Pages

ഓർമ്മകളുടെ ലിറ്റ്മസ്

ന്റെ ദുഷ്ടനായ ഹോപ്പിന്,
നീ തീർന്നുകാണില്ലെന്നു വിചാരിക്കുന്നു.ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും എന്നാണല്ലോ.

ഇന്നു ഭയങ്കരമഴയായിരുന്നു.അതുകൊണ്ട് ജോലി കുന്തമായി.തെറി പറയും പോലെ മഴ.ഇവിടെ മഴയ്ക്ക് ഒരു ഭംഗിയുമില്ല.നമ്മുടെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിന്റെ ഇടനാഴിയിൽ നിൽക്കുമ്പോ പെയ്ത പോലൊരു മഴ പിന്നെ പെയ്തിട്ടില്ലല്ലല്ലോ.ഒരു സ്വപ്നം പോലെ തോന്നുണു,അതെല്ലാം.ആ മഴയുടെ ശബ്‌ദോം,നിന്റെ കവിതയും,മനുവിന്റെ പാട്ടും…

ശ്ശൊ!നാശം പിടിക്കാൻ പിന്നീം നൊസ്സാൾജിയ!വിട്ടു.

എനിക്കയച്ചുതരാംന്നു പറഞ്ഞതൊക്കെ എവിടെ?

വേഗം അയച്ചാൽ നിനക്കു കൊള്ളാം,അല്ലെങ്കിൽ നിന്നെ മൊറ്റമോർഫോസസ് ചെയ്യാൻ കാഫ്ക്കക്ക് ക്വട്ടേഷൻ കൊടുക്കും.

അടുത്തെങ്ങാനും വിപ്ലവം നടക്കുമോ ചെക്കാ?
കാര്യം ഉറപ്പായാൽ അറിയിക്കണേ,ഈ ജോലി വിട്ടു പോരാനാ.

കിഡ്നിപൂർവ്വം,
നിന്റെ മിന്നു.”

ഇന്നു രാവിലെ പഴയ പെട്ടികളുടെ പൊടിക്കൂമ്പാരത്തിൽ നിന്നു ഒരു പഴയ സെമിനാർ പേപ്പർ കണ്ടു കിട്ടാനുള്ള തിരച്ചിലുകൾക്കിടയിൽ,ഈ റോസ് നിറത്തിലുള്ള കടലാസിലെ അക്ഷരങ്ങൾ കണ്ടതൊരു യാദൃശ്ചികതയായിരുന്നുവോ?
അറിയില്ല.ഒപ്പം തിരയാൻ കൂടിയ അമ്മയുടെ ചോദ്യചിഹ്നമുഖത്തുനിന്നും ഞാൻ രക്ഷപ്പെട്ടതെങ്ങനെയെന്നും.‌“സങ്കടം വന്നാൽ നിന്റെ കണ്ണുകൾ വെള്ളത്തിൽ മുക്കിയെടുത്ത സ്പഞ്ച് കഷ്ണങ്ങളാകുന്നു”എന്നു പറഞ്ഞു പൊട്ടിച്ചിരിച്ചതും അവളായിരുന്നല്ലോ.
ധ്വനിയറ്റ് കരിനീലിച്ചുപോയ വാക്കുകളുടെ കബന്ധങ്ങൾ മാത്രം ശേഷിക്കുന്ന എന്റെ ചുടലപ്പറമ്പിൽ നിന്ന് ഞാനെങ്ങനെ മിന്നുവിനെപ്പറ്റി എഴുതും എന്നെനിക്കറിയില്ല.പാപത്തിന്റെ ആവർത്തനങ്ങളിൽ ഹസ്തരേഖകൾ പോലും നഷ്ടമായത് നീയറിയുന്നില്ലല്ലോ.കാലത്തിന്റെ അയനരേഖകൾ വക്കുകളും കോണുകളും തേഞ്ഞുമിനുപ്പിച്ച എന്റെ ഓർമ്മകളുടെ വെള്ളാരങ്കല്ലുകളിലെഴുതുന്ന ഒരോർമ്മക്കുറിപ്പിനു മാത്രം നീ അകന്നു പോയിട്ടില്ല.ഏറ്റവും വലിയ ബന്ധം സൌഹൃദമാണ് എന്നു നാഴികയ്ക്കു നാൽ‌പ്പതു വട്ടം ഓർമ്മിപ്പിച്ച നീ,ഇന്നുമതു കാത്തുവെക്കുന്നുണ്ടാവും.എനിക്കറിയാം,ഞങ്ങളെ,നിന്റെ ഓരോ ആത്മസുഹൃത്തിനേയും നീ ഓർക്കുന്നുവെന്ന്.എന്നാൽ,മിന്നൂ,നിന്നെ നീ ഓർക്കുന്നുവോ?

Shaerlock Homesന്റെ A Study in scarletലെ ജഫേഴ്സൻ ഹോപ്പ് എന്ന പേര്,എന്റെ മേൽ പതിക്കാൻ നീ കണ്ട കാരണം ഞാനൊരു മറവിയുമില്ലാത്ത പ്രതികാരിയാണ് എന്നതായിരുന്നല്ലോ.ആ പ്രതികാരം ഇന്നും തുടരുന്നു എന്നു വെച്ചോളൂ.
ആംഗലവ്യാകരണത്തിന്റെ ഏതെല്ലാമോ മുഷിപ്പൻ ക്ലാസുകളുടെ മണമുണ്ട്,മിന്നുവിനെക്കുറിച്ചുള്ള ആദ്യത്തെ ഓർമ്മയ്ക്ക്.കണ്ണുകൾ മുന്നിലേക്കു നിരർത്ഥകമാം വിധം പതിച്ചുവെച്ച്,മനസ്സുകൊണ്ട് ഭാവനയുടെ നീലവനങ്ങളിൽ മേഞ്ഞുനടന്ന ആ ക്ലാസുകളിലൊരിക്കൽ ആണ് മിന്നുവിന്റെ മുഖം ആദ്യം ശ്രദ്ധയിൽ വന്നത്.ഇളം കറുപ്പുള്ള മിന്നുവിന്റെ മുഖത്തേക്കു നോക്കിയ ഉടനേ അവൾ ഒരു ചേതോഹരമായ ചിരി മടക്കിത്തന്നു.ഹാവൂ! ഒരാൾക്കെങ്കിലും ഈ നരച്ചലോകത്ത് ചിരിക്കാനറിയാം എന്നാശ്വസിക്കുമ്പോഴാണ്,ഒരു നോട്ട്ബുക്ക് പേപ്പർ മിന്നു എന്റെ നേർക്കു നീട്ടിയത്.തുറന്നു നോക്കിയപ്പോൾ ഒരു കാർട്ടൂൺ.ക്ലാസെടുത്തുകൊണ്ടിരിക്കുന്ന അദ്ധ്യാപകന്റെ കയ്യിൽ ഒരു തടിച്ച പുസ്തകം,അതിൽ നിന്നു തൂങ്ങിക്കിടന്നു പിടയുന്ന കുട്ടികൾ.അഭിനന്ദനസൂചകമായി തലചെരിച്ചു ചിരിച്ചപ്പോൾ,മിന്നു സ്വതഃസിദ്ധമായ രണ്ടു കണ്ണുകളും ഇറുക്കിക്കൊണ്ടുള്ള കുസൃതിച്ചിരി മടക്കിത്തന്നു(പിന്നെ,അത് എത്രവട്ടം കണ്ടു!)

ഒരു സമപ്രായക്കാരിയുടെ വായനയുടെ ആഴം കണ്ട് ആദ്യമായി ഞാൻ വിസ്മയിച്ചത് മിന്നുവിന്റെ മുന്നിലാണ്.ഞാൻ പലപ്പോഴും ബോറടിച്ചു മുഴുമിക്കാനാവാതെ മാറ്റിവെച്ച റ്റോമസ് മന്നിന്റെ ബുഡൻബ്രൂക്സ് പോലുള്ള തടിയൻ പുസ്തകങ്ങളെ അനായാസം വായിച്ചുതള്ളുന്ന സിദ്ധിവൈഭവത്തിനു മുന്നിൽ തരിച്ചുനിൽക്കയല്ലാതെ മാർഗമുണ്ടായിരുന്നില്ല.ഞാൻ ഏതോ ഒരു മുകളറ്റം മാത്രം പുറത്തുകാണുന്നത് എന്ന അർത്ഥത്തിൽ ‘ഐസ് ബർഗ്’എന്നു വിളിക്കുമ്പോഴും,അതേ കണ്ണിറുക്കിയുള്ള ചിരി,മിന്നു മടക്കിത്തന്നു.മനോഹരമായ അവളുടെ ശ്യാമസൌന്ദര്യത്തിനു ചുറ്റും പറന്നുനടന്ന ഒരാൾക്കും അവൾ പിടികൊടുത്തില്ല.ഞങ്ങളുടെയെല്ലാം പ്രണയങ്ങളുടെ കാവൽക്കാരിയായി അവൾ സ്വയം അവരോധിക്കുകയായിരുന്നു.
മുദ്രാവാക്യങ്ങളുടെ ചുഴിമലരികളിൽ സ്വയം എറിഞ്ഞുകൊടുത്ത സമരകാലത്ത്,പിന്നെ മിന്നു ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.ഏത് ആൺ സഖാക്കളേക്കാളും ആവേശത്തോടെ.വിയർത്തുകുളിച്ച്,ഏതൊക്കെയോ സ്‌ടൈയ്ക്കുകൾക്ക് മിന്നു ക്ലാസുകളിൽ നിന്നു പ്രസംഗിച്ചുചിതറുന്ന ചിത്രം ഇന്നും ഓർമ്മയിലുണ്ട്.‌“മിന്നുവേട്ടാ”എന്നു ജൂനിയേഴ്സ് വിളിക്കുമ്പോൾ കിലുകിലാ ചിരിക്കുന്ന അവളുടെ മുഖവും.

ഒരു മാഗസിൻ പ്രകാശനത്തിനു നടന്ന രാഷ്ട്രീയസംഘട്ടനത്തിൽ,മിന്നുവിന്റെ കൈ ഒടിഞ്ഞ് ആശുപത്രിയിൽ കിടക്കുമ്പോൾ അവൾ പറഞ്ഞത്,“ഇങ്ങനെ ചത്തു പോയാൽ സുബ്രഹ്മണ്യദാസിനെപ്പോലെ ‘നമ്മളൊരു തോറ്റജനതയാണ്’എന്നെഴുതിവെക്കാനാവില്ലല്ലോടാ”എന്നാണ്.ചോരപൊടിയുമ്പോഴും കൈവിടാത്ത ഹാസ്യബോധം മിന്നുവിനു സ്വന്തമായിരുന്നു.
എന്നും ചിരിച്ചുകണ്ട അവളുടെ കണ്ണുകളിൽ കണ്ണീർമേഘങ്ങൾ വിങ്ങി നിൽക്കുന്നത് ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ.കാമ്പസിൽ നിന്നു പിരിയുന്ന നിമിഷങ്ങളിൽ.‌“ഒരു ടൈം‌മിഷീൻ ഉണ്ടായിരുന്നെങ്കിൽ”എന്നു മാത്രം പറഞ്ഞ് അവസാനിപ്പിച്ച അവളുടെ വിടവാങ്ങൽ പ്രസംഗനിമിഷങ്ങളിൽ ആ കണ്ണുകളിൽ ഒരിക്കലും പെയ്തൊഴിയാത്ത മേഘക്കൂട്ടങ്ങൾ പടർന്നു.

പഠനശേഷം,ഡൽഹിയിൽ പത്രപ്രവർത്തകയായി പോയപ്പോഴും അവളുടെ എഴുത്തുകൾ എനിക്കു മൂന്നുനാലു തവണ വന്നു.പിന്നെ വന്നത് അവളുടെ വിവാഹക്കത്തായിരുന്നു.ഡൽഹിയിൽ വെച്ചുതന്നെ,ഏതോ മദ്ധ്യപ്രദേശുകാരൻ ബിസിനസ്സുകാരനുമായി വിവാഹം.പങ്കെടുക്കാനാവത്തതിൽ ഖേദവും,വിവാഹാശംസകളും അറിയിച്ച എന്റെ ഒരു കത്ത് കൂടി അവൾക്കു കിട്ടിയിരിക്കാം.പിന്നെ,അയച്ച കത്തുകൾ കൂടി മടങ്ങിവന്നു.

പിന്നെ,കഴിഞ്ഞ വർഷം ആണ് ബാക്കി വിവരങ്ങൾ അറിയുന്നത്,ഒരു സുഹൃത്തിൽ നിന്നും.ആറുമാസത്തിനു ശേഷം അവൾ വിവാഹമോചനം നേടിയത്രേ.അപ്പോഴേക്കും അവളുടെ ഉദരത്തിൽ ജീവന്റെ ഉരുവങ്ങൾ നടന്നുകഴിഞ്ഞിരുന്നു.ജനിച്ചപ്പോൾ അത് ഒരു ബുദ്ധിമാന്ദ്യമുള്ള കുട്ടി.ആ കുഞ്ഞിനേയും നോക്കി,ഡൽഹിയിൽ അവൾ കഴിഞ്ഞുകൂടുന്നു.ആ കുട്ടിയേയും മടിയിൽ വെച്ച് ഇരിക്കുന്ന അവളുടെ ഒരു ഫോട്ടോ,അല്ല,അവളുടെ പ്രേതത്തിന്റെ ഒരു ഫോട്ടോ എനിക്ക് എന്റെ സുഹൃത്ത് അയച്ചുതന്നു.എനിക്കു കണ്ടുതീരെ പരിചയമില്ലാത്ത ഒരു ചിരി അവളുടെ മുഖത്തുണ്ട്.ലാൿടോകലാമിൻ പോലെ ഒരന്യപദാർത്ഥം.

ഇന്നു രാവിലെ പഴയ കടലാസുകൂട്ടങ്ങളിൽ നിന്നുകിട്ടിയ അവളുടെ ആ ഡൽഹിക്കത്തു കാണുമ്പോഴൊക്കെ എന്റെ മുഖവും ഓർമ്മകളും നിറപ്പകർച്ച സംഭവിക്കുന്ന ഒരു ലിറ്റ്മസ് പേപ്പറാവുന്നു….

മതനിരപേക്ഷമായ പുതിയൊരു ബ്ലോഗ് കൂട്ടായ്മ

പ്രിയസത്യങ്ങൾ പറയരുത് എന്നൊരു പ്രമാണമുണ്ട്.

പക്ഷേ,സത്യങ്ങൾ സത്യങ്ങളല്ലാതാവുന്നില്ലല്ലോ.അപ്രിയമായവ നടക്കുമ്പോൾ,അപ്രിയസത്യങ്ങൾ പറയേണ്ടിവരുന്നു.

“മനുഷ്യൻ!ഹാ!എത്ര മഹത്തായ പദം!”എന്ന നക്ഷത്രത്തിളക്കമുള്ള വാചകം നമ്മളെല്ലാം പലവട്ടം കേട്ടതാണ്.

എന്നാൽ,മനുഷ്യനെ പലതട്ടുകളിലായി വർഗീകരിച്ചു നിർത്താനാഗ്രഹിക്കുന്നരുടെ ശ്രമങ്ങൾ കാലം ചെല്ലുന്തോറും ശക്തിയാർജ്ജിക്കുന്നതേയുള്ളൂ.പുതിയ മാദ്ധ്യമങ്ങളെ അവർ എളുപ്പം സ്വാംശീകരിക്കുന്നു,ഉപയോഗപ്പെടുന്നു.

ഓരോ മനുഷ്യന്റേയും സ്വകാര്യതയിൽ പെട്ടതാണ് അവന്റെ/അവളുടെ മതവിശ്വാസവും.എന്നാൽ,പൊതുസമൂഹത്തിന്റെ സകലസ്ഥലങ്ങളിലേക്കും മതചിന്തകളെ അനാവശ്യമായി കെട്ടിവലിച്ചുകൊണ്ടുവരുന്നത് ഒരു സവിശേഷമായ ലക്ഷ്യത്തോടെയാണെന്നതുറപ്പാണ്.

ഭൂതകാലത്തെയും,സ്വാതന്ത്ര്യസമരചരിത്രത്തെയും വരെ,ഇപ്പോൾ ഉപയോഗിക്കുന്നത് പ്രധാനമായും സാമ്രാജ്വത്വത്തെ ചെറുക്കാനല്ല.സാമ്രാജ്വത്വം ഇപ്പോൾ ആരുടേക്കാളും വർഗീയവാദിയുടെ മിത്രമാണ്.സ്വദേശിവാദം പറഞ്ഞുകൊണ്ടുതന്നെ വിദേശിയുടെ ഒപ്പം കിടക്കാൻ ഇന്ത്യൻ ഫാഷിസ്റ്റിന് ഇന്നു നന്നായി അറിയാം.

കഴിഞ്ഞ കുറച്ചുകാലമായുള്ള എന്റെ പരിമിതമായ ബ്ലോഗ് അനുഭവങ്ങൾ എന്നെ നയിക്കുന്ന ഒരു ഭീതി,ഞാനിന്നലെ പ്രിയസുഹൃത്ത് അനിലുമായി പങ്കുവെച്ചു.മുൻപെങ്ങുമില്ലാത്തവിധം,മതമൌലികവാദികളുടെയും,തീവ്രവാദികളുടെയും വിഹാരസ്ഥലമായി ബൂലോകം മാറുന്നു എന്നതാണ് ആ ഭീതി.ഞങ്ങളെല്ലാം ബൂലോകത്തെത്തിയിരുന്നപ്പോൾ സജീവമായി ബ്ലോഗിലുണ്ടായിരുന്ന നിരവധി ജനാധിപത്യവാദികൾ,ക്രമേണ ഉൾവലിഞ്ഞിരിക്കുന്നു.ഭീഷണമാം വിധം,മതവാദത്തിന്റെ പ്രചാരണപ്രവർത്തനം ശക്തിയാർജ്ജിക്കുകയും ചെയ്യുന്നു.അവിടെ പ്രതികരിക്കുന്നവരെ സംഘമായി ആക്രമിക്കാൻ തയ്യാറായി വിവിധകൂടുകളിൽ നിന്ന് വർഗീയവാദികൾ പുറത്തുവരുന്നു.കുറച്ചുകഴിഞ്ഞാൽ,“ഇവരോടു സംസാരിച്ചു കളയാൻ സമയമില്ല”എന്ന മനസ്സുമായി പ്രതികരിക്കുന്നവർ പിൻ‌വാങ്ങുന്നു.നാം അവഗണിക്കുന്ന ഓരോ നിസ്സാരതകളും തക്ഷകസ്വരൂപമാർജ്ജിച്ച് ആഞ്ഞുകൊത്തുന്നു.

എതിരാളികളിൽ ഭയം ജനിപ്പിച്ചുകീഴടക്കുക എന്നതൊരു ഫാസിസ്റ്റ് തന്ത്രമാണല്ലോ.പേടിയുള്ളപ്പോൾ നമ്മൾ പതുക്കെ നടക്കും.മൂർച്ചയില്ലാത്ത ഭാഷയിൽ സംസാരിക്കും.ഒരു ചിലന്തിവലയിൽ അകപ്പെട്ട പ്രതീതി സൃഷ്ടിക്കുന്ന പഴയ തന്ത്രം.അതിനെ ചെറുക്കാൻ ഒറ്റയൊറ്റയായുള്ള ശ്രമങ്ങളല്ല,സാമാനമനസ്കരുടെ സംഘം ചേർന്നുള്ള പ്രവർത്തനമാണു വേണ്ടത് എന്നു തോന്നുന്നു.എപ്പോഴത്തെയും പോലെ,ഒരുപാട് വൈകിയ ശേഷം തോന്നുന്ന പ്രതിരോധബുദ്ധി കൊണ്ട് ഗുണമില്ല.

സംഘം ചേർന്നുള്ള ഒരു പ്രതിരോധപ്രവർത്തനത്തിനു സമയമായി എന്ന ബോധ്യത്തോടെ,ഒരു പുതിയ സംരംഭത്തിനു തുടക്കമിടുകയാണ്.പുതിയൊരു കൂട്ടായ്മയും ബ്ലോഗും എന്ന ആശയം ഇന്നു രാവിലെ അനിൽ തന്റെ ബ്ലോഗിൽ പോസ്റ്റിയിരുന്നു.

ആശയപരമായ ഒരു പരിപ്രേക്ഷ്യത്തിന്റെ രൂപീകരണം എന്നതാണ് പ്രാഥമികമായി അതുകൊണ്ടുദ്ദേശിച്ചത്.നിരവധി ഗ്രൂപ്പ് ബ്ലോഗുകൾ കണ്ടു പരിചിതരായ ബൂലോകവാസികളുടെ പ്രതികരണമറിയേണ്ടതും ആവശ്യമായിരുന്നു.ലഭിച്ച പ്രതികരണങ്ങൾ ആശാവഹമായിരുന്നു.ചില പ്രധാന ചോദ്യങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തു എന്നതു സന്തോഷപ്രദമാണ്.

ആദ്യമായി പറയട്ടെ,ഈ ശ്രമം കൊണ്ട് ഇവിടെ ഒരു വലിയ വിപ്ലവം നടത്താനാവും എന്നൊന്നും കരുതുന്നില്ല.തന്നാലായ പ്രതിരോധം,അതുമാത്രം.നാട്ടുഭാഷയിൽ,ആയാലൊരു തെങ്ങ്,പോയാലൊരു തേങ്ങ.ഈ തെങ്ങിൻ തൈകൾ ഇവിടെ നടുന്നതു കൊണ്ട് നഷ്ടമൊന്നും വരാനില്ലല്ലോ.

മതനിരപേക്ഷത-മതസൌഹാർദ്ദം എന്നീ വാക്കുകളുടെ അർത്ഥവിവക്ഷകളെക്കുറിച്ചുണ്ടായ സംശയങ്ങൾക്കുള്ള മറുപടികൾ അനിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.മതം എന്ന വാക്കിന് അഭിപ്രായം എന്ന വിശാലാർത്ഥമല്ല ഇവിടെ ഉദ്ദേശിച്ചത്.അഭിപ്രായങ്ങൾ തമ്മിൽ സൌഹാർദ്ദമുണ്ടാകേണ്ടത് ആവശ്യം തന്നെ.എന്നാൽ,നിലവിലുള്ള,നൂറ്റാണ്ടുകളിലൂടെ പ്രത്യേക ആത്മീയ-വിശ്വാസതലത്തിലെത്തി നിൽക്കുന്ന വിവിധ മതങ്ങളെ സംബന്ധിച്ച്,നമ്മൾ തുടങ്ങുന്ന ബ്ലോഗിന്റെ ദർശനം മതനിരപേക്ഷത ആയിരിക്കണം എന്നു തോന്നുന്നു.നിങ്ങൾ ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നുവോ ഇല്ലയോ,അഥവാ ദൈവത്തിൽ തന്നെ വിശ്വസിക്കുന്നുവോ ഇല്ലയോ എന്നത് നിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണ്.മതമല്ല,മനുഷ്യനാണ് ലോകത്താകമാനം വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്.അതാണു പ്രാഥമികമായും പ്രധാനമായും ചർച്ച ചെയ്യേണ്ടതും,പരിഹൃതമാകേണ്ടതും.അതുകൊണ്ടു തന്നെ,മനുഷ്യന്റെ പ്രശ്നങ്ങളെക്കാൾ മതത്തിന്റെ മൌലികതയിൽ പ്രശ്നങ്ങളെ വീക്ഷിക്കുന്നതിനെതിരെ പ്രതികരിക്കേണ്ടതും പ്രതിരോധമുയർത്തേണ്ടതും അത്യാവശ്യമാണ്.ഈ പൊതു ആശയപ്രതലം ഈ ബ്ലോഗിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.അതുകൊണ്ടുതന്നെയാണ് ‘മതനിരപേക്ഷത’എന്ന വാക്ക് ഉപയോഗിച്ചതും.

ഒരു മതതീവ്രവാദികളും തമ്മിലുള്ളതിലും തീവ്രമായ സംഘട്ടനം വാസ്തവത്തിൽ നടക്കുന്നത് അവരെല്ലാം അടങ്ങുന്ന സംഘവും,മതനിരപേക്ഷരായ മനുഷ്യരും തമ്മിലാണ്.മതേതരവാദികളുടെ ഏതു ഇടപെടലിന്റെ സമയത്തും അവർ ഒന്നുചേരും,പുരോഗമനവാദികൾക്കെതിരെ അവർ നിർമ്മിക്കുന്ന “സൌഹാർദ്ദത്തിന്റെ പൊതു പ്ലാറ്റ്‌ഫോ”മിൽ നിന്ന് കൂട്ടായി ആക്രമിക്കും.ചരിത്രം,ശാസ്ത്രം,സാഹിത്യം,കല-എന്നുവേണ്ട സമസ്തമേഖലകളേയും അവർക്കിഷ്ടമുള്ള രീതിയിൽ വളച്ചൊടിക്കും.അത്തരം “കൂട്ടുകച്ചവട”ത്തിനു ആഗ്രഹമില്ല.അതുകൊണ്ടു തന്നെയാണ്,“മതസൌഹാർദ്ദം അല്ല,മതനിരപേക്ഷത ആണു ലക്ഷ്യം”എന്നു വ്യക്തമാക്കാനാഗ്രഹിക്കുന്നത്.

ഒരു കാര്യം വ്യക്തമാക്കുന്നു,നിങ്ങൾ ഈശ്വരവിശ്വാസിയാണോ അല്ലയോ എന്നത് ഈ ബ്ലോഗിലെ പങ്കാളിത്തത്തിൽ ഒരു യോഗ്യതയോ അയോഗ്യതയോ അല്ല.മനുഷ്യന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും,മതത്തിന്റെ കുപ്പായത്തിലൊളിച്ചിരുന്ന്,ഫാഷിസം പ്രസംഗിക്കുന്നവർക്കെതിരെ ഒന്നിച്ചുകൈകോർക്കാനും നിങ്ങൾ തയാറാണോ എന്നതാണ് പ്രധാനം.

മാനവികതയുടെ പക്ഷത്തു നിൽക്കുന്ന എല്ലാവർക്കും ഇവിടെ ഒന്നിച്ചു നിൽക്കാം.

“ദി ഗ്രേറ്റ് ഡിക്ടറ്റർ”എന്ന ചിത്രത്തിൽ,ഹിറ്റ്‌ലറെ പ്രതീകാത്മകമായി കളിയാക്കിക്കൊണ്ട് ചാർളിചാപ്ലിൻ അവതരിപ്പിക്കുന്ന ചാർളി എന്ന ക്ഷുരകൻ നടത്തുന്ന പ്രസംഗത്തിലെ,ഈ സന്ദർഭത്തിലേറ്റവും പ്രസക്തമായ
വരികൾ അവസാനമായി ചേർക്കുന്നു:
“ക്ഷമിക്കുക,എനിക്കു ചക്രവർത്തിയൊന്നും ആകേണ്ട.എന്റെ പരിപാടി അതല്ല.എനിക്ക് എല്ലാവരേയും സഹായിച്ചാൽ കൊള്ളാമെന്നുണ്ട്.കറുത്തവനോ,വെളുത്തവനോ,യഹൂദനോ,അല്ലാത്തവനോ,ആരായാലും.നമുക്കെല്ലാം അന്യോന്യം സഹായിക്കണം എന്നുണ്ട്.മനുഷ്യരങ്ങനെയാണ്.ലോകം മുഴുവൻ വിഷലിപ്തമായ കുറേ മതിലുകൾ ഉയർത്തപ്പെട്ടിരിക്കുന്നു.കഷ്ടപ്പാടിലേക്കും ചോരചിന്തലിലേക്കും നമ്മളെ വഴിതെറ്റിച്ചിരിക്കുന്നു.

പടപൊരുതുന്നവരേ,നിങ്ങളുടെ ജീവിതത്തെ അറുത്തുമുറിച്ചു നിർത്തുന്ന ഈ മൃഗങ്ങൾക്കു മുന്നിൽ ഒരിക്കലും നിങ്ങൾ കീഴടങ്ങരുത്-മുട്ടുമടക്കരുത്.കാരണം നിങ്ങൾ മൃഗങ്ങളോ,യന്ത്രങ്ങളോ അല്ല,മനുഷ്യരാണ്,വെറും പച്ചമനുഷ്യർ.സ്വാതന്ത്ര്യത്തിന്റെ മഹാകാശത്തിനായി പൊരുതുക,സ്വാതന്ത്യം,സ്വാതന്ത്യം,സ്വാതന്ത്യം.

ഇതേ ആശയങ്ങൾ,അധികാരദുർമോഹികളും ജനവിരുദ്ധരുമായ വർഗീയവാദികളും ആവർത്തിക്കാറുണ്ട്.അവരെല്ലാം ഒരേ തോണിയിലാണ്,ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണവർ.അവരെങ്ങനെയാണ് ആ വാഗ്ദാനങ്ങൾ നിറവേറ്റുക?അവരതു ചെയ്യുകയില്ല.മനുഷ്യനോടും പ്രകൃതിയോടുമുള്ള സ്നേഹപ്രഖ്യാപനം സ്ഥിരീകരിക്കാൻ,ജനാധിപത്യത്തിന്റെ പേരിൽ നാം ഒന്നിച്ചു നിന്ന് പൊരുതുക.

ഹന്നാ,ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ.മേഘങ്ങൾ ഉയരങ്ങളിലേക്കു മായുന്നു.സൂര്യനുദിച്ചുപൊങ്ങുന്നു!ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു വരികയാണ്.
വെറുപ്പിനും മൃഗീയതക്കും എതിരെ മനുഷ്യൻ ഉയർന്നു നിൽക്കുന്ന സ്നേഹത്തിന്റെ ലോകത്തിലേക്ക്.
ചിറകുകൾ നൽകപ്പെട്ട മനുഷ്യന്റെ ആത്മാവ് മഴവില്ലിന്റെ നേർക്കു പറന്നുയരുന്നു.പ്രതീക്ഷയുടെ വെളിച്ചത്തിലേക്കു ചിറകടിക്കുന്നു.തലയുയർത്തി നോക്കൂ,തലയുയർത്തൂ!”