അടുത്തിടെ ഒരു കവിയരങ്ങിൽ പങ്കെടുക്കേണ്ടിവന്നു.(സാധാരണ രക്ഷപ്പെടാറാണ്.ഇത്തവണ നിർഭാഗ്യവശാൽ കഴിഞ്ഞില്ല.)പ്രശസ്തരും അപ്രശസ്തരുമായി ഒരു പറ്റം കവികൾ കവിതയവതരിപ്പിച്ചു.മിക്കവരും കവിത ‘ആലപിച്ചു’ എന്നുവേണം പറയാൻ.ആലാപനം വിദൂരങ്ങളിൽ മുഴങ്ങാൻ സൌണ്ട് ബോക്സുകൾ പലയിടത്തും വെച്ചിരുന്നു.പലതരത്തിലായിരുന്നു കാവ്യാലാപനം.ചിലർ അപസ്മാരബാധയിലാണ് ആലാപനനിർവ്വഹണം.ചിലർക്ക് ശീർകാഴി ഗോവിന്ദരാജനേക്കാളും താരസ്ഥായിയാണ്,മൈക്കിന്റെ കൊങ്ങക്ക് പിടിച്ച് അലറുകയാണവർ.മറ്റു ചിലർ ‘വെൺകതിർ പോൽ നരച്ച ശീർഷ’മൊക്കെ ആയെങ്കിലും കുട്ടികളാണ്,അവർ പഴയ നാലാം ക്ലാസിലെ “തിങ്കളും താരങ്ങളും”കുട്ടികൾ ചൊല്ലുന്ന ഈണത്തിൽ (ആ ഈണത്തിന് മുത്തശ്ശി വഴുക്കലിൽ വടികുത്തിയ രാഗം എന്നു പറയും)ശ്വാസം വലിച്ച് കവിത ചൊല്ലുന്നു.മറ്റു ചിലർക്ക് ഒരു തവണ പറഞ്ഞാൽ താനുദ്ദേശിച്ച അർത്ഥതലം മുഴുവനായി പൊതുജനകഴുതകൾക്ക് മനസ്സിലായില്ലെങ്കിലോ എന്ന ആധി കൊണ്ട് എല്ലാ വരിയും രണ്ടുതവണ ആവർത്തിച്ചാലപിച്ച് ആത്മസംതൃപ്തി നേടുന്നു.
ഹാളിൽ നിന്നിറങ്ങിപ്പോകാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ,കസേരയിൽ മുറുകേ പിടിച്ച്,ഒരു ഇൻക്വിസിറ്റർക്ക് മുന്നിലെന്ന പോലെ ഇരിക്കേണ്ടിവന്ന സഹൃദയരെ ഈ കവികൾ കണക്കിലെടുക്കുന്നുണ്ടെന്നേ തോന്നിയില്ല.അവർ “അപാരേ കാവ്യസംസാരേ ഏകപ്രജാപതികളാണല്ലോ”! പക്ഷേ,കേരളത്തിൽ ജനാധിപത്യമായതു കൊണ്ട് മനുഷ്യരെ ഇങ്ങനെ പീഡിപ്പിക്കുന്നത് ശരിയാണോ?
കവിതയെഴുതുന്നവരെല്ലാം ഗായകരല്ല.ആണെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല.പിന്നെ എന്തിനാണ് ഇങ്ങനെ എട്ടുകട്ടക്ക് നിലവിളിക്കുന്നത്?കവിത ആലപിക്കാനറിയുന്ന കവികൾ അതു ചെയ്യട്ടെ, അല്ലാത്തവരുടെ കവിത ആലപിക്കാനറിയുന്ന മറ്റാരെങ്കിലും ആലപിക്കട്ടെ,കവിയരങ്ങിൽ അവർക്ക് കവിത വായിച്ചാൽ പോരെ?ഗദ്യകവിതകൾ തന്നെ പലരും വായിക്കുന്നത് കർണ്ണകഠോരമായിട്ടാണ്,അവരുദ്ദേശിച്ച ആശയം അത്രക്ക് വിവരമില്ലാത്ത ആസ്വാദകരുടെ മനസ്സിൽ തറക്കാനുള്ള ശബ്ദമാണ് അതെന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്.ചിലപ്പോൾ അങ്ങനെ തറക്കുമായിരിക്കും,അങ്ങനെ തറച്ച് നാട്ടിലെ കൂതറകളൊക്കെ പ്രബുദ്ധരാകട്ടെ.
കവിതാലാപനം എന്ന സുകുമാരകല നാം യുവജനോത്സവത്തിലും പ്രോത്സാഹിപ്പിക്കുന്ന ഒരിനമാണല്ലോ.അവിടെ പക്ഷേ പലപ്പോഴും ഈ ഭീകരശബ്ദങ്ങളല്ല,സവിശേഷമായി രൂപപ്പെടുത്തിയ ഗമകങ്ങളും ഭൃഗകളും നിറഞ്ഞ ചില ശൈലികളാണ് മത്സരിക്കുന്നത്.കുട്ടികൾ കവിത ചൊല്ലുമ്പോൾ മുഖത്തു വിരിയുന്ന ഭാവസഹസ്രങ്ങൾ ആരെയും രോമാഞ്ചം(അതോ തോലാഞ്ചമോ?)കൊള്ളിക്കും.കുമാരനാശാൻ മുതൽ മുരുകൻ കാട്ടാക്കട വരെയുള്ള മഹാകവികളെല്ലാം കുഞ്ഞുങ്ങൾക്ക് സമമാണ്,ജഡ്ജസിനും.കവിതയെന്നാൽ സവിശേഷമായ ഭാഷാവക്രീകരണമാണെന്നും,അത് മനസ്സുകളിൽ നക്ഷത്രം വിരിയിക്കുമെന്നും ഉള്ള സിദ്ധാന്തങ്ങളൊന്നും അവിടെ ചിലവാകില്ല.അവിടെ കവിതയെന്നാൽ കുട്ടിക്ക് അഭിനയിച്ചുതീർക്കാനുള്ള ഒരു യുവജനോത്സവാദ്ധ്യായമാണ്.
കാസറ്റുകവികളെന്ന വീരശൃംഖല ലഭിച്ച ഒ.എൻ.വി,മധുസൂദനൻ നായർ,കടമ്മനിട്ട തുടങ്ങിയവരുടെ ശൈലികളുടെ ഒരു കൊളാഷ് നമുക്കവിടെ വികൃതമായി കേൾക്കാം.ആ ശൈലികൾ നിർമ്മിക്കപ്പെട്ട പരിസരമോ,പ്രസ്തുത കവിതകളിൽ ആ ശൈലികൾ നിർവ്വഹിച്ച ധർമ്മമോ മിക്ക കുട്ടികളും അറിയാറില്ല,അറിയണമെന്ന് വിധികർത്താക്കൾക്കോ പഠിപ്പിച്ചുവിട്ട രക്ഷിതാക്കൾക്കോ നിർബന്ധവുമില്ല.
അതുപിന്നെ ഗ്രേസ്മാർക്കും രക്ഷിതാക്കൾക്കു ജാടയും കിട്ടാനുള്ള ഒരു പ്രതിവർഷാശ്ലീലമെന്നു കരുതാം.പക്ഷേ ഈ കവികൾക്കെന്തിന്റെ അസുഖമാണെന്ന് മനസ്സിലാവുന്നില്ല.
കേരളത്തിന്റെ പദ്യോച്ചാരണരീതിശാസ്ത്രം
------------------------------------------
പണ്ടുമുതലേ നാം പദ്യോച്ചാരണത്തിന് തനതായ വഴികൾ അവലംബിച്ചവരാണ്.അതിന്റെ ഒരു ശൈലീകൃതരൂപമാണ് അക്ഷരശ്ലോകം.വർണ്ണങ്ങളുടെ ഉച്ചാരണപ്രകൃതി,വർണ്ണസംയോഗത്തിന്റെ പല പാറ്റേണുകൾ,പദങ്ങളുടെ വിഭജനം-സംയോജനം,താളപ്രകരണത്തിലധിഷ്ഠിതമായ വൃത്തബോധം തുടങ്ങിയ മലയാളത്തിന്റെ തനതായ രൂപശിൽപ്പത്തെ മനസ്സിലാക്കുവാൻ നമുക്ക് അക്ഷരശ്ലോകം നല്ലൊരു ഉപാധിയായിരുന്നു.മുൻപ് നാട്ടിലെ മിക്ക അധ്യാപകർക്കും അതു വഴങ്ങിയിരുന്നു താനും.വലിയ സംഗീതാവബോധമൊന്നും ആവശ്യമില്ല,നല്ലൊരു അക്ഷരശ്ലോകിക്ക്.പക്ഷേ മറ്റു ചിലതു വേണം-നമ്മുടെ കാവ്യപാരമ്പര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചും മന:പ്പാഠമാക്കിയും ആർജ്ജിച്ച വിപുലമായ കാവ്യപരിചയം.അതു നമ്മുടെ കവികൾക്കും മലയാളം അധ്യാപകർക്കും അലർജിയായതു കൊണ്ട് പറഞ്ഞിട്ടുകാര്യമില്ല.പിന്നെ,അവിടെയും ഇതേ ലാവണ്യേകവാദം പെരുകിയിരിക്കയാണുതാനും.അക്ഷരശ്ലോകക്കളരികളിൽ രണ്ടിലും മൂന്നിലും പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന ശ്ലോകങ്ങൾ കേട്ടാൽ ആരും ഞെട്ടും.അടുത്തിടെ ഒരക്ഷരശ്ലോകമത്സരം കണ്ടു.മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു സുന്ദരിക്കുട്ടി ഇരുന്നു ചൊല്ലുന്നു:“താരിൽത്തന്വീകടാക്ഷാഞ്ചല”….അതിന്റെ അർത്ഥമെന്തെന്ന് മോൾക്കറിയുമോ എന്ന് ആ കുട്ടിയോട് ചോദിച്ചപ്പോൾ “അക്ഷരശ്ലോകക്കളരിയിൽ നിന്ന് പഠിച്ചതാണ്,അർത്ഥം പറഞ്ഞുതന്നിരുന്നു,മനസ്സിലായില്ല”എന്നാണ് കുട്ടി പറഞ്ഞത്.ആ പ്രായത്തിൽ അതു മനസ്സിലാവാനും പണിതന്നെ.എന്തിനാണ് ഇത്ര ഭീകരമായ ശ്ലോകങ്ങൾ കുട്ടികളുടെ മേൽ പ്രയോഗിക്കുന്നത്?എനിക്കു മനസ്സിലായിട്ടില്ല.സംസ്കൃതത്തിന്റെ ഉച്ചാരണരീതിയെയാണ് ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്.സ്വരിച്ചുചൊല്ലുന്ന ഈ വഴി സംസ്കൃതശ്ലോകങ്ങൾക്ക് ചേരും,മലയാളത്തിൽ അതു വൈരൂപ്യമാണുണ്ടാക്കുന്നത്.അപ്പോൾപ്പിന്നെ സംസ്കൃതച്ഛായയിലുള്ള ശ്ലോകങ്ങൾ പഠിപ്പിക്കയേ രക്ഷയുള്ളൂ.അങ്ങനെ നടുവത്തും ഒറവങ്കരയും ശീവൊള്ളിയുമൊക്കെ കുട്ടികൾക്കന്യമാവുകയും,കുറേ ഒരുപകാരവുമില്ലാത്ത സംസ്കൃതജന്യശ്ലോകങ്ങളും പിന്നെ യൂസഫലി കേച്ചേരിയെപ്പോലെ അർത്ഥരഹിതരായ കുറെ അക്ഷരശ്ലോകകവികളും തലയിൽ കയറുകയും ചെയ്യുന്നു.ഉച്ചാരണത്തിൽ സംസ്കൃതത്തിന്റെ അതിപ്രസരം വന്ന് വെളുക്കാൻ തേച്ചത് പാണ്ടാകുന്നു.
മറ്റനേകം കാസറ്റുകൾ ഇറങ്ങിയും ചൊൽക്കാഴ്ച്ചകൾ നടന്നും കേരളം പരുവപ്പെട്ട ശേഷമാണ് മധുസൂദനൻ നായരുടെ സംഗീതാത്മകമായ കാസറ്റുകൾ വിപണിപിടിച്ചടക്കുന്നത്.ശ്യാമയും,പീലുവും,ആനന്ദഭൈരവിയുമൊക്കെ കവിതയിൽ പ്രയോഗിക്കുന്ന മധുസൂദനൻ നായരുടെ കാസറ്റുകൾക്ക് ലഭിച്ച പ്രചാരം അപ്രതീക്ഷിതമായിരുന്നു.അതിനെ കളിയാക്കി ബുദ്ധിജീവികളായവർക്കു പോലും അതു മലയാളകവിതക്കു നേടിത്തന്ന ജനകീയത തള്ളിക്കളയാനാവില്ല.അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആ കവിതകളാർജ്ജിച്ചിരുന്ന ഭാവതലത്തെ നിഷേധിച്ച് കുറേ മഷി കേരളത്തിൽ ചിലവായിട്ടുണ്ട്.പക്ഷേ ദുരന്തം പിന്നീടുവന്നതായിരുന്നു,അനേകം മധുസൂദനൻ നായർ പ്രേതങ്ങൾ നാട്ടിലിറങ്ങി.ഇന്നത്തെ പല യുവകവികളുടെ കാവ്യാലാപനദയനീയതകളിലും ആ പ്രേതബാധയുണ്ട്.കൃത്യമായ ഛന്ദസ്സിലല്ലാതെ വീണ വരികളെ സംഗീതം കൊണ്ടു ആലാപനക്ഷമമാക്കുന്ന മധുസൂദനൻ നായർ ട്രിക്ക് ഇന്നും വ്യാപകമാണ്. പക്ഷേ ഇങ്ങനെ അലറുന്ന സ്വഭാവം മധുസൂദനൻ മാഷിൽ കണ്ടിട്ടില്ല.കടമ്മനിട്ടയും ഡി.വിനയചന്ദ്രനുമാണ് ഇതു നൽകിയതെന്നുതോന്നുന്നു.എന്തായാലും ഹാർട്ടറ്റാക്കുവന്ന് മരിക്കാനാഗ്രമുള്ളവർക്ക് വേണ്ടിയുള്ള പീഡനകേന്ദ്രമായി കവിയരങ്ങുകളെ മാറ്റാതിരുന്നാൽ കൊള്ളാം.ആലാപനക്ഷമമായോ,വൃത്തഭദ്രമായോ,ഛന്ദോബദ്ധമായോ ഇവരാരും കവിതയെഴുതണമെന്നില്ല.മാറിയ കാലപരിസരവും കവിതാദർശനവുമുള്ളവരാണ് മുമ്പിലുള്ളത്.ഇനി കവിതക്ക് ആലാപനക്ഷമതയുണ്ടെങ്കിൽത്തന്നെ,തനിക്കതുണ്ടോ എന്ന് സ്വയം വിലയിരുത്താനുള്ള സാമാന്യബുദ്ധിയെങ്കിലും ക്രാന്തദർശികൾ കാട്ടണം.
6 comments:
((((( ഠേ )))))
ഒരു തേങ്ങ ആദ്യം.
വികടശിരോമണി,
ഇതു തുറന്നു പറഞ്ഞല്ലോ, അഭിനന്ദനങ്ങള്‍.
പക്ഷെ എങ്ങിനെ സമീപിക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് . നമ്മുടെ പരമ്പരാഗത കവിതാ സങ്കല്‍പ്പങ്ങള്‍ എല്ലാം വ്യാകരണ നിബദ്ധമായ കവിതയില്‍ തങ്ങിനില്‍ക്കയാണ്. വ്യാകരണത്തെ നിഷേധിക്കലാണ് പോസ്റ്റ് മോഡേണ്‍ യുഗത്തിന്റെ ധര്‍മ്മം. അതിനാല്‍ തന്നെ പദ്യമോ ഗദ്യമോ എന്നു വേര്‍തിരിച്ചറിയാനാവാത്ത കുറേ ആശയങ്ങളാണ് ഇന്നു കവിതകാളായി വരുന്നത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ഈ കവിതകള്‍ക്ക് ഈണം പകരാനുള്ള ശ്രമങ്ങളാണ് പലപ്പോഴും കവിയരങ്ങുകളിലെ അലര്‍ച്ചകളായി രൂപപ്പെടുന്നത്.
സ്വയം ആലപിച്ചു ആശയതീവ്രത നഷ്ടമാകാതെ , കവിതല്‍ കേള്‍വിക്കാരനിലെത്തിക്കാനുള്ള ആദ്യകാല ശ്രമങ്ങള്‍ ആയിരുന്നല്ലോ നമ്മുടെ ആദ്യ കവിതാ കാസറ്റുകള്‍. കടമ്മനിട്ട്ക്കാവുതീണ്ടാന്‍ നീയുണരൂ, നീയുണരൂ എന്ന് അലറിവിളിക്കുന്നത് മനസ്സില്‍ മായാതെ കിടക്കുന്നില്ലെ. “ഗോതമ്പു മണികള്‍ “ എന്ന തലക്കെട്ടിന്റെ ഉച്ചാരണം ഇന്നും മനസ്സില്‍ കിടക്കുന്നു. ആലാപനം നടത്താനെത്തുന്ന ഏതൊരു പുതു കവിയുടെ മനസ്സിലും ഇതുണ്ടാവില്ലെ. അറിഞ്ഞോ അറിയാതയോ അത് അവരില്‍ പ്രതിഫലിക്കും.
ഓഫ് ടൊപ്പിക്കായി നമ്മുടെ പുതു സിനിമാ ഗാനങ്ങളെടുക്കൂ, ഹിറ്റാവുന്ന ഗാനങ്ങളെല്ലാം രാഗബദ്ധമായവ മാത്രമല്ലെ?
ഏതായാലും കലാ സാഹിത്യരംഗങ്ങളില്‍ നിലനില്‍ക്കുന്ന ജാഡകളെ തുറന്നു കാട്ടാന്‍ കാട്ടിയ മനസ്സിന് നന്ദി.
വികടശിരോമണി,
പറയാന്‍ വന്നതു മുഴുവന്‍ അനില്‍ പറഞ്ഞു കഴിഞ്ഞു,
കൊണ്ടു വന്ന തേങ്ങായും തിരിച്ചു കൊണ്ടു പോകുന്നു..
പോസ്റ്റിന് അഭിവാദ്യങ്ങള്‍...
ഇന്ന് നല്ല ഉച്ചാരണത്തോടെ കവിത ചൊല്ലുന്നവർ വളരെ ചുരുക്കം എന്തേലും ഒക്കെ ഒപ്പിക്കുക
അത്ര മാത്രം
കവിത നന്നായി ആലപിക്കാനറിയാവുന്നവര്‍ ചൊല്ലിയാല്‍ കേട്ടിരിക്കാന്‍ തോന്നും.ഈ അടുത്തു കേട്ട കവിതകളില്‍ മുരുകന്‍ കാട്ടാക്കടയുടെ ബാഗ്ദാദ്,പ്രൊഫാസ്സര്‍ മധുസൂദനന്‍ നായരുടെ അഗസ്ത്യ ഹൃദയം ഒക്കെ എന്നെ നന്നായി ആകര്‍ഷിച്ച കവിതകള്‍ ആണ്.
നല്ല പോസ്റ്റ്.
കവിത ചൊല്ലാനുള്ളതാണ്. പക്ഷെ അത് കേള്‍ക്കുന്നവന് ഇമ്പമുള്ളതാവണം. എന്ന് വെച്ച് അങ്ങനെയല്ലാത്തത് (ഗദ്യ് കവിതകള്‍) കവിതയല്ലെന്നല്ല. കടമ്മനിട്ട കവിത ചൊല്ലുമ്പോള്‍ സ്വര സൌന്ദര്യമില്ലെങ്കിലും ആര്‍ക്കും ഇഷ്ടമാവും. ഓ.എന്‍ വിയും, മധുസൂദനന്‍ നായരും, മുരുകന്‍ കാട്ടാക്കട പോലുള്ളവരും കവിത ചൊല്ലുമ്പോഴും കേട്ടിരിക്കാന്‍ സുഖമാണ്. ചൊല്‍ക്കവിതകളല്ലാത്തത് ഒരു ഈണത്തില്‍ വായിച്ച് പോയാലും ആസ്വാദകര്‍ക്ക് മനസ്സിലാകും എന്നാണെന്റെ വിശ്വാസം.
എല്ലാവർക്കും നന്ദി.
അനിൽ വ്യാകരണത്തെക്കുറിച്ച് പുലർത്തുന്ന ധാരണക്കാണ് പഴക്കമെന്നാണ് എന്റെ അഭിപ്രായം.വ്യാകരണമെന്നാൽ കാലാനുസാരിയായി പരിണാമം സംഭവിക്കുന്ന ഭാഷയുടെ ശാസ്ത്രമാണ്,അല്ലാതെ ഉറച്ച നിയമവ്യവസ്ഥയല്ല എന്ന ചോംസ്കിയൻ പഠനമൊക്കെ ഉപേക്ഷിച്ച് അനിലിന്റെ വാദത്തെ അംഗീകരിച്ചാൽ തന്നെ,വ്യാകരണനിഷേധം ആണ് പോസ്റ്റ്മോഡേൺ ധർമ്മമെന്നത് മനസ്സിലാകുന്നില്ല.വൃത്തത്തിന്റെയും ഛന്ദസ്സിന്റെയും മായാമതിലുകളിൽ നിന്ന് മലയാളകവിത മോചിതമാകുന്നത് ആധുനികരുടെ കാലത്താണ്.പക്ഷേ അവരിലും വൃത്തധാരണ സമഗ്രമായിരുന്നു,ബാലചന്ദ്രന്റെ വസന്തതിലകവും സച്ചിതാനന്ദന്റെ ശാർദ്ദൂലവിക്രീഡിതവും,അയ്യപ്പന്റെ മുറിഞ്ഞകേകയും(അതിന്റെ മനോഹാരിത!ഹൊ!)
ഏതു നിയോക്ലാസിക്ക് കവിക്കും തുല്യമാണെന്നാണ് എന്റെ അഭിപ്രായം.
“വ്യാകരണത്തെ നിഷേധിക്കലാണ് പോസ്റ്റ് മോഡേണ്‍ യുഗത്തിന്റെ ധര്‍മ്മം.“
അങ്ങനെയും ഒരു പോസ്റ്റ് മോഡേൺ ധർമ്മമുണ്ടോ അനിലേ?പലയിടത്തും പോസ്റ്റ് മോഡേണിസം വ്യാകരണത്തിന്റെ പഴയ ജീർണ്ണവസ്ത്രങ്ങളെ തിരികെ കൊണ്ടുവന്നിട്ടുമില്ലേ?പിർലോ ജാനറ്റിനെപ്പോലുള്ളവരുടെ കവിതകളിൽ,ബി.മുരളിയുടെയൊക്കെ കഥകളിൽ...
കടമ്മനിട്ട ഒരു സവിശേഷകാലത്തിന്റെ സൃഷ്ടിയാണ്,(ഏതു നല്ല കവിയും)ആ ആലാപനവും.
ഹിറ്റാവുന്ന പാട്ടുകളൊക്കെ രാഗ ‘ബദ്ധ’മാണോ?രാഗഛായകൾ പറയാം എന്നു മാത്രമല്ലേയുള്ളൂ?
ചാണക്യാ,
തേങ്ങക്കെന്താ വില! തിരിചുകൊണ്ടു പോകല്ലേ...ഒന്നുരണ്ടെണ്ണം തന്നിട്ട് പോ..
അനൂപ്-കറക്റ്റ്.
കാന്താരിക്കുട്ടീ,
ബാഗ്ദാദ് പോലുള്ള കവിതകൾ അങ്ങനെ കേട്ടിരിക്കാനേ പറ്റൂ എന്ന മറുവശവും അറിയുന്നില്ലേ?
രാമചന്ദ്രാ,
കവിത കേട്ടിരിക്കാൻ മാത്രമല്ല,കേട്ടുണർത്താൻ കൂടിയാണ്.
എല്ലാവർക്കും നന്ദി.
ഇനി,ക്ഷമാപണം.
എന്റെ ഈ ബ്ലോഗിൽ ഈ പോസ്റ്റ് ഒരു തവണ കൂടി അറിയാതെ പോസ്റ്റായി.ഞാനതറിഞ്ഞതുമില്ല.ഇപ്പോൾ അനിൽ പറയുമ്പോഴാണ് അറിയുന്നത്.അതിനാലാണ് ഇവിടെയെത്താൻ വൈകിയത്.ഇനി എങ്ങനെ ഇവയെ കൂട്ടിക്കെട്ടാം എന്നറിയില്ല.(അതിനു പറ്റുമോ?അറിവുള്ളവർ പറഞ്ഞുതന്നാൽ ഉപകാരം)
Post a Comment