Pages

തലച്ചോറുകൾ പാടുന്ന കാലം

കൊച്ചുകുട്ടികളേയും കൊണ്ട് ഒരുത്സവത്തിനോ,കാർണിവലിനോ പോവുക എന്നതു വലിയ പാടാണ്.കുഞ്ഞ് അതിനിഷ്ടമുള്ളിടത്തേക്കാണ് പോവുക.നമ്മളാണെങ്കിൽ നമ്മുടെ വണ്ടി പാർക്ക് ചെയ്തിടത്തേക്കും.ഇതു കുട്ടിയും നമ്മളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമാണ്.കുട്ടി ലോകം കാണാനുള്ളതാണ് എന്നു വിശ്വസിക്കുന്ന ഒരു വിഡ്ഡിയാണ്.നമുക്കു ലോകം എന്നത് നമ്മുടെ വണ്ടി പാർക്ക് ചെയ്തിടത്തുനിന്ന് പുറത്തേക്കു പോകുന്ന നിശ്ചിതസ്ഥാനങ്ങളാണ്.പാന്ഥർ പെരുവഴിയമ്പലത്തെപ്പറ്റി അറിവുള്ള ജ്ഞാനികളാണ് നമ്മൾ.ഇതിലേതാണ് ജ്ഞാനമെന്ന് എനിക്കിപ്പൊഴും അറിഞ്ഞുകൂടാ.പക്ഷേ മുതിർന്നവർക്ക് തടിമിടുക്കു കൂടുതലുള്ളതുകൊണ്ട് അവർ കുട്ടികളെ അടിച്ചും,കുത്തിയും,കരയിപ്പിച്ചും മോഹനവാഗ്ദാനങ്ങളിൽ മയക്കിയും അനുസരിപ്പിച്ചുകൊണ്ടിരിക്കുന്നു.വണ്ടി പാർക്ക് ചെയ്തിടത്തേക്ക് കുട്ടിയേയും എത്തിക്കുന്നു.

കുട്ടിക്കാലത്തെ ഏറ്റവും വലിയ സംഗീതം കാറ്റും മഴയും ചേർന്നു നിർമ്മിക്കുന്ന ഒരു സിംഫണിയായിരുന്നു.മുറ്റത്തെ മാവിൽ പടരുന്ന കാറ്റിന്റെ ഭാവം കണ്ടാലറിയാം,മഴ എത്രയടുത്തെത്തി എന്ന്.ഓട്ടിൻ പുറത്തു നിന്ന് നാലിറയത്തെക്ക് കാറ്റും മഴയും കലർന്നു പെയ്തിറങ്ങാൻ വേണ്ട സമയം എന്റെ കാലുകൾക്ക് നല്ല നിശ്ചയമായിരുന്നു.ഓടിൽ വീണ ആദ്യമഴത്തുള്ളികളുടെ തിമിലവറവു തീരും മുൻപ് നാലിറയത്തിനടുത്ത് ഓടിയെത്തണം.അവിടെ വീണു ചിതറുന്ന മഴയുടെ ചിലമ്പൽ കേൾക്കാം.പക്ഷേ,അതു മുഴുവൻ കേൾക്കാൻ മുതിർന്നവർ പലപ്പോഴും സമ്മതിക്കില്ല,“കുട്ടാ,കാറ്റും മഴയും ഒന്നിച്ചിട്ടാ,ചാറ്റലുകൊള്ളാണ്ടെ അകത്തെക്ക് പോരൂ…”

മുതിർന്നവരിഷ്ടപ്പെടുന്ന സ്ഥലത്ത്,വീക്ഷണകോണിൽ,ജ്ഞാനപൂർവ്വം സംഗീതം കേൾക്കാൻ വിധിക്കപ്പെട്ടവരാണു കുട്ടികൾ.അങ്ങനെ നാം പല മർദ്ദനമുറകൾ ഉപയോഗിച്ച് കുട്ടിയെ വീട്ടിനകത്തെക്കു കയറ്റുകയും,പെട്ടെന്നു വാതിലടക്കുകയും അവനെ പെട്ടെന്ന് ആനപ്പന്തിയിൽ എത്തിക്കുകയും ചെയ്യുന്നു.ആനപ്പന്തിയിലെ അദ്ധ്യാപകരെല്ലാം കൂടി അവനെ ചട്ടം പഠിപ്പിച്ച് മൂന്നു വയസ്സാവുമ്പോൾ അവനെ അടുത്ത സർക്കസ് ക്യാമ്പിലേക്കു കൊണ്ടു പോകുന്നു.അങ്ങനെ നമ്മുടെ കുട്ടികൾ വൈകുന്നേരങ്ങളിൽ കൃത്യമായി ശാസ്ത്രീയസംഗീതവും പഠിക്കുന്നു.അങ്ങനെ നാം അവനെ വർഷങ്ങളോളം ജീവിതം എന്ന രോഗത്തിനു ചികിത്സിക്കുന്നു.

അങ്ങനെ പരുവപ്പെട്ട മൃതമനസ്സിനും സഞ്ജീവനിയായി മാറുന്നതു കൊണ്ടാണ് നാം സംഗീതത്തെ കലകളുടെ രാജാവാണെന്നു പറഞ്ഞുവന്നത്.‌“പശുർ‌വേത്തി ശിശുർവേത്തി വേത്തി ഗാനരസം ഫണീ”(മൃഗവും ശിശുവും സർപ്പവും സംഗീതരസമറിയുന്നു)എന്നാൽ അർത്ഥം,എല്ലാ ഭൂമിയുടെ അവകാശികൾക്കുമൊപ്പം ‘ശിശു’വും സംഗീതമറിയുന്നു എന്നു കൂടിയാണ്.ശൈശവാന്ത്യമെന്നാൽ ഭാവുകത്വത്തിന്റെയും അന്ത്യമാണ്,മരണം വരെയും നമുക്കു മുന്നിലങ്ങനെ ശൈശവാവകാശം വെല്ലുവിളിയാകുന്നു.

ഇപ്പോഴിതെല്ലാം പറയുന്നതെന്തുകൊണ്ടെന്നാൽ,ധൈഷണികതയുടെ അതിഭാരവുമായി ഭാരതീയസംഗീതത്തിലാകമാനം ഒരു അധിനിവേശം നടക്കുന്ന ചിത്രം മുന്നിൽ തെളിയുന്നുവോ എന്ന സംശയം തോന്നുന്നു.അതിനനുകൂലമായ ജനമനസ്സിന്റെ നിർമ്മിതിക്കായി സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.
കാവേരി ചമച്ച മധുരാന്നങ്ങൾ
--------------------------------
കാവേരീതീരത്തുനിന്നു വന്ന ശാസ്ത്രീയസംഗീതം-അഥവാ,മൈസൂർ ശൈലി എന്നു വിളിച്ച കർണ്ണാടകമാർഗത്തിന്റെ പ്രധാനസവിശേഷത തന്നെ,അതിന്റെ ഹൃദയാവർജ്ജകത്വമായിരുന്നു.ഭാവോന്മീലനത്തിന്റെ ഉപാധികളായി ഓരോ സങ്കേതത്തിനും നൽകുന്ന അളവുകളെപ്പറ്റി കലാപരമായ ഗ്രാഹ്യം.

കൃതിയുടെ ശരീരാംഗങ്ങളായേ നിങ്ങൾക്കവിടെ ഓരോ സങ്കേതങ്ങളേയും കാണാനാവൂ.രാഗവിസ്താരമാകട്ടെ,നിരവലാകട്ടെ,സ്വരപ്രസ്താരമാകട്ടെ-എല്ലാം കൃതിയുടെ ഭാ‍വത്തോട് ആഴത്തിൽ സമന്വയിക്കുന്നു.ഹിന്ദോളത്തിന്റെ രാഗവിസ്താരം കേട്ടാലറിയാം,വരാൻ പോകുന്ന കീർത്തനം “സാമജവരഗമന”യാണോ “നീരജാക്ഷി കാമാക്ഷി”യാണോ എന്ന്.കൃതിയുടെ ഭാവപരിസരത്തോടുള്ള ഈ സമ്പൂർണ്ണമായ നീതിയാണ് സംഗീതത്തിന്റെ ജീവൻ എന്ന മൈസൂർ ശൈലിയുടെ ദർശനത്തിന്റെ സാഫല്യമാണ് മൈസൂർ വരദാചാരിയിലും ആ‍ർ.കെ.ശ്രീകണ്ഠനിലും ആർ.കെ.നാരായണസ്വാമിയിലും രുദ്രപട്ടണം സഹോദരന്മാരിലുമെല്ലാം നാം അനുഭവിച്ചത്.ജി.എൻ.ബി യുടെ ശിഷ്യനായ ബാലമുരളീകൃഷ്ണ എന്ന ഏകരജതരേഖയിൽ,ആ ചരിത്രത്തിന്റെ കനകകാന്തി അസ്തമിക്കുന്നുവോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.

തമിഴ്നാട് സംഗീതം കർണ്ണാടകസംഗീതത്തിൽ നടത്തിയ അശ്വമേധം,ഏതാണ്ടു പൂർണ്ണമായ ചിത്രമാണു തെളിയുന്നത്.ഗണിതം, സംഗീതം എന്നിവയിലെ അറിവധികാരങ്ങൾ ചേർത്തു സൃഷ്ടിക്കപ്പെട്ട വരേണ്യത,മറ്റെല്ലാ ശൈലീസുഷമകളേയും വിഴുങ്ങുന്ന തക്ഷകസ്വരൂപമായി മാറിയിരിക്കുന്നു.ഒരു ഗണിതപരിചരണമാണു സംഗീതവും എന്ന തമിഴ്‌ബ്രാഹ്‌മണന്റെ മിടുക്കിനു മുന്നിലാണ് എന്റെ തലമുറ കണ്ണുതള്ളിയിരുന്നത്.ടി.എൻ.ശേഷഗോപാലിന്റെ ഐന്ദ്രജാലികാനുഭവങ്ങൾ കൊണ്ട് കണ്ണുമൂടപ്പെട്ട തലമുറ.തമിഴകത്തിൽ നിന്നു ശൈമ്മാങ്കുടി വരെ പരിണമിച്ച ഗേയാനുഭവങ്ങളുടെ ഈ പൊളിച്ചെഴുത്ത്,തുടർന്നുള്ള ഒട്ടുമിക്ക ഗായകരേയും ശേഷഗോപാലിന്റെ അനുഗായകരോ,പ്രതിഗായകരോ ആക്കി മാറ്റിയിട്ടുണ്ട്.രണ്ടായാലും ഫലം ഒന്നു തന്നെ-നാസികാഭൂഷണിയും നിരോഷ്ഠയും പോലെ ആപൂർവ്വ രാഗങ്ങളും ഇടിമിന്നൽത്തിളക്കമുള്ള സംഗതികളും പാടുന്ന നിങ്ങളുടെ തൊണ്ടയ്ക്ക് കൂടുതൽ വില വിപണി ഉറപ്പുവരുത്തുന്നു-അതിലപ്പുറം ഒരു ഭാവപരിചരണവും കർണ്ണാടകസംഗീതവിപണി നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നില്ല.അന്യവൽകൃതമായ രാഗാലാപനങ്ങൾ,“അലർശരപരിതാപം”പോലൊരു നിലവിളിപ്പദത്തിനിടയ്ക്കു മോഹിനിയാട്ട നർത്തകി ചിരിച്ചുപുരികമിളക്കി ചെയ്യുന്ന പോലെ,കൃതിയിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട നിരവൽ,സ്വരം-അത്രയേ ആവശ്യമുള്ളു.ഈ അധികാരവ്യവസ്ഥയുടെ ഏറ്റവും ഉപരിതലത്തിലുള്ള ആസ്വാദകസമൂഹമാണ് ടി.എം.കൃഷ്ണയെ സമകാലീനകർണ്ണാടകസംഗീതലോകത്തിന്റെ അമരത്തു പ്രതിഷ്ഠിക്കുന്നത്.
ജ്ഞാനനാട്യത്തിന്റെ പുതിയ ഭാഷ്യങ്ങൾ
-------------------------------------------

Barthes പറഞ്ഞതു പോലെ,നാം സോപ്പുപൊടികളുടെ പരസ്യത്തിൽ വീണ ഒരു സാംസ്കാരികപ്രശ്നമാണ്.മഹാശൂന്യതയെ,സോപ്പുകുമിളകളെ പ്രശംസിച്ചു വിൽക്കാനുള്ള ഒരു മാർഗമാണ് സോപ്പുപൊടികളുടെ പരസ്യം.സോപ്പുപത ഒരു മൌലികബോധ-സാംസ്കാരികപ്രശ്നമാണ് .നാം സർഫിന്റെ പതയെപ്പറ്റി പറയുന്നു.‘പതയുക’എന്നുള്ളത്,അതായത് ശൂന്യമായ ഒരു വലിപ്പം കാണിച്ചിട്ട് ഈ വലിപ്പം ഒരത്ഭുതമാണ് എന്നു നമ്മെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് വാസ്തവത്തിൽ നുരയുന്ന പരസ്യത്തിൽ അടങ്ങിയിരിക്കുന്നത്.പതഞ്ഞുപൊങ്ങുന്ന ധൈഷണികശൂന്യതകൾ കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടി വിതറുന്നവരാണ് നമ്മുടെ യുവസംഗീതസംവിധായകപ്രതിഭകൾ.

അറിവുകളുടെ അതിവൽക്കരണം കൊണ്ടു ചലച്ചിത്രഗാനശാഖ ആക്രമിക്കപ്പെടാൻ തുടങ്ങിയിട്ടു കാലം കുറച്ചായി.റിയാലിറ്റി ഷോ പോലുള്ള സാംസ്കാരിക അശ്ലീലങ്ങൾ അതിന് ആക്കം കൂട്ടുകയും ചെയ്തു.മുൻപു പറഞ്ഞ,ബാലമുരളീകൃഷ്ണയുടെ ശിഷ്യനായ ശരത് അതിനു ചുക്കാൻ പിടിച്ചത് വർത്തമാനകാലസംഗീതം കണ്ട വിരോധാഭാസങ്ങളിലൊന്നാണ്.ബാലമുരളികൃഷ്ണയുടെ പരിഹാസ്യമായ അനുകൃതിയായി ക്ലാസിക്കൽ സംഗീതവേദികളിൽ കണ്ട ശരത്തിന്റെ മുഖം,ഒരു റിയാലിറ്റി ഷോയോടു കൂടി സംഗീതവിജ്ഞാനത്തിന്റെ ചിഹ്നമായി.ചെയ്ത പാട്ടുകളാകമാനം ജ്ഞാനപ്രദർശനം കൊണ്ടു സങ്കീർണ്ണമാക്കിയ ശരത്തിനു ലഭിക്കാ‍വുന്ന ഏറ്റവും മികച്ച പട്ടും വളയും.ഫ്ലാറ്റിനു വേണ്ടി തെണ്ടുന്ന ഗായകരുടെ നിര സൃഷ്ടിക്കപ്പെട്ടപ്പോൾ,മിക്ക സംഗീതജ്ഞർക്കും ലാവണങ്ങളായി.ഇപ്പോൾ അവിടെയിരുന്ന് അഹങ്കാരഗീർവ്വാണങ്ങൾ അടിക്കലാണ് കലാജീവിതം എന്നവർ ധരിച്ചുവെച്ചിരിക്കുന്നു.അടുത്തിടെ,അമൃത ചാനലിലെ സംഗീതറിയാലിറ്റിയിൽ,“ജഡ്ജസ് സോങ്ങ്” എന്ന പേരിൽ ഒരു റൌണ്ട് തന്നെ കണ്ടു.മറ്റെവിടെയും ആരും പാടില്ല എന്നുറപ്പുള്ള സ്വന്തം ഗാനങ്ങൾ കേട്ടു നിർവൃതിയടയാനുള്ള ഇത്തരം സംരംഭങ്ങൾ നല്ലതാണ്.
വിവേകാന്ദന്റെ പഴയൊരു അമേരിക്കൻ കഥ ഓർമ്മവരുന്നു:തന്റെ നാലാം തരം ഹോട്ടൽ മുറിയിൽ നിന്ന് വിവേകാനന്ദൻ പുറത്തേക്കിറങ്ങി പ്രസംഗിക്കാൻ പോകുമ്പോൾ ആ പഴയ അമേരിക്കൻ നിരത്തുവക്കിൽ ഒരു കച്ചവടക്കാരൻ ക്ലാസിക്കൽ ചിത്രങ്ങളുടെ റീപ്രിന്റ് വിൽക്കാൻ വെച്ചിട്ടുണ്ട്.വിവേകാന്ദൻ എന്നും അതിങ്ങനെ നോക്കിക്കൊണ്ട് നിൽക്കും.കുറേ നിന്നു കണ്ടപ്പോൾ ഈ മൊട്ടത്തലയൻ കാപ്പിരിയാണ്,കാവിവസ്ത്രമാണ്,പാവമാണ് എന്നു തോന്നിയിട്ടാകണം കച്ചവടക്കാരൻ ഒരു ചിത്രമെടുത്ത് കയ്യിൽ കൊടുത്തു.വിവേകാന്ദൻ അതു നിഷേധിച്ചു കൊണ്ടു പറഞ്ഞത് “അപ്പോൾ ഞാനതിന്റെ ഉടമയാകും,ആസ്വാദകനല്ലാതെയാകും”എന്നാണ്.ലോകത്തുള്ള എല്ലാ വസ്തുക്കളേയും-ദൈവങ്ങൾ,ഓംകാരം എന്നിങ്ങനെയുള്ള എല്ലാ സംബന്ധ-അസംബന്ധ വസ്തുക്കളേയും വ്യാപാരത്തിനുള്ള ഉപകരണമാക്കിത്തീർക്കുന്ന,മനുഷ്യന്റെ അനുഭവലോകത്തു നിന്ന് അവനെ പിന്തിരിപ്പിക്കുന്ന ധൈഷണിക കാപട്യങ്ങളിലേക്ക് നമ്മുടെ സംഗീതവും കൂപ്പുകുത്തുന്നു.

75 comments:

വികടശിരോമണി said...

തലച്ചോറുകൾ പാടുന്ന കാലം....

ചാണക്യന്‍ said...

വികടശിരോമണി,

എല്ലാറ്റിനേയും പറയാം പക്ഷെ ഒന്നിനേയും പറഞ്ഞെന്നും വരുത്തരുത്:):)

thahseen said...

റിയാലിറ്റി ഷോയില്‍ റിയാലിറ്റി മാത്രമില്ല
എല്ലാരും പാട്ട് തലച്ചോറും തൊണ്ടയും ഉപയോഗിച്ച് പാടുന്നു ( ഹൃദയം എവിടേ ? )
സ്വരം നന്നാവാന്‍ ചിക്കന്‍ കഴിക്കുന്നു
ശരത് - കിട്ടിയ അവസരത്തിന് പത്തു കാശുണ്ടാക്കുന്നു ...
ചിരി കുമാരന്മാര്‍ ...ത്തില്‍ വാല്‍ കിളിര്‍ക്കാന്‍ കാത്തിരിക്കുന്നു
ഇത് പൊളിച്ചെറിയാന്‍ ഒരു നാളെ വരുമോ ?
അതോ .. പോയ നല്ല കാലത്തിനെ സ്വപ്നം കണ്ടു സ്വപ്നം കണ്ടു കാലം കഴിക്കുമോ ? ( ഒന്നിനും കൊള്ളാത്തവര്‍)

suraj::സൂരജ് said...

വിഷയം ആവര്‍ത്തനമെങ്കിലും പുഴയൊഴുകുമ്പോലുള്ള എഴുത്ത് കണ്ട് കണ്ണുതള്ളിയിരുന്നൂട്ടാ !


ഓഫ്:

"കുട്ടിക്കാലത്തെ ഏറ്റവും വലിയ സംഗീതം കാറ്റും മഴയും ചേർന്നു നിർമ്മിക്കുന്ന ഒരു സിംഫണിയായിരുന്നു.മുറ്റത്തെ മാവിൽ പടരുന്ന കാറ്റിന്റെ ഭാവം കണ്ടാലറിയാം,മഴ എത്രയടുത്തെത്തി എന്ന്.ഓട്ടിൻ പുറത്തു നിന്ന് നാലിറയത്തെക്ക് കാറ്റും മഴയും കലർന്നു പെയ്തിറങ്ങാൻ വേണ്ട സമയം എന്റെ കാലുകൾക്ക് നല്ല നിശ്ചയമായിരുന്നു."

പണ്ടാറമടങ്ങാന്‍ ! നൊസ്റ്റാള്‍ജിയയെ ഒന്ന് ആത്മാര്‍ത്ഥമായി വെറുക്കാമെന്ന് വിചാരിച്ചിട്ട് സമ്മതിക്കുന്നില്ലല്ലോ മനുഷ്യാ :)
ഇനി ഞാന്‍ ഓട്ടുമ്പുറത്തെ ഒരു മഴയ്ക്ക് എവിടെപ്പോവും ?

മാണിക്യം said...

വികടശിരോമണിയുടെ ലേഖനം
വായിച്ചു വരുമ്പോള്‍ ഓട്ടിന്‍ പുറത്ത് വീണ
മഴതുള്ളി കയ്യില്‍ ഇറ്റിച്ചു നിന്ന് മഴ കൊണ്ട സുഖം.

എന്തുകൊണ്ടും മുന്‍തലമുറകള്‍ സുകൃതം
ചെയ്തവര്‍ തന്നെ ശുദ്ധസംഗീതം കേള്‍ക്കാനും
മനസ്സില്‍ സൂക്ഷിക്കാനും സാധിച്ചു ....
“കുട്ടാ,കാറ്റും മഴയും ഒന്നിച്ചിട്ടാ,
ചാറ്റലുകൊള്ളാണ്ടെ അകത്തെക്ക് പോരൂ…”
എന്നു പറഞ്ഞകത്തേക്ക് വലിച്ചിട്ട മുതിര്‍ന്നവര്‍ തന്നെയാണല്ലോ സംഗീതാസ്വാദനവും ബാല്യവും തട്ടി തെറിപ്പിച്ചത്...

ഇന്ന് ഇവിടെ വഴിയില്‍ നടക്കുന്നവരും ബസിലും കാറിലും യാത്ര ചെയ്യുന്നവരും എല്ലാം ചെവിയില്‍ ഐ പോഡില്‍ നിന്ന് പാട്ട് തിരുകുന്നു...

പക്ഷേ അതില്‍ സംഗീതമോ ആസ്വാദനമോ ഉണ്ടോ? അറിയില്ല.ഈ തല ചെകിടിക്കുന്ന സ്വരമേളത്തെ സംഗീതമെന്ന് പറയുന്നു....
റിയാലിറ്റി ഇല്ലാത്ത ഷോയില്‍ 'വണ്ടി പാർക്ക് ചെയ്തിടത്തേക്ക് പ്രേഷകനേയും എത്തിക്കുന്നു....'

സംഗിതത്തെ കശാപ്പു ചെയ്യുന്നു.SMS.Please..

അനിൽ@ബ്ലൊഗ് said...

പുതുമയില്ലാത്ത വിഷയമെങ്കിലും എഴുത്തിന്റെ വര്‍ണ്ണങ്ങളാല്‍ മോടിപിടിപ്പിച്ചിരിക്കുന്നല്ലോ , പഹയാ.
സംഗീതം ആര്‍ക്കാണിഷ്ടമല്ലാത്തത്.
ഏതൊരു കഠിന ഹൃദയനും നല്ലോരു പാട്ട് കേട്ടാല്‍ ഒന്നു കാതോര്‍ക്കും.ചിട്ടപ്പെടുത്തിയ രാഗമൊന്നും അവന്റ്റെ മനസ്സില്‍ തെളിയുകയുണ്ടാവില്ല, പക്ഷെ സംഗീതം അവന്റെ മനസ്സിനെ തൊടും, തീര്‍ച്ച.
പക്ഷെ ഇന്ന് റിയാലിറ്റി ഷോകളില്‍ നടത്തുന്ന കോപ്രായങ്ങള്‍ കണ്ടിരിക്കാന്‍ ശേഷിയില്ലാതായിരിക്കുന്നു. ആദ്യമായി ഏഷ്യാനെറ്റ് വോയിസ് ഓഫ് ദ് വീക്ക് എന്ന പരിപാറ്റി കൊണ്ടുവന്നപ്പോള്‍ വിടാതെ കണ്ടിരുന്ന ആളാണ് ഞാന്‍. എന്നാലിന്ന് ഈ പരിപാടി വരുമ്പോഴേ ഓടിമാറും.
കാലത്തിന്റെ മാറ്റമാവാം.
എനിക്കു വയസ്സാവുന്നതും അവാം.

എതിരന്‍ കതിരവന്‍ said...

സാംസ്കാരികപരിസരത്തിനും മാനസിക-ധിഷണാപശ്ചാത്തലത്തിനും അനുസരിച്ച് സംഗീതത്തെ മാറ്റി മറിച്ച് തന്റേതാക്കുവാനുള്ള ത്വര ഏതു സമൂഹത്തിലും കാണാം. ഗണിതവിദ്യയിൽ അതീവതാൽ‌പ്പര്യമുള്ള തമിഴ് ബ്രാഹ്മണർക്ക് സംഗീതവും കണക്കുകൂട്ടലുകളുടെ കെട്ടുപിണയലായി അനുഭവിയ്ക്കണമെന്നുണ്ടെങ്കിൽ അവർക്ക് എന്തു നഷ്ടപ്പെടുന്നു എന്ന് അവർ അറിയുന്നില്ല. ഓടിൻപുറത്തു വീഴുന്ന മഴത്തുള്ളിയുടെ സംഗീതം അവർ അറിയാതെ പോവുകയാണ്.

“എന്റെ ജാടയിലൂടെ എന്റെ സംഗീതത്തെ അറിയുക” എന്ന ടി. എൻ കൃഷ്ണയുടെ മനോഭാവം സഹിയ്ക്കാവുന്നതല്ല.

കിഷോർ‍:Kishor said...

ലളിത സംഗീതം പോലെയല്ല ശാസ്ത്രീയ സംഗീതം. കണക്ക്/കൃത്യത എന്നിവ അതിന്റെ അവിഭാജ്യ ഘടകങ്ങളല്ലേ?

ചില പാട്ടുകാർ കണക്കുകളുടെ കസർത്തിന് കൂടുതൽ പ്രധാന്യം കൊടുക്കുന്നുണ്ടാകാം. അത് അവരുടെ വ്യക്തിപരമായ അഭിരുചി മാത്രമായേ ഞാൻ കണക്കാക്കുന്നുള്ളൂ...

Typist | എഴുത്തുകാരി said...

പാട്ടുമായി ഏതെങ്കിലും‍ തരത്തില്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും ഒരു ലാവണമായി ഈ റിയാലിറ്റി ഷോകള്‍. എല്ലാ ചാനലിലും വേണമല്ലോ ‘ജഡ്ജസ്’ രണ്ടൊ മൂന്നോ പേര്‍. ചിലതില്‍‍ സീനിയര്‍, ജൂനിയര്‍ മത്സരം വേറെ വേറെ. ചുരുക്കത്തില്‍ ഇതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം അവര്‍ക്കാണ്. വിജ്ഞാനം വിളമ്പാനൊരവസരവും.

ഇതിനൊക്കെ പുറമേയാണ് ‘സെലിബ്രിറ്റി ജഡ്ജസ്‍‘.അവരില്‍ ചിലരുടെ കമെന്റ് കേള്‍ക്കുമ്പോഴോ.. സഹിക്കാന്‍ വയ്യ.

പിന്നൊന്നുള്ളതു് കയ്യടി.ഓരോ വാചകത്തിനും കയ്യടിയാണ്. പറഞ്ഞടിപ്പിക്കുന്നതായിരിക്കുമോ?

അനില്‍ പറഞ്ഞതുപോലെ സഹിക്കാന്‍ വയ്യാതായിരിക്കുന്നു. കാലത്തിന്റെ മാറ്റമോ, വയസ്സാവുന്നതുകൊണ്ടോ, അറിയില്ല.

പ്രയാണ്‍ said...

നലെറയത്തെ മഴയില്‍നിന്നും മനസ്സു മറാന്‍ കൂട്ടാക്കുന്നില്ല....വീണ്ടും വീണ്ടും അങ്ങോട്ടു തന്നെ പോയ്ക്കൊണ്ടിരിക്കുന്നു.....ആ ഹാങോവര്‍ മാറിയിട്ട് ഇനി ബാക്കി വായിക്കാം..... മഴേടെ സംഗീതം കഴിഞ്ഞല്ലെ ബാകിയെന്തും ഉള്ളു.....

jayanEvoor said...

തലച്ചോറുകൾ പാടുന്ന കാലം....

ശരിയാണ്...
പക്ഷെ,
റിയാലിറ്റി സംഗീത മത്സരത്തെ മൊത്തം നെഗട്ടീവായും കാണണം എന്ന് എനിക്കഭിപ്രായമില്ല.

സാധാരണക്കാരെ സംബന്ധിച്ച്ചിടത്ത്തോളം അല്പം സംഗീത വിദ്യാഭ്യാസം ഈ പരിപാടികള്‍ നല്‍കുന്നുണ്ട്...

പഴയ പല പാട്ടുകളും ഇതില്‍ ഇങ്ങനൊരു മത്സരം ഉള്ളതുകൊണ്ടാണ് മല്‍സരാ ര്ഥിക ള്‍ പഠി ക്കുന്നത് തന്നെ.

അത് കേള്‍ക്കുന്ന പുതിയ തലമുറയിലെ പാടണം എന്നാഗ്രഹമുള്ള കുട്ടികളും ആ ഗാനങ്ങള്‍ പഠി ക്കുന്നു.

അത്രയും നല്ലത്.

പിന്നെ നമുക്കെപ്പോള്‍ വേണമെങ്കിലും ഒരു ചാനല്‍ മാറി മറ്റൊന്ന് കാണാനുള്ള സ്വാതന്ത്ര്യം ഉള്ളത് കൊണ്ട്, ഞാന്‍ അത് ചെയ്യുന്നു!

സ്റാര്‍ സിംഗര്‍ കാണേണ്ടവര്‍ അത് കാണട്ടെ, കേള്‍ക്കട്ടെ...

കോന്‍ ബനേഗാ ക്രോര്‍ പതിയും മറ്റും മാഞ്ഞു പോയപോലെ , ജനത്തിനു മടുക്കുമ്പോള്‍ ഇതും മാഞ്ഞുകൊള്ളും. അല്ലെ?

bharathamuni said...

paranju paranju virasamaaya vishayam neetti neeti naam enthinu samayamkalayunnu?

ഉപാസന || Upasana said...

റിയാലിറ്റി ഷോകള്‍ ധൈഷണികനാട്യത്തിന്റേതു മാത്രമല്ല, അതിവൈകാരിതകളുടേതു കൂടിയാണ്. അതിനുവേണ്ടി വാക്യങ്ങള്‍ ക്രോഢീകരിക്കാന്‍ വല്ലാത്ത മിടുക്കും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.

വിഷയം പലരും പ്രതിപാദിച്ചുണ്ടെങ്കിലും പറയേണ്ടരീതിയില്‍ പറഞ്ഞോ എന്ന് മനസ് സംശയിച്ചാല്‍ മറ്റൊരു പോസ്റ്റിനു സ്കോപ്പുണ്ട്.

നല്ല എഴുത്ത്.
:-)
ഉപാസന

ഓഫ് @ ചാണക്യന്‍,

‘പറയാതെ പറയല്‍‘ ഒരു കഴിവല്ലേ?!‍

ഉപാസന || Upasana said...

Track...

വികടശിരോമണി said...

വന്നവർക്കെല്ലാം നന്ദി.
എതിരനും കിഷോറും വിഷയത്തിന്റെ മർമ്മത്തെ തൊടുന്നു.
ഗണിതം,ക്രിക്കറ്റ്,സംഗീതം എന്നിവയുടെ ജ്ഞാനഭണ്ഡാഗാരങ്ങളാണ് തങ്ങൾ എന്ന തമിഴ് പട്ടരുടെ അധികാരഭാവത്തിന്റെ സ്വാധീനമാണ് ഞാൻ പറഞ്ഞുവന്നത്.വ്യാകരണം ശാസ്ത്രീയസംഗീതത്തിന് അനിവാര്യമാണെന്നെക്കെ എനിക്കും അറിയാം കിഷോർ:)
ഞാൻ പറഞ്ഞത് ഒന്നുകൂടി വിശദമാക്കാം.
മൈസൂർ ശൈലിയുടെ മുഖ്യസവിശേഷത,ഭാവോന്മീലനത്തിനായി കൃതിയുടെ അംഗപ്രത്യംഗശരീരമായി സംഗീതവ്യാകരണത്തെ ഉപയോഗിക്കുക എന്നതായിരുന്നു.ഇതിനർത്ഥം ഗണിതം ഇല്ല എന്നല്ല,ഗണിതം എന്തിനായി ഉപയോഗിക്കുന്നു എന്നതാണ് കാര്യം.മൈസൂർ വരദാചാരി മുതലുള്ള ആരുടേയും ആലാപനത്തെ ഉദാഹരണമായെടുക്കാം.ചില സവിശേഷതകൾ പ്രധാനമായി കാണും.
1) രാഗാലാപനം തന്നെ,തുടർന്നുള്ള കൃതിയുടെ ഭാവതലവുമായി സംയോജിപ്പിക്കാനുള്ള ശ്രദ്ധ.ആരോഹിയിലും അവരോഹിയിലും ഭാവത്തിന് അനിവാര്യമായ കസർത്തുകൾ മാത്രം.
2) കൃതിയുടെ ആലാപനത്തിൽ,സാഹിത്യഗുണമുണ്ടാകുമെന്നു മാത്രമല്ല,സാഹിത്യഭാവത്തോട് രാഗഭാവം ചേരുന്നില്ല എന്നു തോന്നിപ്പിക്കാത്ത പരിചരണമികവും പ്രധാനം.വർജസ്വരങ്ങൾ കലരാതെ ആലപിക്കാൻ ഉള്ള ജാഗ്രത.
3) നിരവൽ രാഗത്തിന്റെ സ്പാൻ തുറന്നുകാട്ടാനുള്ള സ്ഥലമായല്ല, കൃതിയുടെ സവിശേഷസൌന്ദര്യമുള്ള ഒരു സ്ഥലത്തെ അലങ്കാരഭംഗിയോടെ ആവിഷ്കരിക്കലാണ് എന്ന വീക്ഷണം.
4) സ്വരങ്ങളുടെ ആരോഹണത്തിലും അവരോഹണത്തിലും ഹൃദയാവർജ്ജകമായ ഭാവപരിരക്ഷണം.ചിട്ടസ്വരങ്ങളിൽ പോലും ആഴത്തിൽ അതു വേരോടിയിരിക്കുന്നു.
ഇനിയും ഇങ്ങനെ പലതും പറയാം.ഇവയെല്ലാം മൈസൂർ ഗായകരിൽ മാത്രം കാണുന്നതാണ് എന്നൊന്നും അല്ല പറഞ്ഞത്.അവരിൽ ഇവ മുഖ്യസവിശേഷതകളായി കാണാം എന്നാണ്.
എന്നാൽ,തമിഴ്‌നാട്ടിൽ ഉണ്ടായ സംഗീതത്തിന്റെ വരേണ്യമായ പ്ലാറ്റ്‌ഫോം മറ്റൊരു തലത്തിലുള്ള സംഗീതത്തെയാണ് ആവിഷ്കരിച്ചത്.അതിന്റെ പ്രഭാവത്തെ ആർക്കും വിലകുറച്ചു കാണാനാവില്ല.മധുരമണിയുടെ ഒരു രാഗാലാപനം നോക്കൂ,ആ രാഗത്തിന്റെ സമഗ്രമായ സ്ഥലരാശികളെ സ്പർശിച്ചുവരുന്ന ആലാപനത്തിന്റെ ഭംഗി അവിടെ കേൾക്കാം.എന്തായാലും ഒന്നുറപ്പ്,കഥകളിമേളത്തിൽ നാം കൃഷ്ണ‌ൻ‌കുട്ടിപ്പൊതുവാൾക്കും അച്ചുണ്ണിപ്പൊതുവാൾക്കും,അല്ലെങ്കിൽ കുട്ടൻ മാരാർക്കും പറയുന്ന പോലത്തെ (രംഗത്തിന്റെ ഭാവതലത്തോട് ചേരുന്ന ചെണ്ട എന്നതായിരുന്നു കൃഷ്ണൻ‌കുട്ടിപ്പൊതുവാളിന്റെ ദർശനം;കുട്ടൻ മാരാർ ചെണ്ടയുടെ തനതുസൌന്ദര്യലൂന്നി നിന്ന് പ്രവർത്തിച്ചു;എവിടെ മാധവൻ‌കുട്ടിയേട്ടൻ?മനോജ്?:)
ഒരു വ്യത്യാസം ഗായകർക്കിടയിൽ പ്രബലമാകുന്നത് തമിഴകസംഗീതത്തിന്റെ വേറിട്ട വളർച്ചയോടെയാണ്.മുൻചൊന്ന വാദ്യക്കാരുടേതു പോലെത്തന്നെ,ഏതു ശരി,തെറ്റ് എന്നൊന്നും പറയാനാവില്ല.തീർച്ചയായും നേരിട്ടുള്ള കേൾവികളിൽ എന്നെ ഏറ്റവും വ്യാമുഗ്ധനാക്കിയ പാട്ടുകാരൻ ടി.എൻ.ശേഷഗോപാൽ എന്ന മാന്ത്രികൻ തന്നെയാണ്.
പക്ഷേ,കൃഷ്ണയിലെത്തുമ്പോൾ നാം കേൾക്കുന്നത് ഈ അറിവധികാരത്തിന്റെ ഏറ്റവും താഴ്ന്ന നിലവാരമാണ്.ഭൈരവിരാഗം പാടുന്നു-വരാൻ പോകുന്ന കീർത്തനം “ബാലഗോപാല” ആയാലും “കൊലുവൈയുനാഡെ”ആയാലും അദ്ദേഹത്തിനൊരു മാറ്റവുമില്ല,വിസ്തരിച്ചു രാഗം പാടും,എന്നാൽ അതിന് ഒരാഴവുമില്ല-ശബ്ദം താഴ്ത്തിയും പൊക്കിയുമൊക്കെ കുറേ റേഞ്ച് കാണിച്ചു ഭീഷണിപ്പെടുത്തുന്നു.ഇതിനു മുന്നിൽ കർണ്ണാടക സംഗീത പ്രേമികൾ തടിച്ചു കൂടുകയും “മഹാഗായകനായ”കൃഷ്ണക്കു സ്തുതി പാടുകയും ചെയ്യുന്നു.എനിക്കിന്നു വരെ ഇതു മനസ്സിലായിട്ടില്ല.

വികടശിരോമണി said...

ചാണക്യാ,
പ്രകടമായി ചീത്തവിളിക്കാൻ ബൂലോകത്ത് അനേകം പേരുണ്ടല്ലോ.അത്തരം ഒരു ചീത്തവിളിയിലൂടെ വിരേചനസുഖമനുഭവിക്കേണ്ട ഗതികേട് തൽക്കാലം എനിക്കില്ല.

റിയാലിറ്റി ഷോ എന്ന സാംസ്കാരിക അശ്ലീലത്തിന് തീർച്ചയായും സാസ്കാരികമായും രാഷ്ട്രീയമായും ധ്വനികളുണ്ട്.അറിവധികാരത്തിന്റെ ഒരു പുതിയ ശ്രേണി ഇവരെല്ലാം കൂടി നിർമ്മിച്ചെടുക്കുന്നു എന്നതാണ് ഞാൻ സൂചിപ്പിച്ച വിഷയം. “ആ c യിൽ ഒന്ന് ഇട്ടേ” എന്നൊക്കെ എം.ജയചന്ദ്രൻ കയ്യുയർത്തി നിർദ്ദേശം കൊടുക്കുന്നത് കണ്ടാൽ എന്തോ ആനക്കാര്യം പറയുകയാണെന്നു തോന്നും. നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം കുറേ നമ്പറുകളുമായി അവർ ജീവിക്കുന്നതിൽ പരാതിയില്ല.പക്ഷേ,അവരാണ് മലയാളചലച്ചിത്രഗാനശാഖയുടെ അടുത്ത ദീപസ്തംഭങ്ങൾ എന്നു വരുമ്പോൾ….

krish | കൃഷ് said...

"സോപ്പുപത ഒരു മൌലികബോധ-സാംസ്കാരികപ്രശ്നമാണ് .നാം സർഫിന്റെ പതയെപ്പറ്റി പറയുന്നു.‘പതയുക’എന്നുള്ളത്,അതായത് ശൂന്യമായ ഒരു വലിപ്പം കാണിച്ചിട്ട് ഈ വലിപ്പം ഒരത്ഭുതമാണ് എന്നു നമ്മെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് വാസ്തവത്തിൽ നുരയുന്ന പരസ്യത്തിൽ അടങ്ങിയിരിക്കുന്നത്.പതഞ്ഞുപൊങ്ങുന്ന ധൈഷണികശൂന്യതകൾ കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടി വിതറുന്നവരാണ് നമ്മുടെ യുവസംഗീതസംവിധായകപ്രതിഭകൾ."

അവരും ജനങ്ങളുടെ കണ്ണിൽ പൊടി വിതറട്ടെ. ടിവിയുടെ റിമോട്ട്‌ നമ്മുടെ കൈയ്യിലല്ലേ.

ഈ റിയാലിറ്റി ഷോകളിൽ ഏറ്റവും അരോചകമായത്‌ ഓരോ അഭിപ്രായത്തിനും അവിടെയിരിക്കുന്ന കാണികളെക്കൊണ്ട്‌ നിർബന്ധിപ്പിച്ച്‌ കൈയ്യടിപ്പിക്കുന്നതും പിന്നെ മൽസരാർത്ഥികളുടെ വോട്ട്‌ തെണ്ടലുമാണ്‌.
നല്ല പോലെ പാടിയാൽ മാർക്ക്‌ കിട്ടില്ലേ, മികച്ചവർക്ക്‌ സമ്മാനവും കൊടുക്കട്ടെ. പക്ഷേ, ഈ തെണ്ടൽ.. ഇലക്ഷനിൽ വോട്ട്‌ തെണ്ടലിനേക്കാൾ കഷ്ടം തന്നെ.

Anonymous said...

കൃഷ്ണയുമായി നേരിട്ടു പരിചയവും സൌഹൃദവുമുള്ള ആളാണു വികടശിരോമണി എന്നറിയുന്നവരും ഇതു വായിക്കുന്നുണ്ടേ...:)
സുഹൃത്തുക്കളെ ചീത്ത പറയൽ വി.ശിയുടെ വിനോദമാണ്,ല്ലേ?

Ravi Menon said...

panathinu mele oru balamuralikrishnayum parakkilla. pinneyalle sharath?

കപ്ലിങ്ങാട്‌ said...

വി.ശി., മൈസൂര്‍ വാസുദേവാചാരരല്ലേ അങ്ങ് ഉദ്ദേശിച്ചത്‌?

ഗണിതത്തിന്റെ അതിപ്രസരം ശാസ്ത്രീയ സംഗീതത്തില്‍ വന്നിട്ടധികം കാലമായിട്ടില്ലല്ലൊ. ശേഷഗോപാലന്റെയൊക്കെ മുമ്പു ഭാവത്തിന്‌ പ്രാധാന്യം കൊടുക്കാന്‍ തന്നെ തമിഴക ഗായകര്‍ ശ്രമിച്ചിരുന്നു. മദുരൈ മണി അയ്യരുടെ തന്നെ "വാസുദേവയനി" നോക്കൂ - കൃതിയുടെ സഞ്ചാരമനുസരിച്ചുള്ള രാഗാലാപനം (താരസ്ഥായി ഷഡ്ജത്തില്‍ നിന്നു കീഴ്പോട്ട്), തരംഗ സ്വഭാവത്തിലുള്ള, സാഹിത്യത്തിന്റെ അര്‍ത്ഥം ദ്യോതിപ്പിക്കുന്ന നെരവല്‍ ("രാഗതാള"). അരിയകുടിയിലും, അദ്ദേഹത്തിന്റെ തലമുറയിലെ മറ്റു പല പട്ടര്‍ ഗായകരിലും ഇതു കാണാം (അപവാദമായി ഒരു പക്ഷെ നല്ലൊരുദാഹരണം ചിറ്റൂര്‍ സുബ്രഹ്മണ്യ പിള്ളയായിരിക്കും :-). മൈസൂര്‍ ശൈലിയില്‍ നിന്ന് വ്യത്യാസങ്ങളില്ലെന്നല്ല, ഗണിതത്തിന്റെ സ്വാധീനം കൂടുവാന്‍ തമിഴ് വരേണ്യതയേക്കാള്‍ കാലത്തിന്റെ മാറ്റം കാരണമായിക്കാണാനാണെനിക്കിഷ്ടം. പാലക്കാട് മണി അയ്യര്‍ പുത്തന്‍ തലമുറയിലെ ഗണിത ഭ്രാന്ത് കണ്ട് "ഗണിതം മൃദംഗവാദ്യക്കാരന്‌ വിട്ടേക്കൂ" എന്ന്‌ പറഞ്ഞതായി കേട്ടിട്ടുണ്ട്.

ചോപ്പായി said...

ഐഡിയ സ്റ്റാര്‍ സിംഗറോ മാനസപുത്രിയോ കാണുന്നത് തറ, പക്ഷേ രാത്രി പത്തരക്ക് ശേഷമുള്ള “കുറ്റപരിപാടികളോ”, കെ. സുധാകരന്റെ കൂടെയിരുന്നയാള്‍ “തന്റെ പല്ല് അടിച്ചു കൊഴിക്കും” എന്നു പറഞ്ഞത് നൂറ്റൊന്നാവര്‍ത്തി പ്രക്ഷേപണം ചെയ്യുന്നതോ, പോളിന്റെ പിന്നാമ്പുറം തിരക്കി അലയുന്നതോ കുത്തിയിരുന്ന് കാണുക എന്നു പറഞ്ഞാല്‍ അതിനൊരു അന്തസ്സുണ്ട്, മാന്യതയുണ്ട്.
അല്ലേ?!!!!

ഇന്ത്യാവിഷനില്‍ സ്ട്രീറ്റ് ലൈറ്റ് എന്നൊരു പ്രോഗ്രാമുണ്ട്. എത്ര സംഗീതപ്രേമികള്‍ അത് കാണുന്നുണ്ട്? എത്ര പേര്‍ക്ക് അങ്ങനെയൊരു പ്രോഗ്രാമിനെക്കുറിച്ച് അറിയാം?
അതിലെ അവതാരക(ചിത്ര അയ്യര്‍) അതിലെ ആശയത്തോട് നീതി പുലര്‍ത്താ‍ത്ത രീതിയില്‍ വരുന്നതിനെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ലേ? പറയില്ല! കാരണം അത് ഹിറ്റാകാത്ത ഒരു പ്രോഗ്രാമാണ്.(ഒരു പരിപാടി എങ്ങനെ മോശമായി അവതരിപ്പിക്കാമെന്നുള്ളതിന് മെച്ചപ്പെട്ട ഉദാഹരണമാണ് ഇന്ത്യാവിഷനിലെ ഈ പരിപാടി)

ഏഷ്യാനെറ്റുതന്നെ അദ്യത്തെ സ്റ്റാര്‍സിംഗര്‍ പരിപാടിയില്‍ ഒരു മെലോഡ്രാമയുമില്ലാതെ ലളിതമായി മത്സരം നടത്തിയിട്ടുണ്ട്. അന്നത് അമൃതയിലെ “സുപ്പര്‍ സ്റ്റാറിനോട്“ മത്സരിച്ച് പൊട്ടിപ്പോയി. പിന്നെയാണവര്‍ പുതിയ സ്റ്റാര്‍ സിംഗറുമായി വരുന്നത്. അത് വമ്പന്‍ ഹിറ്റായി. അതിലെ നാടകീയത തന്നെയാണ് പ്രധാന്‍ കാരണം. സീരിയല്‍ ഇഷ്ടപ്പെടുന്നവരെ പിടിച്ചിരുത്താന്‍ അത് വേണ്ടിവന്നു. അതിലെ എല്ലാ രംഗങ്ങളും സംവിധായകന്റെ നിര്‍ദ്ദേശാനുസരണമാണ്.
കയ്യടിയും നിര്‍ദ്ദേശപ്രകാരം തന്നെ. (സ്വയം തോന്നി കേരളീയര്‍ കയ്യടിക്കാറില്ലല്ലോ)
ഒരോ മത്സരാര്‍ത്ഥിക്കും മാനസികമായി കരുത്തു നേടാന്‍ വേണ്ട ക്ലാസുകള്‍ അവിടെ നല്‍കുന്നുണ്ടെന്നാണ് അറിയുന്നത്.
സഹിക്കാനാകാത്തത് എം. ജി. ശ്രീകുമാറിന്റെ കാരണവര്‍ ഭാവമാണ്. ഇപ്പോഴത്തെ പാട്ടുകളെ കളിയാക്കലാണ് പ്രധാന പരിപാടി. കേട്ടാല്‍ തോന്നും മൂപ്പര് പണ്ടേ ഡപ്പാംകൂത്തൊന്നും പാടാതെ ശാസ്ത്രീയ തോണിതുഴഞ്ഞ് നടക്കുകയായിരുന്നെന്ന്‌.
....
എല്ലാകാലത്തും ഏറ്റവും ജനപ്രിയമാകുന്നതിനെ ചവറായി കാണുക- സ്വയം ഉയര്‍ത്താനുള്ള ഉപാധിയാക്കാറുണ്ട്.
അത് ലജ്ജാവതിയാകാം സ്റ്റാര്‍ സിംഗറാകാം.
@thahseen
സ്വരം നന്നാവാന്‍ ചിക്കന്‍ കഴിക്കുന്നത് യേശുദാസ് ആണെന്ന് അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ കേട്ടിട്ടുണ്ട്. അത് വളരെ നാളത്തെ അനുഭവപരിചയം വച്ച് സ്വയം തിരിച്ചറിഞ്ഞതാണ്. ഒറൊരുത്തര്‍ക്കും അത് വ്യത്യസ്തമായിരിക്കും.

കിനാവ് said...

എഴുത്ത് ഉഗ്രന്‍!

ഗാനമേളകളാകുന്ന റിയാലിറ്റികളെ (അല്ലാത്തകുറേ ഭീകരമായ സാധനങ്ങളെ പല്ലും നഖവും ഉപയോഗിച്ചു തന്നെ എതിര്‍ക്കേണ്ടതുണ്ട്) അത്ര ഭയപ്പെടേണ്ടതില്ല. ആളുകള്‍ ഇല്ലാ ഭഗവത്ചരിതശൃംഗലകളില്‍ വീണ് (ഇപ്പോള്‍ വീണില്ലെന്നല്ല) ഭീകരമാകുന്ന സാമൂഹ്യപരിസ്ഥിതിയേക്കാള്‍ നല്ലതു തന്നെ ഇവ.

വികടശിരോമണി said...

നിഖിൽ,
അതെ,അദ്ദേഹത്തെത്തന്നെയാണുദ്ദേശിച്ചത്,എന്താണു സംശയം?:)
അധുനികവിവക്ഷകൾക്കനുസരിച്ച് ഉണ്ടായ വ്യതിയാനം തീർച്ചയായും മനസ്സിലാക്കുന്നു.കാലം കൊണ്ടു വന്ന മാറ്റം എന്നു കാണാൻ തന്നെയാണിഷ്ടം:)
പക്ഷേ,കാലം കൊണ്ടു വന്ന മാറ്റങ്ങളിൽ ഇല്ലാതാവുന്ന ബാണിയുടെ ശൈലീഭംഗി കൂടി സൂചിപ്പിച്ചു എന്നേയുള്ളൂ.രാമനാഥനിലും ശെമ്മാങ്കുടിയിലും തന്നെ,വാസ്തവത്തിൽ ഈ സങ്കേതത്തിനുവേണ്ടിയുള്ള സങ്കേതം ആരംഭിക്കുന്നുണ്ട്.രാമനാഥൻ പാടിയ പല “സാമജവരഗമന”കൾ കേട്ടുനോക്കൂ.ശേഷഗോപാലിന്റെ അധിരോഹണത്തിനു ശേഷം കർണ്ണാടകസംഗീതത്തിന്റെ പരിചരണവ്യവസ്ഥ തന്നെ മാറ്റപ്പെട്ടിരിക്കുന്നു.അതാണു പറയാൻ ശ്രമിച്ചത്.എന്നാൽ മൈസൂർ ശൈലി അതിൽ നിന്നു വ്യത്യസ്തമായ,ഒരു വ്യക്തിത്വം സൂക്ഷിച്ചിരുന്നു എന്നും.
സമകാലീനസംഗീതത്തിലെ ഈ ട്വിസ്റ്റ് വ്യക്തമായി ഗായികകളിൽ കാണാം.നിത്യശ്രീ മഹാദേവനും,പന്തുളരമയും,സൌ‌മ്യയും,സുധാ രഘുനാഥനും പോലുള്ള പുതിയ ഗായികകളുടെ സ്ഥാനത്തിനു പ്രധാന കാരണം ഈ അധികാരസമീപനത്തിൽ വന്ന വ്യതിയാനം ആണ്.വിശാലാക്ഷി നിത്യാനന്ദനേപ്പോലെയോ,ഗായത്രി വെങ്കിട്ടരാഘവനേപ്പോലെയോ ഉള്ളവരുടെ പാർശ്വീകരണത്തിനും.
ചോപ്പായി,
സ്റ്റാർ സിംഗറിനേക്കാൾ മഹത്തരമാണ് സുധാകരന്റെ രാഷ്ട്രീയചർച്ചകൾ എന്ന് ആരും പറഞ്ഞു കേട്ടില്ല.ആ വാചകങ്ങൾക്കൊന്നും മറുപടിയില്ല.
സ്ട്രീറ്റ് ലൈറ്റ് ഞാനിടയ്ക്ക് കാണാറുണ്ട്.പലപ്പോഴും ട്രൈയിനിൽ ഒക്കെ സഞ്ചരിക്കുമ്പോൾ കേൾക്കുന്ന ചില സംഗീതങ്ങളുടെ സബ്ടിലായ ഭാവങ്ങൾ ഇന്നും ഓർത്തിരിക്കാറുണ്ട്.
പിന്നെംജനപ്രിയമായിപ്പോയതു കൊണ്ട് വിമർശനാതീതമാകുന്നൊന്നുമില്ല,ഒന്നും.

Rare Rose said...

ഹൃദയത്തില്‍ നിന്നൊഴുകേണ്ട സംഗീതത്തെ വെറും സംഗതികള്‍ക്കുള്ളില്‍ തളച്ചിടുന്നവരുടെ പൊള്ളത്തരങ്ങളെ പറ്റിയെഴുതിയതു നന്നായി.
ഒരു പക്ഷേ ആവര്‍ത്തനങ്ങളിലൂടെ കയറിയിറങ്ങി പ്രേക്ഷകന്റെ ക്ഷമയുടെ നെല്ലിപ്പലകയെത്തുമ്പോള്‍ ഈ പുതിയ സംഗീതവ്യാപാരത്തിനും തിരശീല വീഴുമെന്നാശ്വസിക്കാം..
പക്ഷേ പകരമെത്തുന്ന റിയാലിറ്റിയുടെ കണ്‍കെട്ടു വിദ്യയില്‍ വീണടിയാനുള്ള ദുര്‍വിധി എന്തിനായിരിക്കുമെന്നോര്‍ക്കാന്‍ തന്നെ ഭയമാകുന്നു..

ബിനോയ്//HariNav said...

ഹാജരുണ്ട് :)

എതിരന്‍ കതിരവന്‍ said...

റിയാലിറ്റി ഷോകളുടെ ന്യൂനതകൾ പേർത്തും പേർത്തും പറഞ്ഞ് നമ്മുടെയൊക്കെ നാവ് കഴച്ചതാണ്. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടവയാണ്:
1. പാട്ടിനെ ഗൌരവതരമായി കൈകാര്യം ചെയ്യേണ്ടതാണെന്നുള്ള അറിവ് വളരെ സാ‍ാധാരണക്കാരിലും വന്നു ചേർന്നിട്ടുണ്ട്. സൂക്ഷ്മവിശകലനം ചെയ്യപ്പെടുന്നതിൽ പങ്കാളിയാകാൻ സീരിയൽ കാഴച്ചയിൽ വീണുപോയവർക്കും സാധിയ്ക്കും എന്ന തോന്നലിൽ അവർക്ക് സന്തോഷമുണ്ട്. ചില വീട്ടമ്മമാറ് നേരിട്ട് പറഞ്ഞിട്ടുണ്ട് ഇക്കാര്യം.
കടലാസും പേനയുമായി സ്വന്തമായി മാർക്കിടാൻ ഇരിയ്ക്കുന്ന ഒരു എഴുപതു വയസ്സുകാരനെ അറിയാം.
2. പാട്ട്, സെമിക്ലാസ്സിക്കൽ ഉൾപ്പടെ ജനകീയമായിരിക്കുന്നു. ‘മെലഡി റൌണ്ട്’ എന്നൊക്കെ കിടിലൻ പേരിലാണെങ്കിലും അത്തരം പാട്ടുകൾ വീണ്ടും അംഗീകാരം നേടിയിരിക്കുന്നു. പാടാൻ പ്രയാസമുള്ള പാട്ടുകൾ ചങ്കൂറ്റം കൊണ്ടാണെണെങ്കിലും പഠിച്ചെടുക്കാൻ ഇൻ കുട്ടികൾ നെട്ടൊട്ടമോടുന്നു.

3. ശ്വാസം മുട്ടി ചാകാനായാലും (“ഗംഗേ.....”) പാടി ഫലിപ്പിയ്ക്കാനുള്ള ചങ്കൂറ്റം വന്നു ഭവിയ്ക്കുന്നു.
4. അമൃതയിലെ രാഗരത്നയിലേക്കും “ട്രെൻഡ്” പടർന്നതിനാൽ കാഴച്ചക്കാർ എത്തുന്നു. ക്ലാസിക്കൽ കലക്അളെ പണ്ടേ പരിത്യജിച്ച റ്റി. വിയും പ്രേക്ഷകരും ഇങ്ങനെയൊരു അവസ്ഥയിൽ അറിയാതെ എത്തിയത് രസാവഹമായ കാര്യമാണ്. സൌമ്യയ്ക്കും ശ്രീവത്സൻ മേനോനും ഒക്കെ ‘വിസിബിലിറ്റി” വന്നിരിയ്ക്കുന്നു.
5. സംഗീതത്തെക്കുറിച്ചുള്ള അറിവ് കുത്തകയൊന്നുമല്ലെന്നും അല്പസ്വൽ‌പ്പം പരിചയം കൊണ്ട് ചില കാര്യങ്ങളൊക്കെ പിടിച്ചെടുക്കാമെന്നും സാധാരണ ജനങ്ങൾക്കും മനസ്സിലായിത്തുടങ്ങി. “സംഗതി’ ഒരു തമാശയായി പടർന്നു കയറിയെങ്കിലും അത് എന്താണെന്ന് പലർക്കും അറിവുണ്ട്. “ആ നോട് അവിടെ സസ്റ്റയിൻ ചെയ്തില്ല” എന്ന് ചിത്ര പറയുമ്പോൾ അത് എന്താണെന്ന് കാഴച്ചക്കാർ ആലൊചിയ്ക്കുന്നുണ്ട്.
5. പഴയ പാട്ടുകൾ അതിശക്തമായി തിരിച്ചു വരുന്നു. ശരശയ്യ നാടകത്തിൽ എൽ. പി. ആർ വർമ്മ കമ്പോസ് ചെയ്ത “കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയ കടലാസു പൂവുകളെ” ഒക്കെ പുനർ ജനിച്ചിരിക്കുന്നു. “പുതിയ പാട്ടുകളൊക്കെ മോശം, പണ്ടത്തെ പാട്ടുകൾ എന്നാ നല്ല പാട്ടുകൾ ആയിരുന്നു” എന്നൊരു വാദം അപ്രസക്തമാകുന്നത് ‘നല്ലതെന്നും ശാശ്വതമായിരിക്കും’ എന്ന സാമാന്യയുക്തി കൊണ്ടാണെന്ന് മനസ്സിലാക്കപ്പെടുന്നു. റിയാലിറ്റി ഷോ വിജയി ആയ ഒരു പെൺകുട്ടി ഒരു വിശേഷാവസരത്തിൽ പാടിയത് “രാജശിൽ‌പ്പീ നീയെനിക്കൊരു ...” ആണ്.

6.ആസ്വാദനം വരേണ്യ വർഗ്ഗത്തിന്റേയോ സംഗീത ബുദ്ധിജീവികളൂടേതോ മാത്രമല്ലെന്ന് നാട്ടുകാർ മനസ്സിലാക്കുന്നു, അത് നാട്യങ്ങളിൽ നിന്നും പുറത്തു ചാടുന്നു. അതി ഗംഭീരം പാട്ടുകൾ പാടി കയ്യടി നേടുന്ന ഒരു ഗാനമേളക്കാരൻ പറഞ്ഞത് ഇപ്പോൾ ആ പാട്ടുകളൊക്കെ റിയാലിറ്റി ഷോ വഴി അതി സാധാരണമായിരിക്കുന്നു, പണ്ടത്തെ ‘ഗ്ലാമർ‘ ഒന്നും ഇല്ല എന്നാണ്.
7. റിയാൽറ്റി ഷോ വിജയികളൊക്കെ പിന്നീട് സിനിമാലോകത്ത് നിലയുറപ്പിച്ച് ഖ്യാതി നേടുമെന്നൊന്നും പേടി വേണ്ട. അതിഗംഭീരപാട്ടുകാരിയായ രൂപ ഒന്നു രണ്ടു സിനിമയിൽ പാടി, പിന്നെ കേട്ടില്ല. സന്നിദാനന്ദനം മറ്റും കുറച്ചു പോപുലാരിറ്റി കിട്ടിയെന്നുള്ളത് മറക്കാൻ വയ്യ. സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇന്ന് ചില ക്ലിക്കുകളുടെ പിൻ ബലവും വേണം. പാട്ട് പോപുലർ ആകാൻ നല്ല പാട്ടുകാരൻ ആയിരിക്കേണ്ടതില്ല എന്ന് വിനീത് ശ്രീനിവാസൻ തെളിയിച്ചിട്ടുണ്ട്.
8. പാട്ടുമായി അലഞ്ഞുനടന്നിട്ട് കാൽ‌പ്പൈസ നേടാൻ പറ്റാത്ത പഴമക്കാരെ കോടികൾ വിലമതിയ്ക്കുന്ന വീട് സ്വന്തമാക്കാൻ സാദ്ധ്യതയുള്ള പാട്ടുകാർ പിള്ളേർ വരുന്ന സ്ഥിതിവിശേഷം അസ്വസ്ഥരാക്കിയിരിക്കുന്നു.. പാട്ടുകാർ നിത്യപ്പട്ടിണീക്കാരും ഏഴാംകൂലികളും എല്ലാം സഹിച്ച് നരകയാതന അനുഭവിയ്ക്കുന്നവരുമായിരിക്കണമെന്ന സ്ഥിരംചൊല്ലിലെ പൊരുൾ പൊളിഞ്ഞു വീഴുമ്പോഴുള്ള അന്ധാളിപ്പ്.

-സു- {സുനില്‍|Sunil} said...

Focused allaathe ezhuthaayi thOnni. TM Krishna raagaalaapanam naTathaathe, prathyekichum thamizh kr^thikaL paaTumpOL nalla bhaavamuNT enn enikku thOnnaaRuNT. palappOzhum NeyveliyuTethaaN~ enikkishTappeTaaruLLath ennathum sathyam.

About Balamurali.. no comments.

pinne, music eppOzhum aasvadikkunnath ente mood anusarichaaN~. TM Krishnayute pankaja lOchana.. keTTaal chilappOL chaaTikkaLikkaan thOnnum, matu chilappOL Off aakki pOkaanum. :):)

sorry for manglish. no malayalam in laptop.

-S-

ലേഖ said...

നന്നായി ആസ്വാദകാ.. :)

thahseen said...

@ചോപ്പായി : എല്ലാരും ചിക്കന്‍ കഴിച്ചാല്‍ സ്വരം നന്നാവണമെന്നില്ല ഭായി :-)
പക്ഷെ .. സ്വരം നന്നാക്കാന്‍ ചിക്കന്‍ കഴിക്കുന്ന നമ്മടെയൊക്കെ മനോഭാവതെയ്‌ കുറിച്ചാണ് പറഞ്ഞത് ..

ഗീത said...

കാറ്റിന്റെ സംഗീതം ഇഷ്ടം.
മഴയുടെ സംഗീതം ഇഷ്ടം.
കാറ്റിന്റെ പുല്ലാംകുഴലും മഴയുടെ വീണക്കച്ചേരിയും കൂടി ഒരുമിച്ചായാല്‍ അതിലേറെ ഇഷ്ടം.
ഹിന്ദോളം വളരെയധികം ഇഷ്ടമുള്ള രാഗം.
സാമജവരഗമന - എത്രകേട്ടാലും മതിവരാത്ത കീര്‍ത്തനം.
സ്റ്റാര്‍ സിംഗറിലെ നല്ല പാട്ടുകള്‍ മാത്രം കേള്‍ക്കും. കമന്റ്സ്, ജഡ്ജ്മെന്റ്സ് - ഈ സമയം നമുക്ക് ആശ്വാസമേകാന്‍ അനിമല്‍ പ്ലാനറ്റ്, ഡിസ്കവറി ചാനല്‍, നാഷണല്‍ ജിയോഗ്രഫിക് ഇതൊക്കെയുണ്ടല്ലോ.
എന്തായാലും സ്റ്റാര്‍ സിംഗര്‍ കാരണം പാട്ടിനെ വെറുതേ കണ്ണുമടച്ചിരുന്നു ആസ്വദിക്കുന്നതിനു പകരം അതിനെ ഒന്നു വിശകലനം ചെയ്ത് ആസ്വദിക്കാന്‍ പഠിച്ചു.
എന്നാലും ആ വെറുതേയുള്ള ആസ്വാദനമായിരുന്നു നല്ലതെന്ന് ഇപ്പോള്‍ ഒരു നഷ്ടബോധം.
(പണ്ട് തീസിസ് എഴുതിയപ്പോള്‍ അക്ഷരത്തെറ്റുകള്‍ വരാനേ പാടില്ലെന്നു ഗൈഡ് പറഞ്ഞിരുന്നു. അതനുസരിച്ച് പ്രൂഫ് വായിക്കുമ്പോള്‍ സ്പെല്ലിങ്ങ് തെറ്റിയിട്ടുണ്ടോ എന്നു ശ്രദ്ധിച്ച് വായിച്ചു. ഓരോ വാക്കിന്റെയും സ്പെല്ലിങ്ങില്‍ മാത്രമായി ശ്രദ്ധ. മീനിങ്ങോ മറ്റു യാതൊന്നും മനസ്സില്‍ കയറാതായി. പിന്നെ കുറേ നാളത്തേക്ക് എന്തു വായിച്ചാലും ഇതായി അവസ്ഥ. ഈ ഒരു ശീലം മാറിക്കിട്ടാന്‍ കുറേ പണിപ്പെട്ടു. അതുപോലൊരവസ്ഥ ഇപ്പോള്‍ സംഗീതാസ്വാദനത്തിലും വന്നു പോയിരിക്കുന്നു. സംഗീതത്തിന്റെ മധുരം മനസ്സിലേക്ക് കിനിഞ്ഞിറങ്ങുന്നതിനു പകരം അതിനെ ടെക്നിക്കലി അനലൈസ് ചെയ്യലായി ഇപ്പോള്‍.)

Kiranz..!! said...

ഏറ്റവും അവസാനം പറഞ്ഞ ഗീതേച്ചിക്കമന്റിനു നൂറു മാർക്ക്.സാധാരണക്കാരന്റെ ഗാനാസ്വാദനത്തെ സംഗതിപിടുത്തം കൊണ്ട് ഹൈജാക്ക് ചെയ്യിപ്പിച്ചു ഇങ്ങനെയുള്ള ഷോകൾ.മിമിക്രിയിൽ സുരാജിനു ഷഡ്ജം കീറിപ്പോയെന്നും ഏത് തൊമ്മനും (അ)പ്ഫ്ഫ ന്റെ പാട്ടിനു സംഗതിയില്ലെന്നും പറയിപ്പിച്ച ഷോ..ഗദ്ഗദ്..!

സു-വിന്റെ അഭിപ്രായം നോട്ടണം.വാരിവലിച്ച് ചടപടേന്ന് എഴുതിയപോലുണ്ട്,ഭാഷാവരം കിട്ടിയതോണ്ടതൊട്ടറിയാനുമില്ല.

ചാണക്യന്‍ said...

പ്രിയ വികടശിരോമണി,
കമന്റ് ആവർത്തിക്കുന്നു..:):)

എല്ലാറ്റിനേയും പറയാം പക്ഷെ ഒന്നിനേയും പറഞ്ഞെന്നും വരുത്തരുത്:):)

“പ്രകടമായി ചീത്തവിളിക്കാൻ ബൂലോകത്ത് അനേകം പേരുണ്ടല്ലോ“?????????

@ ഉപാസന || Upasana,

“‘പറയാതെ പറയല്‍‘ ഒരു കഴിവല്ലേ?!‍“ തീർച്ചയായും....പക്ഷെ പറഞ്ഞെന്ന് വരുത്തരുതേ എന്നേ ഞാൻ പറഞ്ഞുള്ളൂ:):):)

cALviN::കാല്‍‌വിന്‍ said...

റിയാലിറ്റി ഷോസ് കാണാൻ നിൽക്കാത്തത് കൊണ്ട് ബുദ്ധിമുട്ടില്ല :)

ശരത്ത് വളരെ വളരെ വളരെ മോശം ജഡ്ജ് ആണ്. പക്ഷേ സംഗീതസംവിധായകൻ എന്ന നിലയിൽ അത്ര മോശമാണോ വി.ശി?

A.K. Saiber said...

റിയാലിറ്റി ഷോ അശ്ലീലമോ! മലയാള ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ അശ്ലീലമല്ലാത്ത പിന്നേത് പ്രോഗ്രാമുണ്ട്!

ബാലമുരളീകൃഷ്ണയുടെ ശിഷ്യനായതുകൊണ്ട് ഒരാള്‍ക്ക് ടി വി പ്രോഗ്രാമില്‍ പങ്കാളിയാ‍ായിക്കൂടെന്നുണ്ടോ? ചുള്ളിക്കാട് സീരിയലിലഭിനയിക്കുന്നത് വൃത്തികേടാണ് എന്നു പറഞ്ഞപോലെ.

റിയാലിറ്റിഷോ കൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എ. ആര്‍. റഹ്മാന്‍ ഇവിടത്തെ സംഗീതത്തെ കുളംതോണ്ടുകയാണെന്ന് പറഞ്ഞിരുന്നവരും ചിത്രയ്ക്ക് അക്ഷരശുദ്ധിയില്ലെന്ന് പറഞ്ഞ് അവരെ വേണ്ടതിലേറെ ക്രൂശിച്ചവരും ഉണ്ടായിരുന്നല്ലൊ ഇവിടെ.

ഓരോ മത്സരത്തിലും തെരഞ്ഞെടുക്കുന്നത് അതിലെ മികച്ച ഗായകരെയാണ്. അവര്‍ കേരളത്തിലെ മികച്ചഗായകരാവണമെന്ന് നമുക്കെന്തിന് വാശി?
എണ്‍പതുകളുടെ തുടക്കത്തില്‍ അമിതപ്രതീക്ഷയുണര്‍ത്തിയ, സ്കൂള്യുവജനോത്സവങ്ങളില്‍ തിളങ്ങിനിന്ന ഒരു “ശാസ്ത്രീയ” ഗാ‍യകന്‍ ഇന്ന് എവിടെ നില്‍ക്കുന്നു എന്ന് നോക്കിയാല്‍ മതി.
ഓരൊ മേഖലക്കും അനുസരിച്ചുള്ള പ്രതിഭകളെയാണ് അവിടേക്കാവശ്യം. സ്റ്റേജില്‍ ഏറ്റവും പ്രതിഭലം വാങ്ങുന്ന റിമിടോമി സിനിമയില്‍ ഒന്നുമല്ലല്ലോ! സിനിമയിലെ മികച്ച ഗായകരില്‍ പലര്‍ക്കും സ്റ്റേജില്‍ വലിയ ഡിമാന്റൊന്നുമില്ലതാനും.
......
വികടശിരോമണീയുടെ എഴുത്തു പോകുന്ന വഴികള്‍ മനോഹരം.

വികടശിരോമണി said...

രവി മേനോൻ!
ഇവിടെയുണ്ടായിരുന്നോ ചങ്ങാതീ.
മൊല്ലാക്കമാർക്ക് ഉറുക്കെഴുതണ വിഡ്ഡിത്തം ആണോ ഞാൻ കാണിച്ചത്:)
ഇവിടെ കണ്ടതിൽ വലിയ സന്തോഷമുണ്ട്.ബൂലോകത്ത് രവിയെപ്പോലുള്ളവരുടെ സാനിദ്ധ്യം വലിയ ഗുണം ചെയ്യും.

കതിരവൻ പറഞ്ഞ കാര്യങ്ങളോടൊന്നും എനിക്കു കാര്യമായ വിയോജിപ്പുകളില്ല.വൈലോപ്പിള്ളി മാഷ് കുടിയൊഴിക്കലിൽ പറഞ്ഞതു പോലെ, “മറ്റൊരു വിധമായിരുന്നെങ്കിൽ”എന്നൊരു ചിന്ത മാത്രം.അതിലും വലിയ കാര്യമൊന്നുമില്ലെന്നറിഞ്ഞു കൊണ്ടു തന്നെ.
കാൽ‌വിൻ ,
ഒരു മികച്ച ചലച്ചിത്രഗാനസംവിധായകനേപ്പറ്റി ഓരോരുത്തർക്കും വ്യത്യ്സ്തമായ സങ്കൽ‌പ്പനങ്ങളുണ്ടാകാം.ഇത് ഓട്ടമത്സരം ഒന്നുമല്ലല്ലോ.അതുകൊണ്ട് ആരു വലിയവൻ,ആരു ചെറിയവൻ എന്നൊന്നും പറയാനാവില്ല.പാരമ്പര്യസംഗീതത്തിൽ കനത്ത അവഗാഹം ഉള്ള ഒരു പ്രതിഭാശാലിയായ സംഗീതസംവിധായകൻ അതിൽ നിന്നു സ്വീകരിക്കേണ്ട ഊർജ്ജമെന്ത് എന്നതിനേപ്പറ്റിയും വ്യത്യസ്തമായ അഭിപ്രായമാകാം.എന്റെ കാഴ്ച്ചപ്പാടിൽ,അക്കാര്യത്തിലെ രാജാവ് ദേവരാജൻ മാഷ് തന്നെയാണ്.എത്ര പാട്ടുകളിൽ കല്യാണി എന്ന രാഗം ഉപയോഗിച്ചിരിക്കുന്നു എന്നറിയില്ല.പക്ഷേ,ഓരോന്നിന്റേയും ട്രീറ്റ്‌മെന്റ് വ്യത്യസ്തം.അവയൊന്നും ധൈഷണികതയുടെ അധികഭാരമായി അനുഭവപ്പെടുന്നതേയില്ല താനും.പാരമ്പര്യസംഗീതത്തിനെ പല തലങ്ങളിൽ സ്വാശീകരിച്ചവരെ ഞാൻ ഇഷ്ടപ്പെടുന്നു.എ.ആർ.റഹ്മാന്റെ ചില പാട്ടുകൾക്കു മുന്നിൽ വിസ്മയിച്ചിരുന്നുപോയിട്ടുണ്ട്;ഏറ്റവും അവസാനം,ഔസേപ്പച്ചൻ ശ്യാമപ്രസാദിനു വേണ്ടി ചെയ്ത ഒരു സിനിമയിൽ മുഴുവൻ ശുഭപന്തുവരാളിരാഗത്തിൽ ആണല്ലോ പാട്ടുകൾ(ഏതാ‍ണാ സിനിമ?പേരുകിട്ടുന്നില്ല,ആരെങ്കിലും ഓർമ്മിപ്പിക്കണേ)ശരിക്കും ഞെട്ടിച്ചു കളഞ്ഞു.വല്ലാത്ത വ്യാകരണത്തിന്റെ കളി അതിലെ പാട്ടുകളിൽ ഉണ്ട്. ശ്രുതിഭേദം വരുത്തി,മറ്റൊരു രാഗം സൃഷ്ടിക്കുക എന്നത് ക്ലാസിക്കൽ മ്യൂസിക്കിൽ നടപ്പുള്ള ഒന്നാണ്.ഒരു പാട്ടിൽ ഔസേപ്പച്ചൻ ശുഭപന്തുവരാളിയുടെ അവസാനത്തെ നോട്ടിൽ നിന്ന്-നിഷാദസ്വരത്തിൽ നിന്ന് തലകുത്തി മറിഞ്ഞ് മോഹനത്തിലേക്കു ലാൻഡ് ചെയ്യുന്നതു കേട്ട് തരിച്ചുപോയി.

പക്ഷേ,ഇവയിലെല്ലാം ഞാൻ മുഖ്യമായി കാണുന്ന ഒരു ഗുണം ഉണ്ട്.അത് ഇവരുടെയെല്ലാം പാട്ടുകളിൽ എനിക്കു ലഭിക്കുന്നുമുണ്ട്-ഹൃദയാവർജ്ജകത്വം.

ആ ഒരു ഗുണം ശരത്തിന്റെ ഞാൻ കേട്ട മിക്ക പാട്ടുകളിലും എനിക്കു കിട്ടിയിട്ടില്ല.അതിഭയങ്കരമായ അഭ്യാസപ്രകടനങ്ങൾ,ഈ അഭ്യാസമൊക്കെ എന്തിനാണെന്നതാണ്-മനോരഞ്ജകമാകണം സംഗീതം എന്നു വിശ്വസിക്കുന്ന ഒരു യാഥാസ്ഥിതികനാണു ഞാൻ എന്നു വെച്ചോളൂ(ലജ്ജാവതി കേൾക്കുമ്പോഴും എനിക്കു മനോരഞ്ജകമായി തോന്നുന്നുണ്ട്) ശരത്തിന്റെ പാട്ടുകളി അപൂർവ്വം ചിലതേ എന്റെ മനസ്സിൽ സ്പർശിച്ചിട്ടുള്ളൂ- “മാലേയം മാറോടലിഞ്ഞോ” “ശ്രീരാഗമോ”എന്നിങ്ങനെ അപൂർവ്വം ചിലത്.ബാക്കിയെല്ലാം എനിക്കു താങ്ങില്ല.ആ സംഗീതവീക്ഷണത്തോട് എനിക്കു മതിപ്പുമില്ല.
ബാലമുരളികൃഷ്ണയുടെ ശിഷ്യനായതോണ്ട് ഒരാൾക്ക് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പാടില്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ പറഞ്ഞ വിരോധാഭാസം,സംഗീതത്തിൽ തികച്ചും സ്വകീയമായ ഒരു ശൈലി-അതിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ആവാം-നിർമ്മിച്ച സംഗീതജ്ഞനാണ് ബാലമുരളീകൃഷ്ണ.അതു തികച്ചും ഭാവതലത്തിൽ മാത്രം അധിഷ്ഠിതമായിരുന്നു.അദ്ദേഹത്തിന്റെ അനുകർത്താവായ ശിഷ്യനാണ് ധൈഷണികതയുടെ പട്ടും വളയും വാങ്ങി ഇരിക്കുന്നത് എന്നതിലേ എനിക്കു ചിരിക്കാൻ തോന്നിയുള്ളൂ.
നന്ദി.

Kiranz..!! said...

ഒറ്റക്കീച്ച് വച്ച് തന്നാൽ ഒണ്ടല്ല്..!
ഒരേ കടൽ..പാട്ടുകളഞ്ചും ശുഭപന്ത് വരാളി.

Kiranz..!! said...

ശുഭപന്തുവരാളി
ശുഭപന്തുവരാളി
ശുഭപന്തുവരാളി

വികടശിരോമണി said...

കിരൺ‌സൂട്ടാ,നന്നീണ്ട്,ട്ടാ:)
ഇതെന്താ ശുഭപന്തുവരാളീന്ന് ഇമ്പോസിഷൻ എഴുതിപ്പഠിക്യാ?:))

വികടശിരോമണി said...

സുനിൽ,
ഫോക്കസ് അല്ലാതെ എഴുതീന്നുള്ള വിമർശനം ഞാൻ നിരുപാധികം സ്വീകരിക്കുന്നു.പക്ഷേ,ഫോക്കസ് ആക്കുക എന്ന ലക്ഷ്യം കാര്യമായി ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.മനസ്സിലൂടെ പാഞ്ഞു പോകുന്ന ചില ചിന്തകൾ കോറിയിടുക-അങ്ങനേയും ചിലതു സാദ്ധ്യമാണ് എന്നതൊക്കെയാണല്ലോ ബ്ലോഗിങ്ങിന്റെ ഗുണം.ഇതിനു മുൻപും ഇത്തരം പോസ്റ്റുകൾ ഈ ബ്ലോഗിലുണ്ടായിട്ടുണ്ട്-ഹിറ്റ്‌ലറും മാധവിക്കുട്ടിയും ചേർന്നുള്ള ഫിൿഷൻ ഒക്കെ...
കൃഷ്ണയെപ്പറ്റിയുള്ള അഭിപ്രായം തികച്ചും വ്യക്തിഗതം.തികച്ചും കൃഷ്ണഭ്രാന്തരായ ആരുടേയെങ്കിലുമൊക്കെ ആക്രമണം ഞാൻ പ്രതീക്ഷിച്ചിരുന്നു.അതുണ്ടാവാത്തതിൽ ദുഃഖമുണ്ട്:)
ചാണൂ,
തീക്ഷ്ണമായി സ്വന്തം അഭിപ്രായം രേഖപ്പെടുത്താനായി തെറിവിളിപ്പോസ്റ്റുകൾ ഇടുന്ന ബൂലോകസ്വഭാവം ബ്ലോഗുചൂറ്റിക്കറങ്ങി ശീലം വന്ന ചാണുവിനോട് ഞാൻ ഉദാഹരിക്കേണ്ടതില്ലല്ലോ:)
തെറി വിളിക്കാൻ വേറെ ഒരുപാടിടങ്ങൾ ഉള്ളതുകൊണ്ട്,ബ്ലോഗിലൂടെ അതു ചെയ്യാൻ എനിക്കു തീരെ താല്പര്യമില്ല.പിന്നെ,ചില സവിശേഷസന്ദർഭങ്ങളിൽ രണ്ടാമൂഴത്തിലെ ഭീമന്റെ സ്റ്റാന്റ് എടുക്കേണ്ടി വരും(ഏതു മ്ലേച്ഛനുമായും യുദ്ധം ചെയ്യാൻ ഞാൻ തയ്യാർ:)
നന്ദി.

ഭൂതത്താന്‍ said...

മനുഷ്യന്റെ അനുഭവലോകത്തു നിന്ന് അവനെ പിന്തിരിപ്പിക്കുന്ന ധൈഷണിക കാപട്യങ്ങളിലേക്ക് നമ്മുടെ സംഗീതവും കൂപ്പുകുത്തുന്നു.

ശരിയായ നിരീക്ഷണം ....ഇപ്പോളത്തെ ഈ ഷോ മാമാങ്കങ്ങള്‍ ഒരു യുദ്ധ ഭൂമിയെയോ ഫാഷന്‍ ഷോ നടത്തുന്ന രാംബിനെയോ ഓര്‍മപ്പെടുത്തുന്നു ...കോലാഹലങ്ങള്‍ കഴിഞ്ഞു ഇറങ്ങുന്ന ഇവര്‍ നല്ലപോലെ തെണ്ടാന്‍ യോഗ്യരും ആകും ...നിത്യ തൊഴില്‍ അഭ്യാസം ..."പ്ലീസ് വോട്ട് ഫോര്‍ മി "...

എതിരന്‍ കതിരവന്‍ said...

ശരത്തിന്റെ ‘ആകാശദീപമെങ്ങുമുണരുമിടമായോ...” നല്ലപാട്ടല്ലെ? പിന്നെ ‘ആ രാഗം....’
ക്ഷണക്കത്തിലെ തന്നെ “താം തകിട.....” ട്രീറ്റ്മെന്റിലുള്ള പ്രത്യേകത കൊണ്ടും ഓറ്ക്കെസ്ട്രേഷനിലെ പുതുമ കൊണ്ടും വേറിട്ടു നിൽക്കുന്നു.
പിന്നെ വന്നതൊക്കെ കസർത്തുകൾ. ചിത്രയെക്കൊണ്ട് ‘സ്ക്രീച്’ ചെയ്യിച്ച ഒരു പാട്ട് അസഹ്യവുമാണ്.
ചിത്രയും ശ്രീനിവാസും പാടിയ ഒരു ആൽബവുമുണ്ട്. ഒരു പാട്ടുപോലും പിന്നെ കേൾക്കാൻ തോന്നാത്തത്.

sreekumarvarrier said...
This comment has been removed by the author.
sreekumarvarrier said...

samsarikkan ariyamo ,
ennal aarkum 'paadam'.

sms ayakkan aalundo,
ennal 'enthum'swanthamakkam..

ബൈജു (Baiju) said...

നിരീക്ഷണങ്ങള്‍ നന്നായി.....നല്ലപാട്ടുകള്‍ കേട്ടിരുന്നുപോകാറുണ്ട്...പാട്ടിനെ ഓപറേഷന്‍ ടേബിളിലേയ്ക്കെടുക്കുമ്പോള്‍ ചാനല്‍മാറ്റാറുമുണ്ട്.....

ചാണക്യന്‍ said...

വികടശിരോമണി,
ഞാൻ വണ്ടി വിട്ടൂ....ഇയാളിനി ഭീമനായി വരുന്നത് കാണാനുള്ള ആസ്മ ധൈര്യം പോര...:):):):):)

cALviN::കാല്‍‌വിന്‍ said...

റിയാലിറ്റി ഷോകളുടെ ഗുണവശങ്ങളെക്കുറിച്ച് എതിരൻ ജി പറഞ്ഞതിനോടെല്ലാം തത്വത്തിൽ യോജിപ്പാണെങ്കിലും ഇങ്ങനെ ആയിരുന്നില്ല കേരളത്തിൽ സംഗീതബോധം വളരേണ്ടിയിരുന്നത് എന്നഭിപ്രായമുണ്ട്.

കാര്യം സീരിയലിൽ നിന്നും മലയാളിയുടെ താല്പര്യം സംഗീതപരിപാടികളിലോട്ട് പറിച്ച് നടപ്പെട്ടു എന്നത് നേരു തന്നെ. പക്ഷേ റിയാലിറ്റി ഷോകളിൽ പ്രേക്ഷകൻ തേടുന്നത്, മുൻപ് സീരിയലുകളിൽ എന്താണോ തേടിയിരുന്നത് അതു തന്നെയാണ്. അന്യന്റെ കരച്ചിൽ കാണൽ. അത് കണ്ട് സഹതപിക്കൽ.

റിയാലിറ്റി ഷോകൾ ആവുമ്പോൾ ദു:ഖം കാണുന്നതിൽ രണ്ടുണ്ട് സുഖം.

1. അഭിനയിക്കുന്ന ദുഃഖത്തേക്കാൾ. ഒറിജിനാലിറ്റിയുള്ള കരച്ചിൽ കാണാം.

2. സീരിയലിൽ ഇഷ്ടകഥാപാത്രത്തിന്റെ ദുഃഖം കണ്ട് സഹതപിക്കാൻ മാത്രമേ കഴിയൂ. ഇടപെടാൻ കഴിയില്ല. ഇതാവുമ്പോ കരയുന്ന കുഞ്ഞിനു എസ്.എം.എസ് അയച്ച് നിർ‌വൃതി കൊള്ളാം.

മറ്റുള്ളവരുടെ ദുഃഖം കണ്ട് കരളലിയുന്ന ഒരു സാത്വികനാണ് താനെന്ന് തന്നെത്തന്നെ വിശ്വസിപ്പിക്കാൻ മലയാളി നടത്തുന്ന ശ്രമങ്ങളാണ് പഴയ കണ്ണീർസീരിയൽ ഭ്രമവും ഇപ്പോഴത്തെ റിയാലിറ്റി കരച്ചിൽ ബഹളവും. അല്ലാതെ മലയാളിയുടെ സംഗീതബൊധമൊന്നും ഇത് കൊണ്ട് കൂടിയതായി കരുതാൻ വഴി കാണുന്നില്ല.

cALviN::കാല്‍‌വിന്‍ said...

സന്നിതാനന്ദനെപ്പോലെയൊരു ഗായകനോട് മലയാളി പ്രേക്ഷകൻ കാണിച്ചതും സിമ്പതി തന്നെയാണ്.

cALviN::കാല്‍‌വിന്‍ said...

റിയാലിറ്റിഷോയുടെ ഒന്ന് രണ്ട് എപ്പിസോഡുകൾ പണ്ട് കണ്ടതിന്റെ കലിപ്പുകൾ ഇതു വരെ തീരാത്തതിനാൽ കമന്റ് തുടരുന്നു. വി.ശി ക്ഷമിക്കുക്ക.

തന്റെ കലാപരമായ കഴിവുകൾ വളർത്തുന്നതിനേക്കാൾ പ്രക്ഷകന്റേയും ജഡ്ജസിന്റേയും സിമ്പതി നേടൽ ആൺ! വിജയത്തിലേക്കുള്ള വഴി എന്ന് കുട്ടികളുടെ മനസിലും നമ്മൾ തിരുകി കയറ്റുന്നു. പനിയായത് കാരണം പ്രാക്റ്റീസ് ചെയ്യാൻ പറ്റിയില്ല തൊണ്ടയടപ്പ് കാരണം പാട്ട് നന്നായില്ല എന്ന് ജഡ്ജസിനോടും പ്രേക്ഷകരോറ്റും ഉള്ള കണ്ണീർവാർക്കൽ ഇതിന്റെ നല്ല ഉദാഹരണമാണ്. ഒരു മത്സരപരിപാടിയിൽ ഇത്തരം കണ്ണീർവാർക്കലുകൾക്ക് സ്ഥാനമില്ല. സ്ഥാനം കൊടുക്കാൻ പാടില്ല. തൊണ്ടയടപ്പ് ഉണ്ടെന്ന് കാരണത്താലാണ് പാട്ട് മോശമായതെന്ന് തന്നെയിരിക്കട്ടെ. തൊണ്ടയടപ്പില്ലാതെ നന്നായി പാട്ട്പാടിയവർ അതിനെന്ത് പിഴച്ചു. അവരു പോയി ഐസ്ഫ്രൂട്ട് കഴിച്ച് തൊണ്ട അടപ്പിച്ച് വരണോ, എസ്.എം.എസും മാർക്കും കിട്ടാൻ?

ഇന്നെനിക്ക് ചെറിയ പനി ഉണ്ട് അത് കൊണ്ട് സ്പീഡ് കുറച്ച് ബൌൾ ചെയ്യാമോ ബ്രെറ്റ്ലീ എന്ന് സച്ചിൻ ടെണ്ടുൽക്കർ ചോദിച്ചാൽ എങ്ങനെയിരിക്കും?

അതേ പോലെ വേറെ ഒരു അശ്ലീലമാണ് ജഡജ്സിന്റെ ഒരു എമ്പതി കാണിക്കൽ. “മോളവിടെ പാടുമ്പോ ഞാനിവിടെ പ്രാർത്ഥിക്കുകയായിരുന്നു മോൾടെ പാ‍ട്ട് നന്നാവണേ” തുടങ്ങി ഒരുപാട്.... അങ്ങനെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങിയാൽ ആർക്കും ഒന്നാം സ്ഥാനം കിട്ടില്ലല്ലോ... മത്സരമായാൽ ആരെങ്കിലും ഒരാൾക്കേ ഒന്നാം സ്ഥാനം കിട്ടൂ എന്ന് ജഡ്ജസിനോറ്മ ഇല്ലെങ്കിലും കാണുന്നവർക്കില്ലാതിരിക്കുമോ?

മാ‍ർക്കിടാൻ വന്നാൽ മാർക്കിട്ടിട്ട് വീട്ടിൽ പോണം. പാട്ടിനെപ്പറ്റി വിശദമായ ഫീഡ്ബാക്ക് കൊടുക്കുന്നതും നന്ന്. അല്ലാതെ മുതലക്കണ്ണീർ, പ്രാർത്ഥന, കെട്ടിപ്പിടിത്തം ഇമ്മാതിരി ഉമ്മാക്കികൾ കാണിക്കേണ്ടവരല്ല വിധികർത്താ‍ക്കൾ.

ഭൂമിപുത്രി said...

മൈസൂർശലിയെപ്പറ്റിയും തമിഴകത്തെ സംഗീതവ്യാകരണത്തെപ്പറ്റിയുമൊക്കെ വായിച്ച് രസിയ്ക്കാമെന്നല്ലാതെ,അഭിപ്രായം പറയാനുള്ള വിവരം പോര.
അതുകൊണ്ട്, ഔസേപ്പച്ചന് ‘ഒരേകടൽ’ സംഗീതത്തിനുള്ള ദേശീയ അവാർഡ് വാങ്ങിക്കൊടുത്തുവെന്ന കാര്യം മാത്രം ഒന്നെടുത്തുപറയട്ടെ.
വൈകിക്കിട്ടിയ അംഗീകാരമായിരുന്നു അത്,
ആ വർഷത്തെ ജനപ്രിയ അവാർഡുകൾ മിയ്ക്കതും എം.ജയചന്ദ്രനായിരുന്നു
‘കോലക്കുഴൽ’വിളീയ്ക്ക്!
ഔസേപ്പച്ചനെ ജനം മറന്നപ്പോൾ,ദേശീയ അവാർഡ്കമ്മിറ്റി രക്ഷയ്ക്കെത്തി.
ശരത്തിന്റെ ‘സിന്ദൂരരേഖ’ മറക്കണ്ട.
എങ്കിലും ‘താമസമെന്തേ വരുവാൻ‘
ഇംപ്രൊവൈസ് ചെയ്ത് ഇന്നലെ പാടിയപ്പോൾ ഇങ്ങേരോടിനി ക്ഷമിയ്ക്കുന്ന പ്രശ്നമില്ലെന്നും തീർച്ചയാക്കി

Anonymous said...

റിയാലിറ്റി ഷോ എതിര്‍ക്കുന്നവരുടെ ധൈഷണിക കാപട്യം കാണുമ്പോള്‍ കസ്റ്റം തോന്നുന്നു.

ഇവിടെ ചിലര് മാത്രം റിയാലിറ്റി ഷോയിന്റെ ഗുണങ്ങള്‍ പറഞ്ഞു. അതില്‍ ആവര്‍ത്തിച്ചുറപ്പിക്കേണ്ട ഒന്നല്ലായോ വരേണ്യ സംഗീതത്തിന്റെ ജനകീയവല്‍കരണം എന്ന സദ്ഗുണം?

തിരുവയ്യാറിലും നവരാത്രി മണ്ഡപത്തിലും മാത്രമേ ശുദ്ധസംഗീതം വിരിയൂ എന്ന് വിശ്വസിക്കുന്ന വരേണ്യര്‍ക്കുള്ള ചുട്ട മറുപടിയാണ്‌ ഈ ഷോകള്‍. ഇവിടെ ജാതി-മത ഭേദമെന്യേ എല്ലാവര്‍ക്കും "സംഗതി"കള്‍ പാടാം, ത്യാഗബ്രഹ്മത്തിന്റെ കൃതികള്‍ ആലപിക്കാം. ഓട്ടോറിക്ഷാ ഡ്രൈവറും, കണ്ണുപൊട്ടന്മാരും, പെട്ടിക്കടക്കാരന്റെ മകനും ഒക്കെ ആണ്‌ ഇവിടത്തെ "ഭാഗവതര്‍"മാര്‍. അതൊക്കെ കാണുമ്പോഴുള്ള "കലിപ്പ്" അല്ലായോ യഥാര്‍ഥത്തില്‍ ഇവിടത്തെ കമന്റുകളില്‍ കണ്ടത്?

ഇത് കാലത്തിന്റെ ആവശ്യമാണ്‌. M.D.Rഉം ഔസേപ്പച്ചനും ഒക്കെ വന്ന കാലത്ത് അന്നത്തെ ധൈഷണികര്‍ ശുദ്ധസംഗീതം നശിച്ചു എന്നൊക്കെ ചെണ്ട കൊട്ടി. പക്ഷെ അവര്‍ കാലത്തെ അതിജീവിച്ചു. അതുപോലെയൊക്കെത്തന്നെ ആണെന്നേ ഇതും. അതു മനസ്സിലാക്കാതെ ജ്ഞാനപ്രദര്‍ശനം നടത്തുന്നവര്‍ സംഗീതം കച്ചവടമായി, സംഗതി വഷളായി എന്നൊക്കെ പറയും.

സത്യത്തില്‍ ശരത്തിന്റേയും ജയചന്ദ്രന്റേയുമൊക്കെ ജ്ഞാനം കാണുമ്പോഴുള്ള അസൂയയല്ലേ ഇതൊക്കെ? തലച്ചോറുള്ളവര്‍ അതുപയോഗിച്ചു പാടട്ടെ. തല പുകയ്ക്കാന്‍ മടിയുള്ളവര്‍ക്ക് തലച്ചോര്‍ കുറഞ്ഞ പാട്ടല്ലേ ഉണ്ടാക്കാനൊക്കൂ. സത്യത്തില്‍ ഇതിന്റെ രഹസ്യം ആലസ്യമാണ്‌, തലച്ചോര്‍ ഉപയോഗിക്കാനുള്ള ഫയങ്കര മടി.

റിയാലിറ്റി ഷോയും കാലത്തിന്റെ ഭാഗമായി മലയാള ചരിത്രത്തില്‍ ഉന്നത സ്ഥാനം പിടിക്കും, നമ്മളൊക്കെ എത്ര ആക്രോശിച്ചാലും.

ധൈഷണിക കാപട്യത്തെ എതിര്‍ക്കുന്നിടത്തു തന്നെ അത് കണ്ടപ്പോള്‍ കൗതുകം തോന്നുന്നു കേട്ടോ.

Ashok Menath said...

ഒരുവികടത്തവുമില്ലാത്ത ഒന്നാന്തരം പോസ്റ്റ്‌. ചർച്ചയുടെ ഫോക്കസ്‌ പക്ഷേ ചൊറിയാലിറ്റി ഷോ കളെക്കുറിച്ചായെന്നുമാത്രം. വരേണ്യതയുടെ കുടിലതന്ത്രങ്ങളെ നമ്മ്ൾ തിരിച്ചറിയുകതന്നെ വേണം.

ഓഫ്‌ ടോപിക്‌ ആണോയെന്നറിയില്ല:
നമ്മളിന്നറിയുന്ന ഭക്തമീരയും, മീരാഭജനുകളിലെ നിറഞ്ഞ കൃഷ്ണഭക്തിയുമെല്ലാം ഇത്തരമൊരു deliberate social construct ന്റെ നിദർശനമാണ്‌. രജപുത്ര പുരുഷ സമൂഹം വിധിച്ച അസ്വാതന്ത്ര്യത്തിന്നെതിരേ സംഗീതം ആയുധമാക്കി കലപിച്ചതുവഴി സ്വന്തം വീട്ടിൽനിന്നും ബഹിഷ്കൃതയായി നാടുവിടേണ്ടിവന്ന മീരയുടെ പാട്ടുകൾ അവയുടെ തനിമയോടെ തലമുറകളായി കാത്തുസൂക്ഷിക്കുന്നൊരു കൂട്ടരുണ്ട്‌, സൗരാഷ്ട്രയിലെ ദളിതുകൾ. നാടുകടത്തപ്പെട്ട മീരയ്ക്ക്‌ അഭയം കൊടുത്തവർ. മീരയെന്നപേര്‌, വഴിപിഴച്ച പെണ്ണ്‌ എന്ന്‌ അർത്ഥത്തിലാണ്‌ അന്ന്‌ രജപുത്ര സമൂഹം പ്രയോഗിച്ചിരുന്നതത്രേ. ( Upholding Common Life: The Community of Mira Bai. Author: Parita Mukta, Oxford University Press). പിന്നീട്‌ ഇപ്പറഞ്ഞ ഹിന്ദു വരേണ്യത സർഫിട്ട്‌ കഴുകിവെളുപ്പിച്ച്‌ സ്വന്തമാക്കിയതാണീ ഭക്തമീരയെന്ന ചിത്രകഥ.

സംഗീതത്തെ സ്വരങ്ങളുടെ ഗുണകോഷ്ടമ്മാത്രമാക്കുന്നവരെ തിരിച്ചറിയുന്ന താങ്കളുടെ പോസ്റ്റ്‌ തികച്ചും സംഗതമാണ്‌.
"രാമനാഥൻ പാടുമ്പോൾ
മരിക്കുന്ന ഭൂമിയിൽ നിന്നുപറന്നുയരുന്ന
അവസാനത്തെ ബഹിരാകാശ നാവികൻ
ഒരു മരച്ചില്ല കാണുന്നു"

(ഓർമ്മയിൽ നിന്നെഴുതിയയതാണ്‌, സച്ചിദാനന്ദന്റെ കവിത കയ്യിലില്ല).
സംഗീതത്തെ rocket science ആക്കിമാറ്റുന്നത്‌ ഒരു ഹിഡൻ അജണ്ടയുടെ ഭാഗമായാണെന്നു തോന്നുന്നു.

തികച്ചും ഓഫ്‌ ടോപിക്കായൊരൽപം:

സൂരജിനേയും, ഭൂമിപുത്രിയേയും കണ്ടതിൽ സന്തോഷം. പണ്ടെനിക്ക്‌ കമന്റ്‌ തന്നവർ എന്ന നിലക്കിവരെയെനിക്കു പരിചയമുണ്ട്‌. (ഞാനിപ്പരിപാടി, ബ്ലോഗിംഗ്‌, പണ്ടേ വച്ചുകെട്ടി. ഇപ്പോൾ വേറൊരു ഭൂഖണ്‌ഡത്തിലാണ്‌ ജീവിതം. അക്ഷരാർത്ഥത്തിൽ തന്നെ.)

വികടശിരോമണി said...

1)ഞാൻ ഈ പോസ്റ്റിൽ പ്രധാനമായി ഉന്നയിച്ച വിഷയമല്ല പ്രധാന സംവാദത്തിനിടയാക്കിയത്.റിയാലിറ്റി ഷോയുടെ ഗുണദോഷവിചിന്തനം ഈ പോസ്റ്റിന്റെ ലക്ഷ്യമേ അല്ല.നിരവധി ഗുണങ്ങളും ദോഷങ്ങളും റിയാലിറ്റി ഷോയ്ക്കുണ്ട്.ഞാൻ ഉന്നയിച്ച പ്രശ്നം,സംഗീതത്തെ ബുദ്ധിവ്യാപാരമായി കാണുന്ന ഒരു വീക്ഷണവ്യതിയാനം ശക്തമാകുന്നു എന്നതാണ്.അതിൽ പങ്കുവഹിക്കുന്നവരെക്കുറിച്ചു സൂചിപ്പിക്കുമ്പോഴാണ് ശരത്തിന്റെയൊക്കെ പേരുവന്നത്.ചർച്ച അങ്ങോട്ടു വഴിതിരിഞ്ഞുപോയി.ഒരർത്ഥത്തിൽ,സുനിൽ സൂചിപ്പിച്ച പോലെ,ഫോക്കസ്ഡ് അല്ലാതെ പോസ്റ്റിട്ട ഞാൻ തന്നെയാണ് അക്കാര്യത്തിൽ ഉത്തരവാദി.
2)പുതിയ മലയാളസിനിമാസംഗീതസംവിധായകർ മിക്കവരും അന്തസ്സാരശൂന്യരോ,അൽ‌പ്പവിഭവരോ ആണ് എന്ന എന്റെ അഭിപ്രായത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു.എന്നാൽ അവരുടെ അഹങ്കാരം അതിനോടൊന്നും നിരക്കുന്ന അളവിലല്ല എന്ന് റിയാലിറ്റി ഉത്സവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.പഴയ സംഗീതസംവിധായകർക്കും അഹങ്കാരമുണ്ടായിരുന്നു-ദേവരാജൻ മാഷൊക്കെ ശുദ്ധനിഷേധിയും അഹങ്കാരിയും ആയിരുന്നു-പക്ഷേ അതിനൊത്ത ‘കോപ്പ്’അവരുടെ പക്കൽ ഉണ്ടായിരുന്നു,ഇവരിൽ അതു കാണാനില്ല.ജയചന്ദ്രന്റേതായി പൊക്കിപ്പറയുന്ന ഒട്ടുമിക്ക പാട്ടുകൾക്കും എന്തെങ്കിലുമൊരു മികവുള്ളതായി എനിക്കു മനസ്സിലാവുന്നില്ല.“കോലക്കുഴൽ വിളി കേട്ടോ”ഒക്കെ തികച്ചും ഒരു ശരാശരിപ്പാട്ടാണ്,മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവാകാൻ അവർക്ക് ഇത്തരം പാട്ടുകൾ മതി എന്നതുകൊണ്ടു വാഴ്ത്തപ്പെടുന്നു എന്നേയുള്ളൂ.ഇതിൽ അൽ‌പ്പം പോലും പഴമയോടുള്ള ആരാധന ഇല്ല.
3)തിരുവയ്യാറിലും നവരാത്രി മണ്ഡപത്തിലും വിരിയുന്ന സംഗീതത്തെ കാനോനീകരിക്കുന്ന ഒന്നും ഞാൻ എഴുതിയിട്ടില്ല.അത്തരം വായനകൾ മറുപടി അർഹിക്കുന്നതേയില്ല.വികലാംഗരും അന്ധരുമടങ്ങുന്ന ഒരു സമൂഹം,റിയാലിറ്റി ഷോ തുടങ്ങിയപ്പോഴല്ല ലോകത്താരംഭിച്ചത് എന്നറിയാവുന്നതുകൊണ്ട് ഈ കണ്ണീരൊലിപ്പിക്കൽ കാണുമ്പോൾ ചിരി വന്നെന്നു വരും.കീഴാളവായന എന്ന പേരിൽ നോൺ‌സെൻസുകൾ എഴുന്നള്ളിക്കരുത്.സവർണ്ണത,വരേണ്യത-ഇങ്ങനെ കുറേ വാക്കുകൾ പുട്ടിനു പീരയായി തിരുകിയാൽ ലോകത്തിലെ എല്ലാം അസംബന്ധങ്ങളും മഹത്തരമാക്കാനാവില്ല.
4)“ തലച്ചോറുള്ളവര് അതുപയോഗിച്ചു പാടട്ടെ. തല പുകയ്ക്കാന് മടിയുള്ളവര്‍ക്ക് തലച്ചോര് കുറഞ്ഞ പാട്ടല്ലേ ഉണ്ടാക്കാനൊക്കൂ. സത്യത്തില് ഇതിന്റെ രഹസ്യം ആലസ്യമാണ്, തലച്ചോര് ഉപയോഗിക്കാനുള്ള ഫയങ്കര മടി.”
അതെ,ചങ്ങാതീ.ദേവരാജൻ മാഷിനെ ആണല്ലോ ഞാൻ അവിടെ ഉദാഹരിച്ചത്.അദ്ദേഹത്തിന് സംഗീതത്തിൽ തീരെ തലച്ചോറ് കുറവായിരുന്നു.ജയചന്ദ്രനും ശരത്തിനുമൊക്കെ സമകാലികനായിരുന്നെങ്കിൽ,അവരിൽ നിന്ന് അൽ‌പ്പം കടം വാങ്ങിയെങ്കിലും അദ്ദേഹത്തിനു തലച്ചോറുകൊണ്ടു പാട്ടുണ്ടാക്കാൻ പഠിക്കാമായിരുന്നു.

വികടശിരോമണി said...

വന്നവരോടെല്ലാം നന്ദി.
Ashok Menath,
ഇത്ര നല്ലൊരു വായനക്ക് പ്രത്യേകനന്ദി.“തനിക്കാക്കി വെടക്കാക്കുക”എന്നു നാടൻ ശൈലിയിൽ പറയുന്ന ഒരു തന്ത്രം-തങ്ങളിലൊതുങ്ങാതെ പോയതിനെ ആരാധ്യചിഹ്നമായി അവരോധിച്ച് കൂടെ ചേർക്കുന്ന നയം-എന്നും വരേണ്യത കൊണ്ടു നടന്ന ഒന്നാണ്.സമൂഹത്തോട് ആഴത്തിലുള്ള പ്രതിസ്പന്ദനംഏതു കലയ്ക്കും നിലനിർത്താനാവുന്നത് വ്യാകരണങ്ങളിലൂടെയല്ല,പ്രസ്തുത വ്യാകരണങ്ങളേയും നിർമ്മിക്കുന്ന മറ്റു ചില കാരണങ്ങളിലൂടെയാണ്.സമൂഹത്തിന്റെ സഞ്ചിതസംസ്കാരം,ആഴത്തിൽ വേരോടിയ ഭാവസത്വത്തെ ഉൽ‌പ്പാദിപ്പിക്കുന്നു.അങ്ങനെയുണ്ടാവുന്ന കലയാണ്,സംഗീതമാണ്-നാടിന്റെ സാംസ്കാരികമൂലധനമാകുന്നത്.അതാണ് വരേണ്യതയ്ക്കെതിരെയും അധിനിവേശത്തിനെതിരേയും ഉള്ള കലയുടെ പ്രതിരോധവും.കേവലവ്യാകരണത്തിലേക്കു പിൻ‌വാങ്ങുമ്പോൾ നാം സമൂഹത്തിന്റെ ആവൃത്തികളിൽ നിന്നകലുന്നു.തഹ്‌സീൻ ആദ്യം ഈ പോസ്റ്റിലെ കമന്റുകളുടെ തുടക്കത്തിൽ ചോദിച്ച ചോദ്യം ഞാൻ ആവർത്തിക്കുന്നു-“ഹൃദയം എവിടെ?”

Sureshkumar Punjhayil said...

Thalachoril pattu moolunnu...!

Manoharamayirikkunnu avatharanam, Ashamsakal...!!!

ഭായി said...

വളരെ നല്ല നിരൂപണങളും വിലയിരുത്തലുകളും.

പണത്തിന്റെയും പ്രശസ്തിയുടെയും പിറകെയുള്ള മനുഷ്യരുടെ പാച്ചിലിനിടയില്‍, ഈ കുരുന്നുകള്‍ക്കും യുവത്വങള്‍ക്കും തീറെഴുതി കൊടുക്കുന്ന അവരര്‍ഹിക്കാത്ത സമ്മര്‍ദ്ദങള്‍ ആരു കാണാന്‍...
ഇനി അഥവാ കണ്ടാല്‍ തന്നെ....?

@@@കുട്ടിക്കാലത്തെ ഏറ്റവും വലിയ സംഗീതം കാറ്റും മഴയും ചേർന്നു നിർമ്മിക്കുന്ന ഒരു സിംഫണിയായിരുന്നു.മുറ്റത്തെ മാവിൽ പടരുന്ന കാറ്റിന്റെ ഭാവം കണ്ടാലറിയാം,മഴ എത്രയടുത്തെത്തി എന്ന്@@@

ഈ വരികള്‍ മനസ്സില്‍ നിന്നും അങോട്ട് മായുന്നില്ല...

ആശംസകള്‍...

ഉമേഷ്‌ പിലിക്കൊട് said...

:-)

mini//മിനി said...

പാട്ടെന്തു പാടിയാലും പണം കിട്ടണം. അതിനിടയില്‍ എവിടെ തലച്ചോര്‍? എവിടെ ഹൃദയം?

നീലാംബരി said...

വി. ശി. യുടെ എഴുത്തിനു പതിവുപോലെ ഒരൊഴുക്ക് അനുഭവപ്പെടുന്നില്ല. ഇതും വികടന്റെ വികടത്തരത്തിന്റെ ഭാഗമാണോ? ഭാഷയിലും ആശയാവതരണത്തിലും പൊതുവേ കണ്ടുവന്ന കൈയടക്കവും ഒഴുക്കും എവിടൊക്കെയോ നഷ്ടപ്പെടുന്നില്ലേ? മുന്‍വിധിയോടുകൂടിയുള്ള എന്റെ വായനയുടെ തകരാറുമാകാം.

കുഞ്ചിയമ്മ said...

"ഹൃദയത്തില്‍ നിന്നു ഹൃദയത്തിലേക്കൊഴുകിയെത്തുന്ന സങ്ഗീതം" എന്നൊക്കെയുള്ള പരികല്പനകള്‍ അപ്രസക്തമാകുന്ന കാലം!!! തലച്ചോറുകള്‍ പാടുന്ന പാട്ടുകള്‍ ഏറ്റുവാങ്ങുന്നതാര്‌ എന്നതും പ്രസക്തമല്ലേ? സങ്ഗീതത്തിന്റെ അനന്തസാധ്യതകളെ അപ്പാടെ മറന്നുകൊണ്ടുള്ള ഇത്തരം ബുദ്ധിവ്യാപാരങ്ങള്‍കൊണ്ട് ആര്‍ക്ക് എന്തുപ്റയോജനം?? 'സംഗീതം ഒരു സമയകലയല്ല' എന്ന വി.ശി. യുടെ തന്നെ പോസ്റ്റിലൂടെ കടന്നുപോയവര്‍ക്കറിയാം സത്യത്തില്‍ സങ്ഗീതം എന്താണെന്ന്, എന്തെല്ലാമാണെന്ന്.
ആശംസകള്‍

കുഞ്ചിയമ്മ said...
This comment has been removed by the author.
കൂതറ ബ്ലോഗര്‍ said...

touching

തൃശൂര്‍കാരന്‍..... said...

വിവരണം നന്നായിട്ടുണ്ട് സുഹൃത്തേ. പക്ഷെ റിയാലിറ്റി ഷോകള്‍ പല യുവ പ്രതിഭകളെയും പ്രൊത്സഹിപ്പിക്കുന്നില്ലെ.

കുമാരന്‍ | kumaran said...

ഒരുപാടറിവുകള്‍ പറഞ്ഞു തന്നു പോസ്റ്റും, കമന്റുകളും. നന്ദി.

അരുണ്‍ said...

riyal allatha riyality show....

nabacker said...

vighada siromani

രാവുണ്ണി said...

വേറൊന്നു ശ്രദ്ധിച്ചിട്ടുണ്ടോ? തമിഴ് ഉച്ചാരണത്തിലെ ചില്ലറ പിഴവുകൾ വരെ ചൂണ്ടിക്കാണിക്കുന്ന വിധികർത്താക്കൾ മലയാളത്തിലെ അതിപ്രശസ്തമായ പാട്ടുകളിൽ വരുത്തുന്ന വലിയ തെറ്റുകൾ വരെ ശ്രദ്ധിക്കാറില്ല. മുൻപ് ഉഷാ ഉതുപ്പ് ഹിന്ദി ഉച്ചാരണം ബദ്ധപ്പെട്ട് തിരുത്തിയിരുന്നതുപോലെ. അവർക്കു പിന്നെ മലയാളം അറിയില്ലെന്നു വെയ്ക്കാം, നമ്മുടെ പാട്ടുകാർ പലരും ഹിന്ദി അശ്രദ്ധമായാണ് പാടാറുള്ളതും. പക്ഷേ, അമ്പേ മലയാളികളായ, ആയിരക്കണക്കിനു മലയാളം പാട്ടുകൾ പാടിയിട്ടുള്ള വിധികർത്താക്കൾ “കേണുറ്റ (ചേണുറ്റ) മലർമെയ്”, എന്നും “ഷാരോണിൻ പനിനീരിനു നേരെ (പനിനീരിലുമേറെ) മധുരം നിന്നനുരാഗം“ എന്നൊക്കെ സംഗീതപരമായ തെറ്റുകൾ തിരുത്താൻ വേണ്ടി ആവർത്തിച്ചു പാടിക്കുമ്പോഴൊന്നും, വരികളിലെ അബദ്ധങ്ങൾ അവരുടെ കണ്ണിൽ (കാതിൽ?) പെടാറേയില്ല.

ലതി said...

ഒരുതവണ വന്നു വായിച്ചു പോയതാണ്. ചർച്ചയുടെ പുരോഗതി കാണാൻ ഒരിയ്ക്കൽക്കൂടി എത്തി.നല്ല എഴുത്ത്. ചൂടുപിടിച്ച ചർച്ചയും. അഭിനന്ദനങ്ങൾ. റിയാലിറ്റി ഷോ കാണാറില്ല. അതുകൊണ്ടാണ് അഭിപ്രായം എഴുതാത്തത്.

My......C..R..A..C..K........Words said...

kollaam...

സോണ ജി said...

:)

പഥികന്‍ said...

നല്ല പോസ്റ്റ്. നല്ല ശൈലി. ഒരുപാട് വിവരങ്ങള്‍ക്കൊപ്പം പ്രതിഷേധവും....

ആശംസകള്‍...

റ്റോംസ് കോനുമഠം said...

നല്ല വായനാനുഭവത്തിനു നന്ദി.
പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

http://tomskonumadam.blogspot.com/

പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
വീണ്ടും ആശംസകള്‍..!!

സലാഹ് said...

നന്ദി

Raghunath.O said...

nice

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഞാനൊന്നു പ്രണമിച്ചോട്ടെ .....

indu said...

റോക്ക് എന്‍ റോള് എന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ സുരാജിനോട് ചോദിക്കുന്ന ഒരു ചോദ്യം ഇല്ലേ
നീ പന്ത്രണ്ടു വയസ്സ് തികയാത്തെ പിള്ളേരോട് സംഗതി സംഗതി പോരാ എന്ന് പറയുമോടാ
ഇയാള്‍ എഴുതിയത് വായിച്ചപ്പോള്‍ അതാണ്‌ ഓര്മ വന്നത്
.
വളരെ നല്ല ഒരു ലേഖനം
തുടരുക സഖേ