഗോർക്കിയുടെ പ്രസ്താവത്തിന്റെ ഹൃദയത്തിൽ,ഇരുപതാം നൂറ്റാണ്ടിന്റെ രക്തമൊഴുകുന്നുണ്ട്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ രൂപപ്പെട്ടുവന്ന നവീനമായ മാനവികബോധമായിരുന്നു തുടർന്നുള്ള കാലത്തിന്റെ ചാലകശക്തി.
“കൃതികൾ മനുഷ്യകഥാനുഗായികൾ” എന്ന് ആശാനെഴുതുന്നത് അന്നുവരെയുള്ള കാലത്തിന്റെ പിൻ‌വിളികളെ അതിജീവിച്ചാണ്.പ്രത്യക്ഷത്തിൽ സൌ‌മ്യമെന്നു തോന്നുന്ന ഈ പ്രസ്താവം ഭൂതകാലത്തെ നിശിതമായി നിഷേധിച്ചാണു രൂപപ്പെട്ടത്.നാരായണഗുരുവിൽ അതു പ്രത്യക്ഷരൂപമാർജ്ജിക്കുകയായിരുന്നു.“മതമേതായാലും മനുഷ്യൻ നന്നായാൽ മതി”,“ഒരു ജാതി,ഒരു മതം.ഒരു ദൈവം മനുഷ്യന്”എന്നീ മുദ്രകളൊക്കെ,കാലം ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ബഷീർ മാനവികതയുടെ ചേതസ്സായിരുന്നു.ബഷീർ സാഹിത്യം അതിന്റെ ഉപനിഷത്തും.ജീവിതത്തിന്റെ ഇരുണ്ട സദാചാരനീതികളെ നേരിടാനാണ് ബഷീറിന്റെ കാലം “ചീത്തക്കഥകളെ”ഴുതിയത്.മനുഷ്യരുടെ സ്നേഹത്തിന്റെ കയ്പ്പുകളെ തൊണ്ടയിലുടക്കിയാണ് ബഷീർ വന്നത്.ആദ്യകൃതിയായ ബാല്യകാലസഖി തന്നെ അതിന്റെ ജീവരൂപമാണ്.സ്നേഹം ഇത്രമേൽ ധ്വംസനാത്മകമായി അതിനുമുൻപൊരിയ്ക്കലും മലയാളി നേരിട്ടിട്ടില്ല.അവസാനത്തെ വരികളിൽ നിന്ന്,എന്തായിരുന്നു സുഹ്‌റ മജീദിനോട് പറയാനിരുന്നത് എന്ന ഉത്കണ്ഠയിൽ നിന്ന്,ഒരിയ്ക്കലും വിമോചനമില്ലാതെ ലോകം കുരുങ്ങിക്കിടന്നു.
അതിനിങ്ങേയറ്റത്തു പിടിച്ചാൽ,പാത്തുമ്മയുടെ ആടിലെത്തുമ്പോൾ,വീട് ഒരു ജീവസ്വരൂപമായി ബഷീറിനെ ആഞ്ഞുകൊത്തി.നമ്മുടെയെല്ലാം വീട്ടിൽ നിരന്തരം നടക്കുന്ന സ്വാഭാവികസംഭവങ്ങളെല്ലാം ബഷീറിന്റെ മൂശയിൽ ആർജ്ജവമുള്ള രംഗങ്ങളായി.അത്രമേൽ ലോകം ചുറ്റി വന്നിരിയ്ക്കുന്നതുകൊണ്ടാണ് ബഷീറിനെ വീട് അത്രമേൽ ആക്രമിച്ചതും.വീട്ടിൽനിന്നുവീട്ടിലേയ്ക്കു മാത്രം സഞ്ചരിച്ച നാം അതു കണ്ടമ്പരന്നു.അതിനോടു സമാനമായി വിശ്വസാഹിത്യത്തിൽ തന്നെ രചനകളുണ്ടാകുമോ എന്നു സംശയം.
ചെറിയ നാട്ടിൽ താമസിയ്ക്കുന്ന,ചെറിയ മനുഷ്യർ അധിവസിയ്ക്കുന്ന ഒരു ഭൂഖണ്ഡത്തിലെ എഴുത്തുകാരനായിരുന്നു ബഷീർ.അതുകൊണ്ടുതന്നെ സ്വന്തം തലച്ചോറിന്റെ അമിതവും ആധികാരികവുമായ വളർച്ച കൊണ്ട് സ്വയം ചെറിയ മനുഷ്യരിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ടതായി ബഷീറിനു തോന്നിയില്ല.അതുകൊണ്ടാണ് കൊച്ചുമനുഷ്യരെപ്പറ്റി അദ്ദേഹം കഥകളും പ്രബന്ധങ്ങളുമെഴുതിയത്.
സ്വാതന്ത്ര്യം തീഷ്ണമായ ഒരാവശ്യമാണ് എന്ന് ബഷീർ നിരന്തരം പ്രഖ്യാപിച്ചു.മഹത്വത്തിന്റെ എടുപ്പുകുതിരയായി ജീവിയ്ക്കാൻ ബഷീർ ആഗ്രഹിച്ചില്ല.മഹത്വത്തിന്റെ ആനപ്പുറം പാരതന്ത്ര്യത്തിന്റേതാണ് എന്നും,പൂഴിമണ്ണിലൂടെയുള്ള ഭൂമിയിലെ നടത്തം സ്വാതന്ത്ര്യത്തിന്റെ എളിമയുടേതാണ് എന്നും ആ മനുഷ്യൻ തിരിച്ചറിഞ്ഞു.“ഉപ്പൂപ്പമാരുടെ ആനപ്പുറ”ത്തിലല്ല,ജീവിതത്തിന്റെ നേര് കിടന്നു പിടയ്ക്കുന്നത് എന്ന് കണ്ടറിഞ്ഞ ബഷീർ,അവയെ പുറംകാലുകൊണ്ടു ചവിട്ടിയെറിഞ്ഞു.
എന്നാൽ,എഴുപതുകൾ മുതൽ നാം കെട്ടിയേറ്റിക്കൊണ്ടുവന്ന ആധുനികതയുടെ ആനപ്പുറങ്ങൾ,നമ്മെ ആ പ്രകാശത്തിൽ നിന്ന് വഴിതിരിച്ചുവിട്ടു.മാനവികതയ്ക്കെതിരെ ആത്മീയതയേയും,രാഷ്ട്രീയനാഗരികതയ്ക്കെതിരെ പ്രാകൃതമതവംശീയതയേയും സ്ഥാപിയ്ക്കാൻ ആധുനികതാവാദം പണിപ്പെട്ടു.മൂല്യനിരാസത്തിന്റെയും,മയക്കുമരുന്നിന്റെയും,ലൈംഗിക‌ അരാജകത്വത്തിന്റെയും വിഷബീജങ്ങൾ അന്തരീക്ഷത്തിൽ കലർത്തപ്പെട്ടു.എഴുത്തുകാരന്റെ സ്വകാര്യതയെപ്പറ്റി ഉന്മാദകരമായ ഒരു കാഴ്ച്ചപ്പാട് പങ്കുവെക്കപ്പെട്ടു.
പക്ഷേ,ബഷീർ ആ കാലത്തെയെല്ലാം അതിജീവിച്ചും മുറിവേൽ‌പ്പിയ്ക്കുന്ന നാവുമായി നമുക്കു മുന്നിൽ നിൽക്കുന്നു.ആഖ്യയും ആഖ്യാദവും എവിടെ എന്നു ചോദിയ്ക്കുന്ന ബഷീറിന്റെ വൈയാകരണ കഥാപാത്രം,ഘടനാവാദത്തിന്റെയും അപനിർമ്മാണത്തിന്റെയും മിടുക്കന്മാരെ വരെ തുമ്പിക്കല്ലെടുപ്പിക്കുന്നു.രാജാവു നഗ്നനെന്നു വിളിച്ചുപറയുന്ന സത്യദർശനത്തിന്റെ ചിഹ്നങ്ങളിലൂടെ,അപമാനവീകരണത്തിന്റെ ഇരുൾക്കാടുകളിലും ബഷീർ നീലവെളിച്ചമാകുന്നു.
മനുഷ്യനെ മറക്കുന്ന കഴുതക്കരച്ചിലുകൾ
------------------------------------------

ബഷീറിന്റെ വലിപ്പം മനസ്സിലാവാത്ത ശ്രീജനെപ്പോലുള്ളവരുടെ കഴുതക്കരച്ചിലുകൾ,മനുഷ്യരെ മറന്നുപോകുന്നു.സ്വയം സങ്കൽ‌പ്പിച്ചുണ്ടാക്കിയ മൂഡസ്വർഗ്ഗങ്ങളിൽ പാർപ്പുറപ്പിച്ചിരിയ്ക്കുന്ന അവരറിയുന്നില്ല,അവർ കരയുന്നതെല്ലാം കഴുതക്കരച്ചിലാണെന്ന്.മൊട്ടുസൂചികളെക്കണ്ടു തലകുത്തിനിൽക്കുകയും,വിമർശനാത്മകമെന്ന നാട്യത്തിലുള്ള സിദ്ധാന്തങ്ങൾ മുട്ടയിടുകയും ചെയ്തതുകൊണ്ടൊന്നും മനുഷ്യനെ മനസ്സിലാവില്ല.ബഷീറിന്റെ കേമത്തം അറിയാനുള്ള കേമത്തം ശ്രീജനില്ലെങ്കിലും,ഇന്നാട്ടിലെ സാധാരണക്കാരായ മനുഷ്യർക്കുണ്ട്.
“ഒ.വി.വിജയന്റെ അഭിപ്രായത്തിൽ,മലയാളത്തിലെ ഏറ്റവും നല്ല നോവൽ “ഖസാക്കിന്റെ ഇതിഹാസം ആയിരിയ്ക്കണമല്ലോ.എന്നാൽ അദ്ദേഹം പറയുന്നു മലയാളത്തിലെ ഏറ്റവും നല്ല നോവൽ ‘പാത്തുമ്മയുടെ ആട്’ആണ് എന്ന്.ഇതൊരിയ്ക്കലും വിജയന്റെ സത്യസന്ധമായ അഭിപ്രായമാവില്ല.”
ഇങ്ങനെ ഒരു പടുവിഡ്ഡിവാചകമെഴുതാൻ,ശ്രീജനല്ലാതെ വേറാർക്കും കയ്യുറയ്ക്കും എന്നെനിയ്ക്കു തോന്നുന്നില്ല.(ടി.പത്മനാഭനൊഴികെ)
ബഷീർ മഹാനായ മനുഷ്യനാണെന്ന് ശ്രീജൻ സമ്മതിയ്ക്കുന്നുണ്ട്.അത് ബഷീർ മഹാനായ എഴുത്തുകാരനല്ല എന്നു പറയാൻ വേണ്ടിയാണ്.മഹാന്മാരായ മനുഷ്യരെല്ലാം മഹാന്മാരായ എഴുത്തുകാരാവണമെന്നില്ല എന്ന ശ്രീജന്റെ കണ്ടുപിടുത്തം സ്കൂൾകുട്ടികളോടു പറയേണ്ടതാണ്.വേണമെങ്കിൽ ശ്രീജന്റെ ക്ലാസിലിരിയ്ക്കാൻ വിധിയ്ക്കപ്പെട്ട ഭാഗ്യദോഷികളോടും പറയാം.കൂടെ വേണമെങ്കിൽ “പാമ്പുകടിച്ചാൽ ഒരു സുഖമില്ല”എന്നോ. “പഞ്ചസാരയ്ക്ക് മധുരമാണ്”എന്നോ കൂട്ടാം.
റൊണാൾഡ് ആഷറിന്റെ ബഷീർ വായനകളെയാണ് പിന്നെ ശ്രീജന്റെ നിരൂപണജ്ഞാനം ആക്രമിയ്ക്കുന്നത്.അടിസ്ഥാനം കണ്ടെത്താനാവാത്ത മഹത്വമാണ് ബഷീറിന്റേത് എന്ന വായനയെ,അങ്ങനെയൊരു മഹത്വമില്ല എന്നിടത്തേയ്ക്ക് ശ്രീജന്റെ ബുദ്ധി കൂട്ടിക്കെട്ടുന്നു.നിരൂപണത്തിന്റെ തുലാസും തൂക്കക്കട്ടികളും കൊണ്ടു ശ്രീജൻ നടത്തുന്ന പലചരക്കുകടയിൽ ബഷീറിനെ തൂക്കാൻ പറ്റാത്തതാണു സങ്കടം.സമിതികളിൽ നിന്നു പുറം തള്ളപ്പെടാതിരിയ്ക്കാനുള്ള സാഹിത്യേതരകലകളിലെ അഭ്യാസദാർഢ്യവുമായി,അക്കാദമിക്ക് കൊട്ടാരങ്ങളിൽ വാണരുളുന്ന സാഹിത്യകാരന്മാരെ അളക്കുന്നതുപോലെ,കുറേ തൂക്കക്കട്ടികളും കൊണ്ട് ബഷീറിനെ അളക്കാം എന്നാണ് ശ്രീജന്റെ വിചാരം.അതിനു ബഷീർ പിടിതരുന്നില്ലാത്തസ്ഥിതിയ്ക്ക് അയാൾ സാഹിത്യകാരനല്ല,അത്രേയുള്ളൂ!
ബാല്യകാലസഖിയിലെ സുഹ്‌റ-മജീദ് എന്നീ കുട്ടികളുടെ ശത്രുതക്ക് എന്താണുകാരണം എന്നു ബഷീർ വിശദീകരിച്ചില്ല എന്നതാണ് വേറൊരാവലാതി.ജീവിതമെന്നാൽ ഒറ്റകാലമേയുള്ളൂ എന്നു തോന്നുന്നു,ഇത്തരം ബുദ്ധിജീവികൾക്ക്.അന്യോന്യം കടിച്ചീമ്പി രക്തം കുടിയ്ക്കാനും,കുടൽമാലയൂരി നൃത്തം ചെയ്യാനുമാണ് ആഗ്രഹമെങ്കിലും മുഖത്ത് ധൈഷണികമായ ഗൌരവവുമായി ജീവിയ്ക്കുന്ന കാലം.അതുകൊണ്ട് കുട്ടികളുടെ ആ കാരണം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.
ഇനിയാണ് ഏറ്റവും ചേതോഹരമായ കണ്ടുപിടുത്തം നടത്തിയിരിയ്ക്കുന്നത്!“ആഖ്യയും ആഖ്യാദവും എവിടെ?”എന്ന പ്രസിദ്ധമായ അബ്ദുൾഖാദർ കഥയും,“മാതാവേ കുറച്ചു ശുദ്ധജലം തന്നാലും”എന്ന കഥയും (പാത്തുമ്മയുടെ ആട്)എടുത്തെഴുതിയിട്ട്,ശ്രീജൻ പറയുന്നു:
“ഇതുപോലുള്ള പല സംഭവങ്ങളുടെയും ലാവണ്യം കഥാകൃത്തിനേക്കാൾ കഥാപാത്രങ്ങൾക്ക് അവകാശപ്പെട്ടതാണ്.സാക്ഷിയായി എല്ലാം രേഖപ്പെടുത്തുകയേ ബഷീർ ചെയ്തിട്ടുള്ളൂ”
എങ്ങനെയുണ്ട്?ബഷീറിന്റെ വീട്ടിൽ മാത്രമല്ല,എന്റെയും ശ്രീജന്റെയും എല്ലാം വീട്ടിൽ ഇത്തരം സാധാരണസംഭവങ്ങൾ നടക്കുന്നുണ്ടല്ലോ,എന്നിട്ടെന്താണാവോ അതൊന്നും ഇങ്ങനെ ചിരകാലപ്രതിഷ്ഠ നേടാത്തത്?ശ്രീജനും ആവാമായിരുന്നല്ലോ,ഒരഞ്ചാറു നോവൽ ഇത്തരം സാധാരണസംഭവങ്ങളെ വെച്ചെഴുതുക!എന്തേ ചെയ്യാഞ്ഞത്?
ഇത്രയും അപമാനവീകരിക്കപ്പെട്ട കറുത്തലോകത്ത്,സാഹിത്യമെന്നാൽ തന്റെ നെടുമ്പുരമാളികയിലെ കോഴിക്കൂട്ടിൽ ഞാത്തിയിട്ട ഇലക്ട്രിക് അക്കാദമികവെളിച്ചത്തിന്റെ ചൂടിൽ വിരിയുന്ന ലഗോൺ‌മുട്ടയാണെന്നു വിചാരിക്കുന്ന ഈ എട്ടുകാലിമമ്മൂഞ്ഞുകളുടെ ഇടയിൽ ജീവിക്കാൻ ബഷീറുണ്ടായില്ലല്ലോ എന്നാണാശ്വാസം!

കുഞ്ഞുണ്ണിമാ‍ഷ്-അസംബന്ധങ്ങളുടെ രാജശിൽ‌പ്പി


കുഞ്ഞുണ്ണിമാഷ് അവസാനകാലത്ത് ചിരകാലാഭിലാഷമായിരുന്ന ഹിമാലയദർശനം നടത്തി എന്നു കേട്ടതുമുതൽ,ഞാനെന്നും മനസ്സിൽ താലോലിയ്ക്കുന്ന ഒരു ത്രസിപ്പിയ്ക്കുന്ന ദൃശ്യഭാവനയാണ് ഹിമാലയത്തിന്റെ ചുവട്ടിലെ കുഞ്ഞുണ്ണി.മുന്നിൽ ആകാലനീലത്തോടു മത്സരിയ്ക്കുന്ന ഹിമവൽ‌ശൃംഗം,ചുവട്ടിൽ ഇത്തിരിപ്പോന്ന കുഞ്ഞുണ്ണി…വല്ലാത്തൊരു കാഴ്ച്ചയാവും അത്.(ഫോട്ടോഷോപ്പ് കയ്യിലൊതുങ്ങിയപ്പോൾ ഞാനാദ്യം ചെയ്ത വർക്കുകളിലൊന്ന്:)മലയാളം കണ്ട യഥാർത്ഥ ‘ചെറിയ(?)കാര്യങ്ങളുടെ തമ്പുരാൻ’ ഒരേ സമയം എന്റെ സെൻസുകളോടും നോൺസെൻസുകളോടും സംസാരിച്ചു.
പി.കുഞ്ഞിരാമൻ നായർ,നിലാവത്തിരുന്ന് വെറ്റിലയിൽ ചുണ്ണാമ്പുതേയ്ക്കുമ്പോൾ “കണ്ണട കൊണ്ടുവാ,നിലാവും ചുണ്ണാമ്പും മാറിപ്പോവുന്നു”എന്നു പറഞ്ഞത് ചുള്ളിക്കാടിന്റെ ഓർമ്മക്കുറിപ്പിൽ വായിച്ചപ്പോഴും ഞാനെന്തുകൊണ്ടോ കുഞ്ഞുണ്ണിമാഷെ ഓർത്തു.ഒരിയ്ക്കലും മാഷിനതു വേണ്ടിവരില്ല,കാരണം കുഞ്ഞുണ്ണി നിലാവിന്റെ മുട്ടയെടുത്തു ഗോട്ടി കളിച്ചവനാണ്,ആകാലനീലിമ പിഴിഞ്ഞുനീരെടുത്ത് ചിത്രം വരച്ചവനാണ്,മാനത്തുമിന്നുന്ന നക്ഷത്രങ്ങളെയെടുത്തു മേക്കാച്ചിത്തവളയ്ക്കു വെച്ചുകൊടുത്തവനാണ്.വലപ്പാട്ടെ പടിയിൽ കാവലുകിടക്കും,നിലാവ്.
ഘടന,രൂപം,ശിൽ‌പ്പം തുടങ്ങിയ വാക്കുകളൊക്കെ മാഷിനുമുന്നിൽ ചളുങ്ങിയ പാത്രങ്ങളാവും.മാഷിന്റെയിഷ്ടത്തിന് അവയൊക്കെ രൂപാന്തരപ്പെടും.ഒരു കല്ലുമ്മേയ്ക്കായയാണ് മാഷിന് ഒരു വാക്ക്.അതു തല്ലിപ്പൊട്ടിച്ചു രസിയ്ക്കും.അതിനു സമ്മതമെന്ന മട്ടിൽ മാഷിന്റെ വലയിലേക്ക് വാക്കുകൾ അനുസരണയോടെ വന്നുകയറും.
“ഒരു കുട്ടിയ്ക്കൊരു റൊട്ടി-
ക്കൊരു വട്ടിയ്ക്കൊരു പെട്ടി-
ക്കൊരു കൊട്ടിൽ
ആ കൊട്ടിലിലുള്ള
പെട്ടിയിലുള്ള
വട്ടിയിലുള്ള
റൊട്ടി തിന്നാനുള്ള കുട്ടി”
എന്ന്,അവസാനം കുഞ്ഞുണ്ണി ബാക്കിവരുന്ന വാക്കുകളെടുത്ത് അമ്മാനമാടും.അതിനും അവയ്ക്കു സമ്മതം.ഒരു സംബന്ധവും വേണമെന്നില്ല,അവയ്ക്ക്.എന്തൊരനുസരണ!
അസംബന്ധകവിത എന്ന വാക്കുതന്നെ ‘സംബന്ധകവിത’എന്നൊരസംബന്ധത്തെ സിദ്ധവൽക്കരിക്കലാണല്ലോ.മാഷു ചോദിച്ച പോലെ,ഏതു കവിതയാണ് ‘സെൻസുള്ള കവിത’?പ്ലേറ്റോ തന്റെ റിപ്പബ്ലിക്കിൽ നിന്ന് കവികളെ ആദ്യം പുറത്തുചാടിച്ചു.നൈയായികനായ ജയന്തഭട്ടൻ “അഥവാ കവിഭിഃസാർദ്ധം വ്യാഹാരോപി ന ശോഭതേ” എന്ന് കവികൾ അസംബന്ധപ്രലാപികളാണെന്ന് പരിഹസിച്ചു.ഷേക്സ്പിയർ കവിയും ഭ്രാന്തരും സമാനരാണ് എന്നു പ്രഖ്യാപിച്ചു.ഇതിലൊക്കെ വലുത് നമുക്ക് കുഞ്ഞുണ്ണി പറഞ്ഞുതന്ന അസംബന്ധം തന്നെ.കാരണം,അതൊരു ജീവിതത്തിന്റെ സംബന്ധമായിരുന്നു.
“എന്തൊരൽഭുതമയ്യാ
പഞ്ചാര മധുരിപ്പൂ”
എന്ന നിഷ്കളങ്കമായ വിസ്മയ മധുരമായിരുന്നു.
ഒരു പാരമ്പര്യത്തിന്റെയും തുടർച്ചയല്ല കുഞ്ഞുണ്ണി.ഒരു ശബ്ദവും സ്വാധീനിച്ചിട്ടുമില്ല.സമകാലത്തിലെ ആധുനികതയുടെ മാറാപ്പുകളുടെയൊന്നും ഭാരവും ഇല്ല.പക്ഷേ,ആ കവിത എവിടെയൊക്കെയോ നമ്മെ കീറിമുറിച്ചു.

വഞ്ചിപ്പാട്ടുണ്ടാക്കിയത് രാമപുരത്തുവാര്യരല്ല.പക്ഷേ നതോന്നതങ്ങളിൽ കരയുന്ന ആ ഛന്ദസിനെ രാജാവിനോടുള്ള ദരിദ്രന്റെ നിലവിളിയാക്കിയത് രാമപുരത്തുവാര്യരുതന്നെയാണ്.കുചേലസദ്ഗതിയുടെ പുരാവൃത്തം,“ഇല്ല ദാരിദ്ര്യാർത്തിയോളം-ഇല്ലം കുത്തുമാറായതു കണ്ടാലും”എന്നിടത്തോളമുള്ള വിലാപമാക്കി രാജാവിനു മുന്നിൽ ഒരു തോണിയാത്ര കൊണ്ടദ്ദേഹം പാടിത്തീർത്തപ്പോൾ,അപ്പുറത്തിരുന്ന രാജാവ് അസ്തമിച്ചുപോയിരിക്കണം.
ഇതിനു വിപരീതമായിരുന്നു നമ്പ്യാരുടെ ശബ്ദം.കരയാനല്ല,ചിരിയ്ക്കാനാണ് നമ്പ്യാർമഠത്തിന്റെ ഇരുൾമുറിയിലേക്ക് സർവ്വപ്രപഞ്ചങ്ങളേയും ആവാഹിച്ച ആ മാന്ത്രികൻ പറഞ്ഞത്.അധികാരത്തിനു നേരെയുള്ള കൊലച്ചിരി. “പശുവേ നിനക്കും പക്കത്താണോ ഊണ്” എന്ന ചോരപുരണ്ടചിരി.രാജപത്തനസ്വർഗ്ഗങ്ങളല്ല കുഞ്ചന്റെ ഹംസം പറന്നുയർന്നപ്പോൾ കണ്ടത്,“നായർ വിശന്നു വലഞ്ഞുവരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല”എന്ന ജീവിതമാണ്.
പലയിടത്തും കുഞ്ഞുണ്ണിഹാസ്യം നിർവ്വഹിച്ചതും ഇത്തരം ധർമ്മങ്ങളായിരുന്നില്ലേ? “പിറക്കും മുതൽ ഇംഗ്ലീഷ് പഠിക്കാനായി പേറ് ഇംഗ്ലണ്ടിൽ തന്നെയാക്കു”കയും,“ഞാനമ്മയുടെ വയറ്റിൽ നിന്നു പിറന്നുവീണത് എന്റെ വയറ്റിലേയ്ക്കായിരുന്നല്ലോ”എന്ന് തിരിച്ചറിയുകയും ചെയ്യുന്ന കുഞ്ഞുണ്ണിയിൽ നിറഞ്ഞതും അതേ ജീവിതസമസ്യകളായിരുന്നില്ലേ?
അസംബന്ധം പൊതുവേ രണ്ടു മാതിരിയുണ്ട്,നിരുദ്ദേശ്യവും സോദ്ദേശ്യവും..ചിരപരിചിതമായ ലോകത്തിന്റെ യുക്തിഭദ്രതയുടെ മടുപ്പിൽ നിന്ന് മുക്തിനേടി ഔപബോധികമായ സ്വപ്നത്തിന്റെ ആനന്ദലഹരിയിൽ രമിയ്ക്കാനുള്ള ആഗ്രഹത്തിന്റെ മൂർത്തരൂപമാണ് നിരുദ്ദേശ്യമായ അസംബന്ധത്തിൽ നാം കാണുന്നത്.മനസ്സിന്റെ അർത്ഥാകാംക്ഷ തീർത്തും പരാജയപ്പെടുമ്പോഴുണ്ടാകുന്ന വിസ്മയത്തിൽ നാം മുഴുകുന്നു.അപരിചിതമായ ഒരു വസ്തുപ്രപഞ്ചം മുന്നിൽ കണ്ട് ഒന്നും വിവേചിച്ചറിയാൻ മിനക്കെടാതെത്തന്നെ സഹജമായ വിസ്മയത്തിൽ ആനന്ദിക്കുന്ന ബാലഭാവനയിൽ നാം മുഴുകുന്നു.‌“അടിസ്ഥാനപരമായി,ബാലിശതയാണ് കവിത”എന്ന എം.ഗോവിന്ദന്റെ നിരീക്ഷണം അതേപടി ശരിയാവുന്നു.‌“Child is father of a man”എന്ന വേഡ്സ് വർത്തിന്റെ വാചകം അന്വർത്ഥമാകുന്നു.വർണ്ണാവൃത്തിരൂപമായ ശബ്ദരൂപങ്ങളായ ഇത്തരം സൃഷ്ടികളിൽ നമുക്ക് മറ്റുപലഭാഷകളിലെന്നതുപോലെ,ഒരു ഫോൿലോർ പാരമ്പര്യമുണ്ട്.
“കണ്ടരയ്യന് നേർപൊലി ചെയ്താൽ
കണ്ണുരണ്ടും തരികിടതിമൃതൈയ്”
എന്നും,
“ചങ്കരാ കരകരാ ചന്തികൊണ്ടൊന്നര
പായസച്ചട്ടുകം നക്കെടാ നീ”
എന്നും ശബ്ദജാലം കൊണ്ടുള്ള കളി.ഇവയുടെ ഉത്സവം കുഞ്ഞുണ്ണിയിൽ കാണാം.
“ഇരുട്ടുരുട്ടിയെടുത്ത് വെട്ടത്തിട്ട്
വെട്ടമുരുട്ടിയെടുത്തിരുട്ടത്തിട്ട്
ഇരുട്ടും വെട്ടവും കൂട്ടിയുരുട്ടിയട്ടത്തിട്ട്”
എന്നുവരെയെത്തുന്ന വാക്കിന്റെ തട്ടിക്കളി.
“പപ്പടം വട്ടത്തിലാവുക കൊണ്ടാവാം
പയ്യിന്റെ പാലു വെളുത്തതായി
പയ്യിന്റെ പാലുവെളുത്തതുകൊണ്ടാവാം
പാക്കലം മണ്ണുകൊണ്ടുണ്ടാക്കുന്നു
പാക്കലം മണ്ണുകൊണ്ടാവുകകൊണ്ടാവാം
പാപ്പുവിൻ പീപ്പിയ്ക്ക് പെപ്പരപ്പേ”
എന്നുവരെയെത്തുന്ന അസംബന്ധത്തിമർപ്പ്.
എഡ്വേഡ് ലിയറും,ജോൺസ് റൂഷ്റ്റും പാശ്ചാത്യലോകത്തു ചെയ്തിരുന്ന അതേ തരികിട.ഇതൊട്ടും ലളിതമല്ല.അനുകരിക്കാനുമാവില്ല.
സോദ്ദേശ്യമായ അസംബന്ധം പ്രത്യക്ഷത്തിൽ അസംബന്ധമാണെങ്കിലും ഒരർത്ഥത്തിന്റെ പ്രത്യായനം സാധിക്കുന്നതുമാണ്.അതിനുദാഹരണങ്ങൾ നിരത്തിയാൽ അവസാനമില്ലല്ലോ.ലോകമഹായുദ്ധങ്ങൾക്കുശേഷം അനുഭവങ്ങളുടെ സങ്കീർണ്ണത ചിരകാലോപയോഗം കൊണ്ട് ദുർബലമായ ചിഹ്നങ്ങളുടെ അപര്യാപ്തിയോടേറ്റുമുട്ടുകയും,ചിഹ്നവ്യവസ്ഥയെ പൂർവ്വാധികം വക്രീകരിച്ചുകൊണ്ട് ചിത്രകലയിലും സാഹിത്യത്തിലും സംഗീതത്തിലും രംഗകലകളിലും എല്ലാം ആവിഷ്കൃതമാവുകയും ചെയ്തു.ഹെന്റി ഹോഫ്മാൻ,സാമുവേൽ ഫുട്,ജെയിംസ് തർബർ എന്നിവരുടെ അസംബന്ധരചനകളുടെ തലം ഈ സങ്കീർണ്ണപശ്ചാത്തലത്തിൽ നിന്നുരുവം കൊണ്ടതുകൂടിയാണ്.
കുഞ്ഞുണ്ണിയുടെ അസംബന്ധങ്ങൾ മിക്കതും ഇത്തരം സമകാലീനസങ്കീർണ്ണതകളോടുള്ള സ്പന്ദനങ്ങളാണ്.ഒന്നോ രണ്ടോ വരികളിലൂടെയോ ഈരടികളിലൂടെയോ സംസാരിയ്ക്കുന്ന അവയുടെ ധ്വനനശേഷി കാലങ്ങളെ കവച്ചുകടക്കുന്നതും അതുകൊണ്ടു തന്നെ.“എ.ഡി.ക്കുള്ളിലാണ് ബി.സി.എന്ന സാരസ്വതരഹസ്യം പങ്കുവെക്കപ്പെടുന്നത് ആ സങ്കീർണ്ണമായ കാലപരിസരത്തിലാണ്.ലോകം തിരിച്ചിട്ടു കോലവും,കോലം തിരിച്ചിട്ടു ലോകവും നിർമ്മിയ്ക്കുന്ന അന്തർബോധവും.
ജപ്പാനിൽ “ഹൈക്കു”എന്നൊരു കവിതാരൂപമുണ്ടെന്നും,അതു കുഞ്ഞുണ്ണിത്തമുള്ള കവിതയാണെന്നും മാഷറിഞ്ഞിരുന്നോ,എന്തോ!അറിഞ്ഞിരിയ്ക്കാൻ വഴിയില്ല.മലയാളമായിരുന്നല്ലോ,മാഷിന്റെ പ്രപഞ്ചം.എനിയൊരു ജന്മമുണ്ടെങ്കിൽ അതു മലയാളത്തിലെ ‘റ’എന്ന അക്ഷരമായിട്ടു മതി എന്നിടത്തോളമെത്തിയ അഭിനിവേശം.
ഒ.വി.വിജയൻ കുഞ്ഞുണ്ണിമാഷിനെഴുതിയ കത്തുകളിൽ,മാഷിനെ സംബോധന ചെയ്യുന്നത് “കുഞ്ഞുണ്ണിനരീ”എന്നാണത്രേ!ഇത്രയും സാധുവായ,എന്നാൽ നമ്മുടെ പൊങ്ങച്ചങ്ങളുടെ ദുർമേദസ്സുകളെ കടിച്ചുകീറിത്തിന്ന,ഒരു നരിയും നമുക്കുമുന്നിലില്ല.
“ചിറകടിപോലും കേൾപ്പിക്കാതെ
പറക്കുംപക്ഷിക്കൊരു ചിറകാകാശം
മറുചിറകേതെന്നറിയില്ല
അറിയും വരെയിക്കവിതയപൂർണ്ണം”
മാഷിനേപ്പറ്റിയുള്ള ഒരു വിചാരവും,ഈ കവിതയെപ്പോലെ ഒരിയ്ക്കലും പൂർണ്ണമാകുന്നില്ല.

മകന്റെ അച്ഛൻ-വ്യക്തിനിഷ്ഠതയുടെ സ്തുതിഗീതം


വലതോ ഇടതോ എന്നു സംശയിപ്പിക്കുകയും,ഇടതിനെ നേരെയാക്കാനാണു ശ്രമം എന്നുദ്‌ഘോഷിക്കുകയും,എന്നാൽ വലതുപക്ഷരാഷ്ട്രീയം പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്ഥിരം ശ്രീനിവാസൻ കലാപരിപാടിയിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല,‘മകന്റെ അച്ഛൻ’.എങ്കിലും പതിവുപോലെ, മലയാളിമനുഷ്യരോട് ഈ സിനിമ ചിലചോദ്യങ്ങൾ ചോദിയ്ക്കുന്നുണ്ട്,അതു കാലികവുമാണ്.
സമൂഹനിഷ്ഠമായി നാം കരുതിപ്പോന്ന ഓരോന്നായി വ്യക്തിനിഷ്ഠമാണെന്നു പ്രഖ്യാപിക്കലാണല്ലോ മുതലാളിത്തത്തിന്റെ കുറേക്കാലമായുള്ള നാടകം.പ്രതിഷേധിക്കാനുള്ള അച്ചടിക്കറുപ്പാണു പത്രം എന്നു പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള ജനിച്ചനാട്ടിൽ,ഇന്നു പ്രധാനമായി രണ്ടുലക്ഷ്യങ്ങളാണ് പത്രങ്ങൾക്കുള്ളത്;ഒന്നു കല്യാണബ്രോക്കർപണി,മറ്റൊന്നു ചില ലോട്ടറിക്കളികൾ.രണ്ടും നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ.ആരാണ് സമുദ്രത്തിന്റെ കരയിൽ നിൽക്കുന്നത്,ആരാണ് ബക്കറ്റിൽ വെള്ളം കോരുന്നത് എന്നു കണ്ടുപിടിക്കാനാണ് വ്യക്തികളോടു രാഷ്ട്രീയം തന്നെ ആവശ്യപ്പെടുന്നത്.സാമൂഹികത എന്ന കാര്യം ഒരു പഴഞ്ചരക്കായിരിക്കുന്നു.അപ്പോൾ പിന്നെ,മകന്റെ അച്ഛൻ കുടുംബം എന്ന യൂനിറ്റിനെ കാണുന്നതും വ്യത്യസ്തമാകാത്തതിൽ അത്ഭുതമില്ലല്ലോ.
സ്വന്തം കുടുംബം നേരെയാക്കത്തവനാണോ നാടുനേരെയാക്കുന്നത് എന്ന വലതുപക്ഷചോദ്യം ചോദിക്കാനാണ് ഒരു സിനിമയുടെ മുഴുവൻ റീലുകളും വളഞ്ഞുമൂക്കുപിടിയ്ക്കുന്നത്.മൂന്നു തലമുറയുടെ ചിത്രീകരണമാണു മകന്റെ അച്ഛനിൽ.ഒന്ന്,ജീവിതസായാഹ്നത്തിൽ,തന്റെ മകനായ വിശ്വനാഥന്റെ(ശ്രീനിവാസൻ) വീട്ടിൽ കുളിച്ചുണ്ടു സുഖിച്ചുതാമസിയ്ക്കാൻ വരുന്ന അച്ഛനമ്മമാരാണ്.വിശ്വനാഥന്റെ ഭാഷയിൽ “മേലും കീഴും നോക്കെണ്ടാത്തവർ-ഇടിത്തീകൾ”.രണ്ടാമത്തേത്,മകനെ എഞ്ചിനീയറാക്കുക എന്ന ജന്മലക്ഷ്യവുമായി,സ്വയം കഷ്ടപ്പാടുകൾ സഹിച്ചും,അമ്പതുരൂപയുടെ റോഡരികിൽ കിട്ടുന്ന കണ്ണട ഉപയോഗിച്ചും ജീവിക്കുന്ന മാതൃകാവില്ലേജോഫീസറായ വിശ്വനാഥനും,അയാളുടെ സ്നേഹമയിയായ മാതൃകാഭാര്യയും.മൂന്നാമത്തെ തലമുറ,ഒട്ടും താല്പര്യമില്ലാഞ്ഞിട്ടും എൻ‌ട്രൻസ് കോച്ചിങ്ങിനു വിധിക്കപ്പെടുന്ന,അവസാനം റിയാലിറ്റി ഷോ എന്ന അസംബന്ധനാടകത്തിലൂടെ ഹീറോ ആകുന്ന മകൻ മനുവും,അനിയത്തിയും.പതിവുചേരുവകളെല്ലാം പഴയപോലെയുണ്ട്.
എങ്ങനെയെങ്കിലും എൻ‌ട്രൻസ് പാസാക്കി,മകനെ എഞ്ചിനീയറായി കാണണമെന്ന മോഹവുമായി വിശ്വനാഥനും,എന്നാൽ ഒട്ടും അഭിരുചിയില്ലാത്ത കാര്യത്തിൽ പരാജിതനാകുന്ന മനുവും,നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദമാണ്.അതു മാതാപിതാക്കളുടെ അത്യാഗ്രഹം കൊണ്ടു മാത്രമാണെന്നുള്ള അർദ്ധസത്യം സ‌മർത്ഥിക്കാണ് നമ്മുടെ മനഃശാസ്ത്രജ്ഞരും,സർവ്വേകളും,കുറേ മാധ്യമങ്ങളും ചേർന്നു ശ്രമിയ്ക്കുന്നത്.മകന്റെ അച്ഛൻ പറയുന്നതും മറ്റൊന്നല്ല.ബാക്കി അർദ്ധത്തെ,മനപ്പൂർവ്വം വിട്ടുകളയുന്നു.തൊഴിൽമേഖലയിലും സാമ്പത്തിക വിതരണത്തിലും ഉള്ള അവ്യവസ്ഥയുടെ ബാക്കിപത്രമാണ് സത്യത്തിൽ ഈ ഭീതി.സുരക്ഷിതത്വമില്ലാത്ത ഈ ലോകത്ത് തങ്ങളുടെ മക്കളെ എങ്ങനെയും സുരക്ഷിതരാക്കുക എന്ന ആലോചനയെ മാത്രം കാണുകയും,അതു സൃഷ്ടിച്ച സാമൂഹ്യപരിസരത്തിനു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നിടത്താണ് ഈ സിനിമയുടെ രാഷ്ട്രീയം വ്യക്തമാകുന്നത്.
പക്ഷേ,സിനിമയുടെ മറുപുറം കുറേക്കൂടി പ്രസക്തവും,കാലികവുമാണ്.ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന ഹിമവൽ ചൈതന്യ എന്ന ആൾദൈവവും,ഭൂമിക്കച്ചവടബന്ധങ്ങളും തൊലിയുരിയുന്നത് നമ്മുടെ നീതിന്യായവ്യവസ്ഥയുടേയും പൊതുജനമനശ്ശാസ്ത്രത്തിന്റെയും അവസ്ഥകളേയാണ്.സന്തോഷ് മാധവനിൽ തുടങ്ങിയ കപടസന്യാസിവേട്ടയും,യുവജനസംഘടനകളുടെ താടികത്തിക്കലുമൊക്കെ എല്ലാവരും മറന്നുതുടങ്ങിയിരിയ്ക്കുന്നു.തൽക്കാലത്തെ കൊടുങ്കാറ്റിൽ മാളത്തിലൊളിച്ച മുനിവര്യന്മാരൊക്കെ ഇപ്പോൾ വീണ്ടും പുറത്തിറങ്ങിയിരിയ്ക്കുന്നു.അവർ നയിക്കുന്ന ‘യാഗ’ങ്ങളിൽ നമ്മുടെ പ്രബുദ്ധരാഷ്ട്രീയ-സാംസ്കാരിക-സാഹിത്യനായകർ ഉളുപ്പൊന്നും കൂടാതെ പങ്കെടുക്കുന്നു.പൊതുജനത്തിന്റെ ഓരോ യോഗം!
സായിപ്പന്മാരെയും സായിപ്പത്തികളെയും വാടകയ്ക്കെടുത്തു കരയിപ്പിച്ചും,കോഴിബിരിയാണി എന്ന “മതസൌഹാർദ്ദബിരിയാണി”വിതരണം ചെയ്തും,സന്യാസിനികളുമായി രമിച്ചുകഴിയുന്ന ഹിമവൽചൈതന്യ എന്ന സ്വാമിയുടെ മറ്റൊരു മുഖം,ബിനാമികളെ വെച്ച് സ്ഥലം വാങ്ങിക്കൂട്ടുകയും കച്ചവടം നടത്തുകയും,ഗുണ്ടായിസം കാണിക്കുകയും ചെയ്യുന്ന ഭീകരന്റെയാണ്.പക്ഷേ,പ്രശ്നമെല്ലാം ഒരു സർക്കിൾ ഇൻസ്പെക്ടറുടെ പതിവു കലാപരിപാടിയോടെ തീരുന്നു.ഇത്രമേൽ ലളിതമാണു കാര്യങ്ങളെങ്കിൽ എത്ര നന്നായിരുന്നു!
സിനിമയവസാനിപ്പിക്കാൻ കണ്ടുപിടിച്ച പഴകിത്തേഞ്ഞ അസംബന്ധത്തോടെയാണ് മകന്റെ അച്ഛൻ എന്ന ഊതിവീർപ്പിച്ച ബലൂൺ പൊട്ടിത്തെറിയ്ക്കുന്നത്.കണ്ണീർ സീരിയലിനു ശേഷം കേരളം കണ്ട ഏറ്റവും കലാവിരുദ്ധമായ റിയാലിറ്റി ഷോ എന്ന പൊള്ളത്തരത്തെ ഉദാത്തവൽക്കരിക്കുന്നതോടെ,കഥയുടെ കഥയില്ലായ്മയും പൂർണ്ണമാകുന്നു.ആൾക്കൂട്ടത്തിന്റെ വൈകാരികതയിൽ മുങ്ങിപ്പൊങ്ങുന്ന കലാവിരുദ്ധതയിൽ അവസാനിക്കുന്നതോടെ,സന്ദേശത്തിൽ തുടങ്ങിയ ശ്രീനിവാസന്റെ ഇടതുപക്ഷനാട്യമാർന്ന വലതുപക്ഷം കൂടുതൽ രാക്ഷസീയവുമാകുന്നു.