Pages

കേരളം-ഹൈജാക്കിന്റെ സ്വന്തം നാട്

ഓണം കഴിഞ്ഞു.ചാനലുകാർ ഹൈജാക്ക് ചൈയ്ത ഓണത്തെക്കുറിച്ചു ഞാനെഴുതിയ പോസ്റ്റിന്റെ പ്രതികരണങ്ങൾ വായിച്ചപ്പോഴാണ് ഹൈജാക്കിന്റെ സ്വന്തം നാടായ കേരളത്തിൽ ഓണത്തിനു മാത്രമെന്തു വിശേഷമെന്നു തോന്നിയത്.സത്യത്തിൽ,“ഹൈജാക്കുകളുടെ സ്വന്തം നാട”ല്ലേ കേരളം? സാഹിത്യം,സംഗീതം,നാടകം തുടങ്ങി നാമനുഭവിച്ച ഹൈജാക്കുകൾക്കു കൈയ്യും കണക്കുമുണ്ടോ? നമ്മുടെ നാടിന്റെ തനിമയിൽ വളരാനനുവദിക്കാതെ ഹൈജാക്ക് ചെയ്യപ്പെടാത്ത ആവിഷ്കരണമാദ്ധ്യമങ്ങൾ ചുരുങ്ങും.(തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ ആദ്യമേ പറയട്ടെ,ഞാൻ പഴയ തനതുപ്രസ്ഥാനവാദമുന്നയിച്ചതല്ല,ഞാനതിന്റെ ആളുമല്ല.)

നമ്മുടെനാട്ടിൽ എഴുപതുകളിലവതരിച്ച ആധുനികത,ഒരു പാശ്ചാത്യഭാണ്ഡമായിരുന്നു എന്നത് ഇന്നൊരു രഹസ്യമല്ല.മാധവൻ അയ്യപ്പത്തിലൂടെയും എൻ.എൻ.കക്കാടിലൂടെയും എം.ഗോവിന്ദനേയും പോലുള്ളവരിലൂടെ നൈസർഗികമായി വളർന്ന നമ്മുടെ ആധുനികതയെ,അയ്യപ്പപ്പണിക്കരെപ്പോലുള്ള പാശ്ചാത്യവിജ്ഞാനികൾ ചേർന്ന് ഹൈജാക്ക് ചെയ്തു.അതിനുള്ള പ്രതിഭാശേഷി അവർക്കുണ്ടായിരുന്നതുകൊണ്ടാണ് ഹൈജാക്കിങ്ങ് സാധ്യമായതെന്നു പറയാതെ വയ്യ.നോവൽ-കഥാരംഗത്താകട്ടെ,എം.ടി.മുതൽ മേതിൽ വരെ ഒരു നീണ്ട നിരയുടെ കൂട്ട ഹൈജാക്കിങ്ങായിരുന്നു.

കേരളത്തിനു തനതായുണ്ടായിരുന്ന സംഗീതവഴികൾ പരിഷ്കരിച്ചുപരിഷ്കരിച്ച് ഇപ്പോൾ അതൊന്നും കേരളന്റേതുതന്നെ അല്ലാതായിട്ടുണ്ട്.സോപാനസംഗീതം അതിന്റെ സ്വത്വത്തിൽ നിന്നകന്ന്, കർണ്ണാടകസംഗീതത്തിന്റെ കുപ്പായമണിഞ്ഞിരിക്കുന്നു.അത് അതിനൊട്ടും ചേരുന്നുമില്ല.കഥകളിസംഗീതത്തിന്റെ സോപാനമാർഗം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയെപ്പോലുള്ള അപൂർവ്വരിൽ ഒതുങ്ങുന്നു.കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയും ഹൈദരാലിയും തുടങ്ങിവെച്ച ഹൈജാക്കിങ്ങ്,കോട്ടക്കൽ മധുവിനെപ്പോലുള്ളപുതിയ ഗായകരിലെത്തുമ്പോൾ പൂർണ്ണമാകുന്നു.കർണ്ണാടകസംഗീതത്തിൽ,ചെമ്പൈബാണി പോലും അസ്തമിക്കുകയാണോ എന്നു സംശയമുണ്ട്.പുതിയ മലയാളിഗായകരിൽ പലരും അനുവർത്തിക്കുന്നത് മധുരൈവഴിയോ,തഞ്ചാവൂർവഴിയോ ആണ്.അടുത്തിടെ, ഒരു നാടൻപാട്ടുസംഘവും മുഴുവൻ തമിഴ് നാടൻപാട്ടുപാടുന്നതുകേട്ടു.നാടൻപാട്ടുംഹൈജാക്ക് ചൈയ്തു തുടങ്ങിയോ ആവോ?

2 comments:

അനില്‍@ബ്ലോഗ് // anil said...

ചെറുത്തുനില്‍പ്പിനു ശേഷിയില്ലാത്ത എല്ലാം ഹൈജാക്ക് ചെയ്യപ്പടും. അതുപോലെ സരക്ഷകരില്ലാത്ത രൂപങ്ങളും.

പാരമ്പര്യത്തെ നാം മാനിക്കുന്നില്ല, പരമ്പരാഗത ശൈലിയില്‍ നിന്നും വ്യതിചലിക്കുന്നതറിയാനുള്ള അറിവുമില്ല.

അതിലും കൂടുതലായി നാം ട്രെന്റുകള്‍ക്കു പിന്നാലെ പായുന്നവരാണ്.

ഭൂമിപുത്രി said...

തമിഴ്രീതികളും,ഭക്ഷണവും,വേഷവും, സംസ്ക്കാരവും ഭാഷയുമൊക്കെ എന്നേ മലയാളിയെ മലയാളി അല്ലാതാക്കൽ തുടങ്ങിയിരുന്നു..ഏറ്റവും ജനപ്രിയമാധ്യമമായ ചാനലുകൾ മാത്രം ശ്രദ്ധിച്ചാൽ മതി ഒരു പൾസ് കിട്ടാൻ.
സാഹിത്യം മാത്രമാൺ രക്ഷപ്പെട്ടുനിൽക്കുന്നതു
(ആവർത്തന വിരസത പൊറുക്കുക,ഈയിടെ വെള്ളെഴുത്തിന്റെ ബ്ലോഗിലും സാന്ദർഭികമായി ഇതെഴുതേണ്ടി വന്നു)