Pages

സംഗീതം ഒരു സമയകലയല്ല



ഓർമ്മകൾ സ്വയമേവ ഒരു ജീവിതമാണെന്നു തോന്നുന്നു.

ഓരോരുത്തരുടെയും ഹൃദയത്തിന്റെ സങ്കോചവികാസങ്ങളിൽ കാലത്തിന്റെ ഉത്തോലകങ്ങൾ തുടിയ്ക്കുന്ന ഒരു സമയമുണ്ട്.ത്രാസിന്റെ സൂചികളെപ്പോലെ ഇഹപരങ്ങൾക്കിടയിൽ ആടിയുലയുന്ന മറ്റൊരു സമയവും. അറുപതുനിമിഷങ്ങൾക്കിടയിൽ ഇണ ചേരുന്ന സമയസൂചികൾ വീണ്ടും ഊർജ്ജവാഹികളായി മൈഥുനത്തിലെത്തും പോലെ,ഓർമ്മകളും ഒരു ക്രാന്തിവൃത്തം പൂത്തിയാക്കിയാൽ നമ്മളോടിണചേരുന്നു.

വിൿടോറിയകോളേജിന്റെ വാച്ച് ടവറിനെ നോക്കിയാണ് കൽ‌പ്പാത്തിപ്പുഴ പോലും സമയമറിഞ്ഞുണരുന്നത് എന്നു കരുതിയ കാലം.സൂര്യൻ ആകാലനിലത്തിലൂടെ ഇഴഞ്ഞുവന്ന് മഞ്ഞവിഷം കക്കുന്ന പാലക്കാടൻ നട്ടുച്ചകളേയും സുര്യോത്സവങ്ങളേയും പിന്നിട്ട്,വൈകുന്നേരം ക്ലാസുപിരിഞ്ഞ ശേഷം ഞങ്ങൾ മൂന്നുനാലുകൂട്ടുകാർക്ക് ഒരു സ്ഥിരം യാത്രയുണ്ടായിരുന്നു,കൽ‌പ്പാത്തി അഗ്രഹാരത്തിലൂടെ.ബൈക്കിൽ പില്ലർ ജങ്ങ്ഷൻ എന്ന കൽ‌പ്പാത്തിയുടെ പ്രവേശസ്ഥലം വരെ പോകും.അവിടെ പോറ്റീസ് ഹോട്ടലിൽ നിന്ന് ഓരോ മസാലദോശ,കേസരി,ചായ.പിന്നെ അഗ്രഹാരത്തിലൂടെ നടത്തമാണ്.

കൽ‌പ്പാത്തിയുടെ അഗ്രഹാരം പാലക്കാടിലെ ഒരു മറുലോകമാണ്.ഒരു വശം എപ്പോഴും പൊട്ടിച്ചിരിച്ചൊഴുകുന്ന കൽ‌പ്പാത്തിപ്പുഴ.നിരത്തിനിരുവരത്തും വരിവരിയായി വീടുകൾ.എല്ലാറ്റിനും ഒരേ രൂപം,ഭാവം.ചേല ഞൊറിഞ്ഞുടുത്ത തമിഴ്‌ബ്രാഹ്മണസ്ത്രീകളുടെ മലയാളവും തമിഴും കല‌ർന്ന വാഗ്‌വിലാസങ്ങൾ.വൈകുന്നേരത്തിലെ ഇളവെയിലിൽ,അൽ‌പ്പനേരം മുൻപ് ആകാശത്തിനു താഴെ അഗ്നിവല നെയ്ത വെയിൽ‌പ്പെരുക്കങ്ങളെ പാലക്കാടിന്റെ അനുഗ്രഹമായ കാറ്റ് മായ്ച്ചു കളയുന്നത് ഇവിടെയാണ്.ഓരോ വീടിനും മുന്നിൽ ഒരു പകലിരവുമാത്രം കണ്ടു മാഞ്ഞുപോകേണ്ട കോലങ്ങൾ.പൂണൂലിനും കുടവയറിനും മീതേ കുലുങ്ങുന്ന വെടിവട്ടവുമായി കൂടിയിരിയ്ക്കുന്ന തമിഴ്‌ബ്രാഹ്മണർ.ഇടയിൽ,ഏതൊക്കെയോ വാതിൽ‌പ്പാളികടന്നു പതിയ്ക്കുന്ന നോട്ടങ്ങൾ,പാദസരനാ‍ദത്തിന്റെ ചീളുകൾ…

സംഗീതം ഇവിടെ ദാസ്യവൃത്തിയിലാണ്.അഗ്രഹാരത്തിലെ വീടുകളെ നിർമ്മലമാക്കുന്ന,ഒരു സ്വാഭാവികവൃത്തി.എല്ലാ വീട്ടിലും സംഗീതം ഒരു നിത്യദാസിയെപ്പോലെ കൂടെയു‌ണ്ട്.പെൺ‌കുട്ടികളുടെ പ്രധാനപ്പെട്ട ഒരു വിവാഹയോഗ്യത തന്നെ,സംഗീതത്തിലും നൃത്തത്തിലുമുള്ള പ്രാവീണ്യമാണ്.ഞങ്ങൾ നടക്കുമ്പോൾ ഇരു വശത്തുനിന്നും കേൾക്കാം,കുട്ടികൾ പാടിപ്പഠിക്കുന്നത്.ലംബോധര….ദേവദേവകലയാമിതേ….മറ്റു ചിലയിടങ്ങളിൽ നിന്ന് ജി.എൻ.ബിയും മധുരമണിയും പട്ടമ്മാളും അരിയക്കുടിയും എം.എൽ.വസന്തകുമാരിയും പാടുന്ന റെക്കോഡുകൾ.പാലക്കാട് രഘുവിന്റെയും രാമനാഥപുരം കന്തസ്വാമിയുടെയും തനിയാവർത്തനങ്ങൾ.ഗോപാലകൃഷ്ണനും ത്യാഗരാജനും വയലിനിൽ തീർത്ത ഉന്മാദങ്ങൾ.ഒരിടത്തു നിന്നു ശേഷഗോപാലിനെ കേട്ട്,തൊട്ടടുത്തു നിന്ന് മഹാരാജപുരം സന്താനത്തെ കേൾക്കുമ്പോൾ ബഹുരൂപിയായ കൽ‌പ്പാത്തിയുടെ ഗേയപാരമ്പര്യം നമ്മെ ഇളങ്കാറ്റിനൊപ്പം ആശ്ലേഷിക്കും.

സ്വാഭാവികമായും,സംഗീതത്തെപ്പറ്റിത്തന്നെയായി ഞങ്ങളുടെ അഗ്രഹാരത്തിലെ വൈകുന്നേരചർച്ചകൾ.പ്രിയപ്പെട്ട കൂട്ടുകാരൻ രാജീവും ഞാനുമായി സ്ഥിരം തല്ലുകൂടി.അവനു ടി.എൻ.ശേഷഗോപാലിന്റെ ഭ്രാന്ത്,എനിയ്ക്ക് കെ.വി.നാരായണസ്വാമിയുടെയും.സംഗീതം ബുദ്ധിയോടോ ഹൃദയത്തോടോ സംസാരിക്കേണ്ടത് എന്ന ഉത്തരമില്ലാത്ത സംവാദം.ലോകത്താർക്കും കേട്ടുപരിചയമില്ലാത്ത രാഗങ്ങളുടെ ശേഷഗോപാൽ സംഗീതത്തെപ്പറ്റി രാജീവ് വാചാലനാകുമ്പോൾ,ഞാൻ നാരായണസ്വാമിയുടെ ഇളനീരുപോലെയുള്ള സംഗീതവും കുഞ്ഞിരാമൻ നായരുമായുള്ള ബന്ധങ്ങളെപ്പറ്റി പറയും.അവസാനം ശാരീരികയുദ്ധത്തിലെത്തുമ്പോൾ ഒന്നുകിൽ ഒപ്പമുള്ള ശ്രീനിയും സുദേവും പിടിച്ചുമാറ്റും,അല്ലെങ്കിൽ ഏതെങ്കിലും ഒരു തമിഴ് സൌന്ദര്യത്തെക്കാണുമ്പോൾ ഞങ്ങൾ ആദരപൂർവ്വം നിശ്ശബ്ദത പാലിക്കും.ഞങ്ങൾക്കു രണ്ടുപേർക്കും പൂർണ്ണമായി യോജിക്കാവുന്ന ഒറ്റ സംഗീതസ്ഥലമേ ഉള്ളൂ;എം.ഡി.രാമനാഥൻ.ഒരേ സമയം ബുദ്ധിയും ഹൃദയവും മോഷ്ടിക്കുന്നവൻ.കലഹങ്ങളുടെ രാഗപ്രവാഹം.സൂക്ഷ്‌മമായ ശൈഥില്യവും ലയവും.ആഴങ്ങളിലേയ്ക്കു സാന്ദ്രമായും ഉയരങ്ങളിലേയ്ക്കു മേഘശ്രുതിയായും പ്രസ്താരമേൽക്കുന്ന ആ മഹാകാരത്തിനു മുന്നിൽ ഞങ്ങൾ രണ്ടു കുട്ടികളും വാഗർത്ഥങ്ങളുടെ യോജിപ്പു കൈക്കൊണ്ടു.

അത്തരമൊരു ചൂടേറിയ വാക്പ്പയറ്റിനിടയിലാണ്,ഞങ്ങൾ ആ എം.ഡി.ആർ സംഗീതം കേൾക്കുന്നത്.ഇരു കൈവഴികളായി പിരിയുന്ന കൽ‌പ്പാത്തിയിലെ അനേകം കവലകളിലൊന്നിനു വലതുവശത്ത്,ചെറിയൊരു കോലം മാത്രം മുന്നിലണിഞ്ഞ് കുമ്മായമടർന്ന ചുവരുകളുള്ള ഒരു വീട്ടിനുള്ളിൽ നിന്ന് രീതിഗൌളയുടെ രാഗാലാപമായി അതു ഞങ്ങളെ വന്നു പുണർന്നു.രാജീവാണ് പെട്ടെന്നു കൈപിടിച്ചു നിർത്തിയത്.‌“ഇതു കേട്ടിട്ടില്ലല്ലോടാ”എന്നവൻ മെല്ലെ പറഞ്ഞു.“ഹേയ്,ഇതെന്റെ കയ്യിലുണ്ട്,‘ജോ ജോ രാമ’ആണെന്നേ”എന്നു ശ്രീനി.അതല്ലെന്നുറപ്പ് എന്നു രാജീവിന്റെ വാശി.തർക്കമായ സ്ഥിതിയ്ക്ക് രാഗാലാപനം കഴിയും വരെ നിന്നു കേൾക്കാം എന്നുവെച്ചു.പത്തുമിനിറ്റോളം നീണ്ട ആ രീതിഗൌളയുടെ സഞ്ചാരം തന്നെ,ഞങ്ങളെ കാത്തിരിയ്ക്കുന്നത് എന്തോ അത്ഭുതമാണ് എന്നു തോന്നിച്ചു.രാഗഭാവത്തിന്റെ സമസ്തമേഖലകളേയും പിഴിഞ്ഞെടുത്ത ആലാപനം.സാഹിത്യം തുടങ്ങിയപ്പോൾ ശ്രീനിയുടെ പ്രവചനം തെറ്റി.‌“നിനുവിനാ”എന്ന ശ്യാമശാസ്ത്രിയുടെ കൃതിയായിരുന്നു അത്.അനതിസാധാരണമായ രാമനാഥസംഗീതത്തിന്റെ മുഴുവൻ മാസ്മരികഭംഗിയും അലിഞ്ഞുചേർന്ന സ്വരവിസ്താരം.നിന്നിടത്തു നിന്ന് ഞങ്ങൾ മെഴുകുപ്രതിമകളായി ഉരുകി.കീർത്തനം തീർന്ന ഉടനേ രാജീവ് “ഇതിന്റെ കോപ്പി കിട്ടാനെന്താണു വഴി”എന്ന ആത്മഗതാഗതത്തിലേയ്ക്കു കയറിയതാണ്.അഗ്രഹാരത്തിന്റെ യാഥാസ്ഥിതികസ്വഭാവം അറിയാവുന്നതുകൊണ്ട്,ഞാൻ “നമുക്കു തൽക്കാലം പോയേക്കാം”എന്നു പെട്ടെന്നു കയറിപ്പറഞ്ഞു.നല്ലൊരു സംഗീതാനുഭവത്തിനു തൊട്ടുപിന്നാലെ,കുറേ തമിഴ്‌ചീത്തവിളികൾ കേൾക്കുന്നത് അത്ര സുഖമാവില്ല എന്നറിയുന്നതുകൊണ്ട്.

പിറ്റേന്നു മസാലദോശയുടെയും ചൂടുചായയുടേയും രസക്കൂട്ടിനകത്തിരുന്നപ്പോഴേ ഞങ്ങൾ വെറുതേ ഒരു തീരുമാനമെടുത്തു,ഇന്നും അവിടെ പോയി നോക്കണം എന്ന്.കൃത്യം ആറുമണിയ്ക്ക് അവിടെയെത്തിയതും ഇന്നലത്തെ അതേ കീർത്തനം തുടങ്ങി!ആറരയാകുമ്പോഴേയ്ക്കും അത് അവസാനിച്ചപ്പോഴും ആ വീടിന്റെ മുൻ‌ഭാഗത്തെങ്ങും ആരെയും കണ്ടില്ല.തുടർന്ന്,ഒരാഴ്ച്ചയിലധികം ഞങ്ങൾ ആറുമണിയ്ക്ക് അവിടെയെത്തി ആ ഒരേ കീർത്തനം കേട്ടു.എന്താണ് ഈ കൃത്യസമയത്ത് ഒരു പ്രത്യേകകീർത്തനം വെക്കുന്നതിലെ ഗുട്ടൻസ് എന്ന് ഞങ്ങളന്ന് കുറേ ചർച്ച ചെയ്തിട്ടുണ്ട്.രീതിഗൌളയോടാണോ രാമനാഥനോടാണോ ആ ആരാധന എന്നു വരെ.എന്തായാലും പിന്നെപ്പിന്നെ,ശ്രീനി പറഞ്ഞതുപോലെ മസാലദോശയും ചായയും കേസരിയും പോലെ,ആ കീർത്തനം ദിവസവും കേൾക്കലും ഒരു ശീലമായി.എത്ര കേട്ടാലും പുതിയ അടരുകളിൽ ചെന്നുടക്കാൻ മരുന്നു ബാക്കിയുള്ള രാമനാഥന്റെ ആലാപനം എന്നും ഞങ്ങൾക്കു പുതുമകൾ തന്നു.ഒരാഴ്ച്ചയ്ക്കു ശേഷം ആണ്,ഒരു ചേല ചുറ്റിയ ‘പട്ടമ്മാളി’നെ ആ വീടിന്റെ മുൻ‌വശത്തു കണ്ടത്.ആ ആവേശത്തിൽ,ഞാൻ പെട്ടെന്നു കയറി “ആ പാടുന്ന കാസ്റ്റ് ഒന്നു തരാമോ,കോപ്പി എടുത്തു തിരിച്ചു തരാം”എന്നോ മറ്റോ ചോദിച്ചു.പെട്ടെന്നു മുഖം വെട്ടിത്തിരിച്ചു നോക്കി,അവർ പറഞ്ഞ “മുടിയാത്”എന്ന ഒറ്റവാക്ക് ഇപ്പോഴും ചെവിയിലുണ്ട്.സൈക്കിളിൽ നിന്നു വീണ കുട്ടിയുടെ ഭാ‍വത്തോടെ പിന്തിരിയുമ്പോൾ രാജീവിന്റെ ചിരിയും.

അതോടെ,അതു സംഘടിപ്പിക്കൽ ഒരു വാശിയായി.കൽ‌പ്പാത്തിയിലുള്ള ഹരിയെന്ന കൂട്ടുകാരനെ പിടിച്ചു.അവനേയും കൂട്ടി ആ വീട്ടിലേക്കു ചെന്നപ്പോൾ അവന്റെ ഒപ്പം സ്കൂളിൽ പഠിച്ച ഒരു സഹപാഠിയുടെ വീടാണത്.“ഞാൻ സംഘടിപ്പിച്ചു തരാം”എന്നവൻ പറഞ്ഞ സന്തോഷത്തിൽ,“ഞാനും ഒപ്പം വരാം.രണ്ടു മണിക്കൂർ നേരം മതി,കോപ്പി എടുത്ത് നമുക്ക് തിരിച്ചുകൊടുക്കാം,ഞാനും വരാം”എന്നു പറഞ്ഞ് ഞാനും ഒപ്പം ചെന്നു.

ആ വീട്ടിൽ ചെന്നപ്പോൾ എന്നോടു കണ്ണുരുട്ടിയ പട്ടമ്മാളും,അവരുടെ അനിയൻ മറ്റൊരു പട്ടരും ഉണ്ടായിരുന്നു.കാര്യം ഹരി പറഞ്ഞ ഉടനേ,അവർ പരസ്പരം നോക്കി.പട്ടമ്മാളുടെ കണ്ണുനിറഞ്ഞുവോ? പാതി തമിഴും മലയാളവും കലർന്ന കൽ‌പ്പാത്തിഭാഷയിൽ,അനിയൻ പറഞ്ഞു:

“ആ കാസറ്റ് ഇവിടെ വലിയൊരു നിധിയാണ്.എന്റെ ചേട്ടന് മനസ്സിനു നല്ല സുഖമില്ല.വെള്ളം അലർജിയാണ്.കുളിപ്പിക്കുക എന്നു പറഞ്ഞാൽ മതി,വയലന്റാകും.ആ രാമനാഥന്റെ കീർത്തനം കേട്ടാൽ സമാധാനമാണ്.ഒരു പ്രശ്നവും ഉണ്ടാക്കാ‍തെ സഹകരിക്കും.സന്ധ്യയ്ക്ക് ആറുമണിയ്ക്ക് ആണു കുളിപ്പിയ്ക്കാറ്.അതിനായാണ് എന്നും വൈകുന്നേരം അതു വെയ്ക്കുന്നത്.”

ഒന്നും പറയാനുണ്ടായിരുന്നില്ല.അകത്തെ മുറിയിൽ,കാലിൽ ചങ്ങലയുമായി കൂനിക്കൂടിയിരിക്കുന്ന ഒരു കറുത്തരൂപത്തെ അയാൾ കാണിച്ചുതന്നു.ഞങ്ങൾ തിരിഞ്ഞുനടന്നു.പിന്നെ അതു കേൾക്കാൻ പോകാനായില്ല.പോകാൻ തോന്നിയില്ല.

44 comments:

വികടശിരോമണി said...

മേതിലിനോടു ഞാൻ വിയോജിക്കുന്നു;സംഗീതം ഒരു സമയകലയല്ല.

Ajit Namboothiri said...

so touching, thank u

വികടശിരോമണി said...

ഹായ്!ഈ പോസ്റ്റിന് താങ്കളല്ലാതെ മറ്റാരാണ് ആദ്യ കമന്റ് ഇടേണ്ടത്!
ഞാൻ കൃതാർത്ഥനായി:)

അനില്‍@ബ്ലോഗ് // anil said...

വി.ശി,
എന്ത് കമന്റെഴുതണംമെന്ന് പിടിയില്ല.
ഓരോ വരിക്കും കമന്റെഴുതാം.
അഗ്രഹാരങ്ങള്‍ മനസ്സില്‍ എന്തൊക്കെയോ ഓര്‍മകളുണര്‍ത്തുന്നു.താരേക്കാട് ഗ്രാമത്തിലൂടെയുള്ള സ്ഥിരമായ ബൈക്ക് യാത്രയും അതിന്റെ തുടര്‍ച്ചയായി കല്പാത്തിയിലേക്ക് നടത്താറുണ്ടായിരുന്ന യാത്രയുമൊക്കെ മറവിയുടെ പിന്നിലേക്ക് മാറ്റിയിരുന്നതാണ്. അതിപ്പോള്‍ പൊന്തി വന്നു.
എം.ഡി ആറിനെ കേട്ട് കുളിക്കാനിരിക്കുന്ന ആ പട്ടര്‍ മനസ്സിലേക്ക് വരുന്നു.
എനിക്കും കേള്‍ക്കണമെന്ന് തോന്നുന്നു, raaga dot com ഒന്നു പോയി വരാം.

ചാണക്യന്‍ said...

വശ്യമായ എഴുത്ത് വികടശിരോമണി....

സംഗീതം സാന്ത്വനകലയാണ്......

Anil cheleri kumaran said...

അതിമനോഹരമായ എഴുത്ത്.

എതിരന്‍ കതിരവന്‍ said...

ആയ കാലത്തു അവഗണനകൾ ധാരാളം ഏറ്റുവാങ്ങിയ രാമനാഥനെ ഇപ്പോൾ ഓർമ്മകളിൽ ആരാധനാപ്രതിഷ്ഠിതനാക്കുകയാണ് ഇത്തരം കുറിപ്പുകൾ. ആലാപനസൌഭഗത്തിനു പുതിയ നിർവ്വചനങ്ങൾ ചമച്ച അദ്ദേഹം ഇന്നു വീണ്ടെടുക്കപ്പെട്ടിരിക്കയാണ്
ആകാ‍ാരവൈകല്യങ്ങൾ, പാട്ട് പുറത്തെടുക്കാൻ വിഷമിയ്ക്കക്കുന്നതുപോലത്തെ ചേഷ്ടകൾ...ഇവയൊക്കെ കച്ചേരികളിൽ ആസ്വാദനത്തിനു പ്രതിബന്ധമല്ല, പാട്ടു മാത്രമേ തന്നിലുള്ളു പാട്ടു മാത്രം നിങ്ങൾ കേൾക്കൂ എന്ന വിളംബരമായിരുന്നു ‘എംഡി’.
ചങ്ങലയിൽ തളയ്ക്കപ്പെട്ട ആ ഇരുൾമനസ്സിലേയ്ക്ക് സംഗീതവെളിച്ചപ്പാളികൾ പായിച്ച് സാന്ത്വനമേകാൻ രാമനാഥന്റെ സംഗീതത്തിനേ ആകൂ.

വാഴക്കോടന്‍ ‍// vazhakodan said...

വളരെ മനോഹരമായ അവതരണം.
നന്ദി.

Sureshkumar Punjhayil said...

paattum, changalayude kilukkavum manassil thangi nilkkunnu...!

Manoharam, Ashamsakal...!!!

santhoshhrishikesh said...

ഒരേ സമയം മേതിലിന്റെ മറന്നുപോയ ഒരു രചനയെ, മറന്നുപോയ താരെക്കാടിനെ, വരദനെ, എം.ഡീ.ആറിന്റെ മുഴങ്ങുന്ന ശബ്ദത്തെ അങ്ങനെ പലതിനെയും ഓര്‍മിപ്പിച്ച എഴുത്തിനെ നന്ദിപൂര്‍വം നമിക്കയല്ലാതെ എന്തു പറയാന്‍!

ഗീത said...

സംഗീതത്തിന്റെ അഭൂതപൂര്‍വ്വമായ സാന്ത്വനശക്തി...
എന്നാലും സംഗീതാസ്വാദനം അതു കേള്‍ക്കാനിടയാകുന്ന സന്ദര്‍ഭത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു.
കോളേജ് കാലത്ത് ഒരേ മനസ്സുള്ള മൂന്നുപേരെ സുഹൃത്തുക്കളായി ലഭിച്ചത് ഒരു ഭാഗ്യം തന്നെ.

മുരളി I Murali Mudra said...

എം ഡി ആറിന്റെ സംഗീതം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരാളാണു ഞാന്‍....
താങ്കളുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ വിവരിക്കാനാവാത്ത ഒരു അനുഭൂതിയാണ് തോന്നിയത്..
സംഗീതം ജീവന്റെ ഒരു ഭാഗമാണ് എന്ന് തിരിച്ചറിയുന്ന നിമിഷങ്ങള്‍..
.നന്നായി സുഹൃത്തെ..വളരെ നന്നായി.....

Manikandan said...

സംഗീതവുമായി എനിക്ക് യാതൊരു ബന്ധവും ഇല്ല. അതുകൊണ്ടുതന്നെ ഈ പ്രഗത്ഭരെ ഒന്നും അറിയുകയുമില്ല. എന്നാലും അവതരണം ഇഷ്ടമായി. അവസാനഭാഗം മനസ്സിനെ വല്ലാതെ സ്പർശിച്ചു.

ഗുപ്തന്‍ said...

സുന്ദരമായ എഴുത്ത്. വിശി തകര്‍ക്കുന്നുണ്ടീയിടെ :)

ജ്യോനവന്‍ said...

സംഗീതസന്ദ്രം വശീകരിച്ചുകളയുന്നു വിശിയുടെ അനുഭവ കുറിപ്പുകള്‍.

Rajeeve Chelanat said...

സംഗീതം സമയകലയോ അനന്തസാഗരമോ ഒന്നുമല്ല...ശബ്ദത്തിന്റെ ജയില്‍‌മുറിയില്‍നിന്നു രക്ഷപ്പെട്ട ഒരു ഭ്രാന്തനാണ്.


എം.ഡി.ആറിനെയും, കല്‍പ്പാത്തിയെയും ആ അഗ്രഹാരക്കിണറ്റിലെ തവളകളെയും ഓര്‍മ്മിപ്പിച്ചതിനു നന്ദി വിശി.

അഭിവാദ്യങ്ങളോടെ

വികടശിരോമണി said...

വന്നവർക്കും വായിച്ചവർക്കും നന്ദി.

കപ്ലിങ്ങാട്‌ said...

പക്ഷേ അങ്ങയുടെ ഇതുപോലുള്ള ഓര്‍മ്മക്കുറിപ്പുകള്‍ സമയകലയല്ലേ?

അനുഭവം അല്‍ഭുതകരം, ആ ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല. കല്പ്പാത്തിയിലേക്ക് അധികം പോയിട്ടില്ല, താരേക്കാടിന്റെ അതിര്‍ത്തി വരെയെ പോയിട്ടുള്ളു.

രാമനാഥന്റെ മറ്റൊരു നിന്നു വിനയും എനിക്ക് വളരെ പ്രിയങ്കരമാണ്‌ - പൂര്‍വികല്യാണിയിലുള്ള നിന്നുവിന ഗമരി. അദ്ദേഹത്തിനെ ചൗക്ക കാലത്തില്‍ പാടാന്‍ കഥകളിയിലെ പതിഞ്ഞ പദവും സ്വാധീനിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്, ശരിയാണോ? അദ്ദേഹത്തിന്റെ ഗുരുവായ ടൈഗര്‍ വരദാചാരിയും ടൈഗറുടെ മറ്റൊരു ശിഷ്യനായ മറ്റൊരു രാമനാഥന്‍ എസ്. രാമനാഥനും ഇത്ര ചൗക്ക കാലത്തിലല്ല പാടിയിരുന്നത്.

വികടശിരോമണി said...

കപ്ലിങ്ങാട്,
ആ പൂർവ്വികല്യാണിയെ ഓർമ്മപ്പെടുത്തിയതു സന്തോഷം.മുകളിലേയ്ക്കുയർന്ന കൈകളുമായി,“അംബ നിനുവിന ഗമരി”എന്നു തുടങ്ങുന്ന രാമനാഥന്റെ ചിത്രം ഓർത്തുപോയി.

പതിഞ്ഞപദത്തിന്റെ സ്വാധീനം...അത്തരമൊരു കേൾ‌വി എനിയ്ക്കുമുണ്ട് എന്നല്ലാതെ കൂടുതൽ അറിയില്ല.രാമനാഥന് ഏറെ പ്രീയങ്കരമായിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പിന്റെ സംഗീതം.ഒരു തവണ “ഹരിണാക്ഷി”കഴിഞ്ഞപ്പോൾ അണിയറയിൽ വന്നു കുറുപ്പിന്റെ ആലിംഗനം ചെയ്യുന്ന രാമനാഥന്റെ ഒരു ഫോട്ടോ കണ്ടിട്ടുണ്ട്.

SRUTHI said...

രാഗബോധവും താളബോധവുമൊന്നും ഇല്ലെങ്കിലും എനിക്ക് സങ്ഗീതം ഇഷ്ടമാണ്‌. എന്താണെന്നറിയാത്ത വല്ലാത്തൊരിഷ്ടത്തോടെ ഞാന്‍ എം.ഡി. രാമനാഥനേയും ടി.എം.കൃഷ്ണയേയും മധുര മണിഅയ്യരേയും ഒക്കെ കേള്‍ക്കാറുണ്ട്. ചിലപ്പോള്‍ ശാന്തമായും മറ്റുചിലപ്പോള്‍ കൂലംകുത്തിയുമൊഴുകുന്ന ഒരു കാട്ടരുവിപോലെതോന്നും എം.ഡി.ആറിനെ കേള്‍ക്കുമ്പോള്‍.ഒഴുക്കെങ്ങനെയായാലും തെളിനീരൊഴുക്കുപോലെ....ശുദ്ധവും കുളിര്‍ മയുള്ളതുമായിതോന്നും. ഇനിച്ചിലപ്പോഴോ കേള്‍ ക്കുന്നമാത്രയില്‍ ഓരോ പ്ലാനിനും കൃത്യമായ വായനക്കംപോലും അനുഭവവേദ്യമാകും. എന്റെ മനസ്സിനു ഞാന്‍ കൊടുക്കുന്ന ഏറ്റവും നല്ല മുന്‍ കരുതലായി സുഖചികിത്സയായി തോന്നി ഇതുവായിച്ചപ്പോള്‍ എന്റെ സങ്ഗീതശ്രവണം. ആസ്വാദനം ഒആരോരുത്തര്‍ക്കും ഓരോന്നാണല്ലോ. അതു പലവട്ടം വി.ശി. തന്നെ കഥകളിചര്‍ച്ചകളില്‍ പങ്കുവച്ച ആശയവുമാണല്ലോ?
ഇതുവരെ ഞാന്‍ പരിചയപ്പെടാതെപോയ കല്പാതിയുടെ സങ്ഗീത സന്ധ്യകള്‍ എന്നെ വിളിക്കുന്നുവോ എന്നൊരുതോന്നല്‍.
വി.ശി. യുടെ ഭാഷയും അവതരണവും കൂടിയാകുമ്പോള്‍ പറയാനുമില്ല.
ഒരുപാടു നന്ദിയോടെ
ശ്രുതി

പൊട്ട സ്ലേറ്റ്‌ said...

Touching.... Very Nice.

പക്ഷെ ഇത് അല്പം കടന്നു പോയില്ലേ?.

"ഓരോരുത്തരുടെയും ഹൃദയത്തിന്റെ സങ്കോചവികാസങ്ങളിൽ കാലത്തിന്റെ ഉത്തോലകങ്ങൾ തുടിയ്ക്കുന്ന ഒരു സമയമുണ്ട്.ത്രാസിന്റെ സൂചികളെപ്പോലെ ഇഹപരങ്ങൾക്കിടയിൽ ആടിയുലയുന്ന മറ്റൊരു സമയവും. അറുപതുനിമിഷങ്ങൾക്കിടയിൽ ഇണ ചേരുന്ന സമയസൂചികൾ വീണ്ടും ഊർജ്ജവാഹികളായി മൈഥുനത്തിലെത്തും പോലെ,ഓർമ്മകളും ഒരു ക്രാന്തിവൃത്തം പൂത്തിയാക്കിയാൽ നമ്മളോടിണചേരുന്നു."

ബഹുവ്രീഹി said...

വളരെ നല്ല പോസ്റ്റ് മാഷെ.

krish | കൃഷ് said...

ഒരു അഗ്രഹാരത്തിലൂടെ നടന്നുപോയ അനുഭവം വിവരണത്തില്‍. നല്ല സംഗീതം തീര്‍ച്ചയായും മനസ്സിനു കുളിര്‍മ്മ നല്‍കും. നല്ല എഴുത്ത്.

Calvin H said...

എഴുത്ത് മനോഹരമായിരിക്കുന്നു... ടച്ചിംഗ്

ശംഖു പുഷ്പം said...

മനോഹരം‌...
സംഗീതം...?...ജീവിതം തന്നെ അല്ലെ അത്?

ആശംസകള്‍...

വര്‍ഷണീ.............. said...

സംഗീതം പോലെ മനോഹരമായ എഴുത്ത്. ജീവിതത്തിന്റെ താളവും താളഭംഗവും ശ്രൂതിയും അപശ്രുതിയും എല്ലാം സങ്ഗീതാത്മകമാകുന്ന അഗ്രഹാരക്കാഴ്ചകള്‍ ....
പാടിക്കഴിഞ്ഞും കാതുകളില്‍ പാടിക്കൊണ്ടേയിരിക്കുന്ന രാഗവിസ്മയം ...
തെറ്റിയ താളങ്ങള്‍ക്കു താളവും രാഗവും പകരുന്ന പ്രത്യാശയുടെ സംഗീതം,അത്‌ സമയത്തിനും കാലത്തിനും അതീതവും ...
ഒരു വാക്കുകൂടി വി.ശി.യോട്
നന്ദിയുടെ ഒരു വാക്ക്...

Typist | എഴുത്തുകാരി said...

പാലക്കാടന്‍ അഗ്രഹാരത്തിന്റെ ഒരു നേര്‍ചിത്രം ഭംഗിയായി വരച്ചിട്ടിരിക്കുന്നു.

Rare Rose said...

ഇരുട്ടിലാണ്ട മനസ്സിനെ വരെ ശാന്തമാക്കുന്ന ആ മാസ്മരിക ഗീതം വരികളിലൂടെ അനുഭവിപ്പിച്ചതിനു നന്ദി..

വികടശിരോമണി said...

നന്ദി...എല്ലാവർക്കും.

Kiranz..!! said...

രഞ്ജിത്തിന്റെ സിനിമകളിൽ കണ്ടു മടുത്ത ചില നായക കഥാപാത്രങ്ങളുണ്ട്.റഷ്യൻ,പാരീസ് കഞ്ചാവടിച്ച് എംഡി ആറിനെ ഉപാസിക്കുന്ന ചില ക്ലീഷേ അണ്ണന്മാർ.ഒറ്റച്ചവിട്ട് വെച്ച് കൊടുക്കാൻ തോന്നും.പിന്നെപ്പിന്നെ പോളണ്ടെന്നു കേൾക്കുമ്പോലെ എംഡി ആറെന്നു ആരേങ്കിലും പറയുന്നത് കേൾക്കുമ്പോൾ അവരെ ഓർമ്മവരും :) പറഞ്ഞു വന്നതെന്താച്ചാൽ ഇതൊന്നുമല്ലാതെ ഹൃദയപൂർവ്വം നല്ല ഡെപ്തോടെ എംഡിആറിനെ അവതരിപ്പിച്ചിരിക്കുന്നു വികടൻ.സുന്ദരക്കുട്ടപ്പനായി എഴുതിയിരിക്കുന്നു.അറിവിന്റെ പരിമിതിമൂലം ഇത്തരം ക്വാളിറ്റി ചർച്ചാ വേദികളിൽ പ്രത്യക്ഷപ്പെടാതെ ഒറ്റയോട്ടം നടത്തുകയാണു പതിവ്.പക്ഷേ “എന്തു വേണച്ചാലും എഴുതിക്കോളൂന്നു” പറഞ്ഞപ്പോ :)

ബിനോയ്//HariNav said...

സം‌ഗീതത്തിന്‍റെ വശ്യതയുള്ള എഴുത്ത്. നന്ദി :)

സജീവ് കടവനാട് said...

തൊടുന്നു, എഴുത്ത്.

തൃശൂര്‍കാരന്‍ ..... said...

ഹൃദയസ്പര്‍ശിയായ അവതരണം..വളരെ നന്നായിട്ടുണ്ട്...

dethan said...

ചുമ്മാതല്ല താങ്കളുടെ എഴുത്ത് സംഗീതാത്മകമാകുന്നത്.ഇതും മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍
-ദത്തന്‍

kichu / കിച്ചു said...

മനോഹരം...

കൂടുതല്‍ ഒന്നും പറഞ്ഞ് കുളമാക്കുന്നില്ല.

ആശംസകള്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വികടശിരോമണി,

വളരെ ഹൃദ്യമായി അവതരിപ്പിച്ചു.സംഗീതത്തിന്റെ മാസ്മരിക ശക്തിയെക്കുറിച്ചറിയാൻ മറ്റെതു ഉദാഹരണം വേണം?..

പെട്ടെന്ന് “സർഗം’ സിനിമ ഓർമ്മ വന്നു

ആശംസകൾ!

Sandeep Venmany said...

sangeethamapi saahityam.. saraswatyaa sthana dwayam..
Randum chernna srishti.. Brahmaavinu pranaamam

സെറീന said...

ഒരു സങ്കടം പിന്നെയും പിന്നെയും കാണാന്‍
തോന്നും വിധം എന്നെ ദുഷ്ടയാക്കി ഈ എഴുത്ത്,
ഞാനെത്ര വട്ടം വായിച്ചു!

ചേച്ചിപ്പെണ്ണ്‍ said...

Touching , Really !

ചേച്ചിപ്പെണ്ണ്‍ said...

വികട ശിരോമണി എന്ന് വച്ചാ എന്താ ? (അര്‍ഥം )

അനോമണി said...

അപ്പം തിന്നാല്‍പ്പോരേ ചേച്ചിപ്പെണ്ണേ, കുഴി തോണ്ടണോ? അല്ല വേണോ??

Muralee Mukundan , ബിലാത്തിപട്ടണം said...

എഴുത്തും,കഥയും അതിഗംഭീരം; പക്ഷേ ഒറ്റവായനക്ക് എല്ലാ അർഥങ്ങളും പിടികിട്ടണമെങ്കിൽ ഒരു മലയാളം നിഘണ്ടൂ കൈയ്യിൽ വേണം ..കേട്ടൊ..

വികടശിരോമണി said...

ചേച്ചിപ്പെണ്ണേ,
അങ്ങനൊരു പേര്,എന്നു വെച്ചോളൂ.:)
bilatthipattanam,
ഒറ്റ വായനയിൽ നിർത്തണംന്ന് എനിയ്ക്കു യാതൊരു നിർബ്ബന്ധവും ഇല്ല,എത്ര തവണ വേണെങ്കിലും വായിച്ചോളൂ:)

എല്ലാവരോടും നന്ദി.

എം.ഡി.ആറിന്റെ വിളംബകാലത്തെപ്പറ്റി കപ്ലിങ്ങാട് ഉന്നയിച്ച ചോദ്യം എന്നെ കൂടുതൽ ചിന്തിപ്പിച്ചു.കഥകളിയുടെ പതിഞ്ഞപദത്തിനേക്കാൾ,ദ്രുപദിനോട് എം.ഡി.ആർ വിളംബകാലത്തിന് സാമ്യമുണ്ട് എന്ന മധു വാസുദേവന്റെ നിരീക്ഷണത്തിൽ ശരിമയുണ്ടെന്നു തോന്നുന്നു.പക്ഷേ,ഇത്തരം അന്വേഷണങ്ങളിൽ വലിയ അർത്ഥമൊന്നും ഞാൻ കാണുന്നില്ല..
സവിശേഷമായ ഒരു സാഹചര്യത്തിന്റെ നിർമ്മിതിയാണ് ഏതു കലയും.സംഗീതത്തീന്റെ മാറ്റങ്ങളും അവയിൽ നിന്നു ഭിന്നമല്ല.മൈക്കിന്റെ സാധ്യതകൾ തുറന്നില്ലായിരുന്നെങ്കിൽ എം.ഡി.ആറിന്റെ മന്ത്രസ്ഥായികൾ ഇപ്രകാരം സംവദിക്കുമെന്ന് ആരും പറയില്ല.ബോദ്രിയാർ നിരീക്ഷിക്കുന്നതു പോലെ,‘സവിശേഷമായ ഒരു സൌന്ദര്യതലം’സാങ്കേതികവിദ്യ നിർമ്മിച്ചെടുക്കുന്നുണ്ട്.അത്തരത്തിലുള്ള ഒരു നിർമ്മിതിയുടെ ആദ്യ ദക്ഷിണേന്ത്യൻ സംഗീത ഉദാഹരണം ഒരുപക്ഷേ എം.ഡി.ആറായിരിക്കണം.സാഹിത്യത്തിന്റെ പരിചരണത്തിലും,ശൈലിയുടെ അതിവൽക്കരണത്തിലും എം.ഡി.ആർ ചെയ്തിരുന്ന വേറിട്ട വഴികൾ അതു ബോധ്യപ്പെടുത്തുന്നു.

മനസ്സിൽ തട്ടിയ ചില അനുഭവങ്ങൾ പങ്കുവെച്ചു എന്നേയുള്ളൂ...നന്ദി.

വിജിത്ത് ഉഴമലയ്ക്കൽ said...

വശ്യമായ എഴുത്ത്.. തുടരുക ഈ സപര്യ... നന്മകൾ..