Pages

അനുരാഗം പാപമോ?(സ്വവർഗമായാലും അല്ലെങ്കിലും)


മിഥുൻ എന്ന മിടുക്കൻ,ഒന്നാം വർഷ വിദ്യാർത്ഥിയായി വന്നപ്പോൾ മുതൽ ഞങ്ങളുടെ നോട്ടപ്പുള്ളിയായിരുന്നു.കേരളത്തിലെ ചരിത്രപ്രസിദ്ധമായ കോളേജിലെ എന്റെ ബിരുദപഠനകാലം.കാമ്പസ് രാഷ്ട്രീയം തിളച്ചുമറിയുന്ന ധമനികൾ.പുതുതായി വരുന്ന ബാച്ചിലുള്ള മിടുക്കന്മാരെ ആദ്യമേ സംഘടനയിലേക്കു കൊണ്ടുവരിക എന്ന ദൌത്യം സ്വാഭാവികമായും എന്നെ മിഥുന്റെ അടുത്തെത്തിച്ചു.നന്നായി പാടും,ചെറുതായി കവിതയെഴുതും,കാണാനും ഒരു പ്രത്യേക ആകർഷണീയതയുണ്ട്(ഇലൿഷനു നിർത്തിയാൽ പെമ്പിള്ളേരുടെ വോട്ട് ഉറപ്പ്!)ക്രമേണ ഒരുവനെ സംഘടനയിലെത്തിക്കാനുള്ള സർഗവൈഭവം ഞങ്ങൾക്കു വേണ്ടത്രയുള്ളതിനാൽ,മിഥുൻ ചാക്കിലാവാൻ അധികം വൈകിയില്ല.ഒന്നാംവർഷബിരുദം പൂർത്തിയായപ്പോഴേക്കും,ഒരു കുട്ടിനേതാവായിക്കഴിഞ്ഞിരുന്നു മിഥുൻ.അടുത്ത ഇലൿഷനിൽ ആർട്സ് ക്ലബ്ബ് സെക്രട്ടറി സീറ്റ് ഉറപ്പായി എന്നു ധരിച്ചിരിക്കുമ്പോഴാണ്,ഞങ്ങളുടെ രാഷ്ട്രീയസ്വപ്നങ്ങളേയും മിഥുന്റെ ജീവിതസ്വപ്നങ്ങളേയും തന്നെ മാറ്റി മറിച്ച സംഭവമുണ്ടായത്.
കോളേജ് ഹോസ്റ്റലിൽ പുതിയ വാർഡനായി,സദാചാരത്തിന്റെ മൂർത്തീമദ്ഭാവമായ മൂർത്തിസാർ ചാർജെടുത്തിരുന്നു.ഉഗ്രമൂർത്തിയായ മൂർത്തിസാർ ഒരു രാത്രിയിൽ ഹോസ്റ്റൽ വരാന്തയിലൂടെ നടക്കുമ്പോൾ,ഒരു മുറിയിൽ നിന്ന് ചില അപശബ്ദങ്ങൾ കേട്ടു.ജനൽ വഴി നോക്കിയപ്പോൾ പിറന്ന പടി കിടക്കുന്ന മിഥുനേയും റൂം‌മേറ്റായ നവനീതിനേയും കണ്ടുവത്രേ.അദ്ദേഹത്തിന്റെ സകലസദാചാരഞരമ്പുകളിലേയും വിശുദ്ധരക്തം തിളച്ചു.അന്ന് അവിടെ കൂടിയ മുഴുവൻ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കും മുന്നിൽ ചോദ്യം ചെയ്തതു പോരാഞ്ഞ്,പിറ്റേന്നു രാവിലെത്തന്നെ രണ്ടു കുറ്റവാളികളേയും അദ്ദേഹം പ്രിൻസിപ്പാൾക്കു മുന്നിൽ ഹാജരാക്കി.പ്രിൻസിപ്പാൾ മാഡം,മൂർത്തിസാറുമായി സദാചാരനിഷ്ഠയുടെ കാര്യത്തിൽ ഒരു മത്സരാർത്ഥിയായിരുന്നതുകൊണ്ട്,ടീച്ചർ രണ്ടുപേരുടേയും രക്ഷിതാക്കളെ കണാതെ ഒന്നും സംസാരിക്കില്ല എന്നു തീർത്തു പറഞ്ഞു.അന്ന് അവിടെ കൂടിയ സഹപാഠികളുടേയും അദ്ധ്യാപകരുടേയും പരിഹാസഭാവത്തിനും പുച്ഛചിരികൾക്കും ഇടയിൽ,ഉരുകിയൊലിച്ചു നിന്ന മിഥുന്റെ മുഖം എനിക്കിന്നും നല്ല ഓർമ്മയുണ്ട്.അന്നു വൈകുന്നേരം ഞങ്ങളുടെ മുന്നിൽ മിഥുൻ കരഞ്ഞുകൊണ്ടു പറഞ്ഞ വാക്കുകളും-“ഞങ്ങൾക്കിനി തമ്മിൽ കാണാനായില്ലെങ്കിലും കുഴപ്പമില്ല.അവനെ ഒന്നും ചെയ്യാതിരുന്നാൽ മതിയായിരുന്നു”.പിറ്റേന്ന്,മിഥുന്റെ അച്ഛൻ വന്ന്,ഞങ്ങളുടെയെല്ലാം എതിർപ്പുകളെ കണക്കാക്കാതെ,അവനെ ടി.സി.വാങ്ങി കൊണ്ടുപോയി.(ഇത്തരം പ്രശ്നങ്ങളിൽ സഖാവ് കൂറേക്കൂടി സൂക്ഷിച്ചിടപെടണം എന്ന മേൽക്കമ്മിറ്റി നിർദ്ദേശം എനിക്കു കിട്ടി എന്നതു വാൽക്കഷ്ണം)
എന്തായാലും,കാമ്പസിൽ നിന്നു പിരിഞ്ഞ്,ഉപരിപഠനാർത്ഥമുള്ള വിദേശപര്യടനവും കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഒരു ദിവസം എന്റെ പഴയൊരു സഹപാഠിയെ കണ്ടു മുട്ടിയപ്പോൾ ഞാൻ മിഥുന്റെ കാര്യമന്വേഷിച്ചു.മിഥുനെ അവന്റെ അച്ഛൻ ഫ്രാൻസിലേക്ക്,അവന്റെ അമ്മാവന്റെ അടുക്കലേക്ക് അയച്ചുവത്രേ.ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ മഹാപാപിയാണ് ഞെട്ടിച്ചത്.നവനീത് രണ്ടു വർഷത്തിനു ശേഷം ആത്മഹത്യ ചെയ്തു.ആ‍ ദുരന്തത്തിൽ മിഥുനുമായുള്ള പ്രശ്നങ്ങൾക്ക് എന്തെങ്കിലും പങ്കുണ്ടായിരുന്നുവോ എന്നൊന്നും വ്യക്തമല്ല.
പിന്നീട് നിരവധി സ്വവർഗാനുരാഗികളെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും,ഈ സംഭവം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നതാണ്.ഇതൊരു കഥയല്ല,യാഥാർത്ഥ്യമാണ്.പേരുകൾ മാറ്റിയിട്ടുണ്ട്.
അന്നു വൈകുന്നേരത്തെ മിഥുന്റെ കരച്ചിലിൽ ഞാൻ ഒരു പുതിയ അറിവ് നേടുകയായിരുന്നു.തമ്മിൽ ഇനി കണ്ടില്ലെങ്കിലും, സുഖമായിരുന്നാൽ മതിയെന്നു വേദനിക്കുന്ന പ്രണയിയുടെ മനസ്സ് സ്വവർഗപ്രണയികളിലും ഉണ്ട് എന്ന്.ശരീരതൃഷ്ണകൾ മാത്രമല്ല,ആഴത്തിൽ പ്രണയം വേരൂന്നിയ മനസ്സും അവരിൽ പ്രവർത്തിക്കുന്നുണ്ട് എന്ന്.തമ്മിൽ പങ്കുവെക്കപ്പെടുന്നത് ശരീരം മാത്രമല്ല,സ്നേഹത്തിന്റെ ചോരനിറം പുരണ്ട ഹൃദയം കൂടിയാണ് എന്ന്.ഞാനടക്കമുള്ള ഭൂരിപക്ഷം എങ്ങനെയാണോ പ്രണയത്തിന്റെ മുനകൂർത്ത മൂർച്ചകൾ കൊണ്ടു വേദനിച്ചിരുന്നത്,അതിനു സമാനമാണ് സ്വവർഗപ്രണയിയുടേയും മനസ്സ് എന്ന്.അന്നത്തെ എന്റെ അനുഭവലോകത്തിന്റെ പരിമിതവൃത്തത്തിൽ, ചില സന്ദേഹങ്ങളുമായി ഇരിക്കാനേ എനിക്കു കഴിയുമായിരുന്നുള്ളൂ.
മനുഷ്യർ പരസ്പരം സ്നേഹിക്കുന്നത്,അത് ഏതു നിലയിലായാലും പാപമാണ് എന്നോ,മനോരോഗമാണ് എന്നോ ധരിക്കുവാൻ ഞാൻ തയ്യാറല്ല.മനുഷ്യർ തമ്മിൽ യുദ്ധം ചെയ്യുന്നതാണു പാപം.ചരിത്രത്തിൽ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധങ്ങൾ നയിച്ച,സത്യം പറഞ്ഞവരെ ചുട്ടുകൊന്ന മതമേധാവികൾ പ്രണയത്തെ പാപമായി കണക്കാക്കുന്നതിൽ അത്ഭുതമില്ല.അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾക്കും മായ്ക്കാനാവാത്ത രക്തഗന്ധമുള്ള കൈകളുമായി അവർ നടത്തുന്ന സദാചാരപ്രസംഗം എന്നെ പുളകം കൊള്ളിക്കുകയുമില്ല.ഡൽഹി ഹൈക്കോടതിയുടെ വിധി ഉയർത്തുന്ന ചോദ്യങ്ങൾ ചരിത്രത്തെയും സാമൂഹ്യശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും മനശ്ശാസ്ത്രത്തെയും കൂടുതൽ സംവാദാത്മകമാക്കുന്നു.
അനുരാഗത്തിന്റെ അപരസ്ഥലങ്ങൾ
-------------------------------------മനുഷ്യന്റെ ലൈംഗികചോദനകൾ,വിസ്മയാവഹമാം വിധം വൈചിത്രങ്ങളുൾക്കൊള്ളുന്നതാണ്.ഭൂരിപക്ഷം മനുഷ്യരും എതിർവർഗത്തിലുള്ളവരുമായുള്ള ലൈംഗികതയിൽ തൽ‌പ്പരരാകുമ്പോൾ(Heterosexuality)ഒരു ന്യൂനപക്ഷം സ്വവർഗത്തിൽ തന്നെയുള്ളവരുമായി ലൈംഗികാഭിവാഞ്ജയുള്ളവരാകുന്നു.(Homosexuality)അതിലും ചെറിയ ഒരു ന്യൂനപക്ഷത്തിന് ലൈംഗികചോദനകളേ ഇല്ല.(Asexual)മറ്റുചിലർ രണ്ടുവർഗത്തിൽ പെട്ടവരോടും ലൈംഗികചോദനകളുള്ളവരാണ്(Bisexuality)ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ മറ്റു ചില വിഭാഗങ്ങളുണ്ട്,ആണും പെണ്ണുമല്ലാത്ത നപുംസകങ്ങൾ(Eunuch)പോലുള്ളവ.ഇവരെല്ലാം അടങ്ങുന്ന മനുഷ്യസംഘാതമാണ് നാമറിയുന്നിടത്തോളമുള്ള ചരിത്രഘട്ടങ്ങളിൽ ഭൂമിയെ മനുഷ്യന്റെ ആവാസ-വിഹാരരംഗമാക്കി മാറ്റിയത്.നപുംസകങ്ങൾ പോലെയുള്ള അപരലൈംഗികവിഭാഗങ്ങളുടെ സവിശേഷശരീര-മാനസിക നില താരത‌മ്യേന പ്രത്യക്ഷമായിക്കാണുമ്പോൾ,സ്വവർഗാനുരാഗികളുടെ ശരീര-മാനസികനില പ്രത്യക്ഷമായിക്കൊള്ളണമെന്നില്ല.അതിനാൽ,ഭൂരിപക്ഷത്തിലലിഞ്ഞ് നിലനിൽക്കുന്ന ന്യൂനപക്ഷമായി അവർ എല്ലാക്കാലവും ഉണ്ടായിരുന്നു.എന്നാൽ,ഭൂരിപക്ഷത്തിന്റെ പൊതുസ്വരൂപത്തിൽ നിന്നകന്ന് അവർ പ്രത്യക്ഷമായാൽ,അവരെ പാപികളായും മനോരോഗികളായും മുദ്രകുത്തുന്ന പ്രവണത എല്ലാക്കാലവും നിലനിൽക്കുകയും ചെയ്തു.ചില പ്രാക്തനസമൂഹങ്ങളിൽ,സ്വവർഗാനുരാഗികൾക്കും നപുംസകങ്ങൾക്കും സ്ഥാനങ്ങൾ നൽകി ആദരിച്ചിരുന്നുവെങ്കിലും.ഭൂരിപക്ഷത്തിന്റെ ലൈംഗികചോദനകളെ നിയന്ത്രിക്കുന്നത് എന്നും പുരുഷന്റെ കാമനകളായിരുന്നു താനും.
സ്വവർഗലൈംഗികതയെ വളർച്ചനഷ്ടപ്പെട്ട ലൈംഗികതയുടെ ബാക്കിപത്രമായാണ് സിഗ്മണ്ട് ഫ്രോയ്ഡ് കണ്ടത്.എല്ലാ മനുഷ്യരിലും സ്വവർഗാനുരാഗത്തിന്റെ വിത്ത് ഉണ്ട് എന്ന ഫ്രോയ്ഡിന്റെ വാചകം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.ആധുനികമനശ്ശാസ്ത്രജ്ഞന്മാർ,ഫ്രോയ്ഡിന്റെ സ്വവർഗലൈംഗികവീക്ഷണത്തെ തള്ളിക്കളഞ്ഞു.സുനിയതമായ മനോരോഗങ്ങളെ നിർവ്വചിക്കാൻ ആധുനികവൈദ്യശാസ്ത്രം ഉപയോഗപ്പെടുത്തുന്ന ഡയഗ്നോസ്റ്റിക് സ്റ്റാറ്റിറ്റിക്കൽ മാനുവലിൽ 1980 വരെ മനോരോഗമെന്ന നിലയിൽ ഉൾപ്പെട്ടിരുന്ന സ്വവർഗലൈംഗികതയെ,കൂടുതൽ സൂക്ഷ്മമായ പഠനങ്ങളുടെ വെളിച്ചത്തിൽ അതൊരു സ്വാഭാവികലൈംഗികചോദനയാണെന്നു കണ്ട് മനോരോഗപദവിയിൽ നിന്ന് എടുത്തുനീക്കി.പുതിയ അറിവുകളുടെ വെളിച്ചത്തിൽ നിരവധി രാജ്യങ്ങൾ സ്വവർഗാനുരാഗത്തിനുണ്ടായിരുന്ന നിയമനിരോധനം എടുത്തുകളഞ്ഞു.
പ്രണയത്തെ പാപമായി കണക്കാക്കുന്ന സാമൂഹ്യാന്തരീക്ഷത്തിന്റെ സൃഷ്ടിയായ സ്വവർഗാനുരാഗികളോടുള്ള ക്രൂരസമീപനം വാസ്തവത്തിൽ സമൂഹമനസ്സിൽ ആഴത്തിൽ വേരോടിയിരിക്കുന്ന പുരുഷാധിപത്യചിന്തകളോടും സ്ത്രീവിരുദ്ധതയോടും ബന്ധപ്പെട്ടിരിക്കുന്നു.പൌരുഷത്തിന്റെയും സ്ത്രീത്വത്തിന്റെയും സാക്ഷാത്കാരങ്ങളായി നാം നിർവ്വചിച്ചിരിക്കുന്ന പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും വ്യവസ്ഥാപിതഘടനക്കു വരുന്ന ആഘാതങ്ങൾ ആത്യന്തികമായി പുരുഷാധിപത്യത്തിനും ഏൽക്കും എന്ന തിരിച്ചറിവുകൂടിയാണ് ഈ സദാചാരത്തിന്റെ മിഥ്യാവബോധത്തെ സൃഷ്ടിക്കുന്നത്.
സർഗ്ഗാത്മകബന്ധങ്ങളുടെ നിരോധിതഭൂമി
---------------------------------------------

“ഈദിക്കിൽ ഒരു സൌന്ദര്യമുള്ള സ്ത്രീക്ക് വല്ല വിദ്യാഭ്യാസവും ഉണ്ടായാൽ അവളുമായി സംസാരിച്ചു വിനോദിപ്പാൻ പോകുന്ന എല്ലാ പുരുഷന്മാരും അവളുടെ രഹസ്യക്കാരാണെന്നു ക്ഷണേന ഊഹിച്ചുകളയുന്നു.ഇതിൽ എത്ര സത്യമുണ്ട്?ഒരു സ്ത്രീക്കു പതിവ്രതാധർമ്മത്തെ അശേഷം കളയാതെ അന്യപുരുഷന്മാരുമായി പലവിധത്തിനും വിനോദിപ്പാനും രസിപ്പാനും സംഗതികളും സ്വതന്ത്രതകളും ഉണ്ടാവാം…എന്റെ വിചാരത്തിൽ സ്ത്രീകൾക്കു സ്വാതന്ത്യം കൊടുക്കാതെ മൃഗങ്ങളെപ്പോലെ വളത്തിക്കൊണ്ടുവരുന്നതാണ് വ്യഭിചാരത്തിനു അധികവും ഹേതു എന്നാകുന്നു…ഈ സ്വതന്ത്രത ഉണ്ടാകുന്നതു നല്ലതാണ്.എന്നാൽ അതു വേണ്ട ദിക്കിലേ ഉപയോഗിക്കാവൂ.ചിലപ്പോൾ ചിലർ വേണ്ടാത്ത ദിക്കിലും ഉപയോഗിക്കുന്നുണ്ടായിരിക്കാം.അതുകൊണ്ട് അവമാനവും സിദ്ധിക്കുന്നുണ്ടായിരിക്കാം.എന്നാൽ അത് സ്വതന്ത്രതയുടെ ദോഷമല്ലാ.അതിനെ തെറ്റായി ഉപയോഗിക്കുന്നതിന്റെ ദോഷമാണ്.”ഒ.ചന്തുമേനോൻ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലെഴുതിയ ഇന്ദുലേഖ എന്ന നോവലിലെ ഈ അഭിപ്രായത്തിനു ശേഷം ഒരു നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു.കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയചരിത്രം വലിയ പരിണാമങ്ങൾ കണ്ട ശതാബ്ദം.സ്ത്രീവിമോചനപ്രസ്ഥാനങ്ങളുടെ ദീർഘകാലത്തെ പ്രയത്നം കൊണ്ടും ചന്തുമേനോൻ ഒരു നൂറ്റാണ്ടു മുൻപു വിവക്ഷിച്ച സ്വാതന്ത്യതലത്തിലേക്കു പോലും കേരളത്തിന്റെ പൊതു സ്ത്രീസമൂഹത്തിനു നടന്നെത്താനായിട്ടില്ല.വിവാഹത്തട്ടിപ്പും സ്ത്രീധനപീഡനവും പുതിയ തലങ്ങളിലേക്കു വികസിക്കുകയല്ലാതെ,ഒട്ടും കുറഞ്ഞിട്ടില്ല.പുരുഷന്റെ ഇഷ്ടാനുസരണം ജീവിക്കുന്ന,അവന്റെ സുഖതൃഷ്ണകൾക്കായുള്ള ഒരുപകരണമാണ് സ്ത്രീ എന്ന ഭൂരിപക്ഷ കാഴ്ച്ചപ്പാടിൽ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല.കേരളസമൂഹത്തിലെ ഭൂരിപക്ഷമായ സ്ത്രീകൾക്കു തന്നെ വേണ്ട വിധത്തിൽ നീതി ലഭിക്കുന്നില്ല.പിന്നെങ്ങനെ ന്യൂനപക്ഷമായ സ്വവർഗാനുരാഗികൾക്കുണ്ടാകും?ചന്തുമേനോൻ എഴുതിയതിൽ നിന്നുദ്ധരിച്ച അവസാനത്തെ നാലു വാചകങ്ങളോളം തലസ്പർശിയായ,സ്വാതന്ത്ര്യസംബന്ധിയായ മറ്റു വാചകങ്ങൾ മലയാളത്തിലധികമുണ്ടെന്നു തോന്നുന്നില്ല.ചിലർ വേണ്ടാത്ത ദിക്കിൽ ഉപയോഗിക്കുന്നതുകൊണ്ട് അവമാനം സിദ്ധിക്കുന്നുവെങ്കിൽ,അതു സ്വാതന്ത്യ്രത്തിന്റെ ദോഷമല്ല,മറിച്ച് തെറ്റായി ഉപയോഗിക്കുന്നതിന്റെ കുഴപ്പമാണ് എന്നത് ഏതു ജനാധിപത്യവിശ്വാസിയും മനസ്സിലാക്കേണ്ട തത്വമാണ്.സ്വവർഗാനുരാഗികളുടെ തൃഷ്ണകളെ കളിയാക്കിയും,ക്രൂരമാം വിധം അപഹസിച്ചും,സിനിമയടക്കം സകലകലാരൂപങ്ങളുടേയും ആയുധങ്ങൾ ഉപയോഗിച്ചു വൈകൃതമായി ചിത്രീകരിച്ചും രസിക്കുന്ന സമൂഹം സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനാദർശത്തെത്തന്നെയാണു ചവിട്ടിത്തേക്കുന്നത്.
സ്ത്രീവിരുദ്ധത-സ്വവർഗാനുരാഗം
------------------------------------
കഴിഞ്ഞ നൂറ്റാണ്ടിലെ മനോവിശ്ലേഷണവ്യവഹാരം,പ്രത്യേകമായി ഫ്രോയ്ഡിയൻ/ലക്കാനിയൻ മനോവിശ്ലേഷണസിദ്ധാന്തങ്ങൾ,ലൈംഗികതയെ സ്ഥാപനവൽക്കരിക്കുകയും സ്ത്രീലൈംഗികതയെ പുരുഷലൈംഗികതയുമായി ചേർത്ത് വിശദീകരിക്കുകയും ചെയ്തു.സ്ത്രീലൈംഗികതയെക്കുറിച്ചുള്ള മനോവിശ്ലേഷണസിദ്ധാന്തങ്ങൾ മിക്കവാറും ഫെമിനിസ്റ്റ് ദർശനങ്ങളെ പ്രതിലോമമായി ബാധിക്കുന്നവയായിരുന്നു.മനോവിശ്ലേഷണക്ലിനിക്കു തന്നെ സ്ത്രീലൈംഗികതയെ അടിച്ചമർത്തേണ്ട ഒന്നായി വിശേഷിപ്പിക്കുന്നതാണ്.മനോവിശ്ലേഷകൻ പിതൃകേന്ദ്രിതമായ സാംസ്കാരികവ്യവസ്ഥയുടെ പ്രതിനിധിയാണെന്ന് മേരിദാലി Therapist എന്ന വാക്കിനെ സാർത്ഥകമായി The-rapist എന്നു പിരിച്ചെഴുതി സൂചിപ്പിച്ചിരുന്നു.ആധുനിക മനോവിശ്ലേഷണത്തിന്റെ പുരുഷധ്രുവീയത എല്ലാ ജ്ഞാനമണ്ഡലങ്ങളിലും അപകടകരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.ലൈംഗികതയെ ചൂഴ്ന്നു നിൽക്കുന്ന മനോരഹസ്യങ്ങൾ അനാവരണം ചെയ്യാൻ ഫ്രോയ്ഡ് കണ്ട വഴി പുരുഷലൈംഗികതയുടെ വെളിച്ചത്തിൽ സ്ത്രീലൈംഗികതയെ വിശദീകരിക്കുക എന്നതായിരുന്നു.പൊതുധാരയിൽ നിന്നകന്നു സഞ്ചരിച്ച,ജാക്വിലിൻ റോസിനേപ്പോലുള്ള അപൂർവ്വം ഫെമിനിസ്റ്റ് മനോവിശ്ലേഷകരേയുള്ളൂ.ലെസ്ബിയനിസം,ലെസ്ബിയൻ അനുഭവം എന്നിവയെ പിതൃനിർണീതമായ നിയമത്തിനെതിരായ മനോരോഗപരമായ ബദലായി കണ്ട ജൂലിയ ക്രിസ്‌തേവ,ലെസ്ബിയനിസത്തെ സ്വത്വനഷ്ടം,സംഘർഷം,ചിത്തവിഭ്രമം എന്നിവയുമായാണ് ചേർത്തുവെക്കുന്നത്.ലെസ്ബിയൻ ഭാഷണം,മനോരോഗസഹജമായ പദങ്ങളുടെ സംഘാതമാണ്.അതുകൊണ്ട് ലെസ്ബിയൻ ലൈംഗികതയെന്നത് വിശകലനാതീതമാണ് എന്ന് ക്രിസ്‌തേവ അഭിപ്രായപ്പെടുന്നു.സ്ത്രീലൈംഗികതയെക്കുറിച്ച് ഫ്രോയ്ഡ് നടത്തിയ നിരീക്ഷണങ്ങളിൽ നിന്ന് ഏറെയൊന്നും ദൂരം ക്രിസ്‌തേവയുടെ സിദ്ധാന്തവൽക്കരണശ്രമങ്ങൾക്കില്ല.ആദർശാത്മകമെന്ന പശ്ചാത്തലം സൃഷ്ടിച്ച്,ചില സാമൂഹിക-ജൈവപ്രവർത്തനങ്ങളെ മാത്രം അംഗീകരിക്കുകയും മറ്റുള്ളവയെ മുഴുവൻ അരിച്ചുമാറ്റുകയും ചെയ്യുന്ന ഒരു സാംസ്കാരികോപകരണമായി ലൈംഗികസാദാചാരസങ്കൽ‌പ്പനങ്ങളെ ഉപയോഗിക്കുന്നതിന് സിദ്ധാന്തമാനം നൽകുന്നതിന്റെ അപകടം പലരും തിരിച്ചറിഞ്ഞു എന്നും തോന്നുന്നില്ല.
സ്ത്രീവിരുദ്ധനായി ജീവിക്കുന്നതാണ് പൌരുഷം എന്നും,സ്ത്രീകളെ പീഡിപ്പിക്കുന്നത് അഭിമാനകരമായ ജീവിതവൃത്തിയാണെന്നും ധരിച്ചിരിക്കുന്ന പുരുഷവർഗത്തിൽ സ്വവർഗാനുരാഗത്തെ അനുരാഗമെന്നു തിരിച്ചറിയാൻ തന്നെ പ്രയാസമാണ്.പുരുഷന്റെ അധീശത്വത്തെ ഭയന്ന്,തന്റെ ആത്മാവിഷ്കാരങ്ങളെ ഉള്ളിലടക്കി ജീവിക്കുന്ന സ്ത്രീകളും തന്റെ അധികാരലോകത്തിന്റെ നഷ്ടവും അപഹാസ്യതയും ഭയന്ന്,സ്വന്തം സ്വത്വം മറച്ചുപിടിക്കുന്ന പുരുഷരും അടങ്ങുന്ന സമൂഹത്തിലാണ് അദൃശ്യരായി നിരവധി സ്വവർഗാനുരാഗികളും ജീവിക്കുന്നത്.പൊതുസമൂഹത്തിന്റെ അഭിപ്രായഗതികൾക്കനുസൃതമായി ഉപരിതലത്തിൽ പ്രതികരിക്കുകയും,അന്തർമണ്ഡ‌ലത്തിൽ സ്വവർഗാനുരാഗിയായിരിക്കുകയും ചെയ്യേണ്ട അവസ്ഥ അവരിൽ സമൂഹം അടിച്ചേൽ‌പ്പിക്കുന്നത്,പരമ്പരാഗതമായ നിരവധി ആയുധങ്ങളിലൂടെയാണ്.അവയിൽ ഏറ്റവും പ്രധാനമായ ആയുധമാണ് മതം.
സദാചാരത്തിന്റെ കപടകാവൽ‌സൈന്യം
-------------------------------------------
എല്ലാ മതങ്ങളുടേയും ആധാരതത്വം,പരസ്പരസ്നേഹത്തിലും സമാധാനത്തിലുമധിഷ്ഠിതമാണെന്നത് ഒരു ലളിതസത്യമാണ്.ലോകം കണ്ട ഏറ്റവും രക്തരൂക്ഷിതമായ മിക്ക യുദ്ധങ്ങളിലും മതങ്ങളോളം പങ്ക് മറ്റൊന്നിനുമില്ല എന്നത് ഒരു നഗ്നസത്യവും.മതമുൾപ്പെടെ നിലനിൽക്കുന്ന ഒരു സ്ഥാപനവും ചരിത്രബാഹ്യമല്ലല്ലോ.ഉൽ‌പ്പാദനങ്ങളുടേയും ഉൽ‌പ്പാദനമിച്ചങ്ങളുടേയും ഉടമ പുരുഷനായിത്തീരുന്ന ഒരു ചരിത്രസന്ധിയിലാണ് എല്ലാ മതവും ഉടലെടുത്തിട്ടുള്ളത്.അതായത്,ഏതു മതഘടനയും ആൺകോയ്മാവ്യവസ്ഥയിൽ നിന്നുരുവം കൊണ്ടതാണ്.അടിസ്ഥാനപരമായി സ്ത്രീവിരുദ്ധത മതഘടനയിൽ ഉൾച്ചേർന്നിരിക്കുന്നു.ഏതു മതഘടനയുടേയും അധികാരകേന്ദ്രത്തിലുള്ളത് പുരുഷനാണെന്നു കാണാം.പുരുഷനുമായുള്ള ബന്ധത്തെ ആസ്പദിച്ചുമാത്രമാണ് സ്ത്രീയുടെ നില.അവളുടെ ശാരീരികാവസ്ഥകളേപ്പോലും വരുതിയിലാക്കുന്നതിൽ മതങ്ങൾ വഹിച്ച പങ്ക് നിർണ്ണായകമാണ്.
കുടുംബവ്യവസ്ഥക്കകത്ത് സ്ത്രീയുടെ അടിമത്തം ഉറപ്പിച്ചതിലെ ഏറ്റവും വലിയ പങ്ക് മതങ്ങളുടെ താല്പര്യങ്ങളായിരുന്നു.കുടുംബത്തിനുള്ളിലെ പുരുഷന്റെ,അച്ഛനോ മകനോ സഹോദരനോ അമ്മാവനോ ആരുമാകട്ടെ,നിരവധി സുഖങ്ങൾക്കുള്ള ത്യാഗമനുഷ്ഠിക്കാൻ ഒരുവളെ ചുമതലപ്പെടുത്തിയത് പ്രധാനമായും മതങ്ങളാണ്.നിഷ്കാമമായനുഷ്ഠിക്കേണ്ട നിർബ്ബന്ധിതവൃത്തികളാണ് അവൾക്കു ഗൃഹപ്രവർത്തനങ്ങൾ.
മുതലാളിത്തത്തിന്റെ ലാഭതന്ത്രങ്ങളിലൊന്നു കൂടിയാണ് മതപരമായ കുടുംബം നിലനിർത്തുക എന്നത്.മതം അനുശാസിക്കുന്ന പാരമ്പര്യകർത്തവ്യങ്ങളിലൂന്നിക്കൊണ്ടാണ് സ്ത്രീപുരുഷന്മാരിലൂടെ മുതലാളിത്തം സ്വന്തം ഉൽ‌പ്പന്നങ്ങൾ വിറ്റു കാശുണ്ടാക്കുക.ഗൃഹോപകരണങ്ങളും സൌന്ദര്യസംവർദ്ധനവസ്തുക്കളുമടക്കം ഉപഭോഗസാദ്ധ്യതകളുടെ വൻ‌വിപണിയാണ് സ്ത്രീശരീരത്തെ ‘പരസ്യ’മായി ഉപയോഗിക്കുന്നത്.മിക്കവാറും ഉപഭോക്താവും ഉപഭോഗവസ്തുവും ഇവൾ തന്നെയാണ്.ഉടമസ്ഥത കുറവായതുകൊണ്ടാണ് അവൾ ഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കുന്നത്.ഇക്കാര്യത്തിൽ മുതലാളിത്തത്തിന്റെ വിശ്വസ്തസഹായി മതമാണ്.
മതവും മുതലാളിത്തവുമായുള്ള ഈ അവിശുദ്ധചങ്ങാത്തത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഏതു നീക്കത്തെയും ചെറുക്കാൻ അവർ ദത്തശ്രദ്ധരാണ്.നിലവിലുള്ള ഘടനകളിൽ എവിടെയെങ്കിലും വീഴുന്ന നേർത്ത പൊഴികൾ മതി,അതു വളർന്ന് ശാസ്ത്രബോധത്തിന്റെ പിൻബലത്തോടെ ജനസാമാന്യത്തെ ഉണർത്തുന്നതാണു ചരിത്രം എന്നവർക്കറിയാം.സ്വവർഗാനുരാഗികളുടെ അവകാശം അത്തരത്തിൽ ഗൌരവാവഹമായ ഒരു രാഷ്ട്രീയപ്രശ്നം കൂടിയാകുന്നു.സ്വവർഗാനുരാഗത്തെക്കുറിച്ചുള്ള കോടതിവിധി വന്നപ്പോൾ സദാചാരത്തിന്റെ കാവൽ‌സൈന്യമായി കാവിയും ളോഹയും താടിയും വെച്ചു ചാനലുകളിൽ ഇറങ്ങിയ പരിശുദ്ധരുടെ പിന്നിലുള്ള ആശയലോകത്തിന് അപായകരാമയ രാഷ്ട്രീയധ്വനികളുണ്ട്.


സമൂഹമേൽക്കാത്ത കുറ്റകൃത്യങ്ങൾ
------------------------------------
സ്വവർഗാനുരാഗികളുടെ കാര്യത്തിൽ സമൂഹം ഏറ്റെടുക്കാത്ത ചില കുറ്റകൃത്യങ്ങൾ കൂടിയുണ്ട്.സ്വാഭാവികമായും അവ സ്ത്രീയുടെ തലയിൽ ചെന്നുവീഴുന്നു.ഈ അവസ്ഥയുടെ വിശദീകരണത്തിന് ഒരു അനുഭവം കൂടി പങ്കുവെക്കട്ടെ:
ഒരു ധനികകുടുംബത്തിലെ അംഗമായ എന്റെയൊരു സുഹൃത്തിന്റെ വിവാഹം,നാട്ടുകാരെല്ലാം കൊണ്ടാടിയ ഒരു വിവാഹമഹോത്സവമായിരുന്നു.അന്ന് ബി രിയാണിതിന്നു ആശംസകളും നൽകി വീട്ടിൽ പോയവർ ആറേഴുമാസം കഴിഞ്ഞപ്പോൾ കേൾക്കുന്നത്,വധു ഭർതൃഗൃഹത്തിലെ ഡ്രൈവർക്കൊപ്പം ഒളിച്ചോടി എന്ന വാർത്തയാണ്.അവനേപ്പോലെ മിടുക്കനും സുന്ദരനും പണക്കാരനും ആയ ഒരുവനെ വിട്ട് ഡ്രൈവർക്കൊപ്പം അവളെന്തിനൊളിച്ചോടി എന്ന വിഷയം നാട്ടുകാർ ഒരുപാടു ചർച്ച ചെയ്തു കാണണം.വാസ്തവത്തിൽ വിഷയം അവൻ ഒരു പൂർണ്ണ സ്വവർഗാനുരാഗി ആയിരുന്നു എന്നതായിരുന്നു.എല്ലാവരും അവളെ കുറ്റപ്പെടുത്തി,ചിലപ്പോൾ നാളെ ആ ഡ്രൈവറും അവളെ ഉപേക്ഷിച്ചേക്കാം.ഒരിക്കൽ ഏതെങ്കിലും കടത്തിണ്ണയിലോ റൈയിൽ‌വേ സ്റ്റേഷനിലോ ഞാനവളെ കണ്ടേക്കാം.ആരാണ് വാസ്തവത്തിൽ ഇതിനുത്തരവാദി?അവനെ പൂർണ്ണമായി കുറ്റപ്പെടുത്താനാവില്ല.അവന്റെ ചോദനകളെ സമചിത്തതയോടെ കാണാൻ തയ്യാറല്ലാത്ത ഫ്യൂഡൽകുടുംബത്തെക്കുറിച്ചും,വാസ്തവം പുറത്തറിഞ്ഞാൽ നഷ്ടമാകുന്ന പുരുഷാധികാരപശ്ചാത്തലത്തെക്കുറിച്ചും,സമൂഹത്തിൽ നിന്നു നേരിടേണ്ടിവരുന്ന ക്രൂരമായ പരിഹാസത്തെക്കുറിച്ചുമുള്ള ഭയത്താൽ അവൻ നിലവിലുള്ള വ്യവസ്ഥക്കു വഴങ്ങിക്കൊടുക്കുകയായിരുന്നു.വാസ്തവത്തിൽ,സമൂഹമാണ് ഈ ദുരന്തത്തിനെല്ലാം ഉത്തരവാദി.എന്നാൽ,കുറ്റം മുഴുവൻ സ്ത്രീയുടെ തലയിൽ നിക്ഷേപിച്ചു പരിചയമുള്ള സമൂഹം നിഷ്പ്രയാസം കൈകഴുകുന്നു.
ഈ കോടതിവിധി,കൂടുതൽ സംവാദങ്ങൾക്കു വിധേയമാകേണ്ടതാണ്.ഞാനൊരു സ്വവർഗാനുരാഗി അല്ല.പക്ഷേ നാളെ അതിനു തോന്നിയാൽ ഞാനതു തീർച്ചയായും ചെയ്യും.ചുരുക്കത്തിൽ,ആശാന്റെ ഈ രണ്ടുവരികളേ എനിക്കു പറയാനുള്ളൂ.
“സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം
സ്നേഹത്താൽ വൃദ്ധി തേടുന്നു”

സരോദിലുണരുന്ന സ്വപ്നപഥങ്ങൾലസ്വപ്നങ്ങളും വീണ്ടുമൊരിക്കൽക്കൂടി കാണാൻ ഞാൻ പലവട്ടം ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അതുനടന്നിട്ടില്ല.ജനിമൃതികളെപ്പോലെ,സ്വപ്നങ്ങളും ഒരിക്കൽ മാത്രം അനുഗ്രഹിക്കുന്നു എന്ന തിരിച്ചറിവുണ്ടായിട്ടും പലപ്പോഴും ചില സ്വപ്നങ്ങളെ ദിവാസ്വപ്നം കാണുക പിന്നെപ്പിന്നെ പതിവായി.അതിലേറ്റവും വിലപ്പെട്ട ഒരു സ്വപ്നമാണ് ഉസ്താദ് അലാവുദ്ദീൻ ഖാനും അലി അക്ബർ ഖാനും കൂടി പങ്കെടുക്കുന്ന ഒരു കച്ചേരിയിലെ മേഘ് രാഗാലാപനം.അനതിസാധാരണമായ മീൻഡുകൾ വിടരുന്ന അക്ബർ ഖാന്റെ സരോദ്…ആ സ്വപ്നം ഒരുവട്ടമേ കണ്ടുള്ളൂ എങ്കിലും എത്രയോ വട്ടം എന്റെ പകൽക്കിനാവുകളിൽ അതു വന്നുപോയിട്ടുണ്ട്.അക്ബർ ഖാന്റെ വിയോഗവാർത്തയും യാഥാർത്ഥ്യമോ സ്വപ്നമോ എന്നു വ്യവച്ഛേദിക്കാൻ പാടുപെടേണ്ടിവന്നതും അതിനാലാകാം.സരോദിന്റെ സാധ്യതകളേക്കാൾ പരിമിതികളെപ്പറ്റി അലോചിച്ചു മാറിനിന്ന എന്നേപ്പോലുള്ള ബുദ്ധിഹീനരെ തന്റെ വിരലുകളിൽനിന്നുണരുന്ന കാമുകശബ്ദം കൊണ്ടു വ്യാമുഗ്ധരാക്കി,അദ്ദേഹം ഇനിയും തലമുറകളിലൂടെ യാത്രചെയ്യുമെന്നുറപ്പാണ്.
ഭാരതീയസംഗീതരംഗത്ത്,ഇതുപോലെ മറ്റൊരു കുടുംബം ഉണ്ടാകുമെന്നു തോന്നുന്നില്ല.അച്ഛൻ യുഗപ്രഭാവനായ ഉസ്താദ് അലാവുദ്ദീൻ ഖാൻ.സഹോദരി അന്നപൂർണ്ണാദേവി.ആദ്യഭാര്യ ഗായികയായ രാജ് ദുലാരി.രണ്ടാംഭാര്യ ശിഷ്യയായ മേരി.ആദ്യഭാര്യയിലുണ്ടായ പുത്രൻ-അച്ഛനൊത്ത മകൻ,സരോദ് വാദകനായ ആഷിഷ് ഖാൻ.അലി അക്ബർ ഖാന്റെ സംഗീതജീവിതവും വ്യക്തിജീവിതവും ഇഴപേർക്കുക അസാദ്ധ്യമാണ്.വ്യഷ്ടിയും സമഷ്ടിയും സമന്വയിക്കുന്ന ആ ജീവിതത്തിന്റെ പ്രക്ഷുബ്ധതകൾ,ആ സംഗീതത്തേക്കാൾ ആഘോഷിച്ചവരുണ്ട്.തലമുറകൾക്കു മുമ്പ് ബ്രാഹ്മണ്യത്തിൽ നിന്ന് ഇസ്ലാമികതയിലേക്കു മാറിയ ഉസ്താദിന്റെ കുടുംബം,എന്നും പ്രക്ഷുബ്ധതകൾക്കു പേരുകേട്ടിരുന്നു.അതിർത്തികൾ കടന്നു ചിറകടിച്ചുപറന്ന ഹിന്ദുസ്ഥാനിസംഗീതത്തിന്റെ അമരക്കാരായതിൽ പ്രധാനികൾ മിക്കവരും ആ പ്രക്ഷുബ്ധകുടുംബത്തിലുള്ളവരോ,അവരുടെ ശിഷ്യരോ ആയിരുന്നു എന്നതാണു സത്യം.
അലി അക്ബർ ഖാന്റെ സംഗീതം തികച്ചും പാരമ്പര്യശൈലീസുഭഗതകളെ അനുസരിക്കുന്നതായിരുന്നു.അദ്ദേഹം സൃഷ്ടിച്ച മാധവി,ഗൌരീമഞ്ജരി എന്നീ രാഗങ്ങളുടെ ആലാപനവഴിയിലും ആ ബലിഷ്ഠപൈതൃകത്തിന്റെ മുദ്രകൾ കാണാം.അനിതരസാധാരണമായ അനായാസതയാണ് ഉസ്താദിന്റെ സംഗീതത്തിന്റെ ജീവൻ.ഇരുപത്തഞ്ചു തന്ത്രികളുള്ള സരോദിന്റെ സങ്കീർണ്ണതകളെല്ലാം അലി അക്ബർ ഖാന്റെ കൈവിരലുകൾ അനായാസമധുരമായി മറികടക്കുന്ന വിസ്മയം.വ്യാകരണങ്ങൾ പ്രതിഭക്കു പുറകേ നടക്കുന്ന അനുപമമായ ഈ അനുഭവമാണ് നമ്മെ അലിയിച്ചുകളയുന്നത്.എം.ഡി.രാമനാഥന്റേയോ ഉണ്ണികൃഷ്ണക്കുറുപ്പിന്റേയോ അനുപമമായ ചില സംഗതികൾ പോലെ,സച്ചിന്റെ ബാറ്റ് നിർമ്മിക്കുന്ന ചില ബാക്ക് ഡ്രൈവുകൾ പോലെ,കലാ.രാമൻകുട്ടിനായരുടെ ശരീരം
ചിലപ്പോൾ പ്രാപിക്കുന്ന ലയപൂർണ്ണിമ പോലെ….സരോദിന്റെ തന്ത്രികളിൽ അലി അക്ബർ ഖാൻ തീർത്ത മാസ്മരികനാദങ്ങളും ആ നിരയിൽനിസ്സംശയം പെടുത്താവുന്നതാണ്.നട് ഭൈരവിലും ബൈരാഗിയിലും മാൽഘോഷിലുമെല്ലാം അദ്ദേഹം മീട്ടിയിരുന്ന ചെറിയ ധൂൻ കേട്ടുനോക്കുക,വ്യാകരണപാഠങ്ങൾ അദ്ദേഹത്തിനു പിറകേ സഞ്ചരിക്കുന്നതു കേൾക്കാം.അവയിൽ കൂടി,കൃത്യമായ ആദിമദ്ധ്യാന്തപ്പൊരുത്തമുണ്ട്,പൂർണ്ണതയുണ്ട്.
പാശ്ചാത്യലോകത്തേക്ക് ഹിന്ദുസ്ഥാനിസംഗീതത്തിന്റെ വ്യാപനം സാദ്ധ്യമാക്കുന്നതിൽ അലി അക്ബർ ഖാനോളം പങ്കുവഹിച്ച സംഗീതജ്ഞർ കുറയും.അക്ബർ ഖാന്റെ സംഗീതത്തെ മാറിയ പരിതസ്ഥിതികൾക്കനുസൃതമായി പരിണമിപ്പിക്കുന്നതിൽ പാശ്ചാത്യസ്വാധീനം വലിയ പങ്കുവഹിച്ചിട്ടുണ്ട്.അതിനദ്ദേഹം യാഥാസ്ഥിതികരിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന വിമർശനങ്ങൾ സ‌മൃദ്ധിയായുണ്ടെങ്കിലും.ഭാവതീവ്രമായ ആ സംഗീതത്തിനു കൃത്യമായി വഴങ്ങുന്ന ആശയമാനങ്ങൾ,പാശ്ചാത്യശാസ്ത്രീയസംഗീതവുമായുള്ള സഹവർത്തിത്വത്തിൽ നിന്നു ലഭിച്ചതുതന്നെയാണ്.‌‘ജേർണീ’,കാർണിവൽ ഓഫ് കാളി,വാട്ടർ ലേഡി തുടങ്ങിയ വർക്കുകളിൽ അക്ബർ ഖാന്റെ വ്യക്തിമുദ്രകൾ ആഴത്തിൽ പതിയപ്പെട്ടിരിക്കുന്നു.യഹൂദിമെനുഹിന്റെ ക്ഷണം സ്വീകരിച്ച് അമേരിക്കയിലെത്തിയ ഉസ്താദിന്റെ സംഗീതജീവിതം പുതിയ അർത്ഥമാനങ്ങളിലേക്കു ചരിക്കുകയായിരുന്നു.അപ്പോഴും പാരമ്പര്യത്തിന്റെ ശക്തിസ്രോതസ്സുകളിലുള്ള വിശ്വാസവും അനുസരണവും അലി അക്ബർ ഖാനെ വിട്ടൊഴിഞ്ഞതുമില്ല.
രവിശങ്കറിനോടും വിലായത്ത് ഖാനോടും എൽ.സുബ്രഹ്മണ്യത്തോടും ഒപ്പം നടത്തിയ ജുഗൽബന്ദികൾ അക്ബർ ഖാൻ സംഗീതത്തിന്റെ ഉദാത്തമായ സംവാദങ്ങളായിരുന്നു.നട് ഭൈരവിയിൽ ഉസ്താദ് എൽ.സുബ്രഹ്മണ്യവുമായി ചേർന്നു തീർത്ത വിസ്മത്തിന്റെ ചാരുത വർണ്ണനാതീതമാണ്.അല്ലാരഖ മുതൽ സാക്കീർ ഹുസൈൻ വരെ ഉസ്താദിന്റെ സരോദിനോട് ഇഴചേർന്നുനിന്നു.
പത്മഭൂഷൺ മുതൽ,എണ്ണിയാലൊടുങ്ങാത്ത അംഗീകാരങ്ങൾക്ക് സ്വദേശത്തും വിദേശത്തും പാത്രമായ ഉസ്താദിന്റെ സംഗീതത്തെ സത്യജിത്ത് റായ് വരെയുള്ള ചലച്ചിത്രകാരന്മാർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.മൈഹർ ഘരാനയുടെ സങ്കീർണ്ണമായ സൌന്ദര്യമാനങ്ങളെ അതിശയകരമായ അച്ചടക്കത്തോടെ ആവിഷ്കരിച്ച അക്ബർഖാന്റെ മനസ്സ്,എന്നും പരീക്ഷണവ്യഗ്രമായിരുന്നു.പുതിയ ഭാവതലങ്ങളെ സൃഷ്ടിപരമായി കണ്ടെത്തുവാനും അടയാളപ്പെടുത്തുവാനുമായി മൈഹർ ഘരാനയുടെ അടിസ്ഥാനതത്വങ്ങളെപ്പോലും മറികടന്ന നിമിഷങ്ങളും ഉസ്താദിന്റെ ജീവിതത്തിലുണ്ട്.കാൽ‌പ്പനികമായ ചില ഭാവനകളുടെ കുതിരപ്പുറത്ത് എത്ര വേണമെങ്കിലും അദ്ദേഹം സഞ്ചരിക്കുമായിരുന്നു.മൈഹർ ഘരാന എന്നതൊക്കെ ഒരു പറച്ചിൽ;ഖയാലിന്റെ മാധുര്യവും സൂഫിസംഗീതത്തിന്റെ ആത്മീയസ്പർശവും ദ്രുപദിന്റെ മാന്ത്രികനാദവും സമന്വയിക്കുന്ന സംഗീതമായിരുന്നു വാസ്തവത്തിൽ ഖാൻസാഹിബിന്റേത്.
ലയനവും സ്‌ഫോടനവും ഒളിപ്പിച്ചുവെച്ച അലി അക്ബർ ഖാന്റെ സരോദ് നിശ്ശബ്ദമാകുമ്പോൾ,പ്രണയത്തിന്റെ ഒരു ശബ്ദസർഗ്ഗവും അവസാനിക്കുന്നു.നാദരേണുക്കളുടെ നർത്തനം കൊണ്ട് ഇനിയും സൂക്ഷിക്കപ്പെട്ട ശബ്ദലേഖനങ്ങളിൽ നിന്ന് ഖാൻസാഹിബ് നമ്മുടെ അജ്ഞേയതകളെ,മൃദുലതകളെ ഇനിയും വന്നു തൊട്ടുണർത്തുമെന്നു തീർച്ച.ഇനിയും സമ്പന്നമായ ദിവാസ്വപ്നങ്ങളുടെ പ്രതീക്ഷകൾ മറ്റൊരു സ്വപ്നമായി പരിണമിക്കുന്നതും ഒരു അനുഭവം തന്നെ!