Pages

അലുവാലിയത്തമ്പുരാന് ആനന്ദാശ്രുക്കളോടെ ഒരു അഭിനന്ദനക്കത്ത്

അലുവാലിയത്തമ്പുരാന്, 

കേരളത്തിലുള്ളവർക്കെല്ലാം പൂത്ത കാശായതുകൊണ്ട് എല്ലാവരും അരിവാങ്ങിത്തിന്നാൽ മതി, കൃഷിയ്ക്കായി ഭൂമി വേസ്റ്റാക്കരുത് എന്ന അങ്ങയുടെ കൽപ്പന ഇന്നലെ കേട്ടു. തൃപ്തിയായി. 

പാലക്കാട്ടുകാരനായതുകൊണ്ട് ഇങ്ങനെ കുറേ ഭൂമി വേസ്റ്റായിക്കിടക്കുന്നത് കണ്ടിട്ടുണ്ട് അങ്ങത്തേ. മര്യാദയ്ക്കു വിളവുകിട്ടില്ലെന്നു മാത്രമല്ല, കൃഷിക്കാരൻ മിക്കവാറും തൂങ്ങിച്ചാവുകയും ചെയ്യും. അതു കാശില്ലാഞ്ഞിട്ടൊന്നുമല്ല. അങ്ങുന്നു പറഞ്ഞ പൂത്ത പണം ബാങ്കിൽ കൊണ്ടു പോയി ഇട്ടതിന്റെ മുകളിൽ വേറെ ആളുകൾ പണം കൊണ്ടുവന്നിട്ടിട്ടാണ്. റിയൽ എസ്റ്റേറ്റു പോലെ തറവാടിത്തമുള്ള തൊഴിലുകൾ നാട്ടിലുള്ളപ്പോഴാണ് ഈ ദരിദ്രവാസികൾ വാഴകൃഷി, നെൽകൃഷി എന്നൊക്കെപ്പറഞ്ഞ് ഇറങ്ങുന്നത്. നാണമില്ലാത്ത വർഗം.

 ഞാനാലോചിയ്ക്കയായിരുന്നു, അങ്ങു പറഞ്ഞതിന്റെ ആഴം. കേരളത്തിൽ മന്ത്രി കെ പി മോഹനൻ നിയമസഭയിൽ അറിയിച്ച കണക്കനുസരിച്ച് 213187 ഹെക്ടർ ഭൂമി ആണ് അങ്ങുപറഞ്ഞപോലെ നെൽകൃഷി നടത്തി വേസ്റ്റായിക്കിടക്കുന്നത്. ഇത്രയും ഭൂമിയിൽ എത്ര ആണവനിലയം പണിയാം? എത്ര റിയൽ എസ്റ്റേറ്റുകാർക്ക് മറിച്ചും തിരിച്ചും വിറ്റും പറ്റിച്ചും കളിയ്ക്കാം? എത്ര സ്വകാര്യവിമാനത്താവളങ്ങളുണ്ടാക്കാം? ഇതൊന്നും ചെയ്യാതെ വിത്തും വിതച്ചു കാത്തിരിയ്ക്കുന്ന കെഴങ്ങന്മാരാണങ്ങത്തേ ഈ ഭൂമിയുടെ ഉടമസ്ഥന്മാർ.

ഇനി, ഇതൊന്നുമല്ലെങ്കിൽ, അങ്ങ് ഒരു ആസൂത്രകകമ്മീഷന്റെ അന്തസ്സിനൊത്തു നിർമ്മിച്ച 35 ലക്ഷം രൂപയുടെ കക്കൂസുകളുടെ മാതൃകയിൽ, ഇത്രയും ഭൂമിയിൽ എത്ര ആർഭാടപൂർണ്ണവും രാജകീയവുമായ കക്കൂസുകളുണ്ടാക്കാം? ഓരോ എം എൽ എ മാർക്കും ഓരോ കക്കൂസ്. എല്ലാറ്റിലും അങ്ങയുടേതുപോലെ സ്മാർട്ട് കാർഡ് വഴി മാത്രം പ്രവേശനം. ഇവിടുള്ളതുങ്ങൾക്കൊന്നും സ്മാർട്ട് കാർഡ് കുത്തി കാര്യം സാധിക്കാൻ തന്നെയറിയില്ല അങ്ങുന്നേ. തോന്നിയാൽ അങ്ങോട്ടോടും കക്കൂസിലേക്ക്. കൺട്രി ഫെല്ലോസ്. നമുക്കിതൊക്കെ മാറ്റിയെടുക്കണം.  

പിന്നൊന്ന്, ഈ വേസ്റ്റാക്കിക്കളയുന്ന ഭൂമിയിൽ വിത്തുവിതയ്ക്കുന്ന കെഴങ്ങന്മാർക്കു വേണ്ടി പ്രതിവർഷം 13000 ലക്ഷം രൂപയുടെ നെൽകൃഷി വികസന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതായി അറിയുന്നത്. അത്രയും പണം എന്തൊക്കെ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാം! “ ഓരോവീട്ടിലുമോരോനല്ലൊരു കക്കൂസാണിന്നാദ്യം വേണ്ടത്, കൊട്ടാരത്തിലെയേർക്കണ്ടീഷൻ പിന്നീടാവാലോ ” എന്ന് എത്രകാലം മുൻപേ ഇവിടത്തെ ശാസ്ത്രസാഹിത്യപരിഷത്തുകാർ പാടിയതാണെന്നറിയാമോ? നമുക്കതൊക്കെ നടത്തണം. 

അങ്ങയേപ്പോലെ വിവരമുള്ളവർ ഞങ്ങടെ നാട്ടിൽ ആകാശവാണിയിൽ പോലുമില്ല. അതുകൊണ്ടാണല്ലോ വയലും വീടും സംപ്രേഷണം ചെയ്യുന്നത്. ഇതുപോലുള്ള ബുദ്ധിപരമായ കൽപ്പനകൾ ഇനിയും നൽകി അങ്ങു ഞങ്ങളെ അനുഗ്രഹിക്കുമാറാകണം.

എന്ന്,വിശ്വസ്തതയോടെ,രാജാറാണികോലം അരി 37 രൂപയ്ക്കു വാങ്ങിത്തിന്നുന്ന ഒരു പ്രജ.

9 comments:

Sukanya said...

അശ്രു നമുക്കും ആനന്ദം അവര്‍ക്കും.

തിരിച്ചുവരവിന് അഭിനന്ദനങ്ങള്‍.

പനാവൂര്‍ said...

വികടശ്ശിരോമണിയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നു...അതിനു കളം ഒരുക്കിയ ആലുവാലിയാക്കും,പിന്നെ നമ്മുടെ ചാണ്ടിച്ചായനും ഒരായിരം നന്ദി...നമുക്ക് ഐസ് ക്രീം കഴിച്ചു ജീവിക്കാം ന്നെ....

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
അതു കലക്കി.

ഈ മാമാങ്കത്തിന്റെ ലക്ഷ്യം തന്നെ ഇതായിരുന്നല്ലോ, മറ്റെല്ലാരും അത് രഹസ്യമാക്കി വച്ചു, ഇദ്ദേഹം ശുദ്ധനായതോണ്ട് വിളിച്ചു പറഞ്ഞു.

ഏതായാലും അതുമൂലം ഇവിടെ ഒരു പോസ്റ്റ് പ്രസ്ത്യക്ഷപ്പെട്ടല്ലോ, സന്തോഷം. :)

Manikandan O V said...

ഏകദേശം മൂന്നു വർഷത്തിനു ശേഷം വികടശിരോമണി ബ്ലോഗിൽ എത്തിയതിലെ സന്തോഷം ആദ്യം അറിയിക്കുന്നു.
അലുവാലിയയെ പോലെ ഉള്ളവർ ആസൂത്രണം ചെയ്താൽ മലയാളി അരിഭക്ഷിക്കാതെ മറ്റ് ഭക്ഷണരീതികളിലേയ്ക്ക് മാറേണ്ടി വരും.

Anonymous said...

കൊള്ളാം നന്നായിട്ടുണ്ട്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഓരോ അലവലാതി തമ്പുരാന്മാർ
മൂന്നു കൊല്ലം കഴിഞ്ഞാലെന്താ വന്ന വരവ് ഇഷ്ടപ്പെട്ടു :)

മുബാറക്ക് വാഴക്കാട് said...

ഇതുകലക്കി മച്ചാനെ...
ആദ്യമായി വരാണ്...
ന്നാലും ഇഷ്ടായി.... :)

anna george said...

Sir നിങ്ങളുടെ പ്രസംഗങ്ങൾ നേരിട്ട് കേൾക്കാൻ താല്പര്യം ഉണ്ട്. കോട്ടയത്തു എന്നെങ്കിലും വരുമോ

Anonymous said...

Anna chechi kottayath ena verendath?