Pages

കവിതാലാപനം എന്ന പീഡനം

അടുത്തിടെ ഒരു കവിയരങ്ങിൽ പങ്കെടുക്കേണ്ടിവന്നു.(സാധാരണ രക്ഷപ്പെടാറാണ്.ഇത്തവണ നിർഭാഗ്യവശാൽ കഴിഞ്ഞില്ല.)പ്രശസ്തരും അപ്രശസ്തരുമായി ഒരു പറ്റം കവികൾ കവിതയവതരിപ്പിച്ചു.മിക്കവരും കവിത ‘ആലപിച്ചു’ എന്നുവേണം പറയാൻ.ആലാപനം വിദൂരങ്ങളിൽ മുഴങ്ങാൻ സൌണ്ട് ബോക്സുകൾ പലയിടത്തും വെച്ചിരുന്നു.പലതരത്തിലായിരുന്നു കാവ്യാലാപനം.ചിലർ അപസ്മാരബാധയിലാണ് ആലാപനനിർവ്വഹണം.ചിലർക്ക് ശീർകാഴി ഗോവിന്ദരാജനേക്കാളും താരസ്ഥായിയാണ്,മൈക്കിന്റെ കൊങ്ങക്ക് പിടിച്ച് അലറുകയാണവർ.മറ്റു ചിലർ ‘വെൺകതിർ പോൽ നരച്ച ശീർഷ’മൊക്കെ ആയെങ്കിലും കുട്ടികളാണ്,അവർ പഴയ നാലാം ക്ലാസിലെ “തിങ്കളും താരങ്ങളും”കുട്ടികൾ ചൊല്ലുന്ന ഈണത്തിൽ (ആ ഈണത്തിന് മുത്തശ്ശി വഴുക്കലിൽ വടികുത്തിയ രാഗം എന്നു പറയും)ശ്വാസം വലിച്ച് കവിത ചൊല്ലുന്നു.മറ്റു ചിലർക്ക് ഒരു തവണ പറഞ്ഞാൽ താനുദ്ദേശിച്ച അർത്ഥതലം മുഴുവനായി പൊതുജനകഴുതകൾക്ക് മനസ്സിലായില്ലെങ്കിലോ എന്ന ആധി കൊണ്ട് എല്ലാ വരിയും രണ്ടുതവണ ആവർത്തിച്ചാലപിച്ച് ആത്മസംതൃപ്തി നേടുന്നു.
ഹാളിൽ നിന്നിറങ്ങിപ്പോകാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ,കസേരയിൽ മുറുകേ പിടിച്ച്,ഒരു ഇൻ‌ക്വിസിറ്റർക്ക് മുന്നിലെന്ന പോലെ ഇരിക്കേണ്ടിവന്ന സഹൃദയരെ ഈ കവികൾ കണക്കിലെടുക്കുന്നുണ്ടെന്നേ തോന്നിയില്ല.അവർ “അപാരേ കാവ്യസംസാരേ ഏകപ്രജാപതികളാണല്ലോ”! പക്ഷേ,കേരളത്തിൽ ജനാധിപത്യമായതു കൊണ്ട് മനുഷ്യരെ ഇങ്ങനെ പീഡിപ്പിക്കുന്നത് ശരിയാണോ?
കവിതയെഴുതുന്നവരെല്ലാം ഗായകരല്ല.ആണെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല.പിന്നെ എന്തിനാണ് ഇങ്ങനെ എട്ടുകട്ടക്ക് നിലവിളിക്കുന്നത്?കവിത ആലപിക്കാനറിയുന്ന കവികൾ അതു ചെയ്യട്ടെ, അല്ലാത്തവരുടെ കവിത ആലപിക്കാനറിയുന്ന മറ്റാരെങ്കിലും ആലപിക്കട്ടെ,കവിയരങ്ങിൽ അവർക്ക് കവിത വായിച്ചാൽ പോരെ?ഗദ്യകവിതകൾ തന്നെ പലരും വായിക്കുന്നത് കർണ്ണകഠോരമായിട്ടാണ്,അവരുദ്ദേശിച്ച ആശയം അത്രക്ക് വിവരമില്ലാത്ത ആസ്വാദകരുടെ മനസ്സിൽ തറക്കാനുള്ള ശബ്ദമാണ് അതെന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്.ചിലപ്പോൾ അങ്ങനെ തറക്കുമായിരിക്കും,അങ്ങനെ തറച്ച് നാട്ടിലെ കൂതറകളൊക്കെ പ്രബുദ്ധരാകട്ടെ.
കവിതാ‍ലാപനം എന്ന സുകുമാരകല നാം യുവജനോത്സവത്തിലും പ്രോത്സാഹിപ്പിക്കുന്ന ഒരിനമാണല്ലോ.അവിടെ പക്ഷേ പലപ്പോഴും ഈ ഭീകരശബ്ദങ്ങളല്ല,സവിശേഷമായി രൂപപ്പെടുത്തിയ ഗമകങ്ങളും ഭൃഗകളും നിറഞ്ഞ ചില ശൈലികളാണ് മത്സരിക്കുന്നത്.കുട്ടികൾ കവിത ചൊല്ലുമ്പോൾ മുഖത്തു വിരിയുന്ന ഭാവസഹസ്രങ്ങൾ ആരെയും രോമാഞ്ചം(അതോ തോലാഞ്ചമോ?)കൊള്ളിക്കും.കുമാരനാശാൻ മുതൽ മുരുകൻ കാട്ടാക്കട വരെയുള്ള മഹാകവികളെല്ലാം കുഞ്ഞുങ്ങൾക്ക് സമമാണ്,ജഡ്ജസിനും.കവിതയെന്നാൽ സവിശേഷമായ ഭാഷാവക്രീകരണമാണെന്നും,അത് മനസ്സുകളിൽ നക്ഷത്രം വിരിയിക്കുമെന്നും ഉള്ള സിദ്ധാന്തങ്ങളൊന്നും അവിടെ ചിലവാകില്ല.അവിടെ കവിതയെന്നാൽ കുട്ടിക്ക് അഭിനയിച്ചുതീർക്കാനുള്ള ഒരു യുവജനോത്സവാദ്ധ്യായമാണ്.
കാസറ്റുകവികളെന്ന വീരശൃംഖല ലഭിച്ച ഒ.എൻ.വി,മധുസൂദനൻ നായർ,കടമ്മനിട്ട തുടങ്ങിയവരുടെ ശൈലികളുടെ ഒരു കൊളാഷ് നമുക്കവിടെ വികൃതമായി കേൾക്കാം.ആ ശൈലികൾ നിർമ്മിക്കപ്പെട്ട പരിസരമോ,പ്രസ്തുത കവിതകളിൽ ആ ശൈലികൾ നിർവ്വഹിച്ച ധർമ്മമോ മിക്ക കുട്ടികളും അറിയാറില്ല,അറിയണമെന്ന് വിധികർത്താക്കൾക്കോ പഠിപ്പിച്ചുവിട്ട രക്ഷിതാക്കൾക്കോ നിർബന്ധവുമില്ല.
അതുപിന്നെ ഗ്രേസ്മാർക്കും രക്ഷിതാക്കൾക്കു ജാടയും കിട്ടാനുള്ള ഒരു പ്രതിവർഷാശ്ലീലമെന്നു കരുതാം.പക്ഷേ ഈ കവികൾക്കെന്തിന്റെ അസുഖമാണെന്ന് മനസ്സിലാവുന്നില്ല.
കേരളത്തിന്റെ പദ്യോച്ചാരണരീതിശാസ്ത്രം
------------------------------------------

പണ്ടുമുതലേ നാം പദ്യോച്ചാരണത്തിന് തനതായ വഴികൾ അവലംബിച്ചവരാണ്.അതിന്റെ ഒരു ശൈലീകൃതരൂപമാണ് അക്ഷരശ്ലോകം.വർണ്ണങ്ങളുടെ ഉച്ചാരണപ്രകൃതി,വർണ്ണസംയോഗത്തിന്റെ പല പാറ്റേണുകൾ,പദങ്ങളുടെ വിഭജനം-സംയോജനം,താളപ്രകരണത്തിലധിഷ്ഠിതമായ വൃത്തബോധം തുടങ്ങിയ മലയാളത്തിന്റെ തനതായ രൂപശിൽ‌പ്പത്തെ മനസ്സിലാക്കുവാൻ നമുക്ക് അക്ഷരശ്ലോകം നല്ലൊരു ഉപാധിയായിരുന്നു.മുൻപ് നാട്ടിലെ മിക്ക അധ്യാപകർക്കും അതു വഴങ്ങിയിരുന്നു താനും.വലിയ സംഗീതാവബോധമൊന്നും ആവശ്യമില്ല,നല്ലൊരു അക്ഷരശ്ലോകിക്ക്.പക്ഷേ മറ്റു ചിലതു വേണം-നമ്മുടെ കാവ്യപാരമ്പര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചും മന:പ്പാഠമാക്കിയും ആർജ്ജിച്ച വിപുലമായ കാവ്യപരിചയം.അതു നമ്മുടെ കവികൾക്കും മലയാളം അധ്യാപകർക്കും അലർജിയായതു കൊണ്ട് പറഞ്ഞിട്ടുകാര്യമില്ല.പിന്നെ,അവിടെയും ഇതേ ലാവണ്യേകവാദം പെരുകിയിരിക്കയാണുതാനും.അക്ഷരശ്ലോകക്കളരികളിൽ രണ്ടിലും മൂന്നിലും പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന ശ്ലോകങ്ങൾ കേട്ടാൽ ആരും ഞെട്ടും.അടുത്തിടെ ഒരക്ഷരശ്ലോകമത്സരം കണ്ടു.മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു സുന്ദരിക്കുട്ടി ഇരുന്നു ചൊല്ലുന്നു:“താരിൽത്തന്വീകടാക്ഷാഞ്ചല”….അതിന്റെ അർത്ഥമെന്തെന്ന് മോൾക്കറിയുമോ എന്ന് ആ കുട്ടിയോട് ചോദിച്ചപ്പോൾ “അക്ഷരശ്ലോകക്കളരിയിൽ നിന്ന് പഠിച്ചതാണ്,അർത്ഥം പറഞ്ഞുതന്നിരുന്നു,മനസ്സിലായില്ല”എന്നാണ് കുട്ടി പറഞ്ഞത്.ആ പ്രായത്തിൽ അതു മനസ്സിലാവാനും പണിതന്നെ.എന്തിനാണ് ഇത്ര ഭീകരമായ ശ്ലോകങ്ങൾ കുട്ടികളുടെ മേൽ പ്രയോഗിക്കുന്നത്?എനിക്കു മനസ്സിലായിട്ടില്ല.സംസ്കൃതത്തിന്റെ ഉച്ചാരണരീതിയെയാണ് ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്.സ്വരിച്ചുചൊല്ലുന്ന ഈ വഴി സംസ്കൃതശ്ലോകങ്ങൾക്ക് ചേരും,മലയാളത്തിൽ അതു വൈരൂപ്യമാണുണ്ടാക്കുന്നത്.അപ്പോൾപ്പിന്നെ സംസ്കൃതച്ഛായയിലുള്ള ശ്ലോകങ്ങൾ പഠിപ്പിക്കയേ രക്ഷയുള്ളൂ.അങ്ങനെ നടുവത്തും ഒറവങ്കരയും ശീവൊള്ളിയുമൊക്കെ കുട്ടികൾക്കന്യമാവുകയും,കുറേ ഒരുപകാരവുമില്ലാത്ത സംസ്കൃതജന്യശ്ലോകങ്ങളും പിന്നെ യൂസഫലി കേച്ചേരിയെപ്പോലെ അർത്ഥരഹിതരായ കുറെ അക്ഷരശ്ലോകകവികളും തലയിൽ കയറുകയും ചെയ്യുന്നു.ഉച്ചാരണത്തിൽ സംസ്കൃതത്തിന്റെ അതിപ്രസരം വന്ന് വെളുക്കാൻ തേച്ചത് പാണ്ടാകുന്നു.


മറ്റനേകം കാസറ്റുകൾ ഇറങ്ങിയും ചൊൽക്കാഴ്ച്ചകൾ നടന്നും കേരളം പരുവപ്പെട്ട ശേഷമാണ് മധുസൂദനൻ നായരുടെ സംഗീതാത്മകമായ കാസറ്റുകൾ വിപണിപിടിച്ചടക്കുന്നത്.ശ്യാമയും,പീലുവും,ആനന്ദഭൈരവിയുമൊക്കെ കവിതയിൽ പ്രയോഗിക്കുന്ന മധുസൂദനൻ നായരുടെ കാസറ്റുകൾക്ക് ലഭിച്ച പ്രചാരം അപ്രതീക്ഷിതമായിരുന്നു.അതിനെ കളിയാക്കി ബുദ്ധിജീവികളായവർക്കു പോലും അതു മലയാളകവിതക്കു നേടിത്തന്ന ജനകീയത തള്ളിക്കളയാനാവില്ല.അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആ കവിതകളാർജ്ജിച്ചിരുന്ന ഭാവതലത്തെ നിഷേധിച്ച് കുറേ മഷി കേരളത്തിൽ ചിലവായിട്ടുണ്ട്.പക്ഷേ ദുരന്തം പിന്നീടുവന്നതായിരുന്നു,അനേകം മധുസൂദനൻ നായർ പ്രേതങ്ങൾ നാട്ടിലിറങ്ങി.ഇന്നത്തെ പല യുവകവികളുടെ കാവ്യാലാപനദയനീയതകളിലും ആ പ്രേതബാധയുണ്ട്.കൃത്യമായ ഛന്ദസ്സിലല്ലാതെ വീണ വരികളെ സംഗീതം കൊണ്ടു ആലാപനക്ഷമമാക്കുന്ന മധുസൂദനൻ നായർ ട്രിക്ക് ഇന്നും വ്യാപകമാണ്. പക്ഷേ ഇങ്ങനെ അലറുന്ന സ്വഭാവം മധുസൂദനൻ മാഷിൽ കണ്ടിട്ടില്ല.കടമ്മനിട്ടയും ഡി.വിനയചന്ദ്രനുമാണ് ഇതു നൽകിയതെന്നുതോന്നുന്നു.എന്തായാലും ഹാർട്ടറ്റാക്കുവന്ന് മരിക്കാനാഗ്രമുള്ളവർക്ക് വേണ്ടിയുള്ള പീഡനകേന്ദ്രമായി കവിയരങ്ങുകളെ മാറ്റാതിരുന്നാൽ കൊള്ളാം.ആലാപനക്ഷമമായോ,വൃത്തഭദ്രമായോ,ഛന്ദോബദ്ധമായോ ഇവരാരും കവിതയെഴുതണമെന്നില്ല.മാറിയ കാലപരിസരവും കവിതാദർശനവുമുള്ളവരാണ് മുമ്പിലുള്ളത്.ഇനി കവിതക്ക് ആലാപനക്ഷമതയുണ്ടെങ്കിൽത്തന്നെ,തനിക്കതുണ്ടോ എന്ന് സ്വയം വിലയിരുത്താനുള്ള സാമാന്യബുദ്ധിയെങ്കിലും ക്രാന്തദർശികൾ കാട്ടണം.

26 comments:

വികടശിരോമണി said...

മാറിയ കാലപരിസരവും കവിതാദർശനവുമുള്ളവരാണ് മുമ്പിലുള്ളത്.ഇനി കവിതക്ക് ആലാപനക്ഷമതയുണ്ടെങ്കിൽത്തന്നെ,തനിക്കതുണ്ടോ എന്ന് സ്വയം വിലയിരുത്താനുള്ള സാമാന്യബുദ്ധിയെങ്കിലും ക്രാന്തദർശികൾ കാട്ടണം.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...
This comment has been removed by the author.
എതിരന്‍ കതിരവന്‍ said...
This comment has been removed by the author.
ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

പല കവിയരങ്ങുകളും കണ്ട(കേട്ട)പ്പോള്‍ മനസ്സില്‍ തോന്നിയ കുറെ കാര്യങ്ങള്‍. ഇവിടെയുണ്ട്‌. ഒപ്പം ഒരു സ്വയംവിശകലനത്തിനുള്ള പ്രേരണയും തോന്നുന്നുണ്ട്‌. നല്ല പോസ്റ്റ്‌

വികടശിരോമണി said...

കതിരവൻ മാഷേ,
ഞമ്മള് പാവം മലയാളിയല്ലേ:)
ജ്യോതിബായ്,
നന്ദീ.

chithrakaran ചിത്രകാരന്‍ said...

കടുകട്ടി പ്രയോഗങ്ങളൊക്കെയാണല്ലോ ഇഷ്ട :) ഭംഗിയായി എഴുതിയിരിക്കുന്നു.

ഭൂമിപുത്രി said...

എന്റെയൊരു ചേച്ചി ഒരിയ്ക്കല്‍ പറഞ്ഞതാണോർമ്മവന്നത് ‘ഒരിയ്ക്കലും കവികളെക്കൊണ്ട് സ്വന്തം കവിത വായിപ്പിയ്ക്കരുത്,അവരെല്ലാവരിയും രണ്ടുതവണ ചൊല്ലും’:-)

പക്ഷെ ഗൗരവമായിപ്പറഞ്ഞാൽ,കവിത കേൾക്കുമ്പോൾ പലപ്പോഴും,ഒറ്റത്തവണ ചൊല്ലൽ പോരാ എന്ന് തന്നെയാൺ തോന്നാറ്.
ചങ്ങമ്പുഴയുടെ സ്വന്തം കവിതാലാപനം അസഹ്യമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.അത്രയും സംഗിതമുള്ള വരികളായിട്ടുപോലും!
ചുള്ളിക്കാടിന്റെ കവിത വേണുഗോപാൽ പാടിയപ്പോൾ മറ്റൊരനുഭവമായിരുന്നു.എങ്കിലും
കവിചൊല്ലുന്നത് കേൾക്കാനാണ് കൂടുതലിഷ്ട്ടം.

മറ്റൊന്നുകൂടിയുണ്ട് വികടാ,സ്വന്തം ആലാപനം അറുബോറാണെന്ന് എത്രപേർക്ക് മനസ്സിലാകും?

കാപ്പിലാന്‍ said...

എല്ലാ കവികളും കഴുതരാഗം ,കാളരാഗം എന്നിവ ഉള്ളവരല്ല കേട്ട .കൂഴൂരിന്റെ ചൊല്‍ കാഴ്ച എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു സംഭവമാണ് .ഞാന്‍ അങ്ങനെ കവിയരങ്ങുകള്‍ കണ്ടിട്ടില്ല :( എങ്കിലും ഒരു കാര്യം എനിക്കറിയാം എന്‍റെ സ്വരം ഒരു കാള രാഗമാണ് .അതുകൊണ്ട് ഞാന്‍ പാടാറും ഇല്ല .

വികടശിരോമണി said...

ചിത്രകാരാ-നന്ദി.
ഭൂമീപുത്രീ,
“പക്ഷെ ഗൗരവമായിപ്പറഞ്ഞാൽ,കവിത കേൾക്കുമ്പോൾ പലപ്പോഴും,ഒറ്റത്തവണ ചൊല്ലൽ പോരാ എന്ന് തന്നെയാൺ തോന്നാറ്.”
ഇതുവരെ ഞാൻ പറഞ്ഞതെല്ലാം തമാശയാണെന്നാണോ:)
രണ്ടുതവണ ചൊല്ലിക്കേൾക്കാൻ മാത്രം ‘കവത’യുണ്ടെങ്കിൽ വിരോധമൊന്നുമില്ല,പക്ഷേ നടക്കുന്നത് ഭൂരിപക്ഷവും ജാടയാണ്.എന്നെ മനസ്സിലാക്കാനുള്ള വിവരം നിങ്ങൾക്കില്ലല്ലോ എന്നുതന്നെയാണ് ധ്വനി.(ഈ പ്രശ്നം തീവ്രമായി അനുഭവിച്ച കവിയായിരുന്നു വൈലോപ്പിള്ളി.അദ്ദേഹത്തിന്റെ കവിതകളിലെ അടിക്കുറിപ്പുകൾ നോക്കുക.ചിരിച്ച് മണ്ണോ,ടൈൽ‌സോ കപ്പും:)}
വേണുഗോപാലിന്റെ ആലാപനത്തിനും മുമ്പ് ബാലചന്ദ്രൻ തന്നെ പാടിയതും മനോഹരമായിരുന്നു,ചുള്ളിക്കാടിൽ ഒരു കുഞ്ഞുപാട്ടുകാരനൊക്കെയുണ്ട്.വേണുഗോപാലിന്റെ സംഗീതം അവയെ കൂടുതൽ ശ്രവണമധുരമാക്കി.(അവ അങ്ങനെ മധുരമായി പാടേണ്ടതോ എന്ന സംശയം നിലനിൽക്കുമ്പോഴും)
ചങ്ങമ്പുഴ മാത്രമല്ല,ജാനകിയമ്മാൾ.പല കവികളുടെയും ആലാപനം ഭീകരമാണ്.ഏറ്റവും നല്ല ഉദാഹരണം വൈലോപ്പിള്ളി തന്നെ.അദ്ദേഹം ഓണപ്പാട്ടുകാർ ‘പാടിയത്’ കേട്ടാൽ പിന്നെ ആ കവിത വായിക്കാനെടുത്താൽ പോലും ദുസ്വപ്നങ്ങൾ കാണും:)
അവസാനത്തെ ഭൂമീപുത്രിയുടെ ചോദ്യമാണ് സാമാന്യബുദ്ധിയുള്ള കവികളോട് ഞാൻ ചോദിച്ചത്.സ്വന്തം തൊണ്ടയെക്കുറിച്ച് അൽ‌പ്പം തിരിച്ചറിവ് നല്ലതല്ലേ?
കാപ്പിലാനേ,
വിത്സണ് മുമ്പും നല്ല ചൊൽക്കാഴ്ച്ചകൾ മലയാളത്തിലുണ്ടായിട്ടുണ്ട്.ഞാനവയെ അല്ല വിമർശിച്ചത്.വ്യക്തമായിക്കാണുമല്ലോ.കാപ്പിലാൻ അവസാനം അറിയാമെന്നു പറഞ്ഞ കാര്യം ഇവിടെ മിക്ക കവികൾക്കും അറിയില്ല.

പാമരന്‍ said...

വളരെ നല്ല അഭിപ്രായം.

ഭൂമിപുത്രി said...

"ഇതുവരെ ഞാൻ പറഞ്ഞതെല്ലാം തമാശയാണെന്നാണോ:)"
ശൊ!ഇതെന്തൊരു വികടൻ!
ചേച്ചീടെ അഭിപ്രായത്തിനെപ്പറ്റിയല്ലേ ഞാൻ പറഞ്ഞേ?

Babu Kalyanam said...

നല്ല ലേഖനം...
ഓടൊ:
"എന്റെ പൂ‍ണ്ണ പ്രൊഫൈല്‍ കാണൂ"
രേഫം എവിടെ? ;-)

വികടശിരോമണി said...

പാമരൻ-
നല്ല അഭിപ്രായമോ?എന്തിനേക്കുറിച്ചാ?പോസ്റ്റിനെക്കുറിച്ചോ കവിതാലാപനപീഡനത്തെക്കുറിച്ചോ?:)
ഭൂമീപുത്രീ-
ലതുശരി.അങ്ങനെയാണല്ലേ.പേരിലേ വികടത്തമല്ലേ ജാനകീ എനിക്ക് ‘ഷ’മിച്ചുകള.(കാപ്പിലാൻ സ്റ്റൈൽ)
ബാബു കല്യാണം-
എന്തെവിടേന്ന്?ബഷീറിനോട് അബ്ദുൾ ഖാദർ ചോദിച്ചതുകൊണ്ട് ആഖ്യ പഠിച്ചിട്ടുണ്ട്.ഇതെന്താ സാധനം?:)
(എങ്ങനെയാ അതു കളഞ്ഞുപോയേന്ന് എനിക്കും പിടിയില്ല ചങ്ങാതീ)
ഒരു വ്യാകരണപ്രശ്നം തിരിച്ചുചോദിക്കട്ടെ-
‘ബാബു കല്യാണം’എന്നു വെച്ചാൽ?ബാബുവിന്റെ കല്യാണമെന്നോ ബാബു കല്യാണമാണെന്നോ ബാബുവെന്ന പേരിൽ ഒരു സവിശേഷകല്യാണമുണ്ടെന്നോ എങ്ങനെ വിഗ്രഹിക്കണം?:)
എല്ലാവർക്കും പെരുത്ത് നന്ദിയുണ്ട്.

ഒരു കാഥിക said...

കൊള്ളാം വികടശിരോമണി..
ആലാപനത്തിന്റെ ഭംഗി മാത്രം വച്ചു നോക്കിയാല്‍ താങ്കള്‍ പറയുന്നതിനോട്‌ യോജിക്കുന്നു. എങ്കിലും വരികളുടെ ഭാവവും അര്‍ത്ഥവും പ്രതിഭലിപ്പിക്കുവാന്‍ കവികള്‍ തന്നെയല്ലെ നല്ലതു എന്നൊരു സംശയം ഇല്ലതില്ല.

ഭൂമിപുത്രി പറഞ്ഞത്‌ വളരെ ശരിയാണു. സ്വന്തം കവിതകള്‍ കവികള്‍ തന്നെ വായിക്കുമ്പോള്‍ എത്ര അരോചക ശാരീരമാണെങ്കിലും കേള്‍ക്കുമ്പോള്‍ ഒരു വ്യത്യസ്തമായ അനുഭവമായി തോന്നാറുണ്ട്‌

Lathika subhash said...

“ചിലർക്ക് ശീർകാഴി ഗോവിന്ദരാജനേക്കാളും താരസ്ഥായിയാണ്,മൈക്കിന്റെ കൊങ്ങക്ക് പിടിച്ച് അലറുകയാണവർ.മറ്റു ചിലർ ‘വെൺകതിർ പോൽ നരച്ച ശീർഷ’മൊക്കെ ആയെങ്കിലും കുട്ടികളാണ്,അവർ പഴയ നാലാം ക്ലാസിലെ “തിങ്കളും താരങ്ങളും”കുട്ടികൾ ചൊല്ലുന്ന ഈണത്തിൽ (ആ ഈണത്തിന് മുത്തശ്ശി വഴുക്കലിൽ വടികുത്തിയ രാഗം എന്നു പറയും)ശ്വാസം വലിച്ച് കവിത ചൊല്ലുന്നു.മറ്റു ചിലർക്ക് ഒരു തവണ പറഞ്ഞാൽ താനുദ്ദേശിച്ച അർത്ഥതലം മുഴുവനായി പൊതുജനകഴുതകൾക്ക് മനസ്സിലായില്ലെങ്കിലോ എന്ന ആധി കൊണ്ട് എല്ലാ വരിയും രണ്ടുതവണ ആവർത്തിച്ചാലപിച്ച് ആത്മസംതൃപ്തി നേടുന്നു.”

ആക്ഷേപ ഹാസ്യത്തിന്റെ ഉദാത്ത മാതൃക.

‘വെൺകതിർ പോൽ നരച്ച ശീർഷ’മുള്ള കവികള്‍ ഉണ്ടോ? ഭാഗ്യം. ഒരു നര കാണാന്‍ കൊതിയാവുന്നു.

നല്ല പോസ്റ്റ്.

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
അതുതാനല്ലയോ ഇത് ?

വികടശിരോമണി said...

അനിലേ,അബദ്ധം!ഭീകരാബദ്ധം!
എങ്ങനെ സംഭവിച്ചതാന്ന് വ്യക്തമാകുന്നില്ല.
രണ്ടു തവണ പോസ്റ്റ് പബ്ലിഷായിരിക്കുന്നു.ഇനി എന്തു ചെയ്യാം?

പാഞ്ചാലി said...

ഞാന്‍ നേരിട്ടും കസ്സെറ്റില്‍ നിന്നും കേട്ടിട്ടുള്ളതില്‍ ഏറ്റവും മെച്ചമായി തോന്നിയത് ശശിധരന്‍ സാര്‍ ഇടശ്ശേരിയുടെ "പൂതപ്പാട്ട്‌ " ചൊല്ലുന്നതാണ്. (ചിലപ്പോള്‍ അധികം കവിതകള്‍ കേട്ടിട്ടില്ലാത്തതിനാലായിരിക്കും!)

എതിരന്‍ കതിരവന്‍ said...

കവിത പാടിയാണല്ലൊ തുടങ്ങിയത്. രാമായണം വാല്‍മീകി പാടിയപ്പോള്‍ സംസ്കൃതത്തിനു ലിപി ഇല്ലായിരുന്നു. ലിപി വന്നത് 500 ബി. സിയ്ക്കു ശേഷമാണത്രെ. വാല്‍മീകിയും രാമായണം പാടാന്‍ അതിനു കഴിവുള്ള ലവകുശന്മാരെയാണ് നിയോഗിച്ചത്.

എഴുതപ്പെട്ടതോടെ പദ്യത്തിനു വേറെ അര്‍ത്ഥതലങ്ങള്‍ വരാമെന്നായി. വായിക്കുന്നവനു സാവകാശം കിട്ടും എന്നതുകൊണ്ട് അവന്റെ/അവളുടെ ഭാവനകള്‍ എഴുതപ്പെട്ടതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. കേള്‍വിയിലൂടെ ഉള്ള ആസ്വാദനവും വായനയിലൂടുള്ളതും വ്യത്യസ്തമാകാം. കേള്‍വിസുഖവും വായനാസുഖവും വേര്‍പിരിയുന്നു.

കടമ്മനിട്ടയുടെ കസ്സറ്റുകള്‍ ഇറങ്ങിയപ്പോള്‍ പുതുമ ആയിരുന്നു. (അതിനും മുന്‍പേ കാവാലം സ്വന്തം കവിതകള്‍ പാടിക്കേള്‍പ്പിച്ചപ്പോള്‍ റെക്കോര്‍ഡ് ചെയ്തിറക്കുന്നതിനെ പ്പറ്റി സൂചിപ്പിക്കാന്‍ എനിയ്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്) പിന്നെ മധുസൂദനന്‍ നായര്‍ വന്നു. അതോടെ ട്രെന്‍ഡ് പിടിച്ചു കയറി. പി. ലീല ഒന്നാന്തരമായി ചൊല്ലിയ ഹരിനാമകീര്‍ത്തനം മാറ്റി മധുസൂദനന്‍ നായര്‍ പാടിയ്തേ ആള്‍ക്കാര്‍ കേള്‍ക്കൂ എന്നു വരെയായി കാര്യങ്ങള്‍.

ചില കവിതകള്‍ ആലാപനം കൊണ്ട് അത്യാസ്വാദ്യകരമായിട്ടുണ്ടെന്നു സമ്മതിക്കാതെ വയ്യ. വയലാറിന്റെ “അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം....”ഒരു പെണ്‍കുട്ടി പാടിയത്.സുഗതകുമാരിയുടെ ‘പാവം മാനവഹൃദയം” പി. സുശീല പാടിയത്. ടാഗോറിന്റെ തര്‍ജ്ജിമ ശങ്കരക്കുറുപ്പ്-“ എത്രമനോഹരമാണവിടത്തെ ഗാനാലാപന ശൈലി...”ശാന്ത പി. നായര്‍. ഇതിലൊക്കെ സംഗീതത്തിനു പ്രാധാന്യം വന്നിട്ടുണ്ടെങ്കിലും കവിതാതനിമ ചോര്‍ന്നിട്ടില്ല.

കവിയ്ക്ക് സ്വന്തം കവിത പാടി ഫലിപ്പിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ആ പണിയ്ക്കു പോകാതിരിക്കയാണു ഭേദം.

കാവാലം ജയകൃഷ്ണന്‍ said...

മലയാളത്തിലെ പല കവിപുങ്ക(വ)ന്‍ മാര്‍ക്കും അത്യാവശ്യം കിട്ടേണ്ട ഒരു കൊട്ടാണ് വികടശിരോമണി ഇവിടെ കുറിച്ചിട്ടിരിക്കുന്നത്. പക്ഷേ ഇവര്‍ നന്നാകുമെന്ന് മാത്രം താങ്കള്‍ പ്രതീക്ഷിക്കരുത്.പട്ടി മോങ്ങുന്നത് ഇതിലും എത്രയോ ഭേദമെന്നു തോന്നിപ്പോയ സന്ദര്‍ഭങ്ങള്‍ ചിലത് എനിക്കുമുണ്ടായിട്ടുണ്ട്‌. എന്നാല്‍ കവിത സിരകളില്‍ ലഹരിയായി പടര്‍ന്നു കയറിയ സന്ദര്‍ഭങ്ങളുമുണ്ട്‌. വയലാറിന്‍റെ ‘മാ നിഷാദ’ എന്ന കവിത ഒരു ഉദാഹരണമാണ്. ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു... എന്ന് തുടങ്ങുന്ന ആ കവിത അവസാനം ഏതു തലത്തിലാണ് ചെന്നു നില്‍ക്കുന്നതെന്ന് ശ്രദ്ധിക്കുക. ആ കവിതയിലെ ഓരോ വരിയുടെയും, ഓരോ വാക്കിന്‍റെയും അര്‍ത്ഥത്തെ മനോഹരമാക്കി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌ ഗായകന് (ആരാണ് പാടിയതെന്ന് അറിയില്ല) ചുരുക്കി പറഞ്ഞാല്‍ ആ ആലാപനം ആ മനോഹര കാവ്യത്തെ ചിത്രങ്ങളാക്കി മനസ്സില്‍ വരച്ചിടുന്നു. കവിത അങ്ങനെ ആലപിക്കപ്പെടട്ടെ. അല്ലാതെ ലോകത്ത് ആരോടോ (അതോ അവനവനോടു തന്നെയോ?) ഉള്ള അടങ്ങാത്ത പ്രതികാരം പ്രകടിപ്പിക്കുന്നതു പോലെ ദിഗന്തങ്ങള്‍ നടുങ്ങുമാറ്‌ ഈ കിടന്നു കാറുന്നതെന്തിനാണെന്നു മനസ്സിലാവുന്നില്ല. പ്രദേശത്തെ കൊതുക്‌, എലി തുടങ്ങിയ ക്ഷുദ്രജീവികളുടെ നശീകരണമാണ് ലക്ഷ്യമെങ്കില്‍, ആദ്യം മനുഷ്യന് ഭ്രാന്തു പിടിപ്പിച്ചിട്ടു വേണോ? ലോകത്തില്‍ ആദ്യത്തെ തീവ്രവാദി ഉണ്ടായത്‌ ചിലപ്പൊള്‍ ഒരുപക്ഷേ ‘ഇത്തരം’ ഏതങ്കിലും കവികളുടെ ആലാപനം കേട്ടതില്‍ നിന്നായിരിക്കും.

നല്ല ശൈലി, ആരോഗ്യകരമായ വിമര്‍ശനം, സുതാര്യമായ ഭാഷ... ആശംസകള്‍

ഭൂമിപുത്രി said...

എതിരന്റെ കമന്റ് വായിച്ചപ്പോൾ ഓർമ്മവന്നത് ജി.യുടെ ‘സാഗരസംഗീതം’എന്ന കവിതയിലെ ഘനഗാംഭീര്യമാർന്ന ആദ്യഭാഗം ദക്ഷിണാമൂർത്തിസ്വാമി,
ആരോ പറഞ്ഞതുപോലെ,പൂവിതൾ പോലെയാക്കിമാറ്റി, യേശുദാസിന്റെ ഗംഭീരശബ്ദത്തിൽ ജനിച്ച‘ശ്രാന്തമംബരം..’
എന്ന വിസ്മയമാൺ.
കവിതയുടെ അവസാനഭാഗം തികച്ചും വ്യതസ്ഥമായ മൂഡിൽ ജാനകിയെക്കൊണ്ടും പാ‍ടിച്ചു-‘നീരദലതാഗൃഹം..’

വികടശിരോമണി said...

ഒരു കാഥിക,ലതി,പാഞ്ചാലി,എതിരൻ കതിരവൻ,ജയകൃഷ്ണൻ കാവാലം,ഭൂമീപുത്രി-നന്ദി.
കതിരവൻ,
ലിപിയുടെ ഉൽഭവത്തെക്കുറിച്ച് തർക്കങ്ങളുണ്ട്.ഹീബ്രൂലിപിയുടെ പുതിയ വാർത്തകൾ കണ്ടിരുന്നില്ലേ?
കവിതയുടെ വായനയും ശ്രവണവും വ്യത്യസ്തമായ തലങ്ങളെ പ്രതിനിധീകരിക്കുന്നവയാണ്.ചില കവിതകൾ അവയുടെ സമഗ്രരൂപം ആർജ്ജിക്കുന്നതു തന്നെ അതിന്റെ വാഗ്രൂപത്തിലാണ്.(ഉദാ:ചിലകടമ്മനിട്ടക്കവിതകൾ)നിരന്തരമായ മനനത്തിനുള്ള സാധ്യത വായനയൊരുക്കുമ്പോൾ,ഭാവതലത്തെ അപനിർമ്മിക്കുന്ന സാനിധ്യമായി ആലാപനം മറ്റൊരു സാധ്യത കണ്ടെത്തുന്നു,
തൽക്കാലത്തെ സമർത്ഥമായി ആവിഷ്കരിക്കാനാവുമ്പോഴാണ് ഒരു നല്ലകവിത ജനിക്കുന്നത്.(അതു ചിലപ്പോൾ പിന്നീട് മറ്റു തലങ്ങളിൽ സാരവത്താകാം)ബ്രിട്ടീഷ് മോചനശേഷം നാം നേരിട്ട പരിസരങ്ങൾ അത്ര ലളിതമായിരുന്നില്ല,അതിനാൽത്തന്നെ കവിതയും രൂപം മാറി.സങ്കീർണ്ണമായ ഛായകൾ സ്വീകരിച്ച കവിതയെ വീണ്ടും ആലാപനത്തിൽ ആനന്ദഭൈരവിയാക്കുന്നതിൽ തകരാറുണ്ടായിരുന്നു.
ഇട്ടിവേശി നേത്യാരമ്മക്ക് ഇടിച്ചുവെച്ച പാക്കല്ല ഇടിത്തീവെടിക്കും വാക്ക് എന്ന് എം.ഗോവിന്ദൻ എഴുതിയതിനും ശേഷമാണ് ഈ കാവ്യാലാപനസംസ്കാരം നിറഞ്ഞത്.
പക്ഷേ,അവർ നമ്മളെ വ്യാമുഗ്ദ്ധരാക്കിക്കളഞ്ഞു.ജി.യുടെ ഘനഗംഭീരകവിതയുടെ ആവിഷ്കാരത്തെ ഭൂമീപുത്രിയും,‘ആത്മാവിലൊരു ചിത‘യെ കതിരവനും,‘മാനിഷാദ‘യെ ജയകൃഷ്ണനും പൂതപ്പാട്ടിനെ പാഞ്ചാലിയും...
(ആലോചനാമൃതവും ആപാദമധുരവും തമ്മിൽകാണില്ലല്ലോ എന്നു പറഞ്ഞ വിഡ്ഡി ആരാണ്?:)}
കതിരവൻ പറഞ്ഞ മറുവശം-കാവാലത്തിന്റെ കവിത,അതു മറ്റൊരു ചർച്ചക്കുതന്നെയുണ്ട്.കേരളീയ താള-രാഗങ്ങളെ കവിതയുടെ ശരീരത്തിൽത്തന്നെ സമന്വയിക്കുന്ന രാസവിദ്യ.ആ സാമന്തമലഹരി(കറുകറെകാർമുകിൽ) നോക്കൂ-വേറെയൊരു കാവ്യാലാപനപ്രതലമാണത്.{ഫോൿലോർ മുതൽ ക്ലാസിക്കൽ വരെയുള്ള നമ്മുടെ സംഗീതപാരമ്പര്യം അതിൽ അടിയൊഴുകുന്നു എന്ന് ഞാൻ ഒരിക്കൽ പറഞ്ഞപ്പോൾ അദ്ദേഹമത് ചിരിച്ചുതള്ളി}
പക്ഷേ-ഈ പോസ്റ്റിൽ ഞാൻ സൂചിപ്പിച്ച വിഷയം മറ്റൊന്നായിരുന്നു-കവിയരങ്ങുകൾ എന്ന പീഡനകേന്ദ്രങ്ങൾ.അത് സംവദിക്കപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം.(എന്നു കരുതി മറ്റു ചർച്ചകൾ ഓഫാണ് എന്നല്ല കേട്ടോ.കവിതയിൽ ഒന്നുമോഫല്ല:)}
നന്ദി.

ഗീത said...

ഈയടുത്തും ശ്രീ. മധുസൂദനന്‍ നായരുടെ കവിതാലാപനം കേള്‍ക്കാനിടയായി. അദ്ദേഹം ചില വരികള്‍ മാത്രം ആവര്‍ത്തിച്ചു പാടുന്നതു കേട്ടു. അതേ സദസ്സില്‍ തന്നെ അദ്ദേഹത്തിന്റെ മറ്റൊരു കവിത ഒരു പെണ്‍‌കുട്ടി ആലപിച്ചതും കേട്ടു. പക്ഷേ അവള്‍ ഒരു വരിപോലും ആവര്‍ത്തിച്ചുപാടിയില്ല. (ആ പെണ്‍‌കുട്ടിയുടെ ആലാപനത്തില്‍ ഇടയ്ക്കിടെ ശ്രുതിഭംഗം വന്നത് ഒരു കല്ലുകടിയായിരുന്നു)
ആശയം കേള്‍വിക്കാരുടെ മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങണം എന്ന് കവിക്കു തോന്നുന്ന വരികളാകും രണ്ടാമതും ആവര്‍ത്തിച്ചു ചൊല്ലുന്നത്. പക്ഷേ ആവേശം മൂത്ത് മൂത്ത് ചെവിയില്‍ വിരല്‍ തിരുകാന്‍ തോന്നിപ്പോകത്തക്കവണ്ണമുള്ള ഉച്ചസ്ഥായിയിലുള്ള ആലാപനം അറുബോറു തന്നെ. വികടന്‍ പറഞ്ഞതു പോലെ അങ്ങനത്തെ പീഡനങ്ങളും സഹിക്കാന്‍ ഇടവന്നിട്ടുണ്ട്, എണിറ്റോടിപ്പോകാതെ കസേരയുടെ കൈകളില്‍ മുറുകെ പിടിച്ചിരുന്നു കൊണ്ട്... ഹി ഹി....

കിഷോർ‍:Kishor said...

കവിത കവി തന്നെ നന്നായിപ്പാടിയാല്‍ എന്താണ് കുഴപ്പം.

ഓ.എന്‍ . വി തന്റെ കവിതകള്‍ അതി മനോഹരമായി പാടുന്നത് ഞാന്‍ നേരിട്ട് കേട്ടിട്ടൂണ്ട്.

വികടശിരോമണി said...

ഗീതാ‍ഗീതികൾ-നന്ദി.
കിഷോർ,ചർച്ചകൾ വായിച്ചില്ലേ?നന്നായി കവികൾ തന്നെ പാടിയാൽ ഒരു കുഴപ്പവുമില്ല.ഒ.എൻ.വി നല്ല ഉദാഹരണം.പക്ഷേ നന്നായി മറ്റുള്ളവർക്കു തോന്നണം.
നന്ദി.

സന്തോഷ്‌ പല്ലശ്ശന said...

നല്ല ലേഖനം വൈകിയെങ്കിലും വായിക്കാനായതില്‍ സന്തോഷിക്കുന്നു