Pages

ഉത്സവപ്പറമ്പിലെ ചിന്നംവിളികൾഅനിലിന്റെ ‘ആനക്ക് ആർ.സി.ബുക്ക്’ എന്ന പോസ്റ്റിൽ സംവാദത്തിലേർപ്പെടുമ്പോഴാണ്,വൈലോപ്പിള്ളിമാഷിന്റെ ‘സഹ്യന്റെ മകൻ’എന്ന കവിതയേക്കുറിച്ചോർത്തത്.പൂരപ്പറമ്പിൽ തിടമ്പേറ്റി എഴുന്നള്ളിച്ചുനിർത്തിയിരിക്കയാണ്,ആനയെ.
“പതയും നെറ്റിപ്പട്ട‌-
പ്പൊന്നരുവികളോലും
പതിനഞ്ചാനക്കരി-
മ്പാറകളുടെ മുമ്പിൽ
വാദ്യമേളത്തിൻ താള-
പാതത്തിൽ തലയാട്ടി-
പ്പൂത്ത താഴ്‌വര പോലെ”
മരുവുന്ന പുരുഷാരം ചുറ്റിലുമുണ്ട്.ആനപ്പുറത്ത് ശാന്തിക്കാരനും കുടതഴകൾ പിടിക്കുന്നവനും.ആകമാനം കാൽ‌പ്പനികമായ അന്തരീക്ഷം.ദീവെട്ടികളുടെ വെളിച്ചത്തിൽ,ആനകളുടെ രൂപം കരിമ്പാറകളാകുന്നു.രാപ്പൂരത്തിന്റെ ചാരുത അനുഭവിച്ചുതന്നെയറിയണം.സംഘസന്തോഷത്തിന്റെ തിരമാലകൾ ചിതറുന്ന പൂരപ്പറമ്പ്.പഞ്ചാരിമേളത്തിന്റെ നടകളിൽ കുതികുതിക്കുന്ന സംത്രാസം.
എന്നാൽ ഉത്സവപ്പറമ്പിലാണ് താൻ നിൽക്കുന്നത് എന്ന യാഥാർത്ഥ്യം അൽ‌പ്പസമയത്തേക്ക് ഒരു ആന മറന്നുപോയാലോ?‘സഹ്യസാനുദേശ’ത്തെ കൊടുംകാട്ടിലൂടെ വിഹരിക്കയാണ് താൻ എന്ന് ആനക്ക് തോന്നിയാലോ?കാലിൽ ബന്ധിച്ച കൂച്ചുചങ്ങല പൊട്ടുന്നത്,കാട്ടിലെ വല്ലീജാലം ഒടിയുകയാണ് എന്നവൻ കരുതിയാലോ?ശാന്തിക്കാരനും കുടതഴക്കാരും തന്റെ പുറഠുനിന്നൂർന്നു വീഴുമ്പോൾ തന്റെ പുറത്ത് കുരങ്ങുകൾ കയറിമറിയുന്നതാണെന്ന് ആന ധരിച്ചാലോ? “ആനയോടി”എന്നു നിലവിളിച്ച് ചുറ്റും ആളുകൾ പരക്കം പായുന്നത് കാട്ടാളന്മാർ ഇരുവശവും നിന്ന് കാടിളക്കുന്ന ശബ്ദമാണെന്ന് ആനക്ക് തോന്നിയാലോ?അമ്പലം കൊലക്കളമായി മാറും,ആനയെ വെടിവെക്കേണ്ടതായും വരും.
“മുഴുവൻ തോർന്നിട്ടില്ലാ
മുൻ‌മദജലം,പക്ഷേ
എഴുന്നള്ളത്തിൽ കൂട്ടീ;
എന്തൊരു തലപ്പൊക്കം”

എന്ന്,മാനസികവിഭ്രാന്തിയുടെ ഉത്തരവാദിത്വം മദജലം തോരാത്ത ആനയെ എഴുന്നള്ളിപ്പിൽ കൂട്ടിയ മനുഷ്യരിൽ തന്നെ ആരോപിക്കുന്നുണ്ട്.പ്രാകൃതവികാരങ്ങളുടെ മദജലം ഒട്ടും അവശേഷിക്കാത്തവിധം സംസ്കാരത്തിന്റെ ഉണങ്ങിയ തോർത്തുകൊണ്ട് തുടച്ചുവൃത്തിയായ മനുഷ്യർ ഇല്ലാത്തപോലെത്തന്നെ,ആനകളും ഉണ്ടാകാൻ വഴിയില്ല.ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും,ആനയായാലും മനുഷ്യനായാലും കൊള്ളാം,ജന്തുസഹജമായ പ്രാക്തനവികാരങ്ങളുടെ മദപ്പാടും,സാംസ്കാരികജീവിതത്തിന്റെ ചട്ടങ്ങളുമായി നിരന്തരം ഏറ്റുമുട്ടുന്നുണ്ട്.പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ഈ കൊമ്പുകുത്തലിൽ സാംസ്കാരികബോധത്തിന്റെ തോട്ടിയും ചങ്ങലയും എപ്പോഴും ജയിക്കുന്നതു കൊണ്ടാണ് ആനക്ക് ഉത്സവപ്പറമ്പിൽ തിടമ്പേറ്റി നിൽക്കാനും,മനുഷ്യർക്ക് വലിയകേശവന്റേയും തെച്ചിക്കോട്ടുകാവിന്റെയും കേമത്തം താഴെനിന്ന് പറയാനും കഴിയുന്നത്.
ഉത്സവപ്പറമ്പിലായാലും ഭൂലോകത്തായാലും ബൂലോകത്തായാലും തിടമ്പേറ്റി നിൽക്കുന്ന ആനകൾ ഓർക്കേണ്ടത്,പണ്ടു താൻ കാട്ടിലായിരുന്നു എന്നല്ല,ഇപ്പോൾ നാട്ടിലാണ് എന്നാണ്.അവയുടെ ചെവിയിൽ മന്ത്രിച്ചുകൊടുക്കേണ്ടത് പണ്ടത്തെ ‘സഹ്യസാനുദേശ’ത്തെ സ്വൈരവിഹാരത്തെക്കുറിച്ചല്ല,ഉത്സവത്തിലെ നിയമങ്ങളെക്കുറിച്ചാണ്.സ്വതന്ത്രരതിയുടെ പ്രാകൃതാവസ്ഥയിൽ,“കാട്ടുതാളിലയൊത്ത കോമളകർണ്ണങ്ങളിൽ കൂട്ടുകാരിയോട് മനോരഥം മന്ത്രിച്ചതും”,“ഹുംകൃതി പതയുന്ന ശത്രുകുംഭത്തിൽ‌പ്പിന്നെ തൻ കൊലച്ചിരി കടയോളവും കടത്തി”യതും അല്ല,ഉത്സവപ്പറമ്പിലാണ് താൻ നിൽക്കുന്നത് എന്നും,മുകളിൽ ദേവന്റെ പൊൽ‌തിടമ്പാണ് എന്നും,ചുറ്റും കുട്ടികളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന പുരുഷാരമാണ് എന്നുമാണ് ആനയായാലും മനുഷ്യനായാലും ബ്ലോഗറായാലും ആദ്യം മനസ്സിൽ തെളിയേണ്ടത്.ഇതിനേയൊക്കെയാണ് നാം ‘സംസ്കാരം’എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്.
‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’ എന്ന പ്രകൃതിനിയമം കാട്ടിലാകാം,നാട്ടിൽ പറ്റില്ല്ല.‘സഹ്യസാനുദേശം’ പോലെയല്ല പൂരപ്പറമ്പ്.അവിടെ ആനക്കും പാപ്പാനും,തിങ്ങിക്കൂടിയ പുരുഷാരത്തിനും,എന്തിന് എഴുന്നള്ളിച്ചുനിർത്തിയ തേവർക്കു വരെ പെരുമാറ്റച്ചട്ടങ്ങൾ ബാധകമാണ്.ചട്ടങ്ങൾ പാലിക്കപ്പെടും എന്ന വിശ്വാസത്തിലാണ് ഈ അപകടകാരിയായ ജീവിയുണ്ടെന്നറിഞ്ഞിട്ടും ഉത്സവപ്പറമ്പിൽ ആളുകൾ ഒത്തുകൂടുന്നത്.അല്ലാതെ ആനയോട് മത്സരിച്ച് ജയിക്കാനുള്ള ശക്തിയുണ്ടെന്ന് കരുതിയിട്ടല്ല.ഉത്സവപ്പറമ്പിൽ പൂവാലന്മാരും,വായിൽ‌നോക്കികളും,തെമ്മാടികളും,പിടിച്ചുപറിക്കാരും,വേശ്യകളും,മാന്യരും,സുശീലകളും,ചിത്രകാരന്മാരും,ഗായകരും,തറവാടികളും,പോലീസുകാരും,വെളിച്ചപ്പാടും ഒക്കെയുണ്ടാകും.പക്ഷേ,ആരും നിലവിട്ട് പെരുമാറുകയില്ല.അഥവാ പെരുമാറിയാൽ കൂട്ടം വിധിക്കുന്ന ശിക്ഷ ഏറ്റുവാങ്ങേണ്ടിയും വരും.“നിലവിട്ട് പെരുമാറില്ല”എന്നത് സമൂഹത്തിലെ പരസ്പരധാരണയും വിശ്വാസവും ആണ്.സാംസ്കാരികജീവിതത്തിന്റെ ആണിക്കല്ലാണ് ഈ പരസ്പരധാരണ.
ഇതൊക്കെ ഉത്സവപ്പറമ്പിലെ സത്യമാണ്.പക്ഷേ ‘സഹ്യന്റെ മകനി”ലെ ആനയുടെ മനസ്സിൽ കൊടുങ്കാടാണ്.കാട്ടിലെ നിയമങ്ങൾ വ്യത്യസ്തം.അവിടെ മത്സരത്തിൽ ജയിക്കുന്നതാണ് നിലനിൽക്കുക.സഹജവികാരങ്ങളെ-അത് വിശപ്പായാലും,കാമമായാലും,ശത്രുതയോ,സ്നേഹമോ ആയാലും-കൂച്ചുചങ്ങലയിട്ടും തോട്ടിക്കോലുവെച്ചും നിർത്തേണ്ട ആവശ്യമില്ല.സ്ഥലകാലങ്ങളുടെ വിരുദ്ധദ്രുവങ്ങളിൽ നിൽക്കുകയാണ്,പ്രകൃതിയിലെ “സഹ്യസാനുദേശ”വും,സാംസ്കാരികജീവിതത്തിലെ “ഉത്സവപ്പറമ്പും”.ഇത് മദജലം തോരാത്ത ആനയുടെ മാത്രം മനസ്സിലുള്ളതല്ല,ഒരിക്കലും പൂർണ്ണമായി മദജലം തോരാത്ത മനുഷ്യനിലുമുള്ളതാണ്.സങ്കൽ‌പ്പത്തിലെ ഭ്രാന്തൻ നിലാവ് ആനയെ കാട്ടിലേക്ക് തിരിച്ചുവിളിക്കുമ്പോൾ,ഉത്സവപ്പറമ്പിലെ ദീവെട്ടികളുടെ വെളിച്ചം മനുഷ്യനെ പറമ്പിൽ തന്നെ നിർത്തുന്നു.ചരിത്രം എന്നത്,പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ഈ പോരാട്ടത്തിന്റെ കഥയാകുന്നു.
സംസ്കാരം എന്നത് അങ്ങനെ പലപ്പോഴും പ്രകൃതിവിരുദ്ധമായ ഏർപ്പാടാകുന്നു.വാത്മീകിയുടെ സഹാനുഭൂതി അമ്പേറ്റു പിടഞ്ഞ പക്ഷിയോടായിരുന്നു,കരുത്തും ആയുധവും കയ്യിലുള്ള വേടനോടായിരുന്നില്ല.വേടന് ന്യായീകരണങ്ങളുണ്ട്.വഴിയിൽ കണ്ട പക്ഷിയുടെ ചുണ്ടും തൂവലും നോക്കി സൌന്ദര്യമാസ്വദിച്ചിരുന്നാൽ അവന്റെ കുട്ടികൾ പട്ടിണിയാകും.വേടന് പക്ഷിയെ അമ്പെയ്യാതെ വയ്യ.രക്ഷപ്പെട്ട പക്ഷി,കൂട്ടിലേക്ക് തിരിച്ചുപറക്കുമ്പോൾ വഴിയിൽ വെച്ച് രണ്ട് പുഴുക്കളെ കണ്ടെന്നിരിക്കട്ടെ,അവ ഇണപ്പുഴുക്കളാകാം എന്ന സഹാനുഭൂതിയിൽ കൊത്തിവിഴുങ്ങാതെ അവയെ വിടുകയുമില്ല.വേടൻ ചെയ്തത് അത്ര വലിയ പാതകമൊന്നുമല്ല.പക്ഷേ,കവിയായ വാത്മീകിക്ക് ഈ ന്യായീകരണങ്ങളൊന്നും ബാധകമല്ല.കരുത്തരും കരുത്തരല്ലാത്തവരുമായുള്ള പോരാട്ടത്തിൽ രുദിതാനുസാരിയായ കവി എന്നും ദുർബലർക്കൊപ്പമാണ്.സംസ്കാരത്തിന്റെ വഴിയും അതുതന്നെ.മത്സരവിജയികൾ മാത്രം നിലനിന്നാൽ മതി എന്നത് സംസ്കാരത്തിന്റെ വഴിയല്ല.
വിപ്ലവബോധത്തിന്റെയും പുരോഗമനാശയങ്ങളുടേയും സമ്പൂർണ്ണസാക്ഷരതയുടേയും പൊൽതിടമ്പേറ്റി നിൽക്കുന്ന മലയാളിയുടെ ‘പെരുംമസ്തകകടാഹ’ത്തിലും പിശാചുക്കൾ മന്ത്രിക്കുന്നത് ‘സഹ്യസാനുദേശ’ത്തിലെ അനിയന്ത്രിതസ്വർഗ്ഗത്തേക്കുറിച്ചാണ്.ഭോഗപരതയുടെ ഭ്രാന്തൻ നിലാവാണ് അവിടേയും ഉദിച്ചുപൊങ്ങുന്നത്.സഹ്യന്റെ മകനേപ്പോലെ കൂച്ചുചങ്ങല പൊട്ടിച്ച് സ്വതന്ത്രരതിയുടേയും അനിയന്ത്രിതമത്സരങ്ങളുടേയും കാട്ടിലേക്ക് മനസ്സുകൊണ്ട് മലയാളി തിരിഞ്ഞോടുകയാണ്.എന്നാൽ ശരീരമാകട്ടെ, ഇന്നും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മൂല്യാധിഷ്ഠിതമായ ഉത്സവപ്പറമ്പിലാണ് ഇപ്പോഴും നിൽക്കുന്നത്.ജാതീയതയും,വർഗീയതയും,അന്ധവിശ്വാസങ്ങളും,ആൾദൈവങ്ങളും കള്ളിയിട്ടുതിരിച്ച ഫ്യൂഡൽ മൂല്യബോധത്തിൽ നിന്ന് അത് ഏറെയൊന്നും സ്വതന്ത്രമായിട്ടുമില്ല.ആഗോള-സ്വകാര്യവൽക്കരണങ്ങളുടെ ലോകക്രമത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഓരോ മനുഷ്യനും അങ്ങനെ സഹ്യന്റെ മകനാകുന്നു.വാരിക്കുഴിയിൽ പെട്ട് ചട്ടം പഠിച്ച് ഏറെക്കാലം നാട്ടിൽകഴിഞ്ഞ ആനക്കും സംസ്കാരത്തിന്റെ പെരും‌കൂച്ചുചങ്ങലയിൽ സഹസ്രാബ്ദങ്ങൾ വഴങ്ങിശീലിച്ച മനുഷ്യനും അപ്പോൾപിന്നെ ഉത്സവപ്പറമ്പിൽ തന്നെ നിൽക്കുകയേ നിവൃത്തിയുള്ളൂ.ഉള്ളിലെ ദംഷ്ട്രകൾ ചുരമാന്തുമ്പോൾ ഒന്നുചിന്നം വിളിക്കാം,ചെരുപ്പെടുത്തെറിയാം-അത്രമാത്രം.

ലോകം കണ്ട ഏറ്റവും വലിയ തമാശ

അനന്തമായ കാലപ്രവാഹത്തിൽ വിരൽകുത്തി നമ്മൾ കുട്ടികൾ പറയുന്നു,പുതുവത്സരം!
ലോകം കണ്ട ഏറ്റവും വലിയ തമാശക്ക്,എല്ലാവർക്കും ആശംസകൾ!