അനിലിന്റെ ‘ആനക്ക് ആർ.സി.ബുക്ക്’ എന്ന പോസ്റ്റിൽ സംവാദത്തിലേർപ്പെടുമ്പോഴാണ്,വൈലോപ്പിള്ളിമാഷിന്റെ ‘സഹ്യന്റെ മകൻ’എന്ന കവിതയേക്കുറിച്ചോർത്തത്.പൂരപ്പറമ്പിൽ തിടമ്പേറ്റി എഴുന്നള്ളിച്ചുനിർത്തിയിരിക്കയാണ്,ആനയെ.
“പതയും നെറ്റിപ്പട്ട-
പ്പൊന്നരുവികളോലും
പതിനഞ്ചാനക്കരി-
മ്പാറകളുടെ മുമ്പിൽ
വാദ്യമേളത്തിൻ താള-
പാതത്തിൽ തലയാട്ടി-
പ്പൂത്ത താഴ്വര പോലെ”
മരുവുന്ന പുരുഷാരം ചുറ്റിലുമുണ്ട്.ആനപ്പുറത്ത് ശാന്തിക്കാരനും കുടതഴകൾ പിടിക്കുന്നവനും.ആകമാനം കാൽപ്പനികമായ അന്തരീക്ഷം.ദീവെട്ടികളുടെ വെളിച്ചത്തിൽ,ആനകളുടെ രൂപം കരിമ്പാറകളാകുന്നു.രാപ്പൂരത്തിന്റെ ചാരുത അനുഭവിച്ചുതന്നെയറിയണം.സംഘസന്തോഷത്തിന്റെ തിരമാലകൾ ചിതറുന്ന പൂരപ്പറമ്പ്.പഞ്ചാരിമേളത്തിന്റെ നടകളിൽ കുതികുതിക്കുന്ന സംത്രാസം.
എന്നാൽ ഉത്സവപ്പറമ്പിലാണ് താൻ നിൽക്കുന്നത് എന്ന യാഥാർത്ഥ്യം അൽപ്പസമയത്തേക്ക് ഒരു ആന മറന്നുപോയാലോ?‘സഹ്യസാനുദേശ’ത്തെ കൊടുംകാട്ടിലൂടെ വിഹരിക്കയാണ് താൻ എന്ന് ആനക്ക് തോന്നിയാലോ?കാലിൽ ബന്ധിച്ച കൂച്ചുചങ്ങല പൊട്ടുന്നത്,കാട്ടിലെ വല്ലീജാലം ഒടിയുകയാണ് എന്നവൻ കരുതിയാലോ?ശാന്തിക്കാരനും കുടതഴക്കാരും തന്റെ പുറഠുനിന്നൂർന്നു വീഴുമ്പോൾ തന്റെ പുറത്ത് കുരങ്ങുകൾ കയറിമറിയുന്നതാണെന്ന് ആന ധരിച്ചാലോ? “ആനയോടി”എന്നു നിലവിളിച്ച് ചുറ്റും ആളുകൾ പരക്കം പായുന്നത് കാട്ടാളന്മാർ ഇരുവശവും നിന്ന് കാടിളക്കുന്ന ശബ്ദമാണെന്ന് ആനക്ക് തോന്നിയാലോ?അമ്പലം കൊലക്കളമായി മാറും,ആനയെ വെടിവെക്കേണ്ടതായും വരും.
“മുഴുവൻ തോർന്നിട്ടില്ലാ
മുൻമദജലം,പക്ഷേ
എഴുന്നള്ളത്തിൽ കൂട്ടീ;
എന്തൊരു തലപ്പൊക്കം”
എന്ന്,മാനസികവിഭ്രാന്തിയുടെ ഉത്തരവാദിത്വം മദജലം തോരാത്ത ആനയെ എഴുന്നള്ളിപ്പിൽ കൂട്ടിയ മനുഷ്യരിൽ തന്നെ ആരോപിക്കുന്നുണ്ട്.പ്രാകൃതവികാരങ്ങളുടെ മദജലം ഒട്ടും അവശേഷിക്കാത്തവിധം സംസ്കാരത്തിന്റെ ഉണങ്ങിയ തോർത്തുകൊണ്ട് തുടച്ചുവൃത്തിയായ മനുഷ്യർ ഇല്ലാത്തപോലെത്തന്നെ,ആനകളും ഉണ്ടാകാൻ വഴിയില്ല.ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും,ആനയായാലും മനുഷ്യനായാലും കൊള്ളാം,ജന്തുസഹജമായ പ്രാക്തനവികാരങ്ങളുടെ മദപ്പാടും,സാംസ്കാരികജീവിതത്തിന്റെ ചട്ടങ്ങളുമായി നിരന്തരം ഏറ്റുമുട്ടുന്നുണ്ട്.പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ഈ കൊമ്പുകുത്തലിൽ സാംസ്കാരികബോധത്തിന്റെ തോട്ടിയും ചങ്ങലയും എപ്പോഴും ജയിക്കുന്നതു കൊണ്ടാണ് ആനക്ക് ഉത്സവപ്പറമ്പിൽ തിടമ്പേറ്റി നിൽക്കാനും,മനുഷ്യർക്ക് വലിയകേശവന്റേയും തെച്ചിക്കോട്ടുകാവിന്റെയും കേമത്തം താഴെനിന്ന് പറയാനും കഴിയുന്നത്.
ഉത്സവപ്പറമ്പിലായാലും ഭൂലോകത്തായാലും ബൂലോകത്തായാലും തിടമ്പേറ്റി നിൽക്കുന്ന ആനകൾ ഓർക്കേണ്ടത്,പണ്ടു താൻ കാട്ടിലായിരുന്നു എന്നല്ല,ഇപ്പോൾ നാട്ടിലാണ് എന്നാണ്.അവയുടെ ചെവിയിൽ മന്ത്രിച്ചുകൊടുക്കേണ്ടത് പണ്ടത്തെ ‘സഹ്യസാനുദേശ’ത്തെ സ്വൈരവിഹാരത്തെക്കുറിച്ചല്ല,ഉത്സവത്തിലെ നിയമങ്ങളെക്കുറിച്ചാണ്.സ്വതന്ത്രരതിയുടെ പ്രാകൃതാവസ്ഥയിൽ,“കാട്ടുതാളിലയൊത്ത കോമളകർണ്ണങ്ങളിൽ കൂട്ടുകാരിയോട് മനോരഥം മന്ത്രിച്ചതും”,“ഹുംകൃതി പതയുന്ന ശത്രുകുംഭത്തിൽപ്പിന്നെ തൻ കൊലച്ചിരി കടയോളവും കടത്തി”യതും അല്ല,ഉത്സവപ്പറമ്പിലാണ് താൻ നിൽക്കുന്നത് എന്നും,മുകളിൽ ദേവന്റെ പൊൽതിടമ്പാണ് എന്നും,ചുറ്റും കുട്ടികളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന പുരുഷാരമാണ് എന്നുമാണ് ആനയായാലും മനുഷ്യനായാലും ബ്ലോഗറായാലും ആദ്യം മനസ്സിൽ തെളിയേണ്ടത്.ഇതിനേയൊക്കെയാണ് നാം ‘സംസ്കാരം’എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്.
‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’ എന്ന പ്രകൃതിനിയമം കാട്ടിലാകാം,നാട്ടിൽ പറ്റില്ല്ല.‘സഹ്യസാനുദേശം’ പോലെയല്ല പൂരപ്പറമ്പ്.അവിടെ ആനക്കും പാപ്പാനും,തിങ്ങിക്കൂടിയ പുരുഷാരത്തിനും,എന്തിന് എഴുന്നള്ളിച്ചുനിർത്തിയ തേവർക്കു വരെ പെരുമാറ്റച്ചട്ടങ്ങൾ ബാധകമാണ്.ചട്ടങ്ങൾ പാലിക്കപ്പെടും എന്ന വിശ്വാസത്തിലാണ് ഈ അപകടകാരിയായ ജീവിയുണ്ടെന്നറിഞ്ഞിട്ടും ഉത്സവപ്പറമ്പിൽ ആളുകൾ ഒത്തുകൂടുന്നത്.അല്ലാതെ ആനയോട് മത്സരിച്ച് ജയിക്കാനുള്ള ശക്തിയുണ്ടെന്ന് കരുതിയിട്ടല്ല.ഉത്സവപ്പറമ്പിൽ പൂവാലന്മാരും,വായിൽനോക്കികളും,തെമ്മാടികളും,പിടിച്ചുപറിക്കാരും,വേശ്യകളും,മാന്യരും,സുശീലകളും,ചിത്രകാരന്മാരും,ഗായകരും,തറവാടികളും,പോലീസുകാരും,വെളിച്ചപ്പാടും ഒക്കെയുണ്ടാകും.പക്ഷേ,ആരും നിലവിട്ട് പെരുമാറുകയില്ല.അഥവാ പെരുമാറിയാൽ കൂട്ടം വിധിക്കുന്ന ശിക്ഷ ഏറ്റുവാങ്ങേണ്ടിയും വരും.“നിലവിട്ട് പെരുമാറില്ല”എന്നത് സമൂഹത്തിലെ പരസ്പരധാരണയും വിശ്വാസവും ആണ്.സാംസ്കാരികജീവിതത്തിന്റെ ആണിക്കല്ലാണ് ഈ പരസ്പരധാരണ.
ഇതൊക്കെ ഉത്സവപ്പറമ്പിലെ സത്യമാണ്.പക്ഷേ ‘സഹ്യന്റെ മകനി”ലെ ആനയുടെ മനസ്സിൽ കൊടുങ്കാടാണ്.കാട്ടിലെ നിയമങ്ങൾ വ്യത്യസ്തം.അവിടെ മത്സരത്തിൽ ജയിക്കുന്നതാണ് നിലനിൽക്കുക.സഹജവികാരങ്ങളെ-അത് വിശപ്പായാലും,കാമമായാലും,ശത്രുതയോ,സ്നേഹമോ ആയാലും-കൂച്ചുചങ്ങലയിട്ടും തോട്ടിക്കോലുവെച്ചും നിർത്തേണ്ട ആവശ്യമില്ല.സ്ഥലകാലങ്ങളുടെ വിരുദ്ധദ്രുവങ്ങളിൽ നിൽക്കുകയാണ്,പ്രകൃതിയിലെ “സഹ്യസാനുദേശ”വും,സാംസ്കാരികജീവിതത്തിലെ “ഉത്സവപ്പറമ്പും”.ഇത് മദജലം തോരാത്ത ആനയുടെ മാത്രം മനസ്സിലുള്ളതല്ല,ഒരിക്കലും പൂർണ്ണമായി മദജലം തോരാത്ത മനുഷ്യനിലുമുള്ളതാണ്.സങ്കൽപ്പത്തിലെ ഭ്രാന്തൻ നിലാവ് ആനയെ കാട്ടിലേക്ക് തിരിച്ചുവിളിക്കുമ്പോൾ,ഉത്സവപ്പറമ്പിലെ ദീവെട്ടികളുടെ വെളിച്ചം മനുഷ്യനെ പറമ്പിൽ തന്നെ നിർത്തുന്നു.ചരിത്രം എന്നത്,പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ഈ പോരാട്ടത്തിന്റെ കഥയാകുന്നു.
സംസ്കാരം എന്നത് അങ്ങനെ പലപ്പോഴും പ്രകൃതിവിരുദ്ധമായ ഏർപ്പാടാകുന്നു.വാത്മീകിയുടെ സഹാനുഭൂതി അമ്പേറ്റു പിടഞ്ഞ പക്ഷിയോടായിരുന്നു,കരുത്തും ആയുധവും കയ്യിലുള്ള വേടനോടായിരുന്നില്ല.വേടന് ന്യായീകരണങ്ങളുണ്ട്.വഴിയിൽ കണ്ട പക്ഷിയുടെ ചുണ്ടും തൂവലും നോക്കി സൌന്ദര്യമാസ്വദിച്ചിരുന്നാൽ അവന്റെ കുട്ടികൾ പട്ടിണിയാകും.വേടന് പക്ഷിയെ അമ്പെയ്യാതെ വയ്യ.രക്ഷപ്പെട്ട പക്ഷി,കൂട്ടിലേക്ക് തിരിച്ചുപറക്കുമ്പോൾ വഴിയിൽ വെച്ച് രണ്ട് പുഴുക്കളെ കണ്ടെന്നിരിക്കട്ടെ,അവ ഇണപ്പുഴുക്കളാകാം എന്ന സഹാനുഭൂതിയിൽ കൊത്തിവിഴുങ്ങാതെ അവയെ വിടുകയുമില്ല.വേടൻ ചെയ്തത് അത്ര വലിയ പാതകമൊന്നുമല്ല.പക്ഷേ,കവിയായ വാത്മീകിക്ക് ഈ ന്യായീകരണങ്ങളൊന്നും ബാധകമല്ല.കരുത്തരും കരുത്തരല്ലാത്തവരുമായുള്ള പോരാട്ടത്തിൽ രുദിതാനുസാരിയായ കവി എന്നും ദുർബലർക്കൊപ്പമാണ്.സംസ്കാരത്തിന്റെ വഴിയും അതുതന്നെ.മത്സരവിജയികൾ മാത്രം നിലനിന്നാൽ മതി എന്നത് സംസ്കാരത്തിന്റെ വഴിയല്ല.
വിപ്ലവബോധത്തിന്റെയും പുരോഗമനാശയങ്ങളുടേയും സമ്പൂർണ്ണസാക്ഷരതയുടേയും പൊൽതിടമ്പേറ്റി നിൽക്കുന്ന മലയാളിയുടെ ‘പെരുംമസ്തകകടാഹ’ത്തിലും പിശാചുക്കൾ മന്ത്രിക്കുന്നത് ‘സഹ്യസാനുദേശ’ത്തിലെ അനിയന്ത്രിതസ്വർഗ്ഗത്തേക്കുറിച്ചാണ്.ഭോഗപരതയുടെ ഭ്രാന്തൻ നിലാവാണ് അവിടേയും ഉദിച്ചുപൊങ്ങുന്നത്.സഹ്യന്റെ മകനേപ്പോലെ കൂച്ചുചങ്ങല പൊട്ടിച്ച് സ്വതന്ത്രരതിയുടേയും അനിയന്ത്രിതമത്സരങ്ങളുടേയും കാട്ടിലേക്ക് മനസ്സുകൊണ്ട് മലയാളി തിരിഞ്ഞോടുകയാണ്.എന്നാൽ ശരീരമാകട്ടെ, ഇന്നും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മൂല്യാധിഷ്ഠിതമായ ഉത്സവപ്പറമ്പിലാണ് ഇപ്പോഴും നിൽക്കുന്നത്.ജാതീയതയും,വർഗീയതയും,അന്ധവിശ്വാസങ്ങളും,ആൾദൈവങ്ങളും കള്ളിയിട്ടുതിരിച്ച ഫ്യൂഡൽ മൂല്യബോധത്തിൽ നിന്ന് അത് ഏറെയൊന്നും സ്വതന്ത്രമായിട്ടുമില്ല.ആഗോള-സ്വകാര്യവൽക്കരണങ്ങളുടെ ലോകക്രമത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഓരോ മനുഷ്യനും അങ്ങനെ സഹ്യന്റെ മകനാകുന്നു.വാരിക്കുഴിയിൽ പെട്ട് ചട്ടം പഠിച്ച് ഏറെക്കാലം നാട്ടിൽകഴിഞ്ഞ ആനക്കും സംസ്കാരത്തിന്റെ പെരുംകൂച്ചുചങ്ങലയിൽ സഹസ്രാബ്ദങ്ങൾ വഴങ്ങിശീലിച്ച മനുഷ്യനും അപ്പോൾപിന്നെ ഉത്സവപ്പറമ്പിൽ തന്നെ നിൽക്കുകയേ നിവൃത്തിയുള്ളൂ.ഉള്ളിലെ ദംഷ്ട്രകൾ ചുരമാന്തുമ്പോൾ ഒന്നുചിന്നം വിളിക്കാം,ചെരുപ്പെടുത്തെറിയാം-അത്രമാത്രം.
41 comments:
ഉള്ളിലെ ദംഷ്ട്രകൾ ചുരമാന്തുമ്പോൾ ഒന്നുചിന്നം വിളിക്കാം,ചെരുപ്പെടുത്തെറിയാം-അത്രമാത്രം.
പ്രാകൃതവികാരങ്ങളുടെ മദജലം ഒട്ടും അവശേഷിക്കാത്തവിധം സംസ്കാരത്തിന്റെ ഉണങ്ങിയ തോർത്തുകൊണ്ട് തുടച്ചുവൃത്തിയായ മനുഷ്യർ ഇല്ലാത്തപോലെത്തന്നെ,ആനകളും ഉണ്ടാകാൻ വഴിയില്ല.ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും,ആനയായാലും മനുഷ്യനായാലും കൊള്ളാം,ജന്തുസഹജമായ പ്രാക്തനവികാരങ്ങളുടെ മദപ്പാടും,സാംസ്കാരികജീവിതത്തിന്റെ ചട്ടങ്ങളുമായി നിരന്തരം ഏറ്റുമുട്ടുന്നുണ്ട്.
വികടാ... നല്ല എഴുത്ത്... കഷ്ടമാണ് ഇവറ്റയുടെ കാര്യം...
നല്ല ലേഖനം. ഉത്സവപ്പറമ്പിലെ ആനയും ആധുനികമലയാളിയും തമ്മിലുള്ള പാരസ്പര്യം ചിന്തനീയം തന്നെ.
‘സംസ്കാര‘ത്തിന്റെ പേരിൽ വിശപ്പും കാമവും ഉൾപ്പെടെയുള്ള എല്ലാ ജന്തു ചോദനകളെയും മുഴുവനായി അടക്കിനിർത്തുന്നത് നല്ല സംസ്കാരമാണെന്നു തോന്നുന്നില്ല. ഇവയെല്ലാം മറ്റുള്ളവർക്ക് ഉപദ്രവമാകാതെ ആസ്വദിക്കാൻ കഴിയുന്ന സമൂഹം തന്നെ ഏറ്റവും മൂല്യവത്തായ മനുഷ്യസംസ്കാരത്തിന്റെ ഉറവിടം.
‘രാത്രിപ്പൂരം’ എന്നതിനു പകരം ‘രാപ്പൂരം’ എന്നെഴുതുന്നതാണ് മലയാളമങ്കക്ക് (ഭാഷാമങ്കയാണേ!) ഭംഗി!
പ്രകൃതിനിയമം എന്നൊരു ന്യായീകരണം സ്ഥാനത്തും അസ്ഥാനത്തുമൊക്കെ പലരും എഴുന്നെള്ളിച്ചുകാണാറുണ്ട്.രാവിലെ എഴുന്നേറ്റ് ബ്രഷും പേസ്റ്റും കയ്യിലെടുക്കുമ്പോൾ മുതൽ പ്രകൃതിയ്ക്ക് പുറം തിരിഞ്ഞാണ് നമ്മളുടെ നിലപാട്..പിന്നെയാൺ!
സഹ്യപുത്രനെ ചകിരിയുരച്ചുതേച്ച് കുളിപ്പിയ്ക്കുന്നതു പോലെ..
സംസ്ക്കാരസമ്പന്നരാകാനായി,പ്രകൃതിയെ മറികടക്കലോ,ജന്മപ്രകൃതം കാത്തുസൂക്ഷിയ്ക്കാനായി സംസ്ക്കാരത്തെ കയ്യ്പ്പാടകലെ നിർത്തലോ,ഏതാൺ അഭികാമ്യം?
രണ്ടാമത്തേതാണെങ്കിൽ സാമൂഹ്യജീവിതം തന്നെ അസാദ്ധ്യമാകുമെന്നുറപ്പ്.
പ്രകൃതിയോടിണങ്ങി ജീവിയ്ക്കുന്ന കാട്ടുമൃഗങ്ങളിപ്പോലും കാണാത്ത തരത്തിലുള്ള അരാജകത്വം മനുഷ്യരുടെയുള്ളിൽ മാത്രം
പതുങ്ങിക്കിടക്കുന്നത് എന്തുകൊണ്ടാൺ?
നിയന്ത്രങ്ങളോടുള്ള അസഹനീയതയാണോ ഈ താളംതെറ്റലിലേയ്ക്ക് നയിയ്ക്കുന്നത്?
മനഃശാസ്ത്രജ്ഞാ ഉത്തരം പറയൂ
വികടശിരോമണീ,
സഹ്യന്റെ മകനിലൂടെ മനുഷ്യ സംസ്കാരത്തെ വിലയിരുത്താനുള്ള ശ്രമം വിജയിച്ചു എന്നു പറയാം.
താന്‍ നില്‍ക്കുന്നത് ഉത്സപ്പറമ്പിലാണെന്നും അവിടെ എഴുതപ്പെട്ടതു അല്ലാത്തതുമായ ഒട്ടനവധി നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നുമുള്ള ബോധം നഷ്ടമാവുന്നിടത്തുതന്നെയാണ് എല്ലാ പ്രശ്നങ്ങളും ആരംഭിക്കുന്നത്. പിഴക്കുന്നതെവിടെ എന്നു തിരിച്ചറിയുകയും, തിരുത്തപ്പെടുകയും ചെയ്യുന്നിടത്ത് സാസ്കാരികമായി നാം വിജയിച്ചു എന്നു പറയാം. പക്ഷെ സങ്കീര്ണ്ണമാണീ വിലയിരുത്തല്‍. നിയമങ്ങളേക്കുറിച്ചുള്ള അജ്ഞത, അറിഞ്ഞിട്ടും പാലിക്കാനാവാത്ത നിസ്സഹായത, അതുമല്ലെങ്കില്‍ നിയങ്ങളുടെ പ്രയോഗത്തെ തടയുന്ന പുറത്തെഴുത്തുകള്‍, ഇങ്ങനെ പോകുന്നു സങ്കീര്‍ണ്ണതകള്‍. കോണ്ഫ്ലിക്റ്റുകള്ക്കിടയില് ജീവിക്കുന്ന മനുഷ്യനും സഹ്യന്റ്റെ മകനും തുല്യ ദുഃഖിതര്‍.
നന്നായിട്ടുണ്ട്.
മൂഡുകിട്ടിയാല് ഒന്നൂടെ വരാം.
ആശംസകള്‍
നല്ല ലേഖനം....
ആശംസകള്‍ മാഷെ..
എല്ലാവർക്കും നന്ദി.
പകൽ കിനാവൻ
ആരുടെ കാര്യം?ആനയുടേയോ മനുഷ്യന്റേയോ?:)
കിഷോർ,
ആസ്വാദനം എന്ന വാക്കിന്റെ മാനങ്ങൾ തീരുമാനിക്കുന്നതിൽ സമൂഹത്തിനും സഞ്ചിതസംസ്കാരത്തിനുമൊക്കെ പങ്കുണ്ടല്ലോ.ഇഷ്ടമുള്ള ആരുമായും ഇണചേരാം എന്നത് പ്രാകൃതമനുഷ്യന്റെ ‘സഹ്യസാനുദേശമാണ്’.ഇത് അമ്മ,ഇത് അച്ഛൻ,ഇത് പെങ്ങൾ,മകൻ,മകൾ,കൂട്ടുകാരന്റെ പെണ്ണ്…ഇവരുമായി ഇണചേർന്നുകൂടാ എന്ന കൂച്ചുവിലങ്ങുകൂടിയാണ് സംസ്കാരം.സംസ്കാരത്തിന്റെ ഉത്സവപ്പറമ്പിന് അതിന്റെ നിയമാവലിയുണ്ട്.ആസ്വാദനം എന്ന വാക്കിന് പ്രസ്തുത നിയമാവലി നൽകുന്ന നിർവ്വചനം എന്താണ് എന്നതാണ് വിഷയം.
ആ ‘രാപ്പൂര’ത്തിരുത്തിന് നന്ദി…ഞാനതംഗീകരിക്കുന്നു.
ഭൂമീപുത്രീ,
സമൂഹസംസ്കാരത്തെ ഒരു നേർരേഖയായി സങ്കൽപ്പിച്ചാൽ,നമുക്കു വേണമെങ്കിൽ ആ രേഖക്കൊപ്പം അങ്ങനെ നീങ്ങാം.സമൂഹം നമ്മുക്കു ‘സൽഗുണസമ്പന്നൻ/ന്ന’നെന്ന പട്ടംവളയും തരും.രണ്ടാമതൊരുവഴി,ആ രേഖക്കു കുറുകേ വരക്കുകയാണ്.അപ്പോൾ നിങ്ങളെ ‘നിഷേധി’ എന്നു വിളിക്കും.ഇനി മൂന്നാമതൊരു വഴി,പ്രസ്തുത രേഖയെ തടസ്സപ്പെടുത്താതെ,സമാന്തരമായി നമ്മളൊരു രേഖവരക്കുകയും,ജീവിക്കുകയും ആണ്.അത്യന്തം ശ്രമകരമായ ആ ജോലി ചെയ്തു തീരുമ്പോഴേക്കും ജീവിതം നമ്മെക്കടന്ന് പറന്നു പോകും.എന്തു വേണമെന്ന് തീരുമാനിക്കാം.അത്രമാത്രം.
ഞാനാലോചിക്കാറുണ്ട്,പത്രഭാഷകണ്ട ഏറ്റവും വലിയ വങ്കത്തങ്ങളിലൊന്നാണ് “മൃഗീയമായ ബലാത്സംഗം”.ഏതു മൃഗമാണ് മനുഷ്യനെപ്പോലെ പിഞ്ചുകുഞ്ഞുങ്ങളേയും വൃദ്ധകളെയും ബലാത്സംഗം ചെയ്യുന്നത്. “മാനവികമായ ബലാത്സംഗം” എന്നു വേണ്ടേ എഴുതാൻ?
അരാജകത്വം ശൈലീകരണത്തിന്റെ കൂടി ഭാഗമാണ്.
പിന്നെ,എന്നെ ‘മനശ്ശാസ്ത്രജ്ഞൻ’ എന്നു വിളിച്ചാൽ അടികിട്ടും.
അനിൽ,
പ്രകൃതിയിൽ തുറന്ന മത്സരമുണ്ട് എന്നതു നേരുതന്നെ.പക്ഷേ പ്രകൃതിയുടെ ജൈവഘടനയിൽത്തന്നെ ആത്മസംയമനവും ഉണ്ട്.വിശക്കുമ്പോഴാണ് മിക്കവാറും കാട്ടുമൃഗങ്ങൾ കൊല്ലുന്നത്.വരും തലമുറക്കായി ഉണക്കി സൂക്ഷിക്കുകയോ,ആവശ്യമുള്ളപ്പോൾ കൊല്ലാനായി അടിമയാക്കി നിർത്തുകയോ,രാഷ്ട്രീയവൈരം തീർക്കാൻ ബോംബിട്ടു കൊല്ലുകയോ ചെയ്യുന്ന പതിവ് കാട്ടിലില്ല.പ്രകൃതിയുടെ ആന്തരികഘടനയിൽ തന്നെ നിയന്ത്രണസംവിധാനങ്ങൾ ഉണ്ട് എന്നർത്ഥം.
സസ്കാരം എന്നത് ഒരേ സമയം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാനുള്ള പാലമാണ്.സംസ്കാരത്തിന്റെ കൂച്ചുചങ്ങല പൊട്ടിക്കുന്ന കൊമ്പന് വീണടിയുമ്പോൾ വിളിച്ചുകേഴാനും അധികാരമില്ല.അഥവാ വീണാലും മണിക്കോവിലിൽ വാഴുന്ന ദൈവങ്ങൾ പോയിട്ട് ആരും ശ്രദ്ധിച്ചെന്നു വരില്ല.
ചാണക്യൻ,
നന്ദി.
ഞാൻ വിളിച്ചത് പഴയ ആ സീസൺഡ് മനശ്ശാസ്തജ്ഞൻ മലയാളിയുടെ സ്വന്തം മത്തായിച്ചനെയാ..ഇയാളെയാന്ന് ആരു പറഞ്ഞു? ;-)
ഓടോ.ഈ നാഴികമണിപുതിയതാണല്ലൊ!
ഞാനും ബ്ലോഗ് തുടങ്ങീപ്പൊ ഒരു ഫാൻസികേറി ഈത്തരത്തിലൊന്നിട്ടിരുന്നു.പിന്നെ കുറെദിവസം കഴിഞ്ഞപ്പൊ
വൊട്ടെവേസ്റ്റൊഫ് ടൈംന്ന് തോന്നി എടുത്തുകളഞ്ഞു
നന്നായിരിക്കുന്നു!!!!
വളരെ നന്നായിട്ടുണ്ട്...
ആശംസകള്‍.
Ullile Damshtrakal Churamanthumpol Changalakkidanam Vikadan...!!! Ashamsakal...!!!
ഭൂമീപുത്രീ,
ഇവിടെ വന്ന് വായിച്ചുപോകുന്നവർ പോകുമ്പോൾ എത്ര സമയം വേസ്റ്റാക്കി എന്നാലോചിക്കുമ്പോൾ നോക്കാൻ സൌകര്യമായിക്കോട്ടെന്ന് വിചാരിച്ച് ഇട്ടതാ:)
സഗീർ,
ശ്രീദേവിനായർ,-നന്ദി.
Sureshkumar Punjhayil,
താങ്കളിൽ നിന്ന് അബ്സ്ട്രാക്റ്റല്ലാത്ത,ഇത്രയും യഥാതഥമായ ഒരു മറുപടി ലഭിച്ചതിൽ അനൽപ്പമായ കൃതജ്ഞത രേഖപ്പെടുത്തുന്നു.
നന്ദി.
വളരെ നന്നായിരിക്കുന്നു ഈ അവതരണം.
പ്രതിരൂപാത്മകമായി കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആദ്യം ആനക്കാര്യമായിരിക്കുമെന്നു കരുതി..പിന്നല്ലേ ഇതു ഒരു ആനക്കാര്യം തന്നെയാണെന്നു മനസ്സിലായത്...നന്നായിരിക്കുന്നു വിശി
ചിന്നംവിളികൾ കേട്ടു...
നന്നായിരിക്കുന്നു...
ആശൊസകള്‍...
സഹ്യന്റെ മകനിലൂടെ മലയാളിസംസ്ക്കാരം ഇടകലര്‍ത്തിയ ചിന്ത നന്നായി.
പ്രകൃതിയുടെ ചില നിയമങ്ങളേ അപ്പടി അംഗീകരിച്ചാല്‍ അച്ചടക്കം ലംഘിക്കപ്പെടും. ചില അടിച്ചമര്‍ത്തലുകള്‍ ഇല്ലെങ്കില്‍ കാടത്തമായി സംസ്ക്കാരം അധപ്പതിക്കുകയും ചെയ്യും.ലേഖനം ഇഷ്ടമായി.
ഓടോ. ദീവെട്ടി എന്നുള്ളത് തീവെട്ടി ആണു ശരി എന്നു തോന്നുന്നു.
"ഞാനാലോചിക്കാറുണ്ട്. പത്ര ഭാഷ കണ്ട ഏറ്റവും വലിയ വങ്കത്തങളിലൊന്നാണ് മൃഗീയമായ ബലാത്സംഗം" ഏതു മൃഗമാണ് മനുഷ്യനെപ്പോലെ പിന്ചു കുഞ്ഞുങ്ങളെയും വൃദ്ധകളെയും ബലാത്സംഗം ചെയ്യുന്നത്. "മാനവികമായ ബലാത്സംഗം എന്നൂ വേണ്ടേ എഴുതാന്‍ ?
ഇതു ഞാനുമാലോചിക്കാറുണ്ട്.
സഹ്യസാനുദേശം കൊതിയ്ക്കുന്ന ആനയെ കൂച്ചുവിലങ്ങിട്ടു നിറുത്തിയിരിക്കുന്നത് മനുഷ്യന്റെ ഭോഗപരത തന്നെ. ആനയ്ക്ക് അവിടെ നിൽക്കേണ്ടതില്ല. ഒരു നിയം മൂലം അതിൻ വിടുതൽ കിട്ടാം. എന്നാൽ ഉത്സവപ്പറമ്പ് നിഷ്ക്കർഷിക്കുന്ന നിയമാവലി അനുസരിക്കാൻ എന്നെന്നേയ്ക്കുമായി വിധിക്കപ്പെട്ടിരിക്കുന്നു മനുഷ്യർ. ഒരു ടാർസനെപ്പോലെ കാട്ടിലെത്തിയാലും അവിടെ നാടുനീതി നടപ്പാക്കാൻ ത്വര. സംസ്കാരം ഇടീച്ച ഉടുപ്പ് അവന് ഊരിക്കളയാൻ പറ്റാതെ ‘കണ്ഡീഷൻഡ്’ ആക്കുന്നു. ഇതിന്റെ പ്രത്യക്ഷോദാഹരണമാൺ രണ്ടു വയസ്സുള്ള കുഞ്ഞ് ഉടുപ്പ് ഇടുവിക്കുമ്പോൾ ഊരിക്കളയാൻ ശ്രമിക്കുന്നത്. ന്യൂഡിസ്റ്റ് കോളനികൾ തുറക്കുന്നത്. ആമിഷ് പോലെ ടെക്നോളജിയെ നിരാകരിച്ച് ഗ്രാമജീവിതം നയിക്കാൻ തുനിയുന്നത്. പെന്തിക്കോസ്തുകാർ മാരകരോഗത്തിനു ചികിത്സിക്കാതെ ദൈവം രക്ഷിമെന്നു വിശ്വസിക്കുന്നത്. എല്ലാം വെറുതെ. ആനകൾക്ക് സ്വാതന്ത്ര്യം ഇനിയും കിട്ടും പാശ്ചാത്യനാടുകളിൽ കാഴ്ചബംഗ്ലാവുകളിൽ ആനകളെ വളർത്തുന്നത് നിരോധിച്ചു തുടങ്ങി. സർക്കസ്സിൽ തീരെ പാടില്ല.
കെ. പി. രാമനുണ്ണിയുടെ “ജീവിതത്തിന്റെ പുസ്തക” ത്തിലെ നായകനെപ്പോലെ നാഗരികജീവിതത്തിൽ നിന്നും ചിലർക്കു തൽക്കാലം ഒളിച്ചോടാം.
വേടന്റെ കുഞ്ഞിനു വിശപ്പു മാറാൻ മുറിവേൽക്കുന്ന പക്ഷീ നിന്നെക്കുറിച്ചു കവിതകൾ എഴുതി ഞങ്ങൾ പാപപരിഹാരം തേടിക്കൊള്ളാം.
Maashe enikkum Aanayekkurichu valare parayaanundu ketto. Enthucheyyaam ente e ezhuthuvazi enikkupolum boratikkunu.enkilum aana...ullil thilakkunna laavayum chumannu poorapparampilum manushyathwam nasicha idangalilumellam ethunna karimpaara.... enkilum onnundu mashe aanaykum oru anthassundu keto. Madam pottum mumpu onnu chinnam vilikkukayenkilum cheyyum. Manushyano ? Avante madappadukalkkulla nyaayeekaranam enthaa ? Avante chinnam vilikalkkulla visadeekaranam enthaa ? Oorthaal aakeyoru vallaatha avastha. onnurakke chinnam vilikkanamennu palarkkum thonnaathirikkilla. pakshe Aanachangalayekkal bheekaramaa madam pottiya manushyanuvendi nam karuthiyittulla changalakal.....Valare nalla lekhanam maashe..maashinte lekhanangal palappozum enne sankatappetuththunnu...kaaranam mattonnumalla....ullilullathokke onnu thurannezuthaanavaatha ente, athinu vazangaatha ente e mangleeshuthane kaaranam... Saaramilla y-kaathe njaanum varum ente malayaalavumaayi...
ലേഖനം വളരെ നന്നായി...
ആശംസകൾ...
മനസ്സില്‍ ഒന്നു വിചാരിച്ച്
പുറമെ മറ്റൊന്നു കാണിക്കാന്‍ കഴിയുന്ന ഏകജീവി മനുഷ്യനാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്..
എന്തൊക്കെയോ പറയണമെന്നുണ്ട്...പക്ഷേ, ഭയം, സങ്കോചം, അങ്ങനെയെന്തെല്ലാമോ...
കവിത കുത്തിക്കുറിക്കുന്ന ലാഘവമില്ല്യാ ട്ടോ ഇതിന്...
നല്ല ലേഖനമെന്നു തോന്നി..ആനക്കാര്യം മാത്രമല്ല, മറിച്ച് മനുഷ്യന്റെ അഹങ്കാരവും ക്രൂരതയും എല്ലാം സഹിച്ചും അവര്‍ പ്രതികരിക്കുന്നില്ലല്ലോ..മറ്റു ജീവികള്‍ എന്തുപാവം അല്ലേ???
ഈയിടെ നമ്മുടെ മൈന മാതൃഭൂമിയിൽ ഒരു കാടനുഭവമെഴുതിയിരുന്നു.
കാട്ടിന് നടുവിലൂടെ ഒറ്റയ്ക്ക് കാടിന്റെ ഗന്ധവും ശബ്ദങ്ങളൂമാസ്വദിച്ച് സന്തോഷമായി നടക്കുമ്പോൾ
എവിടുന്നെങ്കിലും മനുഷ്യന്റെയോ വാഹനത്തിന്റെയോ അനക്കം കേട്ടാൽ ഭയന്ന് ഒളിച്ചുനിൽക്കേണ്ടിവന്ന ഒരനുഭവകഥ.
ക്ലാ ക്ലാ ക്ലാ..
ക്ലീ ക്ലീ ക്ലീ...
മൈന പലതും ചിലക്കും. അതു കേട്ട് പിന്നാലെ പോയാല്‍ കട്ട പ്പൊഹ തെന്നെ ഗതി.
"ഉത്സവപ്പറമ്പിലാണ് താന്‍ നില്‍ക്കുന്നത് എന്നും,മുകളില്‍ ദേവന്റെ പൊല്‍തിടമ്പാണ് എന്നും,ചുറ്റും കുട്ടികളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന പുരുഷാരമാണ് എന്നുമാണ് ആനയായാലും മനുഷ്യനായാലും ബ്ലോഗറായാലും ആദ്യം മനസ്സില്‍ തെളിയേണ്ടത്.ഇതിനേയൊക്കെയാണ് നാം ‘സംസ്കാരം’എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്."
bfk'MfjacCf (വികടശിരോമണി) ഒരേ വാക്ക് രണ്ട് രീതിയിലായാലും സംസ്കാരം തെളിയിക്കപ്പെടേണ്ടതു തന്നെയാണ്.
ഫാര്‍മര്‍ മാഷെ,
ആ വരികള്‍ കണ്ടു പിടിച്ചല്ലെ.
ഈ വിഷയത്തില്‍ ആദ്യം പുറത്തു വന്ന വരികളിലൊന്നാണിത്.
:)
അടിപോളി ലേഖനം.അഭിപ്രായം പറയതക്ക വിവരമില്ല
എല്ലാവർക്കും നന്ദി.
കതിരവ്ജീ പറഞ്ഞപോലെ,നാം വേദനകളെ കവിതകളാക്കി ജീവിക്കാൻ വിധിക്കപ്പെട്ടവർ.
സംസ്കാരപാഠങ്ങളെ,വിവക്ഷിതവും അവിവക്ഷിതവുമായ മേഖലകളിലെത്തിച്ചവരോട് എനിക്ക് കൃതഞ്ജതയുണ്ട്.
എഴുതിത്തീരുന്നതോടെ,ഇത് നിങ്ങളുടെയാകുന്നുവല്ലോ.
സ്നേഹം,വി.ശി.
നല്ല ചിന്തകള്‍...
ആശംസകള്‍...
മനുഷ്യന്റെ cultural evolution ആരംഭിച്ചിട്ടു അനേകം വര്ഷങളായി. വ്യത്യസ്ത കാലങളിലും ദേശങളിലും അതിന്റെ പ്രതിഭലനങള് വൈവിധ്യം ഉള്ളതു തന്നെയാണു. “മാനവികത
എന്ന ഉദ്ദേശത്തിലേ വ്യക്തത ദര്‍ശിക്കാനാകൂ. Live and let others live എന്ന് ഓരോ വ്യക്തിയും ചിന്തിക്കുന്ന ഒരു ലോകത്തു തോട്ടിയും ചങലയും അപ്രസക്തമാവുന്നു.സാസ്കാരിക പരിണാമം പുരോഗമിക്കുമ്പോഴും നമ്മുടെ സാസ്കരികമായ മാനദണ്ട്ങള് ഒരോ രാജ്യത്തും
ഓരോ വര്‍ഗ്ഗത്തിനും ഓരോ മതവിഭാഗത്തിനും അനുവര്‍ത്തിക്കുന്ന സിവില്‍ മത സദാചാര സംഹിതകള്‍ ഏകോപിപ്പിക്കുവാന്‍ മനുഷ്യനു കഴിഞിട്ടില്ല. വന്യ ജീവിയായ ആനയെ ചങലയും തോട്ടിയും കൊണ്ടു മെരുക്കുന്നതും സ്ത്രീക്കു വിദ്യാഭ്യാസവും വോട്ടവകാശവും നിഷേധിക്കുന്നതും സംസ്കാരതിന്റെ ലക്ഷ്യമല്ല. വസ്ത്രങളുടെ ഉപയോഗം ശരീര സംരക്ഷണം മാത്രമല്ല നാണം മറക്കുവാന്‍ കൂടിയാണു. എന്നാല്‍ hi profile rambil ക്യാറ്റ് വാക്കു
ചെയുമ്പൊള് വസ്ത്രം കുറയുന്നതു സംസ്കാരത്തിന്റെ ഭാഗം തന്നെയല്ലേ? മധ്യവര്‍ത്തി വിചാരിക്കുന്നു അവരാണു എല്ലാം തീരുമാനിക്കുന്നതെന്നു.സാംസ്കാരിക ലോകത്തിന്റെ തോട്ടി അവനുമേല്‍ നീട്ടിപിടിച്ചിരിക്കുന്നു. അവന് തന്നെ അതിന്റെ കാവലാളും
അഭിപ്രായം പങ്കുവെക്കുവാന്‍ അവസരം തന്നതിനു നന്ദി
Gramam,nagaram-eva thammilulla samgharsham thanneyalle 'Poothappattum'.ezhuthinokku.Thangalkku kazhiyum.
വികടാ... എലിപ്പന... ഹഹ .. മറക്കല്ലേ... !!
ഞാൻ പോയി പറ്റു കൊടുത്തുപോന്നു,പകലേ,അവിടത്തെ കുട്ടൻ പകലിനേക്കണ്ടാൽ ആ കട്ടുകൊണ്ടുപോയ കുപ്പികൾ തിരിച്ചുകൊണ്ടുകൊടുക്കാൻ പറഞ്ഞു.അവനേ വീട്ടിലേക്കു നടത്തല്ലേ...
please visit & leave your comment
http://mottunni.blogspot.com/
സമൂഹസംസ്കാരത്തെ ഒരു നേർ രേഖയായി സങ്കല്പിച്ചാൽ
കുറുകെ വരക്കുന്നതിനെക്കാളും
സമാന്തരമായി വരക്കുന്നതിനെക്കാളും
നല്ലത് നേർ രേഖയിൽ നീങ്ങുന്നതല്ലെ? എത്രയൊ തലമുറകൾ ഒരുപാട് ചിന്തിച്ചതിന്റെയും അനുഭവങ്ങളിൽ നിന്നു
സമാഹരിച്ചതിന്റെയും ആകെത്തുകയായാണ്
ആ നേർ രേഖ ഉരുത്തിരിഞ്ഞു വന്നത്.സ്വയം ജീവിക്കുന്നതോടൊപ്പം മറ്റുള്ളവരെ ജീവിക്കാനനുവദിക്കുകയും ചെയ്യുമ്പോൾ ആ നേർ രേഖയിലൂടെ സമാധാനമായി നടന്നുനീങ്ങാം.സൽഗുണസമ്പന്നൻ എന്ന പേരിനു വേണ്ടിയല്ല, എല്ലാവരും കുറുകെ നടന്നാൽ ഉണ്ടാകാവുന്ന കൂട്ടിമുട്ടൽ ഒഴിവാക്കാമല്ലൊ.കുറുകെ നടന്നവരും സമാന്തരം സൃഷ്ടിച്ചവരും ആരും അധികമൊന്നും നേടിയതായും ചരിത്രമില്ല. ചിന്തനീയമായ നല്ല ലേഖനം!!അഭിനന്ദനങ്ങൾ സ്വീകരിക്കുക!
ഉള്ളിലെ ദംഷ്ട്രകൾ ചുരമാന്തുമ്പോൾ ഒന്നുചിന്നം വിളിക്കാം,ചെരുപ്പെടുത്തെറിയാം-അത്രമാത്രം!
സത്യം!!
ഇഷ്ടപ്പെട്ടു...
ഒന്ന് ഓടിച്ചുവായിച്ചു.വിശദമായി പിന്നെ കമന്റാം....
വികടൻ,
നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും,പ്രാകൃതനായ ആ പഴയ മനുഷ്യനുണ്ട്...സംസ്കാരത്തിന്റെയും,സാമൂഹിക മര്യാദകളുടെ യും നേർത്ത ആ ആവരണത്തിനകത്ത് അവൻ ഒളിച്ചിരുക്കുന്നുണ്ടെന്നേ ഉള്ളൂ....നമ്മുടെതു പോലെ തേർത്തും മധ്യ വർഗ കേ ന്ദ്രീകൃതമായ ഒരാവാസ വ്യവസ്ഥയിൽ,അവന്റെ ജീവിത ചക്രം കൊച്ചു കൊച്ചൊളിഞ്ഞു നോട്ടങ്ങളിലും,ആത്മ രതിയിലും മാത്രമൊതുങ്ങുന്നു എന്നു മാത്രം...അതായത്,നമ്മളെല്ലാം,ഈ പുറന്തോടുകൾ പറിച്ചെറിഞ്ഞാൽ,പൊള്ളയായ മാന്യതയുടെ മൂ ടുപടങ്ങൾ അഴിച്ചു കളഞ്ഞാൽ,എവിടെപ്പോയി നിൽക്കും? കലാകാരന്മാർ പൊതുവേ ഈ സമൂഹത്തിന്റെ നിയമങ്ങളെയൊന്നും കൂസാത്തവരാണ്... തെറ്റായൊരു സമൂഹത്തിൽ അത്തരമൊരു മനുഷ്യൻ ജനിച്ചു പോയാൽ സംഭവിക്കുന്നദുരന്തത്തിന്റെ കാ വ്യാത്മകമായ ആവിഷ്കരണമാണല്ലോ സഹ്യന്റെ മകൻ.....
വികടൻ,ഉഗ്രൻ പോസ്റ്റ്...ശരിക്കും രസിച്ചു....
വികടശിരോമണി
അങ്ങിനെയും ഒരു പേരുണ്ടോ...
കൌണ്ടറ് ശരിക്കും കാണാനാവുന്നില്ല. അതിലെ ക്ലോക്ക് നന്നായിരിക്കുന്നു.
ക്ലോക്കിടാനുള്ള സൂത്രം പറഞ്ഞ് തരാമോ?
പിന്നെ താങ്കളുടെ
പോസ്റ്റ് മനോഹരമായിരിക്കുന്നു.
എല്ലാവരോടും നന്ദിയുണ്ട്.
ജെ.പി-ക്ലോക്ക് ഇടാൻ എളുപ്പമല്ലേ.എന്റെ ബ്ലോഗിൽ കാണുന്ന ആ ക്ലോക്കിൽ ക്ലിക്കൂ.പിന്നീടുകാണുന്ന ചോദ്യങ്ങൾ പൂരിപ്പിക്കുക.അവസാനം വിവിധമോഡലുകളിലുള്ള ക്ലോക്കുകൾ കിട്ടും.ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക.തുടർന്ന് കിട്ടുന്ന htmlകോഡ് ഒരു പുതിയ ഗാഡ്ജറ്റ് ആയി ബ്ലോഗിൽ സേവ് ചെയ്യുക.ഇത്രയേ വേണ്ടു.
വളരെ അര്‍ത്ഥവത്തായ ഒരു പോസ്റ്റ്! കാണാന്‍ വൈകി :-(
ഞാനും കാണാന്‍ വൈകി..:(
ഓടോ: ടെമ്പ്ലേറ്റ് മാറ്റീല്ലെങ്കിലുണ്ടല്ലാ...ഗ്ര്ര്ര്ര്ര്ര്ര്ര്ര്
Post a Comment