Pages

ഒരു ഇടക്കലേലവും ഒരുപാടു മനുഷ്യസ്വപ്നങ്ങളും

ഞെരളത്ത് രാമപ്പൊതുവാളിന്റെ ഇടക്ക ലേലം ചെയ്യാൻ ഹരിഗോവിന്ദൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ചില ചിന്തകൾ.വായിക്കൂ...

ഒരു ഇടക്കലേലവും ഒരുപാടു മനുഷ്യസ്വപ്നങ്ങളും


“എന്റെ പിതാവിന്റെ തോളിലെ വിയർപ്പുണ്ട് അതിന്റെ തോൾക്കച്ചയിൽ,ഇടംകയ്യിന്റെ ഗദ്ഗദസ്പർശമുണ്ടാ കുറ്റിയിൽ,ഹൃദയത്തിന്റെ വിങ്ങലുകളുണ്ടതിന്റെ ശ്വാസനാളത്തിൽ,നിർമമതയുടെ64ഭാവങ്ങളുണ്ടാ പൊടുപ്പുകളിൽ,നാലുദിക്കും അലഞ്ഞതിന്റെ ചിരികളാണാ ജീവക്കോലുകളിൽ,മനസ്സുതിർത്ത ഈണങ്ങൾക്കൊപ്പം കോലുപതിച്ച് കണ്ണീർതെറിച്ച തോൽ‌വളയങ്ങളുണ്ടതിൽ….അത് ഞങ്ങളുടെ ഏഴുമക്കളുടെയും അമ്മയുടെയും വിലപറയാനാവാത്ത വേദനയാണ്…അതിനെ പറിച്ചുകളയാനല്ല മറിച്ച്,ആ തേങ്ങൽ കേരളസംഗീതത്തിന്റെ ചരിത്രമാവുംവിധമുള്ള ഒരു രക്ഷക്കാണ് ഇതുചെയ്യുന്നത്.കേരളസംഗീതത്തിന് ഇനി അങ്ങനെ ഒരു ഭാഗ്യമേ ഉള്ളൂ എങ്കിൽ ഞങ്ങളെന്തുചെയ്യാൻ?”
(ഞരളത്ത് ഹരിഗോവിന്ദൻ-മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്,2008 നവംബർ-ലക്കം:35)
കേരളത്തിന്റെ കലാചരിത്രത്തിലിന്നോളം കേട്ടുകേഴ്‌വിയില്ലാത്ത ഒരു ലേലം-ഞരളത്ത് രാമപ്പൊതുവാളിന്റെ മകൻ ഹരിഗോവിന്ദൻ നടത്താൻ പോകുന്നു-അച്ഛന്റെ ഇടക്ക ലേലം ചെയ്യാൻ പോകുന്നു!ഭരണകൂടവും കലാസ്ഥാപനങ്ങളും ഇന്നോളം സോപാ‍നസംഗീതത്തെ അവഗണിച്ചതിനാൽ,ജീവിച്ചിരിക്കുന്ന കേരളസംഗീതകലാകാരമാരുടെ സംഗീതം ആലേഖനം ചെയ്തു സൂക്ഷിക്കാനായാണ് ലേലം.തന്റെ നിലപാടുകൾ വിശദീകരിച്ച് ഹരിഗോവിന്ദൻ മാതൃഭൂമിയിലെഴുതിയ ലേഖനത്തിന്റെ അവസാനഭാഗമാണ് മുകളിൽ കാ‍ണുന്നത്.
വാർത്തയറിഞ്ഞ് ഞെട്ടിയവരും പരിതപിച്ചവരും പ്രതിഷേധിച്ചവരും കുറേയുണ്ട്.അഴീക്കോട് മാഷ് ഹരിഗോവിന്ദനാവശ്യമുള്ള തുക പിരിച്ചുതരാം,ഈ ഉദ്യമത്തിൽ നിന്ന് പിൻ‌വാങ്ങണം എന്ന് ഹരിഗോവിന്ദനോടാവശ്യപ്പെട്ടു,(ഹൈജാക്ക് ചെയ്യപ്പെട്ട വി.ഐ.പി.കളെ മോചിപ്പിക്കാൻ മോചനദ്രവ്യം ഓഫർ ചെയ്യുന്ന മട്ടിൽ!)
അതേ ശൈലിയിൽ ഹരിഗോവിന്ദന്റെ മറുപടി:നിശ്ചിതദിവസത്തിനകം പണം തന്നാൽ ലേലത്തിൽ നിന്ന് പിൻ‌വാങ്ങാം-ഹരിപറഞ്ഞ കാലാവധിയും കഴിഞ്ഞിരിക്കുന്നു.അപ്പോഴിനി ലേലം നടക്കുന്ന മട്ടാണ്.മൂന്നു തരം വിളിച്ചുറപ്പിക്കും മുമ്പ് ചിലതുപറയട്ടെ,ഞരളത്തിനെപ്പറ്റി സംസാരിക്കാനുള്ള അവകാശം കൂടി കൂട്ടിയാണ് ഹരിഗോവിന്ദൻ ലേലത്തിനു വെക്കുന്നതെങ്കിൽ,ഇനി പറയാനൊത്തില്ലെങ്കിലോ!
സോപാനസംഗീതം ഒരപൂർവ്വകൽ‌പ്പനയാണ്.ഈശ്വരനെ പാടിയുണർത്തുകയും ഉറക്കുകയും ചെയ്ത ഒരു ജനതതിയുടെ കലാദർശനം. ‘നാദ’ത്തിനേക്കാൾ ‘ഒച്ച’ക്ക് വിലനൽകിയ ഒരു കലാവിചാരമായിരുന്നു നമ്മുടേത്.ശ്രുതിശുദ്ധമായി പ്രവഹിക്കുന്ന സംഗീതത്തേക്കാളും അനുക്രമമായി മുനകൂർക്കുന്ന വാ‍ദ്യശിൽ‌പ്പങ്ങളെ സ്നേഹിച്ച സംസ്കൃതി.സ്വാതിതിരുനാളിലൂടെ തിരുവിതാംകൂറിൽ കർണ്ണാടകസംഗീതം പുതുമാനങ്ങൾതേടുമ്പോൾ,മധ്യകേരളത്തിലെ മേളക്കളരികളിൽ പഞ്ചവാദ്യമെന്ന അപൂർവ്വ വാദ്യശിൽ‌പ്പം ഉരുവം കൊള്ളുകയായിരുന്നു.വിപുലമായ രാഗവൈവിധ്യമോ,ഭൃഗ-ഗമകങ്ങളുടെ അതിപ്രസരമോ ഇല്ലാതെ,സ്വകീയമായ ഒരു ആലാപനരീതിശാസ്ത്രം സോപാനസംഗീതം സമാർജ്ജിക്കുന്നത് ഈ ചുറ്റുപാടിലാണ്. തൊണ്ടയുടെ ശബ്ദസാധ്യതകളെ പരമാവധി ഉപയോഗിച്ചുകൊണ്ട്,ഒച്ചയുടെ ഘനം ബലപ്പെടുത്തി,തനതുമാർഗ്ഗത്തിൽ കൊട്ടിപ്പാടിസ്സേവ നടത്തിയ സോപാനകലാകാരന്മാരുടെ തലമുറ അസ്തമനദശയിലാണ്.ഒരു ജനാർദ്ദനൻ നെടുങ്ങാടിയോ,തൃക്കുമ്പുറമോ വരെ മാത്രം എണ്ണാവുന്ന പേരുകൾ.കൃത്യമായ ചിട്ടപ്രകാരത്തിൽ വളർന്ന കലാരൂപമല്ലാത്തതിനാൽത്തന്നെ ശൈലീഭേദങ്ങൾ സുലഭം.
കേരളത്തിന്റെ തനതുകലാരൂപങ്ങളിൽ കയറ്റുമതിച്ചരക്കാക്കാൻ പറ്റിയ ചിലതിനെ നാം തിരഞ്ഞെടുത്തിട്ടുണ്ട്,കൂടിയാട്ടം,കഥകളി-അങ്ങനെ.അതിനെ ഓരോ കൊല്ലവും കയറ്റുമതിചെയ്യുകയാണ് നമ്മുടെ സർക്കാർ ലക്ഷ്യമിടുന്ന പ്രധാന കലാപ്രവർത്തനം.കേരളസംഗീതത്തിന് കർണ്ണാടകസംഗീതത്തിൽ നിന്നു വേറിട്ട ഒരസ്തിത്വമുണ്ടെന്ന തിരിച്ചറിവുതന്നെ നഷ്ടമായിക്കഴിഞ്ഞു.കൊട്ടിപ്പാടിസ്സേവ നടത്തുന്നവരിൽത്തന്നെ,കർണ്ണാടകസംഗീതസങ്കലനമില്ലാതെ പാടുന്നവരെ കാണാൻ പ്രയാസം.സോപാനസംഗീതത്തിന്റെ മറ്റൊരീറ്റില്ലമായിരുന്ന കഥകളിസംഗീതം,കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയുടെയും ഹൈദരാലിയുടെയും ലളിതഗാനശൈലിയും കലാമണ്ഡലം ഗംഗാധരന്റെയൊക്കെ ശാസ്ത്രീയസംഗീതപാതയും പിന്നിട്ട്,ലക്കുകെട്ട ഏതെല്ലാമോ അന്വേഷണങ്ങളിലാണ്.
ഏതുകലക്കും അപൂർവ്വമായി ലഭിക്കുന്ന അനുഗ്രഹവർഷങ്ങളാണ് ഞരളത്തിനെപ്പോലുള്ള പ്രതിഭകൾ.സംഗീതത്തിന്റെ വിഷം തീണ്ടിയലഞ്ഞ ആ അവധൂതന്റെ മനസ്സിലെ കലാദർശനം,ഇന്നത്തെ ക്ലാസിക്കൽ കലാനിരൂപകരുടെ ചിന്തകളെക്കാൾ പുരോഗമനപരമായിരുന്നു.ഗുരുവായൂരപ്പന് കൊട്ടിപ്പാടിയ ഇടക്ക കൊണ്ട്,കടമ്മനിട്ടയുടെ ‘കാട്ടാളന്’ ഞെരളത്ത് താളം നൽകി.ആ ഇടക്കയാണ് ലേലം വിളിക്കപ്പെടുന്നത്!
ഹരിഗോവിന്ദൻ മുന്നോട്ടുവെച്ച ആവശ്യങ്ങളുടെ പ്രസക്തി വ്യക്തമാണ്.വികാരങ്ങളെ മാറ്റിനിർത്തി ചിന്തിക്കുമ്പോൾ മറ്റു ചില ചോദ്യങ്ങളുയരുന്നു:
1) ഹരിഗോവിന്ദൻ എന്ന വ്യക്തിയാണ് ലേലം നടത്തുന്നതും ലേലത്തുക വാങ്ങുന്നതും.ആ തുകകൊണ്ട് കേരളസംഗീതത്തിന്റെ അഭ്യുന്നതിയാണ് ലക്ഷ്യമിടുന്നതെങ്കിൽ,ഹരിഗോവിന്ദൻ എന്ന വ്യക്തിയുടെ ആശയങ്ങളല്ലല്ലോ,സോപാനഗായകരും ആസ്വാദകരുമടങ്ങിയ സമൂഹത്തിന്റെ ആശയങ്ങളല്ലേ ആ തുകകൊണ്ട് നിറവേറ്റേണ്ടത്?
2) ഹരിഗോവിന്ദൻ ഈ ലേലം ഭംഗിയായി പര്യവസാനിപ്പിച്ച്,മികച്ചൊരു ലേലത്തുകയുമായി സോപാനശബ്ദശേഖരമുണ്ടാക്കാനിറങ്ങിയാൽ,ഞെരളത്തിന്റെ വ്യക്തിസത്വത്തെ വിറ്റ ആ പണത്തിന് പാടാൻ കേരളഗായകരെല്ലാം തയ്യാറാകുമെന്ന് ഹരിഗോവിന്ദൻ കരുതുന്നുവോ?
3) “ലേലത്തിൽ ഇടക്ക സ്വന്തമാക്കുന്നയാൾ തീർച്ചയായും അതിനെ മറ്റാരെക്കാളും നന്നായി സൂക്ഷിക്കും” എന്ന ഹരിഗോവിന്ദന്റെ വാദം ശരിയായിരിക്കാം.പക്ഷേ,സോപാനസംഗീതത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളും ഒരു ലേലത്തിൽ പങ്കെടുത്ത് ഇടക്ക സ്വന്തമാക്കാനിടയില്ല.ജാടക്കായി ഷെൽഫിൽ വെക്കുന്ന ഒരുപകരണമായി ആ ഇടക്ക മാറുന്നത് കാണാനാണോ ഹരിഗോവിന്ദനാഗ്രഹിക്കുന്നത്?
4) കേരളത്തിന്റെ കലാചരിത്രത്തിലിന്നോളം പതിവില്ലാത്ത ഇത്തരമൊരു ലേലം വഴി ഒട്ടും ആശാസ്യമല്ലാത്ത ഒരു കീഴ്‌വഴക്കത്തിന് തുടക്കം കുറിക്കുമ്പോൾ, ഭാവിയിൽ നടക്കാവുന്ന നിന്ദ്യമായ കലാവാണിജ്യങ്ങളുടെ തുടക്കം തന്റെ അച്ഛനും ഗുരുവുമായ ഞെരളത്തിലൂടെയാവുന്നത് ഹരിഗോവിന്ദനറിയുന്നുണ്ടോ?
കല ഒരു ചത്ത സാധനമല്ല.ഭാഷ പോലെ ജനങ്ങളോടൊത്ത് ജീവിക്കുകയും ജനങ്ങളോടൊത്ത് വളരുകയും യാത്രചെയ്യുകയും മരിക്കുകയും ചെയ്യുന്ന ഒരു ജൈവസത്തയാണ്.ലോകത്തിൽ വലിയവരുടെയും ചെറിയവരുടെയുമായി രണ്ട് കലയില്ല എന്ന് ബനഡിറ്റോ ക്രോച്ചെ പണ്ടുപറഞ്ഞു.സ്വർണ്ണംകൊണ്ടൊരു പാത്രമുണ്ടാക്കിയാലും അതിൽ ഓട്ടയുണ്ടെങ്കിൽ വെള്ളമെടുക്കാനാവില്ല,മണ്ണുകൊണ്ടാണ് പാത്രമെങ്കിലും ഓട്ടയില്ലെങ്കിൽ വെള്ളമെടുക്കാം-ഒരു പാത്രത്തിന്റെ ‘ഫങ്‌ഷണൽ യൂട്ടിലിറ്റി’ഒരു സാധനത്തെ ഉൾക്കൊള്ളുക എന്നതാണ്,അതിനുകഴിവില്ലെങ്കിൽ അതു പൊന്നുകൊണ്ടുണ്ടാക്കിയതായാലും ശരിയല്ല എന്നുള്ളതാണ് പാത്രത്തിന്റെയും കഥാപാത്രത്തിന്റെയും കലയുടെയും തത്വമെന്നും ക്രോച്ചേ പറഞ്ഞു.സമൂഹത്തോട് പ്രതിസ്പന്ദിക്കാത്ത ഏതു കലയും മരണമടയും.പുറത്തുപോയി ജോലിചെയ്ത്,വൈകുന്നേരം നൂറുരൂപയെങ്കിലും വീട്ടിൽ കൊണ്ടുവരാവുന്ന സ്ഥിതി ഇന്ന് കേരളത്തിലുണ്ട്.അപ്പോൾ,അമ്പലനടക്കൽ നിന്ന് കൊട്ടിപ്പാടിസ്സേവനടത്താനോ,വീടുതോറും കയറിയിറങ്ങി പുള്ളുവമ്പാട്ടു പാടാനോ ആളെക്കിട്ടിയെന്നു വരില്ല.അമ്പലങ്ങളിലെ ദൈവങ്ങൾക്ക് സംഗീതം കേൾക്കണമെങ്കിൽ സി.ഡി.യിൽ ഗായത്രീമന്ത്രം വരെയുണ്ട്.അപ്പോൾപ്പിന്നെ പാണമ്പാട്ടും പുള്ളുവമ്പാട്ടും സോപാനസംഗീതവുമൊക്കെ നിലനിർത്താൻ വേറെ വഴികൾ നോക്കേണ്ടിവരും.അതിജീവനമസാധ്യമെന്നുറപ്പായാൽ‌പ്പിന്നെ,ഹരിഗോവിന്ദന്റെ വഴിതന്നെ നല്ലത്,ചാവാൻ പോകുന്ന അപ്പൂപ്പന്റെ ഫോട്ടോയെടുത്തുവെക്കും പോലെ,നമുക്കുചില ശബ്ദശേഖരങ്ങളും ദൃശ്യശേഖരങ്ങളുമൊക്കെയുണ്ടാക്കാം.അതുപക്ഷേ എന്തുവിറ്റിട്ടുവേണമെന്ന് ആലോചിക്കേണ്ടതുണ്ട്.

വിവരാവകാശനിയമം ദുർബലമാക്കണോ?

വിവരാവകാശനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ജനാധിപത്യത്തോടുള്ള വെല്ലുവിളി-വായിക്കൂ...

വിവരാവകാശനിയമത്തെ ദുർബലമാക്കണോ?

അറിവ് ശക്തിയാണ്.ജനാധിപത്യത്തിന്റെ പൂർണ്ണാർത്ഥത്തിലുള്ള പ്രയോഗം സാധ്യമാകാൻ എല്ലാ പൌരന്മാർക്കും അറിവിനുള്ള അവകാശം കൂടിയേ കഴിയൂ.നിയമം അറിയില്ല എന്നത് ശിക്ഷയിൽ നിന്ന് ഒഴിവാവാനുള്ള കാരണമാകുന്നില്ല എന്ന തത്വം നിയമവാഴ്ച്ചയുടെ ആധാരശിലയായി നിൽക്കുമ്പോഴും,ഭൂരിപക്ഷം ജനങ്ങളും നിയമങ്ങളെപ്പറ്റി നിരക്ഷരരാണ്.അവർക്കുകൂടിമുന്നിലാണ്,എല്ലാവികസനപദ്ധതികളും വാഗ്ദാനങ്ങളും വന്നുപോകുന്നതും.ഏതു ഭരണകൂടത്തീന്റെ നയപരിപാടികളൂം പദ്ധതികളും വസ്തുനിഷ്ഠമായി വിലയിരുത്തണമെങ്കിലും അറിവ് അത്യന്താപേക്ഷിതമാണ്.
താത്വികമായി ഇങ്ങനെയൊക്കെയാണെങ്കിലും യാഥാർത്ഥ്യം എന്താണ്?നമ്മുടെ രാഷ്ടീയനേതൃത്വങ്ങൾ,മന്ത്രിമാർ,ഉദ്യോഗസ്ഥവൃന്ദം-എല്ലാം വിവരങ്ങൾ പൊതുജനങ്ങളിൽ നിന്നു മറച്ചുപിടിക്കാൻ ശ്രമിക്കുന്നു.ഇന്ത്യ ഭരണഘടനയുടെ മൂന്നാംഭാഗത്തിൽ പ്രതിപാദിച്ചിട്ടുള്ള മൌലികാവകാശങ്ങളിൽ,ഇരുപത്തൊന്നാം അനുച്ഛേദത്തിൽ പറയുന്ന വ്യക്തിസ്വാതന്ത്ര്യം എന്ന അവകാശത്തെ ക്രിയാത്മകമായി ജനങ്ങളിലെത്തിച്ച നിയമമാണ് വിവരാവകാശനിയമം-2005.
ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലവിൽ വന്നിട്ടുള്ള അധികാരികൾ,സ്ഥപനങ്ങൾ.സ്വയംഭരണസ്ഥാപനങ്ങൾ,ഏതെങ്കിലും നിയമനിർമ്മാണം മുഖേനയോ,സർക്കാർ ഉത്തരവ് മുഖേനയോ സ്ഥാപിതമായ വിവിധസ്ഥാപനങ്ങൾ,സർക്കാരുടസ്ഥമസ്ഥതയിലോ നിയന്ത്രണത്തിലോ സാമ്പത്തികസാഹായത്താലോ പ്രവർത്തിക്കുന്ന വിവിധസ്ഥാപനങ്ങൾ,ഓഫീസുകൾ,പ്രത്യക്ഷമായോ പരോക്ഷമായോ സർക്കാരിൽനിന്ന് സാമ്പത്തികസഹായം ലഭിക്കുന്ന സർക്കാരിതര സന്നദ്ധസംഘടനകൾ എന്നിവക്കെല്ലാം ബാധകമാകുന്ന വിവരാവകാശനിയമം ലോകത്തിലെത്തന്നെ അതിശക്തമായ നിയമങ്ങളിലൊന്നാണ്.മറ്റുനിയമങ്ങളുമായി സംഘർഷമുണ്ടാകുമ്പോൾ,‘അധികപ്രഭാവമുള്ള’ നിയമാണ് വിവരാവകാശനിയമം.
സുതാര്യമായ ഭരണവ്യവസ്ഥയോട് അഴിമതിയും സ്വജനപക്ഷപാതവും ശീലമാകിയ ബ്യൂറോക്രസിയുടെ അമർഷം സ്വാഭാവികമാണല്ലോ.ഈ ചരിത്രപ്രാധാന്യമർഹിക്കുന്ന നിയമനിർമ്മാണത്തിന് ആറുമാസം പ്രായമായപ്പോൾത്തന്നെ അതിന്റെ കരുത്തുചോർത്താനുള്ള ബ്യൂറോക്രസിയുടെ ശ്രമങ്ങൾക്ക് ആദ്യഫലം കണ്ടു.ഫയൽക്കുറിപ്പുകൾ വിവരാവകാശനിയമപ്രകാരം നൽകേണ്ടതില്ല എന്ന ഭേദഗതിക്ക് കേന്ദ്രസർക്കാർ തീരുമാനിച്ചെങ്കിലും പൌരാവകാശപ്രവർത്തകരുടെ പ്രതിഷേധം കാരണം സർക്കാരിനത് നിർത്തിവെക്കേണ്ടിവന്നു.
ഇപ്പോൾ,വിവരാവകാശനിയമത്തിന് മൂന്നു വയസ്സുപൂർത്തിയാകുമ്പോൾ,നിയമത്തിന്റെ അന്ത:സ്സത്തയെത്തന്നെ ചോദ്യം ചെയ്യുംവിധം നിയമത്തെ ദുർബലമാക്കാനുള്ള ശുപാർശയാണ് വി.കിഷോർ.എസ്.ദേവ് അദ്ധ്യക്ഷനായുള്ള 15അംഗസമിതി പാർലമെന്റിനു സമർപ്പിച്ചിരിക്കുന്നത്!വിവരാവകാശനിയമപ്രകാരം ഉള്ള അപേക്ഷകളിൽ 30ദിവസത്തിനകം തീർപ്പുണ്ടാകണം,എന്തിനുവേണ്ടിയാണ് വിവരം തേടുന്നതെന്ന് അപേക്ഷയിൽ വ്യക്തമാക്കേണ്ടതില്ല,അപ്പീൽ‌വ്യവസ്ഥ-തുടങ്ങിയ വിവരാവകാശനിയമത്തിന്റെ സുപ്രധാനവശങ്ങളെല്ലാം പൊളിച്ചെഴുതാനുള്ള വ്യവസ്ഥയാണ് സഭാവകാശങ്ങൾ സംരക്ഷിക്കാനെന്നപേരിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
ബ്യൂറോക്രസിയുടെ ദുർഭരണത്തിനെതിരെയുള്ള പൊതുജനത്തിന്റെ ശക്തമായ ആയുധമെന്നതുമുതൽ,അന്വേഷണാത്മകപത്രപ്രവർത്തനത്തിന്റെ വസ്തുനിഷ്ഠമായ വളർച്ചക്കുപയുക്തമായ മാർഗ്ഗമെന്നതുവരെ നീളുന്ന വിവരാവകാശനിയമത്തിന്റെ സാധ്യതകളെ ദുർബലപ്പെടുത്താനുള്ള ഈ ശ്രമം,ആരെയെല്ലാമാണ് സഹായിക്കുന്നതെന്ന് പകൽപോലെ വ്യക്തമാണല്ലോ.രാഷ്ടീയക്കാരും ബ്യൂറോക്രസിയും ക്രിമിനലുകളും ചേരുന്ന അവിശുദ്ധബന്ധം തഴച്ചുവളരുന്നത്,രഹസ്യങ്ങളുടെ പശ്ചാത്തലത്തിലാണ്.സത്യങ്ങൾ പരസ്യമാകുന്നതിനെ പേടിക്കുന്ന ഈ നിയമഭേദഗതിശ്രമം,എല്ലാ ജനാധിപത്യവിശ്വാസികളും എതിർക്കേണ്ടതാണ്.

ബുദ്ധിപൂർവ്വമായ തീരുമാനം(ഹൃദയപൂർവ്വമല്ലാത്തത്)

കോട്ടക്കൽ ശിവരാമനെക്കുറിച്ച് എന്റെ കഥകളിബ്ലോഗിൽ പുതിയ പോസ്റ്റ്.സ്വാഗതം..

സച്ചിൻ-അർത്ഥം ഗ്രഹിപ്പിച്ച വാക്യം

സച്ചിൻ-അർത്ഥം ഗ്രഹിപ്പിച്ച വാക്യം-രണ്ടു പതിറ്റാണ്ടുനീണ്ട ടെൻഡുൽക്കറുടെ കരിയറിനെക്കുറിച്ച് ചില ചിന്തകൾ-വായിക്കൂ‍...

സച്ചിൻ-അർത്ഥം ഗ്രഹിപ്പിച്ച വാക്യം

ഏതു നദിക്കും സ്വാഭാവികമായ പരിണിതികളുണ്ട്.ഒരു നീരുറവയായി തുടങ്ങി,കലമ്പിയൊഴുകുന്ന കാട്ടാറായി വളർന്ന്,കൊടുങ്കാറ്റിന്റെ വന്യതയാർന്ന കരുത്തുമായി മലയിറങ്ങി,പക്വബുദ്ധിയോടെ സമതലഭൂവിലെ ഇരുകരകളേയും ജീവത്താക്കുന്ന സജ്ഞീവനിയായി സാവധാനമൊഴുകി,സമുദ്രത്തിൽ ലയിക്കുംവരെ നീളുന്ന പരിണാമങ്ങൾ.സച്ചിൻ ടെൻഡുൽക്കർ എന്ന മനുഷ്യജന്മവും ഒരു മഹാനദിയാണ്-ഇന്ത്യൻ‌ക്രിക്കറ്റിന്റെ ഇരുപതുവർഷങ്ങളെ ജീവത്താക്കിയ പയസ്വിനി.
1989നവം.15ന് പാക്കിസ്ഥാനെതിരെ കറാച്ചിയിൽ സച്ചിൻ അരങ്ങേറ്റം കുറിച്ച പരിസരങ്ങളിൽ നിന്ന് ക്രിക്കറ്റും അതിന്റെ വിപണിമൂല്യവും രാഷ്ട്രീയസമവാക്യങ്ങളും ബഹുദൂരം മാറിയിരിക്കുന്നു.പ്രതിരോധത്തിന്റെ കലാബോധം ക്രിക്കറ്റിലും സമൂഹത്തിലും ആക്രമണത്തിന്റെ വന്യതകൾക്കു വഴിമാറി.സച്ചിൻ കരിയറിന്റെ അവസാനപാദങ്ങളിലെത്തുമ്പോൾ,ഇന്ത്യക്കാരന്റെ മനസ്സിലെ ക്രിക്കറ്റ് 240പന്തുകളിൽ തുടങ്ങിയൊടുങ്ങുന്ന ഒരു കരിമരുന്നുപണിയായിരിക്കുന്നു.പ്രതിരോധവും ആക്രമണവും സമന്വയിക്കുന്ന ബാറ്റിങ്ങിനെ ഒരു സർഗാത്മകക്രിയയായികണ്ട ബ്രാഡ്മാനെയും,വിവിയൻ റിച്ചാഡ്സിനേയും,ഗാരിസോബേഴ്സിനേയും,സ്റ്റീവിനേയും,ലാറയേയും പോലുള്ള ജീനിയസ്സുകൾ ഇനിയുണ്ടാകുമോ എന്നു സംശയിക്കേണ്ടിവരുന്നത് ഈ അന്തരീക്ഷത്തിലാണ്.സച്ചിൻ ആ പരമ്പരയിലെ അവസാനകണ്ണിയാകുമോ?
വലം കൈകൊണ്ട് സാധാരണമനുഷ്യപ്രവർത്തികളെല്ലാം-ബാറ്റിങ്ങടക്കം- ചെയ്യുകയും,ഇടംകൈ കൊണ്ട് എഴുതുകയും ചെയ്യുന്നയാളാണ് സച്ചിൻ.ഈ സവിശേഷത,സച്ചിനെ മറ്റു പ്രതിഭാധനരായ ബാറ്റ്സ്മാൻ‌മാരിൽ നിന്നു വ്യത്യസ്തനാക്കുന്ന കേളീശൈലിയിലേക്കുകൂടി വിരൽചൂണ്ടുന്നതാണ്.ക്രിക്കറ്റിലെ മിക്ക ബാറ്റിങ്ങ് പ്രതിഭകൾക്കും ചില പ്രത്യേകഷോട്ടുകൾ മാസ്റ്റർപീസായി ഉണ്ടാകും.ഗവാസ്കർക്കും സോബേഴ്സിനുമുണ്ടായിരുന്ന ഓഫ്സൈഡ് ഷോട്ടുകൾ,റിച്ചാഡ്സിന്റെ കവർഡൈവുകൾ,ലാറയുടെ മനോഹരമായ സ്വീപ്പുകൾ-ഓർക്കുക.എന്നാൽ സച്ചിന്റെ കാര്യത്തിൽ അങ്ങനെയൊന്ന് പറയുക എളുപ്പമല്ല.മൈതാനത്തിന്റെ നാ‍ലുവശങ്ങളിലേക്കും ഒരുപോലെ ചാർജ്ചെയ്യുന്ന സച്ചിന്റെ ബാറ്റിന് സമാനതകളില്ല.ലഗ്ഗിലേക്കും ഓഫിലേക്കും ഒരേ ലാഘവത്തോടെ പന്തുപായിക്കുന്ന,സ്ടൈറ്റ്ഡൈവ് ചെയ്യുന്ന അതേ ലാഘവത്തോടെ ബാക്ക്സ്വീപ്പ് ചെയ്യുന്ന വൈദഗ്ധ്യമാണ് സച്ചിനെ വ്യതിരിക്തനാക്കുന്നത്.
പൊതുവേ മികച്ച ബാറ്റ്സ്മാൻ‌മാരെല്ലാം ഉയരംകൂടിയവരായിരിക്കുമ്പോൾ,സച്ചിന്റെ കുറിയശരീരം സ്വകീയമായ ബാറ്റിങ്ങ് സാധ്യതകൾ കണ്ടെടുക്കുകയായിരുന്നു.ക്രീസിനുമുന്നിലേക്ക് സ്റ്റെപ്പിട്ടുകയറി സച്ചിനടിക്കുന്ന സിക്സുകളും ഫോറുകളും ആ ശരീരസാധ്യതകൂടിയാണ് ഉപയോഗപ്പെടുത്തിയത്.വാക്കയിലെ 19വയസ്സിലെ പ്രസിദ്ധഇന്നിങ്ങ്സ്
കാണുക,ഓരോ ബോളിനേയും തനതായ രീതിയിൽ നേരിടുന്ന സച്ചിന്റെ ശരീരത്തിന്റെ ഉത്സവം കാണാം.ടെന്നീസ്‌എൽബോ രോഗബാധയിലായിരുന്ന കാലത്ത്,സച്ചിന്റെ ഇന്നിങ്ങ്സുകളിൽ ഇല്ലാതിരുന്നതും ഈ ‘സാച്ചിനികത’യായിരുന്നു.പിന്നീടുണ്ടായ തിരിച്ചുവരവിൽ,അനന്യസാധാരണമായ പല ഇന്നിങ്ങ്സുകളും ക്രിക്കറ്റ്ലോകം കണ്ടു.കഴിഞ്ഞ ഏകദിനലോകകപ്പിൽ,സച്ചിന്റെ ഇന്നിങ്ങ്സുകൾ കിരീടത്തിന് തൊട്ടടുത്ത് ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചു.ഒരുപക്ഷേ അതൊന്നുമാത്രമായിരിക്കും ഇനി സച്ചിനവശേഷിക്കുന്ന ക്രിക്കറ്റ്സ്വപ്നം,ഒരു ക്രിക്കറ്റ് ലോകകപ്പ്.
സമകാലീനക്രിക്കറ്റിലെ മറ്റൊരു ‘കൊളോസിസാ’യിരുന്ന ബ്രയൻ ലാറയും സച്ചിനും തീർത്തും വ്യത്യസ്തമായ ടീം അന്തരീക്ഷത്തിലായിരുന്നു തങ്ങളുടെ കരിയർ ചിലവിട്ടത്.വെസ്റ്റിൻഡീസ്ക്രിക്കറ്റിന്റെ സുവർണ്ണകാലമസ്തമിച്ച കാലത്താണ് ലാറയെന്ന ക്രിക്കറ്ററുടെ പിറവി.ഒരു പരിധിവരെയുള്ള ചന്ദർപോളിന്റെ പങ്കാളിത്തവും,റിക്കാർഡോ പവലിന്റെ ചില മിന്നൽ‌പ്പിണരുകളുമൊഴിച്ചാൽ,ലാറയൊഴിച്ചൊന്നും ആ ടീമിനുണ്ടായിരുന്നില്ല.ടീംഗൈമായ ക്രിക്കറ്റിൽ ലാറ ഒറ്റക്ക് പടനയിക്കുകയായിരുന്നു.സച്ചിന്റെ അവസ്ഥ അതായിരുന്നില്ല.കപിൽദേവും അസ്‌ഹറുദ്ദീനുമടങ്ങിയ ടീമിൽ വന്ന്,ഗാംഗുലിയും ദ്രാവിഡുമടങ്ങിയ ടീമിൽ കളിക്കുകയായിരുന്നു സച്ചിൻ.ടീമെന്നനിലയിൽ ഒത്തിണക്കവും തുടർച്ചയായ ജയങ്ങളും വന്നത് അടുത്തകാലത്തെങ്കിലും,സച്ചിന് എന്നും തനിക്കൊത്ത പങ്കാളികളുണ്ടായിരുന്നു.ഏകദിനത്തിൽ ശ്രീലങ്കക്കെതിരെ 183റൺസ് ഗാംഗുലിയടിക്കുമ്പോഴും,ന്യൂസിലൻഡിനെതിരെ 186റൺസ് സച്ചിനടിക്കുമ്പോഴും ഒരറ്റത്ത് 150തോളം റൺസിന്റെ പിന്തുണയുമായിനിന്ന ദ്രാവിഡിനെപ്പോലൊരു പങ്കാളിയെ ഏതു ബാറ്റ്സ്മാനും കൊതിക്കുന്നതാണ്.പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്,ലാറക്ക് അത്തരമൊരു പങ്കാളിയുണ്ടായിരുന്നെങ്കിൽ എന്ന്.
ലാറ അരങ്ങൊഴിഞ്ഞു.സച്ചിനെന്ന അത്ഭുതം പരിക്കുകൾക്കുമുമ്പിലും തോൽക്കാതെ ഇന്നും രംഗത്തുണ്ട്.ഇനി കാര്യമായൊരു റിക്കോഡും മുന്നിലില്ല.പല റിക്കോഡുകളും ഏറെക്കുറെ അജയ്യമെന്നു തോന്നിക്കുന്നത്.സച്ചിൻ നേരിടുന്ന ഓരോ ബോളിനും ഫോറും സിക്സും പ്രതീക്ഷിക്കുന്ന ആരാധകവൃന്ദം .അർത്ഥം ഗ്രഹിപ്പിച്ച വാക്യമായി ഇനിയുമെത്രനാൾ എന്ന ചോദ്യമവശേഷിക്കുന്നു.

മനക്കണ്ണുപോയ കുട്ടികൾ

ഒരു പൂർവ്വവിദ്യാർത്ഥിസംഗമവും ചില ചിന്തകളും വായിക്കൂ

മനക്കണ്ണുപോയ കുട്ടികൾ

ഇന്നലെയായിരുന്നു എന്റെ ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിസംഗമം.പെട്ടെന്ന് ഋതുക്കൾ മാറിവന്നപോലെ അമ്പരന്ന് ഞാൻ എന്റെ പഴയ കൂട്ടുകാരെയും സ്കൂളിനെയും കണ്ട ദിവസം.നാട്ടിലാദ്യമായി ഫോൺ കടന്നുവരുന്നത് ഞങ്ങളാഘോഷിച്ചത് ഈ സ്കൂളിലെ ബഞ്ചിലിരുന്നായിരുന്നു.പ്രൈമറിക്കാരന്റെ പോക്കറ്റിൽ നിന്ന് റിങ്ങ്ടോൺ കേൾക്കുന്ന ഈ കാലത്ത് ഒരു കുട്ടിക്കും അറിയാത്ത ആനന്ദം.കവിതാടാക്കീസിലും ദിവ്യാടാക്കീസിലും കളിക്കുന്ന ‘പുതുപുത്തൻ’പടങ്ങൾ(റിലീസ് ചെയ്ത് രണ്ട് കൊല്ലം മാത്രം പഴക്കമുള്ളവ!)പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ കൂട്ടുകാരുടെ നാവിൽനിന്നും കേട്ടുരസിച്ചത് ഇവിടത്തെ തുളവീണ ഡസ്കുകളിൽ താളം പിടിച്ചായിരുന്നു.ചാനൽ‌സമുദ്രത്തിൽ റിമോട്ട് കൊണ്ട് തുഴഞ്ഞുകളിക്കുന്ന കുട്ടികൾക്ക് ഭാഗ്യമില്ലാത്ത കഥകൾ. പൂരം നടക്കുമ്പോൾ ക്ലാസിൽ നിന്ന് മുങ്ങി,പൂരപ്പറമ്പിൽ പൊങ്ങിയ ഞങ്ങൾ പൊട്ടാസുതോക്കും മത്തങ്ങാബലൂണും വാങ്ങി മടങ്ങിവരുമ്പോൾ,ഞങ്ങൾക്കു കയറിനിൽക്കാനും അതേ ഡസ്ക് മാഷന്മാർ സ്നേഹത്തോടെ തന്നിരുന്നു.ഭാഗ്യം!പുതിയ കുട്ടികൾക്ക് അതുവേണ്ട,അവർക്കുകാണാനായി പൂരം ചാനലുകാർ ലൈവായി സം‌പ്രേഷണം ചെയ്യുന്നുണ്ടല്ലോ!
കൂട്ടുവർത്തമാനങ്ങളിൽ ഒരുമയുടെ സുഖമറിഞ്ഞ്,ഒരുമിച്ച് അസംബ്ലിയിൽ സ്റ്റാന്ററ്റീസായി വിയർത്തൊലിച്ച് നിൽക്കുമ്പോൾ,ഭാവിയിലെ ശാസ്ത്രജ്ഞനും,ഗായികയും,ഓട്ടോറിക്ഷാഡ്രൈവറും,ഡോക്ടറുമൊക്കെ ഞങ്ങൾക്കിടയിൽ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്ന് ആരറിഞ്ഞു?നേരിട്ടുകണ്ടാൽ തിരിച്ചറിയാനാവാത്തവിധം ജഗദ്ഭക്ഷകനായ കാലം മാറ്റിപ്പണിതവർ ചുറ്റിലും…
ഒരിക്കലിറങ്ങിയ പുഴയിൽ വീണ്ടുമിറങ്ങാനാവില്ല.ഇറങ്ങേണ്ടതുമില്ല.മാറിയ പുഴയുടെ ഉള്ളടക്കത്തെ നമ്മുടെ കുട്ടികൾ സ്വന്തമാക്കട്ടെ.പക്ഷേ ചീറിപ്പായുന്ന സ്കൂൾ ബസ്സുകൾ നിറഞ്ഞ സ്കൂളിൽ നിന്ന് വിദ്യകാശുകൊടുത്ത് വാങ്ങിക്കൊണ്ടുപോകുന്ന പുതിയ കുട്ടികൾക്ക് നഷ്ടമാകുന്നതെന്താണ്?
ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ ജോലിയിൽ നിന്ന് ലക്ഷങ്ങളെങ്ങനെ തിരിച്ചുപിടിക്കാം എന്നാലോചിക്കുന്ന പുതിയ ‘ഗുരുനാഥൻ’മാർക്ക് മുന്നിലിരിക്കുന്ന ദുർവിധിക്കിടയിൽ ചതഞ്ഞുതീരുന്ന അവരുടെ ബാല്യകൌമാരങ്ങൾക്ക് നാം നൽകുന്ന വിലയെന്താണ്?
പൂക്കളിന്നും ചിരിക്കുന്നുണ്ട്,പുതിയ പ്രഭാതങ്ങൾക്കും സൌന്ദര്യവുമുണ്ട്.പക്ഷേ അതു കാണാനുള്ള കണ്ണ് നമ്മളെല്ലാം ചേർന്ന് കുട്ടികളിൽ നിന്നെടുത്തു കളഞ്ഞുവോ?

കഥകളിബ്ലോഗിൽ പുതിയ പോസ്റ്റ്

എന്റെ കഥകളിബ്ലോഗായ തൌര്യത്രികത്തിൽ അഗ്രി പിടിച്ചുകാണാത്ത പുതിയ പോസ്റ്റ്...വായിക്കൂ

ക്ഷേത്രങ്ങളിലെ അന്യമതവിലക്കെന്തിന്?സംവാദം...

ക്ഷേത്രങ്ങളിലെ അന്യമതവിലക്കെന്തിന്?സംവാദം തുടരുന്നു...വായിക്കൂ...

ക്ഷേത്രങ്ങളിൽ അന്യമതവിലക്കെന്തിന്?


ഗുരുവായൂരടക്കമുള്ള കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഇപ്പോഴും അന്യമതസ്ഥർ കയറുന്നത് വിലക്കിക്കൊണ്ടുള്ള അറിയിപ്പ് നിലനിൽക്കുന്നു.മതസമൂഹങ്ങൾ തമ്മിലുള്ള സൌഹൃദം നിലനിൽക്കേണ്ടത് ഇന്ത്യയുടെതന്നെ സുസ്ഥിതിക്ക് അത്യാവശ്യമാണ്.ഇന്ത്യയിലെ പല മഹാക്ഷേത്രങ്ങളിലുമില്ലാത്ത ഈ വിലക്കുകൾ കേരളക്ഷേത്രങ്ങളിൽ മാത്രം നിലനിർത്തുന്നതിൽ എന്തടിസ്ഥാനമാണുള്ളത്?കേരളബ്രാഹ്മണന്മാരുടെ തീരുമാനമാണോ ഇതിനുപിന്നിൽ?ഹിന്ദുവേദശാസ്ത്രങ്ങളെക്കുറിച്ച് സാധാരണ ഏതുബ്രാഹ്മണനുള്ളതിലും അറിവുള്ളവരായിരുന്നു ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും.ഇവർ രണ്ടുപേരും ഇത്തരം കാര്യങ്ങളിലെ ബ്രാഹ്മണാധികാരം കാര്യമായെടുത്തിരുന്നില്ല.പിന്നെ നാമെന്തിനാണ് പഴയ ബ്രാഹ്മണർ നിലനിർത്തിയ വിലക്കുകൾ തുടരുന്നത്?
മുസ്ലീം പള്ളികളിലോ ക്രിസ്ത്യൻ ദേവാലയങ്ങളിലോ അന്യമതവിശ്വാസികളെ വിലക്കുന്ന അറിയിപ്പുകളില്ല.അതുകൊണ്ട് അവിടെ കയറിച്ചെന്ന് അവരുടെ ആരാധനാരീതിയേയോ ആചാരക്രമങ്ങളെയോ ആരെങ്കിലും അലങ്കോലപ്പെടുത്തുന്നതായി കേട്ടിട്ടില്ല.അതുപോലെ ഹിന്ദുക്ഷേത്രങ്ങളിലും അന്യമതസ്ഥർ കയറുന്നതുകൊണ്ടുമാത്രം വിഷമമുണ്ടാകുമെന്നു കരുതുന്നത് വിഡ്ഡിത്തമല്ലേ?യേശുദാസിനെയും മീരാജാസ്മിനേയും പോലെ,ആരാധനാതാൽ‌പര്യം കൊണ്ടുമാത്രം ക്ഷേത്രത്തിൽ കയറുന്നവരെപ്പോലും വിലക്കുന്നതും പുണ്യാഹം തളിക്കുന്നതും കിരാതമായ നടപടിയല്ലേ?അച്ഛന്റെ അമ്മയായ മേഴ്സിരവി ക്രിസ്ത്യാനിയാണെന്നതുകൊണ്ട് രവികൃഷ്ണയുടെ കുട്ടിയുടെ ചോറൂണിന് ഗുരുവായൂരിൽ പുണ്യാഹം തളിച്ച നടപടിയൊക്കെ എത്ര നിന്ദ്യമായ മര്യാദകേടാണ്?
ഇതു വിശ്വാസികളുടെയും ഹിന്ദുക്കളുടെയും മാത്രം കാര്യമല്ല.മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും പ്രശ്നമാണ്.പണ്ട് രാജാക്കന്മാരാണ് (ബ്രാഹ്മണോപദേശമനുസരിച്ചാകാം) അന്യമതസ്ഥർക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചത്.പല സാമൂഹ്യ അപ്രിയങ്ങളും അതിനു കാരണമായിട്ടുണ്ടാകാം.ഇന്നവക്കൊന്നും ഒരു പ്രസക്തിയുമില്ലാത്ത സ്ഥിതിക്ക് ഭരണാധികാരികൾക്കു തന്നെ ഈ വിലക്കുകൾ നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചുകൂടേ?