Pages

കുഞ്ഞുണ്ണിമാ‍ഷ്-അസംബന്ധങ്ങളുടെ രാജശിൽ‌പ്പി


കുഞ്ഞുണ്ണിമാഷ് അവസാനകാലത്ത് ചിരകാലാഭിലാഷമായിരുന്ന ഹിമാലയദർശനം നടത്തി എന്നു കേട്ടതുമുതൽ,ഞാനെന്നും മനസ്സിൽ താലോലിയ്ക്കുന്ന ഒരു ത്രസിപ്പിയ്ക്കുന്ന ദൃശ്യഭാവനയാണ് ഹിമാലയത്തിന്റെ ചുവട്ടിലെ കുഞ്ഞുണ്ണി.മുന്നിൽ ആകാലനീലത്തോടു മത്സരിയ്ക്കുന്ന ഹിമവൽ‌ശൃംഗം,ചുവട്ടിൽ ഇത്തിരിപ്പോന്ന കുഞ്ഞുണ്ണി…വല്ലാത്തൊരു കാഴ്ച്ചയാവും അത്.(ഫോട്ടോഷോപ്പ് കയ്യിലൊതുങ്ങിയപ്പോൾ ഞാനാദ്യം ചെയ്ത വർക്കുകളിലൊന്ന്:)മലയാളം കണ്ട യഥാർത്ഥ ‘ചെറിയ(?)കാര്യങ്ങളുടെ തമ്പുരാൻ’ ഒരേ സമയം എന്റെ സെൻസുകളോടും നോൺസെൻസുകളോടും സംസാരിച്ചു.
പി.കുഞ്ഞിരാമൻ നായർ,നിലാവത്തിരുന്ന് വെറ്റിലയിൽ ചുണ്ണാമ്പുതേയ്ക്കുമ്പോൾ “കണ്ണട കൊണ്ടുവാ,നിലാവും ചുണ്ണാമ്പും മാറിപ്പോവുന്നു”എന്നു പറഞ്ഞത് ചുള്ളിക്കാടിന്റെ ഓർമ്മക്കുറിപ്പിൽ വായിച്ചപ്പോഴും ഞാനെന്തുകൊണ്ടോ കുഞ്ഞുണ്ണിമാഷെ ഓർത്തു.ഒരിയ്ക്കലും മാഷിനതു വേണ്ടിവരില്ല,കാരണം കുഞ്ഞുണ്ണി നിലാവിന്റെ മുട്ടയെടുത്തു ഗോട്ടി കളിച്ചവനാണ്,ആകാലനീലിമ പിഴിഞ്ഞുനീരെടുത്ത് ചിത്രം വരച്ചവനാണ്,മാനത്തുമിന്നുന്ന നക്ഷത്രങ്ങളെയെടുത്തു മേക്കാച്ചിത്തവളയ്ക്കു വെച്ചുകൊടുത്തവനാണ്.വലപ്പാട്ടെ പടിയിൽ കാവലുകിടക്കും,നിലാവ്.
ഘടന,രൂപം,ശിൽ‌പ്പം തുടങ്ങിയ വാക്കുകളൊക്കെ മാഷിനുമുന്നിൽ ചളുങ്ങിയ പാത്രങ്ങളാവും.മാഷിന്റെയിഷ്ടത്തിന് അവയൊക്കെ രൂപാന്തരപ്പെടും.ഒരു കല്ലുമ്മേയ്ക്കായയാണ് മാഷിന് ഒരു വാക്ക്.അതു തല്ലിപ്പൊട്ടിച്ചു രസിയ്ക്കും.അതിനു സമ്മതമെന്ന മട്ടിൽ മാഷിന്റെ വലയിലേക്ക് വാക്കുകൾ അനുസരണയോടെ വന്നുകയറും.
“ഒരു കുട്ടിയ്ക്കൊരു റൊട്ടി-
ക്കൊരു വട്ടിയ്ക്കൊരു പെട്ടി-
ക്കൊരു കൊട്ടിൽ
ആ കൊട്ടിലിലുള്ള
പെട്ടിയിലുള്ള
വട്ടിയിലുള്ള
റൊട്ടി തിന്നാനുള്ള കുട്ടി”
എന്ന്,അവസാനം കുഞ്ഞുണ്ണി ബാക്കിവരുന്ന വാക്കുകളെടുത്ത് അമ്മാനമാടും.അതിനും അവയ്ക്കു സമ്മതം.ഒരു സംബന്ധവും വേണമെന്നില്ല,അവയ്ക്ക്.എന്തൊരനുസരണ!
അസംബന്ധകവിത എന്ന വാക്കുതന്നെ ‘സംബന്ധകവിത’എന്നൊരസംബന്ധത്തെ സിദ്ധവൽക്കരിക്കലാണല്ലോ.മാഷു ചോദിച്ച പോലെ,ഏതു കവിതയാണ് ‘സെൻസുള്ള കവിത’?പ്ലേറ്റോ തന്റെ റിപ്പബ്ലിക്കിൽ നിന്ന് കവികളെ ആദ്യം പുറത്തുചാടിച്ചു.നൈയായികനായ ജയന്തഭട്ടൻ “അഥവാ കവിഭിഃസാർദ്ധം വ്യാഹാരോപി ന ശോഭതേ” എന്ന് കവികൾ അസംബന്ധപ്രലാപികളാണെന്ന് പരിഹസിച്ചു.ഷേക്സ്പിയർ കവിയും ഭ്രാന്തരും സമാനരാണ് എന്നു പ്രഖ്യാപിച്ചു.ഇതിലൊക്കെ വലുത് നമുക്ക് കുഞ്ഞുണ്ണി പറഞ്ഞുതന്ന അസംബന്ധം തന്നെ.കാരണം,അതൊരു ജീവിതത്തിന്റെ സംബന്ധമായിരുന്നു.
“എന്തൊരൽഭുതമയ്യാ
പഞ്ചാര മധുരിപ്പൂ”
എന്ന നിഷ്കളങ്കമായ വിസ്മയ മധുരമായിരുന്നു.
ഒരു പാരമ്പര്യത്തിന്റെയും തുടർച്ചയല്ല കുഞ്ഞുണ്ണി.ഒരു ശബ്ദവും സ്വാധീനിച്ചിട്ടുമില്ല.സമകാലത്തിലെ ആധുനികതയുടെ മാറാപ്പുകളുടെയൊന്നും ഭാരവും ഇല്ല.പക്ഷേ,ആ കവിത എവിടെയൊക്കെയോ നമ്മെ കീറിമുറിച്ചു.

വഞ്ചിപ്പാട്ടുണ്ടാക്കിയത് രാമപുരത്തുവാര്യരല്ല.പക്ഷേ നതോന്നതങ്ങളിൽ കരയുന്ന ആ ഛന്ദസിനെ രാജാവിനോടുള്ള ദരിദ്രന്റെ നിലവിളിയാക്കിയത് രാമപുരത്തുവാര്യരുതന്നെയാണ്.കുചേലസദ്ഗതിയുടെ പുരാവൃത്തം,“ഇല്ല ദാരിദ്ര്യാർത്തിയോളം-ഇല്ലം കുത്തുമാറായതു കണ്ടാലും”എന്നിടത്തോളമുള്ള വിലാപമാക്കി രാജാവിനു മുന്നിൽ ഒരു തോണിയാത്ര കൊണ്ടദ്ദേഹം പാടിത്തീർത്തപ്പോൾ,അപ്പുറത്തിരുന്ന രാജാവ് അസ്തമിച്ചുപോയിരിക്കണം.
ഇതിനു വിപരീതമായിരുന്നു നമ്പ്യാരുടെ ശബ്ദം.കരയാനല്ല,ചിരിയ്ക്കാനാണ് നമ്പ്യാർമഠത്തിന്റെ ഇരുൾമുറിയിലേക്ക് സർവ്വപ്രപഞ്ചങ്ങളേയും ആവാഹിച്ച ആ മാന്ത്രികൻ പറഞ്ഞത്.അധികാരത്തിനു നേരെയുള്ള കൊലച്ചിരി. “പശുവേ നിനക്കും പക്കത്താണോ ഊണ്” എന്ന ചോരപുരണ്ടചിരി.രാജപത്തനസ്വർഗ്ഗങ്ങളല്ല കുഞ്ചന്റെ ഹംസം പറന്നുയർന്നപ്പോൾ കണ്ടത്,“നായർ വിശന്നു വലഞ്ഞുവരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല”എന്ന ജീവിതമാണ്.
പലയിടത്തും കുഞ്ഞുണ്ണിഹാസ്യം നിർവ്വഹിച്ചതും ഇത്തരം ധർമ്മങ്ങളായിരുന്നില്ലേ? “പിറക്കും മുതൽ ഇംഗ്ലീഷ് പഠിക്കാനായി പേറ് ഇംഗ്ലണ്ടിൽ തന്നെയാക്കു”കയും,“ഞാനമ്മയുടെ വയറ്റിൽ നിന്നു പിറന്നുവീണത് എന്റെ വയറ്റിലേയ്ക്കായിരുന്നല്ലോ”എന്ന് തിരിച്ചറിയുകയും ചെയ്യുന്ന കുഞ്ഞുണ്ണിയിൽ നിറഞ്ഞതും അതേ ജീവിതസമസ്യകളായിരുന്നില്ലേ?
അസംബന്ധം പൊതുവേ രണ്ടു മാതിരിയുണ്ട്,നിരുദ്ദേശ്യവും സോദ്ദേശ്യവും..ചിരപരിചിതമായ ലോകത്തിന്റെ യുക്തിഭദ്രതയുടെ മടുപ്പിൽ നിന്ന് മുക്തിനേടി ഔപബോധികമായ സ്വപ്നത്തിന്റെ ആനന്ദലഹരിയിൽ രമിയ്ക്കാനുള്ള ആഗ്രഹത്തിന്റെ മൂർത്തരൂപമാണ് നിരുദ്ദേശ്യമായ അസംബന്ധത്തിൽ നാം കാണുന്നത്.മനസ്സിന്റെ അർത്ഥാകാംക്ഷ തീർത്തും പരാജയപ്പെടുമ്പോഴുണ്ടാകുന്ന വിസ്മയത്തിൽ നാം മുഴുകുന്നു.അപരിചിതമായ ഒരു വസ്തുപ്രപഞ്ചം മുന്നിൽ കണ്ട് ഒന്നും വിവേചിച്ചറിയാൻ മിനക്കെടാതെത്തന്നെ സഹജമായ വിസ്മയത്തിൽ ആനന്ദിക്കുന്ന ബാലഭാവനയിൽ നാം മുഴുകുന്നു.‌“അടിസ്ഥാനപരമായി,ബാലിശതയാണ് കവിത”എന്ന എം.ഗോവിന്ദന്റെ നിരീക്ഷണം അതേപടി ശരിയാവുന്നു.‌“Child is father of a man”എന്ന വേഡ്സ് വർത്തിന്റെ വാചകം അന്വർത്ഥമാകുന്നു.വർണ്ണാവൃത്തിരൂപമായ ശബ്ദരൂപങ്ങളായ ഇത്തരം സൃഷ്ടികളിൽ നമുക്ക് മറ്റുപലഭാഷകളിലെന്നതുപോലെ,ഒരു ഫോൿലോർ പാരമ്പര്യമുണ്ട്.
“കണ്ടരയ്യന് നേർപൊലി ചെയ്താൽ
കണ്ണുരണ്ടും തരികിടതിമൃതൈയ്”
എന്നും,
“ചങ്കരാ കരകരാ ചന്തികൊണ്ടൊന്നര
പായസച്ചട്ടുകം നക്കെടാ നീ”
എന്നും ശബ്ദജാലം കൊണ്ടുള്ള കളി.ഇവയുടെ ഉത്സവം കുഞ്ഞുണ്ണിയിൽ കാണാം.
“ഇരുട്ടുരുട്ടിയെടുത്ത് വെട്ടത്തിട്ട്
വെട്ടമുരുട്ടിയെടുത്തിരുട്ടത്തിട്ട്
ഇരുട്ടും വെട്ടവും കൂട്ടിയുരുട്ടിയട്ടത്തിട്ട്”
എന്നുവരെയെത്തുന്ന വാക്കിന്റെ തട്ടിക്കളി.
“പപ്പടം വട്ടത്തിലാവുക കൊണ്ടാവാം
പയ്യിന്റെ പാലു വെളുത്തതായി
പയ്യിന്റെ പാലുവെളുത്തതുകൊണ്ടാവാം
പാക്കലം മണ്ണുകൊണ്ടുണ്ടാക്കുന്നു
പാക്കലം മണ്ണുകൊണ്ടാവുകകൊണ്ടാവാം
പാപ്പുവിൻ പീപ്പിയ്ക്ക് പെപ്പരപ്പേ”
എന്നുവരെയെത്തുന്ന അസംബന്ധത്തിമർപ്പ്.
എഡ്വേഡ് ലിയറും,ജോൺസ് റൂഷ്റ്റും പാശ്ചാത്യലോകത്തു ചെയ്തിരുന്ന അതേ തരികിട.ഇതൊട്ടും ലളിതമല്ല.അനുകരിക്കാനുമാവില്ല.
സോദ്ദേശ്യമായ അസംബന്ധം പ്രത്യക്ഷത്തിൽ അസംബന്ധമാണെങ്കിലും ഒരർത്ഥത്തിന്റെ പ്രത്യായനം സാധിക്കുന്നതുമാണ്.അതിനുദാഹരണങ്ങൾ നിരത്തിയാൽ അവസാനമില്ലല്ലോ.ലോകമഹായുദ്ധങ്ങൾക്കുശേഷം അനുഭവങ്ങളുടെ സങ്കീർണ്ണത ചിരകാലോപയോഗം കൊണ്ട് ദുർബലമായ ചിഹ്നങ്ങളുടെ അപര്യാപ്തിയോടേറ്റുമുട്ടുകയും,ചിഹ്നവ്യവസ്ഥയെ പൂർവ്വാധികം വക്രീകരിച്ചുകൊണ്ട് ചിത്രകലയിലും സാഹിത്യത്തിലും സംഗീതത്തിലും രംഗകലകളിലും എല്ലാം ആവിഷ്കൃതമാവുകയും ചെയ്തു.ഹെന്റി ഹോഫ്മാൻ,സാമുവേൽ ഫുട്,ജെയിംസ് തർബർ എന്നിവരുടെ അസംബന്ധരചനകളുടെ തലം ഈ സങ്കീർണ്ണപശ്ചാത്തലത്തിൽ നിന്നുരുവം കൊണ്ടതുകൂടിയാണ്.
കുഞ്ഞുണ്ണിയുടെ അസംബന്ധങ്ങൾ മിക്കതും ഇത്തരം സമകാലീനസങ്കീർണ്ണതകളോടുള്ള സ്പന്ദനങ്ങളാണ്.ഒന്നോ രണ്ടോ വരികളിലൂടെയോ ഈരടികളിലൂടെയോ സംസാരിയ്ക്കുന്ന അവയുടെ ധ്വനനശേഷി കാലങ്ങളെ കവച്ചുകടക്കുന്നതും അതുകൊണ്ടു തന്നെ.“എ.ഡി.ക്കുള്ളിലാണ് ബി.സി.എന്ന സാരസ്വതരഹസ്യം പങ്കുവെക്കപ്പെടുന്നത് ആ സങ്കീർണ്ണമായ കാലപരിസരത്തിലാണ്.ലോകം തിരിച്ചിട്ടു കോലവും,കോലം തിരിച്ചിട്ടു ലോകവും നിർമ്മിയ്ക്കുന്ന അന്തർബോധവും.
ജപ്പാനിൽ “ഹൈക്കു”എന്നൊരു കവിതാരൂപമുണ്ടെന്നും,അതു കുഞ്ഞുണ്ണിത്തമുള്ള കവിതയാണെന്നും മാഷറിഞ്ഞിരുന്നോ,എന്തോ!അറിഞ്ഞിരിയ്ക്കാൻ വഴിയില്ല.മലയാളമായിരുന്നല്ലോ,മാഷിന്റെ പ്രപഞ്ചം.എനിയൊരു ജന്മമുണ്ടെങ്കിൽ അതു മലയാളത്തിലെ ‘റ’എന്ന അക്ഷരമായിട്ടു മതി എന്നിടത്തോളമെത്തിയ അഭിനിവേശം.
ഒ.വി.വിജയൻ കുഞ്ഞുണ്ണിമാഷിനെഴുതിയ കത്തുകളിൽ,മാഷിനെ സംബോധന ചെയ്യുന്നത് “കുഞ്ഞുണ്ണിനരീ”എന്നാണത്രേ!ഇത്രയും സാധുവായ,എന്നാൽ നമ്മുടെ പൊങ്ങച്ചങ്ങളുടെ ദുർമേദസ്സുകളെ കടിച്ചുകീറിത്തിന്ന,ഒരു നരിയും നമുക്കുമുന്നിലില്ല.
“ചിറകടിപോലും കേൾപ്പിക്കാതെ
പറക്കുംപക്ഷിക്കൊരു ചിറകാകാശം
മറുചിറകേതെന്നറിയില്ല
അറിയും വരെയിക്കവിതയപൂർണ്ണം”
മാഷിനേപ്പറ്റിയുള്ള ഒരു വിചാരവും,ഈ കവിതയെപ്പോലെ ഒരിയ്ക്കലും പൂർണ്ണമാകുന്നില്ല.

22 comments:

വികടശിരോമണി said...

കുഞ്ഞുണ്ണിമാഷ്...

Anonymous said...

പൊക്കമില്ലായ്മയാണെൻ പൊക്കം എന്നു പറഞ്ഞ,മലയാളി സമൂഹത്തിന്റെ എല്ലാ മധ്യ വർഗ ജാഡ്യങ്ങളെയുംസ്വതസിധ്ധമായ നർമ്മത്തോടെ പരിഹസിച്ച മാഷെ ഓർമ്മിച്ചതിന്‌ നന്ദി.....

Sajeesh said...

വി.ശി.

കുഞ്ഞുണ്ണി മാഷെ പറ്റി വായിച്ചപ്പോള്‍ അദ്ദേഹം മലയാളം ഭാഷയെ പറ്റി വിവരിച്ചത് ഓര്‍മയില്‍ വന്നു.

മലയാളത്തില്‍ പൂച്ച എന്ന് എഴുതി, പൂച്ച എന്ന് വായിച്ചാല്‍, പൂച്ച എന്നുതന്നെ അര്‍ത്ഥം. എന്നാല്‍ ഇംഗ്ലീഷില്‍ സി എ ട്ടി (CAT) എന്ന് എഴുതി ക്യാറ്റ് എന്ന് വായിച്ചാല്‍ പൂച്ച എന്നര്‍ത്ഥം, എന്ത് ഒരു ഭാഷ ആണ് ഇത് ? എത്രയും നല്ല ഒരു വിവരണം ഇത്ര ലളിതമായി ആര്‍ക്കാണ് അവതരിപ്പിക്കാന്‍ കഴിയുക അല്ലെ ? കുഞ്ഞുണ്ണി മാഷക്ക് അല്ലാതെ ആര്‍ക്കും പറ്റില്ല.

സജീഷ്

അനില്‍@ബ്ലോഗ് said...

കുറിപ്പ് നന്നായി വികടശിരോമണി.

കൊച്ചു കൊച്ചു വാചങ്ങളുമായി വലിയ വലിയ ചിത്രങ്ങള്‍ വരച്ചിരുന്ന മനുഷ്യന്‍.
പലപ്പോഴും ഒറ്റക്കേഴ്വിക്ക് ഇഷ്ടമായിരുന്നില്ല, കുഞ്ഞുണ്ണിക്കവിതകള്‍, എനിക്ക്. പക്ഷെ വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ അവയെ ഇഷ്ടപ്പെടാന്‍ തുടങ്ങും. എങ്കിലും ഒരല്പം ദൂരെത്തന്നെയായിരുന്നു അദ്ദേഹം, അസ്വാദനത്തിലെ പിഴവാകാം, പരിവേഷങ്ങളോടുള്ള വിമുഖതയാവാം, തെറ്റ് എന്റേത് തന്നെ.

ആശംസകള്‍

നിഷ്ക്കളങ്കന്‍ said...

വി.ശി. ജീ തലേക്കെട്ട് കണ്ട് പരിഭ്രമിച്ചു. ഇപ്പോ‌ള്‍ സന്തോഷം. ന‌ന്നായി.

കാപ്പിലാന്‍ said...

വിശി ...നല്ലൊരു ലേഖനം .കവിയും ഭ്രാന്തനും ഒരു പോലെ . വളരെ ശരിയായി തോന്നുന്നു :) . കുഞ്ഞുണ്ണി മാഷിനു പകരം കുഞ്ഞുണ്ണി മാഷ്‌ മാത്രം .
ആയുഷ്മാന്‍ ഭവഃ

രണ്‍ജിത് ചെമ്മാട്. said...

മാഷെ ഓര്‍മ്മിപ്പിച്ചതിന് നന്ദി....

dethan said...

മലയളത്തിന്റെ "മഹാസാഹിത്യകാരന്‍","ചെറുകഥാ ചക്രവര്‍ത്തി" (എല്ലാം അദ്ദേഹത്തിന്റെ സ്വന്തം
അവകാശ വാദങ്ങളാണ്)റ്റി.പത്മനാഭന്‍,അടുത്ത കാലത്ത്,"കുഞ്ഞുണ്ണി കവിയല്ല" എന്നു പറഞ്ഞതിനുള്ള മധുരമായ മറുപടിയായി ഈ പോസ്റ്റ്.ക്ലിക്കുകളും ഗ്രൂപുകളും ഇല്ലാതിരുന്നിട്ടും കേരളം
അംഗീകരിച്ച കവിയാണ് കുഞ്ഞുണ്ണി മാഷ്. മലയാളം മനസ്സിലേറ്റിയ കുഞ്ഞു കവിതകള്‍ സൃഷ്ടിച്ച വലിയ കവിയെ ശരിയായി വിലയിരുത്തിയതിന് പ്രത്യേക അഭിനന്ദനം.

-ദത്തന്‍

സുല്‍ |Sul said...

കുഞ്ഞുണ്ണിമാഷെ ഓര്‍ത്തതിനു നന്ദി.
-സുല്‍

പാവത്താൻ said...

പശുത്തൊഴുത്തിൽ നീ ജനിച്ചു വീണതും
മരക്കുരിശിൽ നീ മരിച്ചുയർന്നതും
വളരെ നന്നായി മനുഷ്യപുത്രാ നീ
ഉയിർത്തെണീറ്റതോ പരമ വിഡ്ഡിത്തം.
(ഓർമ്മയിൽ നിന്നെഴുതിയത്‌)

...പകല്‍കിനാവന്‍...daYdreamEr... said...

ഇത്രയും സാധുവായ,എന്നാൽ നമ്മുടെ പൊങ്ങച്ചങ്ങളുടെ ദുർമേദസ്സുകളെ കടിച്ചുകീറിത്തിന്ന,ഒരു നരിയും നമുക്കുമുന്നിലില്ല.
“ചിറകടിപോലും കേൾപ്പിക്കാതെ
പറക്കുംപക്ഷിക്കൊരു ചിറകാകാശം
മറുചിറകേതെന്നറിയില്ല
അറിയും വരെയിക്കവിതയപൂർണ്ണം”
മാഷിനേപ്പറ്റിയുള്ള ഒരു വിചാരവും,ഈ കവിതയെപ്പോലെ ഒരിയ്ക്കലും പൂർണ്ണമാകുന്നില്ല..

വികടാ വളരെ നല്ല പോസ്റ്റ്... മാഷിനെ പറ്റിയുള്ള ഓര്‍മ്മകള്‍ മലയാളി മനസ്സുകളില്‍ ഒരിക്കലും മരിക്കുന്നില്ല.. മാഷിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍..

VAIDYANATHAN, Chennai said...

എത്രയും പ്രിയപ്പെട്ട വികടശിരോമണി, “പൊക്കമില്ലായ്മയാണെൻ പൊക്കം“ എന്നു പറഞ്ഞ ആ ചെറിയ-വലിയ മനുഷ്യനെ കുറിച്ച് ഒരു നല്ല പോസ്റ്റ്. കുഞ്ഞുണ്ണി മാഷിനെ പറ്റിയുള്ള ഓര്‍മ്മകള്‍ മലയാളി മനസ്സുകളില്‍ ഒരിക്കലും മരിക്കുന്നില്ല.സജീഷ് എഴുതിയ “മലയാളത്തില്‍ പൂച്ച എന്ന് എഴുതി, പൂച്ച എന്ന് വായിച്ചാല്‍, പൂച്ച എന്നുതന്നെ അര്‍ത്ഥം. എന്നാല്‍ ഇംഗ്ലീഷില്‍ സി എ റ്റീ (CAT) എന്ന് എഴുതി ക്യാറ്റ് എന്ന് വായിച്ചാല്‍ പൂച്ച എന്നര്‍ത്ഥം, എനന്തൊരു ഭാഷ ആണ് ഇത് ? എത്രയും നല്ല ഒരു വിവരണം ഇത്ര ലളിതമായി ആര്‍ക്കാണ് അവതരിപ്പിക്കാന്‍ കഴിയുക അല്ലെ? കുഞ്ഞുണ്ണി മാഷക്ക് അല്ലാതെ ആര്‍ക്കും പറ്റില്ല“ എന്ന ‘മറുമൊഴി’ മനോഹരം. നിഷ്ക്കളങ്കൻ എഴുതിയ പോലെ “തലേക്കെട്ട് കണ്ട് പരിഭ്രമിച്ചു“. പക്ഷെ വായിചുവന്നപ്പോൾ സന്തോഷം തോന്നി. മാഷിനെ പറ്റിയുള്ള ഓര്‍മ്മകള്‍ മലയാളി മനസ്സുകളില്‍ ഒരിക്കലും മരിക്കുന്നില്ല. ഒരു കാര്യം കൂടി എഴുതാമായിരുന്നു. കുഞ്ഞുണ്ണി മാഷിന്റെ ‘ഭക്തി’, അതും പ്രത്യെകിച്ച് ‘കൃഷ്ൺ-ഭക്തി’. അതും കൂടെ ഇല്ലാതെ ഈ ‘പോസ്റ്റ്’ പൂർ‌ൺ‌മാകില്ല. മാഷിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍..... നമസ്കരിച്ചുകൊണ്ട്.

hAnLLaLaTh said...

രണ്ട് കൊട്ട് തരാന്‍ വന്നതാ .......
എന്‍റെ പ്രിയ മാഷെക്കുറിച്ച് കുറ്റം വല്ലതും എഴുതിയോ എന്നറിയാന്‍...!
തലക്കെട്ട്‌ തെറ്റിദ്ധരിപ്പിച്ചു കളഞ്ഞു...!!
നല്ല രചന ആശംസകള്‍...

കാന്താരിക്കുട്ടി said...

തലക്കെട്ട് കണ്ടപ്പോൾ ഞാനും ഒന്നു തെറ്റിദ്ധരിച്ചു.പൊക്കമില്ലാത്തതാണെന്റെ പൊക്കം എന്നു ദിവസവും ചൊല്ലാതെ ഞാൻ ഉറങ്ങാറില്ല.എന്റെ പ്രിയ കുഞ്ഞുണ്ണി മാഷെ പറ്റി നല്ലൊരു ലേഖനം എഴുതിയ വി ശി മ ക്ക് നന്ദി.

മുസാഫിര്‍ said...

കുഞ്ഞുണ്ണി മാഷെപ്പറ്റി നല്ല ഒരു ലേഖനം.തലേക്കെട്ട് ?

കൃഷ്‌ണ.തൃഷ്‌ണ said...

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളര്‍ന്നവന്‍ വിളയും, വായിക്കാതെ വളര്‍ന്നവന്‍ വളയും. എന്നും‌
അക്ഷരമേ നിന്നെ എനിക്കി‘ക്ഷ‘ പിടിച്ചു
അതില്‍ 'അര' മുള്ളതിനാല്‍ എന്നും‌ പറഞ്ഞ ആ ചെറിയ വലിയ മനുഷ്യനെക്കുറിച്ചു മനോഹരമായ ഭാഷാശൈലികൊണ്ടവതരിപ്പിച്ച വി.ശി.ക്കു നന്ദി..നന്ദി

ജയകൃഷ്ണന്‍ കാവാലം said...

ഹൃദ്യമായ അവതരണം... ഏറെ ആസ്വദിച്ചു വായിച്ചു

ആശംസകള്‍

santhosh|സന്തോഷ് said...

ഗംഭീര വിശകലനം, ഓര്‍മ്മകുറിപ്പ്.

ഒരുകാലത്ത് മലയാളിയുടെ ഇംഗ്ലീഷ് പൊങ്ങച്ച/വിധേയത്തെ മാഷ് കളിയാക്കിയതിങ്ങനെ..

“ജനിക്കും തൊട്ടെന്‍ മകനിഗ്ലീഷ് പഠിക്കണം
അതുകൊണ്ട് ഭാര്യതന്‍ പേറി-
ഗ്ലണ്ടില്‍ തന്നെയാക്കി ഞാന്‍”

(ഓര്‍മ്മയില്‍ നിന്ന് എഴുതിയത്)

ഒരു നാലു പേജ് വിമര്‍ശനം എഴുതിയാല്‍ പോലും ഇത്രത്തോളം വരില്ല

വികടശിരോമണി said...

വന്നവർക്കെല്ലാം നന്ദി.
തലക്കെട്ടു സൃഷ്ടിച്ച തെറ്റിദ്ധാരണ മനപ്പൂർവ്വമല്ല.പെട്ടെന്ന് മനസ്സിൽ വന്ന ഒരു പേരിട്ടു,അത്രമാത്രം.
നന്ദി.

ആചാര്യന്‍... said...

ഫോളോ ഓപ്ഷന്‍ ഇടൂ വികട്ന്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വികടശിരോമണി ജീ, നമസ്കാരം ആ വലിയ മനുഷ്യനെ കുറിച്ച്‌ പകര്‍ന്ന ഈ വാക്കുകള്‍ക്ക്‌.
അദ്ദേഹത്തിന്റെ നാലുവരികളെ ഞാന്‍ ഇവിടെ ഓര്‍മ്മിച്ചിരുന്നു

well wisher said...

Ithrayum aalukal mashe snehikkunnudennu ariyumbol valare santhosham.
Aashamsakal