Pages

അമ്മക്കു മരണമില്ല.


നെയ്പ്പായസമടച്ചുവെച്ച്
അമ്മ പോയിരിക്കുന്നു.
തലമുറകളുടെ പ്രവാഹങ്ങൾ
കുടിച്ചാലും തീരാത്ത പായസപ്പാത്രം.
മുനകൂർത്ത സ്വപ്നങ്ങൾ കൊണ്ടു കീറിയ
ഹൃദയങ്ങളെ കാത്ത്
ആ പായസം തീരാതെയിരിക്കും.
ചോരയിറ്റുവീഴുന്ന മൌനങ്ങളിൽ നിന്ന്
എന്നും കുട്ടികൾക്ക് അമ്മ നെയ്പ്പായസം വിളമ്പും.
അമ്മക്കു മരണമില്ല.

14 comments:

വികടശിരോമണി said...

അമ്മക്കു മരണമില്ല.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

സ്നേഹത്തിന്റെ കഥാകാരിക്ക് ആദരാഞ്ജലികള്‍.

അരുണ്‍ കായംകുളം said...

മാധവിക്കുട്ടിയ്ക്ക് ആദരാഞ്ജലികള്‍.

...പകല്‍കിനാവന്‍...daYdreamEr... said...

പ്രിയപ്പെട്ട മാധവിക്കുട്ടി.. നിങ്ങള്‍ക്ക് മരിക്കാന്‍ കഴിയില്ല.. വാക്കുകളിലൂടെയും ആക്ഷരങ്ങളിലൂടെയും എന്നും ഞങ്ങളില്‍ ജീവിക്കും..
ആദരാഞ്ജലികള്‍..

കുമാരന്‍ | kumaran said...

ആദരാഞ്ജലികള്‍.

അനില്‍@ബ്ലോഗ് said...

വികടശിരോമണി,
“അമ്മ“ വേണ്ട.
നീര്‍മാതളപ്പൂവിതള്‍ മനസ്സില്‍ പറത്തുന്ന ആ പെണ്‍കുട്ടിയാണ് മനസ്സിലെന്നും.

ആദരാഞ്ജലികള്‍

കാപ്പിലാന്‍ said...

നീര്‍മാതളത്തിന് ആദരാഞ്ജലികള്‍

എതിരന്‍ കതിരവന്‍ said...

മാതൃത്വത്തിന്റെ സ്നിഗ്ദ്ധതയും സ്ഥലകാലാതിവർത്തിയായ വ്യവസ്ഥയും ഇത്രയും ആർജ്ജവത്തോടെ ചിത്രീകരിച്ച മറ്റൊരു കഥാകാരി നമുക്കില്ല തന്നെ. ‘നെയ്പ്പായസ’വും ‘നാവിക വേഷം ധരിച്ച കുട്ടി” യും അനന്യമയ ഉദാഹരണങ്ങൾ. മദ്ധ്യവർത്തി ജാടകളേയും വ്യർഥമായ ആർഭാടത്തേയും ധൈര്യപൂർവ്വം വെളിവാക്കാൻ ഒരുമ്പെട്ടതുകൊണ്ട് മലയാളസാഹിത്യകാരന്മാരുടെ പേടി ഇവർക്കെതിരെയുള്ള നിന്ദയും പോരും ആക്രമണവുമായി മാറി. “അവന്തിരാജകുമാരി’ പോലെ കാലത്തിനു മുൻപേ എഴുതപ്പെട്ട കഥകൾ കണ്ടില്ലെന്നു നടിച്ചു ഇക്കൂട്ടർ. “എന്റെ കഥ’ എഴുതുന്നതിനു മുൻപു തന്നെ പ്രശസ്ത കഥകൾ മിക്കതും എഴുതപ്പെട്ടിരുന്നു. പക്ഷെ എന്റെ കഥ എന്നതിലെ ഫിക്ഷൻ മനസ്സിലായില്ലെന്നു നടിച്ച് അത് ചെളി കോരി എറിയാനുപയൊഗിക്കപ്പെടുകയാണുണ്ടായത്. “ഗുരുവായൂരിൽ ശ്രീകൃഷ്ണൻ ഇല്ല, എന്റെ കൂടെ ഇറങ്ങിപ്പോന്നു’ എന്നതിലെ കാവ്യാത്മകത മനസ്സിലായില്ലെന്നു വരെ മലയാളികൾ കള്ളം പറഞ്ഞു.

പെണ്ണുങ്ങൽ എഴുതിത്തെളിയുന്നതോ അങ്ങനെ ശക്തിയാർജ്ജിക്കുന്നതോ മലയാളി (എഴുത്തുകാർ)ക്ക് സഹിക്കുകയില്ല. എം. ലീലാവതി എഴുതിത്തെളിയുന്നതു കണ്ട് അവരെ തെറി വിളിച്ച് ആത്മരതി പൂകിയവരാണു നമ്മുടെ എഴുത്തുകാർ.

മാധവിക്കുട്ടി പോയെങ്കിലും അവരുടെ കഥകളെ തൊടാനുള്ള അകലത്തിൽ ഇവരൊന്നും എത്തുകയില്ല. അതു തന്നെ ആശ്വാസം.

sreekumarvarrier said...

കഥാകാരിക്ക് ആദരാഞ്ജലികള്‍.........
ജീവിക്കുന്നു...മനസുകളില്‍ .......

ചാണക്യന്‍ said...

ആദരാഞ്ജലികള്‍...

ധൃഷ്ടദ്യുമ്നൻ said...

സത്യം..അമ്മയ്ക്ക്‌ മരണമില്ല..

വികടശിരോമണി said...

ഈ സങ്കടപ്പായസത്തിൽ പങ്കുചേർന്നവർക്കൊക്കെ ഒപ്പം ഞാനുമുണ്ട്:)
കതിരവന്റെ വിശദമായ അഭിപ്രായത്തിന് പ്രത്യേക നന്ദി.
പിന്നെയെപ്പോഴെങ്കിലും,വിശദമായി ആമിയോപ്പൂനെക്കുറിച്ച് എഴുതണം എന്നുണ്ട്.
ഇപ്പൊ,ഒന്നിനും കഴിയില്ല:(

Jyothibai Pariyadath said...

ബാക്കി......


തണുത്തുപോയ്‌
ഉള്ളിൽ ഇനിപ്പായ്‌-
സ്നേഹത്തിൻ മെഴുക്കായ്‌
പ്രാണനിൽ
പ്രണയത്തിൽ ചൂടായ്‌
സുഗന്ധമായ്‌ എന്നും
രുചി പകർന്നൊരാ
നറും നെയ്പ്പായസം....


എങ്കിലെന്ത്‌? കുറയുമോ മധുരം? ഇഴുക്കം? ഹൃദ്യമായ ആ സുഗന്ധം? ഉഷ്മളത? ഒരിക്കലുമില്ല.. അമ്മയ്ക്കു,മാത്രം പകരാനാവുന്ന ആ സ്വാദ്‌ ബാക്കിനിൽക്കും . എന്താണിതിന്റെ ചേരുവയെന്നു ചോദിച്ചു അതിശയം കൂറാം ,എനിക്കെന്തേ പറ്റാത്തത്‌ എന്നു അസൂയപ്പെടാം, പകരംവെയ്ക്കാനൊന്നുമില്ല ഈ രുചിയ്ക്കെന്നു ഒടുവിൽ തിരിച്ചറിയാം...
അതെ ബാക്കിയാവുന്നു ആ രുചി മാത്രം..

hAnLLaLaTh said...

....അവള്‍ എന്നെ വിളിച്ചു പൂനെയില്‍ പോയോ എന്ന് തിരക്കി...
ഇല്ലെന്നു പറഞ്ഞപ്പോള്‍ കുറെ ചീത്ത പറഞ്ഞു...
അവളേല്‍പ്പിച്ചിരുന്നു, പ്രിയ കഥാകാരിയുടെ ഒരു കയ്യൊപ്പ്..
തിരക്കുകളില്‍ നീണ്ടു നീണ്ടു പോയ ആ സന്ദര്‍ശനം..... ആശുപത്രിയില്‍ ചെന്ന് കാണാന്‍ മനസ്സ് വന്നില്ല..
അവരുടെ കയ്യൊപ്പ് വാങ്ങുകയെന്നത് എന്നെക്കാള്‍ അവളുടെ സ്വപ്നമായിരുന്നു...
ഇന്നലെ വിളിച്ച് അവള്‍ കരഞ്ഞു...ചീത്ത പറഞ്ഞു..
അറിയാതെ എന്റെ കണ്ണ് നനഞ്ഞതും വാക്ക് വറ്റിയതും അവളറിഞ്ഞപ്പോള്‍
ഫോണ്‍ കട്ട് ചെയ്തു...മലയാളത്തിന്റെ പ്രിയപ്പെട്ട ആമിയെ കാണാന്‍ പോകാതിരുന്നതിനു കാരണങ്ങള്‍ ഇല്ല...
തിരക്കുകള്‍ക്കിടയില്‍ എന്തൊക്കെ നടക്കുന്നു..?!
പക്ഷെ അത് മാത്രം നടന്നില്ല..

അവരിപ്പോള്‍ തിരക്കില്ലാത്ത സന്ദര്‍ശകരില്ലാത്ത ലോകത്തേക്ക്...

നേവി മുംബൈയിലെ വാഷിയില്‍ കൊണ്ട് വന്ന ഭൌതിക ശരീരം കാണാന്‍ പോയില്ല...

ദേഹിയില്ലാത്ത ദേഹത്തെക്കാണാന്‍ മനസ്സ് വന്നില്ല..