Pages

സമീർ ഒരു മേഘമാണ്

ഹൃദയത്തിലേയ്ക്കു കനൽ‌ത്തരികൾ വീഴുന്ന എന്തെങ്കിലും വായിച്ചാൽ,നെഞ്ചിനുള്ളിൽ വന്ന് ഞാനറിയാതെ ഒരു ആളിക്കത്തൽ വന്ന് എന്റെ തൊണ്ടയിൽ കയറിപ്പിടിയ്ക്കുക എന്നത് എനിക്കു ചെറുപ്പത്തിലേ ഉള്ള രോഗമാണ്.ബാല്യകാലസഖിയിൽ മജീദിനു ഒരു കുരു വരുന്ന രംഗമുണ്ടല്ലോ,അവിടെ ചുംബിച്ചാണ് സുഹ്‌റയുമായുള്ള ആദ്യ പ്രണയരംഗം.അതുവായിച്ച അന്നത്തെ ഉടലനുഭവം ഞാൻ ഒരിക്കലും മറക്കില്ല.എനിയ്ക്കു സത്യമായും ശ്വാസം കിട്ടാതായിപ്പോയി.സമാനമായ ഒരു പുകഞ്ഞുകയറ്റമാണ് അനിതാകൊക്കോട്ടിന്റെ ഈ കവിത വായിച്ചപ്പോഴും ഉണ്ടായത്.‌‌“തീപിടിച്ച ഗ്രന്ഥപ്പുരകൾ ഓടിരക്ഷപ്പെടാൻ പോലും നിങ്ങളെ അനുവദിയ്ക്കില്ല”എന്നു എ.അയ്യപ്പൻ പറയുന്നത് സത്യമാണെന്നു ഞാനും ഒപ്പിടുന്നു.നൂറുശതമാ‍നം ആവാഹികളായ ഇത്തരം വാക്കുകൾക്കു മുന്നിൽ നിരായുധനാകുന്നതാണു ജീവിതം.ഉള്ളിലെ ഹവിർ‌ഭുക്കിൽ നിന്ന് ചൂടും വെളിച്ചവും പുരളാത്ത കരിക്കട്ടകൾ മാത്രം പെറുക്കിയെടുക്കാനുള്ളവരുടെ ജീവിതം.ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്തവയെ വരെ വലിച്ചുപുറത്തിട്ടുകളയുന്ന ചതുരംഗം.
ചതുരംഗം എന്ന വാക്ക് തനിയേ വന്നിരുന്നുവോ?സമീറിന്റെ ജീവൻ അതായിരുന്നു.ആത്മാവ് സംഗീതവും.ഒരു ചെസ്‌ബോർഡും വയലിനും ഉണ്ടെങ്കിൽ,ഞാൻ ചന്ദ്രനിലായാലും ബോറടിയ്ക്കില്ല എന്ന് അവന്റെ അഹങ്കാരം.സമീർ അഹങ്കാരിയാണ് എന്നത് ഒരു ന്യൂനോക്തിയാണ്.ഞങ്ങൾ അന്നെല്ലാം എന്നും ഒരു തവണയെങ്കിലും പറഞ്ഞിരുന്ന,“സമീറിനു വട്ടാണ്”എന്നതാവും കൂടുതൽ നല്ല നിരീക്ഷണം.സാമാന്യബുദ്ധിയുള്ള ഒരുവൻ,പെരുമഴയത്ത് ചെസ്‌ബോർഡുമായി കോളേജ്ഗ്രൌണ്ടിലിരുന്നു ചെസ് കളിയ്ക്കുമോ?‌‘ഏറ്റവും നന്നായി ചെസ് കളിയ്ക്കാനാവുക,മഴ കൊണ്ടിരിയ്ക്കുമ്പോഴാണ്”എന്ന മഹത്തായ കണ്ടു പിടുത്തം സമീറിന്റെയാണ്.അതിനായി,റക്സിൻ‌ഷീറ്റിൽ അവനുണ്ടാക്കിയ ചെസ്‌ബോർഡുമായി അവൻ പലവട്ടം അന്നു ഞങ്ങൾ റൂം‌മേ‌‌‌‌‌‌റ്റ്സിനോടു കെഞ്ചിയിട്ടുണ്ട്,“ഒന്നു വന്നു നോക്കിനെടാ,ഈ രസം അറിയാൻ”എന്ന്.ഒരു ദിവസം,അവനോടൊപ്പം മഴ കൊണ്ട് ചെസ്സ് കളിച്ചപ്പോഴാണ് എനിയ്ക്കു മറ്റൊന്നു മനസ്സിലായത്,ഈ സമയത്താണ് അവന്റെ ബുദ്ധിയുടെ കോപ്പറകൾ അവൻ തുറന്നുവെയ്ക്കുക.കാപാബ്ലാൻ‌കയുടെ കാലാളുകൾ വെച്ചുള്ള ഒരു പ്രതിരോധദുർഗത്തിന്റെ രഹസ്യം അവൻ തുറന്നുതന്നത് ഒരു പെരുമഴയത്താണ്.അന്നെനിയ്ക്കു ബോധ്യമായി,ഇത്തിരി മഴ കൊള്ളുന്നത് നല്ലതാണെന്ന്.
സമീർ മുൻ‌ജന്മത്തിൽ ഒരു ജലജീവിയായിരുന്നോ എന്ന സംശയം ഞങ്ങൾ പലവട്ടം തമ്മിൽ ചോദിച്ചു.രാവിലെ,കൊടും തണുപ്പത്തും കോളേജ് ഹോസ്റ്റലിനടുത്തുള്ള കുളത്തിൽ പോയി കുളിയ്ക്കുന്ന സമീർ.വെയിലും മഴയും ഒന്നിച്ചുകണ്ടാൽ കയ്യടിച്ചാർത്ത്,വയലിൻ തിരയുന്ന സമീർ.ഗീതാമാഡത്തിനോട് “ഈ ക്ലാസിന്റെ മുകളിലെ ഓടൊക്കെ ഒന്നെടുത്തുമാറ്റിക്കോട്ടെ ടീച്ചർ,ഞങ്ങൾ കുട്ടികൾ ആകാശം കണ്ടു പഠിയ്ക്കട്ടെ”എന്നു പറയുന്ന സമീർ.‌“അവസാനത്തെ യുദ്ധം ജലത്തിനുവേണ്ടിയാവും”എന്നുവായിച്ച്,“ഞാനിപ്പോഴും ജലത്തിനോട് യുദ്ധം ചെയ്യുകയല്ലേ”എന്നു ചിരിയ്ക്കുന്ന സമീർ-അങ്ങനെ എത്ര ചിത്രങ്ങൾ.മേഘങ്ങളും മഴയും തണുപ്പും ഇല്ലാതെ കവിതയെഴുതിയാൽ നിന്റെ കൈ വെട്ടിക്കളയും എന്ന് ഒരു ദിവസം രാത്രി രണ്ടു മണിയ്ക്ക് ഉറക്കത്തിൽ നിന്ന് വിളിച്ചെണീപ്പിച്ച് അവൻ എന്നെ ഭീഷണിപ്പെടുത്തി.‌“മയിൽ”എന്ന അവന്റെ ഇരട്ടപ്പേര് അവൻ വല്ലാതെ ആസ്വദിച്ചിരുന്നെന്നു തോന്നുന്നു.
വയലിനിൽ അവൻ തീർത്ത വിസ്മയലോകങ്ങളിലും എന്നും ജലസ്പർശമുണ്ടായിരുന്നു.“മേഘമൽ‌ഹാർ എന്ന രാഗം അതുകേൾക്കാത്ത കാൽ‌പ്പനികവാദികൾ പൊക്കിനടക്കുന്ന ഒരു എടുപ്പുകുതിരയാണ്”എന്നു പറഞ്ഞതിന് ഞങ്ങൾക്കൊപ്പമുള്ള ഒരു സഹമുറിയനെ അവൻ പൊതിരെ തല്ലി.വയലിനിൽ അവൻ നിരന്തരം വായിച്ചിരുന്ന ഭ്രാന്തൻ പ്ലാനുകൾക്ക് മേഘങ്ങളുടെ ശ്രുതിയായിരുന്നു.ഇടയ്ക്ക് അവ ഉച്ചസ്ഥായിയിലേക്ക് പടരും.പിന്നെ,താഴേയ്ക്കു നിപതിക്കും.“ഒരു മേഘത്തെ പിഴിഞ്ഞെടുത്തതാണ് സമീറിന്റെ സംഗീതം” എന്നു പ്രസംഗിച്ചതിനാണ് അവനെന്നെ കെട്ടിപ്പിടിച്ചുമ്മവെച്ചത്.പ്രശംസകൾ കേട്ടു മുഖം തുടുക്കുന്ന മറ്റൊരു മേഘം.ഒരിയ്ക്കൽ കോളേജിനെ പ്രതിനിധീകരിച്ച് കലോത്സവത്തിൽ പങ്കെടുക്കാൻ ഞാൻ പറഞ്ഞപ്പോൾ അവൻ എന്നെ വിളിച്ച തെറി പോലെ ഒന്ന്,അവന്റെ നാവിൽ നിന്ന് മറ്റൊരിക്കലും കേട്ടിട്ടില്ല.
അവന്റെ വീടിനെ അവൻ തന്നെ ‘ചെകുത്താൻ കയറിയ വീട്’എന്നാണു വിശേഷിപ്പിച്ചത്.നിരന്തരം വഴക്കിടുന്ന അച്ഛനമ്മമാരുടെ കാര്യമൊന്നും അവനൊരിക്കലും പറഞ്ഞുവിഷമിച്ചുകാണില്ല,ആരോടും.ഞങ്ങളുടെ പലരുടേയും അച്ഛനേയും അമ്മയേയും അവൻ അച്ഛനമ്മമാരായി അന്നു സ്വീകരിച്ചു.ഒരു കാർമുകിലിന്റെ നിറം മുഴുവൻ ഉടൽ പൂണ്ട ഒരു പെ‌ൺകുട്ടിയും അവനുമായി പ്രണയം പോലെ എന്തോ ഒന്ന് ഉണ്ടായിരുന്നു;അതും എന്തോ മഹാരഹസ്യം പോലെ അവൻ സൂക്ഷിച്ചുവെച്ചു.
കോളേജ് വിട്ട ശേഷം അറിയുന്നത്,അവന്റെ അച്ഛനുമമ്മയും തമ്മിൽ പിരിഞ്ഞെന്നും,പിന്നെ അവൻ ബോംബെയിൽ എവിടെയോ ഒരു ബാൻഡിൽ ചേർന്നു എന്നും ആണ്. “ഒരു ശ്രുതിയിൽ വയലിൻ വായിക്കാൻ അവൻ ഇപ്പോഴെങ്കിലും ശീലിക്കട്ടെ”എന്നു ചിരിച്ചുകൊണ്ട് ഒരു ദുഹൃത്ത് പറഞ്ഞു.ഒരഡ്രസിലും കിട്ടാത്ത,ഒരു ഫോൺ‌തുമ്പത്തും അറ്റന്റ് ആവാത്ത,അവനെ പലവട്ടം ശപിച്ചിട്ടുണ്ട്,അന്ന്.
പിന്നെ ഞാൻ അവനെ കാണുന്നത് തികച്ചും യാദൃശ്ചികമായാണ്.ഒരു അവധിക്കാലത്ത് മുംബൈയിൽ എത്തിയപ്പോൾ,പഴയ ചങ്ങാതി ഹാരിസിനേയും കൂട്ടി,മസ്ജിദിലെ ബസാറുകളിൽ അലഞ്ഞുനടക്കുമ്പോൾ ഹാരിസ് പറയുന്നു:“നിനക്ക് നമ്മുടെ പഴയ സമീറിനെ കാണണോ?”
കൊടുംതിരക്കിന്റെ ഇടയിലൂടെ,അവൻ എന്നെ ഒരു ചെരിപ്പുകടയിലേക്കു നയിച്ചു.അവിടെ,ഏതോ മറാത്തിപ്പെണ്ണുകളുടെ കാലളവുകൾക്കു പറ്റിയ ചെരിപ്പും നോക്കി വിൽക്കുന്ന സമീറിനെ കണ്ടു.അന്യഗ്രഹത്തിൽ വന്നുവീണ പോലെ അമ്പരന്ന എന്നോട്,പഴയ അതേ തോൾക്കൈയ്യോടെ,“ഞാൻ രാത്രി നിന്റെ റൂമിലേക്കു വരാമെഡേയ്”എന്ന് അവൻ പറഞ്ഞു.
അന്നുരാത്രി അവൻ റൂമിൽ വന്ന് കുറേ കരഞ്ഞു.‌റൂമിൽ നിന്നു പാതിരായ്ക്ക് ഇറങ്ങുമ്പോൾ അവൻ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു:
“എടാ,എന്റെ അമ്മ ഒരു ചെകുത്താനല്ല,മാലാഖയായിരുന്നു.അവരെ എനിക്കൊന്നു വിളിച്ച് പൊട്ടിക്കരയണം”
അത് അവൻ എന്നോടു പറഞ്ഞ നിമിഷം മാലാഖമാർ പോലും അസൂയപ്പെട്ടിരിക്കണം.
അവൻ അമ്മയെ വിളിച്ചുവോ?
വർഷങ്ങൾക്കു ശേഷം,രണ്ടായിരത്തി ഏഴിലെ ഒരു പ്രഭാതത്തിൽ എനിക്കു ഹാരിസിന്റെ ഒരു കോൾ:
“ഡാ,ഒരു ദുഃഖവാർത്തയുണ്ട്.നമ്മുടെ സമീർ പോയി.ഇന്നലെ വൈകീട്ട് കടൽത്തീരത്തു നിന്ന് അവന്റെ ബോഡി കിട്ടി.വിഷം കഴിച്ചിട്ടുണ്ട്.പോസ്റ്റുമോർട്ടം കഴിഞ്ഞ് ഇന്നുച്ചക്ക് അവിടെ എത്തും”
ഞാൻ അവന്റെ ശരീരത്തിലേക്ക് ഒന്നേ നോക്കിയുള്ളൂ.ആ ഭീഷണമായ മുഖം രണ്ടാമതു നോക്കാനായില്ല.
അനിതാകൊക്കോട്ടിന് ഞാനൊരിക്കലും മാപ്പുകൊടുക്കുകയില്ല:)

22 comments:

വികടശിരോമണി said...

വീണ്ടാമതും സെന്റി.

ചാണക്യന്‍ said...

"കാലാളുകൾ വെച്ചുള്ള ഒരു പ്രതിരോധദുർഗത്തിന്റെ രഹസ്യം അവൻ തുറന്നുതന്നത് ഒരു പെരുമഴയത്താണ്.അന്നെനിയ്ക്കു ബോധ്യമായി,ഇത്തിരി മഴ കൊള്ളുന്നത് നല്ലതാണെന്ന്.......'-

എന്നിട്ടും....ഒക്കെ അറിയാമായിരുന്നിട്ടും അവൻ അത് ചെയ്തു അല്ലെ...അവന് മാപ്പില്ല....

സെറീന said...

തീ കെടുത്തുകയല്ല ,പടര്‍ത്തുകയാണ് മേഘരാഗം!

Rajeeve Chelanat said...

സമീറിനെയും അനിതയെയും പരിചയപ്പെടുത്തിയതിനു നന്ദി വികടാ.
അഭിവാദ്യങ്ങളോടെ

Typist | എഴുത്തുകാരി said...

സമീറിനെ വായിച്ചു ഇഷ്ടപ്പെട്ടു വന്നതായിരുന്നു. അപ്പോഴേക്കും വേദനിപ്പിച്ചല്ലോ.

ശ്രീ said...

സമീറിന് വായനക്കാരുടെ മനസ്സില്‍ ഇടം കൊടുക്കുന്ന കുറിപ്പ്. നന്നായി, അവസാനം വേദനിപ്പിച്ചുവെങ്കിലും...

ഓണാശംസകള്‍

kathiresh said...

ഇത് ഷെരിഫ് ചേട്ടന്‍ ആണോ ???

അനില്‍@ബ്ലോഗ് // anil said...

വി.ശി,
വിഷയവും തന്റെ എഴുത്തും എല്ലാം കൂടി ചേര്‍ന്ന് മനുഷ്യന്റെ മൂഡു കളയുമല്ലോ.
മരണം ചിലര്‍ക്കൊരു ഹരമാണെന്ന് തോന്നുന്നു, സ്വന്തം മരണം !

വികടശിരോമണി said...

ഒപ്പം പൊള്ളിയവർക്കെല്ലാം നന്ദി.
കതിർ,
ഹഹഹ.....ഇതെന്തായാലും ആ ചേട്ടനല്ല.ആ ചേട്ടനു വേറെ ബ്ലോഗുണ്ട്:)
vikatashiromani@yahoo.in
ഇവിടേയ്ക്ക് ഒരു മെയിലിടെടാ.
ബാക്കി ഞാനവിടെ പറയാം:)
ഓരോരുത്തന്മാരെ കണ്ടു കിട്ടുന്ന സ്ഥലങ്ങളേ!
ന്റെ ഗൂഗുളമ്മച്യേ,നിനക്കു സ്തുതി!

കാപ്പിലാന്‍ said...

"മഴയെ പ്രണയിച്ച പെണ്‍കുട്ടിയെപ്പോലെ ഒരു സമീര്‍ "ഓണാശംസകള്‍ .ഈ ഓണക്കാലത്ത് ധാരാളം മധുരപായസങ്ങള്‍ കുടിച്ച കൂട്ടത്തില്‍ അതിന്റെ ചെടുപ്പ് മാറുവാന്‍ ഈ എരിവുള്ള അച്ചാര്‍ നന്നായി . എല്ലാവര്‍ക്കും നല്ലത് വരുത്തട്ടെ . മറ്റെന്തു പറയുവാന്‍ . ആശംസകള്‍ .

അനിതക്കും വീശിക്കും ഒരിക്കല്‍ക്കൂടി ആശംസകള്‍ .

Calvin H said...

രംഗബോധമില്ലാത്ത കോമാളിയുടെ വികൃതികൾ :(

Sureshkumar Punjhayil said...

Thee eppozum angineyanu... Swayam pollikkunnundo ennu namukkum ariyillallo...!

Manoharam, Ashamsakal...!!!

വയനാടന്‍ said...

നിങ്ങളോടു ഞാൻ ക്ഷമിക്കില്ല സുഹ്രുത്തേ.
ഇങ്ങനെയൊരു പോസ്റ്റു വായിപ്പിച്ചു തിരുവോണം പോലും നിങ്ങൾ കറുപ്പിച്ചു.

പക്ഷേ ഹൃദയസ്പർശിയായ ഒറോർമ്മയും വായിക്കാതെ നഷ്ട്ടപ്പെട്ടു പോയേക്കാമായിരുന്ന ഒരു കവിതയും പരിചയപ്പെടുത്തിയതോർക്കുമ്പോൾ വേണമെങ്കിൽ ക്ഷമിക്കാം.

ഓണാശംസകൾ

വാഴക്കോടന്‍ ‍// vazhakodan said...

ചില ദുഃഖങ്ങള്‍ക്ക് സൌന്ദര്യം തോന്നും, ഇതു പോലെ!
ഓര്‍മ്മക്കൂട്ടിലേക്ക് അധികം ഓര്‍ക്കപ്പെടാന്‍ ഇഷ്ടമല്ലാത്ത കുറച്ച് കഥാപാത്രങ്ങള്‍ കൂടി..

ഓണാശംസകള്‍

Melethil said...

thanks for the post! എന്തൊരു വരികള്‍ ആണാ കവിതയില്‍ !

Anil cheleri kumaran said...

മഴമേഘങ്ങൾ പോലെ സമീറും...

Lathika subhash said...

ആ മേഘത്തിനൊപ്പം ഞാൻ കുറച്ചു ദൂരം യാത്ര ചെയ്തു.
അനിതയുടെ കവിത കാട്ടിത്തന്നതിനു നന്ദി.

Lathika subhash said...

ആ മേഘത്തിനൊപ്പം ഞാൻ കുറച്ചു ദൂരം യാത്ര ചെയ്തു.
അനിതയുടെ കവിത കാട്ടിത്തന്നതിനു നന്ദി.

എതിരന്‍ കതിരവന്‍ said...

പ്രകൃതിയുമായി അലിഞ്ഞുചേരുന്നവർക്കുള്ളതല്ല് പ്രായോഗിക ജീവിതം. ‘പുരോഗമന’ ത്തിനു ’ മനുഷ്യൻ കൊടുക്കേണ്ടി വന്ന വലിയ വിലയാണ് സമീറിനെപ്പോലുള്ളവർക്ക് ജീവിക്കാൻ പറ്റാത്ത ഈ സാഹചര്യം.
നമ്മളോക്കെ ഇത്തരം സങ്കടങ്ങൾ എഴുതിത്തീർക്കുകയാണ്.

മാണിക്യം said...

മരണം അറിഞ്ഞും അറിയാതെയും മനസ്സില്‍ വീഴ്ത്തുന്ന കരിം പച്ചനിറം കറുത്ത് കരിവാളിച്ച് ഒര്‍മ്മയില്‍ ഞാണുകിടക്കും...അനിതാകൊക്കോട്ടിന്റെ
"മിസ്സ്ഡ് കാള്‍" ഇതാ മറ്റൊരു കരുവാളിച്ച പാടായി എന്റെ മനസ്സില്‍ അടിയുന്നു...

.“ഒരു മേഘത്തെ പിഴിഞ്ഞെടുത്തതാണ് സമീറിന്റെ സംഗീതം” എന്നു പറഞ്ഞ വാക്ക് തന്നെ ഇവിടെയും എഴുതട്ടെ ഈ കഥ മേഘ ഗര്‍ജനം ആകുന്നു വായിച്ചു തീരുമ്പോള്‍ തോന്നുന്ന വികാരം ആകെ തീകുണ്ഡത്തില്‍ വീണ പോലെ
വി.ശി. ഇവിടം വിട്ടു പോകാനാവുന്നില്ലാ മേഘത്തിനു പോലും തീപിടിക്കുന്ന തീപിടിപ്പിക്കുന്ന വാക്കുകള്‍ ..

വികടശിരോമണി said...

ഓണക്കാലത്ത് ഈ കൊടുംവെയിലുകൊള്ളാൻ വന്ന എല്ലാവർക്കും നന്ദി.
എന്റെ കതിരേൽ എതിരവാ...
സത്യം.

VARSHINI said...

വര്‍ഷിണീ/VARSHINI
സമീര്‍ ഒരു മേഘമായിരുന്നു....
പെയ്തൊഴിഞ്ഞ മേഘം....
പെയ്തുനിറച്ച മേഘം........
സത്യത്തില്‍ സമീര്‍ പെയ്തൊഴിയുകയായിരുന്നോ....
അതോ നമ്മുടെയൊക്കെ മനസ്സില്‍ പെയ്തുനിറയുകയായിരുന്നോ......
മേഘങ്ങള്‍ പെയ്തൊഴിയുമ്പോള്‍ നിറയുന്നത്‌ ഭൂമിയുടെ മാറോ....മനസ്സോ...അതോ കണ്ണുകളോ....
അറിയില്ല.
അറിഞ്ഞോ അറിയാതെയോ സമീര്‍ ഇന്നെന്റെയും കൂട്ടുകാരനാണ്‌. വിദൂരതയിലെവിടെയോ ഇരുളുവാന്‍ കൊതിക്കുന്ന ഒരു വെള്ളിമേഘംപോലെ ഞാനവനെ കാണുന്നു. നിന്റെ മേഘമല്‍ഹാറിലേക്ക്‌ എന്റെ ഒരിറ്റു കണ്ണുനീരാവികൂടി...
നിനക്കുമാത്രമല്ല സമീര്‍ എനിക്കും പിന്നൊരുപാടുപേര്‍ ക്കും ഏറെ
പ്രിയപ്പെട്ടതും പരിചിതവുമാണ്‌ ആ രാഗം....
ഇരുണ്ടുകൂടുന്ന ഓരോമേഘത്തിലും ഞാന്‍ നിന്നെ തിരയുന്നു.......
പ്രിയ വികടാ..........ഞാന്‍ ഇവിടെ പതിവു സന്ദര്‍ശകയാണ്. പലപ്പോഴും കമന്റണമെന്നു തോന്നിയിട്ടുണ്ട്.പക്ഷേ സമയവും സാഹചര്യവും ഒക്കാറില്ലായിരുന്നു. ഇപ്പോഴെന്തോ എന്തെങ്കിലും കുറിക്കാതെ മടങ്ങാനാവുന്നില്ല. കൈയില്‍ ഭാഷയും സാഹിത്യവും മാത്രംപോര പെയ്തൊഴിയുവാനും പെയ്തുനിറയ്ക്കുവാനും വീണ്ടും കറുത്തിരുളുവാനും.....അനുഭവം വേണം....... പച്ചയായ ജീവിതാനുഭവം. അതാണ് വികടന്റെ ഏറ്റവും വലിയ സമ്പത്ത്....
സത്യം പറയട്ടെ..... അതില്‍ ഞാന്‍ ഇത്തിരി അസൂയാലുവുമാണ്‌ ട്ടോ....
ആശംസകളോടെ
വര്‍ഷിണീ വാസുദേവ്