നമുക്കു സ്പോർട്സിൽ അഭിമാനിക്കാൻ എന്താണുള്ളത്?കപിലിന്റെ ചെകുത്താന്മാർ കൊണ്ടുവന്ന ഒരു ക്രിക്കറ്റ് ലോകകപ്പ്,ഒരേയൊരു സച്ചിൻ,ധോണിയുടെ യുവസംഘം നേടിത്തന്ന ഒരു ട്വന്റി-ട്വന്റി കിരീടം,ചില ഹോക്കി കിരീടങ്ങൾ-തീരുന്നു അധ്യായം.പക്ഷേ,ഇവക്കെല്ലാം മുകളിൽ നിൽക്കും,ആനന്ദിന്റെ വിശ്വവിജയങ്ങൾ.കാരണം അവ ചതുരംഗത്തിലെ വരേണ്യതക്കെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിന്റെ വിജയങ്ങളാണ്.സോവിയറ്റ് മേധാവിത്തത്തിനെതിരെ ഒറ്റക്കു പടനയിച്ച നായകനാണ് വിശ്വനാഥൻ ആനന്ദ്.

പഴയ കഥകൾ വീണ്ടും ചർച്ച ചെയ്യുന്നില്ല.ലോകചെസ്സിലെ ചക്രവർത്തികളായിരുന്ന ഗാരി കാസ്പറോവിനേയും അനറ്റോളി കാർപ്പോവിനേയും 1992ലെ റെഗ്ഗിയോ എമിലിയ ചെസ് ചാമ്പ്യൻഷിപ്പിൽ തന്നെ തോൽപ്പിച്ച ആനന്ദിന് പിന്നീട് നേരിടേണ്ടിവന്ന യുദ്ധങ്ങൾ എതിരാളികളോട് മാത്രമായിരുന്നില്ല,ഫിഡെയുടെ വരേണ്യതാല്പര്യങ്ങളോടു കൂടിയായിരുന്നു.1998ൽ തുടർച്ചയായി മുപ്പതു മത്സരങ്ങൾ കളിച്ച് ക്ഷീണിതനായി കാർപ്പോവിനെ നേരിടാനെത്തിയ ആനന്ദിനെ ടൈബ്രേക്കറിൽ തോൽപ്പിച്ച് നേടിയ വരേണ്യവിജയത്തിന്റെ കയ്പ്പ് ഒരു ദേശസ്നേഹിയായ ഇന്ത്യക്കാരന്റെയും മനസ്സിൽ നിന്നു മായില്ല.രണ്ടു വർഷങ്ങൾക്കു ശേഷം അലക്സി ഷിറോവിനെ തോൽപ്പിച്ച് ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ ചെസ് ലോകചാമ്പ്യനായി ആനന്ദ് മാറിയപ്പോൾ മുതൽ ആനന്ദ് ശരിക്കും വിശ്വരൂപിയായി.2000ത്തിൽ ഷെയ്ൻയാങ്ങിലും 2002ൽ ഹൈദരാബാദിലും നടന്ന ഫിഡെ ലോകകപ്പിലും ആനന്ദ് വിജയിയായി.2800 എന്ന വിസ്മയകരമായ എലോ റേറ്റിങ്ങ് 2001ൽ ആനന്ദ് സ്വന്തമാക്കി.പഴയ കഥകളിലൊന്നും ആനന്ദ് ഇപ്പോൾ നേടിയ വിജയത്തോളം ആഹ്ലാദം നൽകിയിട്ടില്ല,കാരണം ഇത് രാജകീയമായ പോരാട്ടം തന്നെയായിരുന്നു-വ്ളാദിമിർ ക്രാംനിക് എന്ന കരുത്തുറ്റ ബൌദ്ധികയോദ്ധാവുമായുള്ള പോരാട്ടം,വിജയം.

ഫിഡെയുടെ വിചിത്രമായ നിയമാവലിയാണ് ഇത്തരമൊരു പോരാട്ടത്തിന് വഴിയൊരുക്കിയത്.ലോക ചെസ് ഫെഡറേഷനും(ഫിഡെ) മുൻ ലോകചാമ്പ്യൻ ഗാരി കാസ്പറോവ് സ്ഥാപിച്ച പ്രൊഫഷണൽ ചെസ് അസോസിയേഷനും(പി.സി.എ) തമ്മിലുള്ള സന്ധിവ്യവസ്ഥകളനുസരിച്ച് രൂപപ്പെട്ട മത്സരം.ഈ ഒത്തുതീർപ്പു പ്രകാരം പി.സി.എ ലോകചാമ്പ്യനായ ക്രാംനികിന് ഫിഡെ ലോകചാമ്പ്യനായ ആനന്ദിനെ വെല്ലുവിളിക്കാൻ അവസരം ലഭിക്കുകയായിരുന്നു.ഇങ്ങനെ ‘റിട്ടേൺ മാച്ചി’ന് വിളിക്കാനുള്ള അവകാശം മറ്റൊരു ഗൈയിമിലും കാണാനാവില്ല.ഇത് ഫിഡേ ആനന്ദിൽ അടിച്ചേൽപ്പിച്ച ഭാരം തന്നെയായിരുന്നു.പക്ഷേ,അതുപകാരമാവുകയാണുണ്ടായത്.കാസ്പറോവിനെ ആനന്ദ് ഒരു മത്സരപരമ്പരയിലും തോൽപ്പിച്ചിട്ടില്ല.എന്നാൽ ക്രാംനിക് തോൽപ്പിച്ചിട്ടുണ്ടുതാനും.അങ്ങനെയിരിക്കെ ആനന്ദ് ആണോ ക്രാംനികാണോ ലോകചാമ്പ്യൻ എന്ന സംശയം പലരിലുമുണ്ടായിരുന്നു.ആനന്ദ് മുമ്പ് ക്രാംനിക്കിനെ തോൽപ്പിച്ചത് റാപ്പിഡ് ചെസ്സിലാണല്ലോ.അതിനാൽത്തന്നെ,തന്റെ സ്ഥാനം തെളിയിക്കേണ്ട ആവശ്യം ആനന്ദിനുമുണ്ടായിരുന്നു.
ആദ്യം മുതലേ ശക്തമായ മുൻതൂക്കവുമായാണ് ആനന്ദ് മുന്നേറിയത്.ആറു ഗൈയിമുകൾ പിന്നിട്ടപ്പോൾ തന്നെ ഏകദേശം ബോദ്ധ്യമായിരുന്നു,ഇനി ആനന്ദിനെ തളക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന്.സമീപകാലത്ത് സ്പെയ്നിലെ ടൂർണ്ണമെന്റിൽ കളിച്ച ക്ഷീണിതനായ ആനന്ദിനെയല്ല നാം ക്രാംനിക്കിനു മുമ്പിൽ കണ്ടത്.പ്രായം നാൽപ്പതിനോടടുക്കുമ്പോഴും മിന്നൽ വേഗത്തിൽ കരുക്കൾ നീക്കി എതിരാളിയെ സമ്മർദ്ദത്തിലാഴ്ത്തുന്ന ആനന്ദിലെ പഴയ കുട്ടി പലപ്പോഴും ഉയിർത്തെഴുന്നേൽക്കുന്നതും കണ്ടു.ക്രാംനിക്ക് അഴിച്ചുവിട്ട തീക്ഷ്ണമായ ആക്രമണങ്ങളെ പ്രതിരോധത്തിന്റെ ശക്തിദുർഗങ്ങൾ സൃഷ്ടിച്ചാണ് ആനന്ദ് ചെറുത്തുനിന്നത്.സമനിലകൾ പോലും ആനന്ദിന് കൃത്യമായ ആയുധങ്ങളായി.ഒമ്പതാം ഗെയിം ക്രാംനിക്കിൽ നിന്ന് വഴുതി,സമനിലയിലെത്തുന്നത് സമ്മോഹനമായ കാഴ്ച്ചയായിരുന്നു.ഒരു പോൺ മുൻതൂക്കത്തിലെത്തിയ ക്രാംനിക്കിന്റെ മുന്നിൽ സവിശേഷമായ ഒരു ‘റൂക്ക് എന്റിങ്ങു’മായി കളി സമനിലയിലവസാനിച്ചത് ആനന്ദിന്റെ വിസ്മയകരമായ പ്രതിരോധം കൊണ്ടുതന്നെ.
1989ലെ മിഖായേൽ തലിനോടുള്ള ആനന്ദിന്റെ വിജയമോർമ്മിപ്പിച്ചു,ആറാം ഗെയിമിലെ കേളീശൈലി.ക്രാംനിക്ക് നടത്തിയ പൊള്ളുന്ന ആക്രമണങ്ങൾ,നിസ്സംഗമായി ഏറ്റുവാങ്ങുന്ന ആനന്ദിന്റെ നില കണ്ട് അമ്പരക്കാത്തവരുണ്ടാവില്ല.25മത്തെ നീക്കത്തോടെ,ക്രാംനിക്കിന്റെ നൈറ്റുകളും റൂക്കും ആനന്ദിന്റെ പ്രതിരോധക്കോട്ടകൾക്കകത്തേക്ക് ഇടിച്ചുകയറിയതാണ്. “കുടുങ്ങി”എന്നു തലയിൽ കൈവെച്ച് നാമിരിക്കുമ്പോൾ അതാ,ആനന്ദിന്റെ പ്രത്യാക്രമണം ആരംഭിക്കുന്നു!നിഷ്പ്രയാസം ആനന്ദ് ക്രാംനിക്കിന്റെ റൂക്കിനേയും നൈറ്റിനേയും തിരിച്ചോടിച്ചു.താനിതുവരെ പടുത്തുയർത്തിയ ആക്രമണഗോപുരമാകെ ജലരേഖയായെന്ന തിരിച്ചറിവിനു മുമ്പിൽ പതറിപ്പോയ ക്രാംനിക്കിന് പിന്നെ ആനന്ദിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു വഴിയും ശേഷിച്ചിരുന്നില്ല.
ആനന്ദിന്റെ എന്നത്തേയും പ്രിയപ്പെട്ട,ശക്തമായ കളിത്തുടക്കം രാജാവിനു മുമ്പിലെ കാലാളിനെ നീക്കിയായിരുന്നു.e-4തുടക്കങ്ങളാണ് ആനന്ദ് പ്രധാനഗെയിമുകളിലെല്ലാം നടത്തിക്കാണാറ്.എന്നാൽ ഇത്തവണ ആനന്ദ് കളം മാറ്റിച്ചവിട്ടി-റാണിക്കു മുമ്പിലെ കാലാലിനെ നീക്കിയായിരുന്നു ആനന്ദിന്റെ കളിത്തുടക്കങ്ങളെല്ലാം.ഇതു തന്നെ ക്രാംനിക്ക് പാളയത്തിലെ കേളീപദ്ധതികളെ തെറ്റിച്ചുകളഞ്ഞു.നിംസോ ഇന്ത്യൻ,സ്ലാവ് ഡിഫൻസ് തുടങ്ങിയ ക്രാംനിക്കിന് പരിചയമില്ലാത്ത നീക്കങ്ങളുടെ പരീക്ഷണം,അദ്ദേഹത്തെ താളം തെറ്റിക്കുകയും ചെയ്തു.മത്സരത്തിൽ തന്റെ സഹായികളുടെ കൂട്ടത്തിൽ റഷ്യയുടെ മുൻ ലോകചാമ്പ്യൻ രുസ്തം കാസിംദെഷ്നോവിനെ ഉൾപ്പെടുത്തിയ ആനന്ദിന്റെ തീരുമാനം ഏറെ പ്രയോജനപ്പെട്ടിരിക്കണം.പോണുകളെ സമർത്ഥമായി പ്രതിരോധത്തിനുപയോഗിക്കുന്ന ടെക്നിക്കുകളുടെ ഉത്സവമായിരുന്നു ആനന്ദിന്റെ കളികൾ.ഒരുതരം കാപാബ്ലാൻക ഇഫക്ട്!
എതിരാളിയില്ലാത്ത ഉയരത്തിലേക്ക് ആനന്ദ് ചെന്നെത്തിക്കഴിഞ്ഞു.സത്യത്തിൽ ഇതൊരൽഭുതമാണ്.മറ്റാരും ഇന്ത്യയിൽ നിന്ന് അടുത്തെങ്ങുമില്ല.ജി.എൻ.ഗോപാലും കൊനേരു ഹംപിയും ഹരികൃഷ്ണയും സൂര്യശേഖർ ഗാംഗുലിയുമടങ്ങുന്ന ഒരു പ്രതീക്ഷ നൽകുന്ന നിര പിന്നിലുണ്ട്.ചതുരംഗത്തിലെ പുതിയ സൂര്യോദയങ്ങൾ ഇനിയും ഇന്ത്യയിലുണ്ടാകുന്നത് നമുക്ക് കാത്തിരിക്കാം.അപ്പോഴും ആനന്ദ് ഒരു നിതാന്തവിസ്മയമാകും.
11 comments:
ചതുരംഗത്തിലെ പുതിയ സൂര്യോദയങ്ങൾ ഇനിയും ഇന്ത്യയിലുണ്ടാകുന്നത് നമുക്ക് കാത്തിരിക്കാം.അപ്പോഴും ആനന്ദ് ഒരു നിതാന്തവിസ്മയമാകും.
.....
വളരെ നല്ല ലേഖനം .വളരെ നാളുകള്‍ക്ക് ശേഷം ആനന്ദിനെ അടുത്തറിയാന്‍ സഹായിച്ചു .
വിശ്വവിജയി ആനന്ദിനെ നമുക്ക് ആദരിക്കാം. ഇനിയും ഇത്തരം വിജയം നേടുന്നവർ വളർന്നു വരട്ടെ.ഉചിതമായ പോസ്റ്റ്.
ഹോം പിച്ചില്‍ തിണ്ണമിടുക്ക് കാണിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു മാത്രം ജയ് വിളിക്കാനാണ് നമുക്ക് താല്പര്യം.
ചതുരംഗത്തിലെ ഈ കുലപതിയെ കുറിച്ച് ഇത്ര നല്ല ഒരു പോസ്റ്റിട്ട വികടശിരോമണിക്ക് അഭിനന്ദനങ്ങള്‍....
നല്ല ലേഖനം.
മൂന്നുസ്ഥലത്തെങ്കിലും ഉപയോഗിച്ച
വരേണ്യൻ എന്ന വാക്കിനു ശ്രേഷ്ഠൻ എന്നാണർഥം. ശ്രേഷ്ഠത നടിക്കുന്നവൻ എന്നു താങ്കളുദ്ദേശിക്കുന്ന അർഥമില്ല.”....സവിതുർവരേണ്യം...” എന്നുള്ള ഗായത്രീമന്ത്രം ചൊല്ലുന്നവരെ വരേണ്യവർഗം എന്നു പുച്ഛത്തോടെ ആദ്യം വിശേഷിപ്പിച്ചതു ഈഎം എസ്സായിരുന്നു എന്നാണറിവ്. പിന്നെപ്പിന്നെ പലരും വരേണ്യൻ എന്ന പദം വരേണ്യമ്മന്യൻ എന്ന അർഥത്തിൽ ഉപയോഗിച്ചു. ശ്രേഷ്ഠനും ശ്രേഷ്ഠമ്മന്യനും തമ്മിലുള്ള വ്യത്യാസം, പണ്ഡ്റിതനും പണ്ഡിതമ്മന്യനും തമ്മിലുള്ള വ്യത്യാസം വരേണ്യനും വരേണ്യമ്മന്യനും തമ്മിലുണ്ട്.
“ഗൌതമബുദ്ധൻ” പോലെ തെറ്റിപ്രചരിപ്പിക്കപ്പെട്ട ഒരു പ്രയോഗം.
നല്ലകുറിപ്പ് വികടൻ.കുറേക്കാലം മുൻപ് ചെസ്സൊരല്ല്പം ഗൗരവമായെടുത്ത് കളിയ്ക്കുകയും,പിന്നെ ഉറക്കത്തില്‍പ്പോലും തലയ്ക്കുള്ളിൽ വെളുപ്പുംകറുപ്പും കളങ്ങൾ നിരന്നുതുടങ്ങിയപ്പോൾ,ഭയപ്പാടോടെ ചെസ്സ്കളി തന്നെ പാടേ ഉപേക്ഷിയ്ക്കുകയും ചെയ്തൊരാളെന്ന് നിലയ്ക്ക്,ഞാൻ ആലോചിയ്ക്കാറുണ്ട്,ആന്ദിന്റെ ഉറക്കം സ്വസ്ഥമായിരിയ്ക്കുമോ?
“ചതുരംഗത്തിലെ പുതിയ സൂര്യോദയങ്ങൾ ഇനിയും ഇന്ത്യയിലുണ്ടാകുന്നത് നമുക്ക് കാത്തിരിക്കാം.”നന്ദി.
വന്നവർക്കെല്ലാം നന്ദി.
അജ്ഞാത,ശരിതന്നെ,ഈ പ്രയോഗത്തെപ്പറ്റി ചിന്തിച്ചിരുന്നില്ല.തുടക്കം ഇ.എം.എസ് വഴിതന്നെയാവാനാണ് സാദ്ധ്യത.സംഭവം തെറ്റിദ്ധരിക്കപ്പെട്ട പ്രയോഗം തന്നെ.
ഭൂമീപുത്രി,
ഈ ചോദ്യം ആനന്ദിനോട് ഒരു അഭിമുഖകാരൻ ചോദിച്ചതാണ്,ആനന്ദിന്റെ മറുപടി “വിഷമകരമായ ഒരു ഗെയിം കളിച്ച ദിവസം സുഖമായി ഉറക്കം വരും” എന്നാണ്:)
നന്ദി.
ചെസ് മഹാബോറാ
ഞാനാണെങ്കിൽ അതിലും ബോറനാ.
Post a Comment